വർഗവേർതിരിവിന്റെ പ്രശ്‌നങ്ങൾ
വർഗവേർതിരിവിന്റെ പ്രശ്‌നങ്ങൾ
“സമത്വം ഒരു അവകാശം ആയിരിക്കാം, എന്നാൽ ഭൂമിയിലെ യാതൊരു ശക്തിക്കും അതിനെ ഒരു യാഥാർഥ്യമാക്കാൻ കഴിയില്ല.”
പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് നോവലിസ്റ്റായ ഓണോറേ ദെ ബോൾസാക് അങ്ങനെ അഭിപ്രായപ്പെട്ടു. നിങ്ങൾ അദ്ദേഹത്തോടു യോജിക്കുന്നുവോ? വർഗവേർതിരിവ് അധമമാണെന്നു പലർക്കും സഹജമായി തോന്നാറുണ്ട്. എന്നാൽ, ഈ 21-ാം നൂറ്റാണ്ടിൽ പോലും മനുഷ്യസമൂഹം പല വർഗങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു എന്നതാണു വാസ്‌തവം.
സമൂഹത്തിലെ വർഗവേർതിരിവ് എന്ന പ്രശ്‌നത്തിൽ താത്‌പര്യം കാട്ടിയ ഒരു വ്യക്തിയാണ് 1923 മുതൽ 1929 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് ആയിരുന്ന കാൽവിൻ കൂളിഡ്‌ജ്. അദ്ദേഹം “വിശേഷാവകാശങ്ങൾ ഉള്ള സകല വർഗങ്ങളുടെയും ആത്യന്തിക ഉന്മൂലന”ത്തെപ്പറ്റി സംസാരിച്ചു. എന്നിരുന്നാലും, കൂളിഡ്‌ജിന്റെ ഭരണത്തിന് ഏതാണ്ട് 40 വർഷങ്ങൾക്കു ശേഷം ഭിന്നവംശജർ തമ്മിലുള്ള ബന്ധങ്ങളെ കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട കെർണർ കമ്മീഷൻ, ഐക്യനാടുകൾ നിശ്ചയമായും രണ്ടു ഭിന്നസമൂഹങ്ങൾ ആയിത്തീരുമെന്ന ആശങ്ക പ്രകടിപ്പിച്ചു: “ഒന്ന് കറുത്തവരുടേതും, മറ്റൊന്ന് വെളുത്തവരുടേതും—ഇവ ഭിന്നവും സമത്വമില്ലാത്തതും ആയിരിക്കും.” ആ പ്രവചനം ഇതിനോടകം സത്യമായി ഭവിച്ചിരിക്കുന്നു എന്നും രാജ്യത്തിനുള്ളിലെ “സാമ്പത്തികവും വംശീയവുമായ ഭിന്നത വർധിച്ചുവരുകയാണെന്നും” ചിലർ തറപ്പിച്ചു പറയുന്നു.
മനുഷ്യസമത്വം എന്ന ആശയം പ്രാബല്യത്തിൽ വരുത്തുന്നത് ഇത്ര ദുഷ്‌കരമായിരിക്കുന്നത് എന്തുകൊണ്ടാണ്? മനുഷ്യപ്രകൃതമാണ് ഒരു മുഖ്യഘടകം. യു.എസ്. സെനറ്റിലെ മുൻ കോൺഗ്രസ് അംഗമായ വില്യം റാൻഡോൾഫ് ഹേഴ്‌സ്റ്റ് ഒരിക്കൽ ഇങ്ങനെ പ്രസ്‌താവിച്ചു: “ചുരുങ്ങിയത് ഒരു കാര്യത്തിലെങ്കിലും തുല്യരായാണ് എല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അതുല്യരായിരിക്കാനുള്ള തങ്ങളുടെ ആഗ്രഹത്തിന്റെ കാര്യത്തിൽ.” എന്താണ് അദ്ദേഹം അർഥമാക്കിയത്? 19-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് നാടകകൃത്തായ ഹെൻട്രി ബെക്ക് അതു കുറച്ചുകൂടി വ്യക്തമാക്കി: “സമത്വത്തെ ദുഷ്‌കരമാക്കുന്ന ഒരു സംഗതി, നമ്മെക്കാൾ ഉയർന്നവരുമായി മാത്രമേ നാം സമത്വം കാംക്ഷിക്കുന്നുള്ളു എന്നതാണ്.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, സമൂഹത്തിൽ തങ്ങളെക്കാൾ ഉയർന്ന തട്ടിലുള്ളവരുമായുള്ള സമത്വത്തിന് ആളുകൾ ആഗ്രഹിക്കുന്നു; താഴേക്കിടയിൽ ഉള്ളവരെന്നു കരുതുന്നവർക്ക് സമത്വം കൽപ്പിച്ചുകൊണ്ട് തങ്ങളുടെ സ്ഥാനമാനങ്ങളോ പദവികളോ കുറയ്‌ക്കാൻ പലരും സന്നദ്ധരല്ല.
കഴിഞ്ഞ കാലത്ത്, എങ്ങനെയുള്ള കുടുംബത്തിൽ ജനിക്കുന്നു എന്നതിനെ ആശ്രയിച്ച്, ആളുകൾ സാധാരണക്കാരോ കുലീനരോ രാജകുടുംബാംഗങ്ങൾ പോലുമോ ആയി തരംതിരിക്കപ്പെട്ടിരുന്നു. ചില സ്ഥലങ്ങളിൽ അത് ഇപ്പോഴും സത്യമാണ്. എന്നാൽ, ഇന്നു പല രാജ്യങ്ങളിലും ഒരുവൻ താഴേക്കിടയിലുള്ളവനോ ഇടത്തരക്കാരനോ ഉയർന്നവനോ എന്നു നിർണയിക്കുന്നതു പണമാണ്. കൂടാതെ, വംശം, വിദ്യാഭ്യാസം, സാക്ഷരത എന്നിവ പോലെ വർഗവേർതിരിവിനെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളുമുണ്ട്. ചില സ്ഥലങ്ങളിൽ, ലിംഗഭേദം വേർതിരിവിനുള്ള ഒരു അടിസ്ഥാനമാണ്. അവിടങ്ങളിൽ, സ്‌ത്രീകളെ താഴ്‌ന്ന വർഗമായി വീക്ഷിക്കുന്നു.
പ്രത്യാശയ്‌ക്കു വകയുണ്ടോ?
മനുഷ്യാവകാശ നിയമങ്ങൾ നിർമിക്കുകവഴി ചിലതരം വർഗവേർതിരിവുകളെ ഭേദിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഐക്യനാടുകളിൽ സാമൂഹിക വേർതിരിവിനെ വിലക്കുന്നതരം നിയമങ്ങൾ നിലവിൽ വന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം നിരോധിച്ചു. അടിമത്തം ഇപ്പോഴും നിലവിലുണ്ടെങ്കിലും, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അതു നിയമവിരുദ്ധമാണ്. ആദിവാസി ജനസമൂഹങ്ങൾക്ക് ഭൂസ്വത്ത് അവകാശങ്ങളുണ്ട് എന്ന് അംഗീകരിക്കാൻ മറ്റുള്ളവരെ നിർബന്ധിതരാക്കുന്ന നിയമങ്ങൾ പല ദേശങ്ങളിലും പാസാക്കപ്പെട്ടിട്ടുണ്ട്, വിവേചനവിരുദ്ധ നിയമങ്ങൾ താഴേക്കിടയിലുള്ള ചില വിഭാഗങ്ങൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്.
സമൂഹത്തിലെ വർഗവേർതിരിവ് അവസാനിപ്പിക്കാൻ കഴിയും എന്നതിന്റെ സൂചനയാണോ ഇത്? വാസ്‌തവത്തിൽ അല്ല. ചിലതരം വർഗവേർതിരിവുകളുടെ തീവ്രത ഇപ്പോൾ കുറഞ്ഞിട്ടുണ്ടാകാമെങ്കിലും, പുതിയ ഭിന്നതകൾ ഉടലെടുക്കാൻ തുടങ്ങിയിരിക്കുന്നു. വിജ്ഞാനയുഗത്തിലെ വർഗയുദ്ധം (ഇംഗ്ലീഷ്) എന്ന പുസ്‌തകം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “മുതലാളിവർഗമെന്നും തൊഴിലാളിവർഗമെന്നും ഉള്ള വേർതിരിവ് ഇക്കാലത്ത് ഉചിതമല്ലെന്നു തോന്നുന്നു. എന്നാൽ ആ അവസ്ഥയ്‌ക്കു കാരണം ഈ രണ്ട് വൻ വിഭാഗങ്ങൾ ഛിന്നിച്ച്, കോപാകുലരായ ആളുകളുടെ ചെറിയ കൂട്ടങ്ങളായി മാറിയിക്കുന്നു എന്നതാണ്.”
സമൂഹത്തിലെ ഈ വർഗവേർതിരിവ് ആളുകളെ എക്കാലവും ഭിന്നിപ്പിച്ചു നിറുത്തുമോ? അടുത്ത ലേഖനം പ്രകടമാക്കുന്നതുപോലെ, ആശയറ്റ ഒരു അവസ്ഥയിലേക്ക് നാം തള്ളപ്പെട്ടിരിക്കുന്നില്ല.