ദിവ്യ നിയമങ്ങൾ നമ്മുടെ പ്രയോജനത്തിന്
ദിവ്യ നിയമങ്ങൾ നമ്മുടെ പ്രയോജനത്തിന്
“നിന്റെ ന്യായപ്രമാണം [‘നിയമം,’ പി.ഒ.സി. ബൈബിൾ] എനിക്കു എത്രയോ പ്രിയം.”—സങ്കീർത്തനം 119:97.
1. ദിവ്യ നിയമങ്ങളോടുള്ള അനുസരണം സംബന്ധിച്ച് ഇന്നു പൊതുവേയുള്ള മനോഭാവം എന്ത്?
ദിവ്യ നിയമങ്ങളോടുള്ള അനുസരണം ഇന്നത്തെ ലോകത്തിൽ സ്വീകാര്യമായ ഒരു സംഗതിയല്ല. അദൃശ്യമായ ഒരു ഉന്നത അധികാരത്തിനു കീഴ്‌പെട്ടിരിക്കുന്നത് ബുദ്ധിശൂന്യതയായി അനേകരും കരുതുന്നു. ശരിക്കും തെറ്റിനും ഇടയിൽ വ്യക്തമായ അതിർവരമ്പുകളില്ലാത്ത, ആളുകൾ ധാർമിക നിലവാരങ്ങൾക്ക് അധികം വിലയൊന്നും കൽപ്പിക്കാത്ത ഒരു യുഗത്തിലാണു നാം ജീവിക്കുന്നത്. (സദൃശവാക്യങ്ങൾ 17:15; യെശയ്യാവു 5:20) “ശരിയും നല്ലതും അർഥവത്തുമായ കാര്യങ്ങൾ എന്തൊക്കെയാണെന്നു സ്വയം തീരുമാനിക്കാനാണ് മിക്ക അമേരിക്കക്കാരും താത്‌പര്യപ്പെടുന്നത്” എന്ന് അടുത്തയിടെ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പ് വെളിപ്പെടുത്തി. “കണിശക്കാരനായ ഒരു ദൈവത്തെ [അവർക്കു] വേണ്ട. കർക്കശ നിയമങ്ങൾ [അവർ] ഇഷ്ടപ്പെടുന്നില്ല. സദാചാരപരമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന മേലധികാരികൾ ഉണ്ടായിരിക്കാൻ [അവർ] ആഗ്രഹിക്കുന്നില്ല.” പല മതേതര സമൂഹങ്ങളിലും സാധാരണമായി കാണപ്പെടുന്ന മനോഭാവത്തെ ഇതു പ്രതിഫലിപ്പിക്കുന്നു. ഇന്ന്, “നേരായ, നിർമലമായ ഒരു ജീവിതം നയിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു വ്യക്തികൾ സ്വയം തീരുമാനിക്കാൻ പ്രതീക്ഷിക്കപ്പെടു”ന്നതായി ഒരു സാമൂഹിക വിശകലന വിദഗ്‌ധൻ അഭിപ്രായപ്പെട്ടു. അദ്ദേഹം തുടർന്നു പറയുന്നു: “ഏത് ഉന്നതാധികാരികളായാലും അവർ തങ്ങളുടെ കൽപ്പനകൾ യഥാർഥ ആളുകളുടെ ആവശ്യങ്ങൾക്കു യോജിച്ച വിധത്തിൽ അനുരൂപപ്പെടുത്തണം.”
2. നിയമത്തെ കുറിച്ചുള്ള ബൈബിളിലെ ആദ്യ പരാമർശം, ദിവ്യ അനുഗ്രഹവും അംഗീകാരവും ലഭിക്കുന്നതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
2 നിരവധി ആളുകൾ യഹോവയുടെ നിയമങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യുന്നതിനാൽ, ദിവ്യ നിയമങ്ങൾ നമ്മുടെ പ്രയോജനത്തിന് ഉള്ളവയാണെന്ന ബോധ്യം നാം ശക്തിപ്പെടുത്തേണ്ട ആവശ്യമുണ്ട്. ബൈബിളിൽ നിയമത്തെ കുറിച്ച് ആദ്യമായി പരാമർശിക്കുന്ന വിവരണം പരിചിന്തിക്കുന്നതു നന്നായിരിക്കും. ഉല്‌പത്തി 26:4-ൽ നാം ദൈവത്തിന്റെ വാക്കുകൾ ഇപ്രകാരം വായിക്കുന്നു: ‘അബ്രാഹാം എന്റെ നിയോഗവും കല്‌പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചിരിക്കുന്നു.’ അബ്രാഹാമിന്റെ പിൻഗാമികൾക്ക് വിശദമായ ഒരു നിയമസംഹിത നൽകുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പ് ഉച്ചരിക്കപ്പെട്ടതാണ് ആ വാക്കുകൾ. തന്റെ നിയമങ്ങൾ അനുസരിക്കുന്നത് ഉൾപ്പെടെ അബ്രാഹാം പ്രകടമാക്കിയ അനുസരണത്തെ പ്രതി ദൈവം അവന് എന്തു പ്രതിഫലമാണു നൽകിയത്? “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്ന് യഹോവ അവനോടു വാഗ്‌ദാനം ചെയ്‌തു. (ഉല്‌പത്തി 22:18) അതുകൊണ്ട്, ദിവ്യ നിയമങ്ങൾ അനുസരിക്കുന്നതും ദിവ്യ അനുഗ്രഹവും അംഗീകാരവും ലഭിക്കുന്നതും തമ്മിൽ അടുത്ത ബന്ധമുണ്ട്.
3. (എ) യഹോവയുടെ നിയമങ്ങളോട് ഒരു സങ്കീർത്തനക്കാരൻ എന്തു വികാരം പ്രകടമാക്കി? (ബി) ഏതു ചോദ്യങ്ങൾ നമ്മുടെ ശ്രദ്ധ അർഹിക്കുന്നു?
3 സാധ്യതയനുസരിച്ച് യഹൂദയിലെ ഒരു രാജകുമാരനും ഭാവി രാജാവും ആയിരുന്ന ഒരു സങ്കീർത്തനക്കാരൻ, നിയമത്തോടുള്ള ബന്ധത്തിൽ സാധാരണ തോന്നാത്ത ഒരു വികാരം പ്രകടിപ്പിച്ചു. “നിന്റെ ന്യായപ്രമാണം [‘നിയമം,’ പി.ഒ.സി. ബൈ.] എനിക്കു എത്രയോ പ്രിയം” എന്ന് അവൻ ദൈവത്തോടു പറഞ്ഞു. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (സങ്കീർത്തനം 119:97) സങ്കീർത്തനക്കാരൻ വികാരാവേശത്തിൽ പറഞ്ഞുപോയ ഒരു കാര്യമല്ല ഇത്. പിന്നെയോ, ന്യായപ്രമാണത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവഹിതത്തോടുള്ള സ്‌നേഹത്തിന്റെ ഒരു പ്രകടനം ആയിരുന്നു. ദൈവത്തിന്റെ പൂർണതയുള്ള പുത്രനായ യേശുക്രിസ്‌തുവും സമാനമായ വികാരം പ്രകടമാക്കി. യേശുക്രിസ്‌തുവിനെ കുറിച്ചു പ്രാവചനികമായി ഇങ്ങനെ പ്രസ്‌താവിക്കപ്പെട്ടിരിക്കുന്നു: “നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം [‘നിയമം,’ പി.ഒ.സി. ബൈ.] എന്റെ ഉള്ളിൽ ഇരിക്കുന്നു.” (സങ്കീർത്തനം 40:8; എബ്രായർ 10:9) നമ്മെ സംബന്ധിച്ചോ? ദൈവഹിതം ചെയ്യുന്നതിൽ നാം ആനന്ദം കണ്ടെത്തുന്നുണ്ടോ? യഹോവയുടെ നിയമങ്ങളുടെ ഉപയുക്തതയും പ്രയോജനങ്ങളും സംബന്ധിച്ച് നമുക്കു ബോധ്യമുണ്ടോ? ദൈവനിയമത്തോടുള്ള അനുസരണത്തിന് നമ്മുടെ ആരാധനയിലും അനുദിന ജീവിതത്തിലും നാം എടുക്കുന്ന തീരുമാനങ്ങളിലും മറ്റുള്ളവരുമായുള്ള ബന്ധത്തിലും എന്തു സ്ഥാനമാണുള്ളത്? ദിവ്യ നിയമത്തെ പ്രിയപ്പെടണമെങ്കിൽ, നിയമങ്ങൾ ഉണ്ടാക്കാനും അവ നടപ്പാക്കാനും ദൈവത്തിന് അധികാരമുള്ളത് എന്തുകൊണ്ടാണെന്നു നാം മനസ്സിലാക്കണം.
യഹോവ—നിയമങ്ങൾ നൽകാൻ അധികാരമുള്ളവൻ
4. നിയമങ്ങൾ നൽകാൻ ആത്യന്തികമായി അധികാരമുള്ളവൻ യഹോവ ആയിരിക്കുന്നത് എന്തുകൊണ്ട്?
4 സ്രഷ്ടാവ് എന്ന നിലയിൽ, നിയമങ്ങൾ നൽകാൻ പ്രപഞ്ചത്തിൽ ആത്യന്തികമായി അധികാരമുള്ളവൻ യഹോവയാണ്. (വെളിപ്പാടു 4:11) ‘യഹോവ നമ്മുടെ നിയമദാതാവ്’ എന്ന് യെശയ്യാ പ്രവാചകൻ പറയുകയുണ്ടായി. (യെശയ്യാവു 33:22, NW) സർവ ചരാചരങ്ങളെയും നിയന്ത്രിക്കുന്ന ഭൗതിക നിയമങ്ങൾ അവൻ വെച്ചിരിക്കുന്നു. (ഇയ്യോബ് 38:4-38; 39:1-12; സങ്കീർത്തനം 104:5-19) ദൈവത്തിന്റെ ഒരു സൃഷ്ടി എന്ന നിലയിൽ മനുഷ്യൻ യഹോവയുടെ ഭൗതിക നിയമങ്ങൾക്കു വിധേയനാണ്. മനുഷ്യൻ, സ്വന്തമായി കാര്യങ്ങളെ വിലയിരുത്താൻ പ്രാപ്‌തനായ സ്വതന്ത്ര ധാർമിക കാര്യസ്ഥൻ ആണെങ്കിലും ദൈവത്തിന്റെ ധാർമിക, ആത്മീയ നിയമങ്ങൾക്കു തന്നെത്തന്നെ കീഴ്‌പെടുത്തുമ്പോൾ മാത്രമേ അവൻ സന്തുഷ്ടനാകുന്നുള്ളൂ.—റോമർ 12:1, NW; 1 കൊരിന്ത്യർ 2:14-16.
5. ദിവ്യനിയമങ്ങളോടുള്ള ബന്ധത്തിൽ ഗലാത്യർ 6:7-ലെ തത്ത്വം സത്യമാണെന്നു തെളിയുന്നത് എങ്ങനെ?
5 നമുക്ക് അറിയാവുന്നതുപോലെ, യഹോവയുടെ ഭൗതിക നിയമങ്ങൾ ലംഘിക്കാനാകാത്തവയാണ്. (യിരെമ്യാവു 33:20, 21) ഒരു വ്യക്തി ഭൗതിക നിയമങ്ങൾക്ക്—ഉദാഹരണത്തിന്, ഗുരുത്വാകർഷണ നിയമത്തിനു—വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം അതിന്റെ ഭവിഷ്യത്തും അയാൾ അനുഭവിക്കും. സമാനമായി, ദൈവത്തിന്റെ ധാർമിക നിയമങ്ങളും മാറ്റം വരുത്താനാവാത്തവയാണ്. അവ ലംഘിക്കുന്നവൻ അതിന്റെ ഭവിഷ്യത്തും അനുഭവിക്കും. അക്കാര്യത്തിൽ അവ അവന്റെ ഭൗതിക നിയമങ്ങൾപോലെതന്നെയാണ്, പരിണതഫലം ചിലപ്പോൾ ഉടൻ ദൃശ്യമായിരിക്കുകയില്ലെന്നു മാത്രം. “ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.”—ഗലാത്യർ 6:7; 1 തിമൊഥെയൊസ് 5:24.
യഹോവയുടെ നിയമത്തിന്റെ വ്യാപ്‌തി
6. ദിവ്യ നിയമങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഏതെല്ലാം വശങ്ങൾക്കു ബാധകമാണ്?
6 ദിവ്യനിയമത്തിന്റെ ശ്രദ്ധേയമായ ഒരു പ്രകടനമായിരുന്നു മോശൈക ന്യായപ്രമാണം. (റോമർ 7:12) കാലാന്തരത്തിൽ, യഹോവയാം ദൈവം മോശൈക ന്യായപ്രമാണം നീക്കി തത്‌സ്ഥാനത്ത് “ക്രിസ്‌തുവിന്റെ നിയമം” സ്ഥാപിച്ചു. * (ഗലാത്യർ 6:2, പി.ഒ.സി. ബൈ.; 1 കൊരിന്ത്യർ 9:21) ‘സ്വാതന്ത്ര്യത്തിന്റെ നിയമ’ത്തിൻ കീഴിലുള്ള ക്രിസ്‌ത്യാനികൾ എന്ന നിലയിൽ, വിശ്വാസസംബന്ധമായ പഠിപ്പിക്കലുകളോ ആചാരാനുഷ്‌ഠാനങ്ങളോ പോലുള്ള, നമ്മുടെ ജീവിതത്തിലെ ചില വശങ്ങൾക്കു മാത്രം ദൈവം തന്റെ ചട്ടങ്ങൾ ഒതുക്കിനിറുത്തുന്നില്ലെന്നു നാം മനസ്സിലാക്കുന്നു. കുടുംബ കാര്യാദികൾ, ബിസിനസ് ഇടപാടുകൾ, എതിർലിംഗത്തിൽ പെട്ടവരോടുള്ള പെരുമാറ്റം, സഹക്രിസ്‌ത്യാനികളോടുള്ള മനോഭാവം, സത്യാരാധനയിലെ പങ്കുപറ്റൽ തുടങ്ങി നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങൾക്കും അവന്റെ നിലവാരങ്ങൾ ബാധകമാണ്.—യാക്കോബ് 1:25, 27.
7. ചില സുപ്രധാന ദിവ്യ നിയമങ്ങൾ ഏവ?
7 ഉദാഹരണത്തിന്, “ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്‌ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 6:9, 10) അതേ, വ്യഭിചാരവും പരസംഗവും വെറും “പ്രേമബന്ധങ്ങൾ” അല്ല. സ്വവർഗരതി വെറും ഒരു “പകര ജീവിതരീതി” അല്ല. അവ ദൈവനിയമത്തിന്റെ ലംഘനമാണ്. മോഷണം, നുണപറച്ചിൽ, ഏഷണി എന്നിവയും അങ്ങനെതന്നെ. (സങ്കീർത്തനം 101:5; കൊലൊസ്സ്യർ 3:9; 1 പത്രൊസ് 4:15) വമ്പുപറയുന്നതിനെ യാക്കോബ് കുറ്റപ്പെടുത്തിയപ്പോൾ, മൗഢ്യ സംസാരവും അശ്ലീല തമാശയും ഒഴിവാക്കാൻ പൗലൊസ് ബുദ്ധിയുപദേശിച്ചു. (എഫെസ്യർ 5:4; യാക്കോബ് 4:16) ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം, പെരുമാറ്റവുമായി ബന്ധപ്പെട്ട ഈ നിയമങ്ങളെല്ലാം ദൈവത്തിന്റെ ‘പൂർണതയുള്ള നിയമ’ത്തിന്റെ ഭാഗമാണ്.—സങ്കീർത്തനം 19:7, NW.
8. (എ) യഹോവയുടെ നിയമത്തിന്റെ സ്വഭാവം എന്താണ്? (ബി) “നിയമം” എന്നതിനുള്ള എബ്രായ പദത്തിന്റെ അടിസ്ഥാന അർഥം എന്ത്?
8 യഹോവയുടെ വചനത്തിലെ ഇത്തരം അടിസ്ഥാന നിബന്ധനകൾ, അവന്റെ നിയമം വെറും കർക്കശവും നിസ്സംഗവുമായ കുറേ പ്രമാണങ്ങളുടെ ഒരു പട്ടികയല്ലെന്നു തെളിയിക്കുന്നു. സമനിലയോടു കൂടിയതും പ്രതിഫലദായകവുമായ ഒരു ജീവിതത്തിന്റെ അടിത്തറയായി അത് ഉതകുന്നു. പെരുമാറ്റത്തിന്റെ എല്ലാ വശങ്ങളെയും അതു ഗുണകരമായി സ്വാധീനിക്കുന്നു. ദിവ്യ “നിയമം” കെട്ടുപണി ചെയ്യുന്നതും സദാചാരമൂല്യമുള്ളതും പ്രബോധനാത്മകവുമാണ്. (സങ്കീർത്തനം 119:72, പി.ഒ.സി. ബൈ.) സങ്കീർത്തനക്കാരൻ ഉപയോഗിച്ചിരിക്കുന്ന “നിയമം” എന്ന പദം തോറാ എന്ന എബ്രായ പദത്തിന്റെ പരിഭാഷയാണ്. ഒരു ബൈബിൾ പണ്ഡിതൻ പറയുന്നു: “വഴികാട്ടുക, വഴിനയിക്കുക, ലക്ഷ്യം വെക്കുക, മുന്നോട്ടു പായിക്കുക എന്നൊക്കെ വിശദീകരണമുള്ള ഒരു ക്രിയാപദത്തിൽനിന്നാണ് ഈ വാക്കു രൂപംകൊണ്ടിരിക്കുന്നത്. അതുകൊണ്ട് . . . അതിന്റെ അർഥം പെരുമാറ്റച്ചട്ടം എന്നായിരിക്കണം.” സങ്കീർത്തനക്കാരനെ സംബന്ധിച്ചിടത്തോളം നിയമം ദൈവത്തിൽനിന്നുള്ള ഒരു സമ്മാനം ആയിരുന്നു. നമ്മുടെ ജീവിതരീതിയെ രൂപപ്പെടുത്താൻ ദിവ്യ നിയമത്തെ അനുവദിച്ചുകൊണ്ട് നാമും അതിനെ അത്രതന്നെ വിലപ്പെട്ടതായി കരുതേണ്ടതല്ലേ?
9, 10. (എ) ആശ്രയയോഗ്യമായ മാർഗനിർദേശം നമുക്ക് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) സന്തോഷപൂർണവും വിജയപ്രദവുമായ ഒരു ജീവിതം നയിക്കാൻ നമുക്ക് എന്തു കൂടിയേ തീരൂ?
9 ആശ്രയയോഗ്യമായ മാർഗനിർദേശം എല്ലാ സൃഷ്ടികൾക്കും ആവശ്യമാണ്. മനുഷ്യരെക്കാൾ ഉയർന്നവരായ യേശുവിന്റെയും മറ്റു ദൂതന്മാരുടെയും കാര്യത്തിലും ഇതു സത്യമാണ്. (സങ്കീർത്തനം 8:5; യോഹന്നാൻ 5:30; 6:38; എബ്രായർ 2:7; വെളിപ്പാടു 22:8, 9) പൂർണതയുള്ള ഈ സൃഷ്ടികൾക്കു പോലും ദിവ്യ മാർഗനിർദേശത്തിൽനിന്നു പ്രയോജനം അനുഭവിക്കാൻ കഴിയുന്നെങ്കിൽ അപൂർണ മനുഷ്യർക്ക് എത്രയധികം! പ്രവാചകനായ യിരെമ്യാവ് ഇപ്രകാരം പറഞ്ഞു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) മാനവ ചരിത്രവും നമ്മുടെ സ്വന്തം അനുഭവവും ആ വാക്കുകളുടെ സത്യത തെളിയിക്കുന്നു.
10 സന്തോഷപൂർണവും വിജയപ്രദവുമായ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം മാർഗനിർദേശത്തിനായി ദൈവത്തിലേക്കു നോക്കണം. ദിവ്യ മാർഗനിർദേശത്തിൽനിന്നു വിട്ടുനിന്നുകൊണ്ട് വ്യക്തിപരമായ നിലവാരങ്ങൾക്കനുസരിച്ചു ജീവിതം നയിക്കുന്നതിന്റെ അപകടം ശലോമോൻ തിരിച്ചറിഞ്ഞു: “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ” എന്ന് അവൻ പറയുകയുണ്ടായി.—സദൃശവാക്യങ്ങൾ 14:12.
യഹോവയുടെ നിയമങ്ങൾ പ്രിയപ്പെടാനുള്ള കാരണങ്ങൾ
11. നാം ദൈവത്തിന്റെ നിയമം മനസ്സിലാക്കാൻ ആഗ്രഹിക്കേണ്ടത് എന്തുകൊണ്ട്?
11 യഹോവയുടെ നിയമം മനസ്സിലാക്കാനുള്ള അതിയായ ആഗ്രഹം നാം നട്ടുവളർത്തേണ്ടതാണ്. “നിന്റെ ന്യായപ്രമാണത്തിലെ [“നിയമത്തിലെ,” NW] അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ” എന്നു പറഞ്ഞപ്പോൾ സങ്കീർത്തനക്കാരൻ അത്തരമൊരു അഭിവാഞ്‌ഛ പ്രകടമാക്കി. (സങ്കീർത്തനം 119:18) നാം ദൈവത്തെയും അവന്റെ വഴികളെയും കുറിച്ച് എത്ര കൂടുതലായി അറിയുന്നുവോ യെശയ്യാവിന്റെ ഈ വാക്കുകളുടെ സത്യതയെ നാം അത്ര അധികമായി വിലമതിക്കും: “യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്‌പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു!” (യെശയ്യാവു 48:17, 18) തന്റെ ജനം ദുരന്തങ്ങൾ ഒഴിവാക്കാനും തന്റെ കൽപ്പനകൾക്കു ചെവികൊടുത്തുകൊണ്ട് ജീവിതം ആസ്വദിക്കാനും യഹോവ ആത്മാർഥമായി ആഗ്രഹിക്കുന്നു. നാം ദൈവത്തിന്റെ നിയമം പ്രിയപ്പെടേണ്ടതിന്റെ ചില പ്രമുഖ കാരണങ്ങൾ നമുക്കു പരിശോധിക്കാം.
12. നമ്മെ കുറിച്ചുള്ള യഹോവയുടെ പരിജ്ഞാനം അവനെ ഏറ്റവും നല്ല നിയമദാതാവ് ആക്കുന്നത് എങ്ങനെ?
12 ദിവ്യ നിയമം വരുന്നത് നമ്മെ ഏറ്റവും മെച്ചമായി സങ്കീർത്തനം 139:1, 2; പ്രവൃത്തികൾ 17:24-28) യഹോവയ്‌ക്ക് നമ്മെ അറിയാവുന്നതുപോലെ, നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ മാതാപിതാക്കൾക്കു പോലുമോ നമ്മെ അറിയില്ല. എന്തിന്, നമുക്ക് നമ്മെ കുറിച്ച് അറിയാവുന്നതിനെക്കാൾ മെച്ചമായി യഹോവയ്‌ക്ക് നമ്മെ അറിയാം! നമ്മുടെ ആത്മീയവും വൈകാരികവും മാനസികവും ശാരീരികവുമായ ആവശ്യങ്ങളെ കുറിച്ച് നമ്മുടെ സ്രഷ്ടാവിനുള്ള ഗ്രാഹ്യം അതുല്യമാണ്. അവൻ തന്റെ ശ്രദ്ധ നമ്മുടെ നേർക്കു തിരിക്കുമ്പോൾ, നമ്മുടെ പ്രകൃതത്തെയും അഭിലാഷങ്ങളെയും മോഹങ്ങളെയും കുറിച്ചു വളരെ ആഴമായ ഗ്രാഹ്യം അവൻ പ്രകടമാക്കുന്നു. നമ്മുടെ പരിമിതികൾ യഹോവ മനസ്സിലാക്കുന്നു, അതോടൊപ്പം നമ്മുടെ കഴിവുകളെ കുറിച്ചും അവന് അറിയാം. “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു” എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. (സങ്കീർത്തനം 103:14) അതുകൊണ്ട്, ദിവ്യ മാർഗനിർദേശത്തിനു കീഴ്‌പെട്ടുകൊണ്ട് ദൈവത്തിന്റെ നിയമം അനുസരിച്ചു നടക്കാൻ ശ്രമിക്കുമ്പോൾ നമുക്ക് ആത്മീയ സുരക്ഷിതത്വം അനുഭവിക്കാൻ സാധിക്കും.—സദൃശവാക്യങ്ങൾ 3:19-26.
അറിയാവുന്നവന്റെ പക്കൽ നിന്നാണ്. യഹോവ നമ്മുടെ സ്രഷ്ടാവ് ആയതിനാൽ, അവനു മനുഷ്യരെ പൂർണമായി അറിയാം. (13. യഹോവ നമ്മുടെ ക്ഷേമത്തിൽ അതീവ തത്‌പരനാണെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
13 ദിവ്യ നിയമം വരുന്നത് നമ്മെ സ്‌നേഹിക്കുന്നവന്റെ പക്കൽ നിന്നാണ്. നമ്മുടെ നിലനിൽക്കുന്ന ക്ഷേമത്തിൽ ദൈവത്തിന് ആഴമായ താത്‌പര്യമുണ്ട്. വലിയ നഷ്ടം സഹിച്ചുകൊണ്ട് തന്റെ സ്വന്ത പുത്രനെ അവൻ ‘അനേകർക്കു വേണ്ടി മറുവിലയായി’ നൽകിയില്ലേ? (മത്തായി 20:28) നമുക്കു “[സഹിക്കാൻ] കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതി”ക്കുകയില്ലെന്ന് യഹോവ നമ്മോടു വാഗ്‌ദാനം ചെയ്‌തിട്ടില്ലേ? (1 കൊരിന്ത്യർ 10:13) അവൻ ‘നമുക്കായി കരുതുന്നു’വെന്ന് ബൈബിൾ ഉറപ്പു നൽകുന്നില്ലേ? (1 പത്രൊസ് 5:7) മനുഷ്യ സൃഷ്ടിക്ക് പ്രയോജനപ്രദമായ മാർഗനിർദേശങ്ങൾ പ്രദാനം ചെയ്യുന്നതിൽ യഹോവയെക്കാൾ താത്‌പര്യമുള്ള മറ്റാരും ഇല്ല. നമുക്ക് നല്ലത് ഏതാണെന്നും സന്തോഷവും സന്താപവും കൈവരുത്തുന്നത് എന്താണെന്നും അവന് അറിയാം. അപൂർണരും തെറ്റുകൾ വരുത്തുന്നവരും ആണെങ്കിലും, നാം നന്മയെ പിന്തുടരുന്നെങ്കിൽ ജീവനിലേക്കും അനുഗ്രഹത്തിലേക്കും നയിക്കുന്ന വിധങ്ങളിൽ അവൻ നമ്മോടുള്ള തന്റെ സ്‌നേഹം പ്രകടമാക്കും.—യെഹെസ്‌കേൽ 33:11.
14. ദൈവത്തിന്റെ നിയമം മനുഷ്യരുടെ ആശയങ്ങളിൽനിന്നു വ്യത്യസ്‌തമായിരിക്കുന്നത് ഏതു പ്രധാന വിധത്തിൽ?
14 ദൈവത്തിന്റെ നിയമം സുസ്ഥിരമാണ്. നാം ജീവിക്കുന്ന ഈ പ്രക്ഷുബ്ധ നാളുകളിൽ യഹോവ ഉറപ്പുള്ള ഒരു പാറയാണെന്നു തെളിഞ്ഞിരിക്കുന്നു. അവൻ നിത്യമായി നിലകൊള്ളുന്നവനാണ്. (സങ്കീർത്തനം 90:2) അവൻ തന്നെക്കുറിച്ചുതന്നെ ഇപ്രകാരം പറയുന്നു: “യഹോവയായ ഞാൻ മാറാത്തവൻ.” (മലാഖി 3:6) ചുഴിമണൽ പോലെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മാനുഷിക ആശയങ്ങളിൽനിന്നു വ്യത്യസ്‌തമായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവിക നിലവാരങ്ങൾ തികച്ചും ആശ്രയയോഗ്യമാണ്. (യാക്കോബ് 1:17) ഉദാഹരണത്തിന്, എന്തും അനുവദിച്ചുകൊടുത്തുകൊണ്ട് കുട്ടികളെ വളർത്തിക്കൊണ്ടുവരിക എന്ന് വർഷങ്ങളോളം മനശ്ശാസ്‌ത്രജ്ഞർ ശുപാർശ ചെയ്‌തിരുന്നു. എന്നാൽ പിന്നീട് ചിലർ തങ്ങളുടെ അഭിപ്രായം മാറ്റുകയും തങ്ങളുടെ ഉപദേശം തെറ്റായിരുന്നെന്നു സമ്മതിക്കുകയും ചെയ്‌തു. ഈ വിഷയം സംബന്ധിച്ച ലോകത്തിന്റെ നിലവാരങ്ങളും മാർഗനിർദേശങ്ങളും കാറ്റത്ത് ഉലയുന്ന ഒരു തോണി പോലെയാണ്. എന്നാൽ യഹോവയുടെ വചനം അങ്ങനെയല്ല. കുട്ടികളെ സ്‌നേഹത്തോടെ വളർത്തിക്കൊണ്ടുവരാനുള്ള ബുദ്ധിയുപദേശം ബൈബിളിൽ നൂറ്റാണ്ടുകളായി ഉള്ളതാണ്. പൗലൊസ് അപ്പൊസ്‌തലൻ എഴുതി: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.” (എഫെസ്യർ 6:4) യഹോവയുടെ നിലവാരങ്ങൾ ആശ്രയോഗ്യമാണെന്നും മാറ്റമില്ലാത്തവയാണെന്നും അറിയുന്നത് എത്ര ആശ്വാസദായകമാണ്!
ദൈവിക നിയമങ്ങൾ അനുസരിക്കുന്നവർക്ക് അനുഗ്രഹങ്ങൾ
15, 16. (എ) യഹോവയുടെ നിലവാരങ്ങൾ ബാധകമാക്കുന്നതിന്റെ ഫലം എന്തായിരിക്കും? (ബി) ദാമ്പത്യജീവിതത്തിൽ ദൈവനിയമങ്ങൾ ഉത്തമ വഴികാട്ടിയാണെന്നു തെളിയുന്നത് എങ്ങനെ?
15 ‘എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ഞാൻ അയച്ച കാര്യം സാധിപ്പിക്കും’ എന്ന് തന്റെ പ്രവാചകനായ യെശയ്യാവ് മുഖാന്തരം ദൈവം അരുളിച്ചെയ്‌തു. (യെശയ്യാവു 55:11) അവന്റെ വചനത്തിൽ കാണപ്പെടുന്ന നിലവാരങ്ങൾ പിൻപറ്റാൻ നാം ആത്മാർഥമായി ശ്രമിക്കുമ്പോൾ നമുക്കു വിജയവും മൂല്യവത്തായ നേട്ടങ്ങളും സന്തോഷവും കണ്ടെത്താൻ സാധിക്കുമെന്നുള്ളത് അതുപോലെതന്നെ സുനിശ്ചിതമാണ്.
16 ദൈവനിയമം വിജയകരമായ ദാമ്പത്യത്തിന് ഒരു നല്ല വഴികാട്ടിയായിരിക്കുന്നത് എങ്ങനെയെന്നു പരിചിന്തിക്കുക. പൗലൊസ് എഴുതി: “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.” (എബ്രായർ 13:4) ദമ്പതികൾ പരസ്‌പരം ആദരവും സ്‌നേഹവും ഉള്ളവരായിരിക്കണം: “ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ സ്‌നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു [“ആഴമായി ആദരിക്കേണ്ടതാകുന്നു,” NW].” (എഫെസ്യർ 5:32ബി, 33) ആവശ്യമായിരിക്കുന്നതരം സ്‌നേഹം 1 കൊരിന്ത്യർ 13:4-8-ൽ വിവരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്: “സ്‌നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്‌നേഹം സ്‌പർദ്ധിക്കുന്നില്ല. സ്‌നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു: എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്‌നേഹം ഒരുനാളും ഉതിർന്നുപോകയില്ല.” ഇത്തരം സ്‌നേഹം നിലനിൽക്കുന്ന ദാമ്പത്യബന്ധം ഒരിക്കലും പരാജയപ്പെടുകയില്ല.
17. മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച യഹോവയുടെ നിലവാരങ്ങൾ ബാധകമാക്കുന്നതിന്റെ പ്രയോജനങ്ങൾ ഏവ?
17 യഹോവയുടെ നിലവാരങ്ങൾ പ്രയോജനപ്രദമാണെന്നതിന്റെ മറ്റൊരു തെളിവ്, അവൻ മദ്യാസക്തിയെ കുറ്റംവിധിക്കുന്നു എന്നതാണ്. ‘ധാരാളം വീഞ്ഞ് കഴിക്കു’ന്നതിനെ പോലും അവൻ വിലക്കുന്നു. (1 തിമൊഥെയൊസ് 3:3, 8, NW; റോമർ 13:13) ഈ വിഷയത്തെ കുറിച്ചുള്ള ദൈവിക നിലവാരങ്ങൾ അവഗണിക്കുന്നവർ അമിത മദ്യപാനത്തിന്റെ ഫലമായുള്ള രോഗങ്ങൾക്ക് ഇരകളാകുന്നു. മദ്യം മിതമായി മാത്രം ഉപയോഗിക്കാനുള്ള ബൈബിളിന്റെ ബുദ്ധിയുപദേശം അവഗണിച്ചുകൊണ്ട്, “മനസ്സിന് അയവു വരുത്താൻ” എന്ന പേരിൽ ചിലർ അമിതമായി മദ്യപിക്കുന്ന ശീലം വളർത്തിയെടുത്തിരിക്കുന്നു. അമിത മദ്യപാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. മാനനഷ്ടം, കുടുംബത്തകർച്ച അല്ലെങ്കിൽ കുടുംബബന്ധങ്ങൾക്കിടയിലെ പിരിമുറുക്കം, പാഴ്‌ച്ചെലവ്, തൊഴിൽനഷ്ടം എന്നിവ അവയിൽ ഏതാനും മാത്രം. (സദൃശവാക്യങ്ങൾ 23:19-21, 29-35) മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച യഹോവയുടെ നിലവാരങ്ങൾ ഒരു സംരക്ഷണമല്ലേ?
18. സാമ്പത്തിക കാര്യങ്ങളിൽ ദൈവിക നിയമങ്ങൾ പ്രായോഗികമാണോ? വിശദമാക്കുക.
18 സാമ്പത്തിക കാര്യങ്ങളിലും ദൈവിക നിലവാരങ്ങൾ പ്രായോഗികമാണെന്നു തെളിഞ്ഞിരിക്കുന്നു. സത്യസന്ധരും അധ്വാനശീലരും ആയിരിക്കാൻ ബൈബിൾ ലൂക്കൊസ് 16:10; എഫെസ്യർ 4:28; കൊലൊസ്സ്യർ 3:23) ഈ ബുദ്ധിയുപദേശം പിൻപറ്റിയിരിക്കുന്നതിനാൽ ഒട്ടേറെ ക്രിസ്‌ത്യാനികൾക്കു തൊഴിൽ കയറ്റം ലഭിച്ചിരിക്കുന്നു, മറ്റു ചിലർക്കാകട്ടെ കൂടെയുള്ളവർക്കു തൊഴിൽ നഷ്ടപ്പെട്ടിട്ടും തങ്ങളുടെ ജോലിയിൽ തുടരാൻ സാധിച്ചിരിക്കുന്നു. ചൂതാട്ടം, പുകവലി, മയക്കുമരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള തിരുവെഴുത്തു വിരുദ്ധ ശീലങ്ങൾ ഒഴിവാക്കുമ്പോഴും ഒരു വ്യക്തിക്കു സാമ്പത്തിക പ്രയോജനങ്ങൾ ഉണ്ടാകുന്നു. ദൈവത്തിന്റെ നിലവാരങ്ങൾ പിൻപറ്റുന്നതുകൊണ്ടുള്ള സാമ്പത്തിക പ്രയോജനങ്ങൾ ഇനിയുമുണ്ട്.
ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (19, 20. ദിവ്യ നിയമങ്ങൾ അംഗീകരിക്കുന്നതും മുറുകെ പിടിക്കുന്നതും ജ്ഞാനപൂർവകമായിരിക്കുന്നത് എന്തുകൊണ്ട്?
19 അപൂർണ മനുഷ്യർ ദൈവിക നിയമങ്ങളിൽനിന്നും നിലവാരങ്ങളിൽനിന്നും അകന്നുപോകാൻ എളുപ്പമാണ്. സീനായി പർവതത്തിങ്കൽ ആയിരുന്ന ഇസ്രായേല്യരെ കുറിച്ചു ചിന്തിക്കുക. ദൈവം അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്‌താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും.” “യഹോവ കല്‌പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്ന് അവർ പ്രതിവചിക്കുകയും ചെയ്‌തു. എന്നാൽ അവർ തിരഞ്ഞെടുത്ത ഗതി അതിന് എത്ര വിരുദ്ധമായിരുന്നു! (പുറപ്പാടു 19:5, 8; സങ്കീർത്തനം 106:12-43) അവരിൽനിന്നു വ്യത്യസ്‌തമായി, നമുക്കു ദൈവിക നിലവാരങ്ങൾ അംഗീകരിക്കുകയും അവ മുറുകെ പിടിക്കുകയും ചെയ്യാം.
20 നമ്മുടെ ജീവിതം നയിക്കുന്നതിൽ സഹായത്തിനായി യഹോവ നൽകിയിരിക്കുന്ന അതുല്യമായ നിയമങ്ങളോടു പറ്റിനിൽക്കുന്നതാണ് ജ്ഞാനപൂർവകമായ ഗതി, അത് നമുക്കു സന്തോഷം പകരും. (സങ്കീർത്തനം 19:7-11) ഇതു വിജയപ്രദമായി ചെയ്യാൻ ദിവ്യ തത്ത്വങ്ങളുടെ മൂല്യം നാം വിലമതിക്കുകയും വേണം. അടുത്ത ലേഖനത്തിന്റെ വിഷയം അതാണ്.
[അടിക്കുറിപ്പ്]
^ ഖ. 6 “ക്രിസ്‌തുവിന്റെ നിയമം” സംബന്ധിച്ച വിശദമായ ചർച്ചയ്‌ക്ക്, 1996 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 14-24 പേജുകൾ കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
• ദൈവനിയമങ്ങൾ നമ്മുടെ പ്രയോജനത്തിനാണെന്ന് നമുക്കു വിശ്വസിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
• യഹോവയുടെ നിയമം നാം പ്രിയപ്പെടേണ്ടതിന്റെ കാരണങ്ങൾ ഏവ?
• ദൈവനിയമങ്ങൾ പ്രയോജനപ്രദമായിരിക്കുന്നത് ഏതെല്ലാം വിധങ്ങളിൽ?
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചിത്രം]
യഹോവയുടെ നിയമം അനുസരിച്ചതിന് അബ്രാഹാം സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു
[15-ാം പേജിലെ ചിത്രങ്ങൾ]
ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിന്റെ ഉത്‌കണ്‌ഠകൾ ദിവ്യനിയമത്തിൽനിന്നു പലരുടെയും ശ്രദ്ധ അകറ്റിക്കളയുന്നു
[17-ാം പേജിലെ ചിത്രം]
ഒരു പാറമേലുള്ള പ്രകാശഗോപുരം പോലെ ദിവ്യ നിയമം സുസ്ഥിരവും മാറ്റമില്ലാത്തതുമാണ്