രക്തത്തിന്റെ പവിത്രത നിലനിറുത്തുന്നതിൽ സഹായം
രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
രക്തത്തിന്റെ പവിത്രത നിലനിറുത്തുന്നതിൽ സഹായം
രക്തത്തിന്റെ പവിത്രതയോടുള്ള ബന്ധത്തിൽ ലോകമെമ്പാടുമുള്ള യഹോവയുടെ ദാസന്മാർ ദൈവത്തോടു വിശ്വസ്‌തത പ്രകടമാക്കിയിരിക്കുന്നു. (പ്രവൃത്തികൾ 15:28, 29) ഇക്കാര്യത്തിൽ ക്രിസ്‌തീയ സഹോദരവർഗത്തിനു വിശ്വസ്‌തനും വിവേകിയുമായ അടിമവർഗത്തിൽനിന്നു സഹായം ലഭിച്ചിട്ടുണ്ട്. (മത്തായി 24:45-47, NW) ഫിലിപ്പീൻസിൽ ഇതിന് എന്തു ഫലങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നു നമുക്കു നോക്കാം.
ഫിലിപ്പീൻസ് ബ്രാഞ്ച് റിപ്പോർട്ടു ചെയ്യുന്നു: “ബ്രുക്ലിൻ ബെഥേലിൽനിന്നുള്ള പ്രതിനിധികൾ ഇവിടെ ഫിലിപ്പീൻസിൽവെച്ച് ഒരു സെമിനാർ നടത്താൻ പോകുകയാണെന്ന് 1990-ൽ ഞങ്ങളെ അറിയിച്ചു. കൊറിയ, തായ്‌വാൻ, ഹോങ്കോംഗ് ഉൾപ്പെടെയുള്ള ഏതാനും ഏഷ്യൻ ബ്രാഞ്ചുകളിലെ സഹോദരങ്ങൾക്കും ക്ഷണമുണ്ടായിരുന്നു. ഈ ബ്രാഞ്ചുകളിൽ, ഹോസ്‌പിറ്റൽ ഇൻഫർമേഷൻ സർവീസസ് തുടങ്ങുക, ആശുപത്രി ഏകോപന സമിതികൾ രൂപീകരിക്കുക എന്നിവയായിരുന്നു അതിന്റെ ഉദ്ദേശ്യം. തുടക്കമെന്ന നിലയിൽ, ഫിലിപ്പീൻസിലെ നാലു പ്രമുഖ നഗരങ്ങളിൽ ആശുപത്രി ഏകോപന സമിതികൾ രൂപീകരിക്കപ്പെട്ടു.” രക്തം സംബന്ധിച്ച നമ്മുടെ ക്രിസ്‌തീയ നിലപാടുമായി സഹകരിക്കുന്ന ഡോക്ടർമാരെ കണ്ടുപിടിക്കുക, രക്തം സംബന്ധിച്ച പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ സഹോദരങ്ങളെ സഹായിക്കുക ഇവയൊക്കെയായിരുന്നു ഈ കമ്മിറ്റികളുടെ ലക്ഷ്യങ്ങൾ.
ബാജിയോയിലെ ആശുപത്രി ഏകോപന സമിതിയംഗമായി റെമീഹ്യോ തിരഞ്ഞെടുക്കപ്പെട്ടു. കാലക്രമേണ, ഈ സമിതിയുടെ സേവനങ്ങൾ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടുതുടങ്ങി. ആശുപത്രി ഏകോപന സമിതിയുമായി കൂടിക്കാഴ്‌ച നടത്തിയ ഒരു സന്ദർഭത്തിൽ പല ഡോക്ടർമാരും രക്തം നിരസിക്കുന്ന സാക്ഷികളായ രോഗികളെ എങ്ങനെ ചികിത്സിക്കണമെന്ന് അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് റെമീഹ്യോ ഓർക്കുന്നു. അദ്ദേഹം പറയുന്നു: “ഡോക്ടർമാർ ചോദ്യം തുടങ്ങി. പക്ഷേ, ചോദ്യങ്ങൾ വളരെ സാങ്കേതികമായിരുന്നതിനാൽ എനിക്ക് ഉത്തരംമുട്ടിപ്പോയി.” വിഷമകരമായ ഈ സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള സഹായത്തിനായി അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. റെമീഹ്യോ തുടരുന്നു: “ഓരോ ചോദ്യത്തിനും ശേഷം, മറ്റു ഡോക്ടർമാർ കൈ ഉയർത്തി സമാനമായ സാഹചര്യങ്ങളെ തങ്ങൾ വിജയകരമായി കൈകാര്യം ചെയ്‌തിട്ടുള്ളത് എങ്ങനെയെന്നു വിശദീകരിച്ചു.” ചോദ്യോത്തര വേള രണ്ടു മണിക്കൂർ നീണ്ടുനിന്നതിനാൽ, ഈ സഹായം ലഭിച്ചതിൽ റെമീഹ്യോ വളരെ സന്തുഷ്ടനായിരുന്നു.
രാജ്യമെമ്പാടുമായി ഇപ്പോൾ 21 കമ്മിറ്റികളുണ്ട്. അവയിൽ മൊത്തം 77 സഹോദരങ്ങൾ സേവിക്കുന്നു. ഒരു സാക്ഷിയും ഡോക്ടറുമായ ഡാനീലോ പറയുന്നു: “സ്‌നേഹപുരസ്സരം കരുതുന്ന ഒരു സംഘടനയുടെ പിന്തുണ സാക്ഷികളായ തങ്ങളുടെ രോഗികൾക്കുണ്ടെന്ന് ഡോക്ടർമാർ തിരിച്ചറിയുന്നു.” രക്തപ്പകർച്ച കൂടാതെ ഒരു സഹോദരന് ശസ്‌ത്രക്രിയ ചെയ്യാൻ ഒരു ഡോക്ടർ ആദ്യം മടിച്ചു. എന്നിരുന്നാലും, സഹോദരൻ തന്റെ നിലപാടിൽ ഉറച്ചുനിന്നു. അങ്ങനെ ശസ്‌ത്രക്രിയ നടന്നു, അത് വിജയകരമായിരുന്നു. ഹോസ്‌പിറ്റൽ ഇൻഫർമേഷൻ സർവീസസ് റിപ്പോർട്ടു ചെയ്യുന്നു: “ആ സഹോദരൻ എത്ര പെട്ടെന്നാണു സുഖം പ്രാപിച്ചതെന്നു കണ്ട് ഡോക്ടർ അതിശയിച്ചുപോയി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ഇവിടെ നടന്നതിന്റെ അടിസ്ഥാനത്തിൽ, രക്തം കൂടാതെ ഇത്തരത്തിലുള്ള ശസ്‌ത്രക്രിയ നിങ്ങളിൽ ആർക്കെങ്കിലും എപ്പോഴെങ്കിലും ആവശ്യമായി വന്നാൽ ഞാൻ അതു ചെയ്‌തുതരാം.’”