യാക്കോബ് ആത്മീയ മൂല്യങ്ങളെ വിലമതിച്ചു
യാക്കോബ് ആത്മീയ മൂല്യങ്ങളെ വിലമതിച്ചു
സംഘർഷവും അനിഷ്ടസംഭവങ്ങളും നിറഞ്ഞതാണ് യാക്കോബിന്റെ ജീവിതം. തന്റെ ഇരട്ട സഹോദരന്റെ ക്രോധം നിമിത്തം യാക്കോബിന് ജീവനുംകൊണ്ട് ഓടി രക്ഷപെടേണ്ടി വരുന്നു. സ്‌നേഹിച്ച പെൺകുട്ടിക്കു പകരം, വഞ്ചനയിൽ കുരുങ്ങി ആദ്യം മറ്റൊരാളെ വിവാഹം കഴിക്കുന്നു. ഒടുവിൽ നാലു ഭാര്യമാരും ഒട്ടനവധി പ്രശ്‌നങ്ങളും ബാക്കിയാകുന്നു. (ഉല്‌പത്തി 30:1-13) അവനെ ചൂഷണം ചെയ്യുന്ന ഒരു മനുഷ്യനുവേണ്ടി 20 വർഷം വിയർപ്പൊഴുക്കുന്നു. ഒരു ദൈവദൂതനുമായി അവൻ മല്ലുപിടിക്കുന്നു; തന്മൂലം സ്ഥായിയായ ശാരീരിക ക്ഷതം പേറേണ്ടിവരുന്നു. അവന്റെ പുത്രി ബലാത്സംഗം ചെയ്യപ്പെടുന്നു. അതേത്തുടർന്ന് അവന്റെ പുത്രന്മാർ ഒരു കൂട്ടക്കൊലതന്നെ നടത്തുന്നു. ഇഷ്ട പത്‌നിയുടെയും വത്സല പുത്രന്റെയും വേർപാടിൽ മനംനൊന്ത് അവൻ വിലപിക്കുന്നു. വയോവൃദ്ധനായിരിക്കുമ്പോൾ ക്ഷാമം നിമിത്തം പരദേശ പ്രയാണം ചെയ്യേണ്ടി വരുന്ന അവൻ, തന്റെ ആയുഷ്‌കാലം “ചുരുക്കവും കഷ്ടമുള്ളതും അത്രേ” എന്ന് സമ്മതിച്ചു പറയുന്നു. (ഉല്‌പത്തി 47:9) എന്നാൽ ഇതിനെല്ലാം മധ്യേ, ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ആത്മീയ മനുഷ്യനായി യാക്കോബ് നിലകൊള്ളുന്നു. അവന്റെ വിശ്വാസം വൃഥാവാണോ? യാക്കോബിന്റെ ജീവിത കഥയിലെ ഏതാനും ചില അനുഭവങ്ങൾ പരിചിന്തിക്കുന്നതിനാൽ എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും?
സഹോദരനിൽനിന്നു തികച്ചും വ്യത്യസ്‌തൻ
സഹോദരനുമായി സ്വരച്ചേർച്ചയില്ലാതെ വരാനുള്ള കാരണം, ഏശാവ് ആത്മീയ ധനത്തെ തൃണവത്‌ഗണിച്ചപ്പോൾ യാക്കോബ് അതിനു മൂല്യം കൽപ്പിച്ചു എന്നതാണ്. അബ്രാഹാമിനോടു ദൈവം ചെയ്‌ത ഉടമ്പടി വാഗ്‌ദാനത്തിൽ യാക്കോബ് തത്‌പരനായിരുന്നു. നിയമാവകാശികളായി ദൈവം നിയമിച്ച തന്റെ കുടുംബത്തെ പരിപാലിക്കുന്നതിൽ അവൻ മുഴുകി. അതുകൊണ്ട് യഹോവ അവനെ ‘സ്‌നേഹിച്ചു.’ യാക്കോബ് ‘നിഷ്‌കളങ്കൻ’ (NW) ആയിരുന്നു. ഇത് ധാർമിക വൈശിഷ്ട്യത്തെ കുറിക്കുന്നു. നേരെ മറിച്ച്, ഏശാവ് തന്റെ ആത്മീയ പൈതൃകത്തെ ഒട്ടും വിലമതിച്ചില്ല. വെറും തുച്ഛമായ പ്രതിഫലത്തിന് അതു യാക്കോബിനു വിൽക്കാൻ അവൻ തയ്യാറായി. ദിവ്യാംഗീകാരത്തോടെ, തനിക്ക് അർഹതപ്പെട്ടത് യാക്കോബ് ആവശ്യപ്പെടുകയും തന്റെ സഹോദരനു ലഭിക്കുമായിരുന്ന അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്‌തപ്പോൾ, ഏശാവിൽ പ്രതികാരാഗ്നി ആളിക്കത്തി. അങ്ങനെ താൻ സ്‌നേഹിച്ചതിനെയെല്ലാം പിന്നിൽ ഉപേക്ഷിച്ച് യാക്കോബ് പലായനം ചെയ്‌തു. പക്ഷേ, എത്ര ഹതാശനെയും ഉത്സാഹഭരിതനാക്കുന്ന ഒന്നാണ് അതിനുശേഷം സംഭവിച്ചത്.—മലാഖി 1:2, 3; ഉല്‌പത്തി 25:27-34; 27:1-45.
ഭൂമിക്കും സ്വർഗത്തിനുംമധ്യേ ഒരു കോവണിയിൽക്കൂടി അഥവാ ‘ഉയർന്നുപോകുന്ന ഒരു കൽപ്പടവിൽ’ക്കൂടി ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഒരു സ്വപ്‌നത്തിൽ യഹോവ യാക്കോബിനു കാണിച്ചുകൊടുക്കുകയും അവനെയും അവന്റെ സന്തതിയെയും താൻ സംരക്ഷിക്കുമെന്ന് അരുളിച്ചെയ്യുകയും ചെയ്‌തു. “നീ മുഖാന്തരവും നിന്റെ സന്തതിമുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും. ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ ഉല്‌പത്തി 28:10-15; NW അടിക്കുറിപ്പ്.
നിന്നോടു അരുളിച്ചെയ്‌തതു നിവർത്തിക്കും.”—എത്ര ധൈര്യം പകരുന്ന വാക്കുകൾ! അബ്രാഹാമിനും യിസ്‌ഹാക്കിനും താൻ നൽകിയ വാഗ്‌ദാനങ്ങൾ യാക്കോബിന്റെ കുടുംബത്തെ ആത്മീയമായി സമ്പന്നമാക്കുമെന്ന് യഹോവ ഉറപ്പുനൽകി. ദൈവത്തിന്റെ അംഗീകാരമുള്ളവർക്കുവേണ്ടി പ്രവർത്തിക്കാൻ ദൈവദൂതന്മാർക്കു കഴിയുമെന്ന് യാക്കോബിനു ബോധ്യപ്പെട്ടു, ദിവ്യ സംരക്ഷണത്തെ കുറിച്ച് അവന് ഉറപ്പു ലഭിക്കുകയും ചെയ്‌തു. താൻ യഹോവയോടു വിശ്വസ്‌തനായിരിക്കുമെന്ന് നന്ദിനിറഞ്ഞ ഹൃദയത്തോടെ യാക്കോബ് ദൃഢപ്രതിജ്ഞ ചെയ്‌തു.—ഉല്‌പത്തി 28:16-22.
ഏശാവിന്റെ പൈതൃകാവകാശം യാതൊരു പ്രകാരത്തിലും യാക്കോബ് തട്ടിയെടുക്കുകയായിരുന്നില്ല. “മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അവർ ഇരുവരും ജനിക്കുംമുമ്പേതന്നെ യഹോവ അരുളിച്ചെയ്‌തിരുന്നു. (ഉല്‌പത്തി 25:23) ‘യാക്കോബ് ആദ്യം ജനിക്കാൻ ദൈവം ഇടയാക്കിയിരുന്നെങ്കിൽ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നോ?’ എന്ന് ചിലർ ചോദിച്ചേക്കാം. പിന്നീടു സംഭവിച്ച കാര്യങ്ങൾ സുപ്രധാന സത്യങ്ങൾ പഠിപ്പിച്ചു. അനുഗ്രഹങ്ങൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നു കരുതുന്നവർക്കായി ദൈവം അവ സംവരണം ചെയ്യുന്നില്ല, മറിച്ച് താൻ തിരഞ്ഞെടുക്കുന്നവരോട് അവൻ അനർഹദയ കാട്ടുകതന്നെ ചെയ്യുന്നു. അങ്ങനെ ജ്യേഷ്‌ഠാവകാശം യാക്കോബിനു ലഭിച്ചു. അതിനെ വിലമതിക്കാഞ്ഞ അവന്റെ മൂത്തസഹോദരന് അതു ലഭിച്ചില്ല. സമാനമായി, സ്വാഭാവിക യഹൂദന്മാർ ഒരു ജനതയെന്ന നിലയിൽ ഏശാവിന്റെ അതേ മനോഭാവം പ്രകടമാക്കിയതിനാൽ, അവർക്കു പകരം ആത്മീയ ഇസ്രായേൽ കൂട്ടിച്ചേർക്കപ്പെട്ടു. (റോമർ 9:6-16, 23) ദൈവഭയമുള്ള ഒരു കുടുംബത്തിലോ ചുറ്റുപാടിലോ ആണ് ഒരു വ്യക്തി ജനിച്ചത് എങ്കിൽപ്പോലും, യഹോവയുമായുള്ള നല്ല ബന്ധം ശ്രമം കൂടാതെ പിതൃസ്വത്തായി ലഭിക്കുന്നില്ല. ദിവ്യാനുഗ്രഹങ്ങൾ പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഏവരും ആത്മീയ കാര്യങ്ങളെ യഥാർഥത്തിൽ വിലമതിച്ചുകൊണ്ട് ദൈവിക വ്യക്തിത്വം ഉള്ളവരായിരിക്കാൻ കഠിന ശ്രമം ചെയ്യണം.
ലാബാൻ വരവേൽക്കുന്നു
തന്റെ ബന്ധുക്കളുടെ ഇടയിൽനിന്ന് ഒരു ഭാര്യയെ അന്വേഷിക്കുന്നതിനായി യാക്കോബ് പദ്ദൻ-അരാമിൽ എത്തുമ്പോൾ, അവൻ തന്റെ അമ്മാവനായ ലാബാന്റെ പുത്രി റാഹേലിനെ ഒരു കിണറ്റുകരയിൽ വെച്ച് കണ്ടുമുട്ടുന്നു. അവൾ മേയ്‌ച്ചുകൊണ്ടിരുന്ന മൃഗങ്ങൾക്ക് വെള്ളം കൊടുക്കാൻ കിണറിന്റെ കനമുള്ള കൽമൂടി യാക്കോബ് നീക്കിക്കൊടുത്തു. * യാക്കോബ് വന്ന വിവരം അറിയിക്കാനായി റാഹേൽ വീട്ടിലേക്ക് ഓടി. ലാബാൻ അവനെ കാണാനായി തിടുക്കത്തിൽ പുറപ്പെട്ടു. അബ്രാഹാമിന്റെ ദാസനിൽനിന്ന് തന്റെ കുടുംബത്തിനു ലഭിച്ച സമ്പത്തിനെ കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ലാബാൻ വന്നതെങ്കിൽ അവൻ നിരാശിതനായിട്ടുണ്ട്. വെറുംകൈയോടെയാണ് യാക്കോബ് എത്തിച്ചേർന്നത്. എന്നാൽ തനിക്കു ചൂഷണം ചെയ്യാൻ കഴിയുന്ന ഒന്ന് ലാബാൻ കാണുകതന്നെ ചെയ്‌തു—കഠിനാധ്വാനിയായ ഒരു പണിക്കാരനെ.—ഉല്‌പത്തി 28:1-5; 29:1-14.
യാക്കോബ് തന്റെ കഥ അവരോടു പറഞ്ഞു. ജ്യേഷ്‌ഠാവകാശം നേടിയെടുക്കാൻ പ്രയോഗിച്ച സൂത്രത്തെ കുറിച്ച് അവൻ പറഞ്ഞോ എന്നു വ്യക്തമല്ല, എന്നാൽ “വിവരം ഒക്കെയും” കേട്ടശേഷം, “നീ എന്റെ അസ്ഥിയും മാംസവും തന്നേ” എന്ന് ലാബാൻ പറഞ്ഞു. ഒരു പണ്ഡിതന്റെ അഭിപ്രായത്തിൽ ഈ പ്രസ്‌താവന, കൂടെത്താമസിക്കാനായുള്ള ഒരു ഊഷ്‌മള ക്ഷണമായിരുന്നിരിക്കാം, അതുമല്ലെങ്കിൽ ബന്ധുവെന്ന നിലയിൽ യാക്കോബിനെ സംരക്ഷിക്കാൻ തനിക്കു കടപ്പാടുണ്ടെന്നു ലാബാൻ അംഗീകരിച്ചു പറയുകയായിരുന്നിരിക്കാം. ഏതായാലും, തന്റെ സഹോദരീപുത്രനെ ചൂഷണം ചെയ്യാനുള്ള മാർഗങ്ങൾ ലാബാൻ പെട്ടെന്നുതന്നെ ആലോചിച്ചുതുടങ്ങി.
അടുത്ത 20 വർഷത്തേക്ക് പ്രശ്‌നം സൃഷ്ടിക്കുമായിരുന്ന ഒരു സംഗതി ലാബാൻ എടുത്തിട്ടു. “നീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം?” അവൻ ചോദിച്ചു. ഉദാരമതിയായ അമ്മാവന്റെ ഭാഗം ലാബാൻ നന്നായി അഭിനയിച്ചെങ്കിലും യാക്കോബുമായുള്ള തന്റെ രക്തബന്ധത്തെ അവൻ വെറുമൊരു സേവന കരാറായി തരംതാഴ്‌ത്തിക്കളഞ്ഞു. യാക്കോബ് റാഹേലിൽ അനുരക്തനായിരുന്നതുകൊണ്ട് ഇപ്രകാരം മറുപടി പറഞ്ഞു: “നിന്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം.”—ഉല്‌പത്തി 29:15-20.
വധുവിന്റെ കുടുംബത്തിന് വധുവില കൊടുത്തുകൊണ്ടാണ് വിവാഹനിശ്ചയം നടത്തിയിരുന്നത്. കന്യകയായ യുവതിയെ ഒരു പുരുഷൻ വഷളാക്കിയാൽ കന്യകയ്‌ക്കുള്ള വില 50 ശേക്കെൽ വെള്ളിയായി മോശൈക ന്യായപ്രമാണം പിന്നീടു നിജപ്പെടുത്തുകയുണ്ടായി. ഇതായിരുന്നു “പരമാവധി വിവാഹ സമ്മാനം,” എന്നാൽ പലരും “അതിലും വളരെ കുറച്ചേ” കൊടുത്തിരുന്നുള്ളു എന്നാണ് പണ്ഡിതനായ ഗോർഡൻ വെനാം കരുതുന്നത്. (ആവർത്തനപുസ്‌തകം 22:28, 29) വധുവില പണമായി നൽകാൻ യാക്കോബിന് കഴിയില്ലായിരുന്നു. അവൻ ഏഴു വർഷത്തെ സേവനം ലാബാനു വാഗ്‌ദാനം ചെയ്‌തു. വെനാം ഇങ്ങനെ തുടരുന്നു: “പുരാതന ബാബിലോണിയൻ കാലഘട്ടത്തിൽ കൂലിപ്പണിക്കാർക്ക് അരശേക്കെൽ മുതൽ ഒരു ശേക്കെൽവരെ പ്രതിമാസം കൂലി ലഭിച്ചിരുന്നതിനാൽ, [ഏഴുവർഷംകൊണ്ട് 42 മുതൽ 84 വരെ ശേക്കെൽ] റാഹേലിനെ സ്വന്തമാക്കാൻ യാക്കോബ് ലാബാനു വാഗ്‌ദാനം ചെയ്‌ത വിവാഹ സമ്മാനം വളരെ ഉയർന്ന ഒന്നായിരുന്നു.” ലാബാൻ ഉടനടി അതിനു സമ്മതിച്ചു.—ഉല്‌പത്തി 29:19.
ഏഴുവർഷം “അല്‌പകാലം” പോലെയാണ് യാക്കോബിനു തോന്നിയത്. അവൻ അത്രകണ്ട് റാഹേലിനെ സ്‌നേഹിച്ചിരുന്നു. അതുകഴിഞ്ഞ്, ലാബാന്റെ വഞ്ചനയെ കുറിച്ച് മനസ്സിലാക്കാതെ, മൂടുപടമണിഞ്ഞ തന്റെ ഉല്‌പത്തി 29:20-27) ചതിയിൽ അകപ്പെട്ട് നിസ്സഹായനായി നിന്ന യാക്കോബിന്, റാഹേലിനെ വേണമെന്നുണ്ടെങ്കിൽ ആ നിബന്ധനകൾ അംഗീകരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു.
മണവാട്ടിയെ അവൻ പരിഗ്രഹിച്ചു. എന്നാൽ താൻ ശയിച്ചത് റാഹേലിന്റെ കൂടെയല്ല, മറിച്ച് അവളുടെ സഹോദരി ലേയായുടെ കൂടെയാണ് എന്ന് പിറ്റേന്നു രാവിലെ മനസ്സിലാക്കിയപ്പോൾ യാക്കോബിന് ഉണ്ടായ ഞെട്ടൽ ഒന്നു വിഭാവന ചെയ്‌തുനോക്കൂ! യാക്കോബ് ഇങ്ങനെ ചോദിച്ചു: “നീ എന്നോടു ചെയ്‌തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു?” അപ്പോൾ ലാബാൻ: “മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല. ഇവളുടെ ആഴ്‌ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.” (ആദ്യത്തെ ഏഴു വർഷങ്ങളിൽനിന്നു വ്യത്യസ്‌തമായി അടുത്ത ഏഴു വർഷം കയ്‌പേറിയതായിരുന്നു. ലാബാന്റെ നീച തന്ത്രം യാക്കോബിന് എങ്ങനെ മറക്കാൻ കഴിയുമായിരുന്നു? അതിൽ ഒത്തുകളിച്ച ലേയായെ സംബന്ധിച്ചോ? ലേയായ്‌ക്കും റാഹേലിനും താൻ ഒരുക്കുന്ന പ്രക്ഷുബ്ധകരമായ ഭാവിയെ കുറിച്ച് ലാബാൻ ഒട്ടുംതന്നെ ചിന്തിച്ചില്ല. തൻകാര്യം നേടുകയായിരുന്നു അവനു വലിയത്. ലേയാ തുടർച്ചയായി നാല് ആൺകുട്ടികളെ പ്രസവിക്കുകയും, അതേസമയം റാഹേൽ മച്ചിയായിരിക്കുകയും ചെയ്‌തപ്പോൾ അമർഷത്തോടൊപ്പം അസൂയയും കൈകോർത്തു. കുട്ടികൾക്കായി അതിയായി ആഗ്രഹിച്ച റാഹേൽ അതിന് ഒരു വഴി കണ്ടെത്തി. തനിക്കുവേണ്ടി മക്കളെ ജനിപ്പിക്കാൻ തക്കവണ്ണം തന്റെ ദാസിയെ യാക്കോബിനു ഭാര്യയായി കൊടുക്കുക! ലേയായും വിട്ടുകൊടുത്തില്ല, അവളും അങ്ങനെതന്നെ ചെയ്‌തു. ഒടുവിൽ നാലു ഭാര്യമാരും 12 മക്കളും നിറഞ്ഞ തികച്ചും അസന്തുഷ്ടമായ ഒരു കുടുംബത്തെ യാക്കോബിനു പരിപാലിക്കേണ്ടിവന്നു. എന്നാൽ, യഹോവ യാക്കോബിനെ ഒരു വലിയ ജനതയാക്കുകയായിരുന്നു.—ഉല്‌പത്തി 29:28-30:24.
യഹോവയാൽ സമ്പന്നനാക്കപ്പെടുന്നു
പരിശോധനകൾക്കു മധ്യേയും, വാഗ്‌ദാനം ചെയ്‌തതുപോലെതന്നെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നു എന്ന് യാക്കോബിനു കാണാൻ കഴിഞ്ഞു. ലാബാനും അതു കണ്ടു, കാരണം യാക്കോബ് എത്തിച്ചേർന്ന സമയത്ത് ലാബാന് ഏതാനും കന്നുകാലികൾ മാത്രം ഉണ്ടായിരുന്നിടത്ത് തന്റെ സഹോദരീപുത്രന്റെ പരിപാലനത്തിൻ കീഴിൽ അത് അസംഖ്യമായി പെരുകി. യാക്കോബിനെ വിട്ടയയ്‌ക്കാൻ മനസ്സില്ലാതെ, തുടർന്നുള്ള സേവനത്തിന് ഒരു കൂലി പറയാൻ ലാബാൻ അവനോട് ആവശ്യപ്പെട്ടു. അപ്പോൾ യാക്കോബ്, ലാബാന്റെ ആട്ടിൻ പറ്റത്തിലെ അസാധാരണ നിറമുള്ള ആടുകളെ തനിക്കു തരണമെന്ന് ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് ചെമ്മരിയാടുകൾ സാധാരണമായി വെളുത്തതും കോലാടുകൾ കറുത്തതോ കടും തവിട്ടു നിറമുള്ളതോ ആയിരുന്നെന്നും പുള്ളിയും മറുവുമുള്ളവ തീരെ കുറവായിരുന്നു എന്നും പറയപ്പെടുന്നു. അതുകൊണ്ട് നല്ല ലാഭമായിപ്പോയെന്നു കരുതിയ ലാബാൻ ഉടനടി അതിനു സമ്മതിച്ചു. എന്നിട്ട് പെട്ടെന്നുതന്നെ യാക്കോബിന്റെ പരിപാലനയിലുള്ള തന്റെ ആട്ടിൻ കൂട്ടവുമായി ചേരാതിരിക്കാൻ പുള്ളിയും മറുവുമുള്ളതിനെ ദൂരേക്ക് വേർതിരിച്ചു. ഈ കരാറിൽ നിന്ന് യാക്കോബിനു കാര്യമായ ലാഭമൊന്നും കിട്ടാൻ പോകുന്നില്ല എന്ന് ലാബാൻ കരുതിയിട്ടുണ്ടാവണം. കാരണം പുരാതന നാളുകളിലെ ഇടയന്മാർക്ക് പുതുതായി ഉണ്ടാകുന്ന ആട്ടിൻ കുട്ടികളിൽ 20 ശതമാനത്തെയാണ് സാധാരണഗതിയിൽ കൂലിയായി ലഭിച്ചിരുന്നത്. എന്തായാലും അത്രയും ആടുകളെ താൻ കൊടുക്കേണ്ടിവരില്ലെന്ന് അവന് ഉറപ്പായിരുന്നു. പക്ഷേ ലാബാനു തെറ്റി, എന്തുകൊണ്ടെന്നാൽ യഹോവ യാക്കോബിന്റെ കൂടെയായിരുന്നു.—ഉല്‌പത്തി 30:25-36.
ദിവ്യ മാർഗനിർദേശത്തിൻകീഴിൽ, ആവശ്യമായ നിറങ്ങളും ആരോഗ്യവുമുള്ള ആടുകളെ യാക്കോബ് വളർത്തിയെടുത്തു. (ഉല്‌പത്തി 30:37-42) കന്നുകാലി പ്രജനനത്തെ കുറിച്ചുള്ള യാക്കോബിന്റെ ധാരണകൾ ശരിയല്ലായിരുന്നു. എന്നിരുന്നാലും, “ശാസ്‌ത്രീയമായി പറഞ്ഞാൽ, പുള്ളികൾക്കു കാരണമാകുന്ന അപ്രഭാവിത ജീനുകൾ വഹിക്കുന്ന ഏക വർണ മൃഗങ്ങളുടെ വിജയകരമായ സങ്കരണത്തിലൂടെ ഉദ്ദേശിക്കുന്ന ഫലം കൈവരിക്കാൻ കഴിയും” എന്നും “സങ്കരവീര്യം . . . അത്തരം മൃഗങ്ങളെ തിരിച്ചറിയിക്കുന്നു” എന്നും പണ്ഡിതനായ നാഹും സാർനാ വിശദീകരിക്കുന്നു.
സംഭവിക്കുന്നത് എന്താണെന്നു കണ്ടപ്പോൾ, സഹോദരീപുത്രനു കൊടുക്കാമെന്നേറ്റ—വരയും പുള്ളിയും മറുവുമുള്ള—ആടുകളുടെ കാര്യത്തിൽ ലാബാൻ മാറ്റംവരുത്താൻ ശ്രമിച്ചു. അവൻ സ്വന്തം ലാഭം അന്വേഷിക്കുകയായിരുന്നു. എന്നാൽ അവൻ എങ്ങനെയെല്ലാം കരാർ മാറ്റിമറിച്ചോ അതിലെല്ലാം യാക്കോബിന് അഭിവൃദ്ധിയുണ്ടാകുന്ന തരത്തിൽ യഹോവ എപ്പോഴും കാര്യങ്ങളെ നയിച്ചു. ലാബാനു പല്ലുകടിക്കുകയല്ലാതെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അധികം വൈകാതെ അനവധി സമ്പത്ത്, ആട്ടിൻ പറ്റങ്ങൾ, ദാസീദാസന്മാർ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവ യാക്കോബിനു സമ്പാദിക്കാൻ കഴിഞ്ഞു, സ്വന്തം കഴിവുകൊണ്ടായിരുന്നില്ല മറിച്ച് യഹോവയുടെ പിന്തുണയാൽ. പിന്നീട് അവൻ റാഹേലിനോടും ലേയായോടും ഇങ്ങനെ വിശദീകരിച്ചു: “നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാററി; എങ്കിലും എന്നോടു ദോഷം ചെയ്‌വാൻ ദൈവം അവനെ സമ്മതിച്ചില്ല. . . . ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻകൂട്ടത്തെ എടുത്തു എനിക്കു തന്നിരിക്കുന്നു.” ലാബാൻ ചെയ്‌തതെല്ലാം താൻ കണ്ടിരിക്കുന്നു, എങ്കിലും ഭയപ്പെടേണ്ട എന്ന് യഹോവ അവന് ഉറപ്പു നൽകുകയും ചെയ്‌തു. “നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്കു നന്മ ചെയ്യുമെന്നു” ദൈവം പറഞ്ഞു.—ഉല്‌പത്തി 31:1-13; 32:9.
ഒടുവിൽ, ചതിയനായ ലാബാനിൽ നിന്ന് മോചനംനേടി യാക്കോബ് വീട്ടിലേക്കു തിരിച്ചു. 20 വർഷം കടന്നു പോയിരുന്നെങ്കിലും അവൻ അപ്പോഴും ഏശാവിനെ ഭയന്നു. വിശേഷിച്ചും, നാനൂറ് പേരുമായി ഏശാവ് തന്റെ അടുത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് കേട്ടപ്പോൾ. യാക്കോബിന് ഉല്‌പത്തി 32:2-12.
എന്തുചെയ്യാൻ കഴിയുമായിരുന്നു? എല്ലായ്‌പോഴും ദൈവത്തിൽ ആശ്രയിക്കുന്ന ആത്മീയ മനുഷ്യനായ അവൻ വിശ്വാസത്തോടെ പ്രവർത്തിച്ചു. യഹോവയുടെ ഉദാരതയ്‌ക്ക് താൻ അർഹനല്ലെന്നു തിരുമുമ്പിൽ സമ്മതിച്ചുകൊണ്ട് അവൻ യഹോവയോടു പ്രാർഥിച്ചു, തന്നോടു ചെയ്‌ത വാഗ്‌ദാനത്തെ ഓർത്ത് തന്നെയും തന്റെ കുടുംബത്തെയും ഏശാവിന്റെ കൈയിൽനിന്നു രക്ഷിക്കണമേയെന്ന് അവൻ അഭയയാചന കഴിച്ചു.—പിന്നെ അപ്രതീക്ഷിതമായ ഒരു കാര്യം സംഭവിച്ചു. ഒരു അപരിചിതൻ—പിന്നീട് അവൻ ഒരു ദൈവദൂതനാണെന്നു തെളിയുന്നുണ്ട്—യാക്കോബുമായി രാത്രിയിൽ മൽപ്പിടുത്തം നടത്തുകയും യാക്കോബിന്റെ തുടയുടെ തടം തൊട്ടതുനിമിത്തം അത് ഉളുക്കിപ്പോകുകയും ചെയ്‌തു. തന്നെ അനുഗ്രഹിച്ചിട്ടല്ലാതെ ദൂതനെ വിടുകയില്ലെന്ന് യാക്കോബ് നിർബന്ധംപിടിച്ചു. യാക്കോബ് അനുഗ്രഹത്തിനായി “കരഞ്ഞു അവനോടു അപേക്ഷിച്ചു” എന്ന് പിന്നീട് ഹോശേയ പ്രവാചകൻ പറയുന്നുണ്ട്. (ഹോശേയ 12:2-4; ഉല്‌പത്തി 32:24-29) അബ്രാഹാമിന്റെ സന്തതി മുഖാന്തരമുള്ള അബ്രാഹാമ്യ ഉടമ്പടിയുടെ സാക്ഷാത്‌കാരത്തെ മുൻനിറുത്തിയാണ് മുമ്പ് ദൂതന്മാർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്ന് യാക്കോബിന് അറിയാമായിരുന്നു. അതുകൊണ്ട് അവൻ കഠിന പ്രയത്‌നം ചെയ്‌തുകൊണ്ട് ശക്തിയോടെ ദൂതനുമായി മല്ലുപിടിക്കുകയും അനുഗ്രഹം സമ്പാദിക്കുകയും ചെയ്‌തു. അവിടെ വെച്ച് ദൈവം അവന് ദൈവത്തോടു മല്ലിടുന്നവൻ (അശ്രാന്തപരിശ്രമി) അഥവാ ദൈവം മല്ലിടുന്നു എന്ന് അർഥമുള്ള ഇസ്രായേൽ എന്ന പുതിയ പേര് നൽകി.
മല്ലിടാൻ നിങ്ങൾ ഒരുക്കമാണോ?
ദൂതനുമായുള്ള മൽപ്പിടുത്തവും ഏശാവുമായുള്ള പുനഃസംഗമവും മാത്രമായിരുന്നില്ല യാക്കോബിനു തരണം ചെയ്യേണ്ടി വന്ന പ്രതിസന്ധികൾ. എങ്കിലും, ഇവിടെ പരിചിന്തിച്ച സന്ദർഭങ്ങൾ അവൻ ഏതുതരം മനുഷ്യനായിരുന്നു എന്ന് വരച്ചുകാട്ടുന്നു. ജ്യേഷ്‌ഠാവകാശത്തിനായി ഒരൽപ്പം വിശപ്പു സഹിക്കാൻ പോലും ഏശാവു തയ്യാറാകാഞ്ഞിടത്ത്, അനുഗ്രഹങ്ങൾ പ്രാപിക്കാനായി യാക്കോബ് തന്റെ ആയുഷ്‌കാലം മുഴുവൻ കഠിന പ്രയത്‌നം ചെയ്‌തു, ഒരു ദൂതനോടു മല്ലിട്ടുകൊണ്ടുപോലും. വലിയ ഒരു ജനതയുടെ ജനയിതാവും മിശിഹായുടെ പൂർവപിതാവും ആയിത്തീർന്നുകൊണ്ട്, ദൈവം വാഗ്‌ദാനം ചെയ്‌തതുപോലെതന്നെ യാക്കോബ് ദിവ്യ നടത്തിപ്പും സംരക്ഷണവും ആസ്വദിച്ചു.—മത്തായി 1:2, 16.
യഹോവയുടെ പ്രീതിനേടുന്നതിനായി കഠിന പ്രയത്‌നം ചെയ്യാൻ, പ്രതീകാത്മകമായി മല്ലുപിടിക്കാൻ നിങ്ങൾ തയ്യാറാണോ? ദൈവേഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സംബന്ധിച്ചിടത്തോളം ജീവിതം ഇന്ന് ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞതാണ്. ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിന് ചിലപ്പോഴൊക്കെ കഠിനപ്രയത്‌നം ആവശ്യമാണ്. എന്നിരുന്നാലും, യഹോവ നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന പ്രതിഫലത്തിന്റെ പ്രത്യാശ മുറുകെ പിടിക്കാൻ യാക്കോബിന്റെ ഉത്തമ മാതൃക നമുക്കു ശക്തമായ പ്രചോദനം പകരുന്നു.
[അടിക്കുറിപ്പുകൾ]
^ ഖ. 9 ഈ കൂടിക്കാഴ്‌ച, യാക്കോബിന്റെ അമ്മയായ റിബേക്ക എലീയേസെറിന്റെ ഒട്ടകങ്ങൾക്ക് വെള്ളം കോരിക്കൊടുത്ത സന്ദർഭത്തെ അനുസ്‌മരിപ്പിക്കുന്നു. അപരിചിതന്റെ ആഗമനത്തെ കുറിച്ച് അറിയിക്കാനായി റിബേക്ക വീട്ടിലേക്ക് ഓടി. തന്റെ സഹോദരിക്ക് സമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങൾ കണ്ട ലാബാൻ എലീയേസെറിനെ വരവേൽക്കാനായി ഓടിയെത്തി.—ഉല്‌പത്തി 24:28-31, 53.
[31 -ാം പേജിലെ ചിത്രങ്ങൾ]
അനുഗ്രഹങ്ങൾ പ്രാപിക്കാനായി യാക്കോബ് തന്റെ ആയുഷ്‌കാലം മുഴുവൻ കഠിനമായി യത്‌നിച്ചു