ഒരു ശുദ്ധ മനസ്സാക്ഷി കാത്തുസൂക്ഷിക്കാൻ എന്തു ചെലവു വരും?
ഒരു ശുദ്ധ മനസ്സാക്ഷി കാത്തുസൂക്ഷിക്കാൻ എന്തു ചെലവു വരും?
“ഗവൺമെന്റ് R$20,000 സ്വീകരിക്കണമെന്ന് ഉത്തരവ്.” ബ്രസീലിയൻ വർത്തമാനപത്രമായ കോറേയൂ ഡൂ പോവൂയിലാണ് അടുത്തയിടെ വിചിത്രമായ ഈ തലക്കെട്ടു പ്രത്യക്ഷപ്പെട്ടത്. സ്ഥലത്തെ ഒരു പോസ്റ്റ്മാനായ ലൂയിസ് ആൽവോ ഡി ആരായൂഷൂവിനെ കുറിച്ചുള്ളതായിരുന്നു ആ വാർത്ത. അദ്ദേഹം സംസ്ഥാന ഗവൺമെന്റിന് കുറച്ചു സ്ഥലം വിറ്റിരുന്നു. എന്നാൽ സ്ഥലത്തിന്റെ കൈമാറ്റമെല്ലാം കഴിഞ്ഞപ്പോൾ, പറഞ്ഞൊത്ത വിലയെക്കാൾ 20,000 ബ്രസീലിയൻ റിയാൽ (ഏതാണ്ട് 8,000 യു.എസ്. ഡോളറിനു തുല്യമായ തുക) തനിക്കു കൂടുതൽ ലഭിച്ചിരിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി!
കൂടുതലുള്ള പണം തിരിച്ചു നൽകുക അത്ര എളുപ്പമായിരുന്നില്ല. അദ്ദേഹം ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ തോറും പലതവണ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. അവസാനം, ഒരു അഭിഭാഷകനെ കണ്ട് പ്രശ്നം കോടതിയിൽ പരിഹരിക്കാൻ അദ്ദേഹത്തിന് ഉപദേശം ലഭിച്ചു. “ആർക്കോ തെറ്റു പറ്റിയതാണ്, ചുവപ്പുനാടയിൽ കുരുങ്ങിപ്പോയതിനാൽ ഇത് എങ്ങനെ പരിഹരിക്കണമെന്ന് ആർക്കും അറിഞ്ഞുകൂടായിരുന്നു,” എന്ന് പണം സ്വീകരിക്കാനും കേസിനു ചെലവായ തുക ലൂയിസിനു തിരിച്ചു നൽകാനും വിധിച്ച ജഡ്ജി അഭിപ്രായപ്പെട്ടു. “ഞാൻ ഇതിനു മുമ്പ് ഇങ്ങനെയൊരു കേസ് കൈകാര്യം ചെയ്തിട്ടില്ല.”
യഹോവയുടെ സാക്ഷികളിൽ ഒരാളായ ലൂയിസ് പറയുന്നു: “എനിക്ക് അവകാശപ്പെടാത്ത പണം കൈവശം വെക്കാൻ എന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷി അനുവദിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ആ പണം എങ്ങനെയെങ്കിലും തിരിച്ചുനൽകാൻ ഞാൻ ശ്രമിച്ചത്.”
അത്തരം ഒരു മനോഭാവം വിചിത്രമായി, ഒരുപക്ഷേ ബുദ്ധിക്കു നിരക്കാത്ത ഒന്നായി പോലും ചിലർക്കു തോന്നിയേക്കാം. എന്നാൽ, സത്യക്രിസ്ത്യാനികൾ ലൗകിക അധികാരികളോടുള്ള ഇടപെടലിൽ ഒരു ശുദ്ധ മനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നതിനു വളരെയധികം പ്രാധാന്യം നൽകുന്നുവെന്ന് ദൈവവചനം കാണിക്കുന്നു. (റോമർ 13:5) ‘സകലത്തിലും നല്ലവരായി നടപ്പാനും നല്ല മനസ്സാക്ഷി’ കാത്തുസൂക്ഷിക്കാനും യഹോവയുടെ സാക്ഷികൾ ദൃഢചിത്തരാണ്.—എബ്രായർ 13:18.