കാര്യങ്ങൾ സംബന്ധിച്ച് ദൈവിക വീക്ഷണം ഉണ്ടായിരിക്കുക
കാര്യങ്ങൾ സംബന്ധിച്ച് ദൈവിക വീക്ഷണം ഉണ്ടായിരിക്കുക
രണ്ടായിരത്തിരണ്ട് സെപ്‌റ്റംബർ 14-ാം തീയതി യു.എസ്.എ.-യിലെ ന്യൂയോർക്കിൽ ഇളംചൂടുള്ള തെളിഞ്ഞ അന്തരീക്ഷമായിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള 6,521 പേർ അന്ന് ആ പ്രദേശത്തെ യഹോവയുടെ സാക്ഷികളുടെ പാറ്റേഴ്‌സൺ വിദ്യാഭ്യാസ കേന്ദ്രത്തിലും മറ്റ് രണ്ട് ഇടങ്ങളിലുമായി കൂടിവന്നു. വാച്ച്‌ടവർ ബൈബിൾ ഗിലെയാദ് സ്‌കൂളിന്റെ 113-ാമത്തെ ക്ലാസ്സിന്റെ ബിരുദദാന ചടങ്ങിനു സാക്ഷ്യംവഹിക്കാൻ എത്തിയതായിരുന്നു അവർ. 14 ദേശങ്ങളിൽനിന്നുള്ള വിദ്യാർഥികൾ അഞ്ചു മാസമായി മിഷനറി സേവനത്തിനുവേണ്ടി തയ്യാറെടുക്കുകയായിരുന്നു. അതിനൊടുവിൽ അവർ 19 രാജ്യങ്ങളിലേക്കായി നിയമിക്കപ്പെട്ടു.
യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായ 98 വയസ്സുള്ള ക്യാരി ബാർബർ ആയിരുന്നു പരിപാടിയുടെ ചെയർമാൻ. മിഷനറിമാരായി സേവിക്കാൻ ആയിരക്കണക്കിനു വ്യക്തികളെ സജ്ജരാക്കിയ, ഗിലെയാദ് സ്‌കൂളിന്റെ അറുപതോളം വർഷത്തെ ചരിത്രത്തിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു. ബാർബർ സഹോദരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “അവരെ കൂടുതലായി പരിശീലിപ്പിച്ചതു നിമിത്തം വലിയ ഫലങ്ങൾ ലഭിച്ചിട്ടുണ്ട് എന്നു പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. ലോകമെമ്പാടുമായി സൗമ്യരായ പതിനായിരക്കണക്കിന് ആളുകൾ യഥാർഥത്തിൽ തങ്ങളുടെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ച് സത്യാരാധകർ ആയിത്തീരുകയും വിശുദ്ധ സേവനം ഏറ്റെടുക്കുകയും ചെയ്‌തിരിക്കുന്നു. പരിശീലിപ്പിക്കപ്പെട്ട മിഷനറിമാരിൽനിന്ന് അവർക്കു ലഭിച്ച സഹായം നിമിത്തമാണത്.”
വിദ്യാർഥികളിൽ മിക്കവരും ഗിലെയാദ് സ്‌കൂളിൽ സംബന്ധിക്കുന്നതിനു മുമ്പുതന്നെ തങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കുന്നതിൽ താത്‌പര്യം കാണിച്ചിരുന്നു. കാനഡയിൽ തങ്ങൾ താമസിക്കുന്ന പ്രദേശത്തുള്ള ചൈനക്കാരുടെ വലിയ കൂട്ടത്തിന്റെ പക്കൽ സുവാർത്ത എത്തിക്കുക എന്ന ഉദ്ദേശ്യത്തിൽ ഒരു ദമ്പതികൾ ഒരു വർഷത്തിലധികമായി മാൻഡരിൻ ഭാഷാ ക്ലാസ്സിൽ സംബന്ധിച്ചു. മറ്റൊരു ദമ്പതികൾ സ്വന്തമായി അൽബേനിയൻ ഭാഷ പഠിക്കാനാരംഭിക്കുകയും ബൈബിൾ സന്ദേശത്തിൽ താത്‌പര്യം കാണിക്കുന്ന കൂടുതൽ ആളുകളെ സഹായിക്കാനായി അൽബേനിയയിലേക്കു മാറിപ്പാർക്കുകയും ചെയ്‌തു. ഗിലെയാദ് സ്‌കൂളിൽ പങ്കെടുത്ത മറ്റുള്ളവർ ഹംഗറി, ഗ്വാട്ടിമാല, ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽനിന്നാണ് എത്തിയത്. ദൈവവചനത്തിന്റെ ഉപദേഷ്ടാക്കളുടെ കൂടുതലായ ആവശ്യം ഉണ്ടായിരുന്ന ഈ സ്ഥലങ്ങളിൽ സേവിക്കാനായി അവർ നേരത്തേതന്നെ അവിടേക്കു മാറിപ്പാർത്തതായിരുന്നു.
ആഫ്രിക്ക, പൂർവ യൂറോപ്പ്, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, വിദൂര പൗരസ്‌ത്യ ദേശങ്ങൾ എന്നിവിടങ്ങളിലെ തങ്ങളുടെ നിയമനത്തിനായി പുറപ്പെടുന്നതിനു മുമ്പ്, ബിരുദധാരികളായ എല്ലാവരും തങ്ങൾ ചെയ്യുന്ന സകല കാര്യങ്ങളിലും ദൈവിക വീക്ഷണം പുലർത്താൻ പ്രോത്സാഹിപ്പിക്കപ്പെട്ടു.
കാര്യങ്ങൾ സംബന്ധിച്ച് ദൈവിക വീക്ഷണം ഉണ്ടായിരിക്കുക
പ്രാരംഭ പ്രസ്‌താവനകൾക്കുശേഷം ബാർബർ സഹോദരൻ, ഐക്യനാടുകളിലെ ഒരു ബ്രാഞ്ച് കമ്മിറ്റി അംഗമായ മാക്‌സ്‌വെൽ ലോയിഡ് സഹോദരനെ പരിചയപ്പെടുത്തി. അദ്ദേഹം, “സകല കാര്യങ്ങളും സംബന്ധിച്ച് ദൈവിക കാഴ്‌ചപ്പാട് ഉണ്ടായിരിക്കുക” എന്ന പ്രതിപാദ്യവിഷയം വികസിപ്പിച്ചു. ലോയിഡ് സഹോദരൻ, ദാവീദിന്റെയും ദൈവപുത്രനായ യേശുവിന്റെയും ദൃഷ്ടാന്തങ്ങളിലേക്കു സദസ്സിന്റെ ശ്രദ്ധ ക്ഷണിച്ചു. (1 ശമൂവേൽ 24:6; 26:11; ലൂക്കൊസ് 22:42) അഞ്ചു മാസത്തെ ബൈബിൾ പഠനത്തിലൂടെ കാര്യങ്ങൾ സംബന്ധിച്ച ദൈവിക വീക്ഷണം ഉണ്ടായിരിക്കാനുള്ള പരിശീലനം വിദ്യാർഥികൾക്കു ലഭിച്ചിട്ടുണ്ടെന്ന് അവരെ ഓർമിപ്പിച്ച ശേഷം പ്രസംഗകൻ ഇപ്രകാരം ചോദിച്ചു: “നിങ്ങളുടെ പുതിയ നിയമനം നിറവേറ്റവേ, ആളുകളുമായി ബൈബിളധ്യയനങ്ങൾ നടത്തുമ്പോൾ കാര്യങ്ങൾ സംബന്ധിച്ച് ദൈവത്തിന്റെ വീക്ഷണം പുലർത്താൻ നിങ്ങൾ അവരെ സഹായിക്കുമോ?” മറ്റുള്ളവരെ ബുദ്ധിയുപദേശിക്കുന്നതിനോടുള്ള ബന്ധത്തിൽ, അദ്ദേഹം വിദ്യാർഥികളോട് ഇപ്രകാരം പറഞ്ഞു: “‘എന്റെ അഭിപ്രായത്തിൽ, അല്ലെങ്കിൽ എനിക്കു തോന്നുന്നത് . . . ’ എന്നു പറയാതിരിക്കുക. പകരം, ദൈവത്തിന്റെ വീക്ഷണം മനസ്സിലാക്കാൻ അവരെ സഹായിക്കുക. അങ്ങനെ ചെയ്‌താൽ, നിയമനത്തിലായിരിക്കെ നിങ്ങളോടൊത്തു സഹവസിക്കുന്നവർക്ക് നിങ്ങൾ ഒരു യഥാർഥ സഹായമായിത്തീരും.”
അടുത്തതായി പരിപാടി നിർവഹിച്ചത് ഭരണസംഘത്തിലെ ഒരംഗമായ ഗെരിറ്റ് ലോഷ് സഹോദരനാണ്. ‘ഞാൻ നിന്നോടുകൂടെ ഉണ്ട്’ എന്ന പ്രതിപാദ്യവിഷയത്തെ ആസ്‌പദമാക്കി സംസാരിക്കവേ, യഹോവ തന്റെ വിശ്വസ്‌ത ദാസരോട് ‘ഞാൻ നിന്നോടുകൂടെ ഉണ്ട്’ എന്നു പറഞ്ഞ അനേക സന്ദർഭങ്ങളിലേക്ക് അദ്ദേഹം സദസ്യരുടെ ശ്രദ്ധ ക്ഷണിച്ചു. (ഉല്‌പത്തി 26:23, 24; 28:15; യോശുവ 1:5; യിരെമ്യാവു 1:7, 8) നാം യഹോവയോടു വിശ്വസ്‌തരാണെങ്കിൽ ഈ നാളുകളിൽ നമുക്കും യഹോവയിൽ സമാനമായ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയും. ലോഷ് സഹോദരൻ പിൻവരുന്ന കാര്യം ചൂണ്ടിക്കാട്ടി: “ബൈബിളധ്യയനങ്ങൾ ലഭിക്കുമോ എന്നോർത്തു നിങ്ങൾ വിഷമിക്കുന്നുണ്ടോ? യഹോവ പറഞ്ഞത് എന്താണെന്ന് ഓർക്കുക, ‘ഞാൻ നിന്നോടു കൂടെ ഉണ്ട്.’ ഭൗതികാവശ്യങ്ങൾ നിറവേറ്റാൻ വേണ്ട പണമില്ലല്ലോ എന്നോർത്തു നിങ്ങൾ ആകുലപ്പെടാറുണ്ടോ? യഹോവ പറയുന്നു: ‘ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.’” (എബ്രായർ 13:5) പ്രസംഗത്തിന്റെ ഉപസംഹാരമെന്ന നിലയിൽ, ശിഷ്യരാക്കൽ വേലയിൽ തന്റെ വിശ്വസ്‌ത അനുഗാമികളോടൊപ്പം താൻ ഉണ്ടായിരിക്കുമെന്ന യേശുവിന്റെ വാഗ്‌ദാനം ലോഷ് സഹോദരൻ വിദ്യാർഥികളെ ഓർമിപ്പിച്ചു.—മത്തായി 28:20.
ഗിലെയാദ് അധ്യാപകനായ ലോറൻസ് ബോവെൻ സഹോദരന്റെ പ്രതിപാദ്യവിഷയം “കഠിനപരിശോധനയുടെ സമയത്ത് നിങ്ങൾ സുരക്ഷിതത്വം കണ്ടെത്തുമോ” എന്നതായിരുന്നു. ഏദെനിൽ ഉന്നയിക്കപ്പെട്ട വിവാദവിഷയങ്ങൾ നിമിത്തം, യഹോവയ്‌ക്ക് അനന്യഭക്തി നൽകാൻ ആഗ്രഹിച്ച സകലർക്കും ബുദ്ധിമുട്ടുകളും മിക്കപ്പോഴും കഠിന പരിശോധനകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം എബ്രായർ 5:8, 9) സ്വർണം ശുദ്ധീകരിക്കുന്ന ഒരാളോട് യഹോവയെ ഉപമിക്കാൻ സാധിക്കും. മാലിന്യങ്ങൾ നീക്കം ചെയ്യാനായി അയാൾ നിശ്ചിത അളവിലുള്ള ചൂടാണ് ഉപയോഗിക്കുന്നത്. തീർച്ചയായും, അഗ്നിയാൽ പരിശോധിക്കപ്പെട്ട വിശ്വാസം ശുദ്ധീകരിക്കപ്പെട്ട സ്വർണത്തെക്കാളധികം സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതാണ്. എന്തുകൊണ്ട്? “ശുദ്ധീകരിക്കപ്പെട്ട വിശ്വാസത്തിന് ഏതു പരിശോധനയെയും ചെറുത്തുനിൽക്കാനാകും,” ബോവെൻ സഹോദരൻ പറഞ്ഞു. “അത് ‘അവസാനത്തോളം സഹിച്ചുനിൽക്കാൻ’ നമ്മെ സജ്ജരാക്കുകയും ചെയ്യും.”—മത്തായി 24:13.
പറഞ്ഞു. തന്റെ അനുസരണത്തെ തികയ്‌ക്കാനായി യഹോവ അനുവദിച്ച കഠിന പരിശോധനകൾക്കു വിധേയനായിക്കൊണ്ടും അവനിൽ പൂർണ വിശ്വാസം അർപ്പിച്ചുകൊണ്ടും യേശു യഥാർഥ സുരക്ഷിതത്വം കണ്ടെത്തി. ആ മാതൃക അനുകരിക്കാൻ, ബിരുദധാരികളാകാൻ പോകുന്ന വിദ്യാർഥികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. (ആഫ്രിക്കയിൽ ഒരു പതിറ്റാണ്ടിലധികം മിഷനറി സേവനം അനുഷ്‌ഠിച്ച മാർക്ക് നൂമാർ ആയിരുന്നു ഗിലെയാദിലെ മറ്റൊരു അധ്യാപകൻ. “നിങ്ങൾ പ്രീതിക്ക് പാത്രമാകുമോ?” അദ്ദേഹം വിദ്യാർഥികളോടു ചോദിച്ചു. 1 ശമൂവേൽ 2:26-ലെ വാക്കുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. ശമൂവേൽ “യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി”ത്തീർന്നു എന്ന് ആ വാക്യം പറയുന്നു. ശമൂവേലിന്റെ ദൃഷ്ടാന്തം പരിചിന്തിച്ചശേഷം, നൂമാർ സഹോദരൻ ഇങ്ങനെ പ്രസ്‌താവിച്ചു: “ദൈവം നിങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന വേലയോടു വിശ്വസ്‌തമായി പറ്റിനിന്നുകൊണ്ട് നിങ്ങൾക്കും ദൈവ പ്രീതിക്ക് പാത്രമാകാൻ കഴിയും. അമൂല്യമായ മിഷനറി നിയമനമാണ് അവൻ നിങ്ങൾക്കു നൽകിയിരിക്കുന്നത്.” തങ്ങളുടെ നിയമനത്തെ ദൈവത്തിൽനിന്നുള്ള പവിത്രമായ ഒരു സ്വത്തെന്നപോലെ കാണാനും അതു നിർവഹിക്കുന്നതിൽ ദൈവത്തിന്റെ ചിന്ത ഉണ്ടായിരിക്കാനും അദ്ദേഹം മുഴു വിദ്യാർഥികളെയും പ്രോത്സാഹിപ്പിച്ചു.
ഗിലെയാദ് സ്‌കൂളിലെ തങ്ങളുടെ പഠന കാലത്ത്, ബൈബിളിൽനിന്നുള്ള ‘ദൈവത്തിന്റെ വൻകാര്യങ്ങൾ’ ആ പ്രദേശത്തുള്ള ആളുകളുമായി പങ്കുവെക്കാനുള്ള നിവധി അവസരങ്ങൾ വിദ്യാർഥികൾക്കു ലഭിക്കുകയുണ്ടായി. (പ്രവൃത്തികൾ 2:11) ഏതാണ്ട് പത്തു ഭാഷകളിലാണ് അവർ അത് പങ്കുവെച്ചത്. ഗിലെയാദ് സ്‌കൂളിലെ മറ്റൊരു അധ്യാപകനായ വാലസ് ലിവറൻസ് നിർവഹിച്ച, “ദൈവത്തിന്റെ വൻകാര്യങ്ങൾ ആളുകളെ പ്രവർത്തനത്തിനു പ്രചോദിപ്പിക്കുന്നു” എന്ന പരിപാടിയിൽ ഒരുകൂട്ടം വിദ്യാർഥികളുമായുള്ള അഭിമുഖം ഉണ്ടായിരുന്നു. അതിൽ അവർ തങ്ങളുടെ അനുഭവങ്ങൾ വിവരിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങനെ പ്രസ്‌താവിച്ചു: “‘ദൈവത്തിന്റെ വൻകാര്യങ്ങൾ’ പ്രസ്‌താവിക്കാൻ പെന്തെക്കൊസ്‌ത് ദിവസം മാളികമുറിയിൽ ഉണ്ടായിരുന്നവരെ ആത്മാവ് പ്രേരിപ്പിച്ചു. ദൈവത്തിന്റെ സകല ദാസന്മാരിലും അതേ ആത്മാവ് ഇക്കാലത്തും പ്രവർത്തിക്കുന്നു.” കൂടുതൽ ആളുകളോടു സാക്ഷീകരിക്കുക എന്ന ഉദ്ദേശ്യത്തിൽ ചിലർ പുതിയ ഭാഷകൾ പഠിക്കാൻ പ്രചോദിതരായിട്ടുണ്ട്.
കാര്യങ്ങൾ സംബന്ധിച്ച് ദൈവിക വീക്ഷണം ഉണ്ടായിരിക്കാനുള്ള പ്രായോഗിക ബുദ്ധിയുപദേശം
പ്രാരംഭ പ്രസംഗങ്ങളെ തുടർന്ന്, ഐക്യനാടുകളിലെ ബെഥേൽ കുടുംബാംഗങ്ങളായ ഗാരി ബ്രോ, വില്യം യങ് എന്നീ സഹോദരന്മാർ ഇപ്പോൾ മിഷനറിമാർ സേവിക്കുന്ന രാജ്യങ്ങളിലെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുമായും മിഷനറി സേവനത്തിൽ 41 വർഷം ചെലവഴിച്ച ഒരു ദമ്പതികളുമായും അഭിമുഖം നടത്തി. പിൻവരുന്ന ഒരു കാര്യം നിരീക്ഷിക്കപ്പെട്ടു: “വ്യക്തിപരമായ സുഖസൗകര്യങ്ങൾക്ക് അധികം പ്രാധാന്യം നൽകാത്തവരാണ് നിയമനത്തിൽ കൂടുതൽ കാലം നിലനിൽക്കുന്നത്. തങ്ങൾ വന്നിരിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണോ അതിൽ അവർ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സുവാർത്ത പ്രസംഗിക്കുകയും യഹോവയെ അറിയാൻ ആളുകളെ സഹായിക്കുകയുമാണ് തങ്ങളുടെ ദൗത്യമെന്ന് അവർക്കറിയാം.”
ഭരണ സംഘത്തിലെ മറ്റൊരു അംഗമായ ഡേവിഡ് സ്‌പ്ലെയ്‌ൻ, “നിങ്ങൾ പോകുന്നത് ദൂരേക്കല്ല!” എന്ന ഉപസംഹാര പ്രസംഗം നടത്തി. ബിരുദധാരികളായ 46 പേർ തങ്ങളുടെ നിയമനത്തോടു ബന്ധപ്പെട്ട് ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളിലേക്കു പോകാനിരിക്കെ, അദ്ദേഹം പറഞ്ഞതിന്റെ അർഥമെന്തായിരുന്നു? അദ്ദേഹം വിശദീകരിച്ചു: “ഭൂമിയിൽ എവിടെ ആയിരുന്നാലും, വിശ്വസ്‌തരായിരിക്കുന്നിടത്തോളം കാലം നിങ്ങൾ ദൈവത്തിന്റെ ഭവനത്തിൽ ആയിരിക്കും.” അതേ, വിശ്വസ്‌തരായ സകല ക്രിസ്‌ത്യാനികളും, അവർ ശാരീരികമായി എവിടെ ആയിരുന്നാലും, ഒന്നാം നൂറ്റാണ്ടിൽ യേശുക്രിസ്‌തു സ്‌നാപനമേറ്റ സമയത്തു നിലവിൽവന്ന ദൈവത്തിന്റെ വലിയ ആത്മീയ ആലയത്തിൽ അഥവാ ഭവനത്തിൽ ആണു സേവിക്കുന്നത്. (എബ്രായർ 9:9) ഭൂമിയിലെ തന്റെ വിശ്വസ്‌തരായ സകല ദാസന്മാർക്കും യഹോവ സമീപസ്ഥനാണ് എന്നറിഞ്ഞത് സദസ്യർക്ക് എത്ര ആശ്വാസപ്രദമായിരുന്നെന്നോ! യേശു ഭൂമിയിലായിരുന്നപ്പോൾ യഹോവ അവനിൽ തത്‌പരനായിരുന്നതുപോലെ, നാം എവിടെ ആയിരുന്നാലും നമ്മിലും നാം അവനുവേണ്ടി ചെയ്യുന്ന സേവനത്തിലും അവൻ തത്‌പരനാണ്. അതുകൊണ്ട് ആരാധനയുടെ കാര്യത്തിൽ നാം സഹവിശ്വാസികളിൽനിന്നും അതുപോലെതന്നെ യഹോവയിൽനിന്നും യേശുവിൽനിന്നും അകലെയല്ല.
ലോകമെമ്പാടുനിന്നും ലഭിച്ച ആശംസകൾ സ്വീകരിക്കുകയും വിദ്യാർഥികളുടെ നിയമനം എവിടെയെല്ലാമാണെന്ന് അറിയിക്കുകയും ഗിലെയാദിൽനിന്നു ലഭിച്ച പരിശീലനത്തെ വിലമതിച്ചുകൊണ്ട് ആ ക്ലാസ്സിലെ വിദ്യാർഥികൾ എഴുതിയ ഒരു കത്തു വായിക്കുകയും ചെയ്‌തശേഷം, ചെയർമാൻ പരിപാടി ഉപസംഹരിച്ചു. ഈ നല്ല വേലയിൽ തുടരാനും യഹോവയുടെ സേവനത്തിൽ സന്തോഷിക്കാനും പുതിയ മിഷനറിമാരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു—ഫിലിപ്പിയർ 3:1.
[23-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക്
പ്രതിനിധീകരിച്ച രാജ്യങ്ങളുടെ എണ്ണം: 14
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 19
വിദ്യാർഥികളുടെ എണ്ണം: 46
ശരാശരി വയസ്സ്: 35
സത്യത്തിലായിരുന്ന ശരാശരി വർഷം: 17.2
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 13.7
[24-ാം പേജിലെ ചിത്രം]
വാച്ച്‌ടവർ ഗിലെയാദ് ബൈബിൾ സ്‌കൂളിൽനിന്നു ബിരുദം നേടുന്ന 113-ാമത്തെ ക്ലാസ്സ്
ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) ലിഹ്‌ഹാർട്ട്, എം.; ഹോസോയി, എസ്.; ബെർക്‌റ്റോൾഡ്, എ.; ലിം, സി.; ആയോക്കി, ജെ. (2) ബാഗീയാഷ്, ജെ.; ബൂക്കേ, എസ്.; ബോസ്സി, എ.; ഓൾട്ടൺ, ജെ.; ഏസ്‌കോബാർ, ഐ.; ഏസ്‌കോബാർ, എഫ്. (3) സ്റ്റോയ്‌ക്ക, എ.; സ്റ്റോയ്‌ക്ക, ഡി.; ഫ്രിമ്മത്, എസ്.; കാൾസൺ, എം.; ലബ്ലാങ്, ആർ. (4) ബ്യാങ്കീ, ആർ.; ബ്യാങ്കീ, എസ്.; കാമിൻസ്‌കി, എൽ.; ജോസഫ്, എൽ.; പാരിസ്, എസ്.; ലബ്ലാങ്, എൽ. (5) പാരിസ്, എം.; സ്‌കിഡ്‌മോർ, ബി.; ഹോർട്ടൻ, ജെ.; ഹോർട്ടൻ, എൽ.; സ്‌കിഡ്‌മോർ, ജി. (6) ലേം, ബി.; ഓൾട്ടൺ, ജി.; ക്വിറീസി, ഇ.; ലാങ്‌ഗ്ലവ, എം.; സ്റ്റൈനിങ്ക, എസ്.; ആയോക്കി, എച്ച്. (7) ലാങ്‌ഗ്ലവ, ജെ.; സ്റ്റൈനിങ്ക, എം.; ബോസ്സി, എഫ്.; കാമിൻസ്‌കി, ജെ.; ബൂക്കേ, ജെ.; ലിഹ്‌ഹാർട്ട്, ഇ.; ഹോസോയ്, കെ. (8) ബാഗീയാഷ്, ജെ.; ക്വിറീസി, എം.; കാൾസൺ, എൽ.; ഫ്രിമ്മത്, സി.; ബെർക്‌റ്റോൾഡ്, ഡബ്ല്യു.; ജോസഫ്, ആർ.