യഹോവ പ്രകാശത്താൽ തന്റെ ജനത്തെ മനോഹരമാക്കുന്നു
യഹോവ പ്രകാശത്താൽ തന്റെ ജനത്തെ മനോഹരമാക്കുന്നു
‘[സ്ത്രീയേ,] എഴുന്നേററു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.’—യെശയ്യാവു 60:1.
1, 2. (എ) മനുഷ്യവർഗം ഏത് അവസ്ഥയിലാണ്? (ബി) മനുഷ്യവർഗത്തെ ബാധിച്ചിരിക്കുന്ന അന്ധകാരത്തിനു പിന്നിൽ ആരാണുള്ളത്?
“ഓ, ഒരു യെശയ്യാവോ ഒരു വിശുദ്ധ പൗലൊസോ ഉണ്ടായിരുന്നെങ്കിൽ!” 1940-കളിൽ, അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി ട്രൂമാൻ ആണ് ശോകാത്മകമായ ആ പ്രസ്താവന നടത്തിയത്. അദ്ദേഹം അങ്ങനെ പറയാൻ കാരണം എന്താണ്? തന്റെ നാളിൽ ഉത്കൃഷ്ടരായ ധാർമിക നേതാക്കന്മാരുടെ ആവശ്യം അദ്ദേഹം തിരിച്ചറിഞ്ഞു എന്നതുതന്നെ. 20-ാം നൂറ്റാണ്ടിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിന്, രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിന്, മനുഷ്യവർഗം സാക്ഷ്യം വഹിച്ചതേ ഉണ്ടായിരുന്നുള്ളൂ. യുദ്ധം അവസാനിച്ചെങ്കിലും ലോകത്തിൽ സമാധാനം ഉണ്ടായിരുന്നില്ല. അന്ധകാരം നിലനിന്നുപോന്നു. ആ യുദ്ധം കഴിഞ്ഞിട്ട് ഇപ്പോൾ 57 വർഷം പിന്നിട്ടിരിക്കുന്നെങ്കിലും, ലോകം ഇന്നും അന്ധകാരത്തിലാണ് എന്നതാണു വാസ്തവം. പ്രസിഡന്റ് ട്രൂമാൻ ഇന്നു ജീവിച്ചിരുന്നെങ്കിൽ, യെശയ്യാവിനെയോ പൗലൊസ് അപ്പൊസ്തലനെയോ പോലുള്ള ഉത്കൃഷ്ടരായ ധാർമിക നേതാക്കന്മാരുടെ ആവശ്യം അദ്ദേഹം ഇന്നും തിരിച്ചറിയുമായിരുന്നു എന്നതിനു സംശയമില്ല.
2 പ്രസിഡന്റ് ട്രൂമാൻ തിരിച്ചറിഞ്ഞിരുന്നാലും ഇല്ലെങ്കിലും, മനുഷ്യവർഗത്തെ ബാധിക്കുന്ന അന്ധകാരത്തെ കുറിച്ച് പൗലൊസ് അപ്പൊസ്തലൻ പറയുകയുണ്ടായി. അവൻ അതേക്കുറിച്ച് തന്റെ എഴുത്തുകളിൽ മുന്നറിയിപ്പു നൽകി. ഉദാഹരണത്തിന്, പൗലൊസ് സഹവിശ്വാസികൾക്ക് ഈ മുന്നറിയിപ്പു നൽകി: “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (എഫെസ്യർ 6:12) ലോകത്തെ ഗ്രസിച്ചിരിക്കുന്ന ആത്മീയ അന്ധകാരത്തെ കുറിച്ചു മാത്രമല്ല, അതിന്റെ യഥാർഥ ഉറവിടത്തെ—‘ലോകാധിപതികൾ’ എന്നു വർണിക്കപ്പെട്ടിരിക്കുന്ന ശക്തരായ ഭൂതശക്തികളെ—കുറിച്ചും തനിക്ക് അറിയാമെന്ന് ആ വാക്കുകളിലൂടെ പൗലൊസ് പ്രകടമാക്കി. ലോകത്തിലെ അന്ധകാരത്തിനു പിന്നിൽ ശക്തരായ ആത്മവ്യക്തികൾ ആയതിനാൽ, അതു ദൂരീകരിക്കാൻ നിസ്സാരരായ മനുഷ്യർക്ക് എന്തു ചെയ്യാൻ കഴിയും?
3. മനുഷ്യവർഗം അന്ധകാരാവസ്ഥയിൽ ആണെങ്കിലും, വിശ്വസ്തരുടെ കാര്യത്തിൽ യെശയ്യാവ് എന്തു മുൻകൂട്ടി പറഞ്ഞു?
3 സമാനമായി, മനുഷ്യവർഗത്തെ ബാധിക്കുന്ന അന്ധകാരത്തെ കുറിച്ചു യെശയ്യാവും പറയുകയുണ്ടായി. (യെശയ്യാവു 8:22; 59:9) എന്നാൽ നമ്മുടെ നാളിലേക്കു നോക്കിക്കൊണ്ട്, ഈ അന്ധകാര നാളുകളിൽ പോലും പ്രകാശത്തെ പ്രിയപ്പെടുന്നവരുടെ ഭാവി പ്രതീക്ഷയെ യഹോവ ശോഭനമാക്കുമെന്നു നിശ്വസ്തതയിൽ അവൻ മുൻകൂട്ടി പറഞ്ഞു. അതേ, പൗലൊസും യെശയ്യാവും ഇന്നു നമ്മോടൊപ്പം ഇല്ലെങ്കിലും നമുക്കു വഴികാട്ടിയായി അവരുടെ നിശ്വസ്ത ലിഖിതങ്ങൾ ഉണ്ട്. യഹോവയെ സ്നേഹിക്കുന്നവർക്ക് അത് എത്ര വലിയ അനുഗ്രഹമാണെന്നു കാണാൻ നമുക്ക് യെശയ്യാ പുസ്തകത്തിന്റെ 60-ാം അധ്യായത്തിലെ അവന്റെ പ്രാവചനിക വാക്കുകൾ പരിചിന്തിക്കാം.
ഒരു പ്രാവചനിക സ്ത്രീ പ്രകാശം പരത്തുന്നു
4, 5. (എ) എന്തു ചെയ്യാൻ യഹോവ ഒരു സ്ത്രീയോടു കൽപ്പിക്കുന്നു, അവൻ എന്തു വാഗ്ദാനം നൽകുന്നു? (ബി) യെശയ്യാവു 60-ാം അധ്യായത്തിൽ പുളകപ്രദമായ എന്തു വിവരങ്ങൾ അടങ്ങിയിരിക്കുന്നു?
4 യെശയ്യാവു 60-ാം അധ്യായത്തിന്റെ പ്രാരംഭ വാക്കുകൾ വളരെ പരിതാപകരമായ അവസ്ഥയിലുള്ള, അന്ധകാരത്തിൽ നിലത്തു കമിഴ്ന്നു കിടക്കുന്ന, ഒരു സ്ത്രീയെ അഭിസംബോധന ചെയ്യുന്നതാണ്. പെട്ടെന്ന്, അന്ധകാരത്തെ കീറിമുറിച്ചുകൊണ്ട് പ്രകാശം എത്തുന്നു. യഹോവ ഇപ്രകാരം വിളിച്ചുപറയുന്നു: ‘[സ്ത്രീയേ,] എഴുന്നേററു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.’ (യെശയ്യാവു 60:1) സ്ത്രീ എഴുന്നേറ്റ് ദൈവത്തിന്റെ പ്രകാശത്തെ, അവന്റെ തേജസ്സിനെ പ്രതിഫലിപ്പിക്കാനുള്ള സമയം വന്നിരിക്കുന്നു. എന്തുകൊണ്ട്? അടുത്ത വാക്യത്തിൽ അതിനുള്ള ഉത്തരം കാണാം: “അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.” (യെശയ്യാവു 60:2) സ്ത്രീ യഹോവയുടെ കൽപ്പന അനുസരിക്കുമ്പോൾ, വിസ്മയകരമായ ഒരു ഫലം സംബന്ധിച്ച് അവൾക്ക് ഉറപ്പു ലഭിക്കുന്നു. യഹോവ പറയുന്നു: “ജാതികൾ [“ജനതകൾ,” NW] നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.”—യെശയ്യാവു 60:3.
5 ഈ മൂന്നു വാക്യങ്ങളിലെ പുളകപ്രദമായ വാക്കുകൾ, യെശയ്യാവു 60-ാം അധ്യായത്തിന്റെ ശേഷിച്ച ഭാഗത്തിന്റെ ഒരു മുഖവുരയും അതിന്റെ ഒരു സംഗ്രഹവുമാണ്. അത് ഒരു പ്രാവചനിക സ്ത്രീയുടെ അനുഭവങ്ങൾ മുൻകൂട്ടി പറയുകയും മുഴു മനുഷ്യവർഗത്തെയും അന്ധകാരം മൂടിയിരിക്കുന്ന അവസ്ഥയിൽപ്പോലും നമുക്ക് എങ്ങനെ യഹോവയുടെ പ്രകാശത്തിൽ വസിക്കാനാകുമെന്നു വിശദീകരിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ ഈ മൂന്നു പ്രാരംഭ വാക്യങ്ങളിലെ പ്രതീകങ്ങൾ എന്തിനെയാണു പ്രതിനിധാനം ചെയ്യുന്നത്?
6. യെശയ്യാവു 60-ാം അധ്യായത്തിലെ സ്ത്രീ ആരാണ്, ഭൂമിയിൽ അവളെ ആർ പ്രതിനിധാനം ചെയ്യുന്നു?
6 യെശയ്യാവു 60:1-3-ലെ സ്ത്രീ സീയോനാണ്. അതായത്, യഹോവയുടെ ആത്മസൃഷ്ടികളുടെ സ്വർഗീയ സംഘടന. ഇന്ന് ‘ദൈവത്തിന്റെ ഇസ്രായേലി’ന്റെ ശേഷിപ്പ്, സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ പ്രത്യാശയുള്ള ആത്മാഭിഷിക്ത ക്രിസ്ത്യാനികളുടെ സാർവദേശീയ സഭ, ഭൂമിയിൽ സീയോനെ പ്രതിനിധാനം ചെയ്യുന്നു. (ഗലാത്യർ 6:16) ഈ ആത്മീയ ജനതയിൽ മൊത്തം 1,44,000 അംഗങ്ങളുണ്ട്. അവരിൽ “അന്ത്യകാലത്തു” ഭൂമിയിൽ ജീവിച്ചിരിക്കുന്നവരെ കേന്ദ്രീകരിച്ചാണ് യെശയ്യാവു 60-ാം അധ്യായത്തിന്റെ ആധുനിക നിവൃത്തി. (2 തിമൊഥെയൊസ് 3:1; വെളിപ്പാടു 14:1) ഈ അഭിഷിക്ത ക്രിസ്ത്യാനികളുടെ സഹകാരികളായ “വേറെ ആടുക”ളുടെ “മഹാപുരുഷാര”ത്തെ കുറിച്ചും ഈ പ്രവചനത്തിനു വളരെ കാര്യങ്ങൾ പറയാനുണ്ട്.—വെളിപ്പാടു 7:9; യോഹന്നാൻ 10:16.
7. 1918-ൽ സീയോന്റെ അവസ്ഥ എന്തായിരുന്നു, അത് എങ്ങനെ പ്രവചിക്കപ്പെട്ടിരുന്നു?
7 ആ പ്രാവചനിക സ്ത്രീയാൽ മുൻനിഴലാക്കപ്പെട്ടതുപോലെ, ‘ദൈവത്തിന്റെ ഇസ്രായേൽ’ അന്ധകാരത്തിൽ കിടന്നിരുന്ന ഒരു സമയം ഉണ്ടായിരുന്നോ? ഉവ്വ്. 80-ലധികം വർഷങ്ങൾക്കു മുമ്പാണ് അതു സംഭവിച്ചത്. ഒന്നാം ലോക മഹായുദ്ധകാലത്ത്, സാക്ഷീകരണ വേല തുടർന്നു കൊണ്ടുപോകാൻ അഭിഷിക്ത ക്രിസ്ത്യാനികൾ നന്നേ പാടുപെട്ടു. എന്നാൽ 1918-ൽ, യുദ്ധത്തിന്റെ അവസാന വർഷം, സംഘടിത പ്രസംഗവേല ഏതാണ്ട് നിലച്ച മട്ടായി. ലോകവ്യാപക പ്രസംഗവേലയുടെ മേൽനോട്ടം വഹിച്ചിരുന്ന ജോസഫ് എഫ്. റഥർഫോർഡിനെയും മറ്റു പ്രമുഖ ക്രിസ്ത്യാനികളെയും വ്യാജാരോപണങ്ങൾ ചുമത്തി ദീർഘകാല ജയിൽശിക്ഷയ്ക്കു വിധിച്ചു. അന്നു ഭൂമിയിൽ ഉണ്ടായിരുന്ന അഭിഷിക്ത ക്രിസ്ത്യാനികളെ ‘ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ള മഹാനഗരത്തിന്റെ വീഥിയിൽ’ കിടക്കുന്ന ശവങ്ങളെന്നു വെളിപ്പാടു പുസ്തകത്തിൽ പ്രാവചനികമായി വർണിച്ചിരുന്നു. (വെളിപ്പാടു 11:8) ഭൂമിയിലെ തന്റെ അഭിഷിക്ത മക്കളാൽ പ്രതിനിധാനം ചെയ്യപ്പെട്ട സീയോനെ സംബന്ധിച്ചിടത്തോളം അത് ശരിക്കും അന്ധകാരത്തിന്റെ ഒരു കാലഘട്ടമായിരുന്നു!
8. 1919-ൽ എന്തു നാടകീയമായ മാറ്റം ഉണ്ടായി, എന്തു ഫലത്തോടെ?
8 എന്നാൽ, 1919-ൽ നാടകീയമായ ഒരു മാറ്റമുണ്ടായി. മത്തായി 5:14-16) ഈ ക്രിസ്ത്യാനികളുടെ പുനരുജ്ജീവിപ്പിക്കപ്പെട്ട തീക്ഷ്ണതയുടെ ഫലമായി മറ്റുള്ളവർ യഹോവയുടെ പ്രകാശത്തിലേക്ക് ആകർഷിക്കപ്പെട്ടു. ആദ്യമെത്തിയ നവാഗതർ ദൈവത്തിന്റെ ഇസ്രായേലിന്റെ ഭാഗമായി അഭിഷേകം ചെയ്യപ്പെട്ടു. ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൽ ക്രിസ്തുവിനോടൊപ്പം കൂട്ടവകാശികൾ ആയിരിക്കാനുള്ളവർ ആയതിനാൽ അവരെ യെശയ്യാവു 60:3-ൽ “രാജാക്കന്മാർ” എന്നു വിളിച്ചിരിക്കുന്നു. (വെളിപ്പാടു 20:6) പിന്നീട്, വേറെ ആടുകളുടെ ഒരു മഹാപുരുഷാരം യഹോവയുടെ പ്രകാശത്തിലേക്ക് ആകർഷിക്കപ്പെടാൻ തുടങ്ങി. ഇവരെയാണ് ആ പ്രവചനത്തിൽ “ജനതകൾ” എന്നു പരാമർശിച്ചിരിക്കുന്നത്.
യഹോവ സീയോന്റെമേൽ പ്രകാശം ചൊരിഞ്ഞു! ദൈവത്തിന്റെ ഇസ്രായേലിൽ അതിജീവിച്ചവർ വീണ്ടും ഒരിക്കൽക്കൂടി നിർഭയം സുവാർത്താ ഘോഷണം ഏറ്റെടുത്തുകൊണ്ടു ദൈവത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കാനായി എഴുന്നേറ്റു. (സ്ത്രീയുടെ മക്കൾ വീട്ടിലേക്കു വരുന്നു!
9, 10. (എ) സ്ത്രീയുടെ കണ്ണുകളെ വരവേൽക്കുന്ന വിസ്മയകരമായ കാഴ്ച എന്താണ്, ഇത് എന്തിനെ മുൻനിഴലാക്കി? (ബി) സന്തോഷിക്കാൻ സീയോന് എന്തു കാരണമുണ്ട്?
9 യെശയ്യാവു 60:1-3-ലെ പ്രവചനം സംബന്ധിച്ച് യഹോവ ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ നൽകാൻ തുടങ്ങുന്നു. അവൻ സ്ത്രീക്കു മറ്റൊരു കൽപ്പന നൽകുന്നു. അവൻ പറയുന്നതു ശ്രദ്ധിക്കൂ: “നീ തല പൊക്കി ചുററും നോക്കുക.” സ്ത്രീ അപ്രകാരം ചെയ്യുന്നു, എത്ര ഹൃദ്യമായ കാഴ്ചയാണ് അവളെ വരവേൽക്കുന്നത്! അവളുടെ മക്കൾ വീട്ടിലേക്കു വരുകയാണ്. തിരുവെഴുത്ത് തുടർന്നു പറയുന്നു: “അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാർശ്വത്തിങ്കൽ വഹിച്ചുകൊണ്ടു വരും.” (യെശയ്യാവു 60:4) 1919-ൽ ആരംഭിച്ച ലോകവ്യാപക രാജ്യഘോഷണം ആയിരക്കണക്കിനു പുതിയവരെ യഹോവയുടെ സേവനത്തിലേക്കു കൂട്ടിവരുത്തി. അവരും സീയോന്റെ ‘പുത്രീപുത്രന്മാർ’—ദൈവത്തിന്റെ ഇസ്രായേലിലെ അഭിഷിക്ത അംഗങ്ങൾ—ആയിത്തീർന്നു. അങ്ങനെ, 1,44,000-ത്തിലെ അവസാന അംഗങ്ങളെ പ്രകാശത്തിലേക്കു വരുത്തിക്കൊണ്ട് യഹോവ സീയോനെ മനോഹരമാക്കിയിരിക്കുന്നു.
10 മക്കൾ കൂടെ ഉള്ളതിൽ സീയോനുള്ള സന്തോഷം നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടോ? എന്നാൽ, സന്തോഷിക്കുന്നതിനുള്ള കൂടുതലായ കാരണങ്ങൾ യഹോവ സീയോനു നൽകുന്നു. നാം ഇങ്ങനെ വായിക്കുന്നു: ‘അപ്പോൾ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടെച്ചു വികസിക്കും; [എന്തുകൊണ്ടെന്നാൽ] സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്തു നിന്റെ അടുക്കൽ വരും.’ (യെശയ്യാവു 60:5) ഈ പ്രാവചനിക വാക്കുകൾക്കു ചേർച്ചയിൽ, 1930-കൾ മുതൽ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള നിരവധി ക്രിസ്ത്യാനികൾ സീയോനിലേക്കു കൂടിവന്നിരിക്കുന്നു. ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗമാകുന്ന “സമുദ്ര”ത്തിൽനിന്ന് അവർ പുറത്തുവന്നിരിക്കുന്നു. അവർ ജാതികളുടെ സമ്പത്തിനെ പ്രതിനിധാനം ചെയ്യുന്നു. അവരാണ് ‘സകല ജാതികളുടെയും മനോഹരവസ്തുക്കൾ.’ (ഹഗ്ഗായി 2:7; യെശയ്യാവു 57:20) ഈ ‘മനോഹരവസ്തുക്കൾ’ തങ്ങൾക്കു തോന്നുന്ന വിധത്തിലല്ല യഹോവയെ സേവിക്കുന്നത് എന്നതു ശ്രദ്ധിക്കുക. തങ്ങളുടെ അഭിഷിക്ത സഹോദരന്മാരോടൊപ്പം ആരാധിക്കാൻ വന്നുകൊണ്ട്, ‘ഒരിടയന്റെ’ കീഴിൽ അവരോടൊപ്പം ‘ഒരാട്ടിൻകൂട്ടം’ ആയിത്തീർന്നുകൊണ്ട് അവർ സീയോന്റെ മനോഹാരിത വർധിപ്പിക്കുന്നു.—യോഹന്നാൻ 10:16.
വ്യാപാരികളും ഇടയന്മാരും കച്ചവടക്കാരും സീയോനിലേക്കു വരുന്നു
11, 12. സീയോനിലേക്കു നീങ്ങുന്നതായി കാണുന്ന കൂട്ടത്തെ വർണിക്കുക.
11 മുൻകൂട്ടി പറയപ്പെട്ട ഈ കൂടിവരവിന്റെ ഫലം, യഹോവയുടെ സ്തുതിപാഠകരുടെ എണ്ണത്തിൽ ഉള്ള ശ്രദ്ധേയമായ വർധനയാണ്. പ്രവചനത്തിന്റെ തുടർന്നുവരുന്ന വാക്കുകളിൽ ഇതു മുൻകൂട്ടി പറഞ്ഞിരിക്കുന്നു. നിങ്ങൾ സീയോൻ പർവതത്തിൽ ആ പ്രാവചനിക സ്ത്രീയോടൊപ്പം നിൽക്കുന്നതായി സങ്കൽപ്പിക്കുക. നിങ്ങൾ കിഴക്കോട്ടു നോക്കുന്നു, എന്താണു കാണുന്നത്? “ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറെറാട്ടകങ്ങളും നിന്നെ മൂടും; ശേബയിൽനിന്നു അവരൊക്കെയും വരും; പൊന്നും കുന്തുരുക്കവും അവർ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും.” (യെശയ്യാവു 60:6) തങ്ങളുടെ ഒട്ടക കൂട്ടങ്ങളെ നയിച്ചുകൊണ്ട് കച്ചവട സംഘങ്ങൾ യെരൂശലേമിലേക്കുള്ള പാതയിലൂടെ നീങ്ങുകയാണ്. ഒട്ടകങ്ങൾ ദേശത്തെ മൂടിയിരിക്കുന്ന പ്രളയം പോലെയാണ്! വ്യാപാരികളുടെ കൈവശം വിലയേറിയ സമ്മാനങ്ങൾ, “പൊന്നും കുന്തുരുക്കവും,” ഉണ്ട്. ദൈവത്തെ പരസ്യമായി സ്തുതിക്കാൻ, ‘യഹോവയുടെ സ്തുതിയെ ഘോഷിക്കാൻ,’ ഈ കച്ചവടക്കാർ അവന്റെ പ്രകാശത്തിലേക്കു വരുന്നു.
12 കച്ചവടക്കാർ മാത്രമല്ല ഇങ്ങനെ വരുന്നത്. ഇടയന്മാരും സീയോനിലേക്കു കൂടിവരുകയാണ്. പ്രവചനം തുടർന്നു പറയുന്നു: “കേദാരിലെ ആടുകൾ ഒക്കെയും നിന്റെ അടുക്കൽ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകൾ നിനക്കു ശുശ്രൂഷചെയ്യും.” (യെശയ്യാവു 60:7എ) തങ്ങളുടെ ആട്ടിൻകൂട്ടത്തിലെ ഏറ്റവും നല്ലതിനെ യഹോവയ്ക്ക് അർപ്പിക്കാൻ ഇടയ ഗോത്രങ്ങൾ വിശുദ്ധ നഗരത്തിലേക്കു വരുകയാണ്. സീയോനു ശുശ്രൂഷ ചെയ്യാൻ അവർ തങ്ങളെത്തന്നെ അർപ്പിക്കുന്നു! ഈ പരദേശികളെ യഹോവ എങ്ങനെയാണു സ്വീകരിക്കുന്നത്? ദൈവംതന്നെ അതിന് ഉത്തരം നൽകുന്നു: ‘അവ പ്രസാദമുള്ള യാഗമായി എന്റെ [യാഗ]പീഠത്തിന്മേൽ വരും; അങ്ങനെ ഞാൻ എന്റെ മഹത്വമുള്ള ആലയത്തെ മഹത്വപ്പെടുത്തും [“മനോഹര ഭവനത്തെ മനോഹരമാക്കും,” NW].’ (യെശയ്യാവു 60:7ബി) യഹോവ കരുണാപൂർവം ഈ പരദേശികളുടെ വഴിപാടുകളും സേവനവും സ്വീകരിക്കുന്നു. അവരുടെ സാന്നിധ്യം അവന്റെ ആലയത്തെ മനോഹരമാക്കുന്നു.
13, 14. പടിഞ്ഞാറുനിന്ന് എന്തു വരുന്നതായി കാണപ്പെടുന്നു?
13 ഇനി തലതിരിച്ച് പടിഞ്ഞാറൻ ചക്രവാളം നിരീക്ഷിക്കൂ. എന്താണ് കാണുന്നത്? അങ്ങ് ദൂരെ, സമുദ്രോപരിതലത്തിനു മീതെ വെള്ള മേഘം പോലെ എന്തോ ഒന്നു പടർന്നിരിക്കുന്നതു കാണാം. നിങ്ങളുടെ മനസ്സിലുള്ള ചോദ്യംതന്നെ യഹോവ ചോദിക്കുന്നു: “മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആർ?” (യെശയ്യാവു 60:8) സ്വന്തം ചോദ്യത്തിന് യഹോവ ഉത്തരം നൽകുന്നു: “ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു [“മനോഹരമാക്കിയിരിക്കകൊണ്ട്,” NW] യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തർശീശ്കപ്പലുകൾ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു.”—യെശയ്യാവു 60:9.
14 നിങ്ങൾക്ക് ആ രംഗം ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ? ആ വെളുത്ത മേഘം കുറെക്കൂടെ അടുത്തു വന്നിരിക്കുന്നു, ഇപ്പോൾ അതു പടിഞ്ഞാറൻ കടൽപ്പരപ്പിലെ ഒരു കൂട്ടം പൊട്ടുകൾ പോലെ തോന്നിക്കുന്നു. അവ കാഴ്ചയ്ക്കു തിരകളിൽ തെന്നിനീങ്ങുന്ന ഒരു കൂട്ടം പക്ഷികളെപ്പോലെ ഉണ്ട്. എന്നാൽ അവ കൂടുതൽ അടുത്തു വരവേ, അവ കാറ്റു പിടിക്കാൻ പായ്കൾ നിവർത്തിക്കെട്ടിയ പായ്ക്കപ്പലുകളാണെന്നു മനസ്സിലാകുന്നു. യെരൂശലേമിനെ ലക്ഷ്യമാക്കി അനേകം കപ്പലുകൾ നീങ്ങുന്നതിനാൽ അവ ഒരു കൂട്ടം പ്രാവുകളെ പോലെ കാണപ്പെടുന്നു. വിദൂര തുറമുഖങ്ങളിൽനിന്നുള്ള ഈ കപ്പൽക്കൂട്ടം പരമാവധി വേഗത്തിലാണ് സഞ്ചരിക്കുന്നത്. യഹോവയെ ആരാധിക്കുന്നതിനായി
വിശ്വാസികളെ യെരൂശലേമിലേക്കു കൊണ്ടുവരുകയാണ് അവ.യഹോവയുടെ സംഘടന വികസിക്കുന്നു
15. (എ) യെശയ്യാവു 60:4-9-ലെ വാക്കുകൾ ഏതു വർധനയെ കുറിച്ചു മുൻകൂട്ടി പറയുന്നു? (ബി) യഥാർഥ ക്രിസ്ത്യാനികൾ ഏതു മനോഭാവം പ്രകടമാക്കുന്നു?
15 നാലു മുതൽ ഒമ്പതു വരെയുള്ള വാക്യങ്ങൾ, 1919 മുതൽ ഉണ്ടായിരിക്കുന്ന ലോകവ്യാപക വികസനത്തിന്റെ എത്ര വ്യക്തമായ പ്രാവചനിക ചിത്രമാണു വരച്ചുകാട്ടുന്നത്! അത്തരം വർധന നൽകി യഹോവ സീയോനെ അനുഗ്രഹിച്ചത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ 1919 മുതൽ ദൈവത്തിന്റെ ഇസ്രായേൽ അനുസരണയോടെ യഹോവയുടെ വെളിച്ചം സ്ഥിരമായി പ്രകാശിപ്പിച്ചിരിക്കുന്നു. എന്നാൽ നവാഗതർ ‘[ദൈവത്തിന്റെ യാഗ]പീഠത്തിന്മേൽ വരുന്നതായി’ 7-ാം വാക്യം പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചോ? യാഗങ്ങൾ അർപ്പിക്കുന്ന ഇടമാണു യാഗപീഠം. യഹോവയുടെ സേവനത്തിൽ യാഗം ഉൾപ്പെട്ടിരിക്കുന്നതായി പ്രവചനത്തിന്റെ ഈ ഭാഗം നമ്മെ ഓർമിപ്പിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് എഴുതി: “ഞാൻ . . . നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.” (റോമർ 12:1) പൗലൊസിന്റെ വാക്കുകൾക്കു ചേർച്ചയിൽ, യഥാർഥ ക്രിസ്ത്യാനികൾ ആഴ്ചയിൽ ഒരു തവണ മതചടങ്ങുകളിൽ സംബന്ധിക്കുന്നതുകൊണ്ടു മാത്രം തൃപ്തരായിരിക്കുന്നില്ല. സത്യാരാധനയുടെ ഉന്നമനത്തിനായി അവർ തങ്ങളുടെ സമയവും ഊർജവും വിഭവങ്ങളും ചെലവിടുന്നു. അർപ്പിതരായ അത്തരം ആരാധകരുടെ സാന്നിധ്യം യഹോവയുടെ ആലയത്തെ മനോഹരമാക്കുന്നില്ലേ? മനോഹരമാക്കുമെന്ന് യെശയ്യാവിന്റെ പ്രവചനം പറഞ്ഞിരിക്കുന്നു. തത്ഫലമായി, തീക്ഷ്ണതയുള്ള അത്തരം ആരാധകർ യഹോവയുടെ ദൃഷ്ടിയിൽ മനോഹാരിത ഉള്ളവരാണെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.
16. പുരാതന കാലങ്ങളിലെ പുനർനിർമാണ പ്രവർത്തനത്തിൽ ആർ സഹായിച്ചു, ആധുനിക കാലങ്ങളിൽ അങ്ങനെ ചെയ്തിരിക്കുന്നത് ആർ?
16 നവാഗതർ വേല ചെയ്യാൻ ആഗ്രഹിക്കുന്നു. പ്രവചനം തുടരുന്നു: ‘അന്യജാതിക്കാർ [“പരദേശികൾ,” ഓശാന ബൈബിൾ] നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ നിനക്കു ശുശ്രൂഷചെയ്യും.’ (യെശയ്യാവു 60:10) ഇസ്രായേല്യർ ബാബിലോണിയൻ പ്രവാസത്തിൽനിന്നു മടങ്ങിവന്നപ്പോഴത്തെ ഈ വാക്കുകളുടെ ആദ്യ നിവൃത്തിയിൽ, ജനതകളുടെ രാജാക്കന്മാരും മറ്റുള്ളവരും ആലയവും യെരൂശലേം നഗരവും പുനർനിർമിക്കുന്നതിൽ വാസ്തവത്തിൽ സഹായിക്കുകയുണ്ടായി. (എസ്രാ 3:7; നെഹെമ്യാവു 3:26) ആധുനിക നിവൃത്തിയിൽ, സത്യാരാധന കെട്ടിപ്പടുക്കുന്നതിൽ മഹാപുരുഷാരം അഭിഷിക്ത ശേഷിപ്പിനെ പിന്തുണച്ചിരിക്കുന്നു. ക്രിസ്തീയ സഭകളെ കെട്ടുപണി ചെയ്യാനും അങ്ങനെ യഹോവയുടെ സംഘടനയുടെ നഗരസമാന ‘മതിലുകൾ’ ശക്തിപ്പെടുത്താനും അവർ സഹായിച്ചിരിക്കുന്നു. അക്ഷരീയമായ നിർമാണ പ്രവർത്തനത്തിലും—രാജ്യഹാളുകളുടെയും സമ്മേളന ഹാളുകളുടെയും ബെഥേൽ സൗകര്യങ്ങളുടെയും നിർമാണത്തിൽ—അവർ പങ്കെടുക്കുന്നു. ഈ വിധങ്ങളിലെല്ലാം, യഹോവയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സംഘടനയുടെ ആവശ്യങ്ങൾക്കായി കരുതുന്നതിൽ അവർ തങ്ങളുടെ അഭിഷിക്ത സഹോദരന്മാർക്കു പിന്തുണ നൽകുന്നു!
17. യഹോവ തന്റെ ജനത്തെ മനോഹരമാക്കുന്ന ഒരു വിധം ഏത്?
17 യെശയ്യാവു 60:10-ലെ അവസാന വാക്കുകൾ എത്ര പ്രോത്സാഹനകരമാണ്! യഹോവ പറയുന്നു: “എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും.” അതേ, 1918/19 കാലഘട്ടത്തിൽ യഹോവ തന്റെ ജനത്തിനു ശിക്ഷണം നൽകുകതന്നെ ചെയ്തു. എന്നാൽ അതു കഴിഞ്ഞകാലത്താണ്. ഇപ്പോൾ യഹോവ തന്റെ അഭിഷിക്ത ദാസന്മാരോടും അവരുടെ വേറെ ആടുകളായ സഹകാരികളോടും കരുണ കാണിക്കുന്ന സമയമാണ്. അസാധാരണ വർധന നൽകി അവരെ അനുഗ്രഹിച്ചിരിക്കുന്നത്, ‘അവരെ മനോഹരമാക്കി’യിരിക്കുന്നത് അതിന്റെ തെളിവാണ്.
18, 19. (എ) തന്റെ സംഘടനയിലേക്കു വരുന്ന പുതിയവരെ സംബന്ധിച്ച് യഹോവ എന്തു വാഗ്ദാനം ചെയ്യുന്നു? (ബി) യെശയ്യാവു 60-ാം അധ്യായത്തിലെ ശേഷിക്കുന്ന വാക്യങ്ങൾ നമ്മോട് എന്തു പറയുന്നു?
18 ഓരോ വർഷവും, കൂടുതലായി ലക്ഷക്കണക്കിന് “അന്യജാതിക്കാർ” യഹോവയുടെ സംഘടനയോടൊത്തു സഹവസിക്കുന്നു. ഇനിയും ഒട്ടേറെ പേർക്ക് അതിനുള്ള വാതിൽ തുറന്നുതന്നെ കിടക്കും. യഹോവ സീയോനോടു പറയുന്നു: “ജാതികളുടെ സമ്പത്തിനേയും യെശയ്യാവു 60:11) ചില ശത്രുക്കൾ ആ “വാതിലുകൾ” അടയ്ക്കാൻ ശ്രമിക്കുന്നു. എന്നാൽ അവർക്ക് അതിൽ വിജയിക്കാനാവില്ല എന്നു നമുക്കറിയാം. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ആ വാതിലുകൾ തുറന്നുതന്നെ കിടക്കുമെന്ന് യഹോവ പറഞ്ഞിരിക്കുന്നു. വർധന തീർച്ചയായും തുടരും.
യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകൾ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.” (19 ഈ അന്ത്യകാലത്ത്, യഹോവ തന്റെ ജനത്തെ മനോഹരമാക്കിക്കൊണ്ട് അവരെ അനുഗ്രഹിച്ചിരിക്കുന്ന മറ്റു വിധങ്ങളുമുണ്ട്. യെശയ്യാവു 60-ാം അധ്യായത്തിലെ ശേഷിക്കുന്ന വാക്യങ്ങൾ ആ വിധങ്ങൾ ഏതൊക്കെയെന്നു പ്രാവചനികമായി വെളിപ്പെടുത്തുന്നു.
നിങ്ങൾക്കു വിശദീകരിക്കാമോ?
• ആരാണു ദൈവത്തിന്റെ ‘സ്ത്രീ,’ അവളെ ഭൂമിയിൽ ആർ പ്രതിനിധാനം ചെയ്യുന്നു?
• സീയോന്റെ മക്കൾ കമിഴ്ന്നു കിടന്നത് എപ്പോൾ, അവർ ‘എഴുന്നേറ്റത്’ എപ്പോൾ, എങ്ങനെ?
• വ്യത്യസ്ത പ്രതീകങ്ങൾ ഉപയോഗിച്ച് രാജ്യ ഘോഷകരുടെ ഇന്നത്തെ വർധനയെ കുറിച്ച് യഹോവ മുൻകൂട്ടി പറഞ്ഞത് എങ്ങനെ?
• ഏതു വിധങ്ങളിൽ തന്റെ ജനത്തിന്മേൽ വെളിച്ചം പ്രകാശിക്കാൻ യഹോവ ഇടയാക്കിയിരിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രം]
എഴുന്നേക്കാൻ യഹോവയുടെ ‘സ്ത്രീ’ക്കു കൽപ്പന ലഭിക്കുന്നു
[12-ാം പേജിലെ ചിത്രം]
കപ്പൽക്കൂട്ടം ചക്രവാളത്തിൽ പ്രാവുകളെ പോലെ തോന്നിക്കുന്നു