“ഉണർന്നിരിപ്പിൻ”!
“ഉണർന്നിരിപ്പിൻ”!
“ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.”—മർക്കൊസ് 13:37.
1, 2. (എ) തന്റെ സ്വത്തു കാത്തുസൂക്ഷിക്കുന്നതു സംബന്ധിച്ച് ഒരു വ്യക്തി എന്തു പാഠം പഠിച്ചു? (ബി) കള്ളനെ കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് ഉണർന്നിരിക്കുന്നതു സംബന്ധിച്ച് നമുക്ക് എന്തു പഠിക്കാനാകും?
വിലപിടിപ്പുള്ളതെല്ലാം ച്വാൻ തന്റെ കട്ടിലിനടിയിലാണു സൂക്ഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വീട്ടിലെ ഏറ്റവും സുരക്ഷിതമായ ഇടമായിരുന്നു അത്. എന്നാൽ ഒരു രാത്രി അദ്ദേഹവും ഭാര്യയും ഉറക്കത്തിലായിരിക്കെ ഒരു മോഷ്ടാവ് കിടപ്പുമുറിയിൽ പ്രവേശിച്ചു. വിലപിടിപ്പുള്ള സാധനങ്ങൾ എവിടെയാണു സൂക്ഷിച്ചിരുന്നതെന്ന് മോഷ്ടാവിനു കൃത്യമായും അറിയാമായിരുന്നുവെന്നു വ്യക്തം. ശബ്ദമുണ്ടാക്കാതെ അയാൾ കട്ടിലിന്റെ അടിയിൽനിന്ന് സാധനങ്ങൾ ഓരോന്നായി പുറത്തെടുത്തു. കട്ടിലിനരികെയുള്ള മേശയുടെ വലിപ്പിൽ ച്വാൻ സൂക്ഷിച്ചിരുന്ന പണവും അയാൾ കൈക്കലാക്കി. പിറ്റേന്നു രാവിലെയാണ് ച്വാൻ മോഷണത്തെ കുറിച്ചു മനസ്സിലാക്കുന്നത്. താൻ പഠിച്ച വേദനാകരമായ ഈ പാഠം ച്വാൻ ഒരിക്കലും മറക്കാനിടയില്ല: ഉറങ്ങുന്ന ഒരു വ്യക്തിക്ക് തന്റെ വസ്‌തുവകകൾ കാത്തുസൂക്ഷിക്കാൻ സാധിക്കില്ല.
2 ആത്മീയ അർഥത്തിലും അതു സത്യമാണ്. നാം ഉറങ്ങിപ്പോയാൽ നമ്മുടെ പ്രത്യാശയും വിശ്വാസവും കാത്തുസൂക്ഷിക്കാൻ നമുക്കു കഴിയില്ല. അതുകൊണ്ട് പൗലൊസ് ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നു: “മററുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക് ഉണർന്നു സുബോധമുള്ളവരായിരിക്കാം.” (1 തെസ്സലൊനീക്യർ 5:6, പി.ഒ.സി. ബൈബിൾ) ഉണർന്നിരിക്കേണ്ടത് എത്ര മർമപ്രധാനമാണെന്നു വ്യക്തമാക്കാൻ യേശു കള്ളനെ കുറിച്ചുള്ള ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. ന്യായാധിപതി എന്ന നിലയിലുള്ള തന്റെ വരവിലേക്കു നയിക്കുന്ന സംഭവങ്ങൾ വിവരിച്ചശേഷം അവൻ ഈ മുന്നറിയിപ്പു നൽകി: “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്‌കകൊണ്ടു ഉണർന്നിരിപ്പിൻ. കള്ളൻ വരുന്ന യാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.” (മത്തായി 24:42-44) താൻ എപ്പോൾ വരുമെന്ന് മുൻകൂട്ടി അറിയിച്ചിട്ടല്ല ഒരു കള്ളൻ മോഷ്ടിക്കാൻ വരുന്നത്. ആരും തന്നെ പ്രതീക്ഷിക്കുകയില്ലാത്ത ഒരു സമയത്ത് വരാനാണ് അയാൾ ശ്രമിക്കുക. സമാനമായി, യേശു പറഞ്ഞതുപോലെ, ഈ വ്യവസ്ഥിതിയുടെ അന്ത്യം നാം “നിനെക്കാത്ത നാഴികയിൽ” ആയിരിക്കും വരിക.
“ഉണർന്നിരിക്കുവിൻ, വിശ്വാസത്തിൽ ഉറച്ചു നിൽക്കുവിൻ”
3. വിവാഹത്തിൽ സംബന്ധിക്കാൻ പോയ യജമാനന്റെ വരവും കാത്തിരിക്കുന്ന അടിമകളുടെ ദൃഷ്ടാന്തത്തിലൂടെ ഉണർന്നിരിക്കേണ്ടതിന്റെ പ്രാധാന്യം യേശു വ്യക്തമാക്കിയത് എങ്ങനെ?
3 വിവാഹത്തിൽ സംബന്ധിക്കാൻ പോയ തങ്ങളുടെ യജമാനൻ മടങ്ങിയെത്തുന്നതും കാത്തിരിക്കുന്ന അടിമകളോട് യേശു ക്രിസ്‌ത്യാനികളെ ഉപമിച്ചതായി ലൂക്കൊസിന്റെ സുവിശേഷത്തിൽ നാം വായിക്കുന്നു. യജമാനൻ തിരിച്ചെത്തുമ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനായി അവർ ജാഗ്രതയോടെ ഉണർന്നിരിക്കേണ്ടിയിരുന്നു. തുടർന്ന് യേശു ഇപ്രകാരം പറഞ്ഞു: ‘നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരും.’ (ലൂക്കൊസ് 12:40) വർഷങ്ങളായി യഹോവയെ സേവിച്ചിരിക്കുന്ന ചിലർക്ക് നാം ജീവിക്കുന്ന കാലത്തെ കുറിച്ചുള്ള അടിയന്തിരതാബോധം നഷ്ടമായേക്കാം. അന്ത്യം വരാൻ ഇനിയും വളരെക്കാലം കാത്തിരിക്കേണ്ടിവരുമെന്നു പോലും അവർ നിഗമനം ചെയ്‌തേക്കാം. എന്നാൽ അത്തരം ചിന്താഗതി നമ്മുടെ ശ്രദ്ധയെ ആത്മീയ കാര്യങ്ങളിൽനിന്നു ഭൗതിക ലക്ഷ്യങ്ങളിലേക്കു തിരിച്ചേക്കാം. അവയാകട്ടെ, നാം ആത്മീയ മയക്കത്തിലായിത്തീരാൻ കാരണമാകുകയും ചെയ്യും.—ലൂക്കൊസ് 8:14; 21:34, 35.
4. ഉണർന്നിരിക്കാൻ എന്തു ബോധ്യം നമ്മെ പ്രചോദിപ്പിക്കും, യേശു അതു വ്യക്തമാക്കിയത് എങ്ങനെ?
4 യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് മറ്റൊരു പാഠം കൂടെ നമുക്കു പഠിക്കാൻ കഴിയും. ഏതു നാഴികയിലാണ് യജമാനൻ വരുന്നത് എന്ന് അടിമകൾക്ക് അറിയില്ലായിരുന്നെങ്കിലും ഏതു രാത്രിയിലായിരിക്കും അദ്ദേഹം വരിക എന്ന് അവർക്ക് അറിയാമായിരുന്നു. യജമാനൻ വരുന്നത് മറ്റേതെങ്കിലും രാത്രിയിലായിരിക്കും എന്ന് വിചാരിച്ചിരുന്നെങ്കിൽ അന്നു രാത്രി മുഴുവൻ ഉണർന്നിരിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കുമായിരുന്നു. എന്നാൽ, അദ്ദേഹം വരുന്ന രാത്രി ഏതാണെന്ന് അവർക്ക് അറിയാമായിരുന്നു, അത് അവർക്ക് ഉണർന്നിരിക്കാനുള്ള ശക്തമായ പ്രചോദനം നൽകി. നമ്മുടെ സാഹചര്യം അതിനോട് ഏതാണ്ട് സമാനമാണ്. നാം അന്ത്യകാലത്താണു ജീവിക്കുന്നത് എന്ന് ബൈബിൾ പ്രവചനങ്ങൾ വ്യക്തമായി പ്രകടമാക്കുന്നു. എന്നാൽ ഏതു ദിവസം അല്ലെങ്കിൽ ഏതു നാഴികയിൽ ആയിരിക്കും അന്ത്യം വരിക എന്ന് അവ നമ്മോടു പറയുന്നില്ല. (മത്തായി 24:36) അന്ത്യം വരുന്നു എന്ന വിശ്വാസം ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്നു, എന്നാൽ യഹോവയുടെ ദിവസം വാസ്‌തവമായും അടുത്തെത്തിയിരിക്കുന്നു എന്ന ബോധ്യം നമുക്ക് ഉണ്ടെങ്കിൽ ഉണർന്നിരിക്കാനുള്ള കൂടുതൽ ശക്തമായ പ്രചോദനം നമുക്കു ലഭിക്കും.—സെഫന്യാവു 1:14.
5. “ഉണർന്നിരി”ക്കാനുള്ള പൗലൊസിന്റെ ഉദ്‌ബോധനത്തോട് നമുക്ക് എങ്ങനെ പ്രതികരിക്കാൻ കഴിയും?
5 പൗലൊസ് കൊരിന്ത്യർക്കുള്ള ലേഖനത്തിൽ അവരെ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: “ഉണർന്നിരിക്കുവിൻ, വിശ്വാസത്തിൽ ഉറച്ചു നിൽക്കുവിൻ.” (1 കൊരിന്ത്യർ 16:13, NW) അതേ, ഉണർന്നിരിക്കുന്നതിനെ ക്രിസ്‌തീയ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. നമുക്ക് എങ്ങനെ ഉണർന്നിരിക്കാൻ കഴിയും? ദൈവവചനത്തെ കുറിച്ചുള്ള ആഴമായ പരിജ്ഞാനം നേടുകവഴി. (2 തിമൊഥെയൊസ് 3:14, 15) വ്യക്തിപരമായ നല്ല പഠനശീലവും യോഗങ്ങൾക്കുള്ള ക്രമമായ ഹാജരാകലും നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താൻ സഹായിക്കും. യഹോവയുടെ ദിവസത്തിന്റെ വരവിനായി കാത്തിരിക്കുന്നത് നമ്മുടെ വിശ്വാസത്തിന്റെ ഒരു സുപ്രധാന വശമാണ്. അതുകൊണ്ട്, നാം ഈ വ്യവസ്ഥിതിയുടെ അന്ത്യത്തോട് അടുത്താണു ജീവിക്കുന്നത് എന്നതിനുള്ള തിരുവെഴുത്തുപരമായ തെളിവുകൾ കൂടെക്കൂടെ പുനരവലോകനം ചെയ്യുന്നത് വരാനിരിക്കുന്ന ആ അന്ത്യത്തെ കുറിച്ചുള്ള സുപ്രധാന സത്യങ്ങൾ മറന്നുകളയാതിരിക്കാൻ നമ്മെ സഹായിക്കും. * ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയെന്ന നിലയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ലോകസംഭവങ്ങൾക്കു ശ്രദ്ധ നൽകുന്നതും പ്രയോജനപ്രദമാണ്. ജർമനിയിൽനിന്നുള്ള ഒരു സഹോദരൻ എഴുതി: “വാർത്തകൾ—യുദ്ധങ്ങൾ, ഭൂകമ്പങ്ങൾ, അക്രമങ്ങൾ, ഭൂമിയുടെ മലിനീകരണം എന്നിങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം—കാണുന്ന ഓരോ അവസരത്തിലും അന്ത്യം അടുത്തെത്തിയിരിക്കുന്നു എന്ന എന്റെ വിശ്വാസം കൂടുതൽ ശക്തമായിത്തീരുന്നു.”
6. കാലം കടന്നുപോകവേ ആത്മീയ ജാഗ്രത കൈവെടിയാനുള്ള പ്രവണതയെ യേശു ദൃഷ്ടാന്തീകരിച്ചത് എങ്ങനെ?
6 മർക്കൊസ് 13-ാം അധ്യായത്തിൽ, ഉണർന്നിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തന്റെ അനുഗാമികൾക്ക് യേശു നൽകിയ മറ്റൊരു ഉദ്‌ബോധനം നാം കാണുന്നു. യേശു അവരുടെ സാഹചര്യത്തെ വിദേശയാത്രയ്‌ക്കു പോയിരിക്കുന്ന യജമാനൻ തിരിച്ചെത്തുന്നതും കാത്തിരിക്കുന്ന ഒരു വാതിൽ കാവൽക്കാരന്റേതിനോട് ഉപമിക്കുന്നതായി അവിടെ നാം വായിക്കുന്നു. യജമാനൻ ഏതു നാഴികയിൽ മടങ്ങിയെത്തുമെന്ന് വാതിൽ കാവൽക്കാരന് അറിയില്ലായിരുന്നു. അയാൾ എപ്പോഴും ഉണർന്നിരിക്കണമായിരുന്നു. യജമാനൻ മടങ്ങിയെത്താൻ സാധ്യതയുള്ള നാലു വ്യത്യസ്‌ത യാമങ്ങളെ കുറിച്ച് യേശു പരാമർശിച്ചു. നാലാമത്തെ യാമം വെളുപ്പിന് ഏതാണ്ട് 3 മുതൽ സൂര്യോദയം വരെ നീണ്ടുനിൽക്കുന്നതായിരുന്നു. ആ അന്തിമയാമത്തിൽ വാതിൽ കാവൽക്കാരനെ മയക്കം ബാധിക്കാൻ എളുപ്പമാണ്. ശത്രുവിനെ അയാൾ അറിയാതെ കീഴ്‌പെടുത്താൻ ഏറ്റവും പറ്റിയ സമയം നേരം വെളുക്കുന്നതിനു തൊട്ടുമുമ്പുള്ള നാഴികയാണെന്ന് പട്ടാളക്കാർ കരുതുന്നതായി പറയപ്പെടുന്നു. സമാനമായി, അന്ത്യകാലത്തിന്റെ ഈ അവസാന ഘട്ടത്തിൽ, നമുക്കു ചുറ്റുമുള്ള ലോകം ആത്മീയമായി ഗാഢനിദ്രയിലായിരിക്കെ ഉണർന്നിരിക്കാൻ നാം മുമ്പെന്നത്തെക്കാൾ കഠിനമായി ശ്രമിക്കേണ്ടതുണ്ടായിരിക്കാം. (റോമർ 13:11, 12) അതുകൊണ്ട് തന്റെ ദൃഷ്ടാന്തത്തിൽ യേശു ആവർത്തിച്ച് ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “സൂക്ഷിച്ചുകൊൾവിൻ; . . . ഉണർന്നിരിപ്പിൻ. ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.”—മർക്കൊസ് 13:32-37.
7. യഥാർഥമായ എന്ത് അപകടം സ്ഥിതി ചെയ്യുന്നു, ഇതിനോടുള്ള ബന്ധത്തിൽ എന്ത് പ്രോത്സാഹനം നാം ബൈബിളിൽ കൂടെക്കൂടെ കാണുന്നു?
7 തന്റെ ശുശ്രൂഷയുടെ സമയത്തും പുനരുത്ഥാനത്തിനു ശേഷവും, ജാഗ്രതയോടെയിരിക്കാൻ യേശു പല പ്രാവശ്യം തന്റെ അനുഗാമികളെ ഉദ്‌ബോധിപ്പിച്ചു. ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ കുറിച്ചു തിരുവെഴുത്തുകൾ പരാമർശിക്കുന്ന മിക്കവാറും എല്ലാ ഭാഗങ്ങളിലുംതന്നെ ഉണർന്നിരിക്കാൻ അല്ലെങ്കിൽ ജാഗ്രതയോടെയിരിക്കാൻ ഉള്ള മുന്നറിയിപ്പും നാം കാണുന്നു. * (ലൂക്കൊസ് 12:38, 40; വെളിപ്പാടു 3:2; 16:14-16) വ്യക്തമായും, ആത്മീയ ഉറക്കം ഒരു യഥാർഥ അപകടമാണ്. അതുകൊണ്ട് നമുക്കെല്ലാം ആ മുന്നറിയിപ്പുകൾ ആവശ്യമാണ്!—1 കൊരിന്ത്യർ 10:12; 1 തെസ്സലൊനീക്യർ 5:2, 6, പി.ഒ.സി. ബൈ.
ഉണർന്നിരിക്കുന്നതിൽ പരാജയപ്പെട്ട മൂന്ന് അപ്പൊസ്‌തലന്മാർ
8. ഗെത്ത്‌ശെമന തോട്ടത്തിൽവെച്ച്, ഉണർന്നിരിക്കാനുള്ള യേശുവിന്റെ അഭ്യർഥനയോട് അവന്റെ മൂന്ന് അപ്പൊസ്‌തലന്മാർ പ്രതികരിച്ചത് എങ്ങനെ?
8 ഉണർന്നിരിക്കാൻ, നല്ല ആന്തരം ഉണ്ടായിരിക്കുന്നതിൽ അധികം ആവശ്യമാണ്. പത്രൊസ്, യാക്കോബ്, യോഹന്നാൻ എന്നിവരുടെ ഉദാഹരണത്തിൽനിന്ന് നാം അതാണു കാണുന്നത്. യേശുവിനെ വിശ്വസ്‌തമായി അനുഗമിച്ച, അവനോട് ആഴമായ സ്‌നേഹം ഉണ്ടായിരുന്ന ആത്മീയരായ പുരുഷന്മാർ ആയിരുന്നു ഇവർ മൂവരും. എന്നിരുന്നാലും പൊ.യു. 33-ലെ നീസാൻ 14-ാം തീയതി രാത്രി ഉണർന്നിരിക്കാൻ അവർക്കു കഴിഞ്ഞില്ല. മാളിക മുറിയിൽവെച്ചു പെസഹാ ആചരിച്ച ശേഷം ഈ മൂന്ന് അപ്പൊസ്‌തലന്മാരും യേശുവിനെ ഗെത്ത്‌ശെമന തോട്ടത്തിലേക്ക് അനുഗമിച്ചു. അവിടെ വെച്ച് യേശു അവരോടു പറഞ്ഞു: “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു: ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ.” (മത്തായി 26:38) യേശു മൂന്നു തവണ തന്റെ സ്വർഗീയ പിതാവിനോട് ഉള്ളുരുകി പ്രാർഥിച്ചു. ഓരോ തവണ പ്രാർഥിച്ച ശേഷവും അവൻ തന്റെ സ്‌നേഹിതരുടെ അടുത്തേക്കു മടങ്ങിച്ചെന്നു. പക്ഷേ അപ്പോഴൊക്കെ അവർ ഉറങ്ങുന്നതായാണ് അവൻ കണ്ടത്.—മത്തായി 26:40, 43, 45, NW.
9. അപ്പൊസ്‌തലന്മാർ ഉറങ്ങിപ്പോയതിന്റെ കാരണം എന്തായിരുന്നിരിക്കാം?
9 ഈ വിശ്വസ്‌ത പുരുഷന്മാർ ആ രാത്രിയിൽ യേശുവിനെ നിരാശപ്പെടുത്തിയത് എന്തുകൊണ്ടായിരുന്നു? ശാരീരിക ക്ഷീണം ആയിരുന്നു അതിനിടയാക്കിയ ഒരു ഘടകം. സമയം അപ്പോൾ അർധരാത്രി കഴിഞ്ഞിരുന്നിരിക്കണം. ഉറക്കക്ഷീണം നിമിത്തം ‘അവരുടെ കണ്ണിനു ഭാരം ഏറിയിരുന്നു.’ (മത്തായി 26:43) എങ്കിലും യേശു അവരോട് ഇപ്രകാരം പറഞ്ഞു: “പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ.”—മത്തായി 26:41.
10, 11. (എ) ക്ഷീണമുണ്ടായിരുന്നിട്ടും ഗെത്ത്‌ശെമന തോട്ടത്തിൽവെച്ച് ഉണർന്നിരിക്കാൻ യേശുവിനു കഴിഞ്ഞത് എന്തുകൊണ്ടായിരുന്നു? (ബി) ഉണർന്നിരിക്കാൻ യേശു ആവശ്യപ്പെട്ടപ്പോൾ മൂന്ന് അപ്പൊസ്‌തലന്മാർക്കു സംഭവിച്ചതിൽ നിന്നും നമുക്ക് എന്തു പഠിക്കാനാകും?
10 ചരിത്രപ്രധാനമായ ആ രാത്രിയിൽ യേശുവും ക്ഷീണിതനായിരുന്നു എന്നതിനു സംശയമില്ല. എന്നാൽ ഉറങ്ങുന്നതിനു പകരം സ്വാതന്ത്ര്യത്തിന്റേതായ, അവസാനത്തെ ആ നിർണായക നിമിഷങ്ങൾ ഉള്ളുരുകി പ്രാർഥിക്കുന്നതിന് അവൻ വിനിയോഗിച്ചു. ഏതാനും ദിവസങ്ങൾക്കു മുമ്പ് തന്റെ അനുഗാമികളെ പ്രാർഥിക്കാൻ ഉദ്‌ബോധിപ്പിച്ചുകൊണ്ട് അവൻ ഇപ്രകാരം പറഞ്ഞിരുന്നു: “ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാററിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്‌പാനും നിങ്ങൾ പ്രാപ്‌തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.” (ലൂക്കൊസ് 21:36; എഫെസ്യർ 6:18) നാം യേശുവിന്റെ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുകയും പ്രാർഥനയുടെ കാര്യത്തിൽ അവൻ വെച്ച വിശിഷ്ടമായ മാതൃക അനുകരിക്കുകയും ചെയ്യുന്നെങ്കിൽ, യഹോവയോടുള്ള നമ്മുടെ ഹൃദയംഗമമായ യാചനകൾ ആത്മീയമായി ഉണർന്നിരിക്കാൻ നമ്മെ പ്രാപ്‌തരാക്കും.
11 താമസിയാതെ ശത്രുക്കൾ യേശുവിനെ പിടികൂടി വധശിക്ഷയ്‌ക്കു വിധിക്കുമെന്ന കാര്യം ശിഷ്യന്മാർക്ക് അപ്പോൾ അറിയില്ലായിരുന്നെങ്കിലും യേശുവിന് അത് അറിയാമായിരുന്നു. പരിശോധനകളുടെ പാരമ്യത്തിൽ അവൻ ദണ്ഡനസ്‌തംഭത്തിൽ കഠോര വേദന അനുഭവിച്ചു മരിക്കുമായിരുന്നു. യേശു ഈ സംഗതികളെ കുറിച്ച് അപ്പൊസ്‌തലന്മാരെ മുൻകൂട്ടി അറിയിച്ചിരുന്നു, എന്നാൽ അവൻ പറഞ്ഞതിന്റെ അർഥം അവർക്കു മനസ്സിലായിരുന്നില്ല. അതുകൊണ്ട് യേശു ഉണർന്നിരുന്നു പ്രാർഥിച്ചപ്പോൾ അവർ ഉറക്കത്തിലാണ്ടു. (മർക്കൊസ് 14:27-31; ലൂക്കൊസ് 22:15-18) അപ്പൊസ്‌തലന്മാരുടെ കാര്യത്തിൽ സത്യമായിരുന്നതുപോലെ നമ്മുടെ ജഡവും ബലഹീനമാണ്, അവരെപ്പോലെതന്നെ നമുക്കും ഇതുവരെ മനസ്സിലാകാത്ത കാര്യങ്ങളുണ്ട്. എന്നിരുന്നാലും നാം ജീവിക്കുന്ന കാലത്തിന്റെ അടിയന്തിരത നാം തിരിച്ചറിയുന്നില്ലെങ്കിൽ ആത്മീയ അർഥത്തിൽ നാം ഉറക്കത്തിലേക്കു വീണേക്കാം. ജാഗരൂകരായിരുന്നാൽ മാത്രമേ നമുക്ക് ഉണർന്നിരിക്കാനാവൂ.
മൂന്നു മർമപ്രധാന ഗുണങ്ങൾ
12. ഏതു മൂന്നു ഗുണങ്ങളെയാണ് പൗലൊസ് സുബോധത്തോടെയിരിക്കുന്നതുമായി ബന്ധിപ്പിക്കുന്നത്?
12 നമ്മുടെ അടിയന്തിരതാബോധം കാത്തുസൂക്ഷിക്കാൻ നമുക്ക് എങ്ങനെ സാധിക്കും? പ്രാർഥനയുടെ പ്രാധാന്യവും യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചുനിറുത്തേണ്ടതിന്റെ ആവശ്യവും നാം കണ്ടുകഴിഞ്ഞു. അതിനു പുറമേ, നാം നട്ടുവളർത്തേണ്ടതായ മൂന്നു മർമപ്രധാന ഗുണങ്ങളെ കുറിച്ചു പൗലൊസ് പരാമർശിക്കുന്നു. അവൻ പറയുന്നു: “പകലിന്റെ മക്കളായ നമുക്കു വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കവചവും രക്‌ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം.” (1 തെസ്സലൊനീക്യർ 5:8, പി.ഒ.സി. ബൈ.) നമ്മെ ആത്മീയമായി ഉണർവുള്ളവരാക്കി നിറുത്തുന്നതിൽ വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നിവയ്‌ക്കുള്ള പങ്ക് എന്താണെന്ന് നമുക്കു ഹ്രസ്വമായി പരിചിന്തിക്കാം.
13. ജാഗ്രതയോടെയിരിക്കുന്നതിൽ വിശ്വാസം എന്തു പങ്കു വഹിക്കുന്നു?
13 യഹോവ ഉണ്ടെന്നും “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കു”ന്നവനാണ് അവൻ എന്നും ഉള്ള അചഞ്ചലമായ വിശ്വാസം നമുക്ക് ഉണ്ടായിരിക്കണം. (എബ്രായർ 11:6) അന്ത്യം സംബന്ധിച്ച യേശുവിന്റെ പ്രവചനത്തിന്റെ ഒന്നാം നൂറ്റാണ്ടിലെ ആദ്യ നിവൃത്തി, നമ്മുടെ കാലത്തു സംഭവിക്കാനിരിക്കുന്ന അതിന്റെ വലിയ നിവൃത്തിയിലുള്ള നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുന്നു. ‘[പ്രാവചനിക ദർശനം] തീർച്ചയായും യാഥാർഥ്യമായി ഭവിക്കും, അതു വൈകുകയില്ല’ എന്ന ബോധ്യത്തോടെ യഹോവയുടെ ദിവസത്തിനായി ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കാൻ നമ്മുടെ വിശ്വാസം നമ്മെ പ്രാപ്‌തരാക്കുന്നു.—ഹബക്കൂക് 2:3, NW.
14. ഉണർന്നിരിക്കാൻ പ്രത്യാശ മർമപ്രധാനമായിരിക്കുന്നത് എങ്ങനെ?
14 നമ്മുടെ ഉറച്ച പ്രത്യാശ ‘ആത്മാവിന് ഒരു നങ്കൂരം’ പോലെയാണ്, ദൈവത്തിന്റെ വാഗ്‌ദത്തങ്ങളിൽ ചിലതിന്റെ നിവൃത്തിക്കായി നാം കാത്തിരിക്കേണ്ടതുണ്ടെങ്കിൽപ്പോലും ബുദ്ധിമുട്ടുകൾ സഹിച്ചുനിൽക്കാൻ അതു നമ്മെ പ്രാപ്‌തരാക്കുന്നു. (എബ്രായർ 6:18, 19) 90-ലധികം വയസ്സുള്ള ഒരു ആത്മാഭിഷിക്ത സഹോദരിയാണ് മാർഗരറ്റ്. അവർ സ്‌നാപനമേറ്റിട്ട് 70-ലധികം വർഷം പിന്നിട്ടിരിക്കുന്നു. സഹോദരി പറയുന്നതു ശ്രദ്ധിക്കുക: “1963-ൽ എന്റെ കാൻസർ രോഗിയായ ഭർത്താവ് മരണശയ്യയിൽ കിടക്കുമ്പോൾ, ഈ വ്യവസ്ഥിതിയൊന്ന് അവസാനിച്ചിരുന്നെങ്കിൽ എന്നു ഞാൻ ചിന്തിക്കുമായിരുന്നു. എന്നാൽ എന്റെ വ്യക്തിപരമായ താത്‌പര്യങ്ങളെ കുറിച്ചാണ് ഞാൻ പ്രധാനമായും അപ്പോൾ ചിന്തിച്ചിരുന്നത് എന്ന് ഇന്നു ഞാൻ മനസ്സിലാക്കുന്നു. എത്ര വിപുലമായ തോതിൽ ലോകമെമ്പാടും വേല നിർവഹിക്കപ്പെടും എന്നതിനെ സംബന്ധിച്ച് അന്നു ഞങ്ങൾക്ക് യാതൊരു രൂപവും ഇല്ലായിരുന്നു. ഇപ്പോൾ പോലും പല സ്ഥലങ്ങളിലും നമ്മുടെ പ്രവർത്തനം തുടങ്ങിവരുന്നതേ ഉള്ളൂ. അതുകൊണ്ട് യഹോവ ക്ഷമ പ്രകടമാക്കിയിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു.” പൗലൊസ് അപ്പൊസ്‌തലൻ നമുക്ക് ഈ ഉറപ്പു നൽകുന്നു: ‘സഹിഷ്‌ണുത ഒരു അംഗീകൃത അവസ്ഥയും അംഗീകൃത അവസ്ഥ പ്രത്യാശയും ഉളവാക്കുന്നു, പ്രത്യാശ നിരാശയിലേക്കു നയിക്കുന്നില്ല.’—റോമർ 5:3-5, NW.
15. നാം കാത്തിരിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായെന്നു തോന്നിയാൽപ്പോലും സ്‌നേഹം നമ്മെ പ്രചോദിപ്പിക്കുന്നത് എങ്ങനെ?
1 കൊരിന്ത്യർ 13:13) സ്‌നേഹം സഹിച്ചുനിൽക്കാൻ നമ്മെ പ്രാപ്‌തരാക്കുന്നു, ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്നു. “[സ്‌നേഹം] എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്‌നേഹം ഒരുനാളും ഉതിർന്നുപോകയില്ല.”—1 കൊരിന്ത്യർ 13:7, 8.
15 ക്രിസ്‌തീയ സ്‌നേഹം ഒരു മികച്ച ഗുണമാണ്. കാരണം നാം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും അടിസ്ഥാനമായിരിക്കുന്ന പ്രചോദക ഘടകം അതാണ്. നാം യഹോവയെ സേവിക്കുന്നത് അവന്റെ സമയപ്പട്ടിക ഗണ്യമാക്കാതെ നാം അവനെ സ്‌നേഹിക്കുന്നതുകൊണ്ടാണ്. അയൽക്കാരോടുള്ള സ്‌നേഹം രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ദൈവത്തിന്റെ ആഗ്രഹപ്രകാരം എത്ര കാലം സുവാർത്ത പ്രസംഗിക്കേണ്ടിവന്നാലും, ഒരേ ഭവനത്തിലേക്കുതന്നെ എത്ര പ്രാവശ്യം മടങ്ങിച്ചെല്ലേണ്ടിവന്നാലും അതൊന്നും ഒരു ബുദ്ധിമുട്ടായി നാം കണക്കാക്കുകയില്ല. പൗലൊസ് ഇങ്ങനെ എഴുതി: “വിശ്വാസം, പ്രത്യാശ, സ്‌നേഹം ഈ മൂന്നും നിലനില്‌ക്കുന്നു; ഇവയിൽ വലിയതോ സ്‌നേഹം തന്നേ.” (“നിനക്കുള്ളതു മുറുകെ പിടിച്ചുകൊണ്ടിരിക്കുക”
16. ഉദാസീനരാകുന്നതിനു പകരം എന്തു മനോഭാവം നാം നട്ടുവളർത്തണം?
16 നാം അന്ത്യനാളുകളുടെ പരമാന്ത്യത്തിലാണെന്നു ലോകസംഭവങ്ങൾ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന സുപ്രധാന കാലത്താണു നാം ജീവിക്കുന്നത്. (2 തിമൊഥെയൊസ് 3:1-5) ഉദാസീനരാകാനുള്ള സമയമല്ല ഇത്. മറിച്ച്, ‘നമുക്കുള്ളതു മുറുകെ പിടിച്ചുകൊണ്ടിരിക്കാ’നുള്ള സമയമാണ്. (വെളിപ്പാടു 3:11, NW) ‘പ്രാർത്ഥനാമനോഭാവത്തോടെ ജാഗരൂകർ’ ആയിരിക്കുകയും വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നിവ നട്ടുവളർത്തുകയും ചെയ്‌താൽ നാം ഒരുങ്ങിയിരിക്കുന്നവരാണ് എന്ന് പരിശോധനയുടെ നാഴികയിൽ തെളിയും. (1 പത്രൊസ് 4:7, NW) കർത്താവിന്റെ വേലയിൽ നമുക്കു ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. ദൈവികഭക്തിയോടു കൂടിയ പ്രവൃത്തികളിൽ തിരക്കുള്ളവരായിരിക്കുന്നത് പൂർണമായും ഉണർന്നിരിക്കാൻ നമ്മെ സഹായിക്കും.—2 പത്രൊസ് 3:11, NW.
17. (എ) വ്യവസ്ഥിതിയുടെ അന്ത്യം വരാൻ താമസിക്കുന്നു എന്ന തോന്നൽ നിമിത്തം ചിലപ്പോൾ ഉണ്ടായേക്കാവുന്ന നിരാശ നമ്മെ നിരുത്സാഹിതർ ആക്കരുതാത്തത് എന്തുകൊണ്ട്? (21-ാം പേജിലെ ചതുരം കാണുക.) (ബി) നമുക്ക് യഹോവയെ അനുകരിക്കാൻ കഴിയുന്നത് എങ്ങനെ, അപ്രകാരം ചെയ്യുന്നവർക്ക് എന്ത് അനുഗ്രഹങ്ങൾ ലഭിക്കും?
17 യിരെമ്യാവ് ഇങ്ങനെ എഴുതി: “യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു [“അവിടുത്തെ തന്നെ കാത്തിരിക്കും,” ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം]. തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ. യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.” (വിലാപങ്ങൾ 3:24-26) നമ്മിൽ ചിലർ കാത്തിരിപ്പു തുടങ്ങിയിട്ട് അൽപ്പ കാലമേ ആയിട്ടുണ്ടായിരിക്കൂ. മറ്റു ചിലരാകട്ടെ യഹോവയുടെ രക്ഷയ്‌ക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിരിക്കാം. എന്നാൽ മുമ്പിലുള്ള നിത്യതയോടുള്ള താരതമ്യത്തിൽ ഈ കാത്തിരിപ്പിൻ കാലം എത്ര ഹ്രസ്വമാണ്! (2 കൊരിന്ത്യർ 4:16-18) യഹോവയുടെ തക്ക സമയത്തിനായി കാത്തിരിക്കവേ, അനിവാര്യമായ ക്രിസ്‌തീയ ഗുണങ്ങൾ നട്ടുവളർത്താനും യഹോവ പ്രകടമാക്കുന്ന ഈ ക്ഷമയെ പ്രയോജനപ്പെടുത്തിക്കൊണ്ട് സത്യം സ്വീകരിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാനും നമുക്കു കഴിയും. അതുകൊണ്ട്, നമുക്കേവർക്കും ഉണർന്നിരിക്കാം. യഹോവയെ അനുകരിച്ചുകൊണ്ട് നമുക്കു ക്ഷമ പ്രകടമാക്കാം, അവൻ നൽകിയിരിക്കുന്ന പ്രത്യാശയ്‌ക്കായി നമുക്കു കൃതജ്ഞതയുള്ളവർ ആയിരിക്കാം. നാം വിശ്വസ്‌തതയോടെ ജാഗരൂകരായി നിലകൊള്ളവേ, നിത്യജീവന്റെ പ്രത്യാശയെ നമുക്കു മുറുകെ പിടിക്കാം. അപ്പോൾ ഈ പ്രാവചനിക വാഗ്‌ദാനങ്ങൾ തീർച്ചയായും നമ്മിൽ നിവൃത്തിയേറും: “ഭൂമിയെ അവകാശമാക്കുവാൻ [യഹോവ] നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.”—സങ്കീർത്തനം 37:34.
[അടിക്കുറിപ്പുകൾ]
^ ഖ. 5 2000 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 12, 13 പേജുകളിൽ നൽകിയിരുന്ന, ‘അന്ത്യകാലത്ത്’ ആണ് നാം ജീവിക്കുന്നത് എന്നു സൂചിപ്പിക്കുന്ന ആറു തെളിവുകൾ പുനരവലോകനം ചെയ്യുന്നതു സഹായകമായിരുന്നേക്കാം.—2 തിമൊഥെയൊസ് 3:1.
^ ഖ. 7 “ഉണർന്നിരിപ്പിൻ” എന്നു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രീക്ക് ക്രിയയുടെ അക്ഷരീയ അർഥം ‘ഉറക്കത്തെ ആട്ടിയോടിക്കുക’ എന്നാണെന്നും അത് “കേവലം ഉണർവിനെയല്ല, ഒരു പ്രത്യേക കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വ്യക്തികൾ പ്രകടമാക്കുന്ന ജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്” എന്നും നിഘണ്ടു നിർമാതാവായ ഡബ്ലിയു. ഇ. വൈൻ വിശദമാക്കുന്നു.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• ഈ വ്യവസ്ഥിതിയുടെ അന്ത്യം അടുത്തെത്തിയിരിക്കുന്നു എന്ന നമ്മുടെ ബോധ്യത്തെ ശക്തിപ്പെടുത്താൻ നമുക്ക് എങ്ങനെ കഴിയും?
• പത്രൊസ്, യാക്കോബ്, യോഹന്നാൻ എന്നിവരുടെ ഉദാഹരണങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
• ആത്മീയമായി ഉണർന്നിരിക്കാൻ ഏതു മൂന്നു ഗുണങ്ങൾ നമ്മെ സഹായിക്കും?
• ഇത് ‘നമുക്കുള്ളതു മുറുകെ പിടിച്ചുകൊണ്ടിരിക്കാനുള്ള’ സമയം ആയിരിക്കുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[21 -ാം പേജിലെ ചതുരം/ചിത്രം]
“പ്രതീക്ഷയോടെയിരിക്കുന്നവൻ സന്തുഷ്ടൻ.”—ദാനീയേൽ 12:12, NW
തന്റെ കാവലിലുള്ള സ്ഥലത്ത് മോഷണം നടത്താൻ ഒരു കള്ളൻ പരിപാടിയിടുന്നതായി ഒരു കാവൽക്കാരനു സംശയം തോന്നുന്നു എന്നു സങ്കൽപ്പിക്കുക. അയാൾ എന്തു ചെയ്യും? ഇരുട്ടുവീഴുന്നതോടെ, മോഷ്ടാവിന്റെ സാന്നിധ്യത്തെ സൂചിപ്പിച്ചേക്കാവുന്ന ഏതു ശബ്ദത്തിനായും കാവൽക്കാരൻ അതീവ ശ്രദ്ധയോടെ കാതോർക്കും. മണിക്കൂറുകളോളം അയാൾ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നു. തെറ്റായ സൂചനകളാൽ അയാൾ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്—കാറ്റത്ത് ഇലകൾ അനങ്ങുമ്പോഴോ പൂച്ച എന്തെങ്കിലും തട്ടിമറിച്ചിടുമ്പോഴോ ഉണ്ടാകുന്ന ശബ്ദമെല്ലാം അയാളെ തെറ്റിദ്ധരിപ്പിച്ചേക്കാം.—ലൂക്കൊസ് 12:39, 40.
“നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പ്രത്യക്ഷത [ആകാംക്ഷാപൂർവം] കാത്തിരിക്കുന്ന”വർക്കും സമാനമായ ഒരു സംഗതി സംഭവിച്ചേക്കാം. (1 കൊരിന്ത്യർ 1:7) പുനരുത്ഥാനശേഷം ഉടനെ യേശു ‘യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കു’മെന്ന് അപ്പൊസ്‌തലന്മാർ കരുതി. (പ്രവൃത്തികൾ 1:6) യേശുവിന്റെ സാന്നിധ്യം ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഒന്നായിരുന്നു എന്ന് വർഷങ്ങൾക്കു ശേഷം തെസ്സലൊനീക്യയിലെ ക്രിസ്‌ത്യാനികളെ ഓർമിപ്പിക്കേണ്ടിവന്നു. (2 തെസ്സലൊനീക്യർ 2:3, 8) എങ്കിലും, യഹോവയുടെ ദിവസം സംബന്ധിച്ച പ്രതീക്ഷകൾ അതുവരെ സാക്ഷാത്‌കരിക്കപ്പെട്ടില്ല എന്ന കാരണത്താൽ യേശുവിന്റെ ആ ആദിമ അനുഗാമികൾ ജീവനിലേക്കു നയിക്കുന്ന പാത ഉപേക്ഷിച്ചില്ല.—മത്തായി 7:13.
നമ്മുടെ നാളിൽ, ഈ വ്യവസ്ഥിതിയുടെ അന്ത്യം വരാൻ താമസിക്കുന്നു എന്ന തോന്നൽ നിമിത്തമുണ്ടാകുന്ന നിരാശ ജാഗ്രത കൈവെടിയുന്നതിലേക്ക് നമ്മെ നയിക്കരുത്. ജാഗ്രതയോടെ നിലകൊള്ളുന്ന ഒരു കാവൽക്കാരൻ തെറ്റായ സൂചനകളാൽ കബളിപ്പിക്കപ്പെട്ടേക്കാം, എങ്കിലും അയാൾ തുടർന്നും ജാഗ്രതയോടെ നിലകൊള്ളേണ്ടത് ആവശ്യമാണ്! അത് അയാളുടെ കടമയാണ്. ക്രിസ്‌ത്യാനികളെ സംബന്ധിച്ചും അതു സത്യമാണ്.
[18 -ാം പേജിലെ ചിത്രം]
യഹോവയുടെ ദിവസം അടുത്തെത്തിയിരിക്കുന്നു എന്ന് നിങ്ങൾ ഉറച്ചു വിശ്വസിക്കുന്നുവോ?
[19 -ാം പേജിലെ ചിത്രങ്ങൾ]
യോഗങ്ങളും പ്രാർഥനയും നല്ല പഠന ശീലങ്ങളും ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്നു
[22 -ാം പേജിലെ ചിത്രം]
മാർഗരറ്റിനെ പോലെ ക്ഷമ പ്രകടമാക്കിക്കൊണ്ട് നമുക്കും സജീവമായി ഉണർന്നിരിക്കാം