നമുക്ക് ഒറ്റയ്‌ക്കു നിലനിൽക്കാൻ കഴിയാത്തതിന്റെ കാരണം
നമുക്ക് ഒറ്റയ്‌ക്കു നിലനിൽക്കാൻ കഴിയാത്തതിന്റെ കാരണം
“ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; . . . വീണാൽ ഒരുവൻ മറേറവനെ എഴുന്നേല്‌പിക്കും.”—ശലോമോൻ രാജാവ്
പുരാതന ഇസ്രായേലിന്റെ രാജാവായിരുന്ന ശലോമോൻ ഇങ്ങനെ പ്രസ്‌താവിച്ചു: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്‌നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറേറവനെ എഴുന്നേല്‌പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്‌പിപ്പാൻ ആരുമില്ലായ്‌കകൊണ്ടു അവന്നു അയ്യോ കഷ്ടം!” (സഭാപ്രസംഗി 4:9, 10) മനുഷ്യസ്വഭാവം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്‌ത ജ്ഞാനിയായ ഈ രാജാവ്, മറ്റുള്ളവരുമായി സഹവസിക്കാനുള്ള മനുഷ്യന്റെ ആവശ്യത്തെയും സ്വയം ഒറ്റപ്പെടുത്താതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെയും എടുത്തുകാട്ടുന്നു. എന്നാൽ, ഇത് കേവലം ഒരു മനുഷ്യന്റെ അഭിപ്രായമല്ല. ദിവ്യ നിശ്വസ്‌തതയിൻ കീഴിലാണ് ശലോമോൻ ഈ പ്രസ്‌താവന നടത്തിയത്, അവന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത് ദൈവികജ്ഞാനമാണ്.
ഒറ്റപ്പെട്ടു ജീവിക്കുന്നത് ബുദ്ധിയല്ല. നമുക്ക് മറ്റുള്ളവരെയും മറ്റുള്ളവർക്കു നമ്മെയും വേണം. മറ്റുള്ളവർ പ്രദാനം ചെയ്യുന്ന സഹായവും കരുത്തും നമുക്കെല്ലാം ആവശ്യമാണ്. ഒരു ബൈബിൾ പഴമൊഴി ശ്രദ്ധിക്കുക: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.” (സദൃശവാക്യങ്ങൾ 18:1) ഒരു കൂട്ടത്തിന്റെ ഭാഗമായിരിക്കാനും മറ്റുള്ളവരിൽ താത്‌പര്യമെടുക്കാനും സാമൂഹ്യ ശാസ്‌ത്രജ്ഞന്മാർ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ അതിശയിക്കാനില്ല.
സാമൂഹ്യജീവിതത്തെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗങ്ങളിലൊന്ന്, പ്രൊഫസർ റോബർട്ട് പുട്‌നാം പറയുന്നപ്രകാരം, “ആധ്യാത്മിക വിശ്വാസത്തിന്റെ സ്വാധീനം ശക്തിപ്പെടുത്തുന്നത്” ആണ്. യഹോവയുടെ സാക്ഷികൾ ഇക്കാര്യത്തിൽ മികച്ച മാതൃക വെക്കുന്നു, അവർ ലോകമെമ്പാടുമുള്ള തങ്ങളുടെ കുടുംബസമാനമായ സഭകളിൽ സംരക്ഷണം ആസ്വദിക്കുന്നു. അപ്പൊസ്‌തലനായ പത്രൊസിന്റെ വാക്കുകൾക്കു ചേർച്ചയിൽ, അവർ ‘ദൈവത്തെ ഭയപ്പെടുന്ന’ തങ്ങളുടെ മുഴു ‘സഹോദരവർഗത്തെയും സ്‌നേഹിക്കുന്നു.’ (1 പത്രൊസ് 2:17) ഒറ്റപ്പെടലും അതിന്റെ വിനാശക ഫലങ്ങളും ഒഴിവാക്കാൻ സാക്ഷികളെ സഹായിക്കുന്ന മറ്റൊരു ഘടകമാണ് സത്യാരാധനയുമായി ബന്ധപ്പെട്ട ക്രിയാത്മക പ്രവർത്തനങ്ങൾ. ദൈവവചനമായ ബൈബിളിൽ കാണപ്പെടുന്ന സത്യം തങ്ങളുടെ അയൽക്കാരുമായി പങ്കുവെക്കുന്നതിൽ മുഴുകിയിരിക്കാൻ അത് അവരെ പ്രാപ്‌തരാക്കുന്നു.—2 തിമൊഥെയൊസ് 2:15.
സ്‌നേഹവും സഹവാസവും അവരുടെ ജീവിതത്തെ മാറ്റിമറിച്ചു
യഹോവയുടെ സാക്ഷികളുടേത് ഒരു ഏകീകൃത സമൂഹമാണ്. അതിലെ ഓരോ അംഗവും ഒരു സുപ്രധാന ഭാഗധേയം നിർവഹിക്കുന്നു. ലാറ്റിൻ അമേരിക്കക്കാരായ മിഗെൽ, ഫ്രോയ്‌ലാൻ, ആൽമാ രൂത്ത് എന്നിവരുടെ അനുഭവം പരിചിന്തിക്കുക. അവർ മൂവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. വളർച്ച മുരടിപ്പിക്കുന്ന ഒരുതരം അസ്ഥിവൈകല്യവുമായി ജനിച്ച അവർ വീൽച്ചെയറിനെ ആശ്രയിച്ചാണു കഴിയുന്നത്. സാക്ഷികളുമായുള്ള സഹവാസം അവരുടെ ജീവിതത്തെ എപ്രകാരമാണ് സ്വാധീനിച്ചിരിക്കുന്നത്?
മിഗെൽ പറയുന്നതു ശ്രദ്ധിക്കുക: “ഞാൻ അനേകം പ്രതിസന്ധികളെ അഭിമുഖീകരിച്ചിരുന്നു. എന്നാൽ യഹോവയുടെ ജനവുമായി സഹവസിക്കാൻ തുടങ്ങിയതോടെ എന്റെ ജീവിതത്തിനു മാറ്റം വന്നു. സ്വയം ഒറ്റപ്പെടുത്തുന്നതു
വളരെ അപകടകരമാണ്. ക്രിസ്‌തീയ യോഗങ്ങളിൽ സഹവിശ്വാസികളുമായി സഹവസിക്കുന്നതും എല്ലാ ആഴ്‌ചയും അവരോടൊപ്പം ആയിരിക്കുന്നതും സംതൃപ്‌തി കണ്ടെത്താൻ എന്നെ വളരെയധികം സഹായിച്ചു.”ആൽമാ രൂത്ത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പലപ്പോഴും എനിക്ക് എന്തെന്നില്ലാത്ത വിഷാദം അനുഭവപ്പെടുമായിരുന്നു. . . . എന്നാൽ യഹോവയെ കുറിച്ചു പഠിച്ചപ്പോൾ അവനുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കുക സാധ്യമാണെന്ന് എനിക്കു തോന്നി. അത് എന്റെ ജീവിതത്തിലെ ഏറ്റവും മൂല്യവത്തായ സംഗതിയായിത്തീർന്നു. വീട്ടിൽനിന്ന് ഞങ്ങൾക്കു നല്ല പിന്തുണ ലഭിച്ചിരിക്കുന്നു, അത് ഞങ്ങളെ കൂടുതൽ ഒരുമിപ്പിച്ചു.”
മിഗെലിന്റെ പിതാവ് സ്‌നേഹപൂർവം അവനെ എഴുത്തും വായനയും പഠിപ്പിച്ചു. തുടർന്ന് മിഗെൽ ഫ്രോയ്‌ലാനെയും ആൽമാ രൂത്തിനെയും പഠിപ്പിച്ചു. അവരുടെ ആത്മീയതയ്‌ക്ക് അത് അത്യന്താപേക്ഷിതമായിരുന്നു. “വായിക്കാൻ പഠിച്ചത് ഞങ്ങൾക്കു വളരെ പ്രയോജനം ചെയ്‌തു. കാരണം ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും വായിച്ചുകൊണ്ട് ആത്മീയ പോഷണം നേടാൻ അതു ഞങ്ങളെ സഹായിച്ചു,” ആൽമാ രൂത്ത് പറയുന്നു.
മിഗെൽ ഇന്ന് ക്രിസ്‌തീയ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു. ഫ്രോയ്‌ലാൻ മുഴു ബൈബിളും ഒമ്പതു പ്രാവശ്യം വായിച്ചിട്ടുണ്ട്. ആൽമാ രൂത്ത് 1996 മുതൽ ഒരു പയനിയർ ശുശ്രൂഷക അഥവാ മുഴുസമയ രാജ്യഘോഷകയായി സേവിച്ചുകൊണ്ട് തന്റെ ദൈവസേവനം വിപുലമാക്കിയിരിക്കുന്നു. അവൾ ഇങ്ങനെ പറയുന്നു: “യഹോവയുടെ അനുഗ്രഹത്താൽ ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ എനിക്കു സാധിച്ചിരിക്കുന്നു. എന്റെ പ്രിയപ്പെട്ട സഹോദരിമാർ എന്നെ പിന്തുണച്ചിരിക്കുന്നു. [സുവാർത്ത] പ്രസംഗിക്കാൻ മാത്രമല്ല, എനിക്കു ലഭിച്ച 11 ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ട് പഠിപ്പിക്കാനും അവർ എന്നെ സഹായിക്കുന്നു.”
ശ്രദ്ധേയമായ മറ്റൊരു ഉദാഹരണം പരിചിന്തിക്കുക. എമീലിയായുടേതാണ് അത്. ഒരു അപകടത്തിൽപ്പെട്ട് അവളുടെ കാലുകൾക്കും നട്ടെല്ലിനും ക്ഷതമേറ്റു. തുടർന്ന് അവൾക്ക് ഒരു വീൽച്ചെയറിനെ ആശ്രയിക്കേണ്ടിവന്നു. മെക്‌സിക്കോ നഗരത്തിലെ യഹോവയുടെ സാക്ഷികൾ, അവളുമായി ബൈബിളധ്യയനം ആരംഭിച്ചു. 1996-ൽ അവൾ സ്‌നാപനമേറ്റു. എമീലിയാ പറയുന്നു: “സത്യം അറിയുന്നതിനു മുമ്പ്, ആത്മഹത്യ ചെയ്യണമെന്ന ചിന്തയായിരുന്നു എനിക്ക്, ജീവിക്കണമെന്നേ ഇല്ലായിരുന്നു. വല്ലാത്ത ഒരുതരം ശൂന്യതാബോധം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു, കണ്ണീരോടെ ഞാൻ രാവും പകലും തള്ളിനീക്കി. എന്നാൽ യഹോവയുടെ ജനത്തോടൊപ്പം സഹവസിക്കാൻ തുടങ്ങിയപ്പോൾ സഹോദരങ്ങളുടെ സ്‌നേഹം ഞാൻ അനുഭവിച്ചറിഞ്ഞു. അവർ എന്നോട് കാണിക്കുന്ന വ്യക്തിപരമായ താത്‌പര്യം എനിക്ക് വലിയ പ്രോത്സാഹനം നൽകുന്നു. ഒരു സഹോദരനെപ്പോലെ, ഒരു പിതാവിനെപ്പോലെ ആണ് ഒരു മൂപ്പൻ എന്നോട് പെരുമാറുന്നത്. അദ്ദേഹവും ചില ശുശ്രൂഷാദാസന്മാരും എന്നെ എന്റെ വീൽച്ചെയറിലിരുത്തി യോഗങ്ങൾക്കും പ്രസംഗപ്രവർത്തനത്തിനും കൊണ്ടുപോകുന്നു.”
ഹോസേ യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്‌നാപനമേറ്റത് 1992-ൽ ആയിരുന്നു. തനിച്ചാണ് അദ്ദേഹം താമസിക്കുന്നത്. 1990-ൽ ജോലിയിൽനിന്നു വിരമിച്ച അദ്ദേഹത്തിന് 70 വയസ്സുണ്ട്. ഹോസേയ്‌ക്ക് വിഷാദം അനുഭവപ്പെടാറുണ്ടായിരുന്നു. എന്നാൽ ഒരു സാക്ഷി അദ്ദേഹത്തെ ബൈബിൾ സന്ദേശം അറിയിച്ചതിനെ ഫിലിപ്പിയർ 1:1; 1 പത്രൊസ് 5:2) അത്തരം സഹവിശ്വാസികൾ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം “ബലപ്പെടുത്തുന്ന ഒരു സഹായം” ആണ്. (കൊലൊസ്സ്യർ 4:11, NW) അവർ അദ്ദേഹത്തെ ഡോക്‌ടറുടെ അടുക്കൽ കൊണ്ടുപോകുകയും വീട്ടിൽച്ചെന്ന് അദ്ദേഹത്തെ കാണുകയും ചെയ്യുന്നു. അദ്ദേഹം ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ നാലു തവണയും അവർ അദ്ദേഹത്തിനു വൈകാരിക പിന്തുണ നൽകിയിരിക്കുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “അവർ എന്റെ കാര്യത്തിൽ താത്‌പര്യമെടുക്കുന്നു. ശരിക്കും എന്റെ കുടുംബാംഗങ്ങളെ പോലെയാണ് അവർ. ഞാൻ അവരുടെ സഹവാസം ആസ്വദിക്കുന്നു.”
തുടർന്ന് ഉടൻതന്നെ അദ്ദേഹം ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. അവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ദൃഷ്ടാന്തത്തിന്, അവിടെ സഹോദരങ്ങൾ തമ്മിൽ സഹവാസം ആസ്വദിക്കുന്നത് അദ്ദേഹം നിരീക്ഷിച്ചു. അവർക്ക് തന്നോടുള്ള വ്യക്തിപരമായ താത്‌പര്യം അദ്ദേഹം അനുഭവിച്ചറിഞ്ഞു. സഭയിലുള്ള മൂപ്പന്മാരും ശുശ്രൂഷാദാസന്മാരുമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കുന്നത്. (കൊടുക്കൽ യഥാർഥ സന്തുഷ്ടി കൈവരുത്തുന്നു
ഒരു വ്യക്തി തന്റെ ഊർജമെല്ലാം ഭൗതിക സമ്പത്ത് വാരിക്കൂട്ടാൻ ചെലവഴിക്കുന്നതിന്റെ വ്യർഥതയെ കുറിച്ചു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ശലോമോൻ രാജാവ്, “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്” എന്ന പ്രസ്‌താവന നടത്തിയത്. (സഭാപ്രസംഗി 4:7-9) കുടുംബത്തിന് അകത്തും പുറത്തും ഉള്ള ബന്ധങ്ങൾ ബലികഴിക്കേണ്ടി വരുന്നെങ്കിലും പലരും ഇന്നു ചെയ്യുന്നത് ഇതുതന്നെയാണ്.
അത്യാഗ്രഹവും സ്വാർഥതയും നിറഞ്ഞ ആ മനോഭാവം സ്വയം ഒറ്റപ്പെടുത്താൻ പലരെയും പ്രേരിപ്പിച്ചിരിക്കുന്നു. അത് അവർക്ക് ജീവിതത്തിൽ സന്തോഷമോ സംതൃപ്‌തിയോ നേടിക്കൊടുത്തിട്ടില്ല. കാരണം, അത്തരം മനോഭാവത്തിനു വശംവദരാകുന്നവർക്കിടയിൽ ഇച്ഛാഭംഗവും നിരാശയും സർവസാധാരണമാണ്. ഇതിൽനിന്നു വ്യത്യസ്‌തമായി, മുമ്പ് പ്രതിപാദിച്ച അനുഭവകഥകൾ യഹോവയെ സേവിക്കുകയും അവനോടും തങ്ങളുടെ അയൽക്കാരോടും ഉള്ള സ്‌നേഹത്താൽ പ്രചോദിതരായി പ്രവർത്തിക്കുകയും ചെയ്യുന്നവരുമായി സഹവസിക്കുന്നതിന്റെ പ്രയോജനങ്ങൾ കാണിക്കുന്നു. ക്രിസ്‌തീയ യോഗങ്ങളിലെ ക്രമമായ ഹാജരാകൽ, ശുശ്രൂഷയിലെ തീക്ഷ്‌ണമായ പങ്കുപറ്റൽ, അതുപോലെ സഹവിശ്വാസികൾ പ്രകടമാക്കുന്ന കരുതൽ, നൽകുന്ന പിന്തുണ എന്നിവയാണ് ഒറ്റപ്പെടലുമായി ബന്ധപ്പെട്ട നിഷേധാത്മക തോന്നലുകളെ തരണം ചെയ്യാൻ ഈ വ്യക്തികളെ സഹായിച്ച സുപ്രധാന സംഗതികൾ.—സദൃശവാക്യങ്ങൾ 17:17; എബ്രായർ 10:24, 25.
നാം പരസ്‌പരം ആശ്രയിച്ചു ജീവിക്കുന്നതിനാൽ, മറ്റുള്ളവർക്കു വേണ്ടി കാര്യങ്ങൾ ചെയ്യുന്നത് സ്വാഭാവികമായും സംതൃപ്‌തി നൽകുന്നു. മറ്റുള്ളവർക്കു പ്രയോജനം കൈവരുത്തുന്ന രീതിയിൽ പ്രവർത്തിച്ച ആൽബർട്ട് ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞു: “ഒരു മനുഷ്യന്റെ മൂല്യം . . . അളക്കേണ്ടത് അയാൾക്ക് നൽകാൻ കഴിയുന്നതിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ അയാൾക്ക് സ്വീകരിക്കാൻ കഴിയുന്നതിന്റെ അടിസ്ഥാനത്തിലല്ല.” ഇത് നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ഈ വാക്കുകളുമായി ചേർച്ചയിലാണ്: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.” (പ്രവൃത്തികൾ 20:35, NW) അതുകൊണ്ട്, സ്‌നേഹം സ്വീകരിക്കുന്നത് നല്ലതാണെങ്കിലും മറ്റുള്ളവർക്ക് സ്‌നേഹം കൊടുക്കുന്നത് വൈകാരികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
വർഷങ്ങളായി സഭകൾ സന്ദർശിച്ച് ആത്മീയ പിന്തുണ നൽകുകയും പാവപ്പെട്ട ക്രിസ്‌ത്യാനികൾക്ക് യോഗങ്ങൾക്കു കൂടിവരാൻ വേണ്ട ഹാളുകൾ പണിയാൻ സഹായിക്കുകയും ചെയ്‌തിട്ടുള്ള ഒരു സഞ്ചാര മേൽവിചാരകൻ തന്റെ വികാരം ഇങ്ങനെ പ്രകടിപ്പിക്കുന്നു: “എന്റെ സഹോദരങ്ങളെ സേവിക്കുമ്പോഴും അവരുടെ വിലമതിപ്പു നിറഞ്ഞ മുഖങ്ങൾ കാണുമ്പോഴും എനിക്ക് ഉണ്ടാകുന്ന ആനന്ദം മറ്റുള്ളവരെ സഹായിക്കാനുള്ള അവസരങ്ങൾ തുടർന്നും അന്വേഷിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. അനുഭവത്തിൽനിന്ന് ഞാൻ പറയുകയാണ്, മറ്റുള്ളവരിൽ വ്യക്തിപരമായ താത്‌പര്യം കാണിക്കുന്നതാണ് സന്തോഷത്തിന്റെ താക്കോൽ. മൂപ്പന്മാർ എന്ന നിലയിൽ ഞങ്ങൾ ‘കാററിന്നു ഒരു മറവുപോലെയും വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും’ ആയിരിക്കണമെന്ന് എനിക്ക് അറിയാം.”—യെശയ്യാവു 32:2.
ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര മനോഹരം!
മറ്റുള്ളവരെ സഹായിക്കുന്നതും യഹോവയെ സേവിക്കുന്നവരുമായി സഹവസിക്കുന്നതും തീർച്ചയായും വലിയ പ്രയോജനവും യഥാർഥ സന്തുഷ്ടിയും കൈവരുത്തുന്നു. സങ്കീർത്തനക്കാരൻ ഇപ്രകാരം പറഞ്ഞു: “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!” (സങ്കീർത്തനം 133:1) മിഗെലിന്റെയും ഫ്രോയ്‌ലാന്റെയും ആൽമാ രൂത്തിന്റെയും കാര്യത്തിൽ കണ്ടതുപോലെ കുടുംബ ഐക്യം പരസ്‌പരം പിന്തുണയേകാൻ സഹായിക്കുന്ന ഒരു സുപ്രധാന ഘടകമാണ്. ഇനിയും, സത്യാരാധനയിൽ ഏകീകൃതരായിരിക്കുന്നത് എത്ര വലിയ അനുഗ്രഹമാണ്! ക്രിസ്‌തീയ ഭാര്യാഭർത്താക്കന്മാർക്ക് ബുദ്ധിയുപദേശം നൽകിയ ശേഷം പത്രൊസ് അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.”—1 പത്രൊസ് 3:8.
യഥാർഥ സുഹൃദ്‌ബന്ധം ആത്മീയവും വൈകാരികവുമായി വലിയ പ്രയോജനങ്ങൾ കൈവരുത്തുന്നു. വിശ്വാസത്തിലുള്ള സഹകാരികളെ സംബോധന ചെയ്‌തുകൊണ്ട് പൗലൊസ് അപ്പൊസ്‌തലൻ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ. . . . തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്‌തുകൊണ്ടിരിപ്പിൻ.”—1 തെസ്സലൊനീക്യർ 5:14, 15.
അതുകൊണ്ട്, മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള പ്രായോഗിക വഴികൾ അന്വേഷിക്കുക. ‘എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്ക് നന്മചെയ്‌ക.’ എന്തുകൊണ്ടെന്നാൽ അത് നിങ്ങളുടെ ജീവിതത്തിന് യഥാർഥ അർഥവും സംതൃപ്‌തിയും കൈവരുത്തും. (ഗലാത്യർ 6:9, 10) യേശുവിന്റെ ശിഷ്യനായ യാക്കോബ് എഴുതി: “ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോടു: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‌വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്ത്?” (യാക്കോബ് 2:15, 16) ആ ചോദ്യത്തിന്റെ ആശയം വ്യക്തമാണ്. നാം ‘ഓരോരുത്തരും സ്വന്തഗുണമല്ല മററുള്ളവരുടെ ഗുണവും കൂടെ നോക്കേണം.’—ഫിലിപ്പിയർ 2:4.
ആവശ്യഘട്ടങ്ങളിലോ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴോ മറ്റുള്ളവരെ ഭൗതികമായി സഹായിക്കുന്നതിനു പുറമേ, അതിപ്രധാനമായ ഒരു വിധത്തിൽ സഹമനുഷ്യർക്ക് നന്മ ചെയ്യുന്നതിൽ—ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിൽ—യഹോവയുടെ സാക്ഷികൾ വളരെ തിരക്കോടെ ഏർപ്പെടുന്നു. (മത്തായി 24:14) ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ഈ സന്ദേശം ഘോഷിക്കുന്നതിൽ 60,00,000-ത്തിൽപ്പരം സാക്ഷികൾ പങ്കുപറ്റുന്നത് അവർക്ക് മറ്റുള്ളവരോടുള്ള യഥാർഥവും സ്‌നേഹപൂർവകവുമായ താത്‌പര്യത്തിന്റെ തെളിവാണ്. വിശുദ്ധ തിരുവെഴുത്തുകളിൽനിന്ന് സഹായം പ്രദാനം ചെയ്യുന്നത് മറ്റൊരു മാനുഷിക ആവശ്യവും നിറവേറ്റുന്നു. എന്താണ് അത്?
ഒരു സുപ്രധാന ആവശ്യം നിറവേറ്റുന്നു
യഥാർഥ സന്തോഷം ആസ്വദിക്കുന്നതിന് നമുക്ക് ദൈവവുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കേണ്ടതുണ്ട്. മനുഷ്യന് പരാശ്രയമില്ലാതെ നിലനിൽക്കാനാവില്ല (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിൽ എ. ക്രെസി മോറിസൺ ഇങ്ങനെ പറയുന്നു: “ആരംഭം മുതൽ ഇന്നുവരെ, എല്ലാ കാലത്തും എല്ലായിടത്തുമുള്ള മനുഷ്യർക്ക്, തങ്ങളെക്കാൾ ശ്രേഷ്‌ഠനും ശക്തനുമായ ഒരുവനെ വിളിച്ചപേക്ഷിക്കാനുള്ള പ്രചോദനം തോന്നിയിട്ടുണ്ട് എന്ന വസ്‌തുത ആധ്യാത്മികത ജന്മനാ ഉള്ളതാണെന്നും അത് ശാസ്‌ത്രീയമായി അംഗീകരിക്കപ്പെടേണ്ടതാണെന്നും കാണിക്കുന്നു. . . . ഒരു പരമോന്നതനു വേണ്ടിയുള്ള മനുഷ്യരുടെ അന്വേഷണവും അങ്ങനെ ഒരുവനുണ്ട് എന്ന അവരുടെ വിശ്വാസവും സമസ്‌തവ്യാപകമാണ് എന്നു കാണുന്നത് നമ്മിൽ അത്ഭുതവും ഭയാദരവും നിറയ്‌ക്കേണ്ടതാണ്.”
യേശുക്രിസ്‌തു ഇങ്ങനെ പ്രസ്‌താവിച്ചു: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.” (മത്തായി 5:3, NW) മറ്റ് മനുഷ്യരിൽനിന്ന് ദീർഘനാൾ ഒറ്റപ്പെട്ടു കഴിയുന്നവരുടെ ജീവിതം സുഖകരമായിരിക്കില്ല. എന്നാൽ നമ്മുടെ സ്രഷ്ടാവിൽനിന്ന് നമ്മെത്തന്നെ ഒറ്റപ്പെടുത്തുന്നത് അതിലും വളരെ ഗുരുതരമായ പരിണതഫലങ്ങൾക്ക് ഇടയാക്കും. (വെളിപ്പാടു 4:11) “ദൈവപരിജ്ഞാനം” സമ്പാദിക്കുകയും അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നത് നമ്മുടെ ജീവിതത്തിലെ സുപ്രധാന സംഗതിയായിരിക്കണം. (സദൃശവാക്യങ്ങൾ 2:1-5) തീർച്ചയായും, നമ്മുടെ ആത്മീയ ആവശ്യം തൃപ്‌തിപ്പെടുത്താൻ നാം ദൃഢനിശ്ചയം ഉള്ളവരായിരിക്കണം. കാരണം, ദൈവത്തെ വിട്ട് നമുക്ക് ജീവിക്കാനാവില്ല. സന്തുഷ്ടവും പ്രതിഫലദായകവുമായ ഒരു ജീവിതം “സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ” ആയ യഹോവയുമായി നല്ല ഒരു ബന്ധം ഉണ്ടായിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.—സങ്കീർത്തനം 83:18.
[5 -ാം പേജിലെ ചിത്രം]
മിഗെൽ: “ഞാൻ അനേകം പ്രതിസന്ധികളെ അഭിമുഖീകരിച്ചിരുന്നു. എന്നാൽ യഹോവയുടെ ജനവുമായി സഹവസിക്കാൻ തുടങ്ങിയതോടെ എന്റെ ജീവിതത്തിനു മാറ്റം വന്നു”
[5 -ാം പേജിലെ ചിത്രം]
ആൽമാ രൂത്ത്: “യഹോവയെ കുറിച്ചു പഠിച്ചപ്പോൾ അവനുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കുക സാധ്യമാണെന്ന് എനിക്കു തോന്നി”
[6 -ാം പേജിലെ ചിത്രം]
എമീലിയാ: സത്യം അറിയുന്നതിനു മുമ്പ്, . . . വല്ലാത്ത ഒരുതരം ശൂന്യതാബോധം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു”
[7 -ാം പേജിലെ ചിത്രം]
സത്യാരാധകരുമായി സഹവസിക്കുന്നത് നമ്മുടെ ആത്മീയ ആവശ്യം തൃപ്‌തിപ്പെടുത്താൻ സഹായിക്കുന്നു