ദുഷിപ്പിക്കുന്ന എല്ലാറ്റിൽനിന്നും ശുദ്ധിയുള്ളവർ ആയിരിക്കുക
ദുഷിപ്പിക്കുന്ന എല്ലാറ്റിൽനിന്നും ശുദ്ധിയുള്ളവർ ആയിരിക്കുക
ശുദ്ധിയുള്ളവർ ആയിരിക്കാനുള്ള ആഗ്രഹം തികച്ചും സ്വാഭാവികമാണ്. എന്നാൽ ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ കാര്യം വരുമ്പോൾ അവനെ നന്നായി പ്രസാദിപ്പിക്കണമെങ്കിൽ നാം ശുദ്ധിയുള്ളവരായിരുന്നേ മതിയാകൂ. ശുദ്ധവും നിർമലവും ആയിരിക്കുന്ന സംഗതികളെയും അതുപോലെ കറയും കളങ്കവും ഇല്ലാത്തതും അഴുക്കുകളിൽനിന്നോ മാലിന്യത്തിൽനിന്നോ ദുഷിപ്പിൽനിന്നോ വിമുക്തവുമായ ഒരു അവസ്ഥയിലേക്കു പുനഃസ്ഥിതീകരിക്കുന്ന ശുദ്ധീകരണ നടപടിയെയും വിവരിക്കുന്ന നിരവധി എബ്രായ, ഗ്രീക്കു പദങ്ങൾ ഉണ്ട്. ഈ വാക്കുകൾ ശാരീരിക ശുചിത്വത്തെ മാത്രമല്ല, ഒട്ടുമിക്കപ്പോഴും ധാർമികവും ആത്മീയവുമായ ശുദ്ധിയെയും സൂചിപ്പിക്കുന്നു.
ശാരീരിക ശുദ്ധി
മരുഭൂമിയിൽ 40 വർഷം നാടോടികളെപ്പോലെ അലയേണ്ടിവന്നിട്ടും, വ്യക്തിപരമായ നല്ല ശീലങ്ങൾ ഉണ്ടായിരുന്നതു നിമിത്തം ഇസ്രായേൽ ജനത താരതമ്യേന നല്ല ആരോഗ്യമുള്ളവരായിരുന്നു. രോഗനിർണയവും ചികിത്സയും ഉൾപ്പെടെ, പാളയ ജീവിതത്തോടു ബന്ധപ്പെട്ട ദൈവനിയമങ്ങളാണു നിസ്സംശയമായും അവരെ അതിനു സഹായിച്ചത്. ശുദ്ധജലത്തിന്റെ പ്രാധാന്യം ഈ ക്രമീകരണത്തിൽ ഊന്നിപ്പറഞ്ഞിരുന്നു.
പരീശന്മാരുടെ ആത്മീയ അശുദ്ധിയെയും കപടഭക്തിയെയും ചൂണ്ടിക്കാണിക്കവേ, യേശുവും ശാരീരിക ശുദ്ധി സംബന്ധിച്ച ഒരു തത്ത്വം ഉപയോഗിക്കുകയുണ്ടായി. അവരുടെ വഞ്ചകമായ നടത്തയെ കിണ്ടികിണ്ണങ്ങളുടെ അകം വെടിപ്പാക്കാതെ പുറം മാത്രം വെടിപ്പാക്കുന്നതിനോട് അവൻ ഉപമിച്ചു. (മത്തായി 23:25, 26) അവസാന പെസഹാഭക്ഷണ സമയത്ത് യൂദാ ഈസ്‌കര്യോത്തായുടെ സാന്നിധ്യത്തിൽ തന്റെ ശിഷ്യന്മാരോടു സംസാരിച്ചപ്പോഴും യേശു സമാനമായ ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. അവരെല്ലാം കുളിച്ചിരുന്നു എന്നതിനു പുറമേ, ഗുരു അവരുടെ കാലുകൾ കഴുകുകയും ചെയ്‌തു. അതുകൊണ്ട് അവർ ശാരീരികമായി “മുഴുവനും ശുദ്ധിയുള്ളവ”രായിരുന്നു. എന്നാൽ ആത്മീയമായി അവർ ‘എല്ലാവരും [ശുദ്ധിയുള്ളവർ] അല്ല’ എന്ന് യേശു പറഞ്ഞു.—യോഹന്നാൻ 13:1-11.
സ്വാഭാവികമെങ്കിലും അശുദ്ധം—എന്തുകൊണ്ട്?
മാസമുറ, വിവാഹിതർ തമ്മിലുള്ള ലൈംഗിക ബന്ധം, പ്രസവം തുടങ്ങിയ തികച്ചും സ്വാഭാവികവും ഉചിതവുമായ കാര്യങ്ങൾ ഒരുവനെ “അശുദ്ധനാ”ക്കുന്നതായി ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? ഒരു സംഗതി, അത് ഇണകളെ ആത്മനിയന്ത്രണവും, ജനനേന്ദ്രിയങ്ങളോടുള്ള ആഴമായ വിലമതിപ്പും ജീവന്റെയും രക്തത്തിന്റെയും പവിത്രതയോടുള്ള ആദരവും പഠിപ്പിച്ചുകൊണ്ട് വിവാഹജീവിതത്തിലെ ഏറ്റവും ഉറ്റ ബന്ധത്തെ വിശുദ്ധിയുടെ ഒരു തലത്തിലേക്ക് ഉയർത്തി എന്നതാണ്. ഈ വ്യവസ്ഥകൾ കണിശമായി പാലിക്കുന്നതിലൂടെ ഉണ്ടാകുന്ന ശുചിത്വ സംബന്ധമായ പ്രയോജനങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിന് മറ്റൊരു വശം കൂടിയുണ്ട്.
ആരംഭത്തിൽ ദൈവം ആദ്യ മനുഷ്യനെയും സ്‌ത്രീയെയും ലൈംഗിക പ്രചോദനവും പുനരുത്‌പാദന പ്രാപ്‌തിയും സഹിതം സൃഷ്ടിച്ചു. കൂടാതെ, ഭാര്യാഭർത്താക്കന്മാരായി ജീവിച്ചുകൊണ്ട് മക്കളെ ജനിപ്പിക്കാനും അവരോടു കൽപ്പിച്ചു. അതുകൊണ്ട് പൂർണ ദമ്പതികളായിരുന്ന അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു പാപമായിരുന്നില്ല. എന്നിരുന്നാലും, ആദാമും ഹവ്വായും ദൈവത്തോട് അനുസരണക്കേടു കാണിച്ചപ്പോൾ—ലൈംഗിക ബന്ധത്തിന്റെ കാര്യത്തിലല്ല, വിലക്കപ്പെട്ട പഴം ഭക്ഷിക്കുന്നതിനോടുള്ള ബന്ധത്തിൽ—വലിയ മാറ്റങ്ങൾ സംഭവിച്ചു. പെട്ടെന്നുതന്നെ അവരുടെ കുറ്റബോധമുള്ള പാപബാധിത മനസ്സാക്ഷി അവർ നഗ്നരാണെന്ന ബോധം അവരിൽ ഉളവാക്കി. തത്‌ക്ഷണം അവർ തങ്ങളുടെ ജനനേന്ദ്രിയങ്ങളെ ദൈവ ദൃഷ്ടിയിൽനിന്നു മറച്ചു. (ഉല്‌പത്തി 3:7, 10, 11) അപ്പോൾ മുതൽ, മനുഷ്യർക്ക് മക്കളെ ജനിപ്പിക്കാനുള്ള കൽപ്പന പൂർണാവസ്ഥയിൽ നിറവേറ്റാൻ കഴിഞ്ഞിട്ടില്ല. പകരം, പാരമ്പര്യമായി കിട്ടിയ പാപത്തിന്റെ കളങ്കവും മരണശിക്ഷയും മാതാപിതാക്കളിൽനിന്നു മക്കളിലേക്കു കൈമാറപ്പെടുന്നു. ഏറ്റവും നീതിനിഷ്‌ഠരും ദൈവഭയമുള്ളവരുമായ മാതാപിതാക്കൾ പോലും പാപികളായ കുട്ടികളെയാണ് ജനിപ്പിക്കുന്നത്.—സങ്കീർത്തനം 51:5.
ജനനേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളോടു ബന്ധപ്പെട്ട് ന്യായപ്രമാണം നിഷ്‌കർഷിച്ചിരുന്ന സംഗതികൾ പുരുഷന്മാരെയും സ്‌ത്രീകളെയും ആത്മശിക്ഷണവും ലൈംഗിക വികാരങ്ങളുടെ നിയന്ത്രണവും സന്താനോത്‌പാദനത്തിനു ദൈവം വെച്ചിരിക്കുന്ന മാർഗത്തോടുള്ള ആദരവും പഠിപ്പിച്ചു. മനുഷ്യന്റെ പാരമ്പര്യസിദ്ധമായ പാപത്തെ സംബന്ധിച്ചുള്ള ഒരു ഓർമിപ്പിക്കൽ എന്ന നിലയിൽ, ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനത്തിന്റെ ഭാഗമായുള്ള ജനനേന്ദ്രിയ സ്രവങ്ങളോടു ബന്ധപ്പെട്ട് പുരുഷന്മാരും സ്‌ത്രീകളും അശുദ്ധിയുടെ ഒരു കാലം ആചരിക്കുന്നത് തികച്ചും ഉചിതമായിരുന്നു. ഏതെങ്കിലും തകരാറുകൾ നിമിത്തം അസ്വാഭാവികമായ, ദീർഘകാലത്തേക്കുള്ള സ്രവം ഉണ്ടാകുന്നപക്ഷം ദീർഘകാലത്തേക്ക് അശുദ്ധരായിരിക്കാൻ നിയമം ആവശ്യപ്പെട്ടിരുന്നു; അവസാനം, കുളിക്കുന്നതിനു പുറമേ ഒരു പാപയാഗം അർപ്പിക്കേണ്ടതും അത്യാവശ്യമായിരുന്നു, അമ്മ കുഞ്ഞിനു ജന്മം നൽകിയതിനു ശേഷം ചെയ്യേണ്ടിയിരുന്നതു പോലെ. അങ്ങനെ ആ വ്യക്തിക്കുവേണ്ടി ദൈവത്തിന്റെ പുരോഹിതന് പാപപരിഹാരം ചെയ്യാനാകുമായിരുന്നു. യേശുവിന്റെ അമ്മ മറിയ, തന്റെ ആദ്യജാതനു ജന്മം നൽകിയശേഷം ഒരു പാപപരിഹാര യാഗം അർപ്പിച്ചുകൊണ്ട് തനിക്കു പാരമ്പര്യമായി കിട്ടിയ പാപാവസ്ഥ ഏറ്റുപറഞ്ഞു, അതിലൂടെ താൻ പാപിയാണെന്നും അമലോദ്‌ഭവയല്ലെന്നും അവൾ സമ്മതിക്കുകയായിരുന്നു.—ലൂക്കൊസ് 2:22-24.
ക്രിസ്‌ത്യാനികളും ശുദ്ധിയും
യേശു ഭൂമിയിലായിരുന്നപ്പോൾ ന്യായപ്രമാണവും അതിലെ ആചാരങ്ങളും നിലവിലുണ്ടായിരുന്നു. (യോഹന്നാൻ 11:55) എന്നിരുന്നാലും, ക്രിസ്‌ത്യാനികൾ ആ ന്യായപ്രമാണത്തിൻ കീഴിലല്ല. അത് ആവശ്യപ്പെടുന്ന ശുദ്ധീകരണ വ്യവസ്ഥകൾ പാലിക്കാൻ അവർ ബാധ്യസ്ഥരുമല്ല. ന്യായപ്രമാണത്തിന് ‘വരുവാനുള്ള നന്മകളുടെ നിഴൽ’ ഉണ്ടായിരുന്നു; “യഥാർഥമായത് ക്രിസ്‌തു മാത്രമാണ്.” (എബ്രായർ 10:1; കൊലൊസ്സ്യർ 2:17, ഓശാന ബൈബിൾ) അതുകൊണ്ട് ഈ ശുദ്ധീകരണ കാര്യങ്ങളെ കുറിച്ച് പൗലൊസ് എഴുതി: “ആട്ടുകൊററന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്‌മവും ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്‌കളങ്കനായി അർപ്പിച്ച ക്രിസ്‌തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?”—എബ്രായർ 9:13, 14, 19-23.
അതുകൊണ്ട് കർത്താവായ യേശുക്രിസ്‌തുവിന്റെ രക്തമാണ് ക്രിസ്‌ത്യാനികളെ എല്ലാ പാപത്തിൽനിന്നും അനീതിയിൽനിന്നും ശുദ്ധീകരിക്കുന്നത്. (1 യോഹന്നാൻ 1:7-9) സഭ കറയറ്റതും വിശുദ്ധവും കളങ്കമില്ലാത്തതും “ശുഷ്‌കാന്തിയുള്ളോരു സ്വന്തജന”വും ആയിരിക്കാൻ തക്കവണ്ണം ക്രിസ്‌തു ‘സഭയെ സ്‌നേഹിച്ച് അവളെ വചനത്തോടുകൂടിയ ജലസ്‌നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനു തന്നെത്താൻ അവൾക്കു വേണ്ടി ഏല്‌പിച്ചുകൊടുത്തു.’ (എഫെസ്യർ 5:25-27; തീത്തൊസ് 2:14) അതുകൊണ്ട് ക്രിസ്‌തീയ സഭയിലെ ഓരോരുത്തരും “മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറ”ക്കരുത്, മറിച്ച് ‘കായ്‌ക്കുന്നതു ഒക്കെയും അധികം ഫലം കായ്‌ക്കേണ്ടതിന്നു [ദൈവം] ചെത്തി വെടിപ്പാക്കുന്നു [“ശുദ്ധീകരിക്കുന്നു,” NW ]’ എന്നോർത്ത് തുടർച്ചയായി ആത്മാവിന്റെ ഫലം പ്രകടിപ്പിക്കണം.—2 പത്രൊസ് 1:5-9; യോഹന്നാൻ 15:2, 3.
ശുദ്ധിയുടെ ഒരു ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കുക
അതുകൊണ്ട്, ക്രിസ്‌ത്യാനികൾ “ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി” ശാരീരികവും ധാർമികവും ആത്മീയവുമായ ശുദ്ധിയുടെ ഒരു ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കണം. (2 കൊരിന്ത്യർ 7:1) ‘മനുഷ്യന്റെ അകത്തു ചെല്ലുന്നതല്ല അവനിൽനിന്നു പുറപ്പെടുന്നതത്രേ അശുദ്ധമാക്കുന്നത്’ എന്ന് യേശു പറഞ്ഞതിന്റെ വീക്ഷണത്തിൽ, ക്രിസ്‌തുവിന്റെ ശുദ്ധീകരണ രക്തത്തിന്റെ ഗുണഭോക്താക്കൾ ആത്മീയ ശുദ്ധിക്ക് അതീവ പ്രാധാന്യം നൽകുന്നു. അവർ ദൈവമുമ്പാകെ “ശുദ്ധഹൃദയ”വും “ശുദ്ധമനസ്സാക്ഷി”യും കാത്തുസൂക്ഷിക്കുന്നു. (മർക്കൊസ് 7:15; 1 തിമൊഥെയൊസ് 1:5; 3:9; 2 തിമൊഥെയൊസ് 1:4) ശുദ്ധ മനസ്സാക്ഷിയുള്ളവർക്ക് “എല്ലാം ശുദ്ധം തന്നേ.” അതേസമയം മനസ്സാക്ഷി മലിനമായ വിശ്വാസരഹിതരായ ആളുകൾക്ക് “ഒന്നും ശുദ്ധമല്ല.” (തീത്തൊസ് 1:15) ഹൃദയശുദ്ധിയുള്ളവരും നിർമലരുമായിരിക്കാൻ ആഗ്രഹിക്കുന്നവർ യെശയ്യാവു 52:11-ലെ ബുദ്ധിയുപദേശം അനുസരിക്കുന്നു. അവിടെ ഇപ്രകാരം പറയുന്നു: “അശുദ്ധമായതൊന്നും തൊടരുതു; . . . യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിർമ്മലീകരിപ്പിൻ.” (സങ്കീർത്തനം 24:4; മത്തായി 5:8) അതു ചെയ്യുന്നതിനാൽ അവരുടെ ‘കൈകൾ’ ആലങ്കാരികമായി ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു, ശുദ്ധ ജനമെന്ന നിലയിൽ ദൈവം അവരോട് ഇടപെടുന്നു.—യാക്കോബ് 4:8; 2 ശമൂവേൽ 22:27; സങ്കീർത്തനം 18:26; ദാനീയേൽ 11:35; 12:10.
ഒരു സന്ദർഭത്തിൽ അപ്പൊസ്‌തലനായ പൗലൊസ്, താൻ മേലാൽ ന്യായപ്രമാണത്തിൻ കീഴിൽ അല്ലെങ്കിലും ആലയത്തിൽ പോയി ആചാരപരമായ ശുദ്ധീകരണം വരുത്തിക്കൊണ്ട് ന്യായപ്രമാണ വ്യവസ്ഥകൾ പാലിച്ചു. അവൻ ചെയ്‌തത് അനുചിതമായിരുന്നോ? പൗലൊസ് ന്യായപ്രമാണ നിയമത്തിനോ അതിന്റെ നടപടികൾക്കോ എതിരെ പോരാടിയില്ല; അതിന്റെ അനുസരണം ക്രിസ്‌ത്യാനികൾക്കുള്ള ദിവ്യവ്യവസ്ഥയുടെ ഭാഗമല്ല എന്നു വ്യക്തമാക്കുക മാത്രം ചെയ്‌തു. അതിന്റെ ആചാരനടപടികൾ പുതിയ ക്രിസ്‌തീയ സത്യത്തിനു വിരുദ്ധമല്ലാത്തിടത്ത്, ന്യായപ്രമാണത്തിൽ ദൈവം ആവശ്യപ്പെട്ട കാര്യങ്ങൾ അനുസരിക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. പൗലൊസ് അത്തരമൊരു നടപടി സ്വീകരിച്ചത്, യേശുക്രിസ്‌തുവിനെ കുറിച്ചുള്ള സുവാർത്ത ശ്രദ്ധിക്കുന്നതിൽനിന്ന് യഹൂദന്മാരെ അനാവശ്യമായി വ്യതിചലിപ്പിക്കാതിരിക്കാനായിരുന്നു. (പ്രവൃത്തികൾ 21:24, 26; 1 കൊരിന്ത്യർ 9:20) ഇതിലെല്ലാം പൗലൊസ് മറ്റുള്ളവരുടെ രക്ഷയ്‌ക്കായി വളരെയധികം താത്‌പര്യം പ്രകടമാക്കി, അതിനായി തന്നാലാകുന്നതെല്ലാം അവൻ ചെയ്യുകയും ചെയ്‌തു. അതുകൊണ്ട് അവനു പിൻവരുന്നപ്രകാരം പറയാൻ സാധിച്ചു: “നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുററക്കാരനല്ല.” (പ്രവൃത്തികൾ 20:26; 18:6) ശാരീരികവും ധാർമികവും ആത്മീയവുമായി ശുദ്ധരായിരിക്കുന്നതിന് നമുക്കു കഠിന ശ്രമം ചെയ്യാം. അത് ദൈവാംഗീകാരം കൈവരുത്തും.