“വാസ്തവത്തിൽ ദൈവവചനം എത്ര ശക്തമാണ്!”
“വാസ്തവത്തിൽ ദൈവവചനം എത്ര ശക്തമാണ്!”
“ദൈവത്തിന്റെ വചനം ജീവനുള്ളതും ശക്തി ചെലുത്തുന്നതും” ആണ്. (എബ്രായർ 4:12, NW) ദൈവവചനത്തിന്റെ അപ്രതിരോധ്യ ശക്തിക്കു സാക്ഷ്യം നൽകിക്കൊണ്ട്, 2003 യഹോവയുടെ സാക്ഷികളുടെ കലണ്ടറിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആറ് യഥാർഥ ജീവിതകഥകൾ ഉൾക്കൊള്ളിച്ചിരുന്നു. ധാർമികത മെച്ചപ്പെടുത്താനും നാശോന്മുഖ ജീവിതരീതികൾ ഉപേക്ഷിക്കാനും കുടുംബജീവിതത്തെ കരുത്തുറ്റതാക്കാനും ദൈവവുമായി ഒരു വ്യക്തിഗത ബന്ധം കരുപ്പിടിപ്പിക്കാനും യഹോവയുടെ സാക്ഷികളുടെ വിദ്യാഭ്യാസ വേല ആളുകളെ എങ്ങനെ സഹായിക്കുന്നു എന്ന് “മുമ്പും പിമ്പും” എന്ന തലക്കെട്ടിനു കീഴിൽ കലണ്ടർ വ്യക്തമാക്കി.
2003-ലെ കലണ്ടറിനെ വിലമതിച്ചുകൊണ്ടുള്ള പല കത്തുകൾ ലഭിക്കുകയുണ്ടായി. അവയിലെ ചില അഭിപ്രായ പ്രകടനങ്ങൾ ഇതാ:
“തങ്ങളെപ്പോലെതന്നെ വിശ്വാസത്തിനുവേണ്ടി കഠിന പോരാട്ടം നടത്തേണ്ടി വന്നിട്ടുള്ള മറ്റ് ആളുകൾ ഉണ്ടെന്നുള്ളതിന് സത്യക്രിസ്ത്യാനികൾക്ക് ഒരു സാക്ഷ്യമാണ് ഈ കലണ്ടർ. ഇപ്പോൾ അവർക്ക് ചിത്രങ്ങളിൽ നോക്കി ചിലർ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ ഓർമയിലേക്കു കൊണ്ടുവരാൻ കഴിയും.”—സ്റ്റീവെൻ, ഐക്യനാടുകൾ.
“2003-ലെ കലണ്ടർ എത്രമാത്രം എന്റെ ഹൃദയത്തെ സ്പർശിച്ചു എന്ന് നിങ്ങളെ അറിയിക്കാൻ വേണ്ടി ഈ ഏതാനും വാക്കുകൾ എഴുതാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. മുമ്പൊരിക്കലും ഒരു കലണ്ടറിന് എന്റെമേൽ ഇത്രയധികം പ്രഭാവം ഉണ്ടായിരുന്നിട്ടില്ല. വ്യക്തികളുടെമേൽ ബൈബിളിനു ചെലുത്താൻ കഴിയുന്ന സ്വാധീനത്തിന്റെ ശക്തമായ, ജീവിക്കുന്ന തെളിവുകൾ ആളുകൾക്കു കാണിച്ചുകൊടുക്കാൻ എന്റെ സാക്ഷീകരണ ബാഗിൽ ഈ ജീവിതകഥകൾകൂടി ഞാൻ കൊണ്ടുപോകും.”—മാർക്ക്, ബെൽജിയം.
“എന്നെ സംബന്ധിച്ചിടത്തോളം ഈ കലണ്ടർ അങ്ങേയറ്റം ഹൃദയസ്പൃക്കായിരുന്നു. ഈ വ്യക്തികളെ എത്ര അത്ഭുതകരമായി യഹോവ രൂപാന്തരപ്പെടുത്തിയിരിക്കുന്നു എന്ന് കാണുകയും വായിക്കുകയും ചെയ്തപ്പോൾ ഞാൻ വികാരാധീനയായി. തത്ഫലമായി, എന്റെതന്നെ ജീവിതത്തിൽ തുടർന്നും മാറ്റങ്ങൾ വരുത്താൻ ഞാൻ പ്രേരിതയായിരിക്കുന്നു. മുമ്പെന്നത്തെക്കാൾ അധികമായി നമ്മുടെ ലോകവ്യാപക സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നതായി ഇപ്പോൾ എനിക്ക് അനുഭവപ്പെടുന്നു.”—മേരി, ഐക്യനാടുകൾ.
“ജനക്കൂട്ടത്തിന്റെ പരിതാപകരമായ ആത്മീയ അവസ്ഥ കണ്ട് യേശുവിന്റെ മനസ്സലിഞ്ഞു. 2003-ലെ കലണ്ടറിൽ കാണുന്ന ജീവിതകഥകൾ അവതരിപ്പിച്ചുകൊണ്ട് ക്രിസ്തുവിന്റെ മാതൃക അനുകരിക്കുന്നതിന് നിങ്ങൾക്കു നന്ദി. ജീവിതത്തിൽ മുമ്പൊരിക്കലും ഒരു കലണ്ടർ എന്റെ കണ്ണുനിറയാൻ ഇടയാക്കിയിട്ടില്ല.”—കസാൻഡ്ര, ഐക്യനാടുകൾ.
“എനിക്ക് 11 വയസ്സായപ്പോൾ ഞാൻ പുകവലി തുടങ്ങി; പിന്നീട് ഞാൻ മയക്കുമരുന്നുകൾ ഉപയോഗിച്ചു. ജീവനൊടുക്കിയാലോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. ഞാൻ യഹോവയെ അറിയാൻ ഇടയായപ്പോൾ ആ ശീലങ്ങൾ ഉപേക്ഷിക്കാൻ എനിക്കു സഹായം ലഭിച്ചു. ഈ കലണ്ടർ എനിക്കു വളരെ പ്രധാനപ്പെട്ടതാണ്. ലോകമെങ്ങുനിന്നുമുള്ള എന്റെ സഹോദരീസഹോദരന്മാരുടെ ദൃഷ്ടാന്തങ്ങൾ എനിക്കു ശക്തി പകരുന്നു. ഈ പോരാട്ടത്തിൽ ഞാൻ ഒറ്റയ്ക്കല്ല എന്നും യഹോവയോടുള്ള സ്നേഹവും മുഴുഹൃദയത്തോടെയുള്ള ദൈവസേവനവുമാണ് പരമപ്രധാനം എന്നും എനിക്ക് ഇപ്പോൾ അറിയാം.”—മാർഗ്രെറ്റ്, പോളണ്ട്.
“ഹാ, വാസ്തവത്തിൽ ദൈവവചനം എത്ര ശക്തമാണ്! 2003-ലെ കലണ്ടർ ലഭിച്ചപ്പോൾ കരച്ചിൽ അടക്കാൻ ഞാൻ കുറെ പാടുപെട്ടു. ഈ അനുഭവങ്ങളും അവയോടൊപ്പമുള്ള ചിത്രങ്ങളും വിശ്വാസത്തെ വളരെ ബലപ്പെടുത്തുന്നവയാണ്.”—ഡാർലിൻ, ഐക്യനാടുകൾ.
“ഇവരിൽ ചിലരുടെ മുൻകാല ജീവിതരീതി ഞാൻ നയിച്ചിരുന്നതിനോടു വളരെ സമാനമാണ്. കീഴടക്കാൻ പറ്റാത്തതെന്നു തോന്നുന്ന ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ യഹോവ എനിക്കു ശക്തി പകർന്നിരിക്കുന്നു. ഈ യഥാർഥ ജീവിതകഥകൾക്ക് വളരെയധികം നന്ദി.”—വില്യം, ഐക്യനാടുകൾ.