ദൈവത്തെ കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനത്തിൽ ആശ്വാസം
ദൈവത്തെ കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനത്തിൽ ആശ്വാസം
ചില ആളുകളെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ സ്‌നേഹത്തെയും കരുണയെയും കുറിച്ചു ബൈബിൾ പറയുന്നത് അസഹ്യപ്പെടുത്തുന്ന ചില ചോദ്യങ്ങൾ ഉയർത്തുന്നു. അവർ ഇങ്ങനെ ചോദിക്കുന്നു: തിന്മ തുടച്ചുനീക്കാൻ ദൈവം ആഗ്രഹിക്കുന്നെങ്കിൽ, അതു ചെയ്യാൻ അവന് അറിയാമെങ്കിൽ, അതിനുള്ള ശക്തി അവനുണ്ടെങ്കിൽ എന്തുകൊണ്ടാണ് തിന്മ വർധിച്ചുവരുന്നത്? അവരെ സംബന്ധിച്ചിടത്തോളം പിൻവരുന്ന മൂന്നു കാര്യങ്ങൾ പൊരുത്തപ്പെടുത്തി ചിന്തിക്കുക പ്രയാസമാണ്: (1) ദൈവം സർവശക്തനാണ്; (2) ദൈവം സ്‌നേഹവാനും നല്ലവനുമാണ്; (3) ദുഷ്ടത തുടരുന്നു. അവസാനം പറഞ്ഞ കാര്യം നിസ്സംശയമായും സത്യമായിരിക്കുന്നതിനാൽ, ചുരുങ്ങിയപക്ഷം ആദ്യം പറഞ്ഞ രണ്ടു കാര്യങ്ങളിലൊന്ന് സത്യമായിരിക്കില്ല എന്ന് അവർ വാദിക്കുന്നു. അവരുടെ അഭിപ്രായത്തിൽ ഒന്നുകിൽ ദൈവത്തിനു തിന്മ അവസാനിപ്പിക്കാനുള്ള കഴിവ് ഇല്ല, അല്ലെങ്കിൽ അതിൽ താത്‌പര്യമില്ല.
ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ നശിപ്പിക്കപ്പെട്ട് കുറെ ദിവസങ്ങൾക്കു ശേഷം, ഐക്യനാടുകളിലെ ഒരു പ്രമുഖ മതനേതാവ് ഇങ്ങനെ പറഞ്ഞു: “ദൈവം ദുരന്തവും യാതനയും അനുവദിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം നൂറുകണക്കിനു പ്രാവശ്യം . . . ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട്. അതിനു ഞാൻ കണ്ടെത്തുന്ന ഉത്തരം എന്നെ പോലും തൃപ്‌തിപ്പെടുത്തുന്നതല്ല എന്നു ഞാൻ സമ്മതിക്കേണ്ടിയിരിക്കുന്നു.”
ആ അഭിപ്രായത്തോടുള്ള പ്രതികരണമായി, ആ മതനേതാവ് പ്രസംഗിച്ച “നല്ല ദൈവശാസ്‌ത്രം” തന്നിൽ മതിപ്പുളവാക്കിയതായി ഒരു ദൈവശാസ്‌ത്ര പ്രൊഫസർ എഴുതി. പിൻവരുന്ന പ്രകാരം എഴുതിയ ഒരു പണ്ഡിതന്റെ വീക്ഷണത്തെയും അദ്ദേഹം അംഗീകരിച്ചു: “യാതന സംബന്ധിച്ച ദുർഗ്രാഹ്യം ദൈവത്തെ കുറിച്ചുള്ള ദുർഗ്രാഹ്യത്തിന്റെതന്നെ ഭാഗമാണ്.” എന്നാൽ ദൈവം ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കുക വാസ്‌തവത്തിൽ അസാധ്യമാണോ?
തിന്മയുടെ ഉത്ഭവം
മതനേതാക്കന്മാർ എന്തുതന്നെ പറഞ്ഞാലും, ദൈവം തിന്മ അനുവദിച്ചിരിക്കുന്നത് ദുർഗ്രഹമായ ഒരു സംഗതിയായി ബൈബിൾ ചിത്രീകരിക്കുന്നില്ല. തിന്മ സംബന്ധിച്ച ചോദ്യം മനസ്സിലാക്കുന്നതിലെ ഒരു സുപ്രധാന സംഗതി യഹോവ ഒരു ദുഷ്ടലോകം സൃഷ്ടിച്ചില്ല എന്നു തിരിച്ചറിയുന്നതാണ്. അവൻ ആദ്യ മനുഷ്യ ദമ്പതികളെ പൂർണരായി, പാപരഹിതരായി സൃഷ്ടിച്ചു. യഹോവ തന്റെ സൃഷ്ടിയെ നോക്കി “എത്രയും നല്ലതു” എന്നു കണ്ടു. (ഉല്‌പത്തി 1:26, 31) ആദാമും ഹവ്വായും ഭൂമിയിലെങ്ങും പറുദീസ വ്യാപിപ്പിക്കുകയും അവന്റെ സ്‌നേഹപൂർവകമായ പരമാധികാരത്തിൻ കീഴിൽ ഭൂമിയെ സന്തുഷ്ടരായ ജനങ്ങളെക്കൊണ്ടു നിറയ്‌ക്കുകയും ചെയ്യണം എന്നത് അവന്റെ ഉദ്ദേശ്യമായിരുന്നു.—യെശയ്യാവു 45:18.
തുടക്കത്തിൽ ദൈവത്തോടു വിശ്വസ്‌തനായിരുന്ന ഒരു ആത്മജീവി ആരാധിക്കപ്പെടാനുള്ള ആഗ്രഹം വളർത്തിയെടുത്തതോടെ തിന്മ ആരംഭിച്ചു. (യാക്കോബ് 1:14, 15) ദൈവത്തിനെതിരെ തന്റെ പക്ഷം ചേരാൻ ആദ്യ മനുഷ്യ ദമ്പതികളെ അവൻ സ്വാധീനിച്ചപ്പോൾ ഭൂമിയിൽ അവന്റെ മത്സരം പ്രകടമായി. നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിക്കുകയോ തൊടുകയോ ചെയ്യരുത് എന്ന ദൈവത്തിന്റെ സ്‌പഷ്ടമായ നിർദേശത്തിനു കീഴ്‌പെടുന്നതിനു പകരം, ആദാമും ഹവ്വായും അത് പറിച്ചു ഭക്ഷിച്ചു. (ഉല്‌പത്തി 3:1-6) അതുവഴി അവർ ദൈവത്തോട് അനുസരണക്കേടു കാണിക്കുക മാത്രമല്ല, അവനിൽനിന്നു സ്വതന്ത്രമായി കഴിയാൻ ആഗ്രഹിക്കുന്നു എന്നു പ്രകടമാക്കുകയും ചെയ്‌തു.
ഒരു ധാർമിക വിവാദവിഷയം ഉന്നയിക്കപ്പെടുന്നു
ഏദെനിലെ ഈ മത്സരം ഒരു ധാർമിക വിവാദവിഷയം ഉയർത്തി. അതു സാർവത്രിക പ്രാധാന്യമുള്ള
ഒരു വെല്ലുവിളി ആയിരുന്നു. യഹോവ തന്റെ സൃഷ്ടികളുടെമേൽ ഉചിതമായാണോ ഭരണാധികാരം പ്രയോഗിക്കുന്നത് എന്ന ചോദ്യം ആ മനുഷ്യ മത്സരികൾ ഉന്നയിച്ചു. മനുഷ്യവർഗത്തിന്റെ പൂർണമായ അനുസരണം ആവശ്യപ്പെടുന്നതിനുള്ള അവകാശം സ്രഷ്ടാവിന് ഉണ്ടായിരുന്നോ? സ്വതന്ത്രമായി പ്രവർത്തിക്കുന്നപക്ഷം ഒരുപക്ഷേ ആളുകളുടെ അവസ്ഥ മെച്ചപ്പെടുമായിരുന്നോ?സ്‌നേഹവും നീതിയും ജ്ഞാനവും ശക്തിയും പൂർണമായി സമനിലയിൽ നിറുത്തുന്ന ഒരു വിധത്തിൽ തന്റെ ഭരണാധിപത്യത്തിനു നേരെയുള്ള ഈ വെല്ലുവിളിയെ യഹോവ കൈകാര്യം ചെയ്‌തു. ആ മത്സരത്തെ അടിച്ചമർത്താൻ തന്റെ ശക്തി ഉപയോഗിക്കാൻ അവനു കഴിയുമായിരുന്നു. അതു നീതിയായിരിക്കുകയും ചെയ്യുമായിരുന്നു. കാരണം, അങ്ങനെ ചെയ്യുന്നതിനുള്ള അധികാരം അവന് ഉണ്ടായിരുന്നു. എന്നാൽ ഉയർത്തപ്പെട്ട ധാർമിക ചോദ്യങ്ങൾക്ക് അവ ഉത്തരം നൽകുമായിരുന്നില്ല. ഇനി, ആ പാപം കേവലം അവഗണിക്കാനും ദൈവത്തിനു കഴിയുമായിരുന്നു. അത്തരം ഒരു ഗതി സ്‌നേഹപൂർവകമായ ഒന്നായിരിക്കുമായിരുന്നു എന്ന് ഇന്നു ചിലർക്കു തോന്നിയേക്കാം. എന്നാൽ മനുഷ്യർക്കു സ്വന്തമായി മെച്ചപ്പെട്ട വിധത്തിൽ ഭരിക്കാൻ കഴിയുമെന്നുള്ള സാത്താന്റെ ആരോപണത്തിന് അതും മറുപടി ആകുമായിരുന്നില്ല. മാത്രമല്ല, അത്തരമൊരു ഗതി യഹോവയുടെ മാർഗത്തിൽനിന്നു വ്യതിചലിക്കാൻ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുമായിരുന്നില്ലേ? ആ ഗതിയുടെ ഫലം അളവറ്റ യാതന ആയിരിക്കുമായിരുന്നു.
ജ്ഞാനം പ്രകടമാക്കിക്കൊണ്ട് യഹോവ കുറെ കാലത്തേക്കു സ്വന്തം ഗതി അനുസരിച്ചു പോകാൻ മനുഷ്യരെ അനുവദിച്ചിരിക്കുന്നു. താത്‌കാലികമായി തിന്മ നിലനിൽക്കാൻ അനുവദിക്കുന്നതിനെ ഇത് അർഥമാക്കിയെങ്കിൽ പോലും, നന്മയും തിന്മയും സംബന്ധിച്ച സ്വന്തമായ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കുകവഴി ദൈവത്തെ കൂടാതെ തങ്ങൾക്കു വിജയകരമായി ഭരിക്കാൻ കഴിയുമോ എന്ന് കാണിക്കാനുള്ള വേണ്ടത്ര അവസരം മനുഷ്യർക്കു ലഭിച്ചുകഴിഞ്ഞിരിക്കുന്നു. ഫലം എന്താണെന്നു തെളിഞ്ഞിരിക്കുന്നു? യുദ്ധവും അനീതിയും അക്രമവും യാതനയും കൊണ്ട് മനുഷ്യ ചരിത്രം പങ്കിലമായിരിക്കുന്നു. യഹോവയ്‌ക്ക് എതിരെയുള്ള മത്സരത്തിന്റെ ആത്യന്തിക പരാജയം, ഏദെനിൽ ഉയർത്തപ്പെട്ട വിവാദവിഷയങ്ങൾക്ക് എന്നേക്കുമായി തീർപ്പു കൽപ്പിക്കും.
ദൈവം തന്റെ പുത്രനായ യേശുക്രിസ്‌തുവിനെ നൽകിക്കൊണ്ട് തന്റെ സ്‌നേഹം പ്രകടമാക്കിയിരിക്കുന്നു. ആ പുത്രൻ ഒരു മറുവില യാഗമെന്ന നിലയിൽ തന്റെ മനുഷ്യജീവൻ നൽകുകയുണ്ടായി. ഇതുമൂലം ആദാമിന്റെ അനുസരണക്കേടു നിമിത്തം ഉണ്ടായ പാപത്തിന്റെയും മരണത്തിന്റെയും കുറ്റവിധിയിൽനിന്നു സ്വതന്ത്രരാകാൻ അനുസരണമുള്ള മനുഷ്യർക്കു സാധിക്കുന്നു. യോഹന്നാൻ 3:16.
യേശുവിൽ വിശ്വാസം പ്രകടമാക്കുന്ന സകലർക്കും മറുവില നിത്യജീവനിലേക്കുള്ള വഴി തുറന്നു കൊടുത്തിരിക്കുന്നു.—മനുഷ്യ കഷ്ടപ്പാട് താത്‌കാലികമാണ് എന്ന യഹോവയുടെ ആശ്വാസപ്രദമായ ഉറപ്പ് നമുക്കുണ്ട്. സങ്കീർത്തനക്കാരൻ എഴുതി: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:10, 11.
സുരക്ഷിതവും സന്തുഷ്ടവുമായ ഒരു ഭാവി
രോഗത്തിനും ദുഃഖത്തിനും മരണത്തിനും അറുതി വരുത്താനുള്ള ദൈവത്തിന്റെ സമയം ആസന്നമായിരിക്കുന്നു എന്നു ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി കാണിക്കുന്നു. വരാനിരിക്കുന്ന കാര്യങ്ങളുടെ എത്ര വിസ്‌മയജനകമായ ഒരു മുൻവീക്ഷണമാണ് ദർശനത്തിൽ യോഹന്നാൻ അപ്പൊസ്‌തലനു ലഭിച്ചതെന്നു ശ്രദ്ധിക്കുക. അവൻ എഴുതി: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. . . . ദൈവം താൻ അവരുടെ ദൈവമായി [മനുഷ്യരോടുകൂടെ] ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” ഈ വാഗ്‌ദാനങ്ങളുടെ ആശ്രയയോഗ്യത സ്ഥിരീകരിക്കുന്ന ഒരു പ്രസ്‌താവനയിൽ യോഹന്നാനോട് ഇങ്ങനെ പറയപ്പെട്ടു: “എഴുതുക, എന്തുകൊണ്ടെന്നാൽ ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.”—വെളിപ്പാടു 21:1-5, NW.
ഏദെനിലെ ആ മത്സരത്തിനുശേഷം മരിച്ചുപോയിരിക്കുന്ന നിർദോഷികളായ കോടിക്കണക്കിന് ആളുകളുടെ കാര്യമോ? ഇപ്പോൾ മരണത്തിൽ നിദ്ര കൊള്ളുന്നവരെ ജീവനിലേക്കു വരുത്തുമെന്ന് യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. പൗലൊസ് അപ്പൊസ്‌തലൻ പറഞ്ഞു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു . . . ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.” (പ്രവൃത്തികൾ 24:15) അവർക്ക്, “നീതി വസിക്കുന്ന” ഒരു ലോകത്തിൽ ജീവിക്കാനുള്ള പ്രത്യാശയുണ്ട്.—2 പത്രൊസ് 3:13.
ഒരു ശസ്‌ത്രക്രിയ വേദനാകരമെങ്കിലും അതു നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുമെന്ന് അറിയാവുന്ന സ്‌നേഹവാനായ ഒരു പിതാവ് തന്റെ കുട്ടിയുടെ കാര്യത്തിൽ അത് അനുവദിക്കുന്നതുപോലെ, ഭൂമിയിൽ തിന്മ താത്‌കാലികമായി അനുഭവിക്കാൻ യഹോവ മനുഷ്യരെ അനുവദിച്ചിരിക്കുന്നു. എന്നാൽ, ദൈവത്തിന്റെ ഹിതം ചെയ്യാൻ ശ്രമിക്കുന്ന എല്ലാവരെയും നിത്യാനുഗ്രഹങ്ങൾ കാത്തിരിക്കുന്നു. പൗലൊസ് അത് ഇപ്രകാരം വിശദീകരിച്ചു: “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്‌പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്‌പെടുത്തിയവന്റെ കല്‌പനനിമിത്തമത്രേ.”—റോമർ 8:20, 21.
ഇതു തീർച്ചയായും വാർത്തയാണ്—നാം ടെലിവിഷനിൽ കാണുകയോ പത്രത്തിൽ വായിക്കുകയോ ചെയ്യുന്നതു പോലുള്ള വാർത്തയല്ല, മറിച്ച് സന്തോഷകരമായ സുവാർത്ത. നമുക്കുവേണ്ടി യഥാർഥത്തിൽ കരുതുന്ന “സർവ്വാശ്വാസവും നല്‌കുന്ന ദൈവ”ത്തിൽനിന്നുള്ള ഏറ്റവും മികച്ച വാർത്തയാണ് ഇത്.—2 കൊരിന്ത്യർ 1:3.
[6-ാം പേജിലെ ചിത്രങ്ങൾ]
ദൈവത്തെ കൂടാതെ മനുഷ്യർക്കു വിജയകരമായി തങ്ങളെത്തന്നെ ഭരിക്കാൻ കഴിയില്ലെന്നു കാലം തെളിയിച്ചിരിക്കുന്നു
[കടപ്പാട്]
ഒരു സൊമാലിയൻ കുടുംബം: UN PHOTO 159849/M. GRANT; അണു ബോംബ്: USAF photo; തടങ്കൽപ്പാളയം: U.S. National Archives photo