“സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും”
“സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും”
ആളിപ്പടർന്ന് ഒരു വനത്തെ മുഴുവൻ ചാമ്പലാക്കാൻ കഴിവുള്ള ഒരു ചെറു തീനാളത്തെപ്പോലെ അതിന് ഒരു വ്യക്തിയുടെ മുഴു ജീവിതത്തെയും നശിപ്പിക്കാൻ കഴിയും. അതിന് വിഷം നിറഞ്ഞതായിരിക്കാനും അതേസമയം “ജീവവൃക്ഷം” ആയിരിക്കാനും കഴിയും. (സദൃശവാക്യങ്ങൾ 15:4) ജീവനും മരണവും അതിന്റെ അധികാരത്തിലാണ്. (സദൃശവാക്യങ്ങൾ 18:21) അത്രയ്ക്കുണ്ട് ശരീരത്തെ മുഴുവൻ മലിനമാക്കാൻ കഴിവുള്ള നാവ് എന്ന ഈ ചെറിയ അവയവത്തിന്റെ ശക്തി. (യാക്കോബ് 3:5-9) അതുകൊണ്ട് നമ്മുടെ നാവിനെ നിയന്ത്രിക്കുന്നതു ജ്ഞാനമാണ്.
നമ്മുടെ സംസാരത്തെ നിയന്ത്രിക്കാൻ സഹായകമായ വിലയേറിയ ബുദ്ധിയുപദേശം സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകത്തിന്റെ 12-ാം അധ്യായം രണ്ടാം ഭാഗത്ത് പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ് നൽകുന്നുണ്ട്. സംക്ഷിപ്തവും അർഥവത്തുമായ സദൃശവാക്യങ്ങളിലൂടെ, ഉച്ചരിക്കപ്പെടുന്ന വാക്കുകൾ ഫലമുളവാക്കുന്നുവെന്നും പറയുന്ന വ്യക്തിയുടെ ഗുണഗണങ്ങളെ കുറിച്ച് അവ പലതും വെളിപ്പെടുത്തുന്നുവെന്നും ജ്ഞാനിയായ രാജാവ് ചൂണ്ടിക്കാണിക്കുന്നു. ‘അധരദ്വാരം കാക്കാൻ’ ആഗ്രഹിക്കുന്ന ഏവർക്കും ശലോമോന്റെ നിശ്വസ്ത ബുദ്ധിയുപദേശം അനുപേക്ഷണീയമാണ്.—സങ്കീർത്തനം 141:3.
‘കെണിയിലകപ്പെടുത്തുന്ന ലംഘനം’
‘അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കെണിയുണ്ടു; നീതിമാനോ കഷ്ടത്തിൽനിന്നു ഒഴിഞ്ഞു പോരും’ എന്ന് ശലോമോൻ പറയുന്നു. (സദൃശവാക്യങ്ങൾ 12:13) നുണ അഥവാ ഭോഷ്ക് പറയൽ അധരങ്ങളുടെ ഒരു ലംഘനമാണ്. നുണയന് അതു മരണക്കെണിയായിത്തീരുന്നു. (വെളിപ്പാടു 21:8) ശിക്ഷയിൽനിന്നു രക്ഷപ്പെടാനോ അസുഖകരമായ ഒരു സാഹചര്യം ഒഴിവാക്കാനോ ഉള്ള ഒരു എളുപ്പവഴിയായി സത്യസന്ധതയില്ലായ്മ കാണപ്പെട്ടേക്കാം. എന്നാൽ ഒരു നുണ മിക്കപ്പോഴും പല നുണകളിലേക്കു നയിക്കില്ലേ? ചെറിയ തുകയ്ക്ക് ചൂതുകളിച്ചു തുടങ്ങിയിട്ട് ഉണ്ടായ നഷ്ടം നികത്താനായി കൂടുതൽ വലിയ തുകകൾ വാതുവെക്കുന്ന ഒരു വ്യക്തിയെപ്പോലെ, താൻ ഒരു വിഷമവൃത്തത്തിൽ അകപ്പെട്ടിരിക്കുന്നതായി നുണയൻ പെട്ടെന്നുതന്നെ മനസ്സിലാക്കുന്നു.
മറ്റുള്ളവരോടു നുണ പറയുന്ന വ്യക്തി ഒടുവിൽ തന്നോടുതന്നെ നുണ പറഞ്ഞേക്കാം എന്നതുകൊണ്ട് അധരങ്ങളുടെ ലംഘനം അയാളെ വീണ്ടും കെണിയിലാക്കുന്നു. ഉദാഹരണത്തിന്, തുച്ഛമായ അറിവുണ്ടായിരിക്കെ, താൻ വലിയ അറിവുള്ളവനും ബുദ്ധിമാനുമാണെന്നു സ്വയം ബോധ്യപ്പെടുത്താൻ ഒരു നുണയന് അനായാസം കഴിയുന്നു. അങ്ങനെ അയാൾ നുണയ്ക്കനുസരിച്ച് ജീവിച്ചുതുടങ്ങുന്നു. വാസ്തവത്തിൽ, ‘തന്റെ തെറ്റ് വെറുക്കേണ്ടതിന് അത് കണ്ടെത്താനാവാത്ത വിധം അയാൾ തന്നോടു തന്നെ വളരെ മൃദുവായി ഇടപെട്ടിരിക്കുന്നു.’ (സങ്കീർത്തനം 36:2, NW) നുണ പറച്ചിൽ എത്രവലിയ ഒരു കെണിയാണ്! എന്നാൽ നീതിമാൻ അത്തരം വിഷമകരമായൊരു സാഹചര്യത്തിൽ തന്നെത്തന്നെ ആക്കിവെക്കുകയില്ല. ഞെരുക്കം അനുഭവിക്കുമ്പോൾപ്പോലും അയാൾ വ്യാജം സംസാരിക്കുകയില്ല.
‘തൃപ്തിപ്പെടുത്തുന്ന ഫലം’
“വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്ന് അപ്പൊസ്തലനായ പൗലൊസ് മുന്നറിയിപ്പു ഗലാത്യർ 6:7) തീർച്ചയായും ഈ തത്ത്വം നമ്മുടെ സംസാരത്തിനും പ്രവൃത്തികൾക്കും ഒരുപോലെ ബാധകമാകുന്നു. ശലോമോൻ ഇപ്രകാരം പ്രസ്താവിക്കുന്നു: “തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.”—സദൃശവാക്യങ്ങൾ 12:14.
നൽകുന്നു. (‘ജ്ഞാനം പ്രസ്താവിക്കുന്ന’ വായ് തൃപ്തിപ്പെടുത്തുന്ന ഫലം ഉത്പാദിപ്പിക്കുന്നു. (സങ്കീർത്തനം 37:30) ജ്ഞാനത്തിന് അറിവ് ആവശ്യമാണ്. സകല അറിവുമുള്ള ഒരു മനുഷ്യനുമില്ല. എല്ലാവരും സദുപദേശത്തിനു ചെവികൊടുക്കേണ്ടിയിരിക്കുന്നു. ഇസ്രായേൽ രാജാവ് പറയുന്നു: “ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.”—സദൃശവാക്യങ്ങൾ 12:15.
യഹോവ തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും നമുക്ക് ഈടുറ്റ ബുദ്ധിയുപദേശം നൽകുന്നു. “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചാണ് അവൻ അതു ചെയ്യുന്നത്. (മത്തായി 24:45, NW; 2 തിമൊഥെയൊസ് 3:16, 17) സദുപദേശം തള്ളിക്കളഞ്ഞ് സ്വന്ത നിലപാടിൽ ഉറച്ചുനിൽക്കുന്നത് എത്ര ഭോഷത്തമാണ്! ‘മനുഷ്യർക്കു ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നവനായ’ യഹോവ തന്റെ ആശയവിനിമയ സരണിയിലൂടെ നമ്മെ ബുദ്ധിയുപദേശിക്കുമ്പോൾ നാം ‘കേൾപ്പാൻ വേഗതയുള്ളവർ ആയിരിക്കണം.’—യാക്കോബ് 1:19; സങ്കീർത്തനം 94:10.
ജ്ഞാനിയും ഭോഷനും അധിക്ഷേപത്തോടും അന്യായമായ വിമർശനങ്ങളോടും എങ്ങനെയാണു പ്രതികരിക്കുന്നത്? ശലോമോൻ ഉത്തരം നൽകുന്നു: “ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.”—സദൃശവാക്യങ്ങൾ 12:16.
അധിക്ഷേപിക്കപ്പെടുമ്പോൾ ഭോഷൻ പെട്ടെന്ന് അതായത്, “തൽക്ഷണം” ദേഷ്യത്തോടെ പ്രതികരിക്കുന്നു. എന്നാൽ വിവേകമുള്ളവൻ ആത്മനിയന്ത്രണം പാലിക്കാൻ കഴിയേണ്ടതിന് ദൈവാത്മാവിനായി പ്രാർഥിക്കുന്നു. അയാൾ ദൈവവചനത്തിലെ ഉപദേശങ്ങളെ കുറിച്ചു ധ്യാനിക്കുകയും യേശുവിന്റെ പിൻവരുന്ന വാക്കുകളെ കുറിച്ചു വിലമതിപ്പോടെ ചിന്തിക്കുകയും ചെയ്യുന്നു: “നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറേറതും തിരിച്ചുകാണിക്ക.” (മത്തായി 5:39) “ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യാ”തിരിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് ചിന്താശൂന്യമായി സംസാരിക്കാതിരിക്കാൻ വിവേകി തന്റെ നാവിനെ നിയന്ത്രിക്കുന്നു. (റോമർ 12:17) നമുക്കു നേരിട്ടേക്കാവുന്ന ഏതൊരു ലജ്ജയെയും സമാനമായി അടക്കിവെക്കുമ്പോൾ നാം കൂടുതലായ കലഹം ഒഴിവാക്കുകയാണു ചെയ്യുന്നത്.
‘സുഖപ്പെടുത്തുന്ന നാവ്’
അധരങ്ങളുടെ ലംഘനം ന്യായവിസ്താരത്തിൽ വലിയ ദോഷം ചെയ്യും. ഇസ്രായേലിലെ രാജാവ് പറയുന്നു: ‘സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.’ (സദൃശവാക്യങ്ങൾ 12:17) സത്യവാനായ സാക്ഷി സത്യം പറയും. അവന്റെ സാക്ഷ്യം വിശ്വാസ്യവും ആശ്രയയോഗ്യവുമാണ്. അയാളുടെ വാക്കുകൾ നീതി നടപ്പാക്കാൻ ഉതകുന്നു. അതേസമയം കള്ളസാക്ഷി വഞ്ചന നിറഞ്ഞവനാണ്, നീതി നടപ്പാകാതിരിക്കാൻ അയാൾ ഇടയാക്കുന്നു.
ശലോമോൻ തുടർന്ന് ഇങ്ങനെ പറയുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.” (സദൃശവാക്യങ്ങൾ 12:18) ഒരു വാളുപോലെ തുളച്ചിറങ്ങിക്കൊണ്ട് സൗഹൃദത്തെ നശിപ്പിക്കാനും പ്രശ്നങ്ങൾ ഇളക്കിവിടാനും വാക്കുകൾക്കു കഴിയും. അല്ലെങ്കിൽ, അവയ്ക്ക് സന്തുഷ്ടിദായകവും ആഹ്ലാദകരവും ആയിരുന്നുകൊണ്ട് സൗഹൃദത്തെ കാത്തുരക്ഷിക്കാൻ കഴിയും. ചീത്തവിളിക്കുന്നതും ആക്രോശിക്കുന്നതും നിരന്തരം വിമർശിക്കുന്നതും അധിക്ഷേപിക്കുന്നതും ആഴമായ വൈകാരിക മുറിവുകൾക്ക് ഇടയാക്കുന്ന വാൾപ്രയോഗങ്ങളല്ലേ? ഈ മണ്ഡലത്തിൽ നാം വരുത്തിയേക്കാവുന്ന ഏതൊരു വീഴ്ചയെയും ആത്മാർഥ ക്ഷമാപണത്തിന്റെ സുഖപ്പെടുത്തുന്ന വാക്കുകൾകൊണ്ടു നേരെയാക്കുന്നത് എത്രയോ നല്ലതാണ്!
നാം ജീവിക്കുന്ന ഈ ദുഷ്കര നാളുകളിൽ അനേകർ ‘ഹൃദയം നുറുങ്ങിയവരും’ ‘മനസ്സു തകർന്നവരും’ ആയിരിക്കുന്നതിൽ അതിശയിക്കാനില്ല. (സങ്കീർത്തനം 34:18) ‘വിഷാദമുള്ള ദേഹികളോട് ആശ്വാസദായകമായി സംസാരിക്കുകയും ബലഹീനരെ താങ്ങുകയും’ ചെയ്യുമ്പോൾ വാക്കുകളുടെ സൗഖ്യമാക്കൽ ശക്തിയെ നാം പ്രയോജനപ്പെടുത്തുകയല്ലേ ചെയ്യുന്നത്? (1 തെസ്സലൊനീക്യർ 5:14, NW) തീർച്ചയായും, സമപ്രായക്കാരിൽനിന്നുണ്ടാകുന്ന ദ്രോഹകരമായ സമ്മർദവുമായി മല്ലിടുന്ന കൗമാരപ്രായക്കാർക്കു പ്രോത്സാഹനം പകരാൻ സഹാനുഭൂതിയോടെയുള്ള വാക്കുകൾക്കു കഴിയും. പ്രായമായവരോടു സംസാരിക്കുമ്പോൾ വാക്കുകൾ ചിന്തിച്ച് ഉപയോഗിക്കുന്നത് തങ്ങൾ വേണ്ടപ്പെട്ടവരും സ്നേഹിക്കപ്പെടുന്നവരും ആണെന്ന ഉറപ്പ് അവർക്കു നൽകുന്നു. ദയാപുരസ്സരമായ വാക്കുകൾ തീർച്ചയായും രോഗികളായിരിക്കുന്നവരുടെ ദിവസത്തെ ശോഭനമാക്കും. “സൌമ്യതയുടെ ആത്മാവിൽ” നൽകപ്പെടുമ്പോൾ ശാസനപോലും സ്വീകരിക്കുക കൂടുതൽ എളുപ്പമാണ്. (ഗലാത്യർ 6:1) ശ്രദ്ധിക്കുന്നവരുമായി ദൈവരാജ്യ സുവാർത്ത പങ്കുവെക്കുന്ന ഒരു വ്യക്തിയുടെ നാവിന്റെ സൗഖ്യമാക്കൽ ശക്തി എത്ര വലുതാണ്!
‘എന്നേക്കും നിലനില്ക്കുന്ന അധരം’
‘അധരം’ എന്ന പദത്തെ ‘നാവി’ന്റെ പര്യായമായി ഉപയോഗിച്ചുകൊണ്ട് ശലോമോൻ പ്രസ്താവിക്കുന്നു: “സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.” (സദൃശവാക്യങ്ങൾ 12:19) എബ്രായയിൽ ഏകവചനത്തിൽ ഉപയോഗിച്ചിരിക്കുന്ന “സത്യം പറയുന്ന അധരം” എന്ന പദപ്രയോഗം കേവലം സത്യസന്ധമായ സംസാരത്തെക്കാളേറെ അർഥമാക്കുന്നു. “അത് ഈട്, സ്ഥിരത, ആശ്രയയോഗ്യത തുടങ്ങിയ ഗുണങ്ങളെ സൂചിപ്പിക്കുന്ന”തായി ഒരു പരാമർശ ഗ്രന്ഥം പറയുന്നു. അത് ഇങ്ങനെ തുടരുന്നു: “ഈ ഗുണങ്ങളുള്ള സംസാരം ആശ്രയയോഗ്യമായി കണ്ടെത്തപ്പെടുമെന്നതിനാൽ അത് എന്നേക്കും നിലനിൽക്കും. മാത്ര നേരത്തേക്കു വഞ്ചിച്ചേക്കാമെങ്കിലും പരിശോധിക്കപ്പെടുമ്പോൾ നിലനിൽപ്പില്ലാത്ത . . . വ്യാജമുള്ള നാവിനു നേർവിപരീതമാണ് അത്.”
ജ്ഞാനിയായ രാജാവ് പ്രസ്താവിക്കുന്നു: “ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ടു.” അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനർത്ഥംകൊണ്ടു നിറയും.”—സദൃശവാക്യങ്ങൾ 12:20, 21.
ദോഷം നിരൂപിക്കുന്നവർ നിമിത്തം വേദനയും കഷ്ടപ്പാടും മാത്രമേ ഉണ്ടാകൂ. നേരെമറിച്ച്, സമാധാനകാംക്ഷികൾ ശരിയായ കാര്യങ്ങൾ ചെയ്യുന്നതിൽനിന്നു സംതൃപ്തി നേടും. സത്ഫലങ്ങൾ കാണുന്നതിന്റെ സദൃശവാക്യങ്ങൾ 12:22.
സന്തോഷവും അവർക്കുണ്ട്. ഏറ്റവും പ്രധാനമായി അവർക്ക് ദൈവാംഗീകാരമുണ്ട്. എന്തുകൊണ്ടെന്നാൽ, “വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു; സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം.”—‘പരിജ്ഞാനത്തെ അടക്കിവെക്കുന്ന സംസാരം’
വാക്കുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കുന്നവനും അല്ലാത്തവനും തമ്മിലുള്ള മറ്റൊരു അന്തരത്തെക്കുറിച്ചു വിവരിച്ചുകൊണ്ട് ഇസ്രായേൽ രാജാവ് പറയുന്നു: “വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.”—സദൃശവാക്യങ്ങൾ 12:23.
എപ്പോൾ സംസാരിക്കണം അല്ലെങ്കിൽ സംസാരിക്കരുത് എന്ന് വിവേകമുള്ള വ്യക്തിക്ക് അറിയാം. താൻ വലിയ ജ്ഞാനിയാണെന്നു മറ്റുള്ളവരെ കാണിക്കുന്നതിൽനിന്നു സ്വയം വിട്ടുനിന്നുകൊണ്ടാണ് അയാൾ പരിജ്ഞാനം അടക്കിവെക്കുന്നത്. അയാൾ എല്ലായ്പോഴും പരിജ്ഞാനം മറച്ചുവെക്കുന്നുവെന്ന് അതിന് അർഥമില്ല. പകരം, വിവേചനയോടെ ആയിരിക്കും അയാൾ അതു പ്രകടിപ്പിക്കുന്നത്. നേരെ മറിച്ച്, ഭോഷൻ എടുത്തുചാടി സംസാരിച്ചുകൊണ്ട് സ്വന്തം ഭോഷത്തം വെളിവാക്കുന്നു. അതുകൊണ്ട്, നമ്മുടെ വാക്കുകൾ ചുരുക്കമായിരിക്കട്ടെ, പൊങ്ങച്ചത്തിൽനിന്ന് നമ്മുടെ നാവ് വിട്ടുനിൽക്കട്ടെ.
വിപരീത താരതമ്യം തുടർന്ന് ഉപയോഗിച്ചുകൊണ്ട് ശലോമോൻ ഉത്സാഹത്തെയും മടിയെയും കുറിച്ചുള്ള ശക്തമായ ഒരു ആശയം വെളിപ്പെടുത്തുന്നു. അവൻ പ്രസ്താവിക്കുന്നു: “ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.” (സദൃശവാക്യങ്ങൾ 12:24) കഠിനാധ്വാനത്തിന്റെ ഫലമായി പുരോഗതി നേടാനും സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കാനും കഴിയുന്നു, മടിയാകട്ടെ നിർബന്ധിത വേലയിലേക്കും ദാസ്യവൃത്തിയിലേക്കും നയിക്കുന്നു. ഒരു പണ്ഡിതൻ അഭിപ്രായപ്പെടുന്നതനുസരിച്ച്, “കാലക്രമത്തിൽ മടിയൻ ഉത്സാഹിയുടെ അടിമയായിത്തീരുന്നു.”
‘സന്തോഷിപ്പിക്കുന്ന വാക്ക്’
മനുഷ്യപ്രകൃതം സംബന്ധിച്ച് സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ട് ശലോമോൻ രാജാവ് വീണ്ടും സംസാരത്തെ കുറിച്ചുള്ള ചർച്ചയിലേക്കു തിരിയുന്നു. അവൻ പറയുന്നു: “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു [“ഉൽക്കണ്ഠ നിമിത്തം മനുഷ്യന്റെ ഹൃദയം ക്ഷീണിക്കുന്നു,” “ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം”]; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.”—സദൃശവാക്യങ്ങൾ 12:25.
ഹൃദയം ദുഃഖത്താൽ ഭാരപ്പെടാൻ ഇടയാക്കുന്ന ആശങ്കകളും ഉത്കണ്ഠകളും നിരവധിയാണ്. ഹൃദയത്തിന്റെ ഭാരം കുറയ്ക്കാനും അതിനെ സന്തോഷിപ്പിക്കാനും സഹാനുഭൂതിയുള്ള ഒരു വ്യക്തിയുടെ നല്ല പ്രോത്സാഹന വാക്കാണ് ആവശ്യം. എന്നാൽ നാം മറ്റുള്ളവരോടു നമ്മുടെ ഉത്കണ്ഠകളെ കുറിച്ചു ഹൃദയം തുറന്ന് സംസാരിച്ചില്ലെങ്കിൽ നമ്മുടെ ഹൃദയത്തിലെ ഉത്കണ്ഠയുടെ തീവ്രത അവർ എങ്ങനെ മനസ്സിലാക്കും? അതേ, കൊടിയ ദുഃഖമോ വിഷാദമോ അനുഭവപ്പെടുമ്പോൾ, സഹായിക്കാൻ കഴിയുന്ന സഹാനുഭൂതിയുള്ള ഒരു വ്യക്തിയോടു നാം കാര്യങ്ങൾ തുറന്നു സംസാരിക്കേണ്ടതുണ്ട്. അതിലുപരി, നമ്മുടെ വികാരങ്ങൾ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നത് ഹൃദയവേദന കുറെയൊക്കെ ലഘൂകരിക്കാൻ സഹായിക്കും. അതുകൊണ്ട്, വിവാഹ ഇണയോടോ മാതാവിനോടോ പിതാവിനോടോ അല്ലെങ്കിൽ അനുകമ്പയും ആത്മീയ യോഗ്യതയുമുള്ള ഒരു സുഹൃത്തിനോടോ കാര്യങ്ങൾ തുറന്നു പറയുന്നതു നല്ലതാണ്.
ബൈബിളിൽ കാണുന്നതിനെക്കാൾ മെച്ചപ്പെട്ട പ്രോത്സാഹന വാക്കുകൾ ഏതാണുള്ളത്? അതുകൊണ്ട്, ദൈവത്തിന്റെ നിശ്വസ്ത വചനത്തെക്കുറിച്ച് വിലമതിപ്പോടെ ധ്യാനിച്ചുകൊണ്ട് നാം അവനോട് അടുത്തുചെല്ലണം. അത്തരത്തിലുള്ള ധ്യാനം തീർച്ചയായും നിങ്ങളുടെ കലങ്ങിയിരിക്കുന്ന ഹൃദയത്തെ സന്തോഷിപ്പിക്കുകയും ദുഃഖം തളംകെട്ടിയ കണ്ണുകളെ പ്രകാശിപ്പിക്കുകയും ചെയ്യും. പിൻവരുന്ന വിധം പറഞ്ഞുകൊണ്ട് സങ്കീർത്തനക്കാരൻ ഇക്കാര്യം സ്ഥിരീകരിക്കുന്നു: “യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സങ്കീർത്തനം 19:7, 8.
സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.”—പ്രതിഫലദായകമായ പാത
നീതിമാന്റെയും ദുഷ്ടന്റെയും പാതകളെ വിപരീത താരതമ്യം ചെയ്തുകൊണ്ട് ഇസ്രായേൽ രാജാവ് പറയുന്നു: “നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; [“നീതിമാൻ സ്വന്ത മേച്ചിൽസ്ഥലം ഒറ്റുനോക്കുന്നു,” NW] ദുഷ്ടന്മാരുടെ വഴിയോ അവരെ തെററി നടക്കുമാറാക്കുന്നു.” (സദൃശവാക്യങ്ങൾ 12:26) നീതിമാൻ തന്റെ സ്വന്ത മേച്ചിൽസ്ഥലത്തെ കുറിച്ച്—അയാൾ തിരഞ്ഞെടുക്കുന്ന സഹകാരികളും സുഹൃത്തുക്കളും—സൂക്ഷ്മതയുള്ളവനാണ്. അപകടകരമായ ബന്ധങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ ജ്ഞാനപൂർവം അവരെ തിരഞ്ഞെടുക്കുന്നു. ബുദ്ധിയുപദേശം നിരസിക്കുകയും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന ദുഷ്ടന്മാർ അങ്ങനെയല്ല. അവർ വഴിതെറ്റിക്കപ്പെട്ട് ഉഴന്നുനടക്കുന്നു.
ശലോമോൻ രാജാവ് അടുത്തതായി മറ്റൊരു വീക്ഷണത്തിലൂടെ ഉത്സാഹിയും മടിയനും തമ്മിലുള്ള വ്യത്യാസം അവതരിപ്പിക്കുന്നു: “മടിയൻ ഒന്നും [“തന്റെ വേട്ട മൃഗങ്ങളെ,” NW] വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു.” (സദൃശവാക്യങ്ങൾ 12:27) മടിയൻ—“അലസൻ”—തന്റെ വേട്ടമൃഗത്തെ ‘വേട്ടയാടിപ്പിടിക്കുകയോ’ “വറക്കുക”യോ ചെയ്യുന്നില്ല. (ന്യൂ ഇന്റർനാഷണൽ വേർഷൻ) തുടങ്ങിവെച്ചത് പൂർത്തീകരിക്കാൻ അയാൾക്കു കഴിയുന്നില്ല. അതേസമയം, ഉത്സാഹം സമ്പത്തിനോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
മടി വളരെ ദോഷകരമാണ്. അതിനാൽ, ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി “ക്രമംകെട്ടു നടക്കുന്ന” തെസ്സലൊനീക്യയിലെ ചിലരെ തിരുത്താൻ അവിടത്തെ സഹക്രിസ്ത്യാനികൾക്ക് എഴുതേണ്ടത് ആവശ്യമാണെന്ന് അപ്പൊസ്തലനായ പൗലൊസിന് തോന്നി. അത്തരക്കാർ മറ്റുള്ളവരുടെ മേൽ ഒരു ചെലവേറിയ ഭാരം അടിച്ചേൽപ്പിച്ചിരുന്നു. അതുകൊണ്ട്, “വേല ചെയ്തു അഹോവൃത്തി കഴിക്കേണം” എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് പൗലൊസ് അവർക്ക് വ്യക്തമായ ബുദ്ധിയുപദേശം നൽകി. ശക്തമായ ഈ ബുദ്ധിയുപദേശത്തോടു പ്രതികരിക്കാത്തപക്ഷം അവരിൽനിന്ന് ‘അകന്നുകൊള്ളാൻ’—വ്യക്തമായും സാമൂഹിക കാര്യങ്ങളിൽനിന്ന് അവരെ ഒഴിവാക്കാൻ—പൗലൊസ് സഭയിലെ മറ്റുള്ളവരെ ഉപദേശിച്ചു.—2 തെസ്സലൊനീക്യർ 3:6-12.
കഠിനാധ്വാനി ആയിരിക്കേണ്ടതു സംബന്ധിച്ചുള്ള ശലോമോന്റെ ബുദ്ധിയുപദേശത്തിനു മാത്രമല്ല നാവിന്റെ ഉചിതമായ ഉപയോഗത്തെ കുറിച്ചുള്ള അവന്റെ ബുദ്ധിയുപദേശത്തിനും നാം ശ്രദ്ധ നൽകേണ്ടതുണ്ട്. അധരങ്ങളുടെ ലംഘനം ഒഴിവാക്കുകയും നീതിമാർഗം പിന്തുടരുകയും ചെയ്യവേ സുഖപ്പെടുത്തുന്നതിനും ആനന്ദം പകരുന്നതിനും വേണ്ടി നമുക്ക് നാവ് എന്ന ചെറിയ അവയവത്തെ ഉപയോഗിക്കാം. “നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ടു; അതിന്റെ പാതയിൽ മരണം ഇല്ല,” ശലോമോൻ നമുക്ക് ഉറപ്പു തരുന്നു.—സദൃശവാക്യങ്ങൾ 12:28.
[27 -ാം പേജിലെ ചിത്രങ്ങൾ]
“ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു”
[28 -ാം പേജിലെ ചിത്രങ്ങൾ]
“ജ്ഞാനികളുടെ നാവോ സുഖപ്രദം”
[29 -ാം പേജിലെ ചിത്രം]
ആശ്രയയോഗ്യരായ സുഹൃത്തുക്കളോടു കാര്യങ്ങൾ തുറന്നുപറയുന്നത് ആശ്വാസം നൽകും
[30 -ാം പേജിലെ ചിത്രം]
ദൈവവചനത്തെ കുറിച്ചു വിലമതിപ്പോടെ ധ്യാനിക്കുന്നത് ഹൃദയസന്തോഷത്തിന് ഇടയാക്കുന്നു