യഹോവയെ ഭയപ്പെട്ട് അവന്റെ കൽപ്പനകൾ പ്രമാണിക്കുക
യഹോവയെ ഭയപ്പെട്ട് അവന്റെ കൽപ്പനകൾ പ്രമാണിക്കുക
“ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.”—സഭാപ്രസംഗി 12:13.
1, 2. (എ) ഭയത്തിന് എങ്ങനെ നമ്മെ ശാരീരികമായി സംരക്ഷിക്കാനാകും? (ബി) ജ്ഞാനികളായ മാതാപിതാക്കൾ മക്കളിൽ ആരോഗ്യാവഹമായ ഒരു ഭയം ഉൾനടാൻ ശ്രമിക്കുന്നത് എന്തുകൊണ്ട്?
“ധൈര്യം ജീവനെ അപായപ്പെടുത്തുന്നു, എന്നാൽ ഭയം അതിനെ സംരക്ഷിക്കുന്നു” എന്ന് ലിയൊണാർഡോ ഡാവിഞ്ചി പറയുകയുണ്ടായി. സാഹസികമായ ധൈര്യം അപകടങ്ങളെ അവഗണിക്കാൻ ഒരാളെ പ്രേരിപ്പിക്കുമ്പോൾ, ഭയം ശ്രദ്ധയുള്ളവനായിരിക്കാൻ അയാളെ ഓർമിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒരു പാറക്കെട്ടിന്റെ വക്കിൽ ചെന്ന് താഴോട്ടു നോക്കുമ്പോൾ അതിന് നല്ല താഴ്‌ച ഉണ്ടെന്നു കണ്ടാൽ നമ്മിൽ മിക്കവരും അറിയാതെതന്നെ പുറകോട്ടു മാറും. സമാനമായി, കഴിഞ്ഞ ലേഖനത്തിൽ കണ്ടതു പോലെ ദൈവവുമായി ഒരു നല്ല ബന്ധം നട്ടുവളർത്താൻ മാത്രമല്ല ആരോഗ്യാവഹമായ ഭയം സഹായിക്കുന്നത്. അത് അപകടത്തിൽനിന്നു നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.
2 എന്നാൽ പല ആധുനിക അപകടങ്ങളോടുമുള്ള ഭയം നാം വളർത്തിയെടുക്കേണ്ടതാണ്. കൊച്ചുകുട്ടികൾക്ക് വൈദ്യുതിയുടെയോ നഗര ഗതാഗതത്തിന്റെയോ അപകടങ്ങളെ കുറിച്ച് അറിവില്ലാത്തതിനാൽ അവർ എളുപ്പത്തിൽ വലിയ അപകടങ്ങളിൽ ചെന്നുചാടിയേക്കാം. * ചുറ്റുമുള്ള അപകടങ്ങളെ കുറിച്ച് തുടർച്ചയായി മുന്നറിയിപ്പു നൽകിക്കൊണ്ട് തങ്ങളുടെ കുട്ടികളിൽ ആരോഗ്യാവഹമായ ഭയം ഉൾനടാൻ ജ്ഞാനികളായ മാതാപിതാക്കൾ ശ്രമിക്കും. ഈ ഭയം തങ്ങളുടെ മക്കളുടെ ജീവൻ രക്ഷിച്ചേക്കാമെന്ന് അവർ തിരിച്ചറിയുന്നു.
3. ആത്മീയ അപകടങ്ങൾ സംബന്ധിച്ച് യഹോവ നമുക്കു മുന്നറിയിപ്പു നൽകുന്നത് എന്തുകൊണ്ട്, എങ്ങനെ?
3 യഹോവയ്‌ക്ക് നമ്മുടെ ക്ഷേമത്തിൽ സമാനമായ താത്‌പര്യമുണ്ട്. സ്‌നേഹവാനായ പിതാവെന്ന നിലയിൽ, നമ്മുടെ പ്രയോജനത്തിനു വേണ്ടി അവൻ നമ്മെ തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും പഠിപ്പിക്കുന്നു. (യെശയ്യാവു 48:17) ആത്മീയ അപകടങ്ങളോട് ആരോഗ്യാവഹമായ ഭയം വളർത്തിയെടുക്കാൻ കഴിയേണ്ടതിന് അവ സംബന്ധിച്ച് നമുക്ക് “തുടർച്ചയായി” മുന്നറിയിപ്പു നൽകുന്നത് ഈ ദിവ്യ പഠിപ്പിക്കൽ പരിപാടിയുടെ ഭാഗമാണ്. (2 ദിനവൃത്താന്തം 36:15, പി.ഒ.സി. ബൈബിൾ; 2 പത്രൊസ് 3:1, 2) ‘ദൈവത്തെ ഭയപ്പെടേണ്ടതിന്നും അവന്റെ കല്‌പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും അങ്ങനെയുള്ള ഹൃദയം’ ആളുകൾ വളർത്തിയെടുത്തിരുന്നെങ്കിൽ ചരിത്രത്തിലുടനീളം വളരെയേറെ ആത്മീയ ദുരന്തങ്ങളും യാതനകളും ഒഴിവാക്കാനാകുമായിരുന്നു. (ആവർത്തനപുസ്‌തകം 5:29) ഈ ‘ദുർഘടസമയങ്ങളിൽ’ നമുക്കെങ്ങനെ ദൈവഭയമുള്ള ഒരു ഹൃദയം വളർത്തിയെടുക്കാനും ആത്മീയ അപകടങ്ങൾ ഒഴിവാക്കാനും കഴിയും?—2 തിമൊഥെയൊസ് 3:1.
ദോഷം വിട്ടകലുവിൻ
4. (എ) ക്രിസ്‌ത്യാനികൾ എന്തിനോടുള്ള വെറുപ്പ് നട്ടുവളർത്തണം? (ബി) പാപപൂർണമായ നടത്തയെ യഹോവ എങ്ങനെ വീക്ഷിക്കുന്നു? (അടിക്കുറിപ്പു കാണുക.)
4 “യഹോവാഭക്തി [“യഹോവാഭയം,” NW] ദോഷത്തെ വെറുക്കുന്നതാകുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 8:13) ഒരു ബൈബിൾ നിഘണ്ടു ഈ വെറുപ്പിനെ “ഒരുവൻ എതിർക്കുകയും ദ്വേഷിക്കുകയും അവജ്ഞയോടെ വീക്ഷിക്കുകയും ചെയ്യുന്ന, യാതൊരു സമ്പർക്കമോ ബന്ധമോ ഉണ്ടായിരിക്കാൻ ആഗ്രഹിക്കാത്ത വ്യക്തികളോടോ വസ്‌തുക്കളോടോ തോന്നുന്ന വികാരം” എന്നു നിർവചിക്കുന്നു. അതുകൊണ്ട് യഹോവയുടെ ദൃഷ്ടിയിൽ ദോഷമായിരിക്കുന്ന എല്ലാത്തിനോടും അങ്ങേയറ്റത്തെ വെറുപ്പും അറപ്പും തോന്നുന്നത് ദൈവഭയത്തിൽ ഉൾപ്പെട്ടിരിക്കുന്നു. * (സങ്കീർത്തനം 97:10) ഒരു പാറക്കെട്ടിന്റെ വക്കിൽനിന്നു പുറകോട്ടു മാറാൻ സഹജമായ ഭയം നമ്മെ പ്രേരിപ്പിക്കുന്നതു പോലെ, നാം ദോഷം വിട്ടകലാൻ ഇത് ഇടയാക്കും. “യഹോവാഭക്തികൊണ്ടു [“യഹോവാഭയംകൊണ്ട്,” NW] മനുഷ്യർ ദോഷത്തെ വിട്ടകലുന്നു” എന്നു ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 16:6.
5. (എ) ദൈവഭയവും ദോഷത്തോടുള്ള വെറുപ്പും നമുക്കെങ്ങനെ ശക്തിപ്പെടുത്താം? (ബി) ഇക്കാര്യത്തിൽ ഇസ്രായേലിന്റെ ചരിത്രം നമ്മെ എന്തു പഠിപ്പിക്കുന്നു?
5 പാപത്തിന്റെ ഒഴിവാക്കാനാകാത്ത ദോഷഫലങ്ങളെ കുറിച്ചു ചിന്തിക്കുന്നത് മോശമായ സംഗതികളോടുള്ള ആരോഗ്യാവഹമായ ഭയവും വെറുപ്പും ദൃഢീകരിക്കാൻ നമ്മെ സഹായിക്കും. നാം വിതയ്‌ക്കുന്നതു തന്നേ കൊയ്യും എന്നു ബൈബിൾ ഉറപ്പിച്ചു പറയുന്നു—വിതയ്‌ക്കുന്നത് ജഡത്തിലായാലും ആത്മാവിലായാലും ഇതു സത്യമാണ്. (ഗലാത്യർ 6:7, 8) അതുകൊണ്ട്, തന്റെ കൽപ്പനകൾ അനുസരിക്കാതിരിക്കുകയും സത്യാരാധന ഉപേക്ഷിക്കുകയും ചെയ്യുന്നതിന്റെ ഫലങ്ങൾ എന്തായിരിക്കുമെന്ന് യഹോവ വ്യക്തമായി വിവരിച്ചു. ദിവ്യസംരക്ഷണം കൂടാതെ, ചെറുതും ദുർബലവുമായ ഇസ്രായേൽ ജനതയ്‌ക്ക് ക്രൂരരും ശക്തരുമായ അയൽരാജ്യങ്ങളെ ചെറുത്തുനിൽക്കാൻ ആകുമായിരുന്നില്ല. (ആവർത്തനപുസ്‌തകം 28:15, 45-48) അവർക്കു സംഭവിച്ചതിൽനിന്നു പഠിച്ചുകൊണ്ട് ദൈവഭയം നട്ടുവളർത്താൻ നമുക്കു കഴിയേണ്ടതിന് ഇസ്രായേലിന്റെ അനുസരണക്കേടിന്റെ ദാരുണ ഫലങ്ങൾ ‘മുന്നറിയിപ്പ്’ എന്ന നിലയിൽ വിശദമായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു.—1 കൊരിന്ത്യർ 10:11, NW.
6. ദൈവഭയം നട്ടുവളർത്തവേ പരിചിന്തിക്കാൻ കഴിയുന്ന ചില തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ ഏവ? (അടിക്കുറിപ്പ് കാണുക.)
6 ഒരു ജനതയെന്ന നിലയിൽ ഇസ്രായേലിനു സംഭവിച്ചതു കൂടാതെ, അസൂയ, അധാർമികത, അത്യാഗ്രഹം, അഹങ്കാരം എന്നിവയ്‌ക്ക് അടിയറവു പറഞ്ഞ വ്യക്തികളുടെ യഥാർഥ അനുഭവങ്ങളും ബൈബിളിൽ അടങ്ങിയിട്ടുണ്ട്. * ഇവരിൽ ചിലർ വർഷങ്ങളോളം യഹോവയെ സേവിച്ചവരായിരുന്നു. എന്നാൽ തങ്ങളുടെ ജീവിതത്തിലെ ഏതോ ഒരു നിർണായക നിമിഷത്തിൽ അവർക്കു വേണ്ടത്ര ദൈവഭയം ഇല്ലാതെപോയി. അതിന്റെ ദാരുണഫലങ്ങൾ അവർ കൊയ്യുകയും ചെയ്‌തു. ഇത്തരം തിരുവെഴുത്തു ദൃഷ്ടാന്തങ്ങളെ കുറിച്ചു ധ്യാനിക്കുന്നത് സമാനമായ പിഴവുകൾ വരുത്താതിരിക്കാനുള്ള നമ്മുടെ തീരുമാനത്തെ ദൃഢീകരിക്കും. കയ്‌പേറിയ ഒരു അനുഭവം ഉണ്ടായെങ്കിലേ നാം ദൈവത്തിന്റെ ബുദ്ധിയുപദേശം ചെവിക്കൊള്ളുകയുള്ളുവെങ്കിൽ അത് എത്ര ദാരുണമായിരിക്കും! ‘അനുഭവമാണ് ഏറ്റവും വലിയ ഗുരുനാഥൻ’ എന്ന പൊതുവേയുള്ള വിശ്വാസം, പ്രത്യേകിച്ചും സുഖലോലുപതയിൽ രമിക്കുന്ന ഒരുവന്റെ അനുഭവത്തിന്റെ കാര്യത്തിൽ, യഥാർഥത്തിൽ അങ്ങനെ ആയിരിക്കുന്നില്ല.—സങ്കീർത്തനം 19:7.
7. ആരെയാണ് യഹോവ തന്റെ ആലങ്കാരിക കൂടാരത്തിലേക്കു ക്ഷണിക്കുന്നത്?
7 ദൈവഭയം നട്ടുവളർത്തുന്നതിനുള്ള മറ്റൊരു ശക്തമായ കാരണം ദൈവവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ നാം ആഗ്രഹിക്കുന്നു എന്നതാണ്. യഹോവയുമായുള്ള സൗഹൃദം നാം വളരെ വിലമതിക്കുന്നതിനാൽ അവനെ അപ്രീതിപ്പെടുത്താൻ നാം ഭയപ്പെടുന്നു. സങ്കീർത്തനം 15:1, 2) സ്രഷ്ടാവുമായുള്ള ഈ അമൂല്യ ബന്ധത്തെ നാം വിലമതിക്കുന്നെങ്കിൽ അവന്റെ ദൃഷ്ടിയിൽ നിഷ്‌കളങ്കരായി നടക്കാൻ നാം ശ്രദ്ധിക്കും.
ആരെയാണു ദൈവം തന്റെ സ്‌നേഹിതനായി കണക്കാക്കുന്നത്, അഥവാ തന്റെ ആലങ്കാരിക കൂടാരത്തിലേക്കു ക്ഷണിക്കുന്നത്? ‘നിഷ്‌കളങ്കനായി നടന്നു നീതി പ്രവർത്തിക്കുന്നവനെ’ മാത്രം. (8. മലാഖിയുടെ നാളിലെ ചില ഇസ്രായേല്യർ ദൈവവുമായുള്ള സൗഹൃദത്തെ നിസ്സാരമായി എടുത്തത് എങ്ങനെ?
8 ദുഃഖകരമെന്നു പറയട്ടെ, മലാഖിയുടെ നാളിലെ ചില ഇസ്രായേല്യർ ദൈവവുമായുള്ള സൗഹൃദത്തെ നിസ്സാരമായെടുത്തു. യഹോവയെ ഭയപ്പെടുന്നതിനും ആദരിക്കുന്നതിനും പകരം അവർ അവന്റെ യാഗപീഠത്തിൽ ദീനം പിടിച്ചതും മുടന്തുള്ളതുമായ മൃഗങ്ങളെ ബലി അർപ്പിച്ചു. ദൈവഭയത്തിന്റെ അഭാവം വിവാഹത്തോടുള്ള അവരുടെ മനോഭാവത്തിലും നിഴലിച്ചു. പ്രായം കുറഞ്ഞ സ്‌ത്രീകളെ വിവാഹം കഴിക്കുന്നതിന് അവർ തങ്ങളുടെ യൗവനത്തിലെ ഭാര്യമാരെ നിസ്സാര കാര്യങ്ങളുടെ പേരിൽ ഉപേക്ഷിച്ചു. യഹോവ “ഉപേക്ഷണത്തെ” വെറുക്കുന്നുവെന്നും അവരുടെ അവിശ്വസ്‌ത മനോഭാവം അവരെ ദൈവത്തിൽനിന്ന് അകറ്റിയിരിക്കുന്നുവെന്നും മലാഖി അവരോടു പറഞ്ഞു. ആലങ്കാരിക അർഥത്തിൽ യാഗപീഠം കണ്ണീരിൽ—ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ തീവ്രദുഃഖത്തിന്റെ കണ്ണീരിൽ—കുതിർന്നിരിക്കുമ്പോൾ യഹോവയ്‌ക്ക് എങ്ങനെ അവരുടെ യാഗങ്ങളിൽ പ്രസാദിക്കാൻ കഴിയുമായിരുന്നു? തന്റെ നിലവാരങ്ങളോടുള്ള അത്തരം കടുത്ത അനാദരവ് ഇപ്രകാരം ചോദിക്കാൻ യഹോവയെ പ്രേരിപ്പിച്ചു: ‘എന്നോടുള്ള ഭക്തി [“ഭയം,” NW] എവിടെ?’—മലാഖി 1:6-8; 2:13-16.
9, 10. യഹോവയുടെ സൗഹൃദത്തെ വിലമതിക്കുന്നുവെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാനാകും?
9 സമാനമായി ഇന്ന് സ്വാർഥരും ദുർവൃത്തരുമായ ഭർത്താക്കന്മാരുടെയും പിതാക്കന്മാരുടെയും അല്ലെങ്കിൽ ചിലപ്പോൾ ഭാര്യമാരുടെയും മാതാക്കളുടെയും പോലും നടത്ത നിരപരാധികളായ നിരവധി ഇണകൾക്കും കുട്ടികൾക്കും കൈവരുത്തുന്ന ഹൃദയവേദന യഹോവ കാണുന്നു. തീർച്ചയായും അത് അവനെ ദുഃഖിപ്പിക്കുന്നു. ദൈവത്തിന്റെ സ്‌നേഹിതൻ സകല കാര്യങ്ങളെയും ദൈവം വീക്ഷിക്കുന്നതു പോലെതന്നെ വീക്ഷിക്കും. തന്റെ വിവാഹബന്ധം ശക്തിപ്പെടുത്തുന്നതിന് അയാൾ തീവ്രമായി യത്‌നിക്കും. ദാമ്പത്യബന്ധത്തിന്റെ പ്രാധാന്യത്തെ കുറച്ചു കാണിക്കുന്ന ലൗകിക ചിന്താഗതി അയാൾ തള്ളിക്കളയുകയും “ദുർന്നടപ്പു വിട്ടു ഓടുവിൻ” എന്ന ബുദ്ധിയുപദേശം ചെവിക്കൊള്ളുകയും ചെയ്യും.—1 കൊരിന്ത്യർ 6:18.
10 നാം യഹോവയുടെ ദൃഷ്ടിയിൽ ദോഷമായ സകലതിനെയും വെറുക്കുകയും അവന്റെ സൗഹൃദത്തെ ആഴമായി വിലമതിക്കുകയും ചെയ്യുന്നുവെന്ന് ദാമ്പത്യം ഉൾപ്പെടെയുള്ള നമ്മുടെ ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രകടമാക്കുന്നെങ്കിൽ അത് യഹോവയുടെ പ്രീതിയും അംഗീകാരവും കൈവരുത്തും. അപ്പൊസ്‌തലനായ പത്രൊസ് ഇപ്രകാരം തറപ്പിച്ചു പറഞ്ഞു: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 10:34, 35) നാനാവിധത്തിലുള്ള പരിശോധനകളെ നേരിട്ടപ്പോൾ ശരിയായതു ചെയ്യാൻ ദൈവഭയം എങ്ങനെയാണു വ്യക്തികളെ പ്രേരിപ്പിച്ചത് എന്നു കാണിക്കുന്ന അനേകം തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്.
ദൈവഭയം ഉണ്ടായിരുന്ന മൂന്നു പേർ
11. അബ്രാഹാം ‘ദൈവഭയമുള്ളവൻ’ ആണെന്നു പ്രഖ്യാപിക്കപ്പെട്ടത് ഏതു സാഹചര്യത്തിലായിരുന്നു?
11 ബൈബിളിൽ യഹോവതന്നെ തന്റെ സ്‌നേഹിതനെന്നു വിശേഷിപ്പിച്ച ഒരു വ്യക്തിയുണ്ട്—ഗോത്രപിതാവായ അബ്രാഹാം. (യെശയ്യാവു 41:8) അബ്രാഹാമിന്റെ സന്തതി ഒരു വലിയ ജാതിയായിത്തീരുമെന്ന് ദൈവം വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ആ വാഗ്‌ദാനം ആരിലൂടെ ദൈവം നിവർത്തിക്കുമായിരുന്നോ, ആ ഏകജാത പുത്രനായ ഇസ്‌ഹാക്കിനെ യാഗമായി അർപ്പിക്കാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ അബ്രാഹാമിന്റെ ദൈവഭയം പരീക്ഷിക്കപ്പെട്ടു. (ഉല്‌പത്തി 12:2, 3; 17:19) ‘യഹോവയുടെ സ്‌നേഹിതൻ’ വേദനാജനകമായ ആ പരീക്ഷണത്തിൽ വിജയിക്കുമായിരുന്നോ? (യാക്കോബ് 2:23) ഇസ്‌ഹാക്കിനെ കൊല്ലാൻ അബ്രാഹാം കത്തി ഉയർത്തിയ നിമിഷത്തിൽ യഹോവയുടെ ദൂതൻ പറഞ്ഞു: “ബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്‌ക കൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്‌തു.”—ഉല്‌പത്തി 22:10-12.
12. ദൈവഭയം പ്രകടിപ്പിക്കാൻ അബ്രാഹാമിനെ പ്രേരിപ്പിച്ചത് എന്ത്, സമാനമായ മനോഭാവം നമുക്ക് എങ്ങനെ പ്രകടമാക്കാനാകും?
12 അതിനു മുമ്പും അബ്രാഹാം തനിക്ക് യഹോവാഭയം ഉണ്ടെന്ന് തെളിയിച്ചിട്ടുണ്ടായിരുന്നെങ്കിലും പ്രസ്‌തുത അവസരത്തിൽ അവൻ അത് അസാധാരണമായ ഒരു വിധത്തിൽ പ്രകടിപ്പിച്ചു. ഇസ്‌ഹാക്കിനെ യാഗം കഴിക്കാനുള്ള സന്നദ്ധത ആദരപൂർണമായ അനുസരണത്തിലും വളരെ കവിഞ്ഞ ഒന്നായിരുന്നു. ആവശ്യമായിവരുന്നപക്ഷം, തന്റെ സ്വർഗീയ പിതാവ് ഇസ്‌ഹാക്കിനെ പുനരുത്ഥാനപ്പെടുത്തിക്കൊണ്ടു പോലും തന്റെ വാഗ്‌ദാനം നിവർത്തിക്കും എന്നതു സംബന്ധിച്ച പൂർണ വിശ്വാസമാണ് അബ്രാഹാമിനെ പ്രേരിപ്പിച്ച ഘടകം. പൗലൊസ് പറഞ്ഞതു പോലെ അബ്രാഹാം, ദൈവം “വാഗ്‌ദത്തം ചെയ്‌തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.” (റോമർ 4:16-21) നമ്മുടെ പക്ഷത്ത് വലിയ ത്യാഗങ്ങൾ ആവശ്യമായി വരുമ്പോൾ പോലും ദൈവേഷ്ടം ചെയ്യാൻ നാം ഒരുക്കമുള്ളവരാണോ? യഹോവ ‘തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നവൻ’ ആകയാൽ അത്തരം അനുസരണം നമ്മുടെ ദീർഘകാല പ്രയോജനത്തിൽ കലാശിക്കുമെന്ന പൂർണ ഉറപ്പ് നമുക്കുണ്ടോ? (എബ്രായർ 11:6) അതാണു യഥാർഥ ദൈവഭയം.—സങ്കീർത്തനം 115:11, NW.
13. താൻ “ദൈവത്തെ ഭയപ്പെടുന്ന” ഒരുവൻ ആണെന്ന് യോസേഫിന് ഉചിതമായും പറയാൻ കഴിയുമായിരുന്നത് എന്തുകൊണ്ട്?
13 ദൈവഭയം പ്രകടമാക്കിയ മറ്റൊരു വ്യക്തി ആയിരുന്നു യോസേഫ്. പോത്തീഫറിന്റെ ഭവനത്തിൽ അടിമയായിരുന്നപ്പോൾ വ്യഭിചാരത്തിൽ ഏർപ്പെടാനുള്ള സമ്മർദത്തെ അവനു ദിവസവും നേരിടേണ്ടിവന്നു. ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നതിന് യോസേഫിനെ വശീകരിക്കാൻ യജമാനന്റെ ഭാര്യ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും, അവരെ പൂർണമായി ഒഴിവാക്കാൻ അവനു നിർവാഹമുണ്ടായിരുന്നില്ല. ഒടുവിൽ “അവൾ അവന്റെ വസ്‌ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞ”പ്പോൾ അവൻ “പുറത്തേക്കു ഓടിക്കളഞ്ഞു.” ദോഷം വിട്ടകലുന്നതിനുള്ള സത്വര നടപടി കൈക്കൊള്ളാൻ അവനെ പ്രേരിപ്പിച്ചത് എന്തായിരുന്നു? നിസ്സംശയമായും ദൈവഭയം, “ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു” ഒഴിവാക്കാനുള്ള ആഗ്രഹം ആയിരുന്നു മുഖ്യ ഘടകം. (ഉല്‌പത്തി 39:7-12) യോസേഫിന് ഉചിതമായും താൻ “ദൈവത്തെ ഭയപ്പെടുന്ന”വൻ ആണെന്നു പറയാൻ കഴിയുമായിരുന്നു.—ഉല്‌പത്തി 42:18.
14. യോസേഫ് കാട്ടിയ കരുണ അവനു ദൈവഭയം ഉണ്ടെന്നതിന്റെ യഥാർഥ തെളിവ് ആയിരുന്നത് എന്തുകൊണ്ട്?
14 വർഷങ്ങൾക്കു ശേഷം, തന്നെ നിർദയം അടിമത്തത്തിലേക്കു വിറ്റ തന്റെ സഹോദരന്മാരെ യോസേഫ് വീണ്ടും കണ്ടുമുട്ടാൻ ഇടയായി. ഭക്ഷണം അങ്ങേയറ്റം ആവശ്യമായിരുന്ന അവരുടെ സാഹചര്യം മുതലെടുത്തുകൊണ്ട് അവനു വേണമെങ്കിൽ അവരോടു പകരം വീട്ടാമായിരുന്നു. എന്നാൽ ആളുകളോടു കഠിനമായി പെരുമാറുന്നത് ദൈവഭയത്തെ പ്രതിഫലിപ്പിക്കുകയില്ല. (ലേവ്യപുസ്‌തകം 25:43) അതുകൊണ്ട്, തന്റെ സഹോദരന്മാരുടെ ഹൃദയനിലയ്‌ക്കു മാറ്റം വന്നിരിക്കുന്നു എന്നതിന് ആവശ്യമായ തെളിവു ലഭിച്ചപ്പോൾ യോസേഫ് അവരോടു കരുണാപൂർവം ക്ഷമിച്ചു. യോസേഫിനെ പോലെ നന്മയാൽ തിന്മയെ ജയിക്കാനും പ്രലോഭനത്തിൽ വീണുപോകാതിരിക്കാനും ദൈവഭയം നമ്മെ സഹായിക്കും.—ഉല്‌പത്തി 45:1-11; സങ്കീർത്തനം 130:3, 4; റോമർ 12:17-21.
15. ഇയ്യോബിന്റെ നടത്ത യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചത് എന്തുകൊണ്ട്?
15 ദൈവഭയം പ്രകടമാക്കിയവരിൽ ശ്രദ്ധേയനായ മറ്റൊരു വ്യക്തി ആയിരുന്നു ഇയ്യോബ്. യഹോവ പിശാചിനോട് പറഞ്ഞു: “എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും [“ദൈവഭയമുള്ളവനും,” NW] ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ.” (ഇയ്യോബ് 1:8) വർഷങ്ങളോളം ഇയ്യോബ് നിഷ്‌കളങ്കനായി നടന്നത് അവന്റെ സ്വർഗീയ പിതാവിന്റെ ഹൃദയത്തെ സന്തോഷിപ്പിച്ചിരുന്നു. ദൈവത്തെ ഭയപ്പെടുന്നത് ഉചിതമായ സംഗതിയാണെന്നും ഏറ്റവും ഉത്തമമായ ജീവിതഗതിയാണെന്നും അറിയാമായിരുന്നതിനാൽ ഇയ്യോബ് അങ്ങനെ ചെയ്‌തു. “കർത്താവിനോടുള്ള ഭക്തി [“യഹോവാഭയം,” NW] തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം” എന്ന് ഇയ്യോബു പ്രസ്‌താവിച്ചു. (ഇയ്യോബ് 28:28) വിവാഹിതനായിരുന്ന ഇയ്യോബ് പ്രായം കുറഞ്ഞ സ്‌ത്രീകളിൽ അനുചിതമായ താത്‌പര്യം പ്രകടമാക്കുകയോ ഹൃദയത്തിൽ വ്യഭിചാര പദ്ധതികൾ ആവിഷ്‌കരിക്കുകയോ ചെയ്‌തില്ല. ധനികൻ ആയിരുന്നെങ്കിലും അവന്റെ ആശ്രയം സമ്പത്തിലായിരുന്നില്ല. മാത്രമല്ല, എല്ലാത്തരം വിഗ്രഹാരാധനയും അവൻ ഒഴിവാക്കിയിരുന്നു.—ഇയ്യോബ് 31:1, 9-11, 24-28.
16. (എ) ഇയ്യോബ് ഏതു വിധങ്ങളിലാണ് ദയ പ്രകടമാക്കിയത്? (ബി) താൻ ക്ഷമിക്കാൻ സന്നദ്ധനാണെന്ന് ഇയ്യോബ് പ്രകടമാക്കിയത് എങ്ങനെ?
16 എന്നാൽ, ദൈവഭയത്തിൽ ദോഷം വിട്ടകലുന്നതു മാത്രമല്ല, നന്മ പ്രവർത്തിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇയ്യോബ് കുരുടരും മുടന്തരും ദരിദ്രരുമായ ആളുകളിൽ ദയാപൂർവകമായ താത്‌പര്യം എടുത്തു. (ലേവ്യപുസ്‌തകം 19:14; ഇയ്യോബ് 29:15, 16) സ്‌നേഹിതനോടു ‘ദയ കാണിക്കാഞ്ഞാൽ അവൻ സർവ്വശക്തന്റെ ഭയം ത്യജിക്കും’ എന്ന് ഇയ്യോബ് തിരിച്ചറിഞ്ഞു. (ഇയ്യോബ് 6:14) ദയ കാണിക്കാതിരിക്കുന്നതിൽ ക്ഷമ പ്രകടമാക്കാതിരിക്കുകയോ നീരസം വെച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നത് ഉൾപ്പെട്ടേക്കാം. ദൈവം ആവശ്യപ്പെട്ടതനുസരിച്ച് ഇയ്യോബ്, തന്നെ വളരെയധികം വേദനിപ്പിച്ച മൂന്നു സ്‌നേഹിതന്മാർക്കു വേണ്ടി പ്രാർഥിച്ചു. (ഇയ്യോബ് 42:7-10) നമ്മെ ഏതെങ്കിലും രീതിയിൽ വേദനിപ്പിച്ചിട്ടുള്ള ഒരു സഹവിശ്വാസിയോട് നമുക്കു സമാനമായി ക്ഷമ പ്രകടമാക്കാൻ കഴിയുമോ? നമ്മെ നീരസപ്പെടുത്തിയ വ്യക്തിക്കു വേണ്ടി ആത്മാർഥമായി പ്രാർഥിക്കുന്നത് ആ വികാരത്തെ തരണം ചെയ്യാൻ വളരെ സഹായിക്കും. തന്റെ ദൈവഭയം നിമിത്തം ഇയ്യോബിന് ആസ്വദിക്കാൻ കഴിഞ്ഞ അനുഗ്രഹങ്ങൾ, തന്നെ ‘ഭയപ്പെടുന്നവർക്കായി യഹോവ സംഗ്രഹിച്ചുവെച്ചിട്ടുള്ള നന്മ എത്ര വലിയതാണ്’ എന്നതിന്റെ ഒരു മുൻനിഴലാണ്.—സങ്കീർത്തനം 31:19, NW; യാക്കോബ് 5:11.
മാനുഷഭയം ദൈവഭയത്തിനു വിരുദ്ധം
17. മാനുഷഭയത്തിന് നമ്മുടെമേൽ എന്തു ഫലം ഉളവാക്കാൻ കഴിയും, എന്നാൽ അത് ഹ്രസ്വദൃഷ്ടിയുള്ളത് ആയിരിക്കുന്നത് എന്തുകൊണ്ട്?
17 ദൈവഭയം ശരിയായതു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ മാനുഷഭയം നമ്മുടെ വിശ്വാസത്തിനു തുരങ്കം വെക്കും. ഈ കാരണത്താൽ സുവാർത്ത സതീക്ഷ്‌ണം പ്രസംഗിക്കാൻ അപ്പൊസ്‌തലന്മാരെ പ്രോത്സാഹിപ്പിക്കവേ യേശു ഇങ്ങനെ പറഞ്ഞു: “ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.” (മത്തായി 10:28) മാനുഷഭയം ഹ്രസ്വദൃഷ്ടിയുള്ളതാണ്. കാരണം യേശു വിശദീകരിച്ചതു പോലെ, മനുഷ്യർക്ക് നമ്മുടെ ഭാവി ജീവിത പ്രതീക്ഷകൾ നശിപ്പിക്കാൻ കഴിയില്ല. അതുപോലെ, ദൈവത്തിന്റെ അതിഭയങ്കര ശക്തി തിരിച്ചറിയുന്നതു കൊണ്ടും നാം ദൈവത്തെ ഭയപ്പെടുന്നു. മുഴു ജനതകളുടെയും ശക്തി അവന്റെ ശക്തിക്കു മുന്നിൽ ഏതുമല്ല. (യെശയ്യാവു 40:15) അബ്രാഹാമിനെ പോലെ, തന്റെ വിശ്വസ്‌ത ദാസരെ ഉയിർപ്പിക്കാനുള്ള യഹോവയുടെ ശക്തിയിൽ നമുക്ക് ഉറച്ച വിശ്വാസമുണ്ട്. (വെളിപ്പാടു 2:10) അതുകൊണ്ട് നാം ഉറപ്പോടെ ഇങ്ങനെ പറയുന്നു: “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?”—റോമർ 8:31.
18. തന്നെ ഭയപ്പെടുന്നവർക്ക് യഹോവ പ്രതിഫലം നൽകുന്നത് എങ്ങനെ?
18 എതിർപ്പു നേരിടേണ്ടി വരുന്നത് ഒരു കുടുംബാംഗത്തിൽനിന്നോ സ്‌കൂളിലെ ഒരു റൗഡിയിൽനിന്നോ ആയിക്കൊള്ളട്ടെ, “യഹോവാഭക്തന്നു [“യഹോവയെ ഭയപ്പെടുന്നവന്,” NW] ദൃഢധൈര്യം ഉണ്ടു” എന്നു നാം കണ്ടെത്തും. (സദൃശവാക്യങ്ങൾ 14:26) ദൈവം നമ്മുടെ പ്രാർഥന കേൾക്കുമെന്ന ഉറപ്പോടെ നമുക്ക് ശക്തിക്കായി അവനോട് അപേക്ഷിക്കാൻ കഴിയും. (സങ്കീർത്തനം 145:19, NW) തന്നെ ഭയപ്പെടുന്നവരെ യഹോവ ഒരിക്കലും മറന്നുകളയുന്നില്ല. തന്റെ പ്രവാചകനായ മലാഖി മുഖാന്തരം അവൻ നമുക്ക് ഈ ഉറപ്പു നൽകുന്നു: “യഹോവാഭക്തന്മാർ [“യഹോവാഭയമുള്ളവർ,” NW] അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും [“യഹോവാഭയമുള്ളവർക്കും,” NW] അവന്റെ നാമത്തെ സ്‌മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്‌മരണപുസ്‌തകം എഴുതിവെച്ചിരിക്കുന്നു.”—മലാഖി 3:16.
19. ഏതെല്ലാം തരത്തിലുള്ള ഭയങ്ങൾ ഇല്ലാതാകും, എന്നാൽ ഏതുതരം ഭയം എക്കാലവും നിലനിൽക്കും?
19 ഭൂമിയിലുള്ള സകലരും യഹോവയെ ആരാധിക്കുന്ന, മാനുഷഭയം അപ്പാടെ അപ്രത്യക്ഷമാകുന്ന കാലം സമീപിച്ചിരിക്കുന്നു. (യെശയ്യാവു 11:9) പട്ടിണി, രോഗം, കുറ്റകൃത്യം, യുദ്ധം എന്നിവയെ കുറിച്ചുള്ള ഭയവും നീക്കപ്പെടും. എന്നാൽ സ്വർഗത്തിലും ഭൂമിയിലുമുള്ള ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാർ അവന് അർഹമായ ബഹുമാനവും അനുസരണവും ആദരവും നൽകുന്നതിൽ തുടരുമെന്നതിനാൽ ദൈവഭയം എന്നെന്നും നിലനിൽക്കും. (വെളിപ്പാടു 15:4) അതിനാൽ ഇപ്പോൾ, നമുക്കെല്ലാം ശലോമോന്റെ നിശ്വസ്‌ത ബുദ്ധിയുപദേശം മനസ്സിൽ പിടിക്കാം: “നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്‌പോഴും യഹോവഭക്തിയോടിരിക്ക [“യഹോവാഭയത്തോടെയിരിക്ക,” NW]. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.”—സദൃശവാക്യങ്ങൾ 23:17, 18.
[അടിക്കുറിപ്പുകൾ]
^ ഖ. 2 അപകടകരമായ സാഹചര്യങ്ങളുമായുള്ള നിരന്തര സമ്പർക്കം നിമിത്തം മുതിർന്നവരിൽ ചിലർക്ക് അപകടഭയം ഇല്ലാതാകുന്നു. മരപ്പണിക്കാരിൽ അനേകർക്കും ഒരു വിരൽ ഇല്ലാത്തത് എന്തുകൊണ്ടെന്നു ചോദിച്ചപ്പോൾ അനുഭവസമ്പന്നനായ ഒരു പണിക്കാരൻ മറുപടി പറഞ്ഞു: “അവർക്ക് വളരെ വേഗത്തിൽ ചലിക്കുന്ന വൈദ്യുത ഈർച്ചവാളുകളോടുള്ള ഭയം ഇല്ലാതാകുന്നതിനാലാണത്.”
^ ഖ. 4 യഹോവയ്‌ക്കുതന്നെ ഇത്തരം വെറുപ്പ് തോന്നുന്നു. ഉദാഹരണത്തിന്, എഫെസ്യർ 4:29 ‘ആകാത്ത വാക്ക്’ ഉപയോഗിക്കുന്നതിനെതിരെ നമ്മെ ബുദ്ധിയുപദേശിക്കുന്നു. ‘ആകാത്ത’ എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം അക്ഷരീയമായി ചീഞ്ഞ പഴങ്ങളെയോ മാംസത്തെയോ മത്സ്യത്തെയോ കുറിക്കുന്നു. മോശമായ അല്ലെങ്കിൽ അസഭ്യമായ സംസാരത്തോടു നമുക്കു തോന്നേണ്ട അറപ്പിനെ ഈ വാക്ക് വളരെ വ്യക്തമായി ചിത്രീകരിക്കുന്നു. സമാനമായി, ആവർത്തനപുസ്‌തകം 29:16-ഉം യെഹെസ്‌കേൽ 6:9-ഉം പോലുള്ള തിരുവെഴുത്തുകളിൽ കാണുന്ന ‘വിഗ്രഹങ്ങൾ’ എന്ന പദപ്രയോഗത്തിന് മൂല എബ്രായ തിരുവെഴുത്തുകളിൽ ‘കാഷ്‌ഠ വിഗ്രഹങ്ങൾ’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. കാഷ്‌ഠത്തോട് നമുക്ക് സ്വാഭാവികമായും തോന്നുന്ന അറപ്പ് എല്ലാത്തരം വിഗ്രഹാരാധനയെയും ദൈവം എങ്ങനെയാണു വീക്ഷിക്കുന്നതെന്നു മനസ്സിലാക്കാൻ സഹായിക്കുന്നു.
^ ഖ. 6 ദൃഷ്ടാന്തമെന്ന നിലയിൽ, കയീൻ (ഉല്‌പത്തി 4:3-12); ദാവീദ് (2 ശമൂവേൽ 11:2–12:14); ഗേഹസി (2 രാജാക്കന്മാർ 5:20-27); ഉസ്സീയാവ് (2 ദിനവൃത്താന്തം 26:16-21) എന്നിവരെ സംബന്ധിച്ച തിരുവെഴുത്തു വിവരണങ്ങൾ പരിചിന്തിക്കുക.
നിങ്ങൾ ഓർക്കുന്നുവോ?
• ദോഷമായതിനെ വെറുക്കാൻ നാം പഠിക്കുന്നത് എങ്ങനെ?
• മലാഖിയുടെ നാളിൽ ചില ഇസ്രായേല്യർ യഹോവയുമായുള്ള സൗഹൃദത്തെ നിസ്സാരമായി എടുത്തത് എങ്ങനെ?
• അബ്രാഹാം, യോസേഫ്, ഇയ്യോബ് എന്നിവരിൽനിന്ന് നാം ദൈവഭയത്തെ കുറിച്ച് എന്തു പഠിക്കുന്നു?
• ഏതു ഭയം എക്കാലവും നിലനിൽക്കും, എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[19-ാം പേജിലെ ചിത്രം]
ജ്ഞാനികളായ മാതാപിതാക്കൾ മക്കളിൽ ആരോഗ്യാവഹമായ ഭയം ഉൾനടുന്നു
[20-ാം പേജിലെ ചിത്രം]
ഭയം നമ്മെ അപകടത്തിൽനിന്ന് അകറ്റുന്നതു പോലെ, ദൈവഭയം നമ്മെ ദോഷത്തിൽനിന്ന് അകറ്റുന്നു
[23-ാം പേജിലെ ചിത്രം]
മൂന്നു വ്യാജ സുഹൃത്തുക്കളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും ഇയ്യോബ് ദൈവഭയം കാത്തുസൂക്ഷിച്ചു
[കടപ്പാട്]
ബൈബിൾ പരിഭാഷയായ വൾഗാത്ത ലത്തീനയിൽനിന്ന്, 1795