മുമ്പും പിമ്പും—ബൈബിൾ തത്ത്വങ്ങൾ പരിവർത്തനം വരുത്തി
“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും”
മുമ്പും പിമ്പും—ബൈബിൾ തത്ത്വങ്ങൾ പരിവർത്തനം വരുത്തി
യുവാവ് ആയിരിക്കെ ആഡ്രിയന് അങ്ങേയറ്റത്തെ കോപവും അമർഷവും അനുഭവപ്പെട്ടിരുന്നു. പെട്ടെന്നു ക്ഷോഭിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അത് പലപ്പോഴും വലിയ പൊട്ടിത്തെറികൾക്കു കാരണമായി. മദ്യപാനം, പുകവലി, അധാർമികത എന്നിവയെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒരു ‘പങ്ക്’ (അസാധാരണവും ഞെട്ടിക്കുന്നതുമായ വസ്ത്രധാരണവും കേശാലങ്കാരരീതിയും പിൻപറ്റുന്ന ഒരു യുവവ്യക്തി) എന്ന നിലയിലാണ് ആഡ്രിയൻ അറിയപ്പെട്ടിരുന്നത്. അരാജകത്വത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന ഒരു സന്ദേശം അദ്ദേഹം പച്ചകുത്തിയിരുന്നു. ആ വർഷങ്ങളെ കുറിച്ചു വിവരിച്ചുകൊണ്ട് ആഡ്രിയൻ പറയുന്നു: “പരമ്പരാഗത പങ്ക് സ്റ്റൈലിൽ ഞാൻ എന്റെ മുടി മുറിച്ചു. മുടി എഴുന്നു നിൽക്കാനായി ഞാൻ ശക്തിയേറിയ പശ ഉപയോഗിച്ചു. ചിലപ്പോഴൊക്കെ ചെമപ്പോ മറ്റേതെങ്കിലും നിറമോകൊണ്ട് ഞാൻ മുടി ഡൈ ചെയ്യുമായിരുന്നു.” കൂടാതെ, ആഡ്രിയൻ തന്റെ മൂക്കു കുത്തിയിരുന്നു.
മത്സരികളായ മറ്റു ചില യുവാക്കളോടൊപ്പം ആഡ്രിയൻ, ഇടിഞ്ഞുപൊളിഞ്ഞ ഒരു വീട്ടിലേക്കു താമസം മാറ്റി. അവിടെ അവർ മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തു. “ഞാൻ സ്പീഡ് എന്ന ഉത്തേജകമരുന്ന് ഉപയോഗിക്കുകയും എനിക്ക് എളുപ്പം വാങ്ങാൻ കഴിയുമായിരുന്ന, വാലിയം പോലുള്ള മയക്കുമരുന്നുകൾ കുത്തിവെക്കുകയും ചെയ്തിരുന്നു. മയക്കുമരുന്നുകളോ മൂക്കിൽ വലിക്കാനുള്ള പശയോ കിട്ടാതെ വന്നപ്പോൾ ഞാൻ ആളുകളുടെ കാറുകളിൽനിന്ന് പെട്രോൾ ചോർത്തിയെടുത്ത് അതിന്റെ ലഹരി നുകർന്നിരുന്നു,” ആഡ്രിയൻ അനുസ്മരിക്കുന്നു. തെരുവു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരുന്ന ആഡ്രിയൻ ഭയങ്കരനും അങ്ങേയറ്റം അക്രമാസക്തനും ആയിത്തീർന്നു. പൊതുവേ ആളുകൾ അദ്ദേഹവുമായി യാതൊരു ബന്ധത്തിനും ആഗ്രഹിച്ചില്ല. അതേസമയം അദ്ദേഹത്തിന്റെ കുപ്രസിദ്ധി നിമിത്തം ദുഷിച്ച സഹകാരികൾ അദ്ദേഹത്തിലേക്ക് ആകർഷിക്കപ്പെട്ടു.
“കൂട്ടുകാർ” തന്നോടൊപ്പം കൂടിയത് തികച്ചും സ്വാർഥ ലക്ഷ്യങ്ങൾക്കുവേണ്ടി മാത്രമായിരുന്നു എന്ന് ക്രമേണ ആഡ്രിയനു മനസ്സിലായി. മാത്രവുമല്ല, “കോപാവേശവും അക്രമവും യാതൊന്നും നേടിത്തന്നില്ല” എന്ന കാര്യം അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹത്തിന് എന്തെന്നില്ലാത്ത ശൂന്യതാബോധവും നിരാശയും തോന്നി, അങ്ങനെ അദ്ദേഹം തന്റെ കൂട്ടുകാരെ ഉപേക്ഷിച്ചു. ഒരു കെട്ടിട നിർമാണ സ്ഥലത്തുവെച്ച് വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി അദ്ദേഹത്തിനു കിട്ടി. അതിലെ ബൈബിളധിഷ്ഠിത സന്ദേശം അദ്ദേഹത്തെ ആകർഷിച്ചു. ഇത് യഹോവയുടെ സാക്ഷികളുമൊത്തുള്ള ബൈബിൾ പഠനത്തിലേക്കു നയിച്ചു. പിൻവരുന്ന ക്ഷണത്തോട് ആഡ്രിയൻ ഉത്സാഹത്തോടെ പ്രതികരിച്ചു: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” (യാക്കോബ് 4:8) അങ്ങനെ, വിശുദ്ധ തിരുവെഴുത്തുകളിൽ കാണുന്ന തത്ത്വങ്ങൾ പ്രാവർത്തികമാക്കി തുടങ്ങേണ്ടതിന്റെ ആവശ്യം ആഡ്രിയൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.
ബൈബിളിനെ കുറിച്ചുള്ള വർധിച്ചുവരുന്ന പരിജ്ഞാനം ആഡ്രിയന്റെ മനഃസാക്ഷിയിൽ നല്ല ഫലം ഉളവാക്കി, അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചു. മുൻകോപത്തെ കീഴടക്കാനും ആത്മനിയന്ത്രണം നട്ടുവളർത്താനുമുള്ള സഹായം അദ്ദേഹത്തിനു ലഭിച്ചു. ദൈവവചനത്തിന്റെ ശക്തി നിമിത്തം ആഡ്രിയന്റെ വ്യക്തിത്വത്തിൽ വലിയ മാറ്റം ഉണ്ടായി.—എബ്രായർ 4:12.
എന്നിരുന്നാലും ബൈബിളിന് അത്ര ശക്തമായ ഒരു ഫലം ഉളവാക്കാൻ കഴിഞ്ഞത് എങ്ങനെയാണ്? തിരുവെഴുത്തുകളെ കുറിച്ചുള്ള പരിജ്ഞാനം “പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരി”ക്കാൻ നമ്മെ സഹായിക്കുന്നു. (എഫെസ്യർ 4:24) അതേ, ബൈബിളിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മ പരിജ്ഞാനം പ്രാവർത്തികമാക്കുന്നത് നമ്മുടെ വ്യക്തിത്വത്തിനു മാറ്റം വരുത്തുന്നു. എന്നാൽ അത്തരം പരിജ്ഞാനം ആളുകളിൽ പരിവർത്തനം വരുത്തുന്നത് എങ്ങനെയാണ്?
ഒന്നാമതായി, നീക്കം ചെയ്യേണ്ട അഭികാമ്യമല്ലാത്ത വ്യക്തിത്വ സവിശേഷതകളെ ബൈബിൾ തിരിച്ചറിയിക്കുന്നു. (സദൃശവാക്യങ്ങൾ 6:16-19) രണ്ടാമത്, ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഉളവാക്കുന്ന അഭികാമ്യ ഗുണങ്ങൾ പ്രകടിപ്പിക്കാൻ തിരുവെഴുത്തുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം” എന്നിവ ഈ ഗുണങ്ങളിൽ പെടുന്നു.—ഗലാത്യർ 5:22, 23.
ദൈവം ആവശ്യപ്പെടുന്ന സംഗതികൾ സംബന്ധിച്ച ആഴമേറിയ ഗ്രാഹ്യം ആത്മപരിശോധന നടത്തുന്നതിനും താൻ നട്ടുവളർത്തേണ്ടതും യാക്കോബ് 1:22-25) എന്നാൽ അത് തുടക്കം മാത്രമായിരുന്നു. പരിജ്ഞാനത്തിനു പുറമേ പ്രചോദനം ആവശ്യമായിരുന്നു—മാറ്റം വരുത്താനുള്ള ആഗ്രഹം ആഡ്രിയനിൽ ജനിപ്പിക്കുന്ന എന്തോ ഒന്ന്.
നീക്കംചെയ്യേണ്ടതുമായ വ്യക്തിത്വ സവിശേഷതകൾ തിരിച്ചറിയുന്നതിനും ആഡ്രിയനെ സഹായിച്ചു. (അഭികാമ്യമായ പുതിയ വ്യക്തിത്വം, അതിനെ “സൃഷ്ടിച്ചവന്റെ പ്രതിമപ്രകാര”മാണ് രൂപപ്പെടുന്നത് എന്ന് ആഡ്രിയൻ മനസ്സിലാക്കി. (കൊലൊസ്സ്യർ 3:10) ഒരു ക്രിസ്ത്യാനിയുടെ വ്യക്തിത്വം ദൈവത്തിന്റെ സ്വന്തം വ്യക്തിത്വവുമായി സാദൃശ്യത്തിലായിരിക്കണം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. (എഫെസ്യർ 5:1) ബൈബിൾ പഠനത്തിലൂടെ ആഡ്രിയൻ, മനുഷ്യവർഗവുമായുള്ള യഹോവയുടെ ഇടപെടലുകളെ കുറിച്ചു മനസ്സിലാക്കി. കൂടാതെ സ്നേഹം, ദയ, നന്മ, കരുണ, നീതി തുടങ്ങി ദൈവത്തിന്റെ നല്ല ഗുണങ്ങൾ അദ്ദേഹം ശ്രദ്ധിച്ചു. അത്തരം പരിജ്ഞാനം ദൈവത്തെ സ്നേഹിക്കാനും യഹോവ അംഗീകരിക്കുന്നതരം വ്യക്തിയായിത്തീരാൻ കഠിനശ്രമം ചെയ്യാനും ആഡ്രിയനെ പ്രചോദിപ്പിച്ചു.—മത്തായി 22:37
ക്രമേണ, ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ആഡ്രിയന് തന്റെ അക്രമാസക്ത സ്വഭാവം നിയന്ത്രിക്കാൻ കഴിഞ്ഞു. ബൈബിൾ പരിജ്ഞാനത്തിന്റെ സഹായത്തോടെ തങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ ആഡ്രിയനും ഭാര്യയും ഇപ്പോൾ തിരക്കോടെ ഏർപ്പെടുന്നു. “എന്റെ മുൻ സുഹൃത്തുക്കളിൽ പലരും ഇതിനോടകം മൺമറഞ്ഞിരിക്കുന്നു. എന്നാൽ ഞാൻ ഇന്നും ജീവനോടിരിക്കുന്നു, സന്തുഷ്ട കുടുംബജീവിതവും ആസ്വദിക്കുന്നു,” ആഡ്രിയൻ പറയുന്നു. ആളുകളുടെ ജീവിതത്തിൽ മെച്ചപ്പെട്ട പരിവർത്തനം വരുത്താൻ ബൈബിളിനു ശക്തിയുണ്ട് എന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് ആഡ്രിയൻ.
[25 -ാം പേജിലെ ആകർഷക വാക്യം]
“കോപാവേശവും അക്രമവും യാതൊന്നും നേടിത്തന്നില്ല”
[25 -ാം പേജിലെ ചതുരം]
ഫലകരമെന്നു തെളിഞ്ഞ ബൈബിൾ തത്ത്വങ്ങൾ
കോപിഷ്ഠരും അക്രമാസക്തരുമായിരുന്ന അനേകരെ സമാധാനകാംക്ഷികളായിത്തീരാൻ സഹായിച്ച ചില ബൈബിൾ തത്ത്വങ്ങൾ ഇതാ:
“സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ.” (റോമർ 12:18, 19) ആരോട് എപ്പോൾ പ്രതികാരം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം ദൈവത്തിനു വിട്ടുകൊടുക്കുക. വസ്തുതകൾ സംബന്ധിച്ച പൂർണഗ്രാഹ്യത്തോടെ അവന് അതു ചെയ്യാൻ കഴിയും. അവൻ കൈക്കൊള്ളുന്ന ഏതൊരു ശിക്ഷാനടപടിയും അവന്റെ പൂർണമായ നീതിയെ പ്രതിഫലിപ്പിക്കും.
“കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുത്.” (എഫെസ്യർ 4:26, 27) ഒരു വ്യക്തിക്ക് ന്യായമായും കോപം തോന്നിയേക്കാവുന്ന സന്ദർഭങ്ങൾ ഉണ്ടായിരുന്നേക്കാം. അങ്ങനെ സംഭവിക്കുന്നപക്ഷം ആ വ്യക്തി “കോപം വെച്ചുകൊണ്ടിരിക്കരുത്.” എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ തിന്മയായത് എന്തെങ്കിലും ചെയ്യാൻ ഇത് അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം. അങ്ങനെ അദ്ദേഹം ‘പിശാചിന് ഇടം കൊടുക്കുകയും’ യഹോവയാം ദൈവത്തിന്റെ അപ്രീതിക്ക് പാത്രമാകുകയും ചെയ്തേക്കാം.
“കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.” (സങ്കീർത്തനം 37:8) അനിയന്ത്രിത വികാരങ്ങൾ അനിയന്ത്രിത പ്രവൃത്തികളിലേക്കു നയിക്കുന്നു. ഒരു വ്യക്തി ക്രോധത്തിനു വഴങ്ങിക്കൊടുക്കുന്നെങ്കിൽ അവനോ അവളോ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരെയും മുറിപ്പെടുത്തുന്ന എന്തെങ്കിലും പറയാനോ ചെയ്യാനോ സാധ്യതയുണ്ട്.