ഏകാന്തതയെ ജയിച്ചടക്കാൻ നിങ്ങൾക്കു കഴിയും
ഏകാന്തതയെ ജയിച്ചടക്കാൻ നിങ്ങൾക്കു കഴിയും
“ഏകാന്ത ഹൃദയത്തിൽ വീശുന്നു മാരുതൻ, ആ ഏകാന്ത ഹൃദയമോ ശുഷ്‌കിച്ചു പോകുന്നു.” ഐറിഷ് കവിയായ വില്യം ബട്ട്‌ലർ യേറ്റ്‌സിന്റെ ഈ വാക്കുകൾ പ്രകടമാക്കുന്നതു പോലെ, ഏകാന്തതയ്‌ക്കു ഹൃദയഭേദകമായ ദുഃഖം ഉളവാക്കാൻ കഴിയും.
ഏകാന്തതയുടെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്ന് ആർക്കെങ്കിലും വാസ്‌തവത്തിൽ പറയാനാകുമോ? നമുക്ക് ഏകാന്തത തോന്നാൻ ഇടയാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാൽ, വിവാഹം കഴിച്ചിട്ടില്ലാത്ത, അല്ലെങ്കിൽ വിധവമാരോ വിവാഹമോചിതരോ ആയ സ്‌ത്രീകളുടെ ഏകാന്തത പ്രത്യേകിച്ചും വലുതായിരിക്കാൻ കഴിയും.
ഉദാഹരണത്തിന്, ഫ്രാൻസസ് എന്നു പേരുള്ള ഒരു യുവ ക്രിസ്‌തീയ വനിത ഇങ്ങനെ പറയുന്നു: “എനിക്ക് 23 വയസ്സായപ്പോഴേക്കും എന്റെ കൂട്ടുകാരെല്ലാം വിവാഹം കഴിച്ചു, ഞാൻ മാത്രമേ വിവാഹം കഴിക്കാത്തതായി ഉണ്ടായിരുന്നുള്ളൂ.” * വർഷങ്ങൾ കടന്നുപോകുകയും വിവാഹ പ്രതീക്ഷകൾ കുറഞ്ഞുവരികയും ചെയ്യുമ്പോൾ ഒറ്റപ്പെട്ടതായുള്ള തോന്നൽ കൂടുതൽ തീവ്രമായേക്കാം. “അവിവാഹിതയായി കഴിയണമെന്നു ഞാൻ വിചാരിച്ചിരുന്നതല്ല, ഇപ്പോഴും അവസരം ലഭിച്ചാൽ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” 50-നോട് അടുത്തു പ്രായമുള്ള സാൻഡ്ര പറയുന്നു. 50 വയസ്സു പിന്നിട്ട ആൻഷലയുടെ വാക്കുകൾ ശ്രദ്ധിക്കുക: “അവിവാഹിതയായി കഴിയാൻ ഞാൻ ബോധപൂർവകമായ ശ്രമമൊന്നും നടത്തിയിരുന്നില്ല, എന്നാൽ കാര്യങ്ങളൊക്കെ ഇങ്ങനെ ആയിപ്പോയി. പ്രത്യേക പയനിയറായി എനിക്കു നിയമനം ലഭിച്ച പ്രദേശത്ത് അവിവാഹിതരായ സഹോദരന്മാർ തീരെ കുറവായിരുന്നു.”
‘കർത്താവിൽ മാത്രം’ വിവാഹം കഴിക്കാനുള്ള യഹോവയുടെ ബുദ്ധിയുപദേശത്തോടു വിശ്വസ്‌തത പാലിക്കുന്നതിനാൽ, പല ക്രിസ്‌തീയ സ്‌ത്രീകളും അവിവാഹിതരായി നിലകൊള്ളാൻ തീരുമാനിക്കുന്നത് അഭിനന്ദനീയമാണ്. (1 കൊരിന്ത്യർ 7:39) ചിലർ അവിവാഹിത അവസ്ഥയുമായി നല്ല രീതിയിൽ ഇണങ്ങി പോകുന്നു, എന്നാൽ മറ്റു ചിലർ, വിവാഹം കഴിക്കാനും കുട്ടികൾ ഉണ്ടാകാനുമുള്ള ആഗ്രഹം വർഷങ്ങൾ കഴിയുന്തോറും വർധിച്ചുവരുന്നതായി കണ്ടെത്തുന്നു. “ഒരു വിവാഹ പങ്കാളി ഇല്ലാത്തതു മൂലമുള്ള വൈകാരിക ശൂന്യത എന്റെ സന്തത സഹചാരിയാണ്” എന്ന് സാൻഡ്ര പറയുന്നു.
വൃദ്ധ മാതാപിതാക്കളെ പരിപാലിക്കുന്നതു പോലുള്ള മറ്റു ഘടകങ്ങൾ ഏകാന്തത വർധിപ്പിച്ചേക്കാം. “ഞാൻ വിവാഹം കഴിക്കാഞ്ഞതുകൊണ്ട്, ഞങ്ങളുടെ വൃദ്ധ മാതാപിതാക്കളെ ഞാൻ പരിപാലിക്കാൻ കുടുംബത്തിലെ മറ്റുള്ളവർ പ്രതീക്ഷിച്ചു,” സാൻഡ്ര പറയുന്നു. “ഞാൻ ആറു മക്കളിൽ ഒരാൾ ആണെങ്കിലും, 20 വർഷത്തേക്ക് ആ ഉത്തരവാദിത്വത്തിന്റെ ഏറിയ ഭാഗവും എന്റെ ചുമലിലായിരുന്നു. എന്റെ താത്‌പര്യങ്ങളെ പിന്തുണയ്‌ക്കാൻ ഒരു ഭർത്താവ് ഉണ്ടായിരുന്നെങ്കിൽ ജീവിതം കുറെക്കൂടി എളുപ്പമായിരുന്നേനെ.”
ഏകാന്തത വർധിപ്പിക്കുന്ന മറ്റൊരു ഘടകത്തെ കുറിച്ച് ഫ്രാൻസസ് പരാമർശിക്കുന്നു. അവർ ഇങ്ങനെ പറയുന്നു: “‘എന്താണ് ഇതുവരെ വിവാഹം കഴിക്കാഞ്ഞത്’ എന്ന് ചിലപ്പോൾ ആളുകൾ എന്നോടു ചോദിക്കാറുണ്ട്. എന്റെ വിവാഹം നടക്കാത്തത് എന്റെ കുഴപ്പംകൊണ്ടാണ് എന്ന തോന്നലാണ് അത് ഉളവാക്കുന്നത്. ഞാൻ ഏതു കല്യാണത്തിനു പോയാലും, ഞാൻ ഭയപ്പെടുന്ന ചോദ്യംതന്നെ ആരെങ്കിലും എന്നോടു ചോദിക്കും: ‘നിന്റെ വിവാഹം എപ്പോഴായിരിക്കും?’ അപ്പോൾ, ‘ആത്മീയ മനസ്‌കരായ സഹോദരന്മാർക്ക് എന്നിൽ താത്‌പര്യമില്ലെങ്കിൽ, ഒരുപക്ഷേ ആവശ്യമായ ക്രിസ്‌തീയ ഗുണങ്ങൾ എനിക്ക് ഇല്ലായിരിക്കാം, അല്ലെങ്കിൽ എനിക്കു വേണ്ടത്ര സൗന്ദര്യം ഇല്ലായിരിക്കാം’ എന്നൊക്കെ ഞാൻ ചിന്തിക്കാൻ തുടങ്ങും.”
ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും വികാരങ്ങളെ എങ്ങനെ തരണം ചെയ്യാനാകും? മറ്റുള്ളവർക്ക് ഒരുപക്ഷേ എങ്ങനെ സഹായിക്കാൻ കഴിഞ്ഞേക്കും?
യഹോവയിൽ ആശ്രയിക്കുക
സങ്കീർത്തനക്കാരൻ പാടി: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” (സങ്കീർത്തനം 55:22) “ഭാരം” എന്ന് ഇവിടെ വിവർത്തനം ചെയ്‌തിരിക്കുന്ന എബ്രായ പദത്തിന്റെ അക്ഷരീയ അർഥം “വിഹിതം” എന്നാണ്. ജീവിതത്തിൽ നമുക്ക് ഉണ്ടായേക്കാവുന്ന ആകുലതകളെയും ഉത്‌കണ്‌ഠകളെയും ആണ് അതു പരാമർശിക്കുന്നത്. ഈ ഭാരങ്ങളെ കുറിച്ചു മറ്റാരെക്കാളും നന്നായി അറിയാവുന്നത് യഹോവയ്‌ക്കാണ്, അവ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ശക്തി നൽകാനും അവനു കഴിയും. ഏകാന്തതയുടെ വികാരങ്ങളെ തരണം ചെയ്യാൻ ആൻഷലയെ സഹായിച്ചിരിക്കുന്നത് യഹോവയാം ദൈവത്തിലുള്ള ആശ്രയമാണ്. തന്റെ മുഴുസമയ ശുശ്രൂഷയെ പരാമർശിച്ചുകൊണ്ട് അവർ പറയുന്നു: “ഞാൻ പയനിയറിങ് തുടങ്ങിയപ്പോൾ ഏറ്റവും അടുത്തുള്ള സഭയിൽനിന്ന് വളരെ അകലെ ആയിരുന്നു ഞാനും എന്റെ പയനിയർ പങ്കാളിയും താമസിച്ചിരുന്നത്. ഞങ്ങൾ യഹോവയിൽ പൂർണമായി ആശ്രയിക്കാൻ പഠിച്ചു, ഈ ആശ്രയത്വം എന്റെ മുഴു ജീവിതത്തിലും എന്നെ സഹായിച്ചിട്ടുണ്ട്. നിഷേധാത്മക ചിന്തകൾ കടന്നുവരുമ്പോൾ ഞാൻ യഹോവയോടു സംസാരിക്കും, അവൻ എന്നെ സഹായിക്കാറുണ്ട്. സങ്കീർത്തനം 23 എനിക്ക് എപ്പോഴും വലിയ ആശ്വാസമാണ്, ഞാൻ അത് ആവർത്തിച്ചു വായിക്കുകയും ചെയ്യുന്നു.”
പൗലൊസ് അപ്പൊസ്‌തലനു വഹിക്കാൻ വലിയ ഒരു ഭാരം ഉണ്ടായിരുന്നു. അവൻ ‘ജഡത്തിലെ ആ ശൂലം നീങ്ങിപ്പോകാൻ’ ചുരുങ്ങിയത് മൂന്ന് അവസരങ്ങളിലെങ്കിലും “കർത്താവിനോടു അപേക്ഷിച്ചു.” അവന്റെ പ്രാർഥനയ്‌ക്ക് അത്ഭുതകരമായ ഉത്തരം ലഭിച്ചില്ല, എന്നാൽ ദൈവത്തിന്റെ കൃപ അവനെ പുലർത്തുമെന്ന വാഗ്‌ദാനം അവനു ലഭിച്ചു. (2 കൊരിന്ത്യർ 12:7-9) കൂടാതെ, പൗലൊസിനു സംതൃപ്‌തിയുടെ രഹസ്യം കണ്ടെത്താൻ കഴിഞ്ഞു. പിന്നീട് അവൻ എഴുതി: “താഴ്‌ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്‌തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”—ഫിലിപ്പിയർ 4:12, 13.
നിരുത്സാഹമോ ഏകാന്തതയോ തോന്നുമ്പോൾ ഒരുവന് എങ്ങനെ ദൈവത്തിന്റെ ശക്തിയിൽനിന്നു പ്രയോജനം നേടാൻ കഴിയും? പൗലൊസ് എഴുതി: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) സാൻഡ്ര ആ ബുദ്ധിയുപദേശം ബാധകമാക്കുന്നു. അവർ പറയുന്നു: “അവിവാഹിത ആയതിനാൽ ഞാൻ വളരെയധികം സമയം തനിച്ചാണു കഴിയുന്നത്. യഹോവയോടു പ്രാർഥിക്കാനുള്ള കൂടുതലായ അവസരം അതു പ്രദാനം ചെയ്യുന്നു. എനിക്ക് അവനോടു വളരെ അടുപ്പം തോന്നുന്നു, എന്റെ പ്രശ്‌നങ്ങളെയും സന്തോഷങ്ങളെയും കുറിച്ച് അവനോടു തുറന്നു സംസാരിക്കാൻ എനിക്കു കഴിയുന്നു.” ഫ്രാൻസസ് പറയുന്നത് ഇതാണ്: “നിഷേധാത്മക ചിന്തകളോട് എനിക്കു നിരന്തരം പോരാടേണ്ടി വരുന്നു. എന്നാൽ എന്റെ വികാരങ്ങൾ യഹോവയുമായി തുറന്നു പങ്കുവെക്കുന്നത് എന്നെ വളരെയധികം സഹായിക്കുന്നു. എന്റെ ആത്മീയവും വൈകാരികവുമായ ക്ഷേമത്തെ ബാധിക്കുന്ന ഏതു കാര്യത്തിലും യഹോവ തത്‌പരനാണെന്ന് എനിക്കു ബോധ്യമുണ്ട്.”—1 തിമൊഥെയൊസ് 5:5.
“തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ”
ക്രിസ്‌തീയ സഹോദരവർഗത്തിനുള്ളിൽ, ഒരുവൻ തനിച്ചു ഭാരങ്ങളെ ചുമക്കേണ്ടതില്ല. “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്‌തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ” എന്ന് പൗലൊസ് അപ്പൊസ്‌തലൻ ഉദ്‌ബോധിപ്പിച്ചു. (ഗലാത്യർ 6:2) സഹക്രിസ്‌ത്യാനികളുമായുള്ള നമ്മുടെ സഹവാസത്തിലൂടെ, ഏകാന്തത എന്ന ഭാരത്തെ ലഘൂകരിക്കാൻ കഴിയുന്ന ‘നല്ല വാക്ക്’ നമുക്കു ലഭിക്കും.—സദൃശവാക്യങ്ങൾ 12:25.
ഇസ്രായേലിലെ ന്യായാധിപനായിരുന്ന യിഫ്‌താഹിന്റെ മകളെ കുറിച്ച് തിരുവെഴുത്തുകൾ പറയുന്നതു പരിചിന്തിക്കുക. ശത്രുസൈന്യമായ അമ്മോന്യരുടെ മേലുള്ള വിജയത്തിനു മുമ്പ്, തന്നെ അഭിനന്ദിക്കാൻ വരുന്ന തന്റെ വീട്ടിലെ ആദ്യത്തെ വ്യക്തിയെ യഹോവയ്‌ക്കു നൽകുമെന്നു യിഫ്‌താഹ് നേർച്ച നേർന്നു. എന്നാൽ ഇങ്ങനെ ആദ്യം വന്നത് സ്വന്തം മകളായിരുന്നു. (ന്യായാധിപന്മാർ 11:30, 31, 34-36) ഒരു കുടുംബം ഉണ്ടായിരിക്കുക എന്ന തന്റെ സ്വാഭാവികമായ ആഗ്രഹം വേണ്ടെന്നു വെച്ച് അവിവാഹിതയായി കഴിയേണ്ടി വരുമായിരുന്നിട്ടും, യിഫ്‌താഹിന്റെ മകൾ സ്വമനസ്സാലേ ആ നേർച്ചയ്‌ക്കൊത്തു പ്രവർത്തിക്കുകയും ശേഷിച്ച ആയുഷ്‌കാലം ശീലോവിലുള്ള ആലയത്തിൽ സേവിച്ചുകൊണ്ട് കഴിയുകയും ചെയ്‌തു. അവളുടെ ആ ത്യാഗം ശ്രദ്ധിക്കപ്പെടാതെ പോയോ? തീർച്ചയായും ഇല്ല: “പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്‌താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നതു യിസ്രായേലിൽ ഒരു ആചാരമായ്‌തീർന്നു.” (ന്യായാധിപന്മാർ 11:40) അതേ, കീർത്തിക്കപ്പെടുന്നത് അഥവാ പ്രശംസിക്കപ്പെടുന്നത് പ്രോത്സാഹനം പകരുന്ന ഒരു സംഗതിയാണ്. അതുകൊണ്ട്, പ്രശംസ അർഹിക്കുന്നവർക്ക് അതു നൽകാൻ നാം മടിക്കരുത്.
യേശുവിന്റെ മാതൃക പരിചിന്തിക്കുന്നതും നല്ലതാണ്. യഹൂദ പാരമ്പര്യപ്രകാരം സ്‌ത്രീകളുമായി സംസാരിക്കുന്നത് പുരുഷന്മാരുടെ ഒരു പതിവ് അല്ലായിരുന്നെങ്കിലും, യേശു മാർത്തയോടും മറിയയോടും കൂടെ സമയം ചെലവഴിച്ചു. അവർ വിധവമാരോ അവിവാഹിതരോ ലൂക്കൊസ് 10:38-42) നമ്മുടെ അവിവാഹിതരായ ആത്മീയ സഹോദരിമാരെ സാമൂഹിക കൂടിവരവുകൾക്കു ക്ഷണിക്കുകയും അവരോടൊത്തു പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനുള്ള ക്രമീകരണം നടത്തുകയും ചെയ്‌തുകൊണ്ട് നമുക്ക് യേശുവിന്റെ മാതൃക അനുകരിക്കാൻ കഴിയും. (റോമർ 12:13) അത്തരം പരിഗണന ലഭിക്കുന്നത് അവർ വിലമതിക്കുന്നുവോ? ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “സഹോദരങ്ങൾ എന്നെ സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നുവെന്ന് എനിക്ക് അറിയാം, എന്നാൽ അവർ എന്നിൽ ഏറെ വ്യക്തിപരമായ താത്‌പര്യം പ്രകടമാക്കുമ്പോൾ ഞാൻ അവരോടു കൃതജ്ഞത ഉള്ളവളാണ്.”
ആയിരുന്നിരിക്കാം. അവർ ഇരുവരും തന്റെ സൗഹൃദത്തിന്റെ ഫലമായുള്ള ആത്മീയ പ്രയോജനങ്ങൾ ആസ്വദിക്കാൻ യേശു ആഗ്രഹിച്ചു. (“ഞങ്ങൾക്കു സ്വന്തമായി കുടുംബം ഇല്ലാത്തതിനാൽ, സ്‌നേഹിക്കപ്പെടുകയും ആത്മീയ സഹോദരീസഹോദരന്മാരുടെ കുടുംബത്തിന്റെ ഭാഗമാണെന്നു തോന്നുകയും ചെയ്യേണ്ടതിന്റെ വലിയ ആവശ്യം ഞങ്ങൾക്കുണ്ട്” എന്നു സാൻഡ്ര വിശദീകരിക്കുന്നു. വ്യക്തമായും അങ്ങനെയുള്ളവർക്കായി യഹോവ കരുതുന്നു. തങ്ങൾ വേണ്ടപ്പെട്ടവരും സ്‌നേഹിക്കപ്പെടുന്നവരും ആണെന്നുള്ള തോന്നൽ അവരിൽ ഉളവാക്കുമ്പോൾ നാം അവനുമായി സഹകരിക്കുകയാണു ചെയ്യുന്നത്. (1 പത്രൊസ് 5:6, 7) അത്തരം താത്‌പര്യം ശ്രദ്ധിക്കപ്പെടാതെ പോകില്ല, കാരണം ‘എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്‌പ കൊടുക്കുന്നു; അവൻ ചെയ്‌ത നന്മെക്കു അവൻ [യഹോവയാം ദൈവം] പകരം കൊടുക്കും.’—സദൃശവാക്യങ്ങൾ 19:17.
‘ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കും’
മറ്റുള്ളവർ സഹായിക്കുകയും പ്രോത്സാഹജനകമായ പിന്തുണ നൽകുകയും ചെയ്‌തേക്കാമെങ്കിലും, ‘ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കും.’ (ഗലാത്യർ 6:5) എന്നാൽ ഏകാന്തത എന്ന ചുമടു ചുമക്കവേ, ചില അപകടങ്ങൾ സംബന്ധിച്ച് നാം ജാഗ്രതയുള്ളവർ ആയിരിക്കണം. ഉദാഹരണത്തിന്, നാം വൈകാരികമായ ഒരു അറയിലേക്കു ഒതുങ്ങിക്കൂടിയാൽ ഏകാന്തത നമ്മെ കീഴ്‌പെടുത്തിയേക്കാം. നേരെമറിച്ച്, സ്‌നേഹംകൊണ്ട് നമുക്ക് ഏകാന്തതയെ കീഴടക്കാനാകും. (1 കൊരിന്ത്യർ 13:7, 8) നമ്മുടെ സാഹചര്യങ്ങൾ എന്തായിരുന്നാലും, കൊടുക്കലും പങ്കുവെക്കലുമാണ് സന്തുഷ്ടി കണ്ടെത്താനുള്ള ഉത്തമ മാർഗം. (പ്രവൃത്തികൾ 20:35) “ഒറ്റയ്‌ക്കാണല്ലോ എന്നു ചിന്തിക്കാൻ എനിക്കു വളരെ സമയമൊന്നും ഇല്ല,” കഠിനാധ്വാനം ചെയ്യുന്ന ഒരു പയനിയർ സഹോദരി പറയുന്നു. “എന്നെക്കൊണ്ട് ഉപയോഗമുണ്ടെന്നു തോന്നുകയും നല്ല തിരക്കിലായിരിക്കുകയും ചെയ്യുമ്പോൾ, എനിക്ക് ഏകാന്തത തോന്നാറില്ല.”
ഏകാന്തത നമ്മെ ജ്ഞാനപൂർവകമല്ലാത്ത ഒരു ബന്ധത്തിലേക്കു തള്ളിവിടാതിരിക്കാനും നാം ശ്രദ്ധിക്കണം. ഉദാഹരണത്തിന്, വിവാഹം കഴിക്കാനുള്ള ആഗ്രഹം, ഒരു അവിശ്വാസിയെ വിവാഹം കഴിച്ചാൽ ഉണ്ടാകാവുന്ന നിരവധി പ്രശ്‌നങ്ങളും അത്തരമൊരു ബന്ധം ഒഴിവാക്കാനുള്ള തിരുവെഴുത്തുപരമായ ബുദ്ധിയുപദേശവും കാണാതിരിക്കത്തക്കവണ്ണം നമ്മെ അന്ധരാക്കുന്നെങ്കിൽ, അത് എത്ര സങ്കടകരമാണ്! (2 കൊരിന്ത്യർ 6:14) വിവാഹമോചിതയായ ഒരു ക്രിസ്‌തീയ സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “അവിവാഹിത ആയിരിക്കുന്നതിനെക്കാൾ വളരെ മോശമായിരിക്കുന്ന ഒരു സംഗതി ഉണ്ട്. അത് അനുയോജ്യനല്ലാത്ത വ്യക്തിയെ വിവാഹം കഴിക്കുന്നതാണ്.”
ഏതെങ്കിലും ഒരു പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തതാകുമ്പോൾ, തത്‌കാലത്തേക്കെങ്കിലും അതുമായി പൊരുത്തപ്പെട്ടു പോകേണ്ടതുണ്ടായിരിക്കാം. ദൈവത്തിന്റെ സഹായമുണ്ടെങ്കിൽ ഏകാന്തതയുടെ കാര്യത്തിൽ നമുക്ക് അതു ചെയ്യാനാകും. യഹോവയെ സേവിക്കുന്നതിൽ തുടരവേ, ഒരിക്കൽ നമ്മുടെ എല്ലാ ആവശ്യങ്ങളും സാധ്യമായതിൽ ഏറ്റവും മികച്ച വിധത്തിൽ നിവൃത്തിയേറുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.—സങ്കീർത്തനം 145:16.
[അടിക്കുറിപ്പ്]
^ ഖ. 4 ഇവിടെ ഉദ്ധരിച്ചിരിക്കുന്ന സ്‌ത്രീകളുടെ പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
[28-ാം പേജിലെ ചിത്രങ്ങൾ]
കൊടുക്കുകയും പങ്കുവെക്കുകയും ചെയ്‌തുകൊണ്ട്, ഏകാന്തതയെ കീഴടക്കാനാകും