നല്ല നേതൃത്വം അത് എവിടെ കണ്ടെത്താം?
നല്ല നേതൃത്വം അത് എവിടെ കണ്ടെത്താം?
“ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ” എന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. (എബ്രായർ 3:4; വെളിപ്പാടു 4:11) സത്യദൈവമായ യഹോവ നമ്മുടെ സ്രഷ്ടാവായതിനാൽ, “അവൻ നമ്മുടെ പ്രകൃതി അറിയുന്നു.” (സങ്കീർത്തനം 103:14) നമ്മുടെ പരിമിതികളും ആവശ്യങ്ങളും അവനു പൂർണമായും അറിയാം. സ്‌നേഹവാനായ ദൈവം ആയതുകൊണ്ട് ആ ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നു. (സങ്കീർത്തനം 145:16; 1 യോഹന്നാൻ 4:8) നല്ല നേതൃത്വത്തിനായുള്ള നമ്മുടെ ആവശ്യവും അതിൽപ്പെടുന്നു.
പ്രവാചകനായ യെശയ്യാവ് മുഖാന്തരം യഹോവ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ അവനെ ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും [“നായകനും,” NW] അധിപതിയും ആക്കിയിരിക്കുന്നു.” (യെശയ്യാവു 55:4) ഇന്നത്തെ നേതൃത്വ പ്രതിസന്ധിക്കുള്ള പരിഹാരം, സർവശക്തൻതന്നെ നിയമിച്ച ഈ നായകനെ അതായത് നേതാവിനെ തിരിച്ചറിഞ്ഞ് അവന്റെ നേതൃത്വം സ്വീകരിക്കുന്നതാണ്. മുൻകൂട്ടി പറഞ്ഞിരിക്കുന്ന ഈ നായകനും അധിപതിയും ആരാണ്? നായകൻ എന്ന നിലയിലുള്ള അവന്റെ യോഗ്യതകൾ എന്തൊക്കെയാണ്? അവൻ നമ്മെ എവിടേക്കു നയിക്കും? അവന്റെ നേതൃത്വത്തിൽനിന്നു പ്രയോജനം അനുഭവിക്കാൻ നാം എന്താണു ചെയ്യേണ്ടത്?
വാഗ്‌ദത്ത നായകൻ എത്തുന്നു
ഏകദേശം 2,500 വർഷം മുമ്പ് ഗബ്രീയേൽ ദൂതൻ പ്രത്യക്ഷപ്പെട്ട് ദാനീയേൽ പ്രവാചകനോട് ഇങ്ങനെ പറഞ്ഞു: “യെരൂശലേമിനെ പുനഃസ്ഥാപിക്കാനും ദാനീയേൽ 9:25, NW.
പുനർനിർമിക്കാനുമുള്ള കൽപ്പന പുറപ്പെടുന്നതു മുതൽ നായകനായ മിശിഹാ വരെ ഏഴ് ആഴ്‌ചകളും അറുപത്തിരണ്ട് ആഴ്‌ചകളും ഉണ്ടായിരിക്കുമെന്നു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടത് ആകുന്നു. അവൾ മടങ്ങിവന്ന് ഒരു പൊതു മൈതാനവും കിടങ്ങും സഹിതം, എന്നാൽ കഷ്ടകാലങ്ങളിൽത്തന്നെ, യഥാർഥമായി പുനർനിർമിക്കപ്പെടും.”—വ്യക്തമായും, യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട നായകൻ വരുന്നതിനുള്ള കൃത്യ സമയം ദൂതൻ ദാനീയേലിനെ അറിയിക്കുകയായിരുന്നു. “നായകനായ മിശിഹാ” 69 ആഴ്‌ചകളുടെ ഒടുവിൽ അഥവാ യെരൂശലേമിനെ പുനർനിർമിക്കാനുള്ള കൽപ്പന പുറപ്പെടുന്ന പൊ.യു.മു. 455 മുതൽ എണ്ണുന്ന 483 വർഷത്തിനു ശേഷം, പ്രത്യക്ഷപ്പെടുമായിരുന്നു. * (നെഹെമ്യാവു 2:1-8) ആ കാലഘട്ടത്തിന്റെ അവസാനം എന്തു സംഭവിച്ചു? സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് വിവരിക്കുന്നു: ‘തീബെര്യൊസ്‌കൈസരുടെ വാഴ്‌ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ്‌പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിൽ ഇടപ്രഭുവായി ഇരിക്കുംകാലം [പൊ.യു. 29] സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി. അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിന്നായുള്ള മാനസാന്തരസ്‌നാനം പ്രസംഗിച്ചു.’ അക്കാലത്ത് മിശിഹായ്‌ക്കായി ‘ജനം കാത്തിരിക്കുകയായിരുന്നു.’ (ലൂക്കൊസ് 3:1-3, 15) ജനം യോഹന്നാന്റെ അടുത്തേക്കു വന്നെങ്കിലും, അവൻ ആ നായകൻ ആയിരുന്നില്ല.
പിന്നീട് ഏകദേശം പൊ.യു. 29 ഒക്ടോബറിൽ നസറായനായ യേശു സ്‌നാപനമേൽക്കാൻ യോഹന്നാന്റെ അടുക്കൽ വന്നു. സാക്ഷ്യം വഹിച്ചുകൊണ്ട് യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു: അതു അവന്റെമേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്‌നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്‌നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്‌തിരിക്കുന്നു.” (യോഹന്നാൻ 1:32-34) സ്‌നാപനസമയത്ത്, യേശു അഭിഷിക്ത നായകൻ, മിശിഹാ അഥവാ ക്രിസ്‌തു ആയിത്തീർന്നു.
അതേ, വാഗ്‌ദാനം ചെയ്യപ്പെട്ട ‘ജാതികളുടെ നായകനും അധിപതിയും’ യേശുക്രിസ്‌തു ആണെന്നു തെളിഞ്ഞു. നായകൻ എന്ന നിലയിലുള്ള അവന്റെ ഗുണങ്ങൾ പരിശോധിക്കുമ്പോൾ, ഇന്ന് ഉത്തമനായ ഒരു ജനനായകനു വേണ്ടതെന്ന് കരുതപ്പെടുന്ന ഗുണങ്ങളെക്കാൾ അധികം അവനുള്ളതായി നാം കണ്ടെത്തുന്നു.
മിശിഹാ—ഒരു ഉത്തമ നായകൻ
ഒരു മികച്ച നേതാവ് വ്യക്തമായ മാർഗനിർദേശം നൽകുകയും പ്രശ്‌നങ്ങൾ വിജയകരമായി പരിഹരിക്കാനുള്ള പ്രാപ്‌തിയും നിശ്ചയദാർഢ്യവും ഉണ്ടായിരിക്കാൻ തന്റെ കീഴിലുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. ‘21-ാം നൂറ്റാണ്ടിലെ വിജയപ്രദനായ ഒരു നേതാവിന് ഇത് അനിവാര്യമാണ്’ എന്ന് 21-ാം നൂറ്റാണ്ടിലെ നേതൃത്വം: 100 പ്രധാന നേതാക്കന്മാരുമായുള്ള ചർച്ചകൾ (ഇംഗ്ലീഷ്) പറയുന്നു. ദൈനംദിന സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ എത്ര മെച്ചമായാണ് യേശു തന്റെ ശ്രോതാക്കളെ സജ്ജരാക്കിയത്! യേശുവിന്റെ വിഖ്യാത ഗിരിപ്രഭാഷണത്തെ കുറിച്ചു ചിന്തിക്കുക. പ്രായോഗിക ബുദ്ധിയുപദേശം സമൃദ്ധമായി അടങ്ങിയ ആ വാക്കുകൾ മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങളിൽ കാണാം.
ഉദാഹരണത്തിന്, വ്യക്തികൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കുന്നതു സംബന്ധിച്ച് യേശു നൽകിയ ബുദ്ധിയുപദേശം ശ്രദ്ധിക്കുക: “നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.” (മത്തായി 5:23, 24) മുൻകൈയെടുത്ത് മറ്റുള്ളവരുമായി സമാധാനം സ്ഥാപിക്കുന്നതിന് ആയിരിക്കണം പ്രഥമ സ്ഥാനം—മോശൈക ന്യായപ്രമാണം നിഷ്‌കർഷിച്ചിരുന്ന യെരൂശലേമിലെ ആലയ യാഗപീഠത്തിലെ വഴിപാട് അർപ്പണം പോലുള്ള മതപരമായ ഒരു വ്യവസ്ഥയെക്കാൾ പോലും പ്രധാനമായിരുന്നു അത്. അല്ലാത്തപക്ഷം ദൈവത്തിനുള്ള ആരാധനാ ക്രിയകൾ അസ്വീകാര്യമായിരിക്കും. നൂറ്റാണ്ടുകൾക്കു മുമ്പത്തെപ്പോലെ ഇന്നും യേശുവിന്റെ ആ ബുദ്ധിയുപദേശം പ്രായോഗികമാണ്.
അധാർമികതയെന്ന കെണി ഒഴിവാക്കാനും യേശു തന്റെ ശ്രോതാക്കളെ സഹായിച്ചു. അവൻ അവർക്ക് ഈ ബുദ്ധിയുപദേശം നൽകി: “വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്‌തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സ്‌ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്‌തുപോയി.” (മത്തായി 5:27, 28) എത്ര നല്ല മുന്നറിയിപ്പ്! വ്യഭിചാര ചിന്തകൾ താലോലിക്കുകവഴി, വ്യഭിചാരം ചെയ്യുന്നതിലേക്കുള്ള ഒരു ഗതിക്ക് എന്തിനു തുടക്കമിടണം? പരസംഗവും വ്യഭിചാരവും ഹൃദയത്തിൽനിന്നു വരുന്നു എന്ന് യേശു പറഞ്ഞു. (മത്തായി 15:18, 19) അതുകൊണ്ട് നമ്മുടെ ഹൃദയത്തെ കാത്തുകൊള്ളുന്നതാണ് ജ്ഞാനമാർഗം.—സദൃശവാക്യങ്ങൾ 4:23.
ശത്രുക്കളെ സ്‌നേഹിക്കൽ, ഔദാര്യം കാണിക്കൽ, ഭൗതികവും ആത്മീയവുമായ കാര്യങ്ങളോടുള്ള ഉചിതമായ വീക്ഷണം പുലർത്തൽ തുടങ്ങിയവ സംബന്ധിച്ച മികച്ച ബുദ്ധിയുപദേശം ഗിരിപ്രഭാഷണത്തിൽ അടങ്ങിയിരിക്കുന്നു. (മത്തായി 5:43-47; 6:1-4, 19-21, 24-34) പ്രാർഥിക്കാൻ പഠിപ്പിച്ചുകൊണ്ടു ദൈവത്തിന്റെ സഹായം എങ്ങനെ തേടാൻ കഴിയുമെന്നും യേശു തന്റെ ശ്രോതാക്കൾക്കു കാണിച്ചുകൊടുത്തു. (മത്തായി 6:9-13) മനുഷ്യവർഗത്തിനു പൊതുവേയുള്ള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ നായകനായ മിശിഹാ തന്റെ അനുഗാമികളെ ശക്തിപ്പെടുത്തുകയും ഒരുക്കുകയും ചെയ്യുന്നു.
“അരുളിച്ചെയ്‌തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ,” “എന്നും അരുളിച്ചെയ്‌തിട്ടുണ്ടല്ലോ” എന്നീ പ്രയോഗങ്ങളോടെയാണ് ഗിരിപ്രഭാഷണത്തിൽ ആറു പ്രാവശ്യം യേശു തന്റെ പ്രസ്‌താവനകൾ തുടങ്ങുന്നത്. എന്നാൽ, തുടർന്ന് “ഞാനോ നിങ്ങളോടു പറയുന്നതു” എന്നു പറഞ്ഞുകൊണ്ട് അവൻ മറ്റൊരു ആശയം അവതരിപ്പിക്കുന്നു. (മത്തായി 5:21, 22, 27, 28, 31-34, 38, 39, 43, 44) അതു കാണിക്കുന്നത്, അവന്റെ ശ്രോതാക്കൾ അലിഖിത പരീശ പാരമ്പര്യപ്രകാരം ഒരു പ്രത്യേക വിധത്തിൽ പ്രവർത്തിച്ചു ശീലിച്ചിരുന്നു എന്നാണ്. എന്നാൽ, യേശു അവർക്കു വ്യത്യസ്‌തമായ ഒരു മാർഗം—മോശൈക ന്യായപ്രമാണത്തിന്റെ അന്തസത്തയെ പ്രതിഫലിപ്പിക്കുന്ന ഒന്ന്—കാണിച്ചുകൊടുക്കുകയായിരുന്നു. യേശു അങ്ങനെ ഒരു പരിവർത്തനത്തിനു തുടക്കമിട്ടു. തന്റെ അനുഗാമികൾക്ക് സ്വീകരിക്കാൻ എളുപ്പമായ ഒരു വിധത്തിൽ അവൻ അതു ചെയ്‌തു. അതേ, ജീവിതത്തിൽ ആത്മീയവും ധാർമികവുമായി വൻ പരിവർത്തനങ്ങൾ വരുത്താൻ യേശു ആളുകളെ പ്രേരിപ്പിച്ചു. ഒരു യഥാർഥ നേതാവിന്റെ ലക്ഷണമാണ് ഇത്.
അത്തരമൊരു മാറ്റം വരുത്തുക എത്ര ദുഷ്‌കരമാണെന്ന് ഒരു മാനേജ്‌മെന്റ് പാഠപുസ്‌തകം ചൂണ്ടിക്കാണിക്കുന്നു. അത് ഇപ്രകാരം പറയുന്നു: “മാറ്റം നടപ്പിലാക്കുന്ന വ്യക്തിക്ക് [നേതാവിന്] ഒരു സാമൂഹിക പ്രവർത്തകന്റെ സംവേദകത്വവും ഒരു മനശ്ശാസ്‌ത്രജ്ഞന്റെ ഉൾക്കാഴ്‌ചയും ഒരു മാരത്തോൺ ഓട്ടക്കാരന്റെ കരുത്തും ശൗര്യമുള്ള ഒരു ബുൾനായയുടെ സ്ഥിരോത്സാഹവും ഒരു സന്ന്യാസിയുടെ സ്വാശ്രയത്വവും ഒരു വിശുദ്ധന്റെ സഹനശക്തിയും ആവശ്യമാണ്. ഈ ഗുണങ്ങളെല്ലാം ഉള്ളപ്പോൾപ്പോലും വിജയം സംബന്ധിച്ച് യാതൊരു ഉറപ്പുമില്ല.”
“തങ്ങളുടെ അണികൾ എങ്ങനെ പ്രവർത്തിക്കാനാണോ നേതാക്കന്മാർ ആഗ്രഹിക്കുന്നത് ആ വിധത്തിൽ വേണം അവർ പ്രവർത്തിക്കാൻ” എന്ന് “നേതൃത്വം: ഗുണങ്ങൾ പ്രധാനമോ?” (ഇംഗ്ലീഷ്) എന്ന ശീർഷകത്തിലുള്ള ഒരു ലേഖനം അഭിപ്രായപ്പെട്ടു. തീർച്ചയായും, ഒരു നല്ല നേതാവ് തന്റെ പ്രസംഗത്തിനു ചേർച്ചയിൽ പ്രവർത്തിക്കും. യേശുക്രിസ്‌തുവിനെ സംബന്ധിച്ചിടത്തോളം അത് എത്ര സത്യമായിരുന്നു! അവൻ തന്റെ സഹകാരികളെ താഴ്‌മയുള്ളവർ ആയിരിക്കാൻ പഠിപ്പിച്ചു. അതോടൊപ്പം അവരുടെ പാദങ്ങൾ കഴുകിക്കൊണ്ട് അവർക്ക് ഒരു സാധനപാഠം നൽകുകയും ചെയ്‌തു. (യോഹന്നാൻ 13:5-15) ദൈവരാജ്യ സുവാർത്ത പ്രസംഗിക്കാൻ അവൻ ശിഷ്യന്മാരെ അയയ്‌ക്കുക മാത്രമല്ല, ആ പ്രവർത്തനത്തിൽ അവൻതന്നെ തീക്ഷ്‌ണതയോടെ ഏർപ്പെടുകയും ചെയ്‌തു. (മത്തായി 4:18-25; ലൂക്കൊസ് 8:1-3; 9:1-6; 10:1-24; യോഹന്നാൻ 10:40-42) നേതൃത്വത്തോടു പ്രതികരിക്കുന്ന കാര്യത്തിലും യേശു ഒരു മാതൃക വെച്ചു. “പിതാവു ചെയ്‌തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‌വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു” എന്ന് തന്നെക്കുറിച്ചുതന്നെ അവൻ പറഞ്ഞു.—യോഹന്നാൻ 5:19.
യേശു പറഞ്ഞതും പ്രവർത്തിച്ചതുമായ കാര്യങ്ങൾ സംബന്ധിച്ച് ഇപ്പോൾ പരിചിന്തിച്ചുകഴിഞ്ഞ വിവരങ്ങൾ അവൻ ഒരു ഉത്തമ നായകനാണെന്നു വ്യക്തമായും പ്രകടമാക്കുന്നു. വാസ്‌തവത്തിൽ, ഒരു നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ സംബന്ധിച്ച മനുഷ്യരുടെ എല്ലാ മാനദണ്ഡങ്ങളെയും കവെച്ചുവെക്കുന്ന യോഗ്യതകളാണ് അവനുള്ളത്. യേശു പൂർണനാണ്. മരിച്ച് പുനരുത്ഥാനം പ്രാപിച്ച ശേഷം, അമർത്യത ലഭിച്ച അവൻ എന്നേക്കും ജീവിക്കുന്നു. (1 പത്രൊസ് 3:18; വെളിപ്പാടു 1:13-18) ഏതു മനുഷ്യ നേതാവിനാണ് ഈ യോഗ്യതകൾ ഉള്ളത്?
നാം എന്തു ചെയ്യണം?
ദൈവരാജ്യത്തിന്റെ വാഴ്‌ച നടത്തുന്ന രാജാവ് എന്ന നിലയിൽ, “നായകനായ മിശിഹാ” അനുസരണമുള്ള മനുഷ്യവർഗത്തിന്മേൽ അനുഗ്രഹങ്ങൾ ചൊരിയും. ഇതിനോടുള്ള ബന്ധത്തിൽ തിരുവെഴുത്തുകൾ ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: ‘സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കും.’ (യെശയ്യാവു 11:9) “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:11) “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.” (മീഖാ 4:4) “ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി [“പൂർവകാര്യങ്ങൾ നീങ്ങിപ്പോയി,” NW].”—വെളിപ്പാടു 21:3-5എ.
ഇന്നു ലോകം ഒരു നേതൃത്വ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. എന്നാൽ യേശുക്രിസ്‌തു സൗമ്യതയുള്ളവരെ സമാധാനപൂർണമായ ഒരു പുതിയ ലോകത്തിലേക്കു നയിക്കുകയാണ്. അവിടെ യഹോവയാം ദൈവത്തിന്റെ ആരാധനയിൽ ഏകീകൃതരായിരിക്കുന്ന അനുസരണമുള്ള മനുഷ്യവർഗം ക്രമേണ പൂർണത കൈവരിക്കും. അതിനാൽ, സത്യദൈവത്തെയും അവന്റെ നിയുക്ത നായകനെയും കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളാൻ നാം ഇപ്പോൾ സമയം ചെലവഴിക്കുന്നതും ആ പരിജ്ഞാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതും എത്ര പ്രധാനമാണ്!—ഒരു വ്യക്തിയോട് ആദരവു പ്രകടമാക്കാൻ കഴിയുന്ന ഏറ്റവും മികച്ച മാർഗം ആ വ്യക്തിയെ അനുകരിക്കുക എന്നതാണ്. അങ്ങനെയെങ്കിൽ, മനുഷ്യ ചരിത്രത്തിലെ അത്യുത്തമ നായകനെ, യേശുക്രിസ്‌തുവിനെ, നാം അനുകരിക്കേണ്ടതല്ലേ? നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? അവന്റെ നേതൃത്വം സ്വീകരിക്കുന്നതു നമ്മുടെ ജീവിതത്തിൽ എങ്ങനെയുള്ള ഫലം കൈവരുത്തും? ഇവയും മറ്റു ചോദ്യങ്ങളും അടുത്ത രണ്ട് ലേഖനങ്ങളിൽ ചർച്ച ചെയ്യുന്നതാണ്.
[അടിക്കുറിപ്പ്]
^ ഖ. 6 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്തകത്തിന്റെ 186-92 പേജുകൾ കാണുക.
[4-ാം പേജിലെ ചിത്രം]
ദൈവം തിരഞ്ഞെടുത്ത നായകന്റെ വരവ് സംബന്ധിച്ച് ദാനീയേൽ മുൻകൂട്ടി പറഞ്ഞു
[7-ാം പേജിലെ ചിത്രങ്ങൾ]
ജീവിതപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ യേശുവിന്റെ പഠിപ്പിക്കലുകൾ ആളുകളെ ഒരുക്കി
[7-ാം പേജിലെ ചിത്രം]
യേശു അനുസരണമുള്ള മനുഷ്യവർഗത്തെ സമാധാനപൂർണമായ ഒരു പുതിയ ലോകത്തിലേക്കു നയിക്കും