വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാധാരണക്കാർക്കായി യഹോവ കരുതുന്നു

സാധാരണക്കാർക്കായി യഹോവ കരുതുന്നു

സാധാരണക്കാർക്കായി യഹോവ കരുതുന്നു

അസാധാരണമോ സവിശേഷമോ ആയി എന്തെങ്കിലും ഉണ്ടെങ്കിലേ ദൈവം നമ്മെ ശ്രദ്ധിക്കുകയുള്ളോ? അമേരിക്കൻ ഐക്യനാടുകളുടെ 16-ാമത്തെ പ്രസിഡന്റായ എബ്രഹാം ലിങ്കൺ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു: “കർത്താവിന്‌ സാധാരണക്കാരെയാണ്‌ കൂടുതൽ ഇഷ്ടം. അതുകൊണ്ടാണ്‌ അവിടുന്ന്‌ അവരെ ധാരാളമായി സൃഷ്ടിക്കുന്നത്‌.” ശ്രദ്ധേയമായ യാതൊന്നുമില്ലാത്ത സാധാരണക്കാരാണ്‌ തങ്ങളെന്ന്‌ അനേകർക്കു തോന്നുന്നു. സാധാരണ എന്നതിന്‌ സ്ഥാനമാനങ്ങളില്ലാത്ത, ഇടത്തരം എന്നീ അർഥങ്ങളുണ്ട്‌. താണ അല്ലെങ്കിൽ രണ്ടാംകിട എന്ന ധ്വനി പോലും അതിന്‌ ഉണ്ടായിരുന്നേക്കാം. ഏതുതരം ആളുകളോടൊപ്പം ആയിരിക്കാനാണു നിങ്ങൾ ഇഷ്ടപ്പെടുന്നത്‌? തലക്കനവും ധാർഷ്ട്യപരമായ പെരുമാറ്റവും ഉള്ളവരോടൊപ്പമാണോ? മറ്റുള്ളവരിൽ ആത്മാർഥവും ഊഷ്‌മളവുമായ താത്‌പര്യം കാണിക്കുന്ന സൗഹൃദഭാവവും താഴ്‌മയും എളിമയും ഉള്ളവരെയല്ലേ നിങ്ങൾ ഇഷ്ടപ്പെടുക?

ഭയപ്പെടുത്തലും പരിഹാസവുമൊക്കെ സർവസാധാരണമായിരിക്കുന്ന ഒരു ലോകത്തു ജീവിക്കുന്നതിനാൽ, ദൈവം തങ്ങളിൽ വ്യക്തിപരമായി താത്‌പര്യം എടുക്കുന്നുവെന്ന്‌ വിശ്വസിക്കുക ബുദ്ധിമുട്ടാണെന്ന്‌ ചിലർ കണ്ടെത്തുന്നു. ഈ മാസികയുടെ ഒരു വായനക്കാരൻ ഇങ്ങനെ എഴുതി: “സ്‌നേഹം എന്തെന്നറിയാതെയാണ്‌ ഞാൻ വളർന്നത്‌. കുടുംബത്തിലുള്ളവർ എന്നെ താഴ്‌ത്തിക്കെട്ടുകയും കളിയാക്കുകയും പരിഹസിക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ട്‌ ചെറുപ്പത്തിൽത്തന്നെ വിലകെട്ടവനാണെന്ന തോന്നൽ എന്നിൽ ഉളവായി. ആ വികാരങ്ങൾ ഇപ്പോഴും വളരെ ശക്തമാണ്‌. അതുകൊണ്ട്‌ അനർഥങ്ങൾ ഉണ്ടാകുമ്പോൾ അവയെ ധൈര്യപൂർവം നേരിടാൻ എനിക്കു കഴിയുന്നില്ല, ഞാൻ തളർന്നുപോകുന്നു.” എങ്കിലും, ദൈവത്തിനു സാധാരണക്കാരിൽ വ്യക്തിപരമായ താത്‌പര്യം ഉണ്ടെന്നു വിശ്വസിക്കുന്നതിനു മതിയായ കാരണങ്ങളുണ്ട്‌.

സാധാരണക്കാരിലുള്ള ദൈവത്തിന്റെ താത്‌പര്യം

“യഹോവ വലിയവനും അത്യന്തം സ്‌തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ” എന്നു ദാവീദ്‌ രാജാവ്‌ എഴുതി. (സങ്കീർത്തനം 145:3) എന്നിരുന്നാലും, നമുക്കുവേണ്ടി സ്‌നേഹപുരസ്സരവും അനുകമ്പാർദ്രവുമായ കരുതൽ പ്രകടമാക്കുന്നതിൽനിന്ന്‌ ഇത്‌ യഹോവയെ തടയുന്നില്ല. (1 പത്രൊസ്‌ 5:7) ഉദാഹരണത്തിന്‌ സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രസ്‌താവിച്ചു: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.”​—⁠സങ്കീർത്തനം 34:18.

ലോകത്തിൽ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്ന ശാരീരിക സൗന്ദര്യം, പ്രശസ്‌തി, ധനം എന്നിങ്ങനെയുള്ള കാര്യങ്ങളല്ല പ്രാധാന്യമുള്ളതായി ദൈവം കണക്കാക്കുന്നത്‌. ദൈവം ഇസ്രായേലിനു നൽകിയ ന്യായപ്രമാണത്തിൽ ദരിദ്രരോടും അനാഥരോടും വിധവമാരോടും പരദേശികളോടുമുള്ള അവന്റെ ദയാപുരസ്സരമായ താത്‌പര്യം പ്രകടമായിരുന്നു. ക്രൂരമായ പെരുമാറ്റത്തിന്റെ വേദന എന്താണെന്ന്‌ ഈജിപ്‌തിൽവെച്ച്‌ അനുഭവിച്ച്‌ അറിഞ്ഞിരുന്ന ഇസ്രായേല്യരോട്‌ ദൈവം ഇങ്ങനെ പറഞ്ഞു: “പരദേശിയെ പീഡിപ്പിക്കരുതു ഉപദ്രവിക്കയുമരുതു; . . . വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുതു. അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്‌താൽ ഞാൻ അവരുടെ നിലവിളി കേൾക്കും.” (പുറപ്പാടു 22:21-24) കൂടാതെ, എളിയവരോടുള്ള ദൈവത്തിന്റെ കരുതലിലുള്ള തന്റെ ഉറച്ച വിശ്വാസം യെശയ്യാപ്രവാചകൻ ഇങ്ങനെ പ്രകടിപ്പിച്ചു: “ഭയങ്കരന്മാരുടെ ചീററൽ മതിലിന്റെ നേരെ കൊടുങ്കാററുപോലെ അടിക്കുമ്പോൾ, നീ എളിയവന്നു ഒരു ദുർഗ്ഗവും ദരിദ്രന്നു അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാററിൽ ഒരു ശരണവും ഉഷ്‌ണത്തിൽ ഒരു തണലും ആയിരിക്കുന്നു.”​—⁠യെശയ്യാവു 25:⁠4.

ദൈവത്തെ ‘കൃത്യമായി പ്രതിഫലിപ്പിച്ച’ യേശുക്രിസ്‌തു തന്റെ ഭൗമിക ശുശ്രൂഷയിലുടനീളം, സാധാരണ ജനങ്ങളിൽ യഥാർഥ താത്‌പര്യം കാണിക്കുന്നതിൽ തന്റെ ശിഷ്യന്മാർക്ക്‌ ഒരു മാതൃക വെച്ചു. (എബ്രായർ 1:3, NW) ‘പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട്‌ അവന്‌ മനസ്സലിഞ്ഞു.’​—⁠മത്തായി 9:36.

ഏതുതരം ആളുകളെയാണ്‌ യേശു തന്റെ അപ്പൊസ്‌തലന്മാരായി തിരഞ്ഞെടുത്തത്‌ എന്നതും ശ്രദ്ധിക്കുക​—⁠“പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ” എന്നു വിശേഷിപ്പിക്കപ്പെട്ടവരെ. (പ്രവൃത്തികൾ 4:13) യേശുവിന്റെ മരണത്തിനുശേഷം, ദൈവവചനത്തിന്‌ ശ്രദ്ധകൊടുക്കാനുള്ള ക്ഷണം എല്ലാത്തരത്തിലുംപെട്ട ആളുകൾക്ക്‌ അവന്റെ ശിഷ്യന്മാർ വെച്ചുനീട്ടി. ഏതൊരു ‘അവിശ്വാസിക്കോ സാധാരണക്കാരനോ’ ക്രിസ്‌തീയ സഭയിലേക്കു വന്ന്‌ ഒരു വിശ്വാസിയായിത്തീരാമെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (1 കൊരിന്ത്യർ 14:24, NW, 25) ലൗകിക നിലവാരങ്ങളനുസരിച്ച്‌ ആദരിക്കപ്പെടുന്നവരെ മാത്രം തിരഞ്ഞെടുക്കുന്നതിനു പകരം തന്റെ സേവനത്തിനായി ദൈവം എളിയവരും സാധാരണക്കാരുമായ അനേകരെ തിരഞ്ഞെടുത്തു. അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്‌മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ.”​—⁠1 കൊരിന്ത്യർ 1:26-29.

സമാനമായി ഇന്നു നമ്മുടെ കാര്യത്തിലും ദൈവം ആത്മാർഥ താത്‌പര്യം കാണിക്കുന്നുണ്ട്‌. “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ദൈവം ഇച്ഛിക്കുന്നു. (1 തിമൊഥെയൊസ്‌ 2:4) നമുക്കുവേണ്ടി മരണംവരിക്കാനായി തന്റെ പുത്രനെ ഭൂമിയിലേക്ക്‌ അയയ്‌ക്കുന്ന അളവോളം ദൈവം മനുഷ്യവർഗത്തെ സ്‌നേഹിച്ചെങ്കിൽ, നാം സ്‌നേഹിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരോ വിലകെട്ടവരോ ആണ്‌ എന്നു വിചാരിക്കാൻ നമുക്കു യാതൊരു കാരണവുമില്ല. (യോഹന്നാൻ 3:16) തീർത്തും നിസ്സാരനായ തന്റെ ഒരു ആത്മീയ സഹോദരനോടുപോലും, യേശുവിനോടെന്നപോലെ ഇടപെടേണ്ടതിന്റെ പ്രാധാന്യം തന്റെ ശിഷ്യന്മാർക്ക്‌ യേശു കാണിച്ചുകൊടുത്തു. അവൻ പറഞ്ഞു: “എന്റെ ഈ ഏററവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്‌തേടത്തോളം എല്ലാം എനിക്കു ചെയ്‌തു.” (മത്തായി 25:40) ലോകം നമ്മെ എങ്ങനെ വീക്ഷിച്ചാലും ശരി, സത്യത്തെ സ്‌നേഹിക്കുന്നിടത്തോളം നാം ദൈവദൃഷ്ടിയിൽ വിശേഷതയുള്ളവരാണ്‌.

ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുത്തശേഷം ബ്രസീലിലെ, പിതാവില്ലാത്ത ഒരു ബാലനായ ഫ്രാൻസിസ്‌കൂയ്‌ക്ക്‌ തോന്നിയത്‌ അങ്ങനെയാണ്‌. * അവൻ പറയുന്നു: “യഹോവയെയും അവന്റെ സംഘടനയെയും കുറിച്ച്‌ മനസ്സിലാക്കിയത്‌ അരക്ഷിതത്വബോധത്തെയും ലജ്ജയെയും തരണംചെയ്യാൻ എന്നെ സഹായിച്ചു. നമ്മിൽ ഓരോരുത്തരിലും യഹോവ വ്യക്തിപരമായി താത്‌പര്യം എടുക്കുന്നുവെന്ന്‌ ഇപ്പോൾ എനിക്ക്‌ അറിയാം.” ഫ്രാൻസിസ്‌കൂയ്‌ക്ക്‌ യഹോവ ഒരു യഥാർഥ പിതാവ്‌ ആയിത്തീർന്നു.

യുവജനങ്ങളിലുള്ള താത്‌പര്യം

കൂട്ടമെന്ന നിലയിൽ മാത്രമല്ല വ്യക്തികളെന്ന നിലയിലും യഹോവ യുവജനങ്ങളിൽ യഥാർഥ താത്‌പര്യമെടുക്കുന്നു. യുവജനങ്ങളോ മുതിർന്നവരോ ആയിരുന്നാലും, നമ്മെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല. എങ്കിലും, ദൈവത്തിന്‌ ഭാവിയിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഗുണങ്ങളും പ്രാപ്‌തികളും നമുക്ക്‌ ഉണ്ടായിരിക്കാം. നമുക്കുള്ള പ്രാപ്‌തികളെ പൂർണമായി ഉപയോഗിക്കാനായി നമുക്ക്‌ ഏതു തരത്തിലുള്ള ശുദ്ധീകരണവും പരിശീലനവുമാണ്‌ ആവശ്യമായിരിക്കുന്നത്‌ എന്നു യഹോവയ്‌ക്ക്‌ അറിയാം. ഉദാഹരണത്തിന്‌, 1 ശമൂവേൽ 16-ാം അധ്യായത്തിലെ വിവരണം ശ്രദ്ധിക്കുക. ഇസ്രായേലിന്റെ രാജത്വം ഏറ്റെടുക്കാൻ മറ്റുള്ളവർ കൂടുതൽ യോഗ്യരാണെന്ന്‌ പ്രവാചകനായ ശമൂവേൽ വിചാരിച്ചപ്പോൾ താൻ യിശ്ശായിയുടെ ഏറ്റവും ഇളയ പുത്രനായ ദാവീദിനെ ഇസ്രായേലിന്റെ ഭാവിരാജാവായി തിരഞ്ഞെടുത്തതിന്റെ കാരണം യഹോവ ഇങ്ങനെ വിശദീകരിച്ചു: “അവന്റെ [ദാവീദിന്റെ മൂത്ത സഹോദരന്റെ] മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.”​—⁠1 ശമൂവേൽ 16:⁠7.

യഹോവ യഥാർഥമായും തങ്ങളിൽ തത്‌പരനാണെന്ന്‌ യുവജനങ്ങൾക്ക്‌ ഇക്കാലത്ത്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുമോ? അന എന്ന ബ്രസീലിയൻ യുവതിയുടെ കാര്യം നോക്കുക. മറ്റു യുവജനങ്ങളുടെ കാര്യത്തിലെന്നപോലെ, ലോകത്തിലെ അഴിമതിയും അനീതിയും ഇവളെയും അലട്ടിയിരുന്നു. അങ്ങനെയിരിക്കെ അവളെയും സഹോദരിമാരെയും അവരുടെ അച്ഛൻ ക്രിസ്‌തീയ യോഗങ്ങൾക്ക്‌ കൊണ്ടുപോകാൻ തുടങ്ങി. കാലക്രമത്തിൽ ദൈവവചനത്തെ കുറിച്ച്‌ പഠിക്കുന്ന കാര്യങ്ങൾ അവൾ ആസ്വദിച്ചുതുടങ്ങി. അന ബൈബിളും ഒപ്പം ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളും വായിക്കാനും യഹോവയാം ദൈവത്തോട്‌ പ്രാർഥിക്കാനും തുടങ്ങി. ക്രമേണ അവൾ ദൈവവുമായി ഒരു ഉറ്റ ബന്ധം വളർത്തിയെടുത്തു. അവൾ ഇങ്ങനെ വിശദീകരിക്കുന്നു: “വീടിനടുത്തുള്ള ഒരു കുന്നിലേക്ക്‌ സൈക്കിളോടിച്ചു പോയി മനോഹരമായ സൂര്യാസ്‌തമയം കാണുന്നത്‌ ഞാൻ വളരെ ആസ്വദിച്ചിരുന്നു. ഞാൻ എത്രമാത്രം യഹോവയെ സ്‌നേഹിക്കുന്നുവെന്ന്‌ പ്രകടിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്‌ ഞാൻ അവനോടു പ്രാർഥിക്കുകയും യഹോവ പ്രകടമാക്കുന്ന ദയയെയും ഔദാര്യത്തെയും പ്രതി അവന്‌ നന്ദി നൽകുകയും ചെയ്‌തിരുന്നു. യഹോവയാം ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള അറിവ്‌ മനസ്സമാധാനവും സുരക്ഷിതത്വബോധവും പ്രദാനം ചെയ്‌തു.” ഇതുപോലെ യഹോവയുടെ സ്‌നേഹപുരസ്സരമായ കരുതലിനെ കുറിച്ചു ചിന്തിക്കാനുള്ള സമയം കണ്ടെത്താൻ നിങ്ങളും ശ്രമിക്കുന്നുണ്ടോ?

നമ്മുടെ സാഹചര്യങ്ങൾ യഹോവയുമായി ഒരു ഉറ്റബന്ധം ആസ്വദിക്കുന്നത്‌ ബുദ്ധിമുട്ടാക്കിത്തീർത്തേക്കാം. ലിഡിയയുടെ കാര്യം നോക്കുക. അവളെ വളരെ ബുദ്ധിമുട്ടിച്ചിരുന്ന വ്യക്തിപരമായ ഒരു പ്രശ്‌നത്തെ കുറിച്ച്‌ അവൾ തന്റെ പിതാവിനോടു തുറന്നുപറഞ്ഞപ്പോൾ “അസംബന്ധം” എന്നു പറഞ്ഞ്‌ അദ്ദേഹം അവളെ ശകാരിക്കുകയാണു ചെയ്‌തത്‌. ആ പ്രശ്‌നം താൻ മറക്കാനാണ്‌ തന്റെ പിതാവ്‌ ആഗ്രഹിച്ചതെന്ന്‌ മനസ്സിലാക്കിയെങ്കിലും അവൾ പറയുന്നു: “ഞാൻ ആഗ്രഹിച്ചതും അതിലധികവും ബൈബിൾ പഠനത്തിലൂടെ എനിക്കു ലഭിച്ചിരിക്കുന്നു. യഹോവയുടെ ആകർഷകമായ വ്യക്തിത്വം അവനെ എന്റെ ഉറ്റ സുഹൃത്തായി തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചു. എന്റെ വികാരങ്ങളും ഉള്ളിന്റെ ഉള്ളിലെ ആകുലതകളും തുറന്നു പറയാവുന്ന സ്‌നേഹനിധിയും എന്നെ മനസ്സിലാക്കുന്നവനുമായ ഒരു പിതാവ്‌ എനിക്കിപ്പോൾ ഉണ്ട്‌. അഖിലാണ്ഡത്തിലെ പരമോന്നത വ്യക്തിയുമായി മണിക്കൂറുകളോളം സംസാരിക്കാൻ എനിക്കു കഴിയുന്നു, അവൻ എന്നെ ശ്രദ്ധിക്കുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.” ഫിലിപ്പിയർ 4:6, 7 പോലുള്ള ബൈബിൾ വാക്യങ്ങൾ യഹോവയുടെ സ്‌നേഹപുരസ്സരമായ പരിപാലനം അനുഭവിച്ചറിയാൻ അവളെ സഹായിച്ചു. ആ വാക്യം ഇപ്രകാരം പറയുന്നു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.”

നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള സഹായം

വ്യക്തികളെന്ന നിലയിലും അതുപോലെ ലോകവ്യാപക സഭയെന്ന നിലയിലും യഹോവ തന്റെ ദാസന്മാരിൽ താത്‌പര്യം പ്രകടമാക്കുന്നു. നമ്മുടെ സ്വർഗീയ പിതാവിനോടു സംസാരിക്കാനായി സമയം ചെലവഴിച്ചുകൊണ്ട്‌ നമുക്ക്‌ അവനോടുള്ള നമ്മുടെ സ്‌നേഹം പ്രദർശിപ്പിക്കാനാകും. അവനുമായുള്ള നമ്മുടെ ബന്ധത്തെ ഒരിക്കലും നിസ്സാരമായി വീക്ഷിക്കരുത്‌. യഹോവയുമായുള്ള തന്റെ ബന്ധം സംബന്ധിച്ച്‌ ദാവീദ്‌ എല്ലായ്‌പോഴും ശ്രദ്ധയുള്ളവനായിരുന്നു. അവൻ പറഞ്ഞു: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.”​—⁠സങ്കീർത്തനം 25:4, 5.

ദൈവവുമായുള്ള ഉറ്റ ബന്ധം എന്ന ആശയം നിങ്ങൾക്ക്‌ ഒരുപക്ഷേ പുതിയതായി തോന്നിയേക്കാം. നിങ്ങൾക്ക്‌ എന്തെല്ലാം പ്രശ്‌നങ്ങൾ നേരിട്ടാലും പരമോന്നതൻ തന്റെ ഹിതത്തിനു ചേർച്ചയിൽ നിങ്ങളെ സഹായിക്കാൻ പ്രാപ്‌തനാണെന്ന ഉറച്ച ബോധ്യം എല്ലായ്‌പോഴും ഉണ്ടായിരിക്കാൻ കഴിയും. (1 യോഹന്നാൻ 5:14, 15) അതുകൊണ്ട്‌, നിങ്ങളുടെ സാഹചര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ട്‌ കാര്യങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞു പ്രാർഥിക്കാൻ പഠിക്കുക.

നമ്മുടെ ആവശ്യങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ആലയം ഉദ്‌ഘാടനം ചെയ്‌ത വേളയിൽ ശലോമോൻ രാജാവ്‌ അർപ്പിച്ച പ്രാർഥനയിൽ പ്രദീപ്‌തമാക്കപ്പെട്ടിരിക്കുന്നു: “ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ, അവരുടെ ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ നിരോധിച്ചാൽ, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ, യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞു . . . കൈ മലർത്തുകയും ചെയ്‌താൽ, നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ക്ഷമിക്കയും . . . ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നല്‌കുകയും ചെയ്യേണമേ.” (2 ദിനവൃത്താന്തം 6:28-31) അതേ, നിങ്ങൾ മാത്രമാണ്‌ ‘നിങ്ങളുടെ വ്യാധിയും ദുഃഖവും അറിയുന്നത്‌.’ അതുകൊണ്ട്‌ നിങ്ങളുടെ യഥാർഥ ആവശ്യങ്ങളും ആഗ്രഹങ്ങളും തിരിച്ചറിഞ്ഞ്‌ അതിനുവേണ്ടി പ്രാർഥിക്കുന്നത്‌ എത്ര പ്രധാനമാണ്‌. അങ്ങനെ ചെയ്യുന്നപക്ഷം “[യഹോവ] നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.”​—⁠സങ്കീർത്തനം 37:⁠4.

യഹോവയുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുക

സാധാരണക്കാർ താനുമായി ഒരു ഉറ്റബന്ധം ആസ്വദിക്കണം എന്നത്‌ യഹോവയുടെ ഇഷ്ടമാണ്‌. അവന്റെ വചനം നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: ‘ഞാൻ നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.’ (2 കൊരിന്ത്യർ 6:17) നാം വിജയിക്കാനും നിത്യജീവൻ നേടാനും യഹോവയും അവന്റെ പുത്രനും ആഗ്രഹിക്കുന്നു. കുടുംബത്തിലും ജോലിസ്ഥലത്തും ക്രിസ്‌തീയ സഭയിലും ഉള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ യഹോവ നമ്മെ സഹായിക്കും എന്നറിയുന്നത്‌ എത്ര പ്രോത്സാഹജനകമാണ്‌!

എന്നിരുന്നാലും, നാം എല്ലാവരും പ്രയാസ സമയങ്ങളെ നേരിടുന്നു. മോശമായ ആരോഗ്യമോ കുടുംബപ്രശ്‌നങ്ങളോ വരുമാനക്കുറവോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ നമ്മെ വേദനിപ്പിച്ചേക്കാം. ഒരു പരിശോധനയെയോ പരീക്ഷണത്തെയോ എങ്ങനെ നേരിടണമെന്ന്‌ നമുക്ക്‌ അറിയില്ലായിരിക്കാം. നമുക്ക്‌ അനുഭവപ്പെടുന്ന വർധിച്ച സമ്മർദങ്ങൾക്ക്‌ നേരിട്ടോ അല്ലാതെയോ ഉത്തരവാദി ആയിരിക്കുന്നത്‌ ദൈവജനത്തിനെതിരെ ആത്മീയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ദുഷ്ട ആരോപകനായ പിശാചായ സാത്താനാണ്‌. എങ്കിലും, നമ്മെ മനസ്സിലാക്കുകയും യഹോവയുമായി നല്ല ബന്ധം നിലനിറുത്താൻ നമ്മെ സഹായിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുണ്ട്‌. സ്വർഗത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന യേശുക്രിസ്‌തുവാണ്‌ അത്‌. നാം ഇങ്ങനെ വായിക്കുന്നു: “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.”​—⁠എബ്രായർ 4:15, 16.

ദൈവത്തിന്റെ പ്രീതിക്ക്‌ പാത്രമാകണമെങ്കിൽ നാം പ്രശസ്‌തരോ ധനികരോ ആയിരിക്കേണ്ടതില്ല എന്നറിയുന്നത്‌ എത്ര ആശ്വാസകരമാണ്‌! വളരെ ദുഷ്‌കരമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുമ്പോൾപ്പോലും പിൻവരുന്ന വിധം പ്രാർഥിച്ച സങ്കീർത്തനക്കാരനെ പോലെ ആയിരിക്കുക: “ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു.” (സങ്കീർത്തനം 31:9-14; 40:17) എളിയവരെയും സാധാരണക്കാരെയും യഹോവ സ്‌നേഹിക്കുന്നുവെന്ന്‌ ഉറപ്പുണ്ടായിരിക്കുക. ‘അവൻ നമുക്കായി കരുതുന്നതാകയാൽ നമ്മുടെ സകല ചിന്താകുലവും അവന്റെമേൽ ഇടാം.’​—⁠1 പത്രൊസ്‌ 5:⁠7.

[അടിക്കുറിപ്പ്‌]

^ ഖ. 10 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

[29 -ാം പേജിലെ ചിത്രങ്ങൾ]

യേശുവിന്റെ അനുഗാമികളിൽ അനേകരും പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ ആയിരുന്നു

[30 -ാം പേജിലെ ചിത്രങ്ങൾ]

ശക്തമായ വിശ്വാസം ഉള്ളവരായിരിക്കാൻ ക്രിസ്‌ത്യാനികൾ കഠിനശ്രമംചെയ്യുന്നു

[31 -ാം പേജിലെ ചിത്രങ്ങൾ]

ദൈവപ്രീതി ആസ്വദിക്കാൻ നാം പ്രമുഖർ ആയിരിക്കേണ്ടതില്ല