വിശ്വാസത്താൽ ബാരാക്ക് ശക്തമായ ഒരു സൈന്യത്തെ നിലംപരിചാക്കി
വിശ്വാസത്താൽ ബാരാക്ക് ശക്തമായ ഒരു സൈന്യത്തെ നിലംപരിചാക്കി
പിൻവരുന്ന രംഗം മനസ്സിൽ സങ്കൽപ്പിക്കുക. ഒരു വൻ ശത്രുസൈന്യം നിങ്ങളുടെ മുമ്പിൽ അണിനിരന്നിരിക്കുന്നു. അവരുടെ കൈവശം ഏറ്റവും നൂതനമായ പടക്കോപ്പുകളുണ്ട്. അവ ഉപയോഗിക്കാൻ തയ്യാറായാണ് അവരുടെ നിൽപ്പ്. അവരുടെ മുമ്പിൽ നിങ്ങളും കൂട്ടരുമാകട്ടെ, ഏതാണ്ട് നിരായുധരും.
ഇസ്രായേലിലെ ന്യായാധിപന്മാരുടെ കാലത്ത് ബാരാക്കിനും ദെബോരായ്‌ക്കും അവരുടെ 10,000 സഹ ഇസ്രായേല്യർക്കും ഇത്തരമൊരു അനുഭവം ഉണ്ടായി. സീസെര എന്ന സേനാധിപതി നയിച്ച കനാന്യ സൈന്യമായിരുന്നു അവരുടെ ശത്രുക്കൾ. അവരുടെ പടക്കോപ്പുകളിൽ, ചക്രങ്ങളിൽ മാരകമായ ഇരുമ്പ് അരിവാൾ ഘടിപ്പിച്ച രഥങ്ങളുണ്ടായിരുന്നു. താബോർ പർവതവും കീശോൻ തോടും ആയിരുന്നു സംഭവത്തിനു സാക്ഷ്യം വഹിച്ച സ്ഥലങ്ങൾ. അവിടെ നടന്നത്, മാതൃകായോഗ്യമായ വിശ്വാസത്തിന്റെ ഉടമയായി ബാരാക്കിനെ തിരിച്ചറിയിക്കുന്നു. ഈ ഏറ്റുമുട്ടലിലേക്കു നയിച്ച സംഭവങ്ങളെ കുറിച്ചു പരിചിന്തിക്കുക.
ഇസ്രായേൽ യഹോവയോടു നിലവിളിക്കുന്നു
ഇസ്രായേല്യർ നിർമലാരാധന ആവർത്തിച്ച് ഉപേക്ഷിച്ചതിനെയും അത്തരം പ്രവൃത്തികളുടെ വിനാശകമായ പരിണതഫലങ്ങളെയും കുറിച്ച് ന്യായാധിപന്മാരുടെ പുസ്‌തകം നമ്മോടു പറയുന്നു. ഓരോ തവണയും, ദൈവത്തോട് കരുണയ്‌ക്കായി ആത്മാർഥമായി അപേക്ഷിച്ചപ്പോൾ ദൈവം അവർക്കായി ഒരു രക്ഷകനെ നിയമിക്കുകയും അവരെ മോചിപ്പിക്കുകയും ചെയ്‌തു. കുറെ കഴിയുമ്പോൾ പിന്നെയും അവർ മത്സരികളായിത്തീരുമായിരുന്നു. അവരുടെ ഈ സ്വഭാവത്തിനു ചേർച്ചയിൽ, “ഏഹൂദ് [അവരെ മോവാബ്യരുടെ അടിച്ചമർത്തലിൽനിന്നു രക്ഷിച്ച ഒരു ന്യായാധിപൻ] മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌തു.” വാസ്‌തവത്തിൽ, “അവർ നൂതനദേവന്മാരെ വരിച്ചു.” എന്തായിരുന്നു ഫലം? “യഹോവ അവരെ ഹാസോരിൽ വാണ കനാന്യരാജാവായ യാബീന്നു വിററുകളഞ്ഞു; അവന്റെ സേനാപതി . . . സീസെരാ ആയിരുന്നു. അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവൻ യിസ്രായേൽമക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.”—ന്യായാധിപന്മാർ 4:1-3; 5:8.
അന്നത്തെ ഇസ്രായേലിലെ ജീവിതത്തെ കുറിച്ച് തിരുവെഴുത്തുകൾ ഇപ്രകാരം പറയുന്നു: “[ആ കാലത്ത്] പാതകൾ ശൂന്യമായി. വഴിപോക്കർ വളഞ്ഞ വഴികളിൽ നടന്നു. . . . നായകന്മാർ യിസ്രായേലിൽ അശേഷം അററു പോയിരുന്നു [“തുറസ്സായ സ്ഥലങ്ങളിൽ നിവാസികൾ ഇല്ലാതെയായി,” NW]” (ന്യായാധിപന്മാർ 5:6, 7) കൊള്ളയടിക്കാനായി രഥങ്ങളിൽ ചുറ്റിത്തിരിയുന്നവർ ആളുകളിൽ ഭീതി പരത്തി. “ഇസ്രായേലിലെ ജനജീവിതം ഭയം നിറഞ്ഞതായിരുന്നു” എന്ന് ഒരു പണ്ഡിതൻ പറയുന്നു. “മുഴുസമൂഹവും ശക്തി ക്ഷയിച്ച് നിസ്സഹായാവസ്ഥയിൽ കാണപ്പെട്ടു.” ആത്മവീര്യം ചോർന്നുപോയ ഇസ്രായേല്യർ തങ്ങൾ മുമ്പു പലപ്പോഴും ചെയ്‌തിരുന്നതുപോലെ സഹായത്തിനായി യഹോവയെ വിളിച്ചപേക്ഷിച്ചു.
യഹോവ ഒരു നായകനെ നിയമിക്കുന്നു
കനാന്യരുടെ അടിച്ചമർത്തൽ ഇസ്രായേല്യർക്ക് ദേശീയ പ്രതിസന്ധിയുടെ നാളുകൾ ആയിത്തീർന്നു. ദൈവം തന്റെ ന്യായത്തീർപ്പുകളും നിർദേശങ്ങളും അറിയിക്കാൻ പ്രവാചകിയായ ദെബോരായെ ഉപയോഗിച്ചു. അങ്ങനെ ഇസ്രായേലിൽ ഒരു ആലങ്കാരിക മാതാവായി വർത്തിക്കാനുള്ള പദവി യഹോവ അവൾക്കു നൽകി.—ന്യായാധിപന്മാർ 4:4; 5:7.
ദെബോരാ ബാരാക്കിനെ വിളിപ്പിച്ച് അവനോട് ഇങ്ങനെ പറഞ്ഞു: “നീ പുറപ്പെട്ടു താബോർപർവ്വതത്തിൽ ചെന്നു നഫ്‌താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊൾക; ഞാൻ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻതോട്ടിന്നരികെ നിന്റെ അടുക്കൽ കൊണ്ടുവന്നു നിന്റെ കയ്യിൽ ഏല്‌പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു ന്യായാധിപന്മാർ 4:6, 7) “യഹോവ നിന്നോടു കല്‌പിക്കുന്നു” എന്നു പറഞ്ഞുകൊണ്ട്, തനിക്ക് ബാരാക്കിന്റെമേൽ വ്യക്തിപരമായ യാതൊരു അധികാരവുമില്ല എന്നു ദെബോരാ വ്യക്തമാക്കി. ഒരു ദിവ്യ കൽപ്പന അറിയിക്കാനുള്ള സരണിയായി മാത്രമാണ് അവൾ പ്രവർത്തിച്ചത്. ബാരാക്കിന്റെ പ്രതികരണം എന്തായിരുന്നു?
കല്‌പിക്കുന്നു.” (“നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല” എന്നു ബാരാക്ക് പറഞ്ഞു. (ന്യായാധിപന്മാർ 4:8) ദൈവത്താൽ ലഭിച്ച ഒരു ഉത്തരവാദിത്വം സ്വീകരിക്കുന്നതിൽ ബാരാക്ക് മടിച്ചുനിന്നത് എന്തുകൊണ്ടായിരുന്നു? അവൻ ഭീരുത്വം കാണിക്കുകയായിരുന്നോ? ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ അവന് ആശ്രയം കുറവായിരുന്നോ? അങ്ങനെയായിരുന്നില്ല. ബാരാക്ക് തന്റെ നിയമനത്തെ നിരാകരിച്ചില്ല, യഹോവയെ അനുസരിക്കാതിരുന്നുമില്ല. മറിച്ച്, യഹോവയുടെ ആജ്ഞ തനിയെ നിറവേറ്റാനുള്ള കഴിവു തനിക്കില്ല എന്നുള്ള മനോഭാവമാണ് അവന്റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. ദൈവത്തിന്റെ പ്രതിനിധിയുടെ സാന്നിധ്യം ദിവ്യ മാർഗനിർദേശം ഉറപ്പുവരുത്തുകയും അവനിലും അവന്റെ ആളുകളിലും ആത്മവിശ്വാസം നിറയ്‌ക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട്, ബലഹീനതയുടെ ഒരു ലക്ഷണമല്ല മറിച്ച് ശക്തമായ വിശ്വാസത്തിന്റെ അനുരണനമായിരുന്നു ബാരാക്കിന്റെ വാക്കുകൾ.
ബാരാക്ക് പ്രതികരിച്ച വിധം മോശെ, ഗിദെയോൻ, യിരെമ്യാവ് എന്നിവരുടേതിനോടു താരതമ്യപ്പെടുത്താവുന്നതാണ്. ഈ പുരുഷന്മാർക്കും ദൈവദത്ത നിയോഗങ്ങൾ നിറവേറ്റുന്നതിനുള്ള തങ്ങളുടെ കഴിവിൽ വിശ്വാസം കുറവായിരുന്നു. എന്നാൽ, ഈ കാരണംകൊണ്ട് അവരെ വിശ്വസ്‌തത കുറഞ്ഞവരായി കണക്കാക്കിയില്ല. (പുറപ്പാടു 3:11-4:17; 33:12-17; ന്യായാധിപന്മാർ 6:11-22, 36-40; യിരെമ്യാവു 1:4-10) ദെബോരായുടെ മനോഭാവം സംബന്ധിച്ച് എന്തു പറയാൻ കഴിയും? അവൾ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചില്ല. പകരം, യഹോവയുടെ വിനയമുള്ള ഒരു ദാസിയായി നിലകൊണ്ടു. “ഞാൻ നിന്നോടുകൂടെ പോരാം” എന്ന് അവൾ ബാരാക്കിനോടു പറഞ്ഞു. (ന്യായാധിപന്മാർ 4:9) വളരെയേറെ സുരക്ഷിതത്വം നൽകുന്ന അവളുടെ ഭവനം ഉപേക്ഷിച്ച് ബാരാക്കിനോടൊപ്പം ആസന്നമായിരിക്കുന്ന യുദ്ധത്തിനു പുറപ്പെടാൻ അവൾ ഒരുക്കമായിരുന്നു. ദെബോരായും വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ഉത്തമ മാതൃകവെച്ചു.
വിശ്വാസത്താൽ അവർ ബാരാക്കിനെ അനുഗമിക്കുന്നു
ഇസ്രായേല്യരുടെ സൈന്യം സംഗമിക്കേണ്ടിയിരുന്നത് തല ഉയർത്തിനിൽക്കുന്ന താബോർ പർവതത്തിലായിരുന്നു. ഈ സ്ഥലം തികച്ചും അനുയോജ്യമായിരുന്നു. സമീപപ്രദേശങ്ങളിൽ വസിച്ചിരുന്ന നഫ്‌താലി, സെബൂലൂൻ ഗോത്രങ്ങൾക്ക് ഒത്തുകൂടാൻ പറ്റിയ ഇടമായിരുന്നു ഇത്. അങ്ങനെ, ദൈവം കൽപ്പിച്ചിരുന്നതുപോലെ സ്വമനസ്സാലെ വന്ന പതിനായിരം പുരുഷന്മാരും പിന്നെ ദെബോരായും ഈ പർവത മുകളിലേക്ക് ബാരാക്കിനെ അനുഗമിച്ചു.
ബാരാക്കിന്റെ കൂടെ പോയ എല്ലാവർക്കും വിശ്വാസം ആവശ്യമായിരുന്നു. കനാന്യരുടെമേൽ വിജയം വരിക്കുമെന്ന് യഹോവ ബാരാക്കിനോടു പറഞ്ഞിരുന്നു. എന്നാൽ ഇസ്രായേല്യരുടെ കൈവശം എന്ത് യുദ്ധായുധങ്ങളാണ് ഉണ്ടായിരുന്നത്? ന്യായാധിപന്മാർ 5:8 ഇപ്രകാരം പറയുന്നു: “യിസ്രായേലിന്റെ നാല്‌പതിനായിരത്തിൻ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല.” ഇസ്രായേല്യരുടെ പക്കൽ കാര്യമായി ആയുധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇനി ഉണ്ടെങ്കിൽപ്പോലും, ഇരിമ്പ് അരിവാൾ പിടിപ്പിച്ച യുദ്ധരഥങ്ങളുടെ മുന്നിൽ പരിചയും കുന്തവുമെല്ലാം വളരെ നിസ്സാരം. ബാരാക്ക് താബോർ പർവതത്തിൽ കയറിയിരിക്കുന്നു എന്ന് അറിവു കിട്ടിയ സീസെര, ഉടൻതന്നെ തന്റെ സകല യുദ്ധരഥങ്ങളെയും സൈന്യത്തെയും കീശോൻ തോടിനരികെ വിളിച്ചുകൂട്ടി. (ന്യായാധിപന്മാർ 4:12, 13) എന്നാൽ, താൻ പോരാടാൻ പോകുന്നത് സർവശക്തനായ ദൈവത്തോടാണെന്നു മനസ്സിലാക്കാൻ സീസെര പരാജയപ്പെട്ടു.
ബാരാക്ക് സീസെരയുടെ സൈന്യത്തെ നിലംപരിചാക്കുന്നു
ഏറ്റുമുട്ടലിന്റെ സമയം ആഗതമായി. അപ്പോൾ, ദെബോരാ ബാരാക്കിനോട് ഇങ്ങനെ പറഞ്ഞു: “പുറപ്പെട്ടുചെല്ലുക; യഹോവ ഇന്നു സീസെരയെ നിന്റെ കയ്യിൽ ഏല്‌പിച്ചിരിക്കുന്നു; യഹോവ നിനക്കുമുമ്പായി പുറപ്പെട്ടിരിക്കുന്നു.” ബാരാക്കിനും അവന്റെ പതിനായിരം പുരുഷന്മാർക്കും താബോർ പർവതത്തിന്റെ മുകളിൽനിന്ന് താഴ്‌വരയിലേക്ക് ഇറങ്ങിച്ചെല്ലണമായിരുന്നു. എന്നാൽ അത് സീസെരയുടെ രഥങ്ങൾക്ക് ശത്രുസംഹാരം നടത്താൻ പറ്റിയ തന്ത്രപ്രധാനമായ ഒരു സ്ഥലമായിരുന്നു. ബാരാക്കിന്റെ സൈന്യത്തിൽ നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക് എന്തു തോന്നുമായിരുന്നു? യഹോവയിൽ നിന്നാണു നിർദേശം വന്നിരിക്കുന്നത് എന്ന് ഓർത്തുകൊണ്ട് നിങ്ങൾ യാതൊരു മടിയും കൂടാതെ ന്യായാധിപന്മാർ 4:14, 15.
അനുസരിക്കുമായിരുന്നോ? ബാരാക്കും അവന്റെ കൂടെയുള്ള പതിനായിരം പുരുഷന്മാരും അനുസരിച്ചു. “യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പിൽ വാളിന്റെ വായ്‌ത്തലയാൽ തോല്‌പിച്ചു.”—യഹോവയുടെ പിന്തുണയാൽ ബാരാക്ക് സീസെരയുടെ സൈന്യത്തെ നിലംപരിചാക്കി. അവിടെ സംഭവിച്ചതെല്ലാം യുദ്ധവിവരണം വിശദീകരിക്കുന്നില്ല. എന്നിരുന്നാലും, ബാരാക്കും ദെബോരായും ആലപിച്ച ജയഗീതത്തിൽ, “ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു” എന്ന് നാം കാണുന്നു. അവിടെ വലിയ കാറ്റും പേമാരിയും ഉണ്ടാകുകയും സീസെരയുടെ രഥങ്ങൾ ചെളിയിൽ ആണ്ടുപോകുകയും ചെയ്‌തിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇതു ബാരാക്കിന് പറ്റിയ അവസരം നൽകി. കനാന്യരുടെ മുഖ്യ ആക്രമണായുധമായ രഥങ്ങൾ അങ്ങനെ അവർക്കുതന്നെ ഒരു ഭാരമായി മാറി. സീസെരയുടെ പടയാളികളുടെ മൃതശരീരങ്ങളെ കുറിച്ചോ? ജയഗീതം ഇങ്ങനെ പറയുന്നു: “കീശോൻതോടു തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി.”—ന്യായാധിപന്മാർ 5:4, 21.
ഈ സംഭവം വിശ്വസനീയമാണോ? കീശോൻ തോട് ഒരു നീർച്ചാലിന്റെ തടമാണ്. അതിൽ നീരൊഴുക്ക് സാധാരണ ഗതിയിൽ തീർത്തും കുറവാണ്. എന്നാൽ പേമാരിയോ നീണ്ട മഴയോ പെയ്‌തുകഴിഞ്ഞാൽ ഇത്തരം നീർച്ചാലുകൾ പെട്ടെന്ന് കുത്തിയൊലിച്ചൊഴുകുന്ന അപകടകരമായ വെള്ളപ്പാച്ചിലായിത്തീരാൻ സാധ്യതയുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ സ്ഥലത്ത് വെറും 15 മിനിട്ടുനേരം മഴപെയ്‌തപ്പോഴേക്കും ഇവിടത്തെ കനത്ത കളിമണ്ണ് കുതിരപ്പടയുടെ മുമ്പോട്ടുള്ള എല്ലാ നീക്കത്തെയും അപകടത്തിലാക്കിയതായി പറയപ്പെടുന്നു. 1799 ഏപ്രിൽ 16-ന് നെപ്പോളിയനും തുർക്കികളും തമ്മിൽ താബോർ പർവതത്തിങ്കൽ വെച്ചുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ചുള്ള വിവരണങ്ങൾ പറയുന്നത് “കീശോൻ തോട്ടിലെ വെള്ളം മൂടിക്കിടന്ന ഒരു സമതലപ്രദേശം കുറുകെ കടന്നു രക്ഷപ്പെടാൻ ശ്രമിച്ച തുർക്കികളിൽ പലരും മുങ്ങിമരിച്ചു” എന്നാണ്.
യഹൂദ ചരിത്രകാരനായ ഫ്‌ളേവിയസ് ജോസീഫസിന്റെ അഭിപ്രായമനുസരിച്ച് സീസെരയുടെയും ബാരാക്കിന്റെയും സൈന്യങ്ങൾ ഏറ്റുമുട്ടാറായപ്പോഴേക്കും “ആകാശത്തുനിന്ന് വലിയ കൊടുങ്കാറ്റും മഴയും വന്നു, കോരിച്ചൊരിയുന്ന മഴയോടൊപ്പം ആലിപ്പഴവും. കനാന്യരുടെ വശത്തേക്ക് കാറ്റ് മഴയെ അടിച്ചുകയറ്റി. ഇത് അവരുടെ കാഴ്‌ചയ്‌ക്കു തടസ്സം സൃഷ്ടിച്ചു. അങ്ങനെ അവരുടെ അമ്പും കവിണയും അവർക്ക് ഒരു പ്രയോജനവും ചെയ്‌തില്ല.”
“ആകാശത്തുനിന്നു നക്ഷത്രങ്ങൾ പൊരുതു. അവ സീസെരയുമായി സ്വഗതികളിൽ പൊരുതു” എന്ന് ന്യായാധിപന്മാർ 5:20 പറയുന്നു. നക്ഷത്രങ്ങൾ എങ്ങനെയാണ് സീസെരയുമായി പൊരുതിയത്? ഇത് ദിവ്യസഹായത്തെ കുറിക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. മറ്റു ചിലരുടെ അഭിപ്രായം ഇത് ദൂത സഹായത്തെയോ ഉൽക്കാവർഷത്തെയോ സീസെര ആശ്രയം വെച്ച ജ്യോതിഷ പ്രവചനങ്ങൾ ഫലിക്കാതെ പോയതിനെയോ കുറിക്കുന്നു എന്നാണ്. നക്ഷത്രങ്ങൾ ഈ യുദ്ധത്തിൽ പൊരുതിയത് എങ്ങനെയാണ് എന്നതിനു ബൈബിൾ വിശദീകരണങ്ങൾ ഒന്നും നൽകുന്നില്ലാത്തതിനാൽ, ഇസ്രായേൽ സൈന്യത്തിനുവേണ്ടി ഏതെങ്കിലും തരത്തിലുള്ള ദിവ്യ ഇടപെടൽ ഉണ്ടായതിനെയായിരിക്കാം ഇതു സൂചിപ്പിക്കുന്നത്. എന്തായിരുന്നാലും, ഇസ്രായേല്യർ ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തി. “ബാരാക്കു രഥങ്ങളെയും സൈന്യത്തെയും ജാതികളുടെ ഹരോശെത്ത്‌വരെ ഓടിച്ചു സീസെരയുടെ സൈന്യമൊക്കെയും വാളിന്റെ വായ്‌ത്തലയാൽ വീണു; ഒരുത്തനും ശേഷിച്ചില്ല.” (ന്യായാധിപന്മാർ 4:16) സേനാധിപതിയായ സീസെരയ്‌ക്ക് എന്തു സംഭവിച്ചു?
മർദകൻ “ഒരു സ്‌ത്രീയുടെ കയ്യിൽ” ചെന്നുപെടുന്നു
“എന്നാൽ സീസെരാ” ബൈബിൾ വിവരണം പറയുന്നു. “[യുദ്ധം ഉപേക്ഷിച്ച്] കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കു ഓടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോർ രാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നു.” ക്ഷീണിതനായ സീസെരയെ യായേൽ തന്റെ കൂടാരത്തിലേക്കു ക്ഷണിച്ചു. അവന് കുടിക്കാൻ പാൽകൊടുത്തു, അവനെ മുടിപ്പുതപ്പിച്ചു കിടത്തി. അങ്ങനെ അവൻ ഉറങ്ങിപ്പോയി. അപ്പോൾ യായേൽ “കൂടാരത്തിന്റെ ഒരു കുററി എടുത്തു കയ്യിൽ ചുററികയും പിടിച്ചു.” ഇവ കൂടാരവാസികൾ സ്ഥിരമായി ഉപയോഗിക്കുന്നതായിരുന്നു. എന്നിട്ട് അവൾ “പതുക്കെ അവന്റെ അടുക്കൽ ചെന്നു കുററി അവന്റെ ചെന്നിയിൽ തറെച്ചു; ന്യായാധിപന്മാർ 4:17-21.
അതു നിലത്തു ചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവൻ ബോധംകെട്ടു മരിച്ചുപോയി.”—യായേൽ പുറത്തുവന്നു ബാരാക്കിനെ എതിരേറ്റ് അവനോട് ഇങ്ങനെ പറഞ്ഞു: “വരിക, നീ അന്വേഷിക്കുന്ന ആളെ ഞാൻ കാണിച്ചുതരാം.” വിവരണം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു, “അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ സീസെരാ ചെന്നിയിൽ കുററിയുമായി മരിച്ചുകിടക്കുന്നതു കണ്ടു.” ഈ അനുഭവം ബാരാക്കിന്റെ വിശ്വാസത്തെ എത്രമാത്രം ശക്തിപ്പെടുത്തിയിരിക്കണം! മുമ്പ് പ്രവാചകിയായ ദെബോരാ അവനോട് ഇപ്രകാരം പറഞ്ഞിരുന്നു: “നീ പോകുന്ന യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്‌ത്രീയുടെ കയ്യിൽ ഏല്‌പിച്ചുകൊടുക്കും.”—ന്യായാധിപന്മാർ 4:9, 22.
യായേലിന്റെ പ്രവൃത്തിയെ ചതി എന്നു വിളിക്കാൻ കഴിയുമോ? യഹോവ അതിനെ അത്തരത്തിൽ വീക്ഷിച്ചില്ല. “കൂടാരവാസിനീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ” എന്ന് ജയഗീതത്തിൽ ബാരാക്കും ദെബോരായും അവളെ കുറിച്ചു പാടി. സീസെരയുടെ മരണം സംബന്ധിച്ച് ശരിയായ വീക്ഷണം ഉണ്ടായിരിക്കാൻ ഈ ഗീതം സഹായിക്കുന്നു. അവന്റെ അമ്മ യുദ്ധം കഴിഞ്ഞുള്ള അവന്റെ മടങ്ങിവരവും കാത്ത് ഉത്‌കണ്‌ഠയോടെ ഇരിക്കുന്നതായി ജയഗീതത്തിൽ ചിത്രീകരിച്ചിരിക്കുന്നു. “അവന്റെ തേർ വരുവാൻ വൈകുന്നതു എന്തു?” അവൾ ചോദിക്കുന്നു. അവൻ കൊള്ള—മനോഹരമായി ചിത്രത്തയ്യൽ തീർത്ത അങ്കികളും പെണ്ണുങ്ങളെയും—പങ്കിടുകയായിരിക്കും എന്നു പറഞ്ഞ് “ജ്ഞാനമേറിയ നായകിമാർ” അവളുടെ ഭയം അലിയിക്കുവാൻ ശ്രമിക്കുന്നു. അവർ ഇങ്ങനെ പറയുന്നു: “കിട്ടിയ കൊള്ള അവർ പങ്കിടുകയല്ലെയോ? ഓരോ പുരുഷന്നു ഒന്നും രണ്ടും പെണ്ണുങ്ങൾ, സീസെരെക്കു കൊള്ള വിചിത്രവസ്‌ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തിൽ വിചിത്രശീല ഈരണ്ടു കാണും.”—ന്യായാധിപന്മാർ 5:24, 28-30.
നമുക്കുള്ള പാഠങ്ങൾ
ബാരാക്കിന്റെ വിവരണം നമ്മെ ചില സുപ്രധാന പാഠങ്ങൾ പഠിപ്പിക്കുന്നു. യഹോവയെ തങ്ങളുടെ ജീവിതത്തിൽനിന്നു പുറംതള്ളുന്ന ഏവർക്കും പ്രശ്‌നങ്ങളും നിരാശയും തീർച്ചയായും ഉണ്ടാകും. അനുതപിച്ച് ദൈവത്തിലേക്കു തിരിഞ്ഞ് അവനിൽ വിശ്വാസം പ്രകടമാക്കുന്നവർക്ക് തങ്ങൾ അനുഭവിക്കുന്ന വിവിധതരം പീഡനങ്ങളിൽനിന്നുള്ള മോചനം സാധ്യമാണ്. മാത്രമല്ല, നാം അനുസരണശീലവും വളർത്തിയെടുക്കേണ്ടതല്ലേ? ദൈവം നമ്മോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ മനുഷ്യന്റെ യുക്തിക്കു നിരക്കാത്തതായി തോന്നിയാൽപ്പോലും, അവന്റെ നിർദേശങ്ങൾ എല്ലായ്‌പോഴും നമ്മുടെ നിത്യനന്മയ്‌ക്കുള്ളതാണ് എന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും. (യെശയ്യാവു 48:17, 18) യഹോവയിൽ വിശ്വാസം അർപ്പിക്കുകയും ദിവ്യ മാർഗനിർദേശങ്ങൾ അനുസരിക്കുകയും ചെയ്‌തതുകൊണ്ടു മാത്രമാണ് ബാരാക്കിന് ‘അന്യന്മാരുടെ സൈന്യങ്ങളെ ഓടിക്കാൻ [“നിലംപരിചാക്കാൻ,” NW]’ കഴിഞ്ഞത്.—എബ്രായർ 11:32-34.
ദെബോരായുടെയും ബാരാക്കിന്റെയും ജയഗീതത്തിന്റെ ഹൃദയസ്‌പർശിയായ അവസാന വരികൾ ശ്രദ്ധിക്കുക: “യഹോവേ, നിന്റെ ശത്രുക്കൾ ഒക്കെയും ഇവ്വണ്ണം നശിക്കട്ടെ. അവനെ സ്‌നേഹിക്കുന്നവരോ സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ.” (ന്യായാധിപന്മാർ 5:31) സാത്താന്റെ ദുഷ്ട ലോകത്തിന് യഹോവ അന്ത്യം വരുത്തുമ്പോൾ ഈ വാക്കുകൾ എത്ര സത്യമെന്നു തെളിയും!
[29 -ാം പേജിലെ ചിത്രം]
ബാരാക്കിനോട് ആജ്ഞാപിക്കാൻ യഹോവ ദെബോരായെ ഉപയോഗിച്ചു
[31 -ാം പേജിലെ ചിത്രം]
കീശോൻ നദി കരകവിഞ്ഞൊഴുകുന്നു
[കടപ്പാട്]
Pictorial Archive (Near Eastern History) Est.
[31 -ാം പേജിലെ ചിത്രം]
താബോർ പർവതം