“ആ പുസ്തകം എന്റെ ഹൃദയത്തിലെ ശൂന്യത നികത്തി”
“ആ പുസ്തകം എന്റെ ഹൃദയത്തിലെ ശൂന്യത നികത്തി”
“യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന മനോഹരമായ സമ്മാനത്തിനായി ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. യഹോവയുടെ സ്നേഹവും പരിലാളനവും അനുഭവിച്ചറിയാൻ വളരെയധികം ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്റെ ആഗ്രഹം നിറവേറ്റിക്കൊണ്ട് ആ പുസ്തകം എന്റെ ഹൃദയത്തിലെ ശൂന്യത നികത്തി. യഹോവയോടും അവന്റെ പ്രിയ പുത്രനായ യേശുവിനോടും ഇപ്പോൾ എനിക്ക് മുമ്പത്തെക്കാൾ വളരെയധികം അടുപ്പം തോന്നുന്നു. ഈ പുസ്തകത്തെ കുറിച്ച് എല്ലാവരോടും പറയാനും എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഇതിന്റെ ഓരോ പ്രതി നൽകാനും ഞാൻ ആഗ്രഹിക്കുന്നു.” 2002/03-ൽ നടത്തപ്പെട്ട “തീക്ഷ്ണ രാജ്യഘോഷകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ പ്രകാശനം ചെയ്ത 320 പേജുള്ള പുതിയ പുസ്തകത്തെ കുറിച്ച് യഹോവയുടെ സാക്ഷികളിൽ ഒരാൾക്കു തോന്നിയത് അങ്ങനെയാണ്. ഈ പുതിയ പുസ്തകത്തിന്റെ ചില സവിശേഷതകളും അത് പ്രസിദ്ധീകരിച്ചതിന്റെ ഉദ്ദേശ്യവും നമുക്ക് ഇപ്പോൾ പരിശോധിക്കാം.
പുതിയ പുസ്തകത്തിന്റെ ചില സവിശേഷതകൾ
ഈ പുതിയ പുസ്തകത്തിൽ എന്താണ് അടങ്ങിയിരിക്കുന്നത്? ഈ ലക്കത്തിലെ രണ്ട് അധ്യയന ലേഖനങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും ഒപ്പം മറ്റനേകം കാര്യങ്ങളും അതിൽ അടങ്ങിയിട്ടുണ്ട്! ഈ പുസ്തകത്തിന് 31 അധ്യായങ്ങളുണ്ട്, ഓരോന്നും ഏകദേശം ഒരു വീക്ഷാഗോപുര അധ്യയന ലേഖനത്തിന്റെ അത്രയും ദൈർഘ്യമുള്ളതാണ്. ആമുഖത്തിനും ആദ്യത്തെ മൂന്ന് അധ്യായങ്ങൾക്കും ശേഷം, ഈ പുസ്തകത്തെ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോന്നും യഹോവയുടെ പ്രമുഖ ഗുണങ്ങളിൽ ഓരോന്നിനെ കുറിച്ചാണു ചർച്ച ചെയ്യുന്നത്. ഓരോ ഭാഗവും, ആ ഭാഗത്തു ചർച്ചചെയ്യുന്ന ഗുണത്തിന്റെ ഒരു സംഗ്രഹത്തോടെ തുടങ്ങുന്നു. അടുത്ത ഏതാനും അധ്യായങ്ങൾ യഹോവ ആ ഗുണം എപ്രകാരം പ്രകടമാക്കുന്നു എന്ന് വിശദമാക്കുന്നു. ഓരോ ഭാഗത്തും യേശുവിനെ കുറിച്ചുള്ള ഒരു അധ്യായമുണ്ട്. എന്തുകൊണ്ട്? യേശു പറഞ്ഞു: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു.” (യോഹന്നാൻ 14:9) യഹോവയുടെ പൂർണ പ്രതിഫലനമായ യേശു, ദൈവത്തിന്റെ ഗുണങ്ങൾ തന്റെ പ്രവർത്തനങ്ങളിൽ ഉജ്ജ്വലമായി പകർത്തി കാണിച്ചു. ഓരോ ഭാഗത്തിന്റെയും അവസാനം, ആ ഭാഗത്തു പരിചിന്തിക്കപ്പെടുന്ന ഗുണം പ്രകടിപ്പിക്കുന്നതിൽ നമുക്ക് യഹോവയെ എപ്രകാരം അനുകരിക്കാൻ കഴിയുമെന്നു നമ്മെ പഠിപ്പിക്കുന്ന ഒരു അധ്യായം ഉണ്ട്. യഹോവയുടെ ഗുണങ്ങൾ ചർച്ച ചെയ്യവേ, ഈ പുതിയ പുസ്തകം ബൈബിളിലെ എല്ലാ പുസ്തകങ്ങളെയും പരാമർശിക്കുന്നു.
യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തിനു ചില പ്രത്യേക സവിശേഷതകളും ഉണ്ട്. രണ്ടാമത്തേതു മുതലുള്ള ഓരോ അധ്യായത്തിലും “ധ്യാനിക്കുന്നതിനുള്ള ചോദ്യങ്ങൾ” എന്ന ഒരു ചതുരമുണ്ട്. അതിലെ തിരുവെഴുത്തുകളും ചോദ്യങ്ങളും അധ്യായത്തിന്റെ ഒരു പുനരവലോകനം എന്ന നിലയിലല്ല നൽകിയിരിക്കുന്നത്. പകരം, പ്രസ്തുത വിഷയത്തെ കുറിച്ച് ആഴമായി ധ്യാനിക്കാൻ ബൈബിൾ ഉപയോഗിക്കുന്നതിൽ നിങ്ങളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ് അത്. ഓരോ തിരുവെഴുത്തു ഭാഗവും ശ്രദ്ധാപൂർവം വായിക്കുക. തുടർന്ന്, ചോദ്യത്തെ കുറിച്ചു ചിന്തിക്കുകയും വിവരം വ്യക്തിപരമായി ബാധകമാക്കാൻ ശ്രമിക്കുകയും ചെയ്യുക. അത്തരം ധ്യാനത്തിനു നിങ്ങളുടെ ഹൃദയത്തെ തൊട്ടുണർത്താനും യഹോവയോട് കൂടുതൽ അടുത്തുചെല്ലാൻ നിങ്ങളെ സഹായിക്കാനും കഴിയും.
പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ, യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തിലെ ചിത്രങ്ങൾ വളരെ ശ്രദ്ധാപൂർവം ഗവേഷണം ചെയ്താണു തയ്യാറാക്കിയിരിക്കുന്നത്. പതിനേഴ് അധ്യായങ്ങളിൽ ബൈബിൾ രംഗങ്ങളുടെ മനോഹരമായ മുഴുപേജ് ചിത്രങ്ങൾ ഉണ്ട്.
എന്തിനാണ് അത് പ്രസിദ്ധീകരിച്ചത്?
യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ ഉദ്ദേശ്യം എന്താണ്? നമ്മുടെ ദൈവമായ യഹോവയുമായി കൂടുതൽ ശക്തമായ ഒരു വ്യക്തിഗത ബന്ധം നമുക്ക് സ്ഥാപിക്കാൻ കഴിയത്തക്കവണ്ണം അവനെ മെച്ചമായി അറിയാൻ നമ്മെ സഹായിക്കുക എന്നതാണ് ഈ പുതിയ പ്രസിദ്ധീകരണത്തിന്റെ പ്രാഥമിക ഉദ്ദേശ്യം.
ഒരു ബൈബിൾ വിദ്യാർഥിയോ നിഷ്ക്രിയനായ ഒരു ക്രിസ്തീയ സഹോദരനോ പോലെ യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തിൽനിന്നു പ്രയോജനം നേടിയേക്കാവുന്ന ആരെയെങ്കിലും കുറിച്ചു നിങ്ങൾക്കു ചിന്തിക്കാൻ കഴിയുമോ? നിങ്ങളെ സംബന്ധിച്ചെന്ത്—നിങ്ങൾ ഈ പുതിയ പുസ്തകത്തിന്റെ വായന ആരംഭിച്ചോ? ഇല്ലെങ്കിൽ, എത്രയും പെട്ടെന്ന് അത് ആരംഭിക്കാൻ സമയം പട്ടികപ്പെടുത്തരുതോ? വായിക്കുന്ന കാര്യങ്ങളെ കുറിച്ചു ധ്യാനിക്കാൻ സമയമെടുക്കുക. വർധിച്ച സന്തോഷത്തോടും തീക്ഷ്ണതയോടുംകൂടെ രാജ്യ സുവാർത്ത ഘോഷിക്കാൻ ഇടയാകുമാറ് യഹോവയാം ദൈവത്തോടു കൂടുതൽ അടുത്തുചെല്ലാൻ ഈ പുതിയ പ്രസിദ്ധീകരണം നിങ്ങളെ സഹായിക്കുമാറാകട്ടെ!