ശകന്മാർ—ഒരു പ്രാചീനകാല നിഗൂഢ ജനത
ശകന്മാർ—ഒരു പ്രാചീനകാല നിഗൂഢ ജനത
പൊടിയിലൂടെ കുതിച്ച് പാഞ്ഞ്, സഞ്ചികളിൽ കൊള്ളയും നിറച്ച് നാടോടികളുടെ ആ അശ്വാരൂഢസംഘം എത്തി. പൊ.യു.മു. 700 മുതൽ പൊ.യു.മു. 300 വരെയുള്ള കാലഘട്ടത്തിൽ, യൂറേഷ്യയുടെ വിശാലമായ പുൽപ്പുറങ്ങളിൽ ഈ നിഗൂഢ ജനത അധീശത്വം പുലർത്തി. പിൽക്കാലത്ത് ആ ജനത തിരോഭവിച്ചു, എങ്കിലും അവർ ചരിത്രത്തിൽ തങ്ങളുടെ മുദ്ര പതിപ്പിക്കുകതന്നെ ചെയ്‌തു. ബൈബിളിൽ പോലും അവരെ കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. അവരാണ് ശകന്മാർ.
നൂറ്റാണ്ടുകളോളം, പൂർവ യൂറോപ്പിലെ കാർപ്പാത്തിയൻ പർവതനിര മുതൽ ഇപ്പോഴത്തെ റഷ്യയുടെ തെക്കുകിഴക്കൻ പ്രദേശങ്ങൾ വരെ നാടോടികളും കാട്ടുകുതിരക്കൂട്ടങ്ങളും വിഹരിച്ചിരുന്നു. പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ ചൈനീസ് ചക്രവർത്തിയായ ഷൂയെയാൻ നടത്തിയ സൈനിക ആക്രമണങ്ങൾ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് ആളുകൾ കുടിയേറാൻ ഇടയാക്കി. പടിഞ്ഞാറോട്ട് നീങ്ങിയ ശകന്മാർ, കോക്കസസും കരിങ്കടലിന്റെ വടക്കുള്ള പ്രദേശവും നിയന്ത്രിച്ചിരുന്ന സിമ്മേറിയന്മാരോടു പടവെട്ടി അവരെ തുരത്തിയോടിച്ചു.
സമ്പത്തു തേടിയ ശകന്മാർ അസീറിയൻ തലസ്ഥാനമായ നീനെവേ തകർത്തു തരിപ്പണമാക്കി. പിൽക്കാലത്ത് അവർ അസീറിയയുമായി സഖ്യം ചേർന്ന് മേദ്യയ്‌ക്കും ബാബിലോണിയയ്‌ക്കും മറ്റു രാജ്യങ്ങൾക്കുമെതിരെ പോരാടി. ഈജിപ്‌തിന്റെ വടക്കൻ പ്രദേശത്തു പോലും അവർ ആക്രമിച്ചെത്തി. വടക്കുകിഴക്കൻ ഇസ്രായേലിലെ നഗരമായ ബേത്ത്-ശാൻ പിൽക്കാലത്ത് ശകപ്പൊളിസ് (Scythopolis) എന്നു വിളിക്കപ്പെട്ടുവെന്ന വസ്‌തുത ശക അധിനിവേശത്തിന്റെ കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണ്.—1 ശമൂവേൽ 31:11, 12.
ക്രമേണ ശകന്മാർ ഇന്നത്തെ റൊമേനിയ, മൊൾഡോവ, യൂക്രെയിൻ, ദക്ഷിണ റഷ്യ എന്നിവിടങ്ങളിലെ വിശാലമായ പുൽപ്പുറങ്ങളിൽ വാസമുറപ്പിച്ചു. അവിടെ ഗ്രീക്കുകാർക്കും ഇന്നത്തെ യൂക്രെയിൻ, ദക്ഷിണ റഷ്യ എന്നിവിടങ്ങളിലെ ധാന്യ ഉത്‌പാദകർക്കും വേണ്ടിയുള്ള ഇടനിലക്കാരായി വർത്തിച്ച ശകന്മാർ സമ്പന്നരായിത്തീർന്നു. അവർ ധാന്യം, തേൻ, ആട്ടുരോമം, കന്നുകാലികൾ എന്നിവയെയൊക്കെ കൊടുത്ത് ഗ്രീക്കുകാരിൽനിന്ന് വീഞ്ഞും തുണിത്തരങ്ങളും ആയുധങ്ങളും കലാസൃഷ്‌ടികളുമൊക്കെ വാങ്ങി. അങ്ങനെ അവർ വളരെയധികം സമ്പത്ത് സ്വരൂപിച്ചു.
മികച്ച അശ്വഭടന്മാർ
മരുഭൂമിയിലെ ജനജീവിതത്തിൽ ഒട്ടകങ്ങൾക്ക് ഉണ്ടായിരുന്ന സ്ഥാനമാണ് ഈ പുൽപ്പുറങ്ങളിലെ ജനജീവിതത്തിൽ കുതിരകൾക്ക് ഉണ്ടായിരുന്നത്. മികച്ച അശ്വഭടന്മാർ ആയിരുന്ന ഈ ശകന്മാരാണ് കുതിരക്കോപ്പിന്റെ ഭാഗമായി ആദ്യം ജീനിയും ജീനിപ്പടിയും ഉപയോഗിച്ചത്. അവർ കുതിരയിറച്ചി ഭക്ഷിക്കുകയും കുതിരപ്പാൽ കുടിക്കുകയും ചെയ്‌തു. വാസ്‌തവത്തിൽ, അവർ ഹോമയാഗത്തിന് കുതിരകളെ ഉപയോഗിച്ചിരുന്നു. ഒരു ശകഭടൻ മരിച്ചാൽ, അയാളുടെ കുതിരയെ കൊന്ന് കുതിരക്കോപ്പുകൾ സഹിതം മാന്യമായ ഒരു ശവസംസ്‌കാരം നൽകുന്ന പതിവ് അവർക്ക് ഉണ്ടായിരുന്നു.
ചരിത്രകാരനായ ഹിറോഡോട്ടസ് പറയുന്നതനുസരിച്ച്, ശകന്മാർക്ക് ക്രൂരമായ ചില ആചാരങ്ങൾ ഉണ്ടായിരുന്നു. തങ്ങൾ വധിച്ചവരുടെ തലയോട് എടുത്ത് അതു കോപ്പയായി ഉപയോഗിക്കുന്ന രീതിയായിരുന്നു അതിലൊന്ന്. ശത്രുക്കളെ ആക്രമിച്ച് അവർ വാൾ, മഴു, കുന്തം, മാംസം പറിച്ചുകീറാൻ ഉദ്ദേശിച്ചുള്ള കൊളുത്തുകളോടു കൂടിയ അസ്‌ത്രങ്ങൾ എന്നിവ ഉപയോഗിച്ച് അവരെ കൊന്നൊടുക്കി.
നിത്യാലങ്കൃത ശവകുടീരങ്ങൾ
ശകന്മാർ മന്ത്രവാദവും പ്രേതാർച്ചകമതവും (Shamanism) ആചരിക്കുകയും അഗ്നിയെയും ഒരു മാതാദേവിയെയും പൂജിക്കുകയും ചെയ്‌തിരുന്നു. (ആവർത്തനപുസ്‌തകം 18:10-12) മരിച്ചവരുടെ വാസസ്ഥലമായി അവർ ശവകുടീരത്തെ കണക്കാക്കി. മരിച്ച യജമാനന്റെ സേവനാർഥം അടിമകളെയും മൃഗങ്ങളെയും ബലി ചെയ്‌തിരുന്നു. നിക്ഷേപവും പരിചാരകരും ഗോത്രമുഖ്യന്മാരോടൊപ്പം “പരലോകം” പൂകുന്നതായി അവർ വിശ്വസിച്ചു. ഒരു രാജാവിന്റെ ശവകുടീരത്തിൽ, തങ്ങളുടെ യജമാനന്റെ നേർക്ക് കാലുകൾ വെച്ചുകൊണ്ട് അഞ്ച് ദാസന്മാർ കിടക്കുന്നത് കണ്ടെത്തുകയുണ്ടായി. ജീവനിലേക്കു വന്നാലുടൻ തങ്ങളുടെ ശുശ്രൂഷകൾ ആരംഭിക്കാൻ ആയിരുന്നത്രേ ഇത്.
ഭരണാധിപന്മാരെ അടക്കം ചെയ്‌തിരുന്നത് ഗംഭീരമായ ബലികളോടെയാണ്. വിലാപകാലത്ത് ശകന്മാർ ശരീരത്തിൽനിന്നു രക്തം വാർക്കുകയും മുടി മുറിക്കുകയും ചെയ്യുമായിരുന്നു. ഹിറോഡോട്ടസ് എഴുതി: “അവർ ചെവിയുടെ ഒരു ഭാഗം മുറിച്ചുകളയുന്നു, തല ക്ഷൗരം ചെയ്യുന്നു, കൈകൾക്കു ചുറ്റും മുറിവുണ്ടാക്കുന്നു, നെറ്റികളിലും മൂക്കുകളിലും കീറൽ വരുത്തുന്നു, അമ്പുകൾകൊണ്ട് ഇടതുകൈകൾ കുത്തിത്തുളയ്‌ക്കുന്നു.” അതിനു നേർവിപരീതമായി, അതേ കാലഘട്ടത്തിൽ ഇസ്രായേല്യർക്കുള്ള ദൈവത്തിന്റെ ന്യായപ്രമാണം ഇങ്ങനെ കൽപ്പിച്ചു: “മരിച്ചവന്നുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുതു.”—ലേവ്യപുസ്‌തകം 19:28.
മൃതശരീരങ്ങൾ കുഴിച്ചിട്ടിരുന്ന ആയിരക്കണക്കിനു കൂനകൾ ശകന്മാർ അവശേഷിപ്പിച്ചു. ഈ കൂനകളുടെ മുകളിൽ ഉണ്ടായിരുന്ന അലങ്കാരങ്ങൾ ശകന്മാരുടെ അനുദിന ജീവിതത്തെ വ്യക്തമാക്കുന്നവയാണ്. റഷ്യൻ ചക്രവർത്തി ആയിരുന്ന മഹാനായ പീറ്റർ അത്തരം വസ്‌തുക്കൾ 1715-ൽ ശേഖരിക്കാൻ തുടങ്ങി. തിളക്കമുള്ള ഈ വസ്‌തുക്കൾ ഇപ്പോൾ റഷ്യയിലെയും യൂക്രെയിനിലെയും കാഴ്‌ചബംഗ്ലാവുകളിൽ കാണാം. ഈ “മൃഗകല”യിൽ കുതിരകൾ, കഴുകന്മാർ, പ്രാപ്പിടിയന്മാർ, പൂച്ചകൾ, പുള്ളിപ്പുലികൾ, എൽക്‌മാനുകൾ, കലമാനുകൾ, മൃഗപക്ഷിങ്ങൾ, പക്ഷിസിംഹങ്ങൾ (ചിറകുള്ളതോ ഇല്ലാത്തതോ ആയ ഒരു മൃഗശരീരവും മറ്റൊരു മൃഗത്തിന്റെ തലയുമുള്ള സാങ്കൽപ്പിക ജീവികൾ) എന്നിവയൊക്കെ ഉൾപ്പെടുന്നു.
ശകന്മാരും ബൈബിളും
ശകന്മാരെ കുറിച്ച് ബൈബിളിൽ ഒരേയൊരു പരാമർശമേ ഉള്ളൂ. കൊലൊസ്സ്യർ 3:11-ൽ നാം ഇങ്ങനെ വായിക്കുന്നു: “യവനനും യെഹൂദനും എന്നില്ല, പരിച്‌ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്‌തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.” ക്രിസ്‌തീയ അപ്പൊസ്‌തലനായ പൗലൊസ് ആ വാക്കുകൾ എഴുതിയപ്പോൾ, “ശകൻ” എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന ഗ്രീക്കു പദംകൊണ്ട് ഒരു പ്രത്യേക ജനതയെ അല്ല പരാമർശിച്ചത്, പിന്നെയോ ഏറ്റവും സംസ്‌കാരശൂന്യമായ ഒരു ജനത്തെയാണ്. യഹോവയുടെ പരിശുദ്ധാത്മാവിന്റെ അഥവാ പ്രവർത്തന നിരതമായ ശക്തിയുടെ സ്വാധീനത്തിൻ കീഴിൽ അത്തരം വ്യക്തികൾക്കു പോലും ദൈവഭക്തിയുള്ള വ്യക്തിത്വം ധരിക്കാൻ കഴിയുമെന്ന് പൗലൊസ് അവിടെ ഊന്നിപ്പറയുകയായിരുന്നു.—കൊലൊസ്സ്യർ 3:9, 10.
യിരെമ്യാവു 51:27-ൽ കാണുന്ന അസ്‌കെനാസ് എന്ന പേര്, ശകന്മാരെ കുറിക്കാൻ ഉപയോഗിച്ചിരുന്ന അസീറിയൻ പദമായ ആഷ്‌ഗൂസേയ്‌ക്കു തുല്യമാണെന്നു ചില പുരാവസ്‌തു ഗവേഷകർ വിശ്വസിക്കുന്നു. പൊ.യു.മു. ഏഴാം നൂറ്റാണ്ടിൽ ഈ വർഗക്കാരും മാന്നൈ ജനങ്ങളും ചേർന്ന് അസീറിയയ്‌ക്ക് എതിരെ വിപ്ലവം നടത്തിയതായി ക്യൂണിഫോം ഫലകങ്ങൾ വ്യക്തമാക്കുന്നു. യിരെമ്യാവ് പ്രവചിക്കാൻ തുടങ്ങുന്നതിനു മുമ്പ്, ശകന്മാർ യാതൊരു ഉപദ്രവവും ചെയ്യാതെയാണ് യഹൂദാ ദേശത്തിന് അടുത്തുകൂടി ഈജിപ്‌തിലേക്കും അവിടെനിന്നു തിരിച്ചും പോയത്. അതുകൊണ്ട്, വടക്കുനിന്ന് യഹൂദയുടെ മേലുള്ള ആക്രമണത്തെ കുറിച്ചു യിരെമ്യാവ് മുൻകൂട്ടി പറയുന്നതു കേട്ട പലരും അവന്റെ ആ പ്രവചനത്തിന്റെ കൃത്യതയെ സംശയിച്ചിരിക്കാം.—യിരെമ്യാവു 1:13-15.
“അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ, കരുണയില്ലാത്തവർ തന്നേ; അവരുടെ ആരവം കടൽപോലെ ഇരെക്കുന്നു; ബാബേൽപുത്രീ, അവർ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി നിന്റെ നേരെ അണിനിരന്നു നില്‌ക്കുന്നു” എന്ന യിരെമ്യാവു 50:42-ലെ വാക്കുകൾ ശകന്മാരെ കുറിച്ചുള്ള ഒരു പരാമർശമാണെന്നു ചില പണ്ഡിതന്മാർ കരുതുന്നു. എന്നാൽ ഈ വാക്കുകൾ പ്രാഥമികമായി ബാധകമാകുന്നത് പൊ.യു.മു. 539-ൽ ബാബിലോൺ കീഴടക്കിയ മേദ്യർക്കും പേർഷ്യക്കാർക്കുമാണ്.
യെഹെസ്‌കേൽ 38-ഉം 39-ഉം അധ്യായങ്ങളിൽ പരാമർശിച്ചിരിക്കുന്ന ‘മാഗോഗ്‌ദേശം’ ശകവർഗക്കാരെ പരാമർശിക്കുന്നുവെന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, “മാഗോഗ്‌ദേശ”ത്തിനു പ്രതീകാത്മകമായ ഒരു അർഥമാണ് ഉള്ളത്. സ്വർഗത്തിലെ യുദ്ധാനന്തരം സാത്താനും അവന്റെ ദൂതന്മാരും തള്ളപ്പെട്ടിരിക്കുന്ന ഭൂമിയുടെ പ്രാന്തപ്രദേശത്തെ അതു വ്യക്തമായും പരാമർശിക്കുന്നു.—വെളിപ്പാടു 12:7-17.
നീനെവേയുടെ മറിച്ചിടീലിനെ കുറിച്ച് മുൻകൂട്ടി പറയുന്ന നഹൂമിന്റെ പ്രവചനത്തിന്റെ നിവൃത്തിയിൽ ശകന്മാർ ഉൾപ്പെട്ടിരുന്നു. (നഹൂം 1:1, 14) പൊ.യു.മു. 632-ൽ കൽദയരും ശകന്മാരും മേദ്യരും നീനെവേയെ ആക്രമിക്കുകയും അങ്ങനെ അസീറിയൻ സാമ്രാജ്യത്തെ മറിച്ചിടുകയും ചെയ്‌തു.
നിഗൂഢ അധഃപതനം
ശകന്മാർ തിരോധാനം ചെയ്‌തു. പക്ഷേ എന്തുകൊണ്ട്? “അവർക്ക് എന്തു സംഭവിച്ചു എന്ന് നമുക്ക് അറിയില്ല എന്നതാണു സത്യം,” ഒരു പ്രമുഖ യൂക്രേനിയൻ പുരാവസ്‌തു ഗവേഷകൻ പറയുന്നു. സമ്പദ്‌സമൃദ്ധിയോടുള്ള അഭിരുചിയാൽ മയംവന്ന അവർ പൊ.യു.മു. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ ഏഷ്യയിൽ നിന്നുള്ള ഒരു നാടോടി വർഗമായ സാർമേഷ്യൻകാർക്ക് കീഴ്‌പെട്ടതായി ചിലർ വിശ്വസിക്കുന്നു.
ശകന്മാരുടെ ഇടയിൽത്തന്നെ ഉണ്ടായ ഗോത്രവഴക്കാണ് അവരുടെ അധഃപതനത്തിനു കാരണമായതെന്ന് മറ്റു ചിലർ വിചാരിക്കുന്നു. കോക്കസസ് പർവതനിരയിലെ ഒസേഷ്യന്മാരുടെ ഇടയിൽ ശകന്മാരുടെ ഒരു ശേഷിപ്പ് ഇപ്പോഴും ഉള്ളതായി മറ്റു ചിലർ പറയുന്നു. വാസ്‌തവം എന്തായിരുന്നാലും, ഈ ഗതകാല നിഗൂഢ ജനത മനുഷ്യ ചരിത്രത്തിൽ അതിന്റെ മുദ്ര പതിപ്പിച്ചു, ശകൻ എന്ന പദം ക്രൂരതയുടെ ഒരു പര്യായവുമായി.
[24-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
□ പ്രാചീന നഗരം
• ആധുനിക നഗരം
ഡാന്യൂബ്
സിഥിയ (ശകദേശം) ← കുടിയേറ്റ മാർഗം
• കിയേവ്
ഡ്‌നിപ്രോ
ഡ്‌നിസ്റ്റർ
കരിങ്കടൽ
ഓസിഷ്യ
കോക്കസസ് പർവതനിര
കാസ്‌പിയൻ കടൽ
അസീറിയ ← ആക്രമണ മാർഗങ്ങൾ
□ നീനെവേ
ടൈഗ്രിസ്
മേദ്യ ← ആക്രമണ മാർഗങ്ങൾ
മെസൊപ്പൊത്താമ്യ
ബാബിലോണിയ ← ആക്രമണ മാർഗങ്ങൾ
□ ബാബിലോൺ
യൂഫ്രട്ടീസ്
പേർഷ്യൻ സാമ്രാജ്യം
□ ശൂശൻ
പേർഷ്യൻ കടലിടുക്ക്
പാലസ്‌തീൻ
• ബേത്ത്-ശാൻ (ശകപ്പൊളിസ്)
ഈജിപ്‌ത് ← കുടിയേറ്റ മാർഗം
നൈൽ
മധ്യധരണ്യാഴി
ഗ്രീസ്
[25-ാം പേജിലെ ചിത്രങ്ങൾ]
ശകന്മാർ യുദ്ധപ്രിയരായിരുന്നു
[കടപ്പാട്]
The State Hermitage Museum, St. Petersburg
[26-ാം പേജിലെ ചിത്രങ്ങൾ]
ശകന്മാർ തങ്ങളുടെ വസ്‌തുക്കൾ കൊടുത്ത് ഗ്രീക്കു കലാസൃഷ്ടികൾ വാങ്ങുകയും വളരെ സമ്പന്നരായിത്തീരുകയും ചെയ്‌തു
[കടപ്പാട്]
Courtesy of the Ukraine Historic Treasures Museum, Kiev