മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ അവ എന്നെങ്കിലും അവസാനിക്കുമോ?
മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ അവ എന്നെങ്കിലും അവസാനിക്കുമോ?
“ലോകജനതയുടെ നാലിലൊന്നു ദാരിദ്ര്യത്തിലാണ്, 130 കോടി ആളുകൾ 50 രൂപയിൽ താഴ്ന്ന വരുമാനം കൊണ്ടാണ് ദിവസവും കഴിഞ്ഞുകൂടുന്നത്, 100 കോടി ആളുകൾ നിരക്ഷരരാണ്, 130 കോടി ആളുകൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല, 100 കോടി ആളുകളാകട്ടെ ദിവസവും വിശപ്പിന്റെ പിടിയിലാണ്.” അയർലണ്ടിൽനിന്നുള്ള ഒരു റിപ്പോർട്ട് ലോകത്തിന്റെ അവസ്ഥയെ കുറിച്ചു പ്രസ്താവിക്കുന്നത് അപ്രകാരമാണ്.
ലോകത്തിലെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണാനുള്ള മനുഷ്യന്റെ കഴിവുകേടിലേക്കു വിരൽചൂണ്ടുന്ന എത്ര ശോചനീയമായ അവസ്ഥ! ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും നിസ്സഹായരായ സ്ത്രീകളും കുട്ടികളുമാണെന്ന് അറിയുമ്പോൾ ആ പ്രശ്നങ്ങൾ ഒന്നുകൂടെ ശോചനീയമായി തോന്നുന്നു. ഇപ്പോൾപ്പോലും, ഈ 21-ാം നൂറ്റാണ്ടിലും, “അസംഖ്യം ആളുകളുടെ” അവകാശങ്ങൾ “അനുദിനം ലംഘിക്കപ്പെടുന്നു” എന്നതു ഭീതിജനകമല്ലേ?—ലോകത്തിലെ കുട്ടികളുടെ അവസ്ഥ 2000 (ഇംഗ്ലീഷ്).
‘ഒരു തലമുറയ്ക്കുള്ളിൽ പുതിയലോകം’
“ഇത്തരം മോശമായ അവസ്ഥകൾ . . . ഭൂഗോളത്തിലെങ്ങും ഉള്ളവരുടെ ജീവിതത്തിൽ വരുത്തിയിരിക്കുന്ന ദുരിതങ്ങൾ നീക്കംചെയ്യാവുന്നതാണ്” എന്ന ശുഭാപ്തിവിശ്വാസം ഐക്യരാഷ്ട്ര ശിശുക്ഷേമനിധി പ്രകടിപ്പിച്ചിരിക്കുന്നു. ഹതഭാഗ്യരായ ഈ ശതകോടികൾക്ക് ഇപ്പോൾ സഹിക്കേണ്ടിവരുന്ന ഭീകരാവസ്ഥകൾ “ഒഴിവാക്കാനാവാത്തതോ മാറ്റംവരുത്താനാവാത്തതോ അല്ല” എന്ന് ഈ സംഘടന പ്രസ്താവിക്കുന്നു. വാസ്തവത്തിൽ, “ഒരു തലമുറയ്ക്കുള്ളിൽ പുതിയലോകത്തെ യാഥാർഥ്യമാക്കുന്നതിന് സകലർക്കു”മുള്ള ഒരു ആഹ്വാനം അതു പുറപ്പെടുവിക്കുകയുണ്ടായി. മുഴു മനുഷ്യവർഗവും “ദാരിദ്ര്യം, വിവേചനം, അക്രമം, രോഗം എന്നിവയിൽനിന്നു മോചിതരായിരിക്കുന്ന” ഒരു ലോകമായിരിക്കും അതെന്ന് ആ സംഘടന പ്രത്യാശിക്കുന്നു.
അത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവർ, ‘സംഘട്ടനങ്ങളുടെയും പ്രതിസന്ധികളുടെയും അനന്തമെന്നു തോന്നിക്കുന്ന ഒരു പരമ്പരയുടെ’ ദുഃഖകരമായ തിക്തഫലങ്ങൾക്ക് അയവു വരുത്താൻ മറ്റുള്ളവരുടെ ക്ഷേമത്തിൽ തത്പരരായ വ്യക്തികൾ ഇപ്പോൾത്തന്നെ വളരെയേറെ പ്രവർത്തിക്കുന്നു എന്ന വസ്തുതയിൽനിന്നു പ്രോത്സാഹനം ഉൾക്കൊള്ളുന്നു. ഉദാഹരണത്തിന് കഴിഞ്ഞ 15 വർഷത്തിലധികമായി, ‘ചെർണോബിൽ ചിൽഡ്രൻസ് പ്രോജക്ട്’ “ന്യൂക്ലിയർ സ്ഫോടന ഫലമായുള്ള റേഡിയോ ആക്ടീവ് ധൂളീപതനം നിമിത്തം കാൻസർ ബാധിച്ച നൂറുകണക്കിനു കുട്ടികളുടെ ദുരിതങ്ങൾക്ക് ആശ്വാസം പകർന്നിരിക്കുന്നു.” (ദി ഐറിഷ് എക്സാമിനർ, ഏപ്രിൽ 4, 2000) ചെറുതും വലുതുമായ സഹായ സംഘടനകൾ യുദ്ധത്തിനും വിപത്തുകൾക്കും ഇരയാകുന്ന അസംഖ്യം പേരുടെ ജീവിതത്തിൽ വലിയ മാറ്റം വരുത്തുന്നുണ്ട്.
എന്നിരുന്നാലും, അത്തരം മനുഷ്യത്വപരമായ ശ്രമങ്ങളിൽ പങ്കെടുക്കുന്നവർ യാഥാർഥ്യബോധമുള്ളവരാണ്. ഇപ്പോഴത്തെ പ്രശ്നങ്ങൾ “അവ ഒരു ദശാബ്ദത്തിനു മുമ്പ് ആയിരുന്നതിനെക്കാൾ വളരെ വ്യാപകവും ആഴത്തിൽ വേരൂന്നിയതുമാണ്” എന്ന് അവർക്കറിയാം. മൊസാമ്പിക്കിൽ വൻ വെള്ളപ്പൊക്കമുണ്ടായ സമയത്ത് “സ്റ്റാഫിന്റെയും പിന്തുണക്കാരുടെയും ദാതാക്കളുടെയും പ്രതികരണം ശ്ലാഘനീയമായിരുന്നു”വെന്ന് ഐറിഷ് ധർമസ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ഡേവിഡ് ബെഗ് പറയുന്നു. “എന്നാൽ,” അദ്ദേഹം തുടരുന്നു, “അത്തരം വിപത്തുകളുടെ ബൃഹത്തായ അളവിനെ ഞങ്ങൾക്കു തനിയെ തരണം ചെയ്യാനാവില്ല.” ദുരിതബാധിതർക്കു സഹായം എത്തിക്കുന്നതിനുള്ള ആഫ്രിക്കയിലെ ശ്രമങ്ങളെ കുറിച്ച് അദ്ദേഹം തുറന്നു സമ്മതിക്കുന്നു: “പ്രത്യാശയ്ക്കു വക നൽകുന്ന ഏതാനും സംഗതികൾ, മിന്നിക്കത്തുന്ന മെഴുകുതിരി നാളങ്ങൾ പോലെയാണ്.” അദ്ദേഹത്തിന്റെ പ്രസ്താവന ലോകമെമ്പാടുമുള്ള അവസ്ഥയുടെ രത്നച്ചുരുക്കമാണ് എന്ന് അനേകർക്കും തോന്നും എന്നതിനു സംശയമില്ല.
‘ഒരു തലമുറയ്ക്കുള്ളിൽ പുതിയലോകം’ എന്ന സ്വപ്നം സഫലമാകുമെന്നു നമുക്ക് യാഥാർഥ്യബോധത്തോടെ പ്രതീക്ഷിക്കാനാകുമോ? ഇപ്പോഴത്തെ മനുഷ്യത്വപരമായ ശ്രമങ്ങൾ തീർച്ചയായും അഭിനന്ദനാർഹം ആണെന്നിരിക്കെ, നീതിയും സമാധാനവും കളിയാടുന്ന ഒരു പുതിയ ലോകത്തെ സംബന്ധിച്ചുള്ള മറ്റൊരു പ്രതീക്ഷയെ കുറിച്ചു പരിചിന്തിക്കുന്നത് തീർച്ചയായും അർഥവത്താണ്. ബൈബിൾ ആ പ്രതീക്ഷയിലേക്കു വിരൽചൂണ്ടുന്നു. അടുത്ത ലേഖനം അതു ചർച്ച ചെയ്യും.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
3-ാം പേജിലെ കുട്ടികൾ: UN/DPI Photo by James Bu