നിങ്ങൾ ഏതുതരം പേരാണ് സമ്പാദിക്കുന്നത്?
നിങ്ങൾ ഏതുതരം പേരാണ് സമ്പാദിക്കുന്നത്?
നിങ്ങൾ പ്രാദേശിക ദിനപത്രത്തിലെ ചരമ കോളമോ മരിച്ച ഒരു വ്യക്തിയുടെ ജീവിതത്തെയും നേട്ടങ്ങളെയും കുറിച്ചുള്ള നീണ്ട റിപ്പോർട്ടോ വായിച്ചിട്ടുണ്ടോ? ‘എന്നെ കുറിച്ചായിരുന്നെങ്കിൽ ആളുകൾ എന്തു പറയുമായിരുന്നു’ എന്നു നിങ്ങൾ അപ്പോൾ ചിന്തിച്ചോ? മരണാനന്തരം ആളുകൾ തന്നെ ഏതു വിധത്തിലായിരിക്കും ഓർക്കുക എന്നു ചിന്തിക്കുന്ന എത്ര പേരുണ്ട്? അതുകൊണ്ട് ഇപ്പോൾ സത്യസന്ധമായ ഈ ചോദ്യങ്ങൾ പരിചിന്തിക്കുക: നിങ്ങൾ ഇന്നലെ മരിച്ചുപോയിരുന്നെങ്കിൽ ഇന്ന് നിങ്ങളെ കുറിച്ച് ആളുകൾ എന്തായിരിക്കും പറയുക? ഏതുതരം പേരാണ് നിങ്ങൾ സമ്പാദിക്കുന്നത്? നിങ്ങളെ അറിയാവുന്നവരും ദൈവവും നിങ്ങളെ എങ്ങനെ സ്‌മരിക്കാനാണ് നിങ്ങൾ ഇഷ്ടപ്പെടുക?
സഭാപ്രസംഗി എന്ന ബൈബിൾ പുസ്‌തകത്തിന്റെ ജ്ഞാനിയായ എഴുത്തുകാരൻ ഇപ്രകാരം പറഞ്ഞു: “നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.” (സഭാപ്രസംഗി 7:1) ഒരു വ്യക്തിയുടെ മരണദിവസം ജനനദിവസത്തെക്കാൾ ഉത്തമമായിരിക്കുന്നത് ഏത് അർഥത്തിലാണ്? ജനിക്കുമ്പോൾ ഒരു വ്യക്തി യാതൊരു വിധത്തിലുള്ള പേരും സമ്പാദിച്ചിട്ടില്ല. അയാൾക്ക് വ്യക്തിപരമായ ഒരു രേഖയില്ല. തന്റെ ജീവിതം അയാൾക്ക് ദുഷ്‌കീർത്തിയോ സത്‌കീർത്തിയോ നേടിക്കൊടുക്കും. ആ അർഥത്തിൽ, ജീവിതകാലത്ത് ഒരു നല്ല പേര് സമ്പാദിച്ചിരിക്കുന്നവർക്ക് മരണദിവസം ജനനദിവസത്തെക്കാൾ ഉത്തമമാണ്.
അതുകൊണ്ട്, നമുക്ക് ഒരു തിരഞ്ഞെടുപ്പുണ്ട്. വാസ്‌തവത്തിൽ, മരണദിവസത്തിൽ നമുക്ക് ഏതുതരം കീർത്തിയാണുള്ളതെന്ന്, പ്രത്യേകിച്ച് ദൈവം നമ്മെ ഏതുവിധത്തിൽ സ്‌മരിക്കുമെന്ന് നിശ്ചയിക്കുന്ന അനവധി തിരഞ്ഞെടുപ്പുകൾ ഓരോ ദിവസവും നമുക്കു മുമ്പാകെയുണ്ട്. അക്കാരണത്താൽ, ജ്ഞാനിയായ അതേ എബ്രായ എഴുത്തുകാരൻ ഇങ്ങനെ പറഞ്ഞു: “നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടതു; [“നീതിമാനെ കുറിച്ചുള്ള സ്‌മരണ അനുഗ്രഹത്തിനുവേണ്ടിയാകുന്നു,” NW] ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.” (സദൃശവാക്യങ്ങൾ 10:7) ഒരു അനുഗ്രഹത്തിനായി ദൈവം നമ്മെ സ്‌മരിക്കുക—എത്ര വലിയ ഒരു പദവിയാണ് അത്!
നാം ജ്ഞാനികളാണെങ്കിൽ, ദൈവത്തിന്റെ നിലവാരങ്ങൾക്കൊത്ത് ജീവിച്ചുകൊണ്ട് അവനെ പ്രസാദിപ്പിക്കാൻ നാം ലക്ഷ്യം വെക്കും. അതിന്റെ അർഥം ക്രിസ്‌തു പറഞ്ഞ അടിസ്ഥാന തത്ത്വങ്ങൾ പിൻപറ്റുക എന്നാണ്: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്‌പന. രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം. ഈ രണ്ടു കല്‌പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു.”—മത്തായി 22:37-40.
മനുഷ്യസ്‌നേഹി, ജീവകാരുണ്യ പ്രവർത്തകൻ, പൗരാവകാശങ്ങളെ ഉയർത്തിപ്പിടിച്ചവൻ എന്നീ നിലകളിലോ ബിസിനസ്സ്, ശാസ്‌ത്രം, വൈദ്യശാസ്‌ത്രം തുടങ്ങിയ മേഖലകളിലെ തങ്ങളുടെ നേട്ടങ്ങൾ നിമിത്തമോ ആണ് ചിലർ സ്‌മരിക്കപ്പെടുന്നത്. എന്നാൽ, ഏതു വിധത്തിൽ സ്‌മരിക്കപ്പെടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
മറ്റുള്ളവർ നമ്മെ കാണുന്നതുപോലെ സ്വയം കാണാനുള്ള വരം ദൈവം നമുക്ക് നൽകിയിരുന്നെങ്കിൽ എന്ന് സ്‌കോട്ടിഷ് കവിയായ റോബർട്ട് ബേൺസ് (1759-96) ആശിച്ചു. നിങ്ങളെത്തന്നെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തിയശേഷം മറ്റുള്ളവരുടെയും ദൈവത്തിന്റെയും മുമ്പാകെ നിങ്ങൾക്ക് സത്‌കീർത്തിയുണ്ടെന്നു പറയാനാകുമോ? ബിസിനസ്സ്, സ്‌പോർട്‌സ് രംഗങ്ങളിൽ നമുക്ക് ഉണ്ടായിരുന്നേക്കാവുന്ന ഏതൊരു താത്‌കാലിക
നേട്ടത്തെക്കാളും ഒടുവിൽ പ്രാധാന്യം ഉള്ളതെന്നു തെളിയുക മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളാണ്. അതുകൊണ്ട് ചോദ്യമിതാണ്: നാം മറ്റുള്ളവരോട് ഇടപെടുന്ന വിധം—സംഭാഷണം, പെരുമാറ്റം, ശരീരഭാഷ എന്നിവ—അവരിൽ എന്തു ഫലമാണ് ഉളവാക്കുന്നത്? മറ്റുള്ളവരുടെ വീക്ഷണത്തിൽ, നാം സമീപിക്കാൻ കഴിയുന്നവരാണോ അതോ അടുക്കാനാകാത്തവരാണോ? നാം ദയയുള്ളവരാണോ അതോ പരുഷമായി ഇടപെടുന്നവരാണോ? വഴക്കമുള്ളവരാണോ അതോ കർക്കശരാണോ? സ്‌നേഹവും ദയയും ഉള്ളവരാണോ അതോ സൗഹൃദ മനോഭാവമില്ലാത്തവരും നിർവികാരരും ആണോ? വിമർശനങ്ങൾ കൊണ്ട് ഇടിച്ചുകളയുന്നവരാണോ അതോ സദുപദേശത്താൽ കെട്ടുപണി ചെയ്യുന്നവരാണോ? കഴിഞ്ഞകാലത്തെയും ഇക്കാലത്തെയും ചില ദൃഷ്ടാന്തങ്ങൾ പരിശോധിച്ച് അവയിൽനിന്ന് എന്തു പഠിക്കാനാകുമെന്ന് നമുക്കു നോക്കാം.[3 -ാം പേജിലെ ചിത്രം]
മറ്റുള്ളവർ നമ്മെ കാണുന്നതുപോലെ സ്വയം കാണാനുള്ള വരം ദൈവം നമുക്ക് നൽകിയിരുന്നെങ്കിൽ എന്ന് റോബർട്ട് ബേൺസ് ആശിച്ചു
[കടപ്പാട്]
ഇംഗ്ലണ്ടിന്റെ ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിൽനിന്ന്