നയചാതുര്യം പഠിച്ചെടുക്കൽ
നയചാതുര്യം പഠിച്ചെടുക്കൽ
തന്റെ മകൻ അവന്റെ കുഞ്ഞനുജനോടു പരുഷമായി സംസാരിക്കുന്നത് പെഗി ശ്രദ്ധിച്ചു. “അനിയനോട് ഇങ്ങനെയാണോ സംസാരിക്കേണ്ടത്?” അവർ ചോദിച്ചു. “അവന് എത്ര സങ്കടമായെന്നു നോക്കൂ!” എന്തിനായിരുന്നു അവർ അങ്ങനെ പറഞ്ഞത്? നയചാതുര്യം ഉള്ളവനായിരിക്കാനും മറ്റുള്ളവരുടെ വികാരങ്ങളോടു പരിഗണന കാട്ടാനും അവർ തന്റെ മകനെ പഠിപ്പിക്കുകയായിരുന്നു.
അപ്പൊസ്തലനായ പൗലൊസ് തന്റെ യുവസഹകാരിയായ തിമൊഥെയൊസിനെ ‘എല്ലാവരോടും ശാന്തൻ “[അഥവാ ‘നയമുള്ളവൻ,’ NW, അടിക്കുറിപ്പ്]”’ ആയിരിക്കാൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ആയിരുന്നാൽ, തിമൊഥെയൊസ് മറ്റുള്ളവരുടെ വികാരങ്ങളെ ഒരിക്കലും വ്രണപ്പെടുത്തുമായിരുന്നില്ല. (2 തിമൊഥെയൊസ് 2:24) നയം എന്നാൽ എന്താണ്? ഈ മണ്ഡലത്തിൽ നിങ്ങൾക്ക് എങ്ങനെ മെച്ചപ്പെടാൻ കഴിയും? ഈ ചാതുര്യം വളർത്തിയെടുക്കുന്നതിൽ നിങ്ങൾക്കു മറ്റുള്ളവരെ എങ്ങനെ സഹായിക്കാൻ കഴിയും?
നയം എന്നാൽ എന്താണ്?
സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട, അല്ലെങ്കിൽ വിവേചന പ്രകടമാക്കേണ്ട ഒരു സാഹചര്യം മനസ്സിലാക്കിക്കൊണ്ട് ഏറ്റവും ദയാപൂർവകവും ഉചിതവുമായ രീതിയിൽ പ്രവർത്തിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതിനെയാണ് നയം എന്നു പറയുന്നത്. സംവേദനക്ഷമതയുള്ള വിരലുകൾക്ക് ഒരു വസ്തു, ഒട്ടുന്നതാണോ മാർദവമുള്ളതാണോ മിനുസമുള്ളതാണോ ചൂടുള്ളതാണോ രോമാവൃതമാണോ എന്നൊക്കെ തിരിച്ചറിയാൻ കഴിയുന്നതുപോലെ നയചാതുര്യമുള്ള ഒരു വ്യക്തിക്ക് മറ്റ് ആളുകളുടെ വികാരങ്ങൾ തിരിച്ചറിയാനും തന്റെ വാക്കുകൾ അല്ലെങ്കിൽ പ്രവൃത്തികൾ അവരെ എങ്ങനെ ബാധിക്കുമെന്നു മനസ്സിലാക്കാനും സാധിക്കും. എന്നാൽ ഇതിൽ കേവലം കഴിവു മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്; പിന്നെയോ, മറ്റുള്ളവരെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കാനുള്ള ആത്മാർഥമായ ആഗ്രഹം കൂടെ ഉൾപ്പെട്ടിട്ടുണ്ട്.
എലീശായുടെ ബാല്യക്കാരനായ ഗേഹസിയെ കുറിച്ചുള്ള ബൈബിൾ വിവരണത്തിൽ നയചാതുര്യമില്ലാഞ്ഞ ഒരു വ്യക്തിയുടെ ദൃഷ്ടാന്തമാണ് നമുക്കു കാണാൻ കഴിയുന്നത്. ഒരു ശൂനേമ്യ സ്ത്രീ സാന്ത്വനം തേടി എലീശായെ കാണാൻ ചെന്നു. അതിനു കുറച്ചുമുമ്പ് അവളുടെ പുത്രൻ അവളുടെ മടിയിൽകിടന്ന് മരിച്ചിരുന്നു. ‘എല്ലാവർക്കും സുഖമാണോ’ എന്ന ഗേഹസിയുടെ ക്ഷേമാന്വേഷണത്തിന് മറുപടിയായി “സുഖം തന്നേ” എന്ന് അവൾ പറഞ്ഞു. അവൾ പ്രവാചകനെ സമീപിച്ചപ്പോൾ ‘ഗേഹസി അവളെ മാററുവാൻ’ അടുത്തു ചെന്നു. അതേസമയം എലീശായാകട്ടെ, “അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ട്” എന്നു പറഞ്ഞു.—2 രാജാക്കന്മാർ 4:17-20, 25-27.
അത്ര ചിന്താശൂന്യമായി, നയരഹിതമായി ഗേഹസിക്ക് പെരുമാറാൻ കഴിഞ്ഞത് എങ്ങനെയാണ്? കാര്യങ്ങൾ ചോദിച്ചപ്പോൾ ആ സ്ത്രീ തന്റെ വികാരം തുറന്നുപ്രകടിപ്പിച്ചില്ല എന്നതു ശരിയാണ്. എന്നാൽ, മിക്ക ആളുകളും അങ്ങനെ എല്ലാവരോടും തങ്ങളുടെ വികാരങ്ങൾ തുറന്നുപ്രകടിപ്പിക്കാറില്ല. എങ്കിലും അവളുടെ മനോവികാരം മറ്റുവിധങ്ങളിൽ പ്രകടമായിരുന്നിരിക്കണം. എലീശാ അത് തിരിച്ചറിഞ്ഞതായി കാണപ്പെടുന്നുണ്ടെങ്കിലും ഗേഹസി അതു തിരിച്ചറിഞ്ഞില്ല. ഇനി അതു മനസ്സിലാക്കിയിരുന്നെങ്കിൽത്തന്നെ അവൻ അത് മനഃപൂർവം അവഗണിച്ചിരിക്കണം. ഇത്, നയരഹിതമായ പ്രവൃത്തിയുടെ പിന്നിലുള്ള ഒരു സാധാരണ കാരണത്തെ ദൃഷ്ടാന്തീകരിക്കുന്നു. ഒരു വ്യക്തി തന്റെ ജോലിക്ക് അമിതശ്രദ്ധ നൽകുമ്പോൾ, താൻ ഇടപെടുന്ന വ്യക്തികളുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ അല്ലെങ്കിൽ ശ്രദ്ധിക്കാൻ അയാൾ എളുപ്പം മറന്നുപോയേക്കാം. സമയത്ത് എത്താനുള്ള വ്യഗ്രതയിൽ, യാത്രക്കാരെ കയറ്റുന്നതിന് ബസ്സ് നിറുത്താൻ കൂട്ടാക്കാത്ത ഡ്രൈവറെ പോലെയാണ് അയാൾ.
ഗേഹസിയെ പോലെ നയരഹിതമായി പെരുമാറുന്നത് ഒഴിവാക്കാൻ നാം ആളുകളോട് ദയ കാണിക്കാൻ യത്നിക്കണം, കാരണം അവർ വാസ്തവത്തിൽ അനുഭവിക്കുന്നത് എന്താണെന്ന് നമുക്ക് അറിയില്ല. ഒരു വ്യക്തിയുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന സൂചനകൾ തിരിച്ചറിയാൻ നാം സദാ ജാഗരൂകർ ആയിരിക്കുകയും അവരോടു ദയയോടെ സംസാരിക്കുകയും ഇടപെടുകയും വേണം. ഇക്കാര്യത്തിൽ നിങ്ങളുടെ ചാതുര്യം മെച്ചപ്പെടുത്താൻ എങ്ങനെ കഴിയും?
മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കൽ
ആളുകളുടെ വികാരങ്ങൾ മനസ്സിലാക്കുന്നതിലും അവരോട് ദയ പ്രകടമാക്കാൻ പറ്റിയ ഏറ്റവും നല്ല രീതി ഏതാണെന്നു വിവേചിച്ചറിയുന്നതിലും യേശു മികച്ച മാതൃക വെച്ചു. ഒരിക്കൽ യേശു ശീമോൻ എന്ന പരീശന്റെ ഭവനത്തിൽ ഒരു വിരുന്നിൽ പങ്കെടുത്തുകൊണ്ടിരിക്കെ, ‘ആ പട്ടണത്തിൽ പാപിനി’യായി അറിയപ്പെട്ടിരുന്ന ഒരു സ്ത്രീ അവനെ സമീപിച്ചു. ശൂനേമ്യക്കാരിയെ പോലെ ഈ സ്ത്രീയും വാക്കുകളിലൂടെ തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചില്ല. പക്ഷേ അവളുടെ പ്രവൃത്തികളിൽനിന്ന് അതു വായിച്ചെടുക്കാൻ കഴിയുമായിരുന്നു. അവൾ ‘ഒരു വെൺകൽ ഭരണി പരിമളതൈലം കൊണ്ടുവന്നു, പുറകിൽ [യേശുവിന്റെ] കാല്ക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണുനീർകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം പൂശി.’ ആ പ്രവൃത്തികളുടെയെല്ലാം അർഥം ലൂക്കൊസ് 7:37-39.
യേശു മനസ്സിലാക്കി. ഇനി, ശീമോൻ യാതൊന്നും പറഞ്ഞില്ലെങ്കിലും അവന്റെയും മനസ്സ് വായിക്കാൻ യേശുവിനു കഴിഞ്ഞു. അവൻ ഉള്ളിൽ ഇങ്ങനെ പറയുകയായിരുന്നു: “ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ.”—യേശു ആ സ്ത്രീയെ തള്ളിമാറ്റിയിരുന്നെങ്കിൽ അത് എത്ര ദോഷം ചെയ്യുമായിരുന്നു എന്ന് നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടോ? ഇനി, ശീമോനോട് അവൻ “തിരിച്ചറിവില്ലാത്തവനേ, അവൾ എത്രമാത്രം അനുതപിക്കുന്നുണ്ടെന്ന് നിനക്കു കാണാൻ കഴിയുന്നില്ലേ” എന്ന് പറഞ്ഞിരുന്നെങ്കിലോ? എന്നാൽ അങ്ങനെയെല്ലാം ചെയ്യുന്നതിനു പകരം യേശു നയപൂർവം പ്രവർത്തിച്ചു. അവൻ ശീമോനോട് ഒരു ഉപമ പറഞ്ഞു. തന്റെ കടക്കാർക്ക് കടം ഇളെച്ചുകൊടുത്ത ഒരു മനുഷ്യന്റേതായിരുന്നു അത്. ഒരുത്തന് വലിയ കടവും മറ്റവന് വളരെ ചെറിയ ഒരു കടവുമാണ് ഇളച്ചുകൊടുത്തത്. “അവരിൽ ആർ അവനെ അധികം സ്നേഹിക്കും?” എന്ന് യേശു ചോദിച്ചു. ശീമോൻ ശരിയുത്തരം നൽകിയപ്പോൾ യേശു അവനെ അഭിനന്ദിച്ചു. എന്നിട്ട് ആ സ്ത്രീയുടെ ഉള്ളിലുള്ള വികാരങ്ങളെ വായിച്ചറിയാൻ സഹായിക്കുന്ന സൂചനകളെയും അനുതാപത്തിന്റേതായ പ്രകടനങ്ങളെയും തിരിച്ചറിയാൻ അവൻ ശീമോനെ ദയാപൂർവം സഹായിച്ചു. അങ്ങനെ, ശീമോനെ കുറ്റംവിധിക്കുകയാണെന്ന തോന്നൽ വരുത്താതെ അവനെ തിരുത്താൻ യേശുവിനു കഴിഞ്ഞു. പിന്നെ യേശു സ്ത്രീയോട് താൻ അവളുടെ വികാരങ്ങളെ മനസ്സിലാക്കുന്നതായി ദയാപൂർവം സൂചിപ്പിച്ചു. അവളുടെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞശേഷം അവൻ ഇപ്രകാരം തുടർന്നു: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക.” നയപൂർവകമായ ആ വാക്കുകൾ ശരി ചെയ്യാനുള്ള അവളുടെ തീരുമാനത്തെ എത്ര ബലപ്പെടുത്തിയിരിക്കണം! (ലൂക്കൊസ് 7:40-50) ആളുകളുടെ മനോവികാരങ്ങളെ വെളിപ്പെടുത്തുന്ന അടയാളങ്ങൾ അവരുടെ പ്രവൃത്തികളിൽനിന്ന് നിരീക്ഷിച്ചു മനസ്സിലാക്കുകയും സഹാനുഭൂതിയോടെ അതിനോടു പ്രതികരിക്കുകയും ചെയ്തതിനാലാണ് നയചാതുര്യം ഉള്ളവനായിരിക്കാൻ യേശുവിനു കഴിഞ്ഞത്.
ആളുകൾ തങ്ങളുടെ വാക്കുകളിലൂടെ പ്രകടിപ്പിക്കാത്ത വികാരങ്ങൾ അവരുടെ പ്രവൃത്തികളിൽനിന്നു വായിച്ചെടുക്കാൻ പഠിക്കുന്നതിനും, തുടർന്ന് യേശു ശീമോനെ സഹായിച്ചതുപോലെ അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുന്നതിനും നമുക്കു സാധിക്കും. ക്രിസ്തീയ ശുശ്രൂഷയിൽ അനുഭവപരിചയം കുറവുള്ളവരെ ഈ ചാതുര്യം പഠിപ്പിച്ചുകൊടുക്കാൻ പരിചയസമ്പന്നരായ ശുശ്രൂഷകർക്കു കഴിയും. സുവാർത്ത പങ്കുവെക്കാൻ നടത്തുന്ന ഒരു സന്ദർശനത്തിനു ശേഷം തങ്ങൾ കണ്ടെത്തിയവരുടെ വികാരങ്ങളെ സൂചിപ്പിച്ച അടയാളങ്ങൾ അവർക്കു വിശകലനം ചെയ്യാവുന്നതാണ്. കണ്ടുമുട്ടിയ വ്യക്തി പേടിയോ സന്ദേഹമോ അസഹ്യതയോ തിരക്കോ പ്രകടമാക്കിയോ? അയാളെ സഹായിക്കാനുള്ള ഏറ്റവും ദയാപൂർവകമായ മാർഗം ഏതായിരിക്കും? ഇനി, നയരഹിതമായ പെരുമാറ്റത്തിലൂടെ പരസ്പരം നീരസപ്പെടുത്തിയിരിക്കാവുന്ന സഹോദരീസഹോദരന്മാരെ സഹായിക്കാൻ മൂപ്പന്മാർക്കു കഴിയും. ഓരോ വ്യക്തിയെയും മറ്റേ വ്യക്തിയുടെ വികാരങ്ങൾ മനസ്സിലാക്കാൻ സഹായിക്കുക. അധിക്ഷേപിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്തിരിക്കുന്നതായി മറ്റേ ആൾക്കു തോന്നുന്നുണ്ടോ? ദയ പ്രകടമാക്കിക്കൊണ്ട് അയാളുടെ മനസ്സിൽനിന്ന് അത്തരം തോന്നലുകൾ എങ്ങനെ നീക്കാൻ കഴിയും?
നയപൂർവം പ്രവർത്തിക്കുന്നതിനു പിന്നിലെ പ്രേരകഘടകം സഹാനുഭൂതി ആയതിനാൽ അതു നട്ടുവളർത്താൻ മാതാപിതാക്കൾ തങ്ങളുടെ മക്കളെ സഹായിക്കേണ്ടതുണ്ട്. തുടക്കത്തിൽ പരാമർശിച്ച പെഗിയുടെ മകൻ തന്റെ കുഞ്ഞനുജൻ തുടുത്ത മുഖത്തോടെ ചുണ്ടു കൂർപ്പിച്ച് നിറകണ്ണുകളുമായി നിൽക്കുന്നതു ശ്രദ്ധിച്ചു, അനുജന്റെ കുഞ്ഞുമനസ്സിനുണ്ടായ വേദന അവൻ തിരിച്ചറിഞ്ഞു. അമ്മ പ്രത്യാശിച്ചതുപോലെ അവന് പശ്ചാത്താപം തോന്നുകയും മേലാൽ അങ്ങനെ ചെയ്യില്ലെന്ന് അവൻ ഉറപ്പിക്കുകയും ചെയ്തു. പെഗിയുടെ രണ്ട് ആൺമക്കളും ബാല്യത്തിൽ തങ്ങൾക്കു പഠിക്കാൻ കഴിഞ്ഞ ആ ചാതുര്യം പ്രയോജനപ്രദമായ വിധത്തിൽ ഉപയോഗപ്പെടുത്തി. പിൽക്കാലത്ത് അവർ, ശിഷ്യരെ ഉളവാക്കുന്നതിൽ ഫലപ്രാപ്തരായ ശുശ്രൂഷകരും ക്രിസ്തീയ സഭയിലെ ഇടയന്മാരും ആയിത്തീർന്നു.
നിങ്ങൾ അവരെ മനസ്സിലാക്കുന്നുവെന്നു പ്രകടമാക്കുക
ആർക്കെങ്കിലും എതിരെ നിങ്ങൾക്കു പരാതി ഉള്ളപ്പോൾ നയചാതുര്യം പ്രകടമാക്കേണ്ടത് വിശേഷാൽ പ്രധാനമാണ്. ആ വ്യക്തിയുടെ അഭിമാനത്തിനു ക്ഷതം ഏൽപ്പിക്കാൻ നിങ്ങൾക്ക് എളുപ്പം കഴിയും. അയാളെ വിമർശിക്കുന്നതിനു പകരം പ്രശ്നം പരിഹരിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുക. അതിനായി എല്ലായ്പോഴും ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ സംഗതി ആദ്യംതന്നെ ആ വ്യക്തി ചെയ്ത എന്തെങ്കിലും നല്ല കാര്യം പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ട് അയാളെ അഭിനന്ദിക്കുക എന്നതാണ്. തുടർന്ന്, അയാളുടെ പ്രവൃത്തി നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും അയാൾ എന്തു മാറ്റം വരുത്തിക്കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കുക. തുടർന്ന്, അയാൾക്കു പറയാനുള്ളത് ശ്രദ്ധിക്കുക. ഒരുപക്ഷേ നിങ്ങൾ അയാളെ തെറ്റിദ്ധരിച്ചതാകാം.
ആളുകൾ, നിങ്ങൾ അവരുടെ കാഴ്ചപ്പാടുമായി യോജിക്കുന്നില്ലെങ്കിൽപ്പോലും അത് മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു. മാർത്തയുടെ വിഷമം താൻ മനസ്സിലാക്കുന്നതായി പ്രകടമാക്കിക്കൊണ്ട് യേശു അവളോടു നയപൂർവം സംസാരിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “മാർത്തയേ, മാർത്തയേ, ലൂക്കൊസ് 10:41) സമാനമായി, ഒരു വ്യക്തി എന്തെങ്കിലും പ്രശ്നത്തെ കുറിച്ചു പറയുമ്പോൾ, അയാൾ പറഞ്ഞുതീരുന്നതിനു മുമ്പ് പരിഹാരം നിർദേശിക്കുന്നതിനു പകരം നിങ്ങൾ അതു മനസ്സിലാക്കുന്നുവെന്ന് പ്രകടമാക്കാനുള്ള നയപൂർവകമായ ഒരു മാർഗം സ്വന്തം വാക്കുകളിൽ ആ പ്രശ്നം അല്ലെങ്കിൽ പരാതി ആവർത്തിക്കുന്നതാണ്. നിങ്ങൾ മറ്റുള്ളവരെ മനസ്സിലാക്കുന്നുവെന്ന് കാണിക്കാനുള്ള ദയാപൂർവകമായ ഒരു മാർഗമാണ് ഇത്.
നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു.” (പറയരുതാത്തത് എന്താണെന്ന് തിരിച്ചറിയുക
എസ്ഥേർ രാജ്ഞിയുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. യഹൂദരെ നശിപ്പിക്കാനുള്ള ഹാമാന്റെ ഗൂഢപദ്ധതി തകർക്കാൻ തന്റെ ഭർത്താവിനോട് അഭ്യർഥിക്കുന്നതിന് അവൾ ആഗ്രഹിച്ചു. തന്റെ ഭർത്താവ് നല്ല മാനസികാവസ്ഥയിൽ ആയിരിക്കുമ്പോൾ അത് അവതരിപ്പിക്കാൻ തക്കവണ്ണം നയപൂർവം അവൾ കാര്യങ്ങൾ ക്രമീകരിച്ചു. സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടിയിരുന്ന ഈ പ്രശ്നത്തെ കുറിച്ച് അതിനുശേഷം മാത്രമേ അവൾ പറഞ്ഞുള്ളൂ. ഇവിടെ, എന്തെല്ലാം കാര്യങ്ങൾ അവൾ പറഞ്ഞില്ല എന്നു ശ്രദ്ധിക്കുന്നതും പ്രയോജനകരമാണ്. ഹീനമായ ആ പദ്ധതിയുടെ പുരോഗമനത്തിൽ തന്റെ ഭർത്താവിനുണ്ടായിരുന്ന പങ്കിനെ കുറിച്ചുള്ള പരാമർശം ഒഴിവാക്കിക്കൊണ്ട് അവൾ നയചാതുര്യം പ്രകടമാക്കി.—എസ്ഥേർ 5:1-8; 7:1, 2; 8:5.
സമാനമായ ഒരു വിധത്തിൽ നയചാതുര്യം പ്രകടമാക്കേണ്ട ഒരു സാഹചര്യത്തെ കുറിച്ചു ചിന്തിക്കാം. ഒരു ക്രിസ്തീയ സഹോദരിയുടെ, അവിശ്വാസിയായ ഭർത്താവിനെ നിങ്ങൾ സന്ദർശിക്കാൻ പോകുകയാണെന്നിരിക്കട്ടെ. നേരിട്ട് ബൈബിൾവിഷയങ്ങിലേക്കു കടക്കുന്നതിനു പകരം ആദ്യം അയാളുടെ താത്പര്യങ്ങൾ എന്തൊക്കെയാണെന്ന് നയപൂർവം ചോദിച്ചു മനസ്സിലാക്കരുതോ? ഒരു അപരിചിതൻ അലസമായി വസ്ത്രധാരണം ചെയ്ത് രാജ്യഹാളിൽ വരികയാണ് എന്നിരിക്കട്ടെ അല്ലെങ്കിൽ ഒരു വ്യക്തി കുറെ നാളുകൾക്കു ശേഷം വീണ്ടും യോഗങ്ങൾക്കു വരികയാണ് എന്നിരിക്കട്ടെ, അയാളുടെ വസ്ത്രധാരണത്തെ അല്ലെങ്കിൽ അത്രയും നാൾ മുടങ്ങിയതിനെ കുറിച്ച് അഭിപ്രായ പ്രകടനങ്ങൾ നടത്താതെ അയാളെ ഊഷ്മളമായി സ്വാഗതം ചെയ്യുക. ഇനിയും, പുതിയതായി ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് തെറ്റായ ഒരു വീക്ഷണം ഉള്ളതായി മനസ്സിലാക്കുന്നെങ്കിൽ അയാളെ ഉടൻതന്നെ തിരുത്താതിരിക്കുന്നതായിരിക്കും നല്ലത്. (യോഹന്നാൻ 16:12) നയപൂർവം പെരുമാറുന്നതിൽ, എന്തു പറയാതിരിക്കണം എന്നു തിരിച്ചറിഞ്ഞുകൊണ്ട് ദയ പ്രകടമാക്കുന്നതും ഉൾപ്പെടുന്നു.
സുഖപ്പെടുത്തുന്ന സംസാരം
നയപൂർവം സംസാരിക്കാനുള്ള ചാതുര്യം പഠിച്ചെടുക്കുന്നത് മറ്റുള്ളവരുമായി സമാധാനപൂർവകമായ ബന്ധങ്ങൾ ആസ്വദിക്കാൻ നിങ്ങളെ സഹായിക്കും, നിങ്ങളുടെ ആന്തരത്തെ തെറ്റിദ്ധരിച്ച് ആരെങ്കിലും നിങ്ങളോട് കടുത്ത നീരസം കാണിക്കുന്നെങ്കിൽപ്പോലും. ഉദാഹരണത്തിന് എഫ്രയീമ്യർ ഗിദെയോനോട് ‘ഉഗ്രമായി വാദിക്കാൻ’ ശ്രമിച്ചപ്പോൾ, അവൻ നയപൂർവം അതിനോടു പ്രതികരിച്ചു. യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് അവൻ വ്യക്തമായി വിശദീകരിച്ചു, അതുപോലെ എഫ്രയീമ്യർ കൈവരിച്ച നേട്ടത്തോടുള്ള ബന്ധത്തിൽ അവൻ അവരെ ആത്മാർഥമായി അഭിനന്ദിക്കുകയും ചെയ്തു. ഇത് നയപൂർവകമായ ഒരു പ്രവൃത്തിയായിരുന്നു, കാരണം അവർ ദേഷ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് അവൻ മനസ്സിലാക്കി, അവന്റെ എളിമ അവരുടെ ദേഷ്യത്തെ തണുപ്പിക്കുകയും ചെയ്തു.—ന്യായാധിപന്മാർ 8:1-3; സദൃശവാക്യങ്ങൾ 16:24.
നിങ്ങൾ പറയുന്ന വാക്കുകൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കാൻ എപ്പോഴും ശ്രമിക്കുക. നയപൂർവം പ്രവർത്തിക്കാൻ ശ്രമം ചെയ്യുന്നത് സദൃശവാക്യങ്ങൾ 15:23-ൽ വർണിച്ചിരിക്കുന്ന സന്തോഷം അനുഭവിക്കാൻ നിങ്ങളെ സഹായിക്കും. ആ വാക്യം ഇങ്ങനെ പറയുന്നു: “താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!”
[31 -ാം പേജിലെ ചിത്രം]
മറ്റുള്ളവരോട് സമാനുഭാവം പ്രകടമാക്കാൻ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ സാധിക്കും
[31 -ാം പേജിലെ ചിത്രം]
പരിചയസമ്പന്നരായ ക്രിസ്തീയ ശുശ്രൂഷകർക്ക് പുതിയവരെ നയചാതുര്യം വളർത്തിയെടുക്കാൻ പഠിപ്പിക്കാനാവും