വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം എത്ര കൂടെക്കൂടെ ആചരിക്കണം?
യേശു തന്റെ മരണത്തിന്റെ സ്‌മാരകം ഏർപ്പെടുത്തിയതിനെ പരാമർശിച്ചുകൊണ്ട് പൗലൊസ് ഇപ്രകാരം എഴുതി: “നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്‌താവിക്കുന്നു.” (1 കൊരിന്ത്യർ 11:25, 26) ഇതിന്റെ അടിസ്ഥാനത്തിൽ ക്രിസ്‌തുവിന്റെ മരണം കൂടെക്കൂടെ, അതായത് പല പ്രാവശ്യം, ആചരിക്കേണ്ടതുണ്ട് എന്നു ചിലർ കരുതുന്നു. അതുകൊണ്ട് അവർ വർഷത്തിൽ ഒന്നിലധികം തവണ അത് ആചരിക്കുന്നു. എന്നാൽ പൗലൊസ് ഇവിടെ അർഥമാക്കിയത് അതാണോ?
യേശു തന്റെ മരണത്തിന്റെ സ്‌മാരകം ഏർപ്പെടുത്തിയിട്ട് ഇപ്പോൾ ഏതാണ്ട് 2,000 വർഷം ആയിരിക്കുന്നു. അതുകൊണ്ട് സ്‌മാരകം വർഷത്തിൽ ഒരിക്കൽ മാത്രം ആചരിക്കുകയാണെങ്കിൽക്കൂടി, പൊ.യു. 33 മുതൽ അതു പല പ്രാവശ്യം ആചരിക്കപ്പെട്ടിട്ടുണ്ടെന്നു വരുന്നു. എന്നിരുന്നാലും 1 കൊരിന്ത്യർ 11:25, 26-ന്റെ സന്ദർഭം പരിശോധിച്ചാൽ പൗലൊസ് അവിടെ, സ്‌മാരകം എത്ര കൂടെക്കൂടെ ആചരിക്കണം എന്നല്ല മറിച്ച് അത് എങ്ങനെ ആചരിക്കണം എന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു എന്നു മനസ്സിലാകും. മൂല ഗ്രീക്ക് പാഠത്തിൽ, “പല പ്രാവശ്യം” അഥവാ “കൂടെക്കൂടെ” എന്ന അർഥം വരുന്ന പോലാക്കിസ് എന്ന പദം അല്ല പൗലൊസ് ഉപയോഗിച്ചിരിക്കുന്നത്. പകരം, “സമയത്തൊക്കെയും” “എല്ലാ സമയത്തും” എന്ന അർഥം വരുന്ന ഓസാക്കിസ് എന്ന പദമാണ്. ‘നിങ്ങൾ ഇതു ചെയ്യുന്ന എല്ലാ സമയത്തും കർത്താവിന്റെ മരണത്തെ പ്രസ്‌താവിക്കുന്നു’ എന്നു പറയുകയായിരുന്നു പൗലൊസ് ഇവിടെ. *
അങ്ങനെയെങ്കിൽ, യേശുവിന്റെ മരണത്തിന്റെ സ്‌മാരകം എത്ര കൂടെക്കൂടെ ആചരിക്കണം? വർഷത്തിൽ ഒരിക്കൽ മാത്രം അത് ആചരിക്കുന്നതാണ് ഉചിതം. അത് വാസ്‌തവത്തിൽ ഒരു സ്‌മാരകം അഥവാ അനുസ്‌മരണ ചടങ്ങ് ആണ്, സാധാരണഗതിയിൽ അനുസ്‌മരണ ചടങ്ങ് ആചരിക്കുന്നത് വർഷത്തിൽ ഒരിക്കൽ ആണ്. മാത്രമല്ല യേശു മരിച്ചത്, വർഷത്തിൽ ഒരിക്കൽ മാത്രം ആചരിക്കപ്പെട്ടിരുന്ന യഹൂദ പെസഹാനാളിലാണ്. പൗലൊസ് യേശുവിനെ ‘പെസഹക്കുഞ്ഞാട്’ എന്നു വിശേഷിപ്പിച്ചത് ഉചിതമാണ്. കാരണം, ആദ്യത്തെ പെസഹാ ബലി ഈജിപ്‌തിൽവെച്ച് ജഡിക ഇസ്രായേല്യരുടെ ആദ്യജാതന്മാരെ ജീവനോടെ പരിരക്ഷിക്കുകയും അടിമത്തത്തിൽനിന്നുള്ള ആ ജനതയുടെ വിമോചനത്തിനു വഴി തുറക്കുകയും ചെയ്‌തതുപോലെ, യേശുവിന്റെ ബലിമരണം ആത്മീയ ഇസ്രായേലിന് ജീവനിലേക്കുള്ള വഴി തുറന്നുകൊടുത്തു. (1 കൊരിന്ത്യർ 5:7; ഗലാത്യർ 6:16) വാർഷിക യഹൂദ പെസഹായുമായുള്ള ഈ ബന്ധം, യേശുവിന്റെ മരണത്തിന്റെ സ്‌മാരകം വർഷത്തിൽ ഒരിക്കൽ മാത്രം ആചരിക്കപ്പെടേണ്ടതാണ് എന്നുള്ളതിന്റെ കൂടുതലായ തെളിവാണ്.
ഇതിനു പുറമേ, പൗലൊസ് യേശുവിന്റെ മരണത്തെ മറ്റൊരു വാർഷിക യഹൂദ പെരുനാളുമായി—പാപപരിഹാര ദിവസവുമായി—ബന്ധപ്പെടുത്തുന്നു. എബ്രായർ 9:25, 26-ൽ നാം ഇപ്രകാരം വായിക്കുന്നു: ‘മഹാപുരോഹിതൻ ആണ്ടുതോറും [പാപപരിഹാര ദിവസത്തിൽ] അന്യരക്തത്തോടുകൂടെ വിശുദ്ധ മന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ [യേശു] തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.’ വാർഷിക പാപപരിഹാര ദിവസത്തെ ബലിയുടെ സ്ഥാനത്താണ് യേശുവിന്റെ ബലി വന്നത്. അതുകൊണ്ട് അവന്റെ മരണത്തിന്റെ സ്‌മാരകം ഉചിതമായും വർഷത്തിൽ ഒരിക്കൽ ആചരിക്കപ്പെടുന്നു. സ്‌മാരകം വർഷത്തിൽ ഒന്നിൽ കൂടുതൽ പ്രാവശ്യം ആചരിക്കാൻ തിരുവെഴുത്തുപരമായ യാതൊരു കാരണങ്ങളും ഇല്ല.
ഇതിനോടു ചേർച്ചയിൽ, രണ്ടാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന ക്രിസ്‌ത്യാനികൾ യേശുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിച്ചിരുന്നത് “ആദ്യത്തെ യഹൂദ മാസത്തിന്റെ [നീസാന്റെ] പതിനാലാമത്തെ ദിവസം ആണ്” എന്ന് ചരിത്രകാരനായ ജോൺ ലോറൻസ് ഫോൻ മോസ്‌ഹൈം റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ പിൽക്കാലത്ത്, അത് വർഷത്തിൽ ഒന്നിലധികം തവണ ആചരിക്കുന്നത് ക്രൈസ്‌തവലോകത്തിൽ പതിവായിത്തീർന്നു.
(അടിക്കുറിപ്പുകൾ)
^ ഖ. 4 1 ശമൂവേൽ 1:3, 7-ലെ വിവരണം താരതമ്യം ചെയ്യുക. അവിടെ “സമയത്തൊക്കെയും” എന്നത് “ആണ്ടുതോറും” അഥവാ വർഷത്തിൽ ഒരിക്കൽ എല്‌ക്കാനായും അവന്റെ രണ്ടു ഭാര്യമാരും ശീലോവിലെ സമാഗമന കൂടാരത്തിലേക്കു പോയിരുന്നപ്പോൾ നടന്നിരുന്ന സംഭവങ്ങളെ പരാമർശിക്കുന്നു.