വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഒരു ക്രിസ്‌ത്യാനി അശരീരി കേൾക്കുന്നെങ്കിൽ, അയാൾക്കു ഭൂതോപദ്രവം ഉണ്ടെന്ന്‌ അത്‌ അവശ്യം അർഥമാക്കുന്നുണ്ടോ?

ഇല്ല. ഭൂതങ്ങൾ ആ രീതിയിൽ സ്വയം വെളിപ്പെടുത്തുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അശരീരി കേൾക്കുകയോ വിശദീകരിക്കാനാവാത്തതും അസ്വസ്ഥജനകവുമായ അനുഭവങ്ങൾ ഉണ്ടാവുകയോ ചെയ്‌തിട്ടുള്ള പല വ്യക്തികളുടേതും വാസ്‌തവത്തിൽ ആരോഗ്യസംബന്ധമായ പ്രശ്‌നമാണെന്ന്‌ വൈദ്യപരിശോധനകൾ വെളിപ്പെടുത്തിയിരിക്കുന്നു.

ഒന്നാം നൂറ്റാണ്ടിൽ പോലും, ഭൂതോപദ്രവും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളും ചിലപ്പോൾ ഒരേതരത്തിലുള്ള ലക്ഷണങ്ങൾ പുറപ്പെടുവിച്ചിരുന്നതായി കാണാൻ കഴിയുന്നു. മത്തായി 17:14-18-ൽ യേശു സുഖപ്പെടുത്തിയ ഒരു ബാലനെ കുറിച്ചു നാം വായിക്കുന്നു. ആ ബാലൻ കടുത്ത “അപസ്‌മാര”ത്തിന്റേതായ (പി.ഒ.സി. ബൈബിൾ) ലക്ഷണങ്ങൾ കാണിച്ചിരുന്നെങ്കിലും യഥാർഥത്തിൽ അത്‌ ഭൂതോപദ്രവത്തിന്റെ ഫലമായി ഉണ്ടായതായിരുന്നു. എന്നാൽ അതിനുമുമ്പ്‌ ഒരവസരത്തിൽ, വിവിധ പീഡകളാൽ വലഞ്ഞിരുന്ന ആളുകളുടെ കൂട്ടങ്ങളെ സുഖപ്പെടുത്താനായി യേശുവിന്റെ പക്കലേക്കു കൊണ്ടുവന്നപ്പോൾ അതിൽ ‘ഭൂതഗ്രസ്‌തരും അപസ്‌മാര രോഗികളും’ ഉണ്ടായിരുന്നു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (മത്തായി 4:​24, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) വ്യക്തമായും, ചില അപസ്‌മാര രോഗികൾ ഭൂതഗ്രസ്‌തർ ആയിരുന്നില്ലെന്ന്‌ അംഗീകരിക്കപ്പെട്ടിരുന്നു. അവരുടേത്‌ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളായിരുന്നു.

മിക്കപ്പോഴും വൈദ്യചികിത്സകൊണ്ടു ഭേദമാക്കാവുന്ന സ്‌കിറ്റ്‌സോഫ്രീനിയ എന്ന മനോരോഗമുള്ളവർ അശരീരി കേൾക്കാറുണ്ട്‌, അല്ലെങ്കിൽ ഭൂതോപദ്രവമെന്നു തോന്നിച്ചേക്കാവുന്ന മറ്റു ലക്ഷണങ്ങൾ കാണിക്കാറുണ്ട്‌. * ഭൂതോപദ്രവമെന്നു ചിലർ തെറ്റിദ്ധരിച്ചേക്കാവുന്ന മാനസിക വിഭ്രാന്തികൾക്കു കാരണമാകുന്ന മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്‌. അതുകൊണ്ട്‌, ഒരു വ്യക്തി അശരീരി കേൾക്കുകയോ അയാൾക്ക്‌ അസ്വസ്ഥജനകമായ മറ്റ്‌ അനുഭവങ്ങൾ ഉണ്ടാകുകയോ ചെയ്യുമ്പോൾ അത്‌ ഭൂതോപദ്രവമല്ല എന്നു പറഞ്ഞ്‌ പൂർണമായും എഴുതിത്തള്ളാൻ ആവില്ലെങ്കിലും താൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നത്തിന്‌ വൈദ്യശാസ്‌ത്ര വിശദീകരണം ഉണ്ടോ എന്നു പരിശോധിക്കാൻ അയാളെ തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ടതാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 5 വീക്ഷാഗോപുരത്തിന്റെ കൂട്ടുമാസികയായ ഉണരുക!-യുടെ 1987 സെപ്‌റ്റംബർ 8 ലക്കത്തിലെ “മാനസികരോഗത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു” എന്ന ലേഖനം കാണുക.