ക്ഷമാപണം സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു താക്കോൽ
ക്ഷമാപണം സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു താക്കോൽ
“ക്ഷമാപണത്തിനു ശക്തിയുണ്ട്. അക്രമം കൂടാതെ അത് സംഘർഷങ്ങൾ പരിഹരിക്കുന്നു, രാഷ്‌ട്രങ്ങൾക്കിടയിലെ ഭിന്നതകൾ ഇല്ലാതാക്കുന്നു, പൗരന്മാർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ തങ്ങൾ തിരിച്ചറിയുന്നുവെന്നു പ്രകടമാക്കാൻ ഗവൺമെന്റുകൾക്ക് അവസരമേകുന്നു, വ്യക്തിഗത ബന്ധങ്ങളുടെ താളപ്പിഴകൾ പരിഹരിക്കാൻ സഹായിക്കുന്നു.” വളരെയധികം വിൽപ്പനയുള്ള ഒരു പുസ്‌തകത്തിന്റെ എഴുത്തുകാരിയും വാഷിങ്‌ടൺ ഡി.സി-യിലുള്ള ജോർജ്‌ടൗൺ സർവകലാശാലയിലെ സാമൂഹിക ഭാഷാവിദഗ്‌ധയുമായ ഡെബ്ര ടാനെന്റെ വാക്കുകളാണ് ഇവ.
മിക്കപ്പോഴും, തകരാറിലായ ഒരു ബന്ധത്തിന്റെ കേടുപോക്കാനുള്ള ഫലകരമായ മാർഗമാണ് ആത്മാർഥമായ ക്ഷമാപണം എന്നു ബൈബിൾ ഉറപ്പു നൽകുന്നു. ഉദാഹരണത്തിന്, ധൂർത്ത പുത്രനെ കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തകഥയിൽ, ആ പുത്രൻ തിരിച്ചുവന്ന് ആത്മാർഥമായി ക്ഷമ ചോദിച്ചപ്പോൾ, അവനെ തിരികെ വീട്ടിലേക്കു സ്വീകരിക്കാൻ പിതാവ് തയ്യാറായി. (ലൂക്കൊസ് 15:17-24) അതേ, ക്ഷമ ചോദിക്കുന്നതിൽനിന്നു തന്നെ തടയാൻ ഒരു വ്യക്തി ഒരിക്കലും അഹങ്കാരത്തെ അനുവദിക്കരുത്. യഥാർഥ താഴ്‌മയുള്ളവർക്ക് ക്ഷമാപണം അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.
ക്ഷമാപണത്തിന്റെ ശക്തി
പുരാതന ഇസ്രായേലിലെ ജ്ഞാനിയായ ഒരു സ്‌ത്രീ ആയിരുന്ന അബീഗയിലിന്റെ ദൃഷ്ടാന്തം—തന്റെ ഭർത്താവ് ചെയ്‌ത തെറ്റിനുവേണ്ടിയാണ് അവൾ ക്ഷമാപണം നടത്തിയതെങ്കിലും—ക്ഷമാപണത്തിന്റെ ശക്തിക്കു തെളിവു നൽകുന്നു. പിൽക്കാലത്ത് ഇസ്രായേലിന്റെ രാജാവായിത്തീർന്ന ദാവീദ് തന്റെ ആളുകളോടൊപ്പം മരുഭൂമിയിൽ പാർക്കുമ്പോൾ, അബീഗയിലിന്റെ ഭർത്താവായ നാബാലിന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിച്ചിരുന്നു. എന്നാൽ, ദാവീദിന്റെ ബാല്യക്കാർ ആഹാരവും വെള്ളവും ചോദിച്ചപ്പോൾ, നാബാൽ അവരെ അപമാനിച്ചു പറഞ്ഞയച്ചു. അതിൽ കുപിതനായ ദാവീദ് 400-ഓളം പുരുഷന്മാരെ കൂട്ടി നാബാലിനും അവന്റെ കുടുംബത്തിനും എതിരെ പുറപ്പെട്ടു. ഈ സാഹചര്യം 1 ശമൂവേൽ 25:2-35.
മനസ്സിലാക്കിയ അബീഗയിൽ ദാവീദിനെ കാണാനായി യാത്രതിരിച്ചു. അവനെ കണ്ടപ്പോൾ അവൾ അവന്റെ കാൽക്കൽ വീണ് ഇങ്ങനെ പറഞ്ഞു: “യജമാനനേ, കുററം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ.” തുടർന്ന് അവൾ കാര്യങ്ങൾ വിശദീകരിക്കുകയും ദാവീദിന് ഭക്ഷണവും വെള്ളവും ദാനമായി നൽകുകയും ചെയ്‌തു. അപ്പോൾ അവൻ പറഞ്ഞു: “സമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാൻ നിന്റെ വാക്കു കേട്ടു നിന്റെ മുഖം ആദരിച്ചിരിക്കുന്നു.”—അബീഗയിലിന്റെ താഴ്‌മയും ഭർത്താവിന്റെ നിഷ്‌ഠുര പെരുമാറ്റത്തെ പ്രതി അവൾ നടത്തിയ ക്ഷമാപണവും അവളുടെ ഭവനത്തെ സംരക്ഷിച്ചു. രക്തപാതകം ചെയ്യാതവണ്ണം തന്നെ തടുത്തതിന് ദാവീദ് അവളോടു നന്ദിപറയുക പോലും ചെയ്‌തു. ദാവീദിനോടും അവന്റെ ആളുകളോടും മോശമായി പെരുമാറിയത് അബീഗയിൽ അല്ലായിരുന്നെങ്കിലും, അവൾ തന്റെ കുടുംബത്തിനു വേണ്ടി കുറ്റം ഏറ്റെടുക്കുകയും ദാവീദുമായി സമാധാനത്തിലാകുകയും ചെയ്‌തു.
ക്ഷമാപണം നടത്തേണ്ടത് എപ്പോഴാണെന്ന് അറിയാമായിരുന്ന മറ്റൊരു വ്യക്തി അപ്പൊസ്‌തലനായ പൗലൊസ് ആണ്. ഒരിക്കൽ അവന് യഹൂദന്മാരുടെ പരമോന്നത ന്യായാധിപസഭയായ സൻഹെദ്രിമിന് മുമ്പാകെ തനിക്കുവേണ്ടിത്തന്നെ പ്രതിവാദം നടത്തേണ്ടിവന്നു. പൗലൊസിന്റെ സത്യസന്ധമായ വാക്കുകൾ കേട്ട് കുപിതനായ അനന്യാസ് എന്ന മഹാപുരോഹിതൻ, പൗലൊസിന്റെ അടുക്കൽ നിന്നവരോട് അവന്റെ വായ്‌ക്ക് അടിക്കാൻ കൽപ്പിച്ചു. അപ്പോൾ പൗലൊസ് അവനോടു പറഞ്ഞു: “ദൈവം നിന്നെ അടിക്കും, വെള്ളതേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്‌തരിപ്പാൻ ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാൻ കല്‌പിക്കയും ചെയ്യുന്നുവോ?” പൗലൊസ് മഹാപുരോഹിതനെ ശകാരിച്ചതായി നിരീക്ഷകർ ആരോപിച്ചപ്പോൾ, അവൻ പെട്ടെന്നുതന്നെ പിൻവരുന്ന വിധം പറഞ്ഞുകൊണ്ട് തന്റെ തെറ്റ് സമ്മതിച്ചു: ‘സഹോദരന്മാരേ, മഹാപുരോഹിതൻ എന്നു ഞാൻ അറിഞ്ഞില്ല; “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ.”’—പ്രവൃത്തികൾ 23:1-5.
ഒരു നിയമിത ന്യായാധിപൻ അക്രമത്തിന്റെ ഗതി പിന്തുടരരുത് എന്നു പൗലൊസ് പറഞ്ഞതു ശരിയായിരുന്നു. എന്നിട്ടും മഹാപുരോഹിതനോട് അനാദരവു കാട്ടിയതായി വീക്ഷിക്കപ്പെടാമായിരുന്ന രീതിയിൽ അറിയാതെ സംസാരിച്ചതിന് അവൻ ക്ഷമ ചോദിച്ചു. * പൗലൊസിനു പറയാനുണ്ടായിരുന്നത് സൻഹെദ്രിം കേൾക്കുന്നതിന് അവന്റെ ക്ഷമാപണം വഴിയൊരുക്കി. ന്യായാധിപ സംഘാംഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന വിയോജിപ്പ് സംബന്ധിച്ച് അറിയാമായിരുന്നതിനാൽ, പുനരുത്ഥാനത്തിലുള്ള തന്റെ വിശ്വാസം നിമിത്തമാണ് താൻ വിചാരണ ചെയ്യപ്പെടുന്നതെന്ന് പൗലൊസ് അവരോടു പറഞ്ഞു. തത്‌ഫലമായി, വലിയ തർക്കം ഉണ്ടാകുകയും പരീശന്മാർ പൗലൊസിന്റെ പക്ഷം ചേരുകയും ചെയ്‌തു.—പ്രവൃത്തികൾ 23:6-10.
ബൈബിളിലെ ഈ രണ്ട് ഉദാഹരണങ്ങളിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും? രണ്ടു സന്ദർഭങ്ങളിലും ആത്മാർഥമായ ഖേദ പ്രകടനങ്ങൾ കൂടുതലായ ആശയവിനിമയത്തിനുള്ള വഴി തുറന്നു. അതുകൊണ്ട് ക്ഷമാപണത്തിനു സമാധാനം സ്ഥാപിക്കാൻ നമ്മെ സഹായിക്കാനാകും. അതേ, തെറ്റുകൾ സമ്മതിക്കുകയും സംഭവിച്ച നഷ്ടത്തെ പ്രതി ക്ഷമ ചോദിക്കുകയും ചെയ്യുന്നത് ഫലപ്രദമായ ചർച്ചകൾക്കുള്ള അവസരങ്ങൾ തുറന്നുതരും.
‘പക്ഷേ ഞാൻ തെറ്റൊന്നും ചെയ്‌തിട്ടില്ല’
നമ്മുടെ വാക്കോ പ്രവൃത്തിയോ മറ്റൊരാളെ വ്രണപ്പെടുത്തിയെന്നു മനസ്സിലാക്കുമ്പോൾ, ആ വ്യക്തി ന്യായബോധമില്ലാത്തവനോ നിസ്സാര സംഗതികൾ ഊതിവീർപ്പിക്കുന്നവനോ ആണെന്നു നമുക്കു തോന്നിയേക്കാം. എങ്കിലും, യേശുക്രിസ്‌തു തന്റെ ശിഷ്യന്മാർക്ക് മത്തായി 5:23, 24.
ഈ ബുദ്ധിയുപദേശം നൽകി: “ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.”—ഉദാഹരണത്തിന് ഒരു സഹോദരന്, നിങ്ങൾ അദ്ദേഹത്തോടു തെറ്റു ചെയ്‌തെന്നു തോന്നിയേക്കാം. അത്തരമൊരു സാഹചര്യത്തിൽ, തെറ്റു ചെയ്‌തെന്നു നിങ്ങൾക്കു തോന്നിയാലും ഇല്ലെങ്കിലും ചെന്നു ‘സഹോദരനോടു നിരന്നുകൊള്ളണം’ എന്നു യേശു പറയുന്നു. ഗ്രീക്ക് പാഠത്തിൽ കാണുന്നപ്രകാരം, യേശു ഇവിടെ ഉപയോഗിച്ച പദം ‘പരസ്‌പരം ശത്രുതയിൽ ആയിരുന്നശേഷം അന്യോന്യം വിട്ടുവീഴ്‌ച ചെയ്യുന്നതിനെ’ സൂചിപ്പിക്കുന്നു. (വൈൻസ് എക്‌സ്‌പോസിറ്ററി ഡിക്‌ഷണറി ഓഫ് ഓൾഡ് ആൻഡ് ന്യൂ ടെസ്റ്റമെന്റ് വേർഡ്‌സ്) രണ്ടു വ്യക്തികൾക്കു തമ്മിൽ വിയോജിപ്പുണ്ടെങ്കിൽ, രണ്ടു പേരുടെ ഭാഗത്തും കുറേയൊക്കെ തെറ്റുണ്ടാകാം. കാരണം, ഇരുവരും അപൂർണരും തെറ്റു ചെയ്യാൻ ചായ്‌വുള്ളവരുമാണ്. ഇതു മിക്കപ്പോഴും പരസ്‌പരം വിട്ടുവീഴ്‌ച ചെയ്യേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു.
ആരുടെ ഭാഗത്താണ് തെറ്റ് അല്ലെങ്കിൽ ശരി എന്നതല്ല മറിച്ച് സമാധാനം സ്ഥാപിക്കാനായി ആർ മുൻകൈയെടുക്കും എന്നതാണു പ്രധാന സംഗതി. പണസംബന്ധമായ കാര്യങ്ങളിലെ വിയോജിപ്പുകൾ പോലുള്ള വ്യക്തിപരമായ ഭിന്നതകളുടെ പേരിൽ കൊരിന്തിലെ ക്രിസ്‌ത്യാനികൾ തങ്ങളുടെ സഹാരാധകരെ ലൗകിക കോടതികളിൽ കയറ്റുന്നതായി അപ്പൊസ്‌തലനായ പൗലൊസ് മനസ്സിലാക്കിയപ്പോൾ, പിൻവരുന്നവിധം പറഞ്ഞുകൊണ്ട് അവൻ അവരെ തിരുത്തി: “എന്തുകൊണ്ട് ദ്രോഹം നിങ്ങൾക്കു ക്ഷമിച്ചുകൂടാ? വഞ്ചന സഹിച്ചുകൂടാ?” (1 കൊരിന്ത്യർ 6:7, പി.ഒ.സി. ബൈബിൾ) വ്യക്തിപരമായ ഭിന്നതകളുമായി സഹക്രിസ്‌ത്യാനികൾ ലൗകിക കോടതികളെ സമീപിക്കുന്നതിനെ നിരുത്സാഹപ്പെടുത്താനാണ് പൗലൊസ് ഇതു പറഞ്ഞതെങ്കിലും, അതിലെ തത്ത്വം വ്യക്തമാണ്: ആരുടെ ഭാഗത്താണ് ശരി അല്ലെങ്കിൽ തെറ്റ് എന്നു തെളിയിക്കുന്നതിനെക്കാൾ പ്രധാനം സഹ വിശ്വാസികൾക്കിടയിൽ സമാധാനം നിലനിറുത്തുന്നതാണ്. ഈ തത്ത്വം മനസ്സിൽ പിടിക്കുന്നത്, നാം ആരോടെങ്കിലും തെറ്റു ചെയ്‌തതായി അവർക്കു തോന്നുന്നെങ്കിൽ അവരോടു ക്ഷമ ചോദിക്കുക എളുപ്പമാക്കിത്തീർക്കുന്നു.
ആത്മാർഥത ആവശ്യം
എന്നാൽ ചിലർ ക്ഷമാപണത്തിനുള്ള വാക്കുകൾ അമിതമായി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, ജപ്പാനിൽ ക്ഷമാപണം നടത്താൻ പൊതുവെ ഉപയോഗിക്കുന്ന സൂമിമാസെൻ എന്ന വാക്ക് കൂടെക്കൂടെ കേൾക്കാൻ കഴിയും. ലഭിച്ച ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാൻ സാധിച്ചില്ലല്ലോ എന്ന അർഥത്തിൽ നന്ദി പ്രകടിപ്പിക്കാൻപോലും അത് ഉപയോഗിക്കാവുന്നതാണ്. ഈ വാക്കിനു പല അർഥങ്ങൾ ഉള്ളതിനാൽ അത് അമിതമായി ഉപയോഗിക്കപ്പെടുന്നതായി ചിലർക്കു തോന്നുന്നു. അത് പറയുന്നവരുടെ ആത്മാർഥതയെയും അവർ സംശയിച്ചേക്കാം. മറ്റ് സ്ഥലങ്ങളിലും ക്ഷമാപണത്തിനുള്ള ചില വാക്കുകൾ അമിതമായി ഉപയോഗിക്കപ്പെടുന്നതായി തോന്നിയേക്കാം.
ഏതൊരു ഭാഷയിലും, ക്ഷമാപണം നടത്തുമ്പോൾ ആത്മാർഥത പുലർത്തേണ്ടത് പ്രധാനമാണ്. വാക്കുകളും അതു പറയുന്ന വിധവും ആത്മാർഥമായ ദുഃഖത്തെ പ്രതിഫലിപ്പിക്കണം. ഗിരിപ്രഭാഷണത്തിൽ യേശു തന്റെ ശിഷ്യരെ ഇപ്രകാരം പഠിപ്പിച്ചു: “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (മത്തായി 5:37) നിങ്ങൾ ക്ഷമ ചോദിക്കുന്നെങ്കിൽ അത് ആത്മാർഥതയോടെ ആയിരിക്കട്ടെ! ഒരു ദൃഷ്ടാന്തം ശ്രദ്ധിക്കുക: വിമാനത്താവളത്തിലെ ചെക്കിങ് കൗണ്ടറിനു മുമ്പിലെ ക്യൂവിൽ നിൽക്കുകയായിരുന്ന ഒരാളുടെ ലഗ്ഗേജ് തന്റെ തൊട്ടടുത്തു നിന്നിരുന്ന സ്‌ത്രീയുടെ ദേഹത്തു മുട്ടിയപ്പോൾ അദ്ദേഹം ക്ഷമ ചോദിച്ചു. ഏതാനും മിനിട്ടു കഴിഞ്ഞ് ക്യൂ നീങ്ങിത്തുടങ്ങിയപ്പോൾ, ലഗ്ഗേജ് പിന്നെയും മുട്ടി. അയാൾ ഒരിക്കൽക്കൂടി മര്യാദപൂർവം ക്ഷമ ചോദിച്ചു. വീണ്ടും അതുതന്നെ സംഭവിച്ചപ്പോൾ സ്‌ത്രീയുടെ സഹയാത്രികൻ, ‘താങ്കൾ പറഞ്ഞത് ആത്മാർഥമായിട്ടാണെങ്കിൽ ലഗ്ഗേജ് വീണ്ടും ഈ സ്‌ത്രീയുടെ ദേഹത്തു മുട്ടില്ലെന്ന് ഉറപ്പുവരുത്തണം’ എന്ന് അദ്ദേഹത്തോടു പറഞ്ഞു. അതേ, ആത്മാർഥമായ ക്ഷമാപണത്തോടൊപ്പം തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള നിശ്ചയദാർഢ്യവും വേണം.
ആത്മാർഥതയുള്ള ഒരു ക്ഷമാപണത്തിൽ തെറ്റ് അംഗീകരിച്ചുകൊണ്ട് ക്ഷമ തേടുന്നതും നഷ്ടം നികത്താൻ പരമാവധി ശ്രമിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നു. അപ്പോൾ, ദ്രോഹവിധേയനായ വ്യക്തി തെറ്റു ചെയ്‌ത അനുതാപമുള്ള വ്യക്തിയോടു ക്ഷമിക്കണം. (മത്തായി 18:21, 22; മർക്കൊസ് 11:25; എഫെസ്യർ 4:32; കൊലൊസ്സ്യർ 3:13) ഇരുവരും അപൂർണരായതിനാൽ, സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ എല്ലായ്‌പോഴും സുഗമമായി മുന്നോട്ടു പോയെന്നു വരില്ല. എങ്കിലും, സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന പടിയാണ് ക്ഷമാപണം.
ക്ഷമാപണം അനുചിതമായിരിക്കുമ്പോൾ
ഖേദപ്രകടനങ്ങൾക്ക്, ആശ്വാസം പകരാനും സമാധാനം സ്ഥാപിക്കാനും കഴിയുമെങ്കിലും, ജ്ഞാനിയായ ഒരുവൻ ഉചിതമല്ലാത്തപ്പോൾ ഖേദപ്രകടനങ്ങൾ നടത്തുകയില്ല. ഉദാഹരണത്തിന്, ദൈവത്തോടുള്ള ദൃഢവിശ്വസ്‌തത ഉൾപ്പെടുന്ന ഒരു സാഹചര്യമാണ് സംജാതമായിരിക്കുന്നത് എന്നു വിചാരിക്കുക. ഭൂമിയിലായിരുന്നപ്പോൾ യേശു “തന്നെത്താൻ താഴ്‌ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” ഫിലിപ്പിയർ 2:8) എന്നിരുന്നാലും, യാതനകൾക്ക് അയവു വരുത്താനായി അവൻ തന്റെ വിശ്വാസത്തെ പ്രതി ക്ഷമാപണം നടത്തിയില്ല. പിൻവരുന്ന വിധം മഹാപുരോഹിതൻ ചോദിച്ചപ്പോഴും അവൻ ക്ഷമാപണം നടത്തിയില്ല: “ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ ആണയിട്ടു ഞാൻ നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ ക്രിസ്‌തുവാണോ എന്നു ഞങ്ങളോടു പറയുക” ഭീരുത്വത്തോടെ ക്ഷമ ചോദിക്കുന്നതിനു പകരം, ധൈര്യപൂർവം യേശു ഈ മറുപടി നൽകി: “നീ പറഞ്ഞുവല്ലോ; എന്നാൽ, ഞാൻ നിന്നോടു പറയുന്നു, ഇപ്പോൾമുതൽ മനുഷ്യപുത്രൻ ശക്‌തിയുടെ വലത്തുഭാഗത്ത് ഉപവിഷ്‌ടനായിരിക്കുന്നതും വാനമേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും.” (മത്തായി 26:63, 64, പി.ഒ.സി. ബൈ.) തന്റെ പിതാവായ യഹോവയോടുള്ള ദൃഢവിശ്വസ്‌തത ബലികഴിച്ചുകൊണ്ട് മഹാപുരോഹിതനുമായി സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച് യേശു ചിന്തിക്കുകപോലും ചെയ്‌തില്ല.
(ക്രിസ്‌ത്യാനികൾ അധികാരികൾക്ക് ആദരവും ബഹുമാനവും നൽകുന്നു. എന്നാൽ, ദൈവത്തെ അനുസരിക്കുകയും സഹോദരങ്ങളെ സ്‌നേഹിക്കുകയും ചെയ്യുന്നതിന്റെ പേരിൽ അവർ ക്ഷമാപണം നടത്തേണ്ട ആവശ്യമില്ല.—മത്തായി 28:19, 20; റോമർ 13:5-7.
സമാധാനത്തിനുള്ള പ്രതിബന്ധങ്ങൾ ഇല്ലാതാകുമ്പോൾ
നമ്മുടെ പൂർവികനായ ആദാമിൽനിന്ന് അപൂർണതയും പാപവും കൈമാറിക്കിട്ടിയിരിക്കുന്നതിനാലാണ് ഇപ്പോൾ നാം തെറ്റുകൾ ചെയ്യുന്നത്. (റോമർ 5:12; 1 യോഹന്നാൻ 1:10) സ്രഷ്ടാവിനെതിരായുള്ള മത്സരത്തിന്റെ ഫലമായാണ് ആദാം പാപിയായിത്തീർന്നത്. എന്നാൽ, ആദിയിൽ ആദാമും ഹവ്വായും പൂർണരും പാപരഹിതരും ആയിരുന്നു. ഈ പൂർണാവസ്ഥയിലേക്കു മനുഷ്യവർഗത്തെ പുനഃസ്ഥിതീകരിക്കുമെന്നു ദൈവം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. പാപത്തെയും അതിന്റെ സകല ഫലങ്ങളെയും അവൻ തുടച്ചുനീക്കും.—1 കൊരിന്ത്യർ 15:56, 57, NW.
അത് എന്തർഥമാക്കുമെന്നു ചിന്തിച്ചുനോക്കൂ! നാവിന്റെ ഉപയോഗത്തെ കുറിച്ചു ബുദ്ധിയുപദേശിക്കവേ, യേശുവിന്റെ അർധസഹോദരനായ യാക്കോബ് പറഞ്ഞു: “സംസാരത്തിൽ തെററുവരുത്താത്ത ഏവനും പൂർണ്ണനാണ്. തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവനു കഴിയും.” (യാക്കോബ് 3:2, പി.ഒ.സി. ബൈ.) നാവിന്റെ ദുരുപയോഗം നിമിത്തം ക്ഷമാപണം നടത്തേണ്ടതില്ലാത്തവിധം അതിനെ നിയന്ത്രിക്കാൻ പൂർണനായ ഒരു മനുഷ്യനു സാധിക്കും. അവന് “തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ” കഴിയും. നാം പൂർണരായിത്തീരുമ്പോൾ അത് എത്ര അത്ഭുതകരമായിരിക്കും! ആ സമയത്ത്, വ്യക്തികൾക്കിടയിലെ സമാധാനത്തിനു പ്രതിബന്ധമായി യാതൊന്നും ഉണ്ടായിരിക്കുകയില്ല. എന്നാൽ അതുവരെ, ചെയ്‌തുപോയ തെറ്റിനെ പ്രതിയുള്ള ആത്മാർഥവും ഉചിതവുമായ ക്ഷമാപണം സമാധാനം സ്ഥാപിക്കാൻ വളരെയധികം സഹായിക്കും.
[അടിക്കുറിപ്പ്]
^ ഖ. 8 പൗലൊസിന്റെ കാഴ്‌ചക്കുറവുകൊണ്ടായിരിക്കാം അവനു മഹാപുരോഹിതനെ തിരിച്ചറിയാൻ കഴിയാതെപോയത്.
[5-ാം പേജിലെ ചിത്രം]
പൗലൊസിന്റെ മാതൃകയിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
[7-ാം പേജിലെ ചിത്രം]
സകലരും പൂർണരായി ക്കഴിയുമ്പോൾ സമാധാനത്തിനു പ്രതിബന്ധമായി യാതൊന്നും ഉണ്ടായിരിക്കില്ല