വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തീയ ധാർമികത പഠിക്കുക, പഠിപ്പിക്കുക

ക്രിസ്‌തീയ ധാർമികത പഠിക്കുക, പഠിപ്പിക്കുക

ക്രിസ്‌തീയ ധാർമികത പഠിക്കുക, പഠിപ്പിക്കുക

“മററുള്ളവരെ പഠിപ്പിക്കുന്ന നീ സ്വയം പഠിപ്പിക്കാത്തത്‌ എന്ത്‌?”​—⁠റോമർ 2:​21, ഓശാന ബൈബിൾ.

1, 2. ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്നതിനു നിങ്ങൾക്ക്‌ എന്തു കാരണങ്ങളാണ്‌ ഉള്ളത്‌?

ദൈവവചനം പഠിക്കുന്നതിനു നിങ്ങൾക്കു നിരവധി കാരണങ്ങളുണ്ട്‌. അതിലുള്ള വസ്‌തുതകൾ​—⁠ആളുകൾ, സംഭവങ്ങൾ, സ്ഥലങ്ങൾ, മറ്റു സംഗതികൾ എന്നിവയെ കുറിച്ചൊക്കെയുള്ളത്‌​—⁠അറിയാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ത്രിത്വം, നരകാഗ്നി എന്നിവ സംബന്ധിച്ച തെറ്റായ മതപഠിപ്പിക്കലുകളിൽനിന്നു വ്യത്യസ്‌തമായി ഉപദേശപരമായ സത്യം അറിയാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടാകാം. (യോഹന്നാൻ 8:32) യഹോവയെ ഏറെ നന്നായി അനുകരിക്കാനും അവന്റെ മുമ്പാകെ നേരായ മാർഗത്തിൽ നടക്കാനും കഴിയേണ്ടതിന്‌ അവനെ മെച്ചമായി അറിയാനും നിങ്ങൾ ആഗ്രഹിക്കേണ്ടതാണ്‌.​—⁠1 രാജാക്കന്മാർ 15:4, 5.

2 ദൈവവചനം പഠിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം മറ്റുള്ളവരെ​—⁠നിങ്ങളുടെ പ്രിയപ്പെട്ടവരെയും പരിചയക്കാരെയും നിങ്ങൾ അറിയാത്തവരെ പോലും​—⁠പഠിപ്പിക്കാൻ നിങ്ങളെത്തന്നെ സജ്ജരാക്കേണ്ടതുണ്ട്‌ എന്നതാണ്‌. സത്യക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ഇത്‌, ഇഷ്ടമുണ്ടെങ്കിൽ മാത്രം ചെയ്യാൻ കഴിയുന്ന ഒരു സംഗതിയല്ല. യേശു തന്റെ ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: ‘ആകയാൽ നിങ്ങൾ പുറപ്പെട്ടു, ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.’​—⁠മത്തായി 28:19, 20.

3, 4. യേശു കൽപ്പിച്ചതുപോലെ പഠിപ്പിക്കുന്നത്‌ ആദരണീയമായ ഒരു സംഗതി ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 മറ്റുള്ളവരെ പഠിപ്പിക്കുക എന്ന ആഗ്രഹത്തോടെ ബൈബിൾ പഠിക്കുന്നത്‌ ആദരണീയമായ ഒരു സംഗതിയും നിലനിൽക്കുന്ന സംതൃപ്‌തിയുടെ ഒരു ഉറവുമാണ്‌. ആദരണീയമായ ഒരു തൊഴിലെന്ന നിലയിലാണ്‌ പഠിപ്പിക്കലിനെ പണ്ടുമുതലേ കണ്ടുപോന്നിട്ടുള്ളത്‌. എൻകാർട്ടാ എൻസൈക്ലോപീഡിയ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “യഹൂദന്മാർക്കിടയിൽ, മുതിർന്ന പലരും അധ്യാപകരെ രക്ഷയിലേക്കുള്ള വഴികാട്ടികളായി കണക്കാക്കുകയും അവരെ മാതാപിതാക്കളെക്കാളധികം ബഹുമാനിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു.” ബൈബിൾ പഠിച്ചുകൊണ്ടു തങ്ങളെത്തന്നെ പഠിപ്പിക്കുന്നതും തുടർന്നു മറ്റുള്ളവരെ പഠിപ്പിക്കുന്നതും ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും ആദരണീയമാണ്‌.

4 “മറ്റേതൊരു ജോലിയിൽ ഉള്ളതിനെക്കാളും കൂടുതൽ ആളുകൾ അധ്യാപന രംഗത്തുണ്ട്‌. ലോകമെമ്പാടുമായി 48 ദശലക്ഷത്തോളം സ്‌ത്രീപുരുഷന്മാർ അധ്യാപകരാണ്‌.” (ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ) ഒരു ലൗകിക അധ്യാപകനെ ഭരമേൽപ്പിക്കുന്നത്‌ കുട്ടികളുടെ മനസ്സാണ്‌, അദ്ദേഹത്തിന്‌ ആ മനസ്സുകളെ വർഷങ്ങളോളം സ്വാധീനിക്കാൻ കഴിയും. മറ്റുള്ളവരെ പഠിപ്പിക്കാനുള്ള യേശുവിന്റെ കൽപ്പന അനുസരിക്കുമ്പോഴുള്ള ഫലം അതിനെക്കാളും വളരെ വലുതാണ്‌; നിങ്ങളുടെ പഠിപ്പിക്കലിന്‌ അവരുടെ നിത്യഭാവിയെ ബാധിക്കാൻ കഴിയും. തിമൊഥെയൊസിനെ പിൻവരുന്നപ്രകാരം ഉദ്‌ബോധിപ്പിച്ചപ്പോൾ പൗലൊസ്‌ അപ്പൊസ്‌തലൻ ഇക്കാര്യം ഊന്നിപ്പറഞ്ഞു: ‘നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊള്ളുക; ഇതിൽ ഉറെച്ചുനില്‌ക്കുക; അങ്ങനെ ചെയ്‌താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.’ (1 തിമൊഥെയൊസ്‌ 4:16) അതേ, നിങ്ങളുടെ പഠിപ്പിക്കൽ രക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു.

5. ക്രിസ്‌തീയ പഠിപ്പിക്കൽ ഏറ്റവും ശ്രേഷ്‌ഠമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 നിങ്ങളെത്തന്നെയും തുടർന്നു മറ്റുള്ളവരെയും പഠിപ്പിക്കുക എന്നത്‌ പരമോന്നത ഉറവായ അഖിലാണ്ഡ പരമാധികാരി അധികാരപ്പെടുത്തിയതും നിർദേശിച്ചതുമായ ഒരു കാര്യമാണ്‌. ആ വസ്‌തുത ഒന്നുതന്നെ ഈ പഠിപ്പിക്കലിനെ, പ്രാഥമിക വിഷയങ്ങളോ തൊഴിൽ വൈദഗ്‌ധ്യങ്ങളോ ചികിത്സാ വിദ്യകളോ അങ്ങനെ എന്തുതന്നെയും പഠിപ്പിക്കുന്ന ലൗകികമായ ഏതൊരു പഠിപ്പിക്കലിനെക്കാളും ശ്രേഷ്‌ഠമാക്കിത്തീർക്കുന്നു. വിദ്യാർഥി ദൈവപുത്രനായ ക്രിസ്‌തുയേശുവിനെ അനുകരിക്കാനും തുടർന്നു മറ്റുള്ളവരെ അങ്ങനെ ചെയ്യാൻ പഠിപ്പിക്കാനും വ്യക്തിപരമായി പഠിക്കുന്നതു ക്രിസ്‌തീയ പഠിപ്പിക്കലിൽ ഉൾപ്പെടുന്നു.​—⁠യോഹന്നാൻ 15:⁠10.

നിങ്ങളെത്തന്നെ പഠിപ്പിക്കുന്നത്‌ എന്തിന്‌?

6, 7. (എ) നാം ആദ്യം നമ്മെത്തന്നെ പഠിപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർ പഠിപ്പിക്കുന്നവർ എന്ന നിലയിൽ പരാജയപ്പെട്ടത്‌ എങ്ങനെ?

6 ആദ്യം നാം നമ്മെത്തന്നെ പഠിപ്പിക്കണമെന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌? നാം ആദ്യം നമ്മെത്തന്നെ പഠിപ്പിച്ചിട്ടില്ലെങ്കിൽ, നമുക്കു മറ്റുള്ളവരെ ശരിയായി പഠിപ്പിക്കാനാവില്ല. തന്റെ ലേഖനങ്ങളിൽ ഒന്നിലെ ചിന്തോദ്ദീപകമായ ഒരു ഭാഗത്ത്‌ പൗലൊസ്‌ ആ വസ്‌തുതയ്‌ക്ക്‌ ഊന്നൽ നൽകി, അവന്റെ നാളിലെ യഹൂദർക്ക്‌ അതു പ്രാധാന്യമുള്ളതായിരുന്നു. ഇന്നത്തെ ക്രിസ്‌ത്യാനികൾക്കും അതിൽ ഒരു സുപ്രധാന സന്ദേശം അടങ്ങിയിട്ടുണ്ട്‌. പൗലൊസ്‌ ഇങ്ങനെ ചോദിച്ചു: “അങ്ങനെ എങ്കിൽ, മററുള്ളവരെ പഠിപ്പിക്കുന്ന നീ സ്വയം പഠിപ്പിക്കാത്തത്‌ എന്ത്‌? മോഷ്‌ടിക്കരുത്‌ എന്നു പ്രസംഗിക്കുന്ന നീ മോഷ്‌ടിക്കുന്നുവോ? വ്യഭിചാരത്തിന്നു വിലക്കു കല്‌പിക്കുന്ന നീ വ്യഭിചരിക്കുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയങ്ങൾ കൊള്ളയടിക്കുന്നുവോ? നിയമത്തിൽ [“ന്യായപ്രമാണത്തിൽ,” NW] അഹങ്കരിക്കുന്ന നീ നിയമം [“ന്യായപ്രമാണം,” NW] ലംഘിച്ചു ദൈവത്തെ അവഹേളിക്കുന്നുവോ?”​—⁠റോമർ 2:21-23, ഓശാന ബൈ.

7 വ്യഭിചാരം ചെയ്യരുത്‌, മോഷ്ടിക്കരുത്‌ എന്നു പറഞ്ഞപ്പോൾ പത്തു കൽപ്പനകൾ നേരിട്ടു പരാമർശിച്ച രണ്ടു തെറ്റുകളെ കുറിച്ച്‌ പൗലൊസ്‌ തന്റെ ചോദ്യങ്ങളിൽ പ്രതിപാദിച്ചു. (പുറപ്പാടു 20:14, 15) തങ്ങൾക്കു ദൈവത്തിന്റെ ന്യായപ്രമാണം ഉണ്ടെന്നതിൽ പൗലൊസിന്റെ നാളിലെ ചില യഹൂദന്മാർ വളരെ അഭിമാനിച്ചിരുന്നു. അവർ ‘ന്യായപ്രമാണത്തിൽനിന്നു പഠിപ്പിക്കപ്പെട്ടവരും കുരുടർക്കു വഴി കാട്ടുന്നവരും ഇരുട്ടിലുള്ളവർക്കു വെളിച്ചവും ശിശുക്കൾക്കു ഉപദേഷ്ടാവും എന്നു ഉറെച്ചവരും’ ആയിരുന്നു. (റോമർ 2:17-20) എന്നാൽ, ചിലർ കപടഭക്തർ ആയിരുന്നു. കാരണം, അവർ രഹസ്യത്തിൽ മോഷണവും വ്യഭിചാരവും നടത്തുന്നുണ്ടായിരുന്നു. അതു ന്യായപ്രമാണത്തെയും അതു നൽകിയ സ്വർഗത്തിലെ ദൈവത്തെയും അവഹേളിക്കുമായിരുന്നു. മറ്റുള്ളവരെ പഠിപ്പിക്കാൻ അവർക്ക്‌ ഒട്ടും യോഗ്യത ഇല്ലായിരുന്നു എന്നു നിങ്ങൾക്കു കാണാൻ കഴിയും; അവർ തങ്ങളെപ്പോലും പഠിപ്പിക്കുന്നില്ലായിരുന്നു.

8. പൗലൊസിന്റെ നാളിൽ ചില യഹൂദന്മാർ ‘ദേവാലയങ്ങൾ കൊള്ളയടിച്ചിരിക്കാൻ’ സാധ്യതയുള്ളത്‌ എങ്ങനെ?

8 ദേവാലയങ്ങൾ കൊള്ളയടിക്കുന്നതിനെ കുറിച്ചു പൗലൊസ്‌ പരാമർശിച്ചു. ചില യഹൂദന്മാർ അക്ഷരീയമായി അങ്ങനെ ചെയ്‌തിരുന്നോ? പൗലൊസിന്റെ മനസ്സിൽ എന്താണ്‌ ഉണ്ടായിരുന്നത്‌? ഈ ഭാഗത്തുള്ള പരിമിതമായ വിവരങ്ങൾ കണക്കിലെടുത്തുകൊണ്ട്‌ യഹൂദന്മാരിൽ ചിലർ ‘ദേവാലയങ്ങൾ കൊള്ളയടിച്ചത്‌’ എങ്ങനെയാണ്‌ എന്നതു സംബന്ധിച്ച്‌ നമുക്ക്‌ ഒന്നും തീർത്തു പറയാനാവില്ല എന്നതാണു വാസ്‌തവം. പൗലൊസിന്റെ കൂട്ടാളികൾ ‘ക്ഷേത്രം കവർച്ചക്കാരല്ല’ എന്നു നേരത്തേ എഫെസൊസിലെ പട്ടണമേനവൻ പ്രഖ്യാപിച്ചിരുന്നു. യഹൂദർക്ക്‌ അങ്ങനെയൊരു രീതി ഉണ്ടായിരുന്നെന്ന്‌ ചിലരെങ്കിലും കരുതിയിരുന്നതായി അതു സൂചിപ്പിക്കുന്നു. (പ്രവൃത്തികൾ 19:29-37) യുദ്ധജേതാക്കളോ മതഭ്രാന്തന്മാരോ കൊള്ളയടിച്ച പുറജാതീയ ക്ഷേത്രങ്ങളിൽനിന്നു വന്ന വിലപ്പെട്ട വസ്‌തുക്കൾ അവർ വ്യക്തിപരമായി ഉപയോഗിക്കുകയോ അതിൽനിന്നു ലാഭമുണ്ടാക്കുകയോ ആയിരുന്നോ? ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ച്‌, വിഗ്രഹങ്ങളിലെ സ്വർണവും വെള്ളിയും നശിപ്പിക്കണമായിരുന്നു, അല്ലാതെ വ്യക്തിപരമായ ഉപയോഗത്തിന്‌ എടുക്കാൻ പാടില്ലായിരുന്നു. (ആവർത്തനപുസ്‌തകം 7:25) * അതുകൊണ്ട്‌, ദൈവകൽപ്പനയെ അവഗണിച്ച്‌ പുറജാതീയ ദേവാലയങ്ങളിൽനിന്നുള്ള വസ്‌തുവകകൾ ഉപയോഗിക്കുകയോ മുതലാക്കുകയോ ചെയ്‌ത യഹൂദന്മാരെ പൗലൊസ്‌ പരാമർശിക്കുക ആയിരുന്നിരിക്കാം.

9. യെരൂശലേമിലെ ആലയത്തോടു ബന്ധപ്പെട്ടു നടന്ന എന്തെല്ലാം തെറ്റായ നടപടികൾ ആലയം കൊള്ളയടിക്കുന്നതിനു തുല്യമായിരുന്നു?

9 നേരെ മറിച്ച്‌, റോമിൽ നാലു യഹൂദന്മാർ ഉൾപ്പെട്ട കുംഭകോണത്തെ കുറിച്ച്‌ ജോസീഫസ്‌ പറയുകയുണ്ടായി. അവരുടെ നേതാവ്‌ ഒരു ന്യായപ്രമാണ ഉപദേഷ്ടാവ്‌ ആയിരുന്നു. യെരൂശലേമിലെ ആലയത്തിലേക്ക്‌ സ്വർണവും വിലപിടിച്ച മറ്റു ദ്രവ്യങ്ങളും സംഭാവന ചെയ്യാൻ യഹൂദ മതപരിവർത്തിതയായ ഒരു റോമാക്കാരിയെ അവർ പറഞ്ഞു സമ്മതിപ്പിച്ചു. അവ അവളിൽനിന്നു ലഭിച്ചപ്പോൾ അവർ ആ സമ്പത്തു സ്വന്തമായി എടുത്തു. ഇത്‌ ദേവാലയം കൊള്ളയടിക്കുന്നതു പോലെയായിരുന്നു. * ഊനമുള്ള യാഗവസ്‌തുക്കൾ അർപ്പിച്ചുകൊണ്ടും ആലയമുറ്റത്ത്‌ അത്യാർത്തിപൂണ്ട കച്ചവടത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ ആലയത്തെ “കള്ളന്മാരുടെ ഗുഹ” ആക്കിത്തീർത്തുകൊണ്ടും മറ്റു ചിലർ ഒരർഥത്തിൽ ദൈവത്തിന്റെ ആലയം കൊള്ളയടിച്ചു.​—⁠മത്തായി 21:12, 13; മലാഖി 1:12-14; 3:8, 9, ഓശാന ബൈ.

ക്രിസ്‌തീയ ധാർമികത പഠിപ്പിക്കുക

10. റോമർ 2:21-23-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ വാക്കുകളുടെ ഏതു സാരാംശം നാം അവഗണിക്കരുത്‌?

10 മോഷണം, വ്യഭിചാരം, ആലയ കവർച്ച എന്നിവയുമായി ബന്ധപ്പെട്ട്‌ പൗലൊസ്‌ പരാമർശിച്ച ഒന്നാം നൂറ്റാണ്ടിലെ നടപടികൾ എന്തുതന്നെ ആയിരുന്നാലും, അവൻ പറഞ്ഞ കാര്യങ്ങളുടെ സാരാംശം നമുക്ക്‌ അവഗണിക്കാതിരിക്കാം. അവൻ ചോദിച്ചു: “അങ്ങനെ എങ്കിൽ, മററുള്ളവരെ പഠിപ്പിക്കുന്ന നീ സ്വയം പഠിപ്പിക്കാത്തത്‌ എന്ത്‌?” പൗലൊസ്‌ എടുത്തുകാട്ടിയ ഉദാഹരണങ്ങൾ ധാർമികതയോടു ബന്ധപ്പെട്ടവ ആയിരുന്നു എന്നതു ശ്രദ്ധേയമാണ്‌. ബൈബിൾ ഉപദേശങ്ങളിലോ ചരിത്രത്തിലോ പൗലൊസ്‌ ഇവിടെ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. പൗലൊസ്‌ പരാമർശിച്ച പഠിപ്പിക്കൽ​—⁠തന്നെത്തന്നെയും മറ്റുള്ളവരെയും പഠിപ്പിക്കുന്നത്‌​—⁠ക്രിസ്‌തീയ ധാർമികതയോടു ബന്ധപ്പെട്ടിരുന്നു.

11. നിങ്ങൾ ദൈവവചനം പഠിക്കവേ, ക്രിസ്‌തീയ ധാർമികതയ്‌ക്കു ശ്രദ്ധ കൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

11 റോമർ 2:21-23 നൽകുന്ന പാഠം നാം ബാധകമാക്കുന്നതിന്റെ അർഥം, നാംതന്നെ ദൈവവചനത്തിൽനിന്നു ക്രിസ്‌തീയ ധാർമികത പഠിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുക എന്നാണ്‌. അതുകൊണ്ട്‌, നിങ്ങൾ ബൈബിൾ പഠിക്കവേ, യഥാർഥ ക്രിസ്‌തീയ ധാർമികതയുടെ ഉറവായ യഹോവയുടെ നിലവാരങ്ങൾ സംബന്ധിച്ച സൂചനകൾക്കായി ജാഗ്രത പുലർത്തുക. നിങ്ങൾ ബൈബിളിൽ കണ്ടെത്തുന്ന ബുദ്ധിയുപദേശത്തെയും പാഠങ്ങളെയും കുറിച്ചു ധ്യാനിക്കുക. തുടർന്ന്‌, നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ധൈര്യപൂർവം ബാധകമാക്കുക. അങ്ങനെ ചെയ്യുന്നതിനു തീർച്ചയായും ധൈര്യവും ദൃഢനിശ്ചയവും ആവശ്യമാണ്‌. അപൂർണ മനുഷ്യർക്ക്‌, ഒരു പ്രത്യേക സാഹചര്യത്തിൽ ക്രിസ്‌തീയ ധാർമികത അവഗണിച്ചാലും കുഴപ്പമില്ലെന്നോ അവഗണിക്കേണ്ടതാണെന്നു പോലുമോ കാണിക്കുന്ന ഒഴികഴിവുകളോ ന്യായങ്ങളോ കണ്ടെത്തുക എളുപ്പമാണ്‌. ഒരുപക്ഷേ, പൗലൊസ്‌ പരാമർശിച്ച ആ യഹൂദന്മാർ ഒഴികഴിവുകൾ കണ്ടെത്താനോ മറ്റുള്ളവരെ വഴിതെറ്റിക്കാനോ വേണ്ടി കുടിലമായ വാദഗതികൾ നിരത്തുന്നതിൽ വിദഗ്‌ധർ ആയിരുന്നിരിക്കാം. എന്നാൽ, ഒരുവന്റെ ഇഷ്ടപ്രകാരം ക്രിസ്‌തീയ ധാർമികതയെ വിലകുറച്ചു കാണാനോ അവഗണിക്കാനോ പാടില്ല എന്നു പൗലൊസിന്റെ വാക്കുകൾ പ്രകടമാക്കുന്നു.

12. നല്ല നടത്തയും ദുഷിച്ച നടത്തയും യഹോവയാം ദൈവത്തെ എങ്ങനെ ബാധിക്കുന്നു, ഇക്കാര്യം മനസ്സിൽ പിടിക്കുന്നതു ഗുണകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 ബൈബിളിൽ കാണുന്ന ധാർമികത പഠിക്കുകയും ബാധകമാക്കുകയും ചെയ്യേണ്ടതിന്റെ ഒരു പ്രമുഖ കാരണം അപ്പൊസ്‌തലൻ എടുത്തുകാട്ടി. യഹൂദന്മാരുടെ ദുഷ്‌പെരുമാറ്റം യഹോവയാം ദൈവത്തെ ബാധിക്കുകയുണ്ടായി: “നിയമത്തിൽ അഹങ്കരിക്കുന്ന നീ നിയമം ലംഘിച്ചു ദൈവത്തെ അവഹേളിക്കുന്നുവോ? കാരണം ‘നിങ്ങൾ നിമിത്തം വിജാതീയരുടെ ഇടയിൽ ദൈവനാമം അവമതിക്കപ്പെടുന്നു.’” (റോമർ 2:23, 24, ഓശാന ബൈ.) അതുപോലെ ഇന്നു നാം ക്രിസ്‌തീയ ധാർമികത അവഗണിക്കുന്നെങ്കിൽ, അതിന്റെ ഉറവിനെ അവഹേളിക്കുകയാണു ചെയ്യുന്നത്‌. നേരെ മറിച്ച്‌, നാം ദൈവത്തിന്റെ നിലവാരങ്ങളോടു പറ്റിനിൽക്കുന്നെങ്കിൽ, അത്‌ അവനു മഹത്ത്വം കരേറ്റും. (യെശയ്യാവു 52:5; യെഹെസ്‌കേൽ 36:20) ഇതു നിങ്ങൾ അറിഞ്ഞിരിക്കുന്നത്‌, ക്രിസ്‌തീയ ധാർമികത അവഗണിക്കുന്നത്‌ ഏറ്റവും എളുപ്പമോ സൗകര്യപ്രദമോ ആയ മാർഗമാണെന്നു തോന്നിയേക്കാവുന്നതരം പ്രലോഭനങ്ങളെയും സാഹചര്യങ്ങളെയും നിങ്ങൾ അഭിമുഖീകരിക്കുന്നെങ്കിൽ, നിങ്ങളുടെ തീരുമാനത്തെ ബലപ്പെടുത്തും. കൂടാതെ, പൗലൊസിന്റെ വാക്കുകൾ നമ്മെ മറ്റൊരു കാര്യം പഠിപ്പിക്കുന്നു. നിങ്ങളുടെ നടത്ത ദൈവത്തെ ബാധിക്കുമെന്നു വ്യക്തിപരമായി തിരിച്ചറിയുന്നതിനു പുറമേ, നിങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കവേ, അവർ പഠിക്കുന്ന ധാർമിക നിയമങ്ങൾ ബാധകമാക്കുന്ന വിധം യഹോവയെ ബാധിക്കുന്നു എന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുകയും ചെയ്യുക. ക്രിസ്‌തീയ ധാർമികത ഒരുവനു സംതൃപ്‌തി കൈവരുത്തുകയും അവന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നതിനു പുറമേ, അതു പ്രസ്‌തുത ധാർമികത നൽകുകയും അതു പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരിക്കുന്ന ദൈവത്തെ ബാധിക്കുകയും ചെയ്യുന്നു.​—⁠സങ്കീർത്തനം 74:10; യാക്കോബ്‌ 3:⁠17.

13. (എ) ധാർമികത സംബന്ധിച്ചു ബൈബിൾ നമ്മെ എങ്ങനെ സഹായിക്കുന്നു? (ബി) 1 തെസ്സലൊനീക്യർ 4:3-7-ലെ ബുദ്ധിയുപദേശത്തിന്റെ രത്‌നച്ചുരുക്കം നൽകുക.

13 ധാർമികത മറ്റു മനുഷ്യരെയും ബാധിക്കുന്നു. ദൈവത്തിന്റെ ധാർമിക നിലവാരങ്ങൾ ബാധകമാക്കുന്നതിന്റെ മൂല്യത്തെയും അവയെ അവഗണിക്കുന്നതിന്റെ ഫലങ്ങളെയും എടുത്തുകാണിക്കുന്ന ബൈബിൾ ദൃഷ്ടാന്തങ്ങളിൽനിന്നു നിങ്ങൾക്ക്‌ അതു കാണാൻ കഴിയും. (ഉല്‌പത്തി 39:1-9, 21; യോശുവ 7:1-25) ധാർമികത സംബന്ധിച്ചു പിൻവരുന്നതു പോലുള്ള വ്യക്തമായ ബുദ്ധിയുപദേശവും നിങ്ങൾക്കു കാണാൻ കഴിയും: “ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു [“പരസംഗം,“ NW] വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും [“ഈ കാര്യത്തിൽ ആരും തന്റെ സഹോദരന്റെ അവകാശങ്ങളെ അതിക്രമിക്കുകയും അവയുടെമേൽ കടന്നുകയറുകയും,” NW] അരുതു; . . . ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു.”​—⁠1 തെസ്സലൊനീക്യർ 4:3-7.

14. 1 തെസ്സലൊനീക്യർ 4:3-7-ലെ ബുദ്ധിയുപദേശം സംബന്ധിച്ച്‌ നിങ്ങൾക്കു സ്വയം എന്തു ചോദിക്കാവുന്നതാണ്‌?

14 ലൈംഗിക അധാർമികത ക്രിസ്‌തീയ ധാർമികതയുടെ ലംഘനം ആണെന്ന്‌ ഈ ഭാഗത്തുനിന്ന്‌ ആർക്കും മനസ്സിലാക്കാനാകും. എന്നാൽ, ആ തിരുവെഴുത്തു ഭാഗത്തെ കുറിച്ച്‌ ഉപരിപ്ലവമായ ഗ്രാഹ്യം നേടുന്നതിലുമധികം നിങ്ങൾക്കു ചെയ്യാൻ കഴിയും. ഉൾക്കാഴ്‌ച നൽകുന്ന ഗഹനമായ പഠനത്തിനും ധ്യാനത്തിനുമുള്ള വഴികൾ നൽകുന്നവയാണു ചില ബൈബിൾ ഭാഗങ്ങൾ. ഉദാഹരണത്തിന്‌, പരസംഗത്തിൽ ഏർപ്പെടുന്നത്‌ ഒരുവനെ ‘ഈ കാര്യത്തിൽ അതിക്രമിക്കയും തന്റെ സഹോദരന്റെ അവകാശങ്ങളിന്മേൽ കടന്നുകയറുകയും’ ചെയ്യുന്ന അവസ്ഥയിലേക്കു കൊണ്ടെത്തിച്ചേക്കാം എന്നു പറഞ്ഞപ്പോൾ പൗലൊസ്‌ അർഥമാക്കിയതിനെ കുറിച്ചു നിങ്ങൾക്കു ചിന്തിക്കാവുന്നതാണ്‌. എന്തെല്ലാം അവകാശങ്ങളാണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌, ഇതു സംബന്ധിച്ച മെച്ചപ്പെട്ട ഗ്രാഹ്യം ക്രിസ്‌തീയ ധാർമികത നിലനിറുത്താൻ കൂടുതലായ ഒരു പ്രചോദനം നിങ്ങൾക്ക്‌ എങ്ങനെ തരും? അത്തരം ഗവേഷണത്തിന്റെ ഫലങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കാനും ദൈവത്തെ ബഹുമാനിക്കാൻ അവരെ സഹായിക്കാനും നിങ്ങളെ എങ്ങനെ മെച്ചമായി സജ്ജരാക്കും?

പഠിപ്പിക്കുകയെന്ന ഉദ്ദേശ്യത്തിൽ പഠിക്കുക

15. വ്യക്തിപരമായ പഠനത്തിലൂടെ നിങ്ങളെത്തന്നെ പഠിപ്പിക്കാൻ ഏത്‌ ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയും?

15 തങ്ങളെത്തന്നെയോ മറ്റുള്ളവരെയോ പഠിപ്പിക്കാനായി പഠിക്കുമ്പോൾ ഉയർന്നുവരുന്ന ചോദ്യങ്ങളും പ്രശ്‌നങ്ങളും സംബന്ധിച്ചു ഗവേഷണം നടത്താൻ പറ്റിയ ഉപകരണങ്ങൾ യഹോവയുടെ സാക്ഷികൾക്കുണ്ട്‌. പല ഭാഷകളിലും ലഭ്യമായ ഒരു ഉപകരണമാണ്‌ വാച്ച്‌ ടവർ പ്രസിദ്ധീകരണ സൂചിക. നിങ്ങൾക്ക്‌ അതു പ്രാപ്യമാണെങ്കിൽ, യഹോവയുടെ സാക്ഷികളുടെ ബൈബിൾ അധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിൽ വിവരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക്‌ അതുപയോഗിക്കാൻ കഴിയും. നിങ്ങൾക്കു വിഷയ പട്ടികയിലോ ബൈബിൾവാക്യ പട്ടികയിലോ പരതാൻ കഴിയും. പല പ്രമുഖ ഭാഷകളിലും യഹോവയുടെ സാക്ഷികൾക്കു ലഭ്യമായിരിക്കുന്ന മറ്റൊരു ഉപകരണമാണ്‌ വാച്ച്‌ടവർ ലൈബ്രറി. സിഡി-റോമിലുള്ള ഈ കമ്പ്യൂട്ടർ പ്രോഗ്രാമിൽ ഇലക്‌ട്രോണിക്‌ രൂപത്തിൽ പ്രസിദ്ധീകരണങ്ങളുടെ വലിയ ഒരു ശേഖരംതന്നെ ഉണ്ട്‌. വിഷയങ്ങളും തിരുവെഴുത്തു വിവരങ്ങളും ഗവേഷണം ചെയ്യാൻ ഈ പ്രോഗ്രാം ഒരുവനെ സഹായിക്കുന്നു. ഇവയിൽ ഏതെങ്കിലും അല്ലെങ്കിൽ രണ്ടും നിങ്ങൾക്കു ലഭ്യമാണെങ്കിൽ, മറ്റുള്ളവരെ പഠിപ്പിക്കാൻ തക്കവണ്ണം നിങ്ങൾ ദൈവവചനം പഠിക്കവേ അവ പതിവായി ഉപയോഗിക്കുക.

16, 17. (എ) 1 തെസ്സലൊനീക്യർ 4:​6-ൽ പ്രതിപാദിച്ചിരിക്കുന്ന അവകാശങ്ങൾ സംബന്ധിച്ചുള്ള വിജ്ഞാനപ്രദമായ വിവരങ്ങൾ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താനാകും? (ബി) ഏതു വിധങ്ങളിലാണ്‌ പരസംഗം മറ്റുള്ളവരുടെ അവകാശങ്ങളിന്മേലുള്ള ഒരു കടന്നുകയറ്റം ആയിരിക്കുന്നത്‌?

16 മുകളിൽ പരാമർശിച്ച ഉദാഹരണം, 1 തെസ്സലൊനീക്യർ 4:3-7, നമുക്കു പരിഗണിക്കാം. അവിടെ അവകാശങ്ങളെ കുറിച്ചുള്ള ചോദ്യം ഉയർന്നുവന്നു. ആരുടെ അവകാശങ്ങൾ? ആരെങ്കിലും ആ അവകാശങ്ങളുടെമേൽ കടന്നുകയറിയേക്കാവുന്നത്‌ എങ്ങനെ? ഇപ്പോൾ പരാമർശിച്ച പഠനോപകരണങ്ങൾ ഉപയോഗിച്ച്‌, ആ വാക്യങ്ങളെ കുറിച്ച്‌, പൗലൊസ്‌ പരാമർശിച്ച അവകാശങ്ങളെ കുറിച്ചു പോലും, വിജ്ഞാനപ്രദമായ നിരവധി ആശയങ്ങൾ നിങ്ങൾക്കു കണ്ടെത്താനായേക്കും. അത്തരം വിവരങ്ങൾ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌), 1-ാം വാല്യം, 863-4 പേജുകളിലും യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക്‌ അത്‌ എങ്ങനെ കണ്ടെത്താം? എന്ന പുസ്‌തകത്തിന്റെ 145-ാം പേജിലും 1989 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 31-ാം പേജിലും നിങ്ങൾക്കു കണ്ടെത്താൻ കഴിയും.

17 പഠനം നടത്തുമ്പോൾ, പൗലൊസിന്റെ വാക്കുകൾ എത്ര സത്യമെന്ന്‌ ആ പ്രസിദ്ധീകരണങ്ങൾ വ്യക്തമാക്കുന്നതായി നിങ്ങൾ കാണും. പരസംഗത്തിൽ ഏർപ്പെടുന്ന ഒരുവൻ ദൈവത്തിനെതിരെ പാപം ചെയ്യുകയും തനിക്കു രോഗസാധ്യത വരുത്തിവെക്കുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 6:18, 19, NW; എബ്രായർ 13:4) പരസംഗത്തിൽ ഏർപ്പെടുന്ന ഒരു പുരുഷൻ, താൻ ഏതു സ്‌ത്രീയോടൊപ്പം പരസംഗത്തിൽ ഏർപ്പെടുന്നുവോ അവളുടെ വിവിധ അവകാശങ്ങളുടെമേൽ കടന്നുകയറ്റം നടത്തുന്നു. ശുദ്ധമായ ഒരു ധാർമിക നിലയും നല്ല ഒരു മനസ്സാക്ഷിയും അയാൾ അവൾക്കു നിഷേധിക്കുന്നു. അവൾ അവിവാഹിത ആണെങ്കിൽ, ഒരു കന്യക എന്ന നിലയിൽ വിവാഹബന്ധത്തിൽ പ്രവേശിക്കാനുള്ള അവളുടെ അവകാശത്തിന്മേലും അവളെ ആ അവസ്ഥയിൽ പ്രതീക്ഷിക്കാനുള്ള അവളുടെ ഭാവി ഭർത്താവിന്റെ അവകാശത്തിന്മേലും അയാൾ കടന്നുകയറ്റം നടത്തുന്നു. അയാൾ അവളുടെ മാതാപിതാക്കളെയും, അവൾ വിവാഹിത ആണെങ്കിൽ, അവളുടെ ഭർത്താവിനെയും വ്രണപ്പെടുത്തുന്നു. ആ അധാർമിക പുരുഷൻ ധാർമികമായി ഒരു നല്ല പേര്‌ ഉണ്ടായിരിക്കാനുള്ള സ്വന്തം കുടുംബത്തിന്റെ അവകാശത്തിനും കളങ്കം ചാർത്തുന്നു. അയാൾ ക്രിസ്‌തീയ സഭയിലെ അംഗമാണെങ്കിൽ, അതിന്റെ സത്‌പേര്‌ നശിപ്പിച്ചുകൊണ്ട്‌ അതിന്മേൽ നിന്ദ വരുത്തിവെക്കുന്നു.​—⁠1 കൊരിന്ത്യർ 5:⁠1.

18. ക്രിസ്‌തീയ ധാർമികത സംബന്ധിച്ച ബൈബിൾ പഠനത്തിൽനിന്നു നിങ്ങൾ പ്രയോജനം നേടുന്നത്‌ എങ്ങനെ?

18 അവകാശങ്ങൾ സംബന്ധിച്ച അത്തരം വിവരങ്ങൾ, പ്രസ്‌തുത വാക്യം നിങ്ങളുടെ മുന്നിൽ ചുരുളഴിയാൻ ഇടയാക്കുന്നില്ലേ? അത്തരത്തിലുള്ള പഠനം തീർച്ചയായും വലിയ മൂല്യമുള്ള ഒന്നാണ്‌. അതിൽ ഏർപ്പെടുമ്പോൾ, നിങ്ങൾ നിങ്ങളെത്തന്നെ പഠിപ്പിക്കുകയാണ്‌. ദൈവസന്ദേശത്തിന്റെ സത്യതയും ശക്തമായ ഫലവും സംബന്ധിച്ച നിങ്ങളുടെ ഗ്രാഹ്യം വർധിക്കുന്നു. എന്തു പ്രലോഭനം ഉളവായാലും, ക്രിസ്‌തീയ ധാർമികത നിലനിറുത്താനുള്ള ദൃഢനിശ്ചയത്തെ നിങ്ങൾ ബലിഷ്‌ഠമാക്കുന്നു. പഠിപ്പിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക്‌ ഇപ്പോഴത്തേതിലും എത്രയധികം ഫലപ്രദനായിരിക്കാൻ കഴിയുമെന്നു ചിന്തിക്കുക! ഉദാഹരണത്തിന്‌, മറ്റുള്ളവരെ ബൈബിൾ സത്യം പഠിപ്പിക്കവേ, 1 തെസ്സലൊനീക്യർ 4:3-7 സംബന്ധിച്ച്‌ അവർക്ക്‌ ഉൾക്കാഴ്‌ച പകരാനും ക്രിസ്‌തീയ ധാർമികതയെ കുറിച്ചുള്ള അവരുടെ ഗ്രാഹ്യവും വിലമതിപ്പും വർധിപ്പിക്കാനും നിങ്ങൾക്കു സാധിക്കും. അങ്ങനെ, ദൈവത്തിനു മഹത്ത്വം കരേറ്റാൻ നിങ്ങളെയും മറ്റു പലരെയും സഹായിക്കാൻ നിങ്ങളുടെ പഠനത്തിനു കഴിയും. തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ ലേഖനത്തിൽനിന്നുള്ള ഒരു ഉദാഹരണം മാത്രമാണ്‌ നാം ഇവിടെ പ്രതിപാദിച്ചത്‌. ക്രിസ്‌തീയ ധാർമികതയ്‌ക്ക്‌ മറ്റു നിരവധി വശങ്ങളുണ്ട്‌. അവയുമായി ബന്ധപ്പെട്ട വേറെ ധാരാളം ബൈബിൾ ഉദാഹരണങ്ങളും ബുദ്ധിയുപദേശ ആശയങ്ങളുമുണ്ട്‌. നിങ്ങൾക്ക്‌ അവ പഠിക്കാനും ബാധകമാക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും കഴിയും.

19. ക്രിസ്‌തീയ ധാർമികതയോടു പറ്റിനിൽക്കുന്നത്‌ അനിവാര്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 ക്രിസ്‌തീയ ധാർമികത നിലനിറുത്തുന്നതു ജ്ഞാനപൂർവകമാണ്‌ എന്നതിന്‌ യാതൊരു സംശയവുമില്ല. “ഉയരത്തിൽനിന്നുള്ള,” യഹോവയാം ദൈവത്തിൽനിന്നുള്ള, ‘ജ്ഞാനം ഒന്നാമതു നിർമലം ആകുന്നു’ എന്ന്‌ യാക്കോബ്‌ 3:17 പറയുന്നു. ദൈവത്തിന്റെ ധാർമിക നിലവാരങ്ങൾ പിൻപറ്റുന്നതിനെ അതു വ്യക്തമായി സൂചിപ്പിക്കുന്നു. വാസ്‌തവത്തിൽ, ബൈബിൾ പഠിപ്പിക്കുന്നതിൽ തന്നെ പ്രതിനിധാനം ചെയ്യുന്നവർ ‘നിർമ്മലതയിൽ’ നല്ല മാതൃകകൾ ആയിരിക്കാൻ യഹോവ ആവശ്യപ്പെടുന്നു. (1 തിമൊഥെയൊസ്‌ 4:12) പൗലൊസിനെയും തിമൊഥെയൊസിനെയും പോലുള്ള ആദിമ ശിഷ്യന്മാരുടെ ജീവിതമാതൃക അവർ അങ്ങനെ ആയിരുന്നു എന്നതിനു തെളിവു നൽകുന്നു; അവർ അധാർമികതയിൽനിന്നു വിട്ടുനിന്നു. പൗലൊസ്‌ ഇങ്ങനെ എഴുതുക പോലും ചെയ്‌തു: “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു.”​—⁠എഫെസ്യർ 5:3, 4.

20, 21. യോഹന്നാൻ അപ്പൊസ്‌തലൻ 1 യോഹന്നാൻ 5:​3, 4-ൽ എഴുതിയതുമായി നിങ്ങൾ യോജിക്കുന്നത്‌ എന്തുകൊണ്ട്‌?

20 ദൈവവചനത്തിൽ നൽകിയിരിക്കുന്ന ധാർമിക നിലവാരങ്ങൾ വ്യക്തവും നിർദിഷ്ടവും ആയിരിക്കെ, അവ താങ്ങാനാവാത്ത ഒരു ഭാരം ആയിരിക്കുന്നില്ല. അപ്പൊസ്‌തലന്മാരിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന യോഹന്നാന്‌ അതു വളരെ വ്യക്തമായിരുന്നു. പല പതിറ്റാണ്ടുകൾ നീണ്ട തന്റെ ജീവകാലത്തു നിരീക്ഷിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കി, ക്രിസ്‌തീയ ധാർമികത ഹാനികരമല്ല എന്ന്‌ അവന്‌ അറിയാമായിരുന്നു. നേരെ മറിച്ച്‌, അതു നല്ലതും പ്രയോജനപ്രദവും ഒരു അനുഗ്രഹവും ആണെന്നു തെളിഞ്ഞു. അത്‌ ഊന്നിപ്പറഞ്ഞുകൊണ്ട്‌ യോഹന്നാൻ ഇങ്ങനെ എഴുതി: “ദൈവത്തിന്റെ കല്‌പനകൾ അനുസരിക്കുന്നതാണു ദൈവസ്‌നേഹം. അവന്റെ കല്‌പനകൾ ദുർവഹമല്ല.”​—⁠1 യോഹന്നാൻ 5:​3, 4, ഓശാന ബൈ.

21 എന്നാൽ, ക്രിസ്‌തീയ ധാർമികത നിലനിറുത്തിക്കൊണ്ട്‌ ദൈവത്തെ അനുസരിക്കുന്നത്‌ നമ്മെ പ്രശ്‌നങ്ങളിൽനിന്ന്‌​—⁠മറിച്ചുള്ള ഗതിയുടെ മോശമായ അനന്തരഫലങ്ങളിൽ നിന്ന്‌​—⁠രക്ഷിക്കുന്നതുകൊണ്ടു മാത്രമല്ല അതിനെ ഏറ്റവും മെച്ചമായ മാർഗമായി യോഹന്നാൻ അവതരിപ്പിച്ചത്‌ എന്നതു ശ്രദ്ധിക്കുക. യഹോവയാം ദൈവത്തോടുള്ള അത്തരം അനുസരണം അവനോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ ഒരു പ്രകടനം, അവനോടുള്ള നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള അമൂല്യമായ ഒരു അവസരം, ആണെന്ന്‌ ആദ്യംതന്നെ വ്യക്തമാക്കിക്കൊണ്ട്‌ അവൻ കാര്യങ്ങളെ ശരിയായ വീക്ഷണകോണത്തിൽ അവതരിപ്പിച്ചു. തീർച്ചയായും, ദൈവത്തെ സ്‌നേഹിക്കാൻ നമ്മെത്തന്നെയോ മറ്റുള്ളവരെയോ പഠിപ്പിക്കുന്നതിൽ നാം അവന്റെ ഉയർന്ന നിലവാരങ്ങൾ സ്വീകരിക്കുകയും ബാധകമാക്കുകയും ചെയ്യുന്നത്‌ ഉൾപ്പെടുന്നു. അതേ, നമ്മെത്തന്നെയും മറ്റുള്ളവരെയും ക്രിസ്‌തീയ ധാർമികത പഠിപ്പിക്കുന്നതിനെ അത്‌ അർഥമാക്കുന്നു.

[അടിക്കുറിപ്പുകൾ]

^ ഖ. 8 വിശുദ്ധ കാര്യങ്ങളോട്‌ അനാദരവു കാണിക്കുന്നവരായി യഹൂദന്മാരെ വരച്ചുകാട്ടാതിരിക്കുമ്പോൾത്തന്നെ, ജോസീഫസ്‌ ദൈവനിയമം സ്വന്തം വാക്കുകളിൽ പിൻവരുന്നപ്രകാരം പ്രസ്‌താവിച്ചു: “മറ്റു നഗരങ്ങൾ പൂജിക്കുന്ന ദൈവങ്ങളെ ആരും നിന്ദിക്കാതിരിക്കട്ടെ, അന്യ ദേവാലയങ്ങളെ ആരും കവർച്ച ചെയ്യാതിരിക്കട്ടെ, ഏതെങ്കിലും ദൈവത്തിന്റെ പേരിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന നിക്ഷേപങ്ങൾ എടുക്കാതിരിക്കട്ടെ.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.)​—⁠യഹൂദ പുരാതനത്വങ്ങൾ (ഇംഗ്ലീഷ്‌), പുസ്‌തകം 4, അധ്യായം 8, ഖണ്ഡിക 10.

^ ഖ. 9 യഹൂദ പുരാതനത്വങ്ങൾ (ഇംഗ്ലീഷ്‌), പുസ്‌തകം 18, അധ്യായം 3, ഖണ്ഡിക 5.

നിങ്ങൾ ഓർമിക്കുന്നുവോ?

• മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു മുമ്പ്‌ നമ്മെത്തന്നെ പഠിപ്പിക്കാൻ തക്കവണ്ണം നാം പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• നമ്മുടെ നടത്ത യഹോവയെ ബാധിക്കുന്നത്‌ എങ്ങനെ?

• ഒരു പരസംഗക്കാരൻ ആരുടെ അവകാശങ്ങളിന്മേലായിരിക്കാം കടന്നുകയറ്റം നടത്തുന്നത്‌?

• ക്രിസ്‌തീയ ധാർമികത സംബന്ധിച്ച നിങ്ങളുടെ ദൃഢനിശ്ചയം എന്താണ്‌?

[അധ്യയന ചോദ്യങ്ങൾ]

[22-ാം പേജിലെ ചിത്രം]

“അവന്റെ കല്‌പനകൾ ദുർവഹമല്ല”