വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ആത്മഹത്യ ചെയ്‌ത ഒരാൾക്കു വേണ്ടി ഒരു ക്രിസ്‌തീയ ശുശ്രൂഷകൻ ചരമപ്രസംഗം നടത്തുന്നത് ഉചിതമാണോ?
ആത്മഹത്യ ചെയ്‌തതായി തോന്നുന്ന ഒരുവനു വേണ്ടി ശുദ്ധമായ ഒരു മനസ്സാക്ഷിയോടെ ചരമപ്രസംഗം നടത്താമോ എന്ന് ഓരോ ക്രിസ്‌തീയ ശുശ്രൂഷകനും വ്യക്തിപരമായി തീരുമാനിക്കേണ്ടതാണ്. അങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ അദ്ദേഹം പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കണം: യഹോവ ആത്മഹത്യയെ എങ്ങനെ വീക്ഷിക്കുന്നു? വാസ്‌തവത്തിൽ, മരണം ആത്മഹത്യതന്നെ ആയിരുന്നോ? മാനസികമോ വൈകാരികമോ ആയ എന്തെങ്കിലും തകരാറ് ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചോ? സ്ഥലത്തെ ആളുകൾ ആത്മഹത്യയെ എങ്ങനെയാണു വീക്ഷിക്കുന്നത്?
ക്രിസ്‌ത്യാനികൾ എന്ന നിലയിൽ, യഹോവ ആത്മഹത്യയെ എങ്ങനെ വീക്ഷിക്കുന്നു എന്നതിൽ നാം തത്‌പരരാണ്. യഹോവയ്‌ക്കു മനുഷ്യജീവൻ അമൂല്യവും പാവനവുമാണ്. (ഉല്‌പത്തി 9:5; സങ്കീർത്തനം 36:9) കരുതിക്കൂട്ടി സ്വയം ജീവനൊടുക്കുന്നതു കൊലപാതകമാണ്, അതുകൊണ്ടുതന്നെ അതു യഹോവയ്‌ക്ക് അപ്രീതികരമാണ്. (പുറപ്പാടു 20:13; 1 യോഹന്നാൻ 3:15) ആ വസ്‌തുത, ആത്മഹത്യ ചെയ്‌ത ഒരാൾക്കു വേണ്ടി ചരമപ്രസംഗം നടത്തുന്നതിനെ അസാധുവാക്കുന്നുവോ?
ഇസ്രായേലിലെ ശൗൽ രാജാവിന്റെ കാര്യം പരിചിന്തിക്കുക. ഫെലിസ്‌ത്യർക്ക് എതിരെയുള്ള അന്തിമ യുദ്ധത്തെ താൻ അതിജീവിക്കുകയില്ല എന്നു മനസ്സിലാക്കിയപ്പോൾ, ശത്രു തന്നെ പിടികൂടി ദ്രോഹിക്കാൻ അനുവദിക്കുന്നതിനു പകരം, “ശൌൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.” അവന്റെ ശവശരീരം കണ്ടപ്പോൾ ഫെലിസ്‌ത്യർ അതു കൊണ്ടുപോയി ബേത്ത്-ശാൻ നഗരത്തിന്റെ ചുവരിന്മേൽ തൂക്കി. ഫെലിസ്‌ത്യർ ചെയ്‌ത കാര്യം അറിഞ്ഞപ്പോൾ, ഗിലെയാദിലെ യാബേശ് നിവാസികൾ ശവശരീരം അവിടെനിന്ന് എടുത്തുകൊണ്ടുപോയി ദഹിപ്പിച്ചു. അതിനുശേഷം അവർ അവന്റെ അസ്ഥികൾ കുഴിച്ചിട്ടു. അവർ, ഇസ്രായേല്യരുടെ ഇടയിലെ പരമ്പരാഗത വിലാപച്ചടങ്ങ് എന്ന നിലയിൽ, ഏഴു ദിവസം ഉപവസിക്കുക പോലും ചെയ്‌തു. (1 ശമൂവേൽ 31:4, 8-13; ഉല്‌പത്തി 50:10) ഗിലെയാദിലെ യാബേശ് നിവാസികൾ ചെയ്‌ത കാര്യം മനസ്സിലാക്കിയപ്പോൾ യഹോവയുടെ അഭിഷിക്തനായ ദാവീദ് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ യജമാനനായ ശൌലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്‌കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. യഹോവ നിങ്ങളോടു ദയയും വിശ്വസ്‌തതയും കാണിക്കുമാറാകട്ടെ.” (2 ശമൂവേൽ 2:5, 6) ശൗൽ രാജാവിനു വേണ്ടി ശവസംസ്‌കാര ചടങ്ങായി വീക്ഷിക്കാവുന്ന ഒന്ന് ചെയ്‌തതിനെ പ്രതി ഗിലെയാദിലെ യാബേശ് നിവാസികൾ കുറ്റം വിധിക്കപ്പെട്ടതായി നിശ്വസ്‌ത രേഖ സൂചിപ്പിക്കുന്നില്ല. ഈ സംഭവത്തെ, ദുഷ്‌പ്രവൃത്തി നിമിത്തം ശവസംസ്‌കാരം ലഭിക്കാതിരുന്നവരുടെ കാര്യവുമായി താരതമ്യം ചെയ്യുക. (യിരെമ്യാവു 25:32, 33) ആത്മഹത്യ ചെയ്‌ത ഒരു വ്യക്തിക്കു വേണ്ടി ചരമപ്രസംഗം നടത്താൻ കഴിയുമോ എന്നു തീരുമാനിക്കുമ്പോൾ ഒരു ക്രിസ്‌തീയ ശുശ്രൂഷകന് ശൗലിനെ സംബന്ധിച്ചുള്ള വിവരണം പരിചിന്തിക്കാവുന്നതാണ്.
ശുശ്രൂഷകൻ ചരമപ്രസംഗത്തിന്റെ ഉദ്ദേശ്യവും കണക്കിലെടുത്തേക്കാം. യഹോവയുടെ സാക്ഷികൾ, ആത്മാവിന്റെ അമർത്യതയിൽ വിശ്വസിക്കുന്നവരെ പോലെ, മരിച്ചയാൾ മറ്റൊരു ലോകത്തിലേക്കു പോയിരിക്കുന്നതായി പ്രഖ്യാപിക്കുന്നില്ല. ഈ തെറ്റായ ധാരണയോടെയല്ല സാക്ഷികൾ ശവസംസ്‌കാര ശുശ്രൂഷകൾ നടത്തുന്നത്. മരിച്ചയാൾക്ക് ഗുണകരം ആകുന്നതിനു പകരം, അനുസ്‌മരണ ശുശ്രൂഷ നടത്തുന്നതിന്റെ പ്രധാന ഉദ്ദേശ്യം ആളുടെ മരണത്തിൽ ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കുകയും സന്നിഹിതരായിരിക്കുന്നവർക്കു മരിച്ചവരുടെ അവസ്ഥയെ കുറിച്ചു സാക്ഷ്യം നൽകുകയുമാണ്. (സഭാപ്രസംഗി 9:5, 10; 2 കൊരിന്ത്യർ 1:3-5) ചരമപ്രസംഗം നടത്തുന്നതിന്റെ മറ്റൊരു പ്രധാന കാരണം, ജീവന്റെ ക്ഷണികതയെ കുറിച്ചു ചിന്തിക്കാൻ സന്നിഹിതരെ സഹായിക്കുക എന്നതാണ്. (സഭാപ്രസംഗി 7:2) ആത്മഹത്യ ചെയ്‌ത ഒരാൾക്കു വേണ്ടി ചരമപ്രസംഗം നടത്തുകവഴി ഈ ഉദ്ദേശ്യങ്ങൾ സാധിക്കുമോ?
താൻ യഹോവയ്‌ക്കെതിരെ പാപം ചെയ്യുകയാണെന്ന പൂർണ ബോധ്യത്തോടെ, മനഃപൂർവമാണു വ്യക്തി തന്റെ ജീവനൊടുക്കിയത് എന്നു ചിലർ കരുതിയേക്കാം എന്നതു ശരിതന്നെ. അത്തരമൊരു തോന്നലിനെ എല്ലായ്‌പോഴും പിന്താങ്ങാൻ മാർഗമുണ്ടോ? അതു പെട്ടെന്നുണ്ടായ ഒരു തോന്നലിന്റെ പേരിൽ ചെയ്‌ത ഒരു പ്രവൃത്തി ആയിരിക്കുമോ? ആത്മഹത്യക്കു ശ്രമിക്കുന്ന ചിലർ മനസ്സു മാറി അതു വേണ്ടെന്നു വെക്കാറുണ്ട്. ഒരാൾക്കു മരണശേഷം തന്റെ പ്രവൃത്തിയെ കുറിച്ചു അനുതപിക്കാൻ കഴിയില്ല.
ആത്മഹത്യ ചെയ്യുന്ന പലരുടെയും കാര്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന മാനസികവും വൈകാരികവുമായ തകരാറുകളാണ് മറ്റൊരു പ്രധാന ഘടകം. അവരെ ശരിക്കും ആത്മഹത്യയുടെ ഇരകൾ എന്നു വിളിക്കാനാകും. ചില
സ്ഥിതിവിവര കണക്കുകൾ അനുസരിച്ച്, ആത്മഹത്യ ചെയ്യുന്നവരിൽ 90 ശതമാനത്തിനും എന്തെങ്കിലും തരത്തിലുള്ള മാനസികമോ വൈകാരികമോ ആസക്തിപരമോ ആയ പ്രശ്‌നമുണ്ട്. അത്തരം ഒരു മാനസികാവസ്ഥയിൽ ഒരാൾ ആത്മഹത്യ ചെയ്‌താൽ യഹോവ ക്ഷമിക്കുമോ? മരിച്ച വ്യക്തി യഹോവയുടെ ദൃഷ്ടിയിൽ ക്ഷമ അർഹിക്കാത്ത ഒരു പാപം ചെയ്‌തോ എന്നു വിധിക്കാനുള്ള സ്ഥാനത്തല്ല നാം. ആത്മഹത്യ ചെയ്‌ത വ്യക്തിക്കു വേണ്ടി ചരമശുശ്രൂഷ നടത്തുന്ന കാര്യം പരിചിന്തിക്കവേ, മരിച്ച വ്യക്തിയുടെ സാഹചര്യങ്ങളും വൈദ്യചരിത്രവും ഒരു ക്രിസ്‌തീയ ശുശ്രൂഷകൻ കണക്കിലെടുത്തേക്കാം.പരിചിന്തിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്: സ്ഥലത്തെ ആളുകൾ ആത്മഹത്യയെയും വ്യക്തിയുടെ മരണത്തെയും എങ്ങനെയാണു വീക്ഷിക്കുന്നത്? ഇതു വിശേഷിച്ചും, യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയുടെ സത്‌പേരിൽ തത്‌പരരായ മൂപ്പന്മാർക്കു ചിന്തയുള്ള ഒരു കാര്യമാണ്. സ്ഥലത്തെ ആളുകൾക്കു പൊതുവേ ആത്മഹത്യയോടുള്ള മനോഭാവത്തെ, പ്രത്യേകിച്ചും നിലവിൽ ഉൾപ്പെട്ടിരിക്കുന്ന സംഭവത്തെ അവർ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ, ആശ്രയിച്ച് ചരമപ്രസംഗത്തിനു പരസ്യമായി അനുമതി നൽകാനോ രാജ്യഹാളിൽവെച്ച് അതു നടത്താനോ മൂപ്പന്മാർ താത്‌പര്യപ്പെടാതിരുന്നേക്കാം.
എന്നുവരികിലും, ഒരു ശവസംസ്‌കാര ചടങ്ങിന് ആധ്യക്ഷ്യം വഹിക്കാൻ ഒരു ക്രിസ്‌തീയ ശുശ്രൂഷകനോട് ആവശ്യപ്പെടുന്നപക്ഷം, സഭയെ പ്രതിനിധീകരിച്ചുകൊണ്ടല്ല മറിച്ച് വ്യക്തിപരമായ അടിസ്ഥാനത്തിൽ അതു ചെയ്യാൻ അദ്ദേഹം തീരുമാനിച്ചേക്കാം. അദ്ദേഹം അങ്ങനെ തീരുമാനിക്കുന്നപക്ഷം, ഒരു പുനരുത്ഥാനത്തിന്റെ സാധ്യത ഉണ്ടോ എന്ന് ഉറപ്പിച്ചു പ്രസ്‌താവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മരിച്ച വ്യക്തിയുടെ ഭാവി യഹോവയുടെ കരങ്ങളിലാണ്. മരിച്ചയാൾ പുനരുത്ഥാനം പ്രാപിക്കുമോ ഇല്ലയോ എന്ന് ഒരു മനുഷ്യനും പറയാനാവില്ല. ശുശ്രൂഷകനു മരണത്തെ കുറിച്ചുള്ള ബൈബിൾ സത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സന്തപ്‌തർക്ക് ആശ്വാസം പകരാനും കഴിയും.