ഭിന്ന മനോഭാവങ്ങൾ വളർത്തിയെടുത്ത സഹോദരന്മാർ
ഭിന്ന മനോഭാവങ്ങൾ വളർത്തിയെടുത്ത സഹോദരന്മാർ
മാതാപിതാക്കൾ എടുക്കുന്ന തീരുമാനങ്ങൾ നിശ്ചയമായും മക്കളെ ബാധിക്കുന്നു. അത് ഏദെൻ തോട്ടത്തിൽ എന്നതുപോലെ ഇന്നും സത്യമാണ്. ആദാമിന്റെയും ഹവ്വായുടെയും മത്സരഗതിക്ക് മുഴു മനുഷ്യവർഗത്തിന്മേലും വളരെ ഗുരുതരമായ ഫലമുണ്ടായിരുന്നു. (ഉല്‌പത്തി 2:15, 16; 3:1-6; റോമർ 5:12) എന്നാൽ, ആഗ്രഹിക്കുന്നപക്ഷം സ്രഷ്ടാവുമായി ഒരു നല്ല ബന്ധം വളർത്തിയെടുക്കാനുള്ള അവസരം നമുക്ക് ഓരോരുത്തർക്കും ഉണ്ട്. മനുഷ്യ ചരിത്രത്തിലെ ആദ്യ സഹോദരന്മാരായ കയീന്റെയും ഹാബെലിന്റെയും അനുഭവം അതാണു വ്യക്തമാക്കുന്നത്.
ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കപ്പെട്ടശേഷം ദൈവം ആദാമിനോടും ഹവ്വായോടും സംസാരിച്ചതായുള്ള ഒരു രേഖയും തിരുവെഴുത്തുകളിൽ ഇല്ല. എന്നാൽ, അവരുടെ പുത്രന്മാരോടു സംസാരിക്കുന്നതിൽനിന്ന് യഹോവ വിട്ടുനിന്നില്ല. ഏദെൻ തോട്ടത്തിൽ സംഭവിച്ച കാര്യങ്ങൾ കയീനും ഹാബെലും മാതാപിതാക്കളിൽ നിന്നു മനസ്സിലാക്കിയിരുന്നു എന്നതിനു സംശയമില്ല. ‘ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ ഏദെൻതോട്ടത്തിന്നു കിഴക്കു കെരൂബുകൾ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിൽക്കുന്നത്’ അവർക്കു കാണാമായിരുന്നു. (ഉല്‌പത്തി 3:24) വിയർപ്പോടെ അധ്വാനിച്ച്, കഷ്ടപ്പെട്ടു ജീവിക്കേണ്ടി വരുമെന്ന ദൈവത്തിന്റെ പ്രഖ്യാപനത്തിന്റെ സത്യതയ്‌ക്കും അവർ സാക്ഷ്യം വഹിച്ചു.—ഉല്‌പത്തി 3:16, 19.
കൂടാതെ, പാമ്പിനോടു യഹോവ പറഞ്ഞ പിൻവരുന്ന വാക്കുകളും കയീനും ഹാബെലിനും അറിയാമായിരുന്നിരിക്കണം: “ഞാൻ നിനക്കും സ്‌ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്‌പത്തി 3:15) യഹോവയെ കുറിച്ച് കയീനും ഹാബെലും മനസ്സിലാക്കിയ കാര്യങ്ങൾ അവനുമായി ഒരു അംഗീകൃത ബന്ധം വളർത്തിയെടുക്കാൻ അവരെ സഹായിക്കുമായിരുന്നു.
യഹോവയുടെ പ്രവചനത്തെയും സ്‌നേഹവാനായ ഒരു ഉപകാരി എന്ന നിലയിലുള്ള അവന്റെ ഗുണങ്ങളെയും കുറിച്ചു ധ്യാനിച്ചത്, ദിവ്യ അംഗീകാരം നേടാനുള്ള ഒരു ആഗ്രഹം കയീനിലും ഹാബെലിലും ഉളവാക്കിയിരിക്കണം. എന്നാൽ, പ്രസ്‌തുത ആഗ്രഹത്തെ അവർ എത്രത്തോളം പരിപോഷിപ്പിക്കുമായിരുന്നു? ദൈവത്തെ ആരാധിക്കാനുള്ള സഹജമായ ആഗ്രഹത്തോടു പ്രതികരിച്ചുകൊണ്ട് അവനിൽ വിശ്വാസം പ്രകടമാക്കുന്ന അളവോളം അവർ ആത്മീയത വളർത്തിയെടുക്കുമായിരുന്നോ?—മത്തായി 5:3.
സഹോദരന്മാർ വഴിപാടുകൾ അർപ്പിക്കുന്നു
കാലാന്തരത്തിൽ, കയീനും ഹാബെലും ദൈവത്തിനു വഴിപാടുകൾ കൊണ്ടുവന്നു. കയീൻ നിലത്തെ അനുഭവത്തിൽനിന്നും ഹാബെൽ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നുമാണ് വഴിപാടുകൾ അർപ്പിച്ചത്. (ഉല്‌പത്തി 4:3, 4) ഈ പുരുഷന്മാർക്ക് അപ്പോൾ ഏകദേശം 100 വയസ്സ് ഉണ്ടായിരുന്നിരിക്കണം. കാരണം, പുത്രനായ ശേത്ത് ജനിക്കുമ്പോൾ ആദാമിന് 130 വയസ്സുണ്ടായിരുന്നു.—ഉല്‌പത്തി 4:25; 5:3.
തങ്ങൾ പാപികളാണെന്നു കയീനും ഹാബെലും തിരിച്ചറിഞ്ഞതായും ദൈവാംഗീകാരം നേടാൻ ആഗ്രഹിച്ചതായും അവരുടെ വഴിപാടുകൾ സൂചിപ്പിച്ചു. പാമ്പിനെയും സ്‌ത്രീയുടെ സന്തതിയെയും സംബന്ധിച്ച യഹോവയുടെ വാഗ്‌ദാനത്തെ കുറിച്ച് അവർ കുറെയൊക്കെ ചിന്തിച്ചിരിക്കണം. യഹോവയുമായി ഒരു അംഗീകൃത ബന്ധം വളർത്തിയെടുക്കാൻ കയീനും ഹാബെലും എത്ര സമയം ചെലവഴിച്ചെന്നോ എത്രമാത്രം ശ്രമം ചെലുത്തിയെന്നോ ബൈബിളിൽ പ്രസ്‌താവിച്ചിട്ടില്ല. എന്നാൽ അവരുടെ വഴിപാടുകളോടു ദൈവം പ്രതികരിച്ച വിധം അവരുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ സംബന്ധിച്ച് ഉൾക്കാഴ്‌ച നൽകുന്നു.
പാമ്പിനെ നശിപ്പിക്കുന്ന “സന്തതി” കയീൻ ആയിരിക്കുമെന്ന് ഹവ്വാ വിചാരിച്ചതായി ചില പണ്ഡിതന്മാർ കരുതുന്നു. കാരണം കയീൻ ജനിച്ചപ്പോൾ അവൾ ഇങ്ങനെ പറഞ്ഞു: “യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു.” (ഉല്‌പത്തി 4:1) കയീനും അങ്ങനെ വിശ്വസിച്ചിരുന്നെങ്കിൽ, ആ വിശ്വാസം തീർത്തും അസ്ഥാനത്തായിരുന്നു. നേരെ മറിച്ച്, ഹാബെൽ വഴിപാട് അർപ്പിച്ചത് വിശ്വാസത്തോടെയാണ്. അങ്ങനെ “വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു.”—എബ്രായർ 11:4.
ഉല്‌പത്തി 4:5) കയീന്റെ പെരുമാറ്റം അവന്റെ ഉള്ളിലെ ദുഷ്ട ആശയങ്ങളെയും ആന്തരങ്ങളെയുമാണ് വെളിപ്പെടുത്തിയത്.
ഹാബെൽ ആത്മീയ ഉൾക്കാഴ്‌ച പ്രകടമാക്കുകയും കയീൻ അതു പ്രകടമാക്കാതിരിക്കുകയും ചെയ്‌തു എന്നതു മാത്രമല്ല ഈ രണ്ടു സഹോദരന്മാർ തമ്മിലുള്ള വ്യത്യാസം. അവരുടെ മനോഭാവങ്ങളും ഭിന്നമായിരുന്നു. അതിനാൽ, “യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല.” കയീൻ തന്റെ വഴിപാടിനു കാര്യമായ ശ്രദ്ധ കൊടുക്കാതെ വെറുമൊരു ചടങ്ങുപോലെ അത് അർപ്പിച്ചിരിക്കാനാണു സാധ്യത. എന്നാൽ കേവലം ഔപചാരികമായ ആ ആരാധനയെ ദൈവം അംഗീകരിച്ചില്ല. കയീൻ ദുഷ്ടമായ ഒരു ഹൃദയം വളർത്തിയെടുത്തിരുന്നു, അവന്റെ ആന്തരം തെറ്റാണെന്ന് യഹോവ തിരിച്ചറിയുകയും ചെയ്‌തു. തന്റെ വഴിപാട് അംഗീകരിക്കപ്പെടാതിരുന്നപ്പോഴത്തെ കയീന്റെ പ്രതികരണം അവന് യഥാർഥത്തിൽ എങ്ങനെയുള്ള മനോഭാവമാണ് ഉള്ളതെന്നു പ്രകടമാക്കി. കാര്യങ്ങൾ നേരെയാക്കുന്നതിനു പകരം, “കയീന്നു ഏററവും കോപമുണ്ടായി, അവന്റെ മുഖം വാടി.” (മുന്നറിയിപ്പും പ്രതികരണവും
കയീന്റെ മനോഭാവം മനസ്സിലാക്കിക്കൊണ്ട് ദൈവം അവന് ഈ ബുദ്ധിയുപദേശം നൽകി: “നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു? നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്‌ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്‌പിച്ചു.”—ഉല്‌പത്തി 4:6, 7.
ഇതിൽ നമുക്ക് ഒരു പാഠമുണ്ട്. നമ്മെ വിഴുങ്ങാൻ സജ്ജമായി പാപം പടിവാതിൽക്കൽ പതുങ്ങി കിടക്കുകയാണ്. എന്നാൽ, ദൈവം നമുക്ക് ഇച്ഛാസ്വാതന്ത്ര്യം തന്നിരിക്കുന്നതിനാൽ ശരിയായതു ചെയ്യാൻ നമുക്കു തീരുമാനിക്കാൻ കഴിയും. ‘നന്മ ചെയ്യാൻ’ യഹോവ കയീനെ ക്ഷണിച്ചെങ്കിലും, മാറ്റം വരുത്തുന്നതിന് ദൈവം അവനെ നിർബന്ധിച്ചില്ല. കയീൻ സ്വന്തം മാർഗം തിരഞ്ഞെടുത്തു.
നിശ്വസ്‌ത വിവരണം ഇങ്ങനെ തുടർന്നു പറയുന്നു: “എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു.” (ഉല്‌പത്തി 4:8) അങ്ങനെ കയീൻ അനുസരണം കെട്ട, നിർദയനായ ഒരു കൊലയാളി ആയിത്തീർന്നു. “നിന്റെ അനുജനായ ഹാബെൽ എവിടെ” എന്ന് യഹോവ ചോദിച്ചപ്പോൾ കയീൻ അൽപ്പം പോലും അനുതാപം പ്രകടമാക്കിയില്ല. പകരം ദുഃഖത്തിന്റെ ഒരു ലാഞ്‌ഛനം പോലുമില്ലാതെ അവൻ ധിക്കാരപൂർവം ഇങ്ങനെ മറുപടി പറഞ്ഞു: “ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവല്‌ക്കാരനോ”? (ഉല്‌പത്തി 4:9) ആ കടുത്ത നുണയും ഉത്തരവാദിത്വത്തിന്റെ നിരസനവും കയീന്റെ ഹൃദയശൂന്യതയെ വെളിപ്പെടുത്തി.
യഹോവ കയീനെ ശപിച്ച് ഏദെന്റെ സമീപ പ്രദേശങ്ങളിൽനിന്ന് അവനെ പുറത്താക്കി. നിലത്തിന്മേലുള്ള ദൈവത്തിന്റെ ശാപം കയീന്റെ കാര്യത്തിൽ ഒന്നുകൂടി കടുത്തത് ആയിത്തീരുമായിരുന്നു. അവൻ കൃഷി ചെയ്‌താലും വിളവ് ഉണ്ടാകുമായിരുന്നില്ല. അവൻ ഭൂമിയിൽ ഉഴന്നലയുന്നവൻ ആയിത്തീരുമായിരുന്നു. ഉല്‌പത്തി 4:10-15.
തനിക്കു ലഭിച്ച ശിക്ഷ കടുത്തുപോയി എന്ന പരാതിയിൽനിന്നും സഹോദരനെ വധിച്ചതിനെപ്രതി ആരെങ്കിലും തന്നോടു പകരം വീട്ടുമോ എന്ന അവന്റെ ഉത്‌കണ്‌ഠ പ്രകടമായിരുന്നു. എന്നാൽ, അവൻ യാതൊരുവിധത്തിലും ആത്മാർഥ അനുതാപം പ്രകടമാക്കിയില്ല. യഹോവ കയീന് “ഒരു അടയാളം” വെച്ചു. പ്രതികാരമായി ആരും കയീനെ കൊല്ലാതിരിക്കുന്നതിന് എല്ലാവർക്കും അറിയാമായിരുന്നതും എല്ലാവരും അനുസരിക്കേണ്ടിയിരുന്നതുമായ ഒരു ദിവ്യ കൽപ്പന ആയിരുന്നിരിക്കാം അത്.—തുടർന്ന് കയീൻ “യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ്‌ദേശത്തു ചെന്നു പാർത്തു.” (ഉല്‌പത്തി 4:16) തന്റെ സഹോദരിമാരിൽ ഒരുവളെയോ ഒരു സഹോദര/സഹോദരീ പുത്രിയെയോ ഭാര്യയായി എടുത്ത അവൻ ഒരു പട്ടണം പണിയുകയും അതിനു തന്റെ ആദ്യജാതനായ ഹാനോക്കിന്റെ പേരിടുകയും ചെയ്‌തു. കയീന്റെ പിൻതലമുറക്കാരനായ ലാമെക് ഭക്തികെട്ട തന്റെ പൂർവപിതാവിനെ പോലെ അക്രമാസക്തൻ എന്നു തെളിഞ്ഞു. എന്നാൽ കയീന്റെ വംശം നോഹയുടെ നാളിലെ പ്രളയത്തിൽ നശിച്ചു.—ഉല്‌പത്തി 4:17-24.
നമുക്കുള്ള പാഠങ്ങൾ
കയീനും ഹാബെലും ഉൾപ്പെട്ട സംഭവത്തിൽനിന്നു നമുക്കു വളരെ കാര്യങ്ങൾ പഠിക്കാനാകും. “ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്ന” കയീനെപ്പോലെ ആയിരിക്കാതെ, അന്യോന്യം സ്‌നേഹിക്കാൻ യോഹന്നാൻ അപ്പൊസ്‌തലൻ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. കയീന്റെ ‘പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുള്ളതും’ ആയിരുന്നു. യോഹന്നാൻ ഇങ്ങനെയും പ്രസ്‌താവിക്കുന്നു: “സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.” അതേ, നാം സഹക്രിസ്‌ത്യാനികളോട് എങ്ങനെ ഇടപെടുന്നു എന്നത് ദൈവവുമായുള്ള നമ്മുടെ ബന്ധത്തെയും നമ്മുടെ ജീവിത പ്രതീക്ഷകളെയും ബാധിക്കുന്നു. നമുക്കു സഹവിശ്വാസികളിൽ ആരെയെങ്കിലും ദ്വേഷിക്കാനും അതേസമയം ദൈവാംഗീകാരം ആസ്വദിക്കാനും സാധിക്കുകയില്ല.—1 യോഹന്നാൻ 3:11-15; 4:20.
കയീനും ഹാബെലും ഒരേ സാഹചര്യത്തിൽ ആയിരിക്കണം വളർന്നുവന്നത്, എന്നാൽ കയീനു ദൈവത്തിൽ വിശ്വാസം ഇല്ലായിരുന്നു. വാസ്‌തവത്തിൽ അവൻ ‘കുലപാതകനും ഭോഷ്‌കിന്റെ അപ്പനും’ ആയ പിശാചിന്റെ മനോഭാവമാണു പ്രകടമാക്കിയത്. (യോഹന്നാൻ 8:44) നമുക്കെല്ലാം ഒരു തിരഞ്ഞെടുപ്പ് ഉണ്ടെന്നും പാപഗതി തിരഞ്ഞെടുക്കുന്നവർ ദൈവത്തിൽനിന്നു തങ്ങളെത്തന്നെ അകറ്റുന്നുവെന്നും അനുതാപമില്ലാത്ത വ്യക്തികളെ യഹോവ ന്യായം വിധിക്കുമെന്നും കയീന്റെ അനുഭവം പ്രകടമാക്കുന്നു.
നേരെ മറിച്ച്, ഹാബെൽ യഹോവയിൽ വിശ്വാസം പ്രകടമാക്കി. വാസ്‌തവത്തിൽ, “വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്‌പിച്ചു.” ഹാബെൽ പറഞ്ഞ ഒരു വാക്കു പോലും തിരുവെഴുത്തുകളിൽ ഇല്ലെങ്കിലും, മാതൃകായോഗ്യമായ വിശ്വാസം മുഖാന്തരം അവൻ “സംസാരിച്ചുകൊണ്ടിരിക്കുന്നു.”—എബ്രായർ 11:4.
നിർമലതാപാലകരുടെ നീണ്ട നിരയിലെ ആദ്യത്തെ വ്യക്തി ആയിരുന്നു ഹാബെൽ. ‘ഭൂമിയിൽ നിന്നു യഹോവയോടു നിലവിളിച്ച’ അവന്റെ രക്തം വിസ്‌മരിക്കപ്പെട്ടിട്ടില്ല. (ഉല്‌പത്തി 4:10; ലൂക്കൊസ് 11:48-51) ഹാബെലിനെ പോലെ നാം വിശ്വാസം പ്രകടമാക്കുന്നെങ്കിൽ, യഹോവയുമായി നമുക്കും നിലനിൽക്കുന്ന അമൂല്യ ബന്ധം ആസ്വദിക്കാനാകും.
[22-ാം പേജിലെ ചതുരം]
കർഷകനും ആട്ടിടയനും
കൃഷിയും മൃഗപരിപാലനവും ആദാമിന്റെ ആദ്യത്തെ ദൈവദത്ത ഉത്തരവാദിത്വങ്ങളിൽ ചിലത് ആയിരുന്നു. (ഉല്‌പത്തി 1:28; 2:15; 3:23) അവന്റെ പുത്രനായ കയീൻ കാർഷികവൃത്തിയും ഹാബെൽ അജപാലനവും ഏറ്റെടുത്തു. (ഉല്‌പത്തി 4:2) എന്നാൽ ജലപ്രളയാനന്തര കാലംവരെ മനുഷ്യർ പഴങ്ങളും പച്ചക്കറികളും മാത്രം ഭക്ഷിച്ചിരുന്നതിനാൽ എന്തിനാണ് ആടുകളെ വളർത്തിയത്?—ഉല്‌പത്തി 1:29; 9:3, 4.
ആടുകൾക്കു സമൃദ്ധമായി പെരുകാൻ മനുഷ്യരുടെ പരിപാലനം ആവശ്യമാണ്. മാനവചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ മനുഷ്യൻ ഈ വളർത്തുമൃഗങ്ങളെ പരിപാലിച്ചിരുന്നു എന്ന് ഹാബെലിന്റെ തൊഴിൽ തെളിയിക്കുന്നു. ആദ്യകാല മനുഷ്യർ ആഹാരത്തിനായി പാൽ ഉപയോഗിച്ചിരുന്നോ എന്നു തിരുവെഴുത്തുകൾ പറയുന്നില്ല; എന്നാൽ സസ്യഭോജികൾക്കു പോലും ആട്ടുരോമം ഉപയോഗിക്കാൻ കഴിയുമായിരുന്നു. ഇനി, ആടു ചാകുമ്പോൾ അതിന്റെ തുകൽ പല കാര്യങ്ങൾക്കും ഉപയോഗിക്കാമായിരുന്നു. ഉദാഹരണത്തിന്, ആദാമിനും ഹവ്വായ്‌ക്കും ധരിക്കാൻ യഹോവ ‘തോൽകൊണ്ടുള്ള ഉടുപ്പാണ് ഉണ്ടാക്കി’ കൊടുത്തത്.—ഉല്‌പത്തി 3:21.
എന്തായിരുന്നാലും, കയീനും ഹാബെലും ആദ്യകാലത്തു സഹകരിച്ചു പ്രവർത്തിച്ചിരുന്നതായി കാണപ്പെടുന്നു. വസ്‌ത്രത്തിനും ആഹാരത്തിനുമായി കുടുംബത്തിന് ആവശ്യമായിരുന്നത് അവർ ഇരുവരും ഉത്‌പാദിപ്പിച്ചു.
[23-ാം പേജിലെ ചിത്രം]
കയീന്റെ ‘പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുള്ളതും’ ആയിരുന്നു