വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കപ്പിത്താന്റെ മേശയിങ്കൽ

കപ്പിത്താന്റെ മേശയിങ്കൽ

കപ്പിത്താന്റെ മേശയിങ്കൽ

രസികരായ ആളുകൾ, രുചികരമായ ഭക്ഷണം, ഹൃദ്യമായ സംഭാഷണം, കപ്പലിനുള്ളിൽ കപ്പിത്താന്റെ മേശയിങ്കലെ ഭക്ഷണവേള ആസ്വാദ്യമാക്കിത്തീർക്കുന്ന സംഗതികളാണ്‌ ഇവയൊക്കെ. എന്നാൽ, ബ്രിട്ടീഷ്‌ സമുദ്രയാന കമ്പനിയായ വൈറ്റ്‌ സ്റ്റാർ ലൈനിലെ കപ്പിത്താനായ റോബർട്ട്‌ ജി. സ്‌മിത്തിന്റെ ഭക്ഷണമേശയിങ്കൽ നടന്ന ഒരു ചർച്ച ആത്മീയ വിരുന്നിനു വഴിയൊരുക്കി.​—⁠യെശയ്യാവു 25:⁠6.

1894-ൽ, കിൻക്ലൂൺ ഓഫ്‌ ഡൺഡീ എന്ന പായ്‌ക്കപ്പലിൽ 24-കാരനായ അതിന്റെ കപ്പിത്താൻ റോബർട്ട്‌ ലോകം ചുറ്റിയുള്ള തന്റെ കന്നിയാത്ര നടത്തി. പിന്നീട്‌ അദ്ദേഹം വൈറ്റ്‌ സ്റ്റാർ കമ്പനിയുടെ സെഡ്രിക്‌, സെവിക്‌, റൂനിക്‌ തുടങ്ങിയ കപ്പലുകളിൽ കപ്പിത്താനായി ജോലിചെയ്‌തിട്ടുണ്ട്‌. * ഈ കപ്പലുകളിലൊന്നിൽ ന്യൂയോർക്കിൽനിന്നും അറ്റ്‌ലാന്റിക്‌ സമുദ്രത്തിലൂടെ ഇംഗ്ലണ്ടിലെ ലിവർപൂളിലേക്ക്‌ പോകവേ, ചാൾസ്‌ റ്റെയ്‌സ്‌ റസ്സലിനെ റോബർട്ട്‌ തന്റെ ഭക്ഷണമേശയിലേക്കു ക്ഷണിച്ചു. റസ്സലുമായുള്ള സംഭാഷണം ബൈബിൾ സന്ദേശത്തിലുള്ള റോബർട്ടിന്റെ താത്‌പര്യമുണർത്തുകയും കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിന്‌ അദ്ദേഹം വേദാധ്യയന പത്രികയുടെ പ്രതികൾ റസ്സലിന്റെ പക്കൽനിന്ന്‌ സന്തോഷത്തോടെ വാങ്ങുകയും ചെയ്‌തു.

റസ്സൽ റോബർട്ടിന്‌ കത്തുകൾ എഴുതിക്കൊണ്ടിരുന്നു. തത്‌ഫലമായി, ബൈബിൾ സന്ദേശത്തിലുള്ള അദ്ദേഹത്തിന്റെ താത്‌പര്യം വർധിച്ചു. പുതുതായി കണ്ടെത്തിയ അറിവ്‌ അദ്ദേഹം തന്റെ ഭാര്യയുമായി പങ്കുവെച്ചു. താമസിയാതെതന്നെ രണ്ടുപേരും സജീവ ‘ബൈബിൾ വിദ്യാർഥികൾ’​—⁠യഹോവയുടെ സാക്ഷികൾ അക്കാലത്ത്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌​—⁠ആയിത്തീർന്നു. റോബർട്ടിന്‌ പിന്നീട്‌ ബൈബിൾ പ്രസംഗങ്ങൾ നടത്തുന്നതിനുള്ള പദവി ലഭിക്കുകയുണ്ടായി. ഉദാഹരണത്തിന്‌, ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബനിൽ അദ്ദേഹം ‘ഗിലെയാദിലെ സുഗന്ധതൈലം’ എന്ന വിഷയത്തെ ആധാരമാക്കി പ്രസംഗിക്കുകയും ‘ഭൂമിയിലെ സകല കഷ്ടതകൾക്കുമുള്ള പ്രതിവിധി’ ആയ ഒരു സന്ദേശം ദൈവവചനത്തിൽ അടങ്ങിയിരിക്കുന്നത്‌ എങ്ങനെയെന്നു വ്യക്തമാക്കുകയും ചെയ്‌തു. സ്ലൈഡുകൾ കാണിക്കുമ്പോൾ അതിനോടൊപ്പം റസ്സലിന്റെ കമന്ററിയുടെ റെക്കോർഡിങ്ങുകൾ കേൾപ്പിച്ചുകൊണ്ട്‌, ഇംഗ്ലണ്ടിൽ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” അവതരിപ്പിക്കുന്നതിൽ സഹായിച്ചു.

തനിക്കു ലഭിച്ച രാജ്യസത്യം റോബർട്ട്‌ തന്റെ മക്കൾക്കു കൈമാറി. അഞ്ച്‌ തലമുറയ്‌ക്കു ശേഷം ഇപ്പോൾ, ആ കുടുംബത്തിലെ 18 അംഗങ്ങൾ മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുന്നതിൽ സജീവമായി ഏർപ്പെടുന്നു. അന്ന്‌ കപ്പിത്താന്റെ മേശയിൽ വിളമ്പിയ വിഭവത്തോട്‌ അവർ നന്ദിയുള്ളവരാണ്‌.

കപ്പിത്താനായ സ്‌മിത്തിന്റെ താത്‌പര്യമുണർത്തിയ ആ ബൈബിൾ സന്ദേശം പഠിക്കാൻ, യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെയും ബൈബിൾ വിദ്യാഭ്യാസ വേലയിലൂടെയും ലോകമെമ്പാടുമുള്ള ആളുകളെ സഹായിച്ചുകൊണ്ടിരിക്കുകയാണ്‌. കപ്പിത്താന്റെ മേശയിൽ വിളമ്പിയ അതിവിശിഷ്ടമായ ആ വിഭവം നിങ്ങൾക്കും കണ്ടെത്താൻ കഴിയും.

[അടിക്കുറിപ്പ്‌]

^ ഖ. 3 ഇക്കൂട്ടത്തിൽപ്പെട്ട മറ്റൊരു കപ്പലായ ടൈറ്റാനിക്കിന്റെ വിപത്‌കരമായ കന്നിയാത്രയിൽ അതിന്റെ കപ്പിത്താൻ ഇ. ജെ. സ്‌മിത്ത്‌ (റോബർട്ട്‌ ജി. സ്‌മിത്തുമായി ബന്ധമില്ല) ആയിരുന്നു.

[8-ാം പേജിലെ ചിത്രം]

റോബർട്ട്‌ ജി. സ്‌മിത്ത്‌

[8-ാം പേജിലെ ചിത്രം]

ചാൾസ്‌ റ്റി. റസ്സൽ