‘ഞാൻ യഹോവയ്ക്ക് എന്തു പകരം കൊടുക്കും?’
ജീവിത കഥ
‘ഞാൻ യഹോവയ്ക്ക് എന്തു പകരം കൊടുക്കും?’
മാരീയാ കെരാസീനിസ് പറഞ്ഞപ്രകാരം
പതിനെട്ടാം വയസ്സിൽ, മാതാപിതാക്കൾക്ക് ഞാൻ അപമാനവും നിരാശയും വരുത്തിവെച്ചു, കുടുംബാംഗങ്ങൾ എന്നെ ഒറ്റപ്പെടുത്തി, അതുപോലെ ഞാൻ ഗ്രാമവാസികളുടെ പരിഹാസപാത്രവുമായി. ദൈവത്തോടുള്ള എന്റെ ദൃഢവിശ്വസ്തത തകർക്കാൻ അഭ്യർഥനകളും ബലപ്രയോഗവും ഭീഷണികളും ഉണ്ടായെങ്കിലും അതൊന്നും ഫലിച്ചില്ല. ബൈബിൾ സത്യത്തോട് വിശ്വസ്തതയോടെ പറ്റിനിന്നാൽ ആത്മീയ അനുഗ്രഹങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. യഹോവയെ സേവിച്ച 50-ലധികം വർഷത്തേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് സങ്കീർത്തനക്കാരന്റെ വാക്കുകൾ ആവർത്തിക്കാനേ കഴിയൂ: “യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?”—സങ്കീർത്തനം 116:12.
കൊരിന്ത് കരയിടുക്കിന്റെ കിഴക്കുള്ള കെംക്രെയ തുറമുഖത്തുനിന്നും ഏതാണ്ട് 20 കിലോമീറ്റർ അകലെയുള്ള ആങ്കെലോകാസ്ട്രോ എന്ന ഗ്രാമത്തിൽ 1930-ലാണ് ഞാൻ ജനിച്ചത്. ഒന്നാം നൂറ്റാണ്ടിൽ സത്യക്രിസ്ത്യാനികളുടെ ഒരു സഭ കെംക്രയയിൽ ഉണ്ടായിരുന്നു.—പ്രവൃത്തികൾ 18:18; റോമർ 16:1.
സമാധാനപൂർണമായ ഒരു കുടുംബജീവിതമായിരുന്നു ഞങ്ങളുടേത്. പിതാവ് ഗ്രാമമുഖ്യനായിരുന്നു, ആളുകൾ അദ്ദേഹത്തെ വളരെയേറെ ആദരിച്ചിരുന്നു. അഞ്ചു മക്കളിൽ മൂന്നാമത്തേതായിരുന്നു ഞാൻ. ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ അതിഭക്തരായ അംഗങ്ങളായാണ് മാതാപിതാക്കൾ ഞങ്ങളെ വളർത്തിക്കൊണ്ടുവന്നത്. ഞായറാഴ്ചതോറും ഞാൻ കുർബാന കൈക്കൊള്ളുമായിരുന്നു. കൂടാതെ, പ്രതിരൂപങ്ങളുടെ മുമ്പിൽ കുറ്റങ്ങൾ ഏറ്റുപറഞ്ഞ് ക്ഷമ യാചിക്കുകയും ഗ്രാമങ്ങളിലെ കുരിശുപള്ളികളിൽ തിരി കത്തിക്കുകയും നോമ്പുകളെല്ലാം നോൽക്കുകയും ചെയ്തിരുന്നു. ഒരു കന്യാസ്ത്രീ ആകുന്നതിനെ കുറിച്ച് പലപ്പോഴും ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ കാലം കടന്നുപോയപ്പോൾ, മാതാപിതാക്കളെ നിരാശപ്പെടുത്തിയ കുടുംബത്തിലെ ആദ്യ വ്യക്തിയായിത്തീർന്നു ഞാൻ.
ബൈബിൾ സത്യം എന്നെ പുളകിതയാക്കുന്നു
എനിക്ക് ഏകദേശം 18 വയസ്സുള്ളപ്പോൾ, അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന, ചേച്ചിയുടെ ഭർത്താവിന്റെ സഹോദരിയായ കാറ്റീനാ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നുണ്ടെന്നും അവൾ പള്ളിയിൽ പോകുന്നതു നിറുത്തിയെന്നും ഞാൻ അറിയാനിടയായി. ഇത് എന്നെ വളരെ വേദനിപ്പിച്ചു. അതുകൊണ്ട്, ശരിയെന്നു ഞാൻ കരുതിയ വഴിയിലേക്കു തിരിച്ചുവരാൻ അവളെ സഹായിക്കുന്നതിനു ഞാൻ തീരുമാനിച്ചു. അങ്ങനെ, അവൾ എന്നെ കാണാൻ വന്നപ്പോൾ, ഒന്നു നടക്കാൻ പോകാനുള്ള ക്രമീകരണം ഞാൻ ചെയ്തു. പുരോഹിതന്റെ വീട്ടിലൊന്നു കയറണമെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു അത്. കാറ്റീനായെ വഴിതെറ്റിച്ച മത നിഷേധികൾ എന്നും മറ്റും യഹോവയുടെ സാക്ഷികളെ വിളിച്ചുകൊണ്ട് പുരോഹിതൻ അവർക്കെതിരെയുള്ള ശകാരവർഷത്തോടെയാണ് സംഭാഷണം തുടങ്ങിയത്. തുടർച്ചയായി മൂന്നു രാത്രി ചർച്ച നടന്നു. നന്നായി തയ്യാറായ ബൈബിൾ വാദമുഖങ്ങൾ ഉപയോഗിച്ച് കാറ്റീനാ അദ്ദേഹത്തിന്റെ എല്ലാ ആരോപണങ്ങളെയും ഖണ്ഡിച്ചുകളഞ്ഞു. ഒടുവിൽ, സുന്ദരിയും ബുദ്ധിമതിയും ആയതിനാൽ ഈ യൗവനകാലം പാഴാക്കിക്കളയാതെ നന്നായി ആസ്വദിക്കണമെന്നും വയസ്സാകുമ്പോൾ ദൈവകാര്യങ്ങളിലേക്കു തിരിഞ്ഞാൽ മതിയെന്നും പുരോഹിതൻ അവളോടു പറഞ്ഞു.
ആ ചർച്ചയെ കുറിച്ച് ഞാൻ വീട്ടിൽ പറഞ്ഞില്ല. എന്നാൽ പിറ്റേ ഞായറാഴ്ച ഞാൻ പള്ളിയിൽപോയില്ല. അന്ന് ഉച്ചയായപ്പോൾ പുരോഹിതൻ നേരെ ഞങ്ങളുടെ കടയിലേക്കു വന്നു. കടയിൽ പിതാവിനെ സഹായിക്കേണ്ടിവന്നു എന്നു പറഞ്ഞ് ഞാൻ തടിതപ്പി.
“അതുതന്നെയാണോ കാരണം, അതോ ആ പെൺകൊച്ച് നിന്നെ വശത്താക്കിയോ?” പുരോഹിതൻ എന്നോടു ചോദിച്ചു.
“നമ്മുടേതിനെക്കാൾ നല്ല വിശ്വാസങ്ങളാണ് അവരുടേത്,” ഞാൻ തുറന്നടിച്ചു.
എന്റെ പിതാവിനോടായി പുരോഹിതൻ ഇങ്ങനെ പറഞ്ഞു: “മിസ്റ്റർ ഇക്കോണോമോസ്, നിങ്ങളുടെ ആ ബന്ധുക്കാരിയുണ്ടല്ലോ, അവളെ ഇപ്പോൾത്തന്നെ ചവിട്ടി പുറത്താക്ക്, അവൾ തന്റെ കുടുംബം കുളംതോണ്ടും.”
കുടുംബാംഗങ്ങൾ എനിക്കെതിരെ തിരിയുന്നു
ഗ്രീസിൽ ആഭ്യന്തരയുദ്ധം മുറുകിനിൽക്കുന്ന 1940-കളുടെ അവസാനമായിരുന്നു അത്. ഗറില്ലകൾ എന്നെ തട്ടിക്കൊണ്ടുപോയേക്കുമോ എന്നു ഭയന്ന പിതാവ്, ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് എന്നെ ചേച്ചിയുടെ വീട്ടിലേക്കു മാറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ചേച്ചിയും കാറ്റീനായും ഒരേ ഗ്രാമത്തിൽത്തന്നെയാണ് താമസിച്ചിരുന്നത്. ഞാൻ അവിടെ ആയിരുന്ന രണ്ടു മാസവും, നിരവധി വിഷയങ്ങൾ സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നുവെന്നു മനസ്സിലാക്കാൻ എനിക്കു സഹായം ലഭിച്ചു. ഓർത്തഡോക്സ് സഭയുടെ ഉപദേശങ്ങളിൽ പലതും തിരുവെഴുത്തുപരമല്ല എന്നത് എന്നെ നിരാശപ്പെടുത്തി. പ്രതിരൂപങ്ങൾ ഉപയോഗിച്ചുള്ള ആരാധന ദൈവത്തിനു സ്വീകാര്യമല്ലെന്നും കുരിശിനെ പൂജിക്കുന്നതുപോലുള്ള നാനാവിധ മതപാരമ്പര്യങ്ങളുടെ ഉത്ഭവം ക്രിസ്തീയമല്ലെന്നും ദൈവത്തെ പ്രസാദിപ്പിക്കണമെങ്കിൽ ഒരുവൻ “ആത്മാവിലും സത്യത്തിലും” അവനെ ആരാധിക്കേണ്ടതുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു. (യോഹന്നാൻ 4:23; പുറപ്പാടു 20:4, 5) ഇതിനെല്ലാം പുറമേ, ഭൂമിയിലെ നിത്യജീവൻ എന്ന ശോഭനമായ ഒരു പ്രത്യാശ ബൈബിളിലുണ്ടെന്നു ഞാൻ മനസ്സിലാക്കി! യഹോവയിൽനിന്ന് എനിക്കു ലഭിച്ച വ്യക്തിപരമായ അനുഗ്രഹങ്ങളിൽ ആദ്യത്തേതാണ് അമൂല്യമായ അത്തരം ബൈബിൾ സത്യങ്ങൾ.
അതിനിടെ, ഭക്ഷണ സമയത്ത് ഞാൻ കുരിശുവരയ്ക്കാത്തതും പ്രതിരൂപങ്ങളുടെ മുന്നിൽനിന്നു പ്രാർഥിക്കാത്തതും ചേച്ചിയും ഭർത്താവും ശ്രദ്ധിച്ചു. ഒരു രാത്രി അവർ എന്നെ തല്ലി. പിറ്റേ ദിവസം ഞാൻ അവരുടെ വീടുവിട്ട് എന്റെ ആന്റിയുടെ അടുത്തേക്കു പോയി. സംഭവിച്ച കാര്യങ്ങൾ ചേച്ചിയുടെ ഭർത്താവ് എന്റെ പിതാവിനെ അറിയിച്ചു. താമസിയാതെ, നിറകണ്ണുകളോടെവന്ന പിതാവ് എന്റെ മനസ്സു മാറ്റാൻ ശ്രമിച്ചു. ചേച്ചിയുടെ ഭർത്താവ് എന്റെ മുന്നിൽ മുട്ടുകുത്തി എന്നോടു ക്ഷമയാചിച്ചു, ഞാൻ ക്ഷമിച്ചു. ഈ പ്രശ്നങ്ങൾക്ക് ഒക്കെ അവസാനം ഉണ്ടാകാനായി സഭയിലേക്കു തിരിച്ചുവരാൻ അവർ എന്നോട് ആവശ്യപ്പെട്ടെങ്കിലും, എന്റെ നിലപാടിൽത്തന്നെ ഞാൻ ഉറച്ചുനിന്നു.
സ്വന്തം ഗ്രാമത്തിലേക്കു തിരിച്ചുവന്ന എനിക്കു വീണ്ടും സമ്മർദങ്ങളുണ്ടായി. കാറ്റീനായുമായി ആശയവിനിമയം നടത്താൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഞാൻ. മാത്രമല്ല വായിക്കാനായി സാഹിത്യങ്ങളൊന്നും, ഒരു ബൈബിൾ പോലും, എന്റെ പക്കൽ ഇല്ലായിരുന്നു. എന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ മകൾ എന്നെ സഹായിക്കാൻ ശ്രമിച്ചപ്പോൾ എനിക്കു വളരെ സന്തോഷംതോന്നി. കൊരിന്തിൽവെച്ച് ഒരു സാക്ഷിയെ കണ്ടുമുട്ടിയ അവൾ തിരികെ വന്നപ്പോൾ, “ദൈവം സത്യവാൻ” എന്ന പുസ്തകവും ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഒരു പ്രതിയും എനിക്കു കൊണ്ടുവന്നുതന്നു. ഞാൻ അവ രഹസ്യമായി വായിക്കാൻ തുടങ്ങി.
ജീവിതത്തിലെ ഒരു അപ്രതീക്ഷിത വഴിത്തിരിവ്
മൂന്നു വർഷത്തേക്ക് എനിക്ക് കടുത്ത എതിർപ്പ് ഉണ്ടായി. എനിക്ക് സാക്ഷികളുമായി യാതൊരു സമ്പർക്കവുമില്ലായിരുന്നു, സാഹിത്യങ്ങൾ ഒന്നും ലഭിച്ചതുമില്ല. എന്നിരുന്നാലും, എന്റെ ജീവിതത്തോടു ബന്ധപ്പെട്ട് പ്രധാന സംഭവങ്ങൾ നടക്കാനിരിക്കുകയായിരുന്നു. അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല എന്നു മാത്രം.
തെസ്സലൊനീക്യയിലുള്ള എന്റെ അമ്മാവന്റെ അടുത്തേക്കു ചെല്ലാൻ പിതാവ് എന്നോട് ആവശ്യപ്പെട്ടു. പുറപ്പെടുന്നതിനു മുമ്പ് ഒരു കോട്ട് തയ്പ്പിക്കാനായി ഞാൻ കൊരിന്തിലുള്ള ഒരു തയ്യൽക്കടയിൽ ചെന്നു. കാറ്റീനാ അവിടെ ജോലി ചെയ്യുന്നതായി കണ്ടത് എന്നെ എത്ര അതിശയിപ്പിച്ചെന്നോ! ഏറെ കാലത്തിനുശേഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ ഞങ്ങൾക്കു വളരെ സന്തോഷം തോന്നി. ഞങ്ങൾ ആ കടയിൽനിന്ന് ഇറങ്ങിയപ്പോൾ, ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്കു
മടങ്ങുകയായിരുന്ന മാന്യനും ചുറുചുറുക്കുള്ളവനുമായ ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടി. കാറാലാംബൂസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പരസ്പരം അറിഞ്ഞതിനുശേഷം, വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. ഏതാണ്ട് ഈ സമയത്തുതന്നെ, അതായത് 1952 ജനുവരി 9-ന് സ്നാപനമേറ്റുകൊണ്ട് ഞാൻ യഹോവയ്ക്കുള്ള എന്റെ സമർപ്പണത്തെ പ്രതീകപ്പെടുത്തി.കാറാലാംബൂസ് നേരത്തേതന്നെ സ്നാപനമേറ്റിരുന്നു. കുടുംബാംഗങ്ങളുടെ എതിർപ്പ് അദ്ദേഹവും അനുഭവിച്ചിരുന്നു. അദ്ദേഹം വളരെ തീക്ഷ്ണനായിരുന്നു. സഹായ സഭാദാസനായിരുന്ന അദ്ദേഹത്തിന് ധാരാളം ബൈബിളധ്യയനങ്ങൾ ഉണ്ടായിരുന്നു. താമസിയാതെ, അദ്ദേഹത്തിന്റെ ജ്യേഷ്ഠന്മാർ സത്യം സ്വീകരിച്ചു. ഇപ്പോൾ അവരുടെ കുടുംബത്തിലെ മിക്കവരും യഹോവയെ സേവിക്കുന്നവരാണ്.
എന്റെ പിതാവിന് കാറാലാംബൂസിനെ വളരെ ഇഷ്ടമായി. അതുകൊണ്ട് അദ്ദേഹം ഞങ്ങളുടെ വിവാഹത്തിനു സമ്മതിച്ചു. എന്നാൽ അമ്മയെ അനുനയിപ്പിക്കുക എളുപ്പമായിരുന്നില്ല. എന്നിരുന്നാലും, 1952 മാർച്ച് 29-ന് ഞങ്ങളുടെ വിവാഹം നടന്നു. എന്റെ ഏറ്റവും മൂത്ത സഹോദരനും എന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ പുത്രനും മാത്രമേ വിവാഹത്തിനു വന്നുള്ളൂ. കാറാലാംബൂസ് എത്ര അതുല്യമായ ഒരു അനുഗ്രഹം, യഹോവയിൽനിന്നുള്ള ഒരു യഥാർഥ സമ്മാനം, ആയിത്തീരുമെന്ന് ഞാൻ അപ്പോൾ അറിഞ്ഞതേയില്ല! അദ്ദേഹത്തിന്റെ കൂട്ടാളി എന്ന നിലയിൽ യഹോവയുടെ സേവനത്തെ കേന്ദ്രീകരിച്ച് ജീവിതം കെട്ടിപ്പടുക്കാൻ എനിക്കു കഴിഞ്ഞു.
നമ്മുടെ സഹോദരങ്ങളെ ശക്തീകരിക്കുന്നു
ഏഥൻസിലേക്ക് മാറിപ്പാർക്കാൻ 1953-ൽ ഞാനും കാറാലാംബൂസും തീരുമാനിച്ചു. പ്രസംഗവേലയിൽ കൂടുതൽ ചെയ്യണമെന്നുള്ള ആഗ്രഹത്തോടെ കാറാലാംബൂസ് തന്റെ കുടുംബ ബിസിനസ് വിട്ട് ഒരു അംശകാല ജോലി സ്വീകരിച്ചു. ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ ഞങ്ങൾ ഒരുമിച്ച് ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെടുകയും നിരവധി ബൈബിളധ്യയനങ്ങൾ നടത്തുകയും ചെയ്തു.
ശുശ്രൂഷയ്ക്ക് ഔദ്യോഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ, ഞങ്ങൾ പ്രത്യുത്പന്നമതികൾ ആയിരിക്കേണ്ടിയിരുന്നു. ഉദാഹരണത്തിന്, എന്റെ ഭർത്താവ് അംശകാല ജോലി നോക്കിയിരുന്ന ഏഥൻസിന്റെ മധ്യഭാഗത്തുള്ള ഒരു പെട്ടിക്കടയുടെ ജനലിൽ വീക്ഷാഗോപുരം മാസികയുടെ ഒരു പ്രതി വെക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതു നിരോധിച്ചിരിക്കുന്ന മാസികയാണെന്ന് ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങളോടു പറഞ്ഞു. എന്നിരുന്നാലും, ഒരു മാസിക ആവശ്യപ്പെട്ട അദ്ദേഹം സെക്യൂരിറ്റി ഓഫീസിൽ അതിനെ കുറിച്ച് അന്വേഷിച്ചു. ആ മാസിക നിയമപരമാണെന്ന് അവർ ഉറപ്പു നൽകിയപ്പോൾ അദ്ദേഹം അതു പറയാൻ ഞങ്ങളുടെ അടുക്കൽ തിരിച്ചുവന്നു. പെട്ടിക്കടയുള്ള മറ്റ് സഹോദരങ്ങൾ ഇതേക്കുറിച്ച് കേട്ടയുടനെ അവരും തങ്ങളുടെ കടകളുടെ ജനലിങ്കൽ വീക്ഷാഗോപുരം മാസികയുടെ പ്രതികൾ വെക്കാൻ തുടങ്ങി. ഞങ്ങളുടെ കടയിൽനിന്നും വീക്ഷാഗോപുരം വാങ്ങിയ ഒരു വ്യക്തി സാക്ഷി ആയിത്തീരുകയും ഇപ്പോൾ ഒരു മൂപ്പനായി സേവിക്കുകയും ചെയ്യുന്നു.
എന്റെ ഏറ്റവും ഇളയ സഹോദരൻ സത്യം പഠിക്കുന്നതു കാണുന്നതിന്റെ സന്തോഷവും ഞങ്ങൾ അനുഭവിച്ചു. മർച്ചന്റ് മറീൻ കോളെജിൽ പഠിക്കാനായി ഏഥൻസിൽ എത്തിയ അവനെ ഞങ്ങൾ ഒരു കൺവെൻഷനു കൂട്ടിക്കൊണ്ടുപോയി. കൺവെൻഷനുകൾ വനത്തിൽവെച്ച് രഹസ്യമായാണ് നടത്തിയിരുന്നത്. കേട്ട കാര്യങ്ങളൊക്കെ അവന് ഇഷ്ടമായി, എന്നാൽ അധികം താമസിയാതെ മർച്ചന്റ് നാവികനായി അവൻ യാത്ര ആരംഭിച്ചു. ഒരു പ്രാവശ്യം അങ്ങനെ യാത്ര ചെയ്യുന്നതിനിടയിൽ അവൻ അർജന്റീനയിലെ ഒരു തുറമുഖത്ത് എത്തി. അവിടെവെച്ച് ഒരു മിഷനറി പ്രസംഗിക്കാനായി കപ്പലിൽ കയറിപ്പോൾ എന്റെ സഹോദരൻ അദ്ദേഹത്തോട് നമ്മുടെ മാസികകൾ ആവശ്യപ്പെട്ടു. തുടർന്ന്, അവന്റെ കത്തിൽ ഇപ്രകാരം വായിച്ചപ്പോൾ ഞങ്ങൾക്ക് അതിയായ സന്തോഷംതോന്നി: “ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു. എന്നെ മാസികകളുടെ ഒരു വരിക്കാരനാക്കുക.” ഇന്ന് അവനും കുടുംബവും യഹോവയെ വിശ്വസ്തമായി സേവിച്ചുകൊണ്ടിരിക്കുന്നു.
ഒരു സഞ്ചാര മേൽവിചാരകനായി സേവിക്കാൻ 1958-ൽ എന്റെ ഭർത്താവിനു ക്ഷണം ലഭിച്ചു. വേല നിരോധിച്ചിരുന്നതിനാലും സാഹചര്യങ്ങൾ ബുദ്ധിമുട്ടേറിയത് ആയിരുന്നതിനാലും, സഞ്ചാര മേൽവിചാരകന്മാർ മിക്കപ്പോഴും ഭാര്യമാരെ കൂടെ കൊണ്ടുപോകുമായിരുന്നില്ല. എനിക്കുംകൂടെ അദ്ദേഹത്തോടൊപ്പം പോകാമോ എന്ന് 1959 ഒക്ടോബറിൽ, ബ്രാഞ്ച് ഓഫീസിലെ ഉത്തരവാദിത്വം വഹിച്ചിരുന്ന സഹോദരങ്ങളോടു ഞങ്ങൾ ചോദിച്ചു. അവർ സമ്മതിച്ചു. ഞങ്ങൾ, ഗ്രീസിന്റെ മധ്യ-ഉത്തര ഭാഗങ്ങളിലുള്ള സഭകളിലെ സഹോദരങ്ങളെ സന്ദർശിച്ചു ശക്തിപ്പെടുത്തണമായിരുന്നു.
ആ പ്രദേശങ്ങളിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. കല്ലു പാകിയ നിരത്തുകൾ വിരളമായിരുന്നു. ഞങ്ങൾക്ക്
കാർ ഇല്ലായിരുന്നതിനാൽ, പൊതു വാഹനങ്ങളിലോ ഇറച്ചിക്കോഴികൾ, മറ്റ് കച്ചവടച്ചരക്കുകൾ തുടങ്ങിയവ കൊണ്ടുപോയിരുന്ന പിക്ക്അപ് ട്രക്കുകളിലോ ആയിരുന്നു മിക്കപ്പോഴും യാത്ര. ചെളിനിറഞ്ഞ റോഡുകളിലൂടെ നടക്കാനായി ഞങ്ങൾ റബ്ബർ ബൂട്ടുകളാണ് ധരിച്ചിരുന്നത്. ഓരോ ഗ്രാമത്തിലും പൗര സന്നദ്ധസേന ഉണ്ടായിരുന്നതിനാൽ, ചോദ്യം ചെയ്യപ്പെടാതിരിക്കാൻ രാത്രിയിൽ വേണമായിരുന്നു ഞങ്ങൾ ഗ്രാമങ്ങളിൽ പ്രവേശിക്കാൻ.ഞങ്ങളുടെ സന്ദർശനങ്ങളെ സഹോദരങ്ങൾ വളരെയേറെ വിലമതിച്ചിരുന്നു. മിക്കവരും തങ്ങളുടെ കൃഷിയിടങ്ങളിൽ കഠിനവേല ചെയ്യുന്നവർ ആയിരുന്നെങ്കിലും, വ്യത്യസ്ത ഭവനങ്ങളിലായി രാത്രിവൈകി നടത്തിയിരുന്ന യോഗങ്ങളിൽ സംബന്ധിക്കാൻ അവർ സകല ശ്രമവും ചെയ്തിരുന്നു. ദരിദ്രരെങ്കിലും, അവർ വളരെ ആതിഥ്യമര്യാദ കാണിക്കുകയും അവർക്കുള്ള ഏറ്റവും നല്ലത് ഞങ്ങൾക്കു നൽകുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ ഞങ്ങൾ മുഴു കുടുംബാംഗങ്ങളോടുമൊപ്പം ഒരു മുറിയിൽത്തന്നെ കിടന്നുറങ്ങിയിരുന്നു. സഹോദരങ്ങളുടെ വിശ്വാസവും സഹിഷ്ണുതയും തീക്ഷ്ണതയും ആയിരുന്നു ഞങ്ങൾക്കു ലഭിച്ച മറ്റൊരു മൂല്യവത്തായ പ്രതിഫലം.
ഞങ്ങളുടെ സേവനം വിപുലപ്പെടുത്തുന്നു
ഞങ്ങൾ 1961 ഫെബ്രുവരിയിൽ ഏഥൻസിലെ ബ്രാഞ്ച് ഓഫീസ് സന്ദർശിക്കവേ, ബെഥേലിൽ സേവിക്കാനാകുമോ എന്നു ഞങ്ങളോടു ചോദിച്ചു. യെശയ്യാവിന്റെ വാക്കുകളിൽ ഞങ്ങൾ മറുപടി പറഞ്ഞു: “അടിയൻ ഇതാ അടിയനെ അയക്കേണമേ.” (യെശയ്യാവു 6:8) രണ്ടു മാസത്തിനു ശേഷം, എത്രയും പെട്ടെന്ന് ബെഥേലിൽ എത്താൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്ത് ഞങ്ങൾക്കു ലഭിച്ചു. അങ്ങനെ, 1961 മേയ് 27-ന് ഞങ്ങൾ ബെഥേൽ സേവനം ആരംഭിച്ചു.
പുതിയ നിയമനത്തെ വളരെ ഇഷ്ടപ്പെട്ട ഞങ്ങൾ ബെഥേലുമായി വളരെ വേഗം ഇണങ്ങിച്ചേർന്നു. സേവന ഡിപ്പാർട്ടുമെന്റിലും വരിസംഖ്യ ഡിപ്പാർട്ടുമെന്റിലും എന്റെ ഭർത്താവ് ജോലി ചെയ്തു. പിന്നീട്, കുറെ കാലത്തേക്ക് ബ്രാഞ്ച് കമ്മിറ്റി അംഗമായും സേവിച്ചു. ഹോം ഡിപ്പാർട്ടുമെന്റിൽ വിവിധ നിയമനങ്ങൾ ഞാൻ നിർവഹിച്ചു. ബെഥേൽ കുടുംബത്തിൽ അന്ന് 18 അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഏതാണ്ട് അഞ്ചുവർഷത്തേക്ക് 40-ഓളം പേരുണ്ടായിരുന്നു. കാരണം, മൂപ്പന്മാർക്കു വേണ്ടിയുള്ള ഒരു സ്കൂൾ ബെഥേലിൽവെച്ചാണ് നടത്തിയിരുന്നത്. പാത്രങ്ങൾ കഴുകുക, ആഹാരം ഉണ്ടാക്കുന്നതിൽ സഹായിക്കുക, 12 കിടക്കകൾ വിരിച്ചൊരുക്കുക, ഉച്ചഭക്ഷണത്തിനായി മേശകൾ സജ്ജമാക്കുക എന്നിവ ആയിരുന്നു രാവിലത്തെ എന്റെ ജോലി. ഉച്ചകഴിഞ്ഞ് വസ്ത്രങ്ങൾ ഇസ്തിരിയിടുകയും കുളിമുറികളും കിടപ്പുമുറികളും വൃത്തിയാക്കുകയും ചെയ്തിരുന്നു. ആഴ്ചയിൽ ഒരിക്കൽ ഞാൻ അലക്കുശാലയിലും ജോലി ചെയ്തിരുന്നു. വേല ധാരാളമുണ്ടായിരുന്നു, എങ്കിലും സഹായിക്കാൻ കഴിയുന്നതിൽ എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
ബെഥേൽ നിയമനങ്ങളിലും അതുപോലെതന്നെ വയൽസേവനത്തിലും ഞങ്ങൾ വളരെ തിരക്കുള്ളവർ ആയിരുന്നു. പലപ്പോഴും ഞങ്ങൾ ഏഴ് ബൈബിളധ്യയനങ്ങൾ വരെ നടത്തിയിട്ടുണ്ട്. വാരാന്തങ്ങളിൽ, വ്യത്യസ്ത സഭകളിൽ പ്രസംഗം നടത്താൻ പോകുന്ന ഭർത്താവിനോടൊപ്പം ഞാനുമുണ്ടായിരുന്നു. ഞങ്ങൾ സദാ ഒരുമിച്ചായിരുന്നു.
ഗ്രീക്ക് ഓർത്തഡോക്സ് സഭയോട് അടുത്ത ബന്ധങ്ങളുള്ളതും സഭയിലെ മത നിഷേധികളെ കണ്ടെത്താൻ ഉത്തരവാദിത്വമുള്ള ഏജൻസിയുടെ നേതൃത്വം വഹിക്കുന്ന പുരോഹിതന്റെ അടുത്ത സുഹൃത്തുക്കളുമായ ഒരു ദമ്പതികൾക്ക് ഞങ്ങൾ ബൈബിളധ്യയനം നടത്തിയിരുന്നു. അവരുടെ വീട്ടിലെ ഒരു മുറി നിറയെ പ്രതിരൂപങ്ങളായിരുന്നു. അവിടെ തുടർച്ചയായി ധൂപവർഗം കത്തിക്കുകയും ദിവസം മുഴുവനും ബൈസന്റൈൻ കീർത്തനങ്ങളുടെ റെക്കോർഡിങ്ങുകൾ കേൾപ്പിക്കുകയും ചെയ്യുമായിരുന്നു. കുറെ കാലത്തേക്ക്, ബൈബിളധ്യയനത്തിനായി ഞങ്ങൾ അവിടെ ചെന്നിരുന്നത് വ്യാഴാഴ്ചകളിൽ ആയിരുന്നു. ആ പുരോഹിതന്റെ സന്ദർശനമാകട്ടെ വെള്ളിയാഴ്ചകളിലും. അവരുടെ വീട്ടിലേക്കു ചെല്ലാൻ ഒരു ദിവസം അവർ ഞങ്ങളെ നിർബന്ധിച്ചു. അവിടെ ഒരു വിസ്മയം ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. രൂപങ്ങൾ വെച്ചിരുന്ന ആ മുറിയാണ് അവർ ഞങ്ങളെ ആദ്യംതന്നെ കാണിച്ചത്. എന്നാൽ ഇപ്പോൾ അവയെല്ലാം നീക്കം ചെയ്ത് അവർ ആ മുറി പുതിയതുപോലെ ആക്കിയിരുന്നു. ഈ ദമ്പതികൾ കൂടുതൽ പുരോഗതി വരുത്തുകയും തുടർന്നു സ്നാപനമേൽക്കുകയും ചെയ്തു. ഞങ്ങൾ ബൈബിളധ്യയനം നടത്തിയ 50-ഓളം പേർ യഹോവയ്ക്ക് തങ്ങളുടെ ജീവിതം സമർപ്പിച്ച് സ്നാപനമേറ്റത് കാണുന്നതിലുള്ള സന്തോഷം അനുഭവിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.
അഭിഷിക്ത സഹോദരന്മാരുമായി സഹവസിക്കാൻ കഴിഞ്ഞതായിരുന്നു ഞാൻ ആസ്വദിച്ച ഒരു പ്രത്യേക അനുഗ്രഹം. നോർ, ഫ്രാൻസ്, ഹെൻഷെൽ തുടങ്ങിയ
ഭരണസംഘാംഗങ്ങളുടെ സന്ദർശനം വളരെയേറെ പ്രോത്സാഹജനകമായിരുന്നു. 40-ലേറെ വർഷങ്ങൾക്കു ശേഷവും, ബെഥേൽ സേവനത്തെ ഒരു വൻ ബഹുമതിയും പദവിയും ആയാണ് ഞാൻ കാണുന്നത്.രോഗവും വിരഹവുമായി പൊരുത്തപ്പെടുന്നു
എന്റെ ഭർത്താവിൽ 1982-ൽ അൽസൈമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. 1990 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചിരുന്നു, ക്രമേണ നിരന്തര പരിചരണം ആവശ്യമായിവന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനത്തെ എട്ടു വർഷത്തേക്ക് ഞങ്ങൾക്കു ബെഥേലിൽനിന്നു പുറത്തുപോകാനേ കഴിഞ്ഞില്ല. ബെഥേൽ കുടുംബത്തിലെ അനേകം പ്രിയ സഹോദരങ്ങളും ഒപ്പം ഉത്തരവാദിത്വമുള്ള മേൽവിചാരകന്മാരും ഞങ്ങളെ സഹായിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. എന്നാൽ, അവരുടെ ദയാപുരസ്സരമായ പിന്തുണ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പരിചരിച്ചുകൊണ്ട് രാത്രിയും പകലും ദീർഘസമയം എനിക്ക് ചെലവഴിക്കേണ്ടിവന്നു. ചിലപ്പോൾ സാഹചര്യം അങ്ങേയറ്റം ദുഷ്കരമാകുമായിരുന്നു, പല രാത്രികളിലും ഞാൻ ഉറങ്ങാതിരുന്നിട്ടുണ്ട്.
എന്റെ പ്രിയ ഭർത്താവ് 1998 ജൂലൈയിൽ മരിച്ചു. അദ്ദേഹത്തിന്റെ അഭാവം എനിക്ക് വളരെയേറെ അനുഭവപ്പെടുന്നുണ്ടെങ്കിലും, അദ്ദേഹം ദൈവത്തിന്റെ സ്മൃതിപഥത്തിലുണ്ട് എന്നത് എനിക്ക് ആശ്വാസം പകരുന്നു. പുനരുത്ഥാനത്തിൽ മറ്റ് ദശലക്ഷങ്ങളോടൊപ്പം യഹോവ അദ്ദേഹത്തെയും ഓർക്കുമെന്ന് എനിക്കറിയാം.—യോഹന്നാൻ 5:28, 29.
യഹോവയുടെ അനുഗ്രഹങ്ങളോട് നന്ദിയുള്ളവൾ
ഭർത്താവിനെ നഷ്ടപ്പെട്ടെങ്കിലും ഞാൻ തനിച്ചല്ല. ഇപ്പോഴും ബെഥേലിൽ സേവിക്കുന്ന ഞാൻ മുഴു ബെഥേൽ കുടുംബത്തിന്റെയും സ്നേഹവും കരുതലും ആസ്വദിക്കുന്നു. ഗ്രീസിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള ആത്മീയ സഹോദരീസഹോദരന്മാരും എന്റെ വലിയ കുടുംബത്തിന്റെ ഭാഗമാണ്. ഇപ്പോൾ 70-ലേറെ വയസ്സുണ്ടെങ്കിലും, ബെഥേൽ അടുക്കളയിലും തീൻമുറിയിലും ദിവസം മുഴുവനും ജോലി ചെയ്യാൻ എനിക്കു കഴിയുന്നുണ്ട്.
യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലുള്ള ലോകാസ്ഥാനം 1999-ൽ സന്ദർശിച്ചപ്പോൾ എന്റെ ഒരു ജീവിത സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. അപ്പോഴത്തെ എന്റെ വികാരങ്ങൾ എങ്ങനെ വർണിക്കണമെന്ന് എനിക്കറിയില്ല. കെട്ടുപണി ചെയ്യുന്നതും അവിസ്മരണീയവുമായ ഒരു അനുഭവമായിരുന്നു അത്.
പിന്തിരിഞ്ഞു നോക്കുമ്പോൾ, ജീവിതം ഏറ്റവും മെച്ചപ്പെട്ട രീതിയിൽ വിനിയോഗിച്ചതിന്റെ ചാരിതാർഥ്യം എനിക്കുണ്ട്. യഹോവയെ മുഴുസമയം സേവിക്കുക എന്നതാണ് ഒരുവന് ഉണ്ടായിരിക്കാനാകുന്ന അത്യുത്തമ ജീവിതഗതി. എനിക്ക് ഒരിക്കൽ പോലും യാതൊന്നിനും മുട്ടുണ്ടായിട്ടില്ല എന്ന് പൂർണ ബോധ്യത്തോടെ പറയാനാകും. യഹോവ സ്നേഹപുരസ്സരം നൽകിയ ആത്മീയവും ഭൗതികവുമായ കരുതലുകൾ എനിക്കും ഭർത്താവിനും ആസ്വദിക്കാൻ കഴിഞ്ഞിരിക്കുന്നു. സങ്കീർത്തനക്കാരൻ പിൻവരുന്ന പ്രകാരം ചോദിക്കാൻ കാരണം എന്തെന്ന് സ്വന്തം അനുഭവത്തിൽനിന്ന് എനിക്കു മനസ്സിലാക്കാൻ കഴിയുന്നു: “യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?”—സങ്കീർത്തനം 116:12.
[26 -ാം പേജിലെ ചിത്രം]
കാറാലാംബൂസും ഞാനും സദാ ഒരുമിച്ചായിരുന്നു
[27 -ാം പേജിലെ ചിത്രം]
എന്റെ ഭർത്താവ് ബ്രാഞ്ചിലെ തന്റെ ഓഫീസിൽ
[28 -ാം പേജിലെ ചിത്രം]
ബെഥേൽ സേവനത്തെ ഒരു മഹാ പദവിയായി ഞാൻ വീക്ഷിക്കുന്നു