വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രക്ഷയ്‌ക്കുള്ള എന്തെങ്കിലും പ്രത്യാശ ഉണ്ടോ?

രക്ഷയ്‌ക്കുള്ള എന്തെങ്കിലും പ്രത്യാശ ഉണ്ടോ?

രക്ഷയ്‌ക്കുള്ള എന്തെങ്കിലും പ്രത്യാശ ഉണ്ടോ?

ഇരുപതാം നൂറ്റാണ്ട്‌ മാനവചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ നൂറ്റാണ്ടുകളിൽ ഒന്ന്‌ എന്നു വിളിക്കപ്പെട്ടിരിക്കുന്നു. കുറ്റകൃത്യവും യുദ്ധങ്ങളും വംശീയ കലഹവും മയക്കുമരുന്ന്‌ ദുരുപയോഗവും വഞ്ചനയും അക്രമവുമെല്ലാം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ക്രമാതീതമായി പെരുകിയിരിക്കുന്നു. ഇതിനു പുറമേ രോഗം, വാർധക്യം, മരണം എന്നിവയുടെ ഫലമായി ഉണ്ടാകുന്ന ദുഃഖവും വേദനയും ഉണ്ട്‌. ഇന്നു ലോകത്തിൽ നിലവിലുള്ള ഗുരുതരമായ പ്രശ്‌നങ്ങളിൽനിന്നു വിമോചനം ലഭിക്കാൻ ആരാണ്‌ ആഗ്രഹിക്കാത്തത്‌? ഭാവിയിലേക്കു നോക്കിയാൽ, രക്ഷയ്‌ക്കുള്ള എന്തെങ്കിലും പ്രത്യാശ ഉണ്ടോ?

ഏകദേശം 2,000 വർഷം മുമ്പ്‌ യോഹന്നാൻ അപ്പൊസ്‌തലനു ലഭിച്ച ദർശനത്തെ കുറിച്ചു ചിന്തിക്കുക. അവൻ ഇപ്രകാരം എഴുതി: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:3-5എ) സമാനമായി പ്രവാചകനായ യെശയ്യാവും ഇങ്ങനെ മുൻകൂട്ടി പ്രസ്‌താവിച്ചു: “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്‌തിരിക്കുന്നതു.”​—⁠യെശയ്യാവു 25:⁠8.

ദൈവത്തിന്റെ വാഗ്‌ദാനങ്ങളുടെ നിവൃത്തി എന്ത്‌ അർഥമാക്കുമെന്നു ചിന്തിച്ചുനോക്കുക! മനുഷ്യവർഗം മർദനത്തിൽനിന്നും അക്രമത്തിൽനിന്നും അതുപോലെതന്നെ യാതനയ്‌ക്കും അരിഷ്ടതയ്‌ക്കും ഇടയാക്കുന്ന കാര്യങ്ങളിൽനിന്നും വിടുവിക്കപ്പെടും. എന്തിന്‌, രോഗവും വാർധക്യവും മരണവും നമ്മെ ബാധിക്കില്ല! ഭൂമിയിൽ പൂർണമായ അവസ്ഥകളിൻ കീഴിൽ ദൈവവചനമായ ബൈബിൾ നിത്യജീവൻ വാഗ്‌ദാനം ചെയ്യുന്നു. (ലൂക്കൊസ്‌ 23:43; യോഹന്നാൻ 17:3) ആഗ്രഹിക്കുന്ന ഏതൊരാൾക്കും അതു പ്രാപ്യമാണ്‌. “[ദൈവം] സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.”​—⁠1 തിമൊഥെയൊസ്‌ 2:3, 4.

എന്നാൽ, ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽനിന്നു പ്രയോജനം നേടുന്നതിന്‌ നമ്മുടെ രക്ഷയിൽ യേശുക്രിസ്‌തുവിനുള്ള പങ്ക്‌ നാം തിരിച്ചറിയുകയും അവനിൽ വിശ്വാസം പ്രകടമാക്കുകയും വേണം. യേശുതന്നെ ഇങ്ങനെ പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.” (യോഹന്നാൻ 3:16) ഇക്കാര്യത്തിൽ യേശുക്രിസ്‌തു വഹിക്കുന്ന മുഖ്യ പങ്കിലേക്കു വിരൽ ചൂണ്ടിക്കൊണ്ട്‌ പത്രൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “മറെറാരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്‌കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃത്തികൾ 4:12) പൗലൊസ്‌ അപ്പൊസ്‌തലനും അവന്റെ സഹകാരിയായ ശീലാസും തങ്ങളോട്‌ ആത്മാർഥമായി ചോദിച്ച ഒരാളോട്‌ ഇങ്ങനെ പറഞ്ഞു: “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.”​—⁠പ്രവൃത്തികൾ 16:30, 31.

അതേ, യേശുക്രിസ്‌തു ‘ജീവനായകൻ’ ആണ്‌, അവനിലൂടെ മാത്രമേ രക്ഷ സാധ്യമാകൂ. (പ്രവൃത്തികൾ 3:14) എന്നാൽ നമ്മുടെ രക്ഷയിൽ ഒരു മനുഷ്യന്‌ ശ്രദ്ധേയമായ ഒരു പങ്കു വഹിക്കാൻ കഴിയുന്നത്‌ എങ്ങനെ? ഇക്കാര്യത്തിൽ അവൻ വഹിക്കുന്ന പങ്കു സംബന്ധിച്ച്‌ വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കുന്നത്‌ രക്ഷയ്‌ക്കുള്ള നമ്മുടെ പ്രത്യാശയെ ബലിഷ്‌ഠമാക്കാൻ സഹായിക്കും.

[2-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

പേജ്‌ 3: യുദ്ധവിമാനങ്ങൾ: USAF photo; വിശന്നുവലയുന്ന കുട്ടികൾ: UNITED NATIONS/J. FRAND; കത്തിയമരുന്ന യുദ്ധക്കപ്പൽ: U.S. Navy photo