“യഹോവയിൽ അത്യധികം ആനന്ദിച്ചുകൊള്ളുക”
“യഹോവയിൽ അത്യധികം ആനന്ദിച്ചുകൊള്ളുക”
“യഹോവയിൽ തന്നേ രസിച്ചുകൊൾക; [“യഹോവയിൽ അത്യധികം ആനന്ദിച്ചുകൊള്ളുക,” NW] അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.”—സങ്കീർത്തനം 37:4.
1, 2. യഥാർഥ സന്തോഷത്തിന്റെ ഉറവ് ആരാണ്, ഈ വസ്‌തുതയിലേക്ക് ദാവീദ് രാജാവ് ശ്രദ്ധ ക്ഷണിച്ചത് എങ്ങനെ?
“തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു, . . . കരുണയുള്ളവർ സന്തുഷ്ടരാകുന്നു, . . . സമാധാനപ്രിയർ സന്തുഷ്ടരാകുന്നു.” സന്തുഷ്ടരായിരിക്കുന്നവരെ സംബന്ധിച്ച മറ്റ് ആറു വിവരണങ്ങളോടൊപ്പമുള്ള ഈ പ്രസ്‌താവനകൾ സുവിശേഷ എഴുത്തുകാരനായ മത്തായി രേഖപ്പെടുത്തിയ യേശുവിന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണത്തിന്റെ ശ്രദ്ധേയമായ ആമുഖമാണ്. (മത്തായി 5:3-11, NW) സന്തുഷ്ടി നമ്മുടെ എത്തുപാടിലാണെന്ന് യേശുവിന്റെ വാക്കുകൾ ഉറപ്പുനൽകുന്നു.
2 പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദിന്റെ ഒരു സങ്കീർത്തനം സന്തോഷത്തിന്റെ യഥാർഥ ഉറവായ യഹോവയിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “യഹോവയിൽ തന്നേ രസിച്ചുകൊൾക; [“യഹോവയിൽ അത്യധികം ആനന്ദിച്ചുകൊള്ളുക,” NW] അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.” (സങ്കീർത്തനം 37:4) എന്നാൽ, യഹോവയെയും അവന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളെയും കുറിച്ച് അറിയുന്നതിനെ ‘അത്യധികം ആനന്ദകരമാക്കിത്തീർക്കാൻ’ എന്തിനു കഴിയും? തന്റെ ഉദ്ദേശ്യനിവൃത്തിയോടുള്ള ബന്ധത്തിൽ ദൈവം ചെയ്‌തിരിക്കുന്നതും ചെയ്യാൻ പോകുന്നതുമായ കാര്യങ്ങളെ കുറിച്ചുള്ള ഒരു പരിചിന്തനം ‘ഹൃദയത്തിലെ ആഗ്രഹങ്ങൾ’ ലഭിക്കുമെന്നുള്ള പ്രതീക്ഷ നിങ്ങൾക്കു നൽകുന്നത് എങ്ങനെ? സങ്കീർത്തനം 37-ാം അധ്യായം 1 മുതൽ 11 വരെയുള്ള വാക്യങ്ങളുടെ സവിസ്‌തരമായ പരിശോധനയിലൂടെ നമുക്ക് ഉത്തരങ്ങൾ ലഭിക്കും.
‘അസൂയപ്പെടരുത്’
3, 4. സങ്കീർത്തനം 37:1 അനുസരിച്ച്, ദാവീദ് ഏതു ബുദ്ധിയുപദേശമാണ് നൽകിയത്, അതിനു ചെവികൊടുക്കുന്നത് ഇക്കാലത്ത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
3 നാം ‘ദുർഘടസമയങ്ങളിലാണ്’ ജീവിക്കുന്നത്, ദുഷ്ടത പെരുകുകയും ചെയ്യുന്നു. “ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്‌ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും” എന്ന അപ്പൊസ്‌തലനായ പൗലൊസിന്റെ വാക്കുകളുടെ നിവൃത്തി നാം കണ്ടിരിക്കുന്നു. (2 തിമൊഥെയൊസ് 3:1, 13, 14) ദുഷ്ടർ ആസ്വദിക്കുന്നതായി തോന്നുന്ന വിജയവും സമൃദ്ധിയും നമ്മെ ബാധിക്കുക എത്ര എളുപ്പമാണ്! ആത്മീയ ദൃഷ്ടികേന്ദ്രം മാറിപ്പോകാൻ ഇടയാക്കിക്കൊണ്ട്, അവയ്‌ക്കെല്ലാം നമ്മുടെ ശ്രദ്ധ പതറിക്കാനാകും. സംഭവിക്കാനിടയുള്ള ഈ അപകടത്തെ കുറിച്ച് സങ്കീർത്തനം 37-ാം അധ്യായത്തിന്റെ പ്രാരംഭ വാക്കുകൾ നമ്മെ ജാഗരൂകരാക്കുന്നത് എപ്രകാരമെന്നു ശ്രദ്ധിക്കുക: “ദുഷ്‌പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുത്.”
4 ലോകത്തിലെ വാർത്താമാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞു നിൽക്കുന്നത് അനീതിയെ കുറിച്ചുള്ള വാർത്തകളാണ്. വെട്ടിപ്പും തട്ടിപ്പും നടത്തുന്ന സത്യസന്ധരല്ലാത്ത ബിസ്സിനസ്സുകാർ ശിക്ഷിക്കപ്പെടാതെ പോകുന്നു. കുറ്റവാളികൾ ബലഹീനരെ ചൂഷണം ചെയ്യുന്നു. കൊലപാതകികൾ നിയമത്തിനു പിടികൊടുക്കാതെ സ്വൈരവിഹാരം നടത്തുന്നു. ഈ വിധത്തിൽ നീതി വളച്ചൊടിക്കപ്പെടുന്ന സാഹചര്യങ്ങളെല്ലാം നമ്മിൽ കോപം ജനിപ്പിക്കുകയും നമ്മുടെ മനസ്സമാധാനം കെടുത്തുകയും ചെയ്‌തേക്കാം.
ദുഷ്‌പ്രവൃത്തിക്കാർക്കു പ്രത്യക്ഷത്തിലുള്ള വിജയം നമ്മിൽ അസൂയപോലും ഉളവാക്കിയേക്കാം. എന്നാൽ, നാം അസ്വസ്ഥരാകുന്നതിലൂടെ സാഹചര്യം മെച്ചപ്പെടുമോ? ദുഷ്ടർക്ക് ഉണ്ടെന്നു തോന്നുന്ന നേട്ടങ്ങളെ പ്രതി നാം അസൂയപ്പെടുന്നതുകൊണ്ട് അവർക്കു ഭവിക്കാനിരിക്കുന്നതിനു മാറ്റമുണ്ടാകുമോ? തീർച്ചയായും ഇല്ല! വാസ്‌തവത്തിൽ നമുക്കു ‘മുഷിവു’ തോന്നേണ്ട യാതൊരു ആവശ്യവുമില്ല. എന്തുകൊണ്ട്?5. ദുഷ്‌പ്രവൃത്തിക്കാരെ പുല്ലിനോട് ഉപമിച്ചിരിക്കുന്നത് എന്തുകൊണ്ട്?
5 സങ്കീർത്തനക്കാരൻ ഇങ്ങനെ ഉത്തരം പറയുന്നു: “അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.” (സങ്കീർത്തനം 37:2) ഇളംപുല്ല് കാഴ്‌ചയ്‌ക്ക് നല്ല ഭംഗിയുള്ളതാണ്, എന്നാൽ അതിന്റെ നാമ്പ് വേഗം വാടിക്കരിഞ്ഞുപോകുന്നു. ദുഷ്ടന്മാരുടെ കാര്യവും അങ്ങനെതന്നെ. അവർക്ക് ഇപ്പോൾ ഉള്ളതായി കാണുന്ന സമൃദ്ധി താത്‌കാലികം മാത്രമാണ്. അന്യായമായി നേടിയതൊന്നും മരണത്തിങ്കൽ അവരുടെ സഹായത്തിന് എത്തുന്നില്ല. ഒടുവിൽ, നീതി ആവശ്യപ്പെടുന്നത് സകലരും അനുഭവിക്കേണ്ടിവരുന്നു. പൗലൊസ് ഇങ്ങനെ എഴുതി: “പാപത്തിന്റെ ശമ്പളം മരണമത്രേ.” (റോമർ 6:23) ദുഷ്‌പ്രവൃത്തിക്കാർക്കും അനീതി പ്രവർത്തിക്കുന്ന സകലർക്കും ഒടുവിൽ ലഭിക്കുന്നത് ഈ “ശമ്പളം” മാത്രമായിരിക്കും. അവരുടെ ജീവിതം എത്രയോ നിഷ്‌ഫലമാണ്!—സങ്കീർത്തനം 37:35, 36; 49:16, 17.
6. സങ്കീർത്തനം 37:1, 2-ൽ നിന്ന് നമുക്കു പഠിക്കാനാകുന്ന പാഠമെന്ത്?
6 ആ സ്ഥിതിക്ക്, ദുഷ്‌പ്രവൃത്തിക്കാരുടെ ക്ഷണികമായ സമൃദ്ധി നമ്മെ അലട്ടാൻ നാം അനുവദിക്കണമോ? 37-ാം സങ്കീർത്തനത്തിന്റെ ആദ്യത്തെ രണ്ടു വാക്യങ്ങളിലെ പാഠം ഇതാണ്: യഹോവയെ സേവിക്കാനുള്ള തീരുമാനത്തിൽനിന്നു നിങ്ങളെ വ്യതിചലിപ്പിക്കാൻ അവരുടെ വിജയത്തെ അനുവദിക്കരുത്. പകരം, ആത്മീയ പ്രതിഫലങ്ങളിലും ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക.—സദൃശവാക്യങ്ങൾ 23:17.
“യഹോവയിൽ ആശ്രയിച്ചു നന്മചെയ്‌ക”
7. നാം യഹോവയിൽ ആശ്രയിക്കേണ്ടത് എന്തുകൊണ്ട്?
7 “യഹോവയിൽ ആശ്രയിച്ചു നന്മചെയ്യാൻ’ സങ്കീർത്തനക്കാരൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (സങ്കീർത്തനം 37:3എ) ഉത്‌കണ്‌ഠകളോ സംശയങ്ങൾപോലുമോ നമ്മെ ഭാരപ്പെടുത്തുമ്പോൾ നാം യഹോവയിൽ ശക്തമായ വിശ്വാസമർപ്പിക്കേണ്ടതുണ്ട്. പൂർണമായ ആത്മീയ സുരക്ഷിതത്വം നൽകുന്നത് അവനാണ്. മോശെ ഇപ്രകാരം എഴുതി: “അത്യുന്നതന്റെ സങ്കേതത്തിൽ വസിക്കുന്നവൻ സർവ്വശക്‌തന്റെ നിഴലിൽ വിശ്രമിക്കും.” (സങ്കീർത്തനം 91:1, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഈ വ്യവസ്ഥിതിയിലെ വർധിച്ചുവരുന്ന നിയമരാഹിത്യം നമ്മെ അസ്വസ്ഥരാക്കുമ്പോൾ നാം യഹോവയിൽ പൂർവാധികം ആശ്രയിക്കേണ്ടതുണ്ട്. നമ്മുടെ കാൽ ഉളുക്കുന്ന ഒരു സാഹചര്യത്തിൽ സുഹൃത്തുക്കൾ ആരെങ്കിലും നമ്മെ താങ്ങുന്നെങ്കിൽ നമുക്കു സന്തോഷം തോന്നുന്നു. സമാനമായി, വിശ്വസ്‌തതയോടെ നടക്കാൻ ശ്രമിക്കുമ്പോൾ നമുക്ക് യഹോവയുടെ പിന്തുണ ആവശ്യമാണ്.—യെശയ്യാവു 50:10.
8. ക്രിസ്‌തീയ ശുശ്രൂഷയിലെ പങ്കുപറ്റൽ, ദുഷ്‌പ്രവൃത്തിക്കാരുടെ സമൃദ്ധിയിൽ അകാരണമായി അസ്വസ്ഥരാകാതിരിക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
8 ദുഷ്ടന്മാരുടെ സമൃദ്ധിയിൽ അസ്വസ്ഥരാകാതിരിക്കാനുള്ള ഒരു വിധം, ചെമ്മരിയാടുതുല്യരെ തിരഞ്ഞു കണ്ടുപിടിക്കുകയും യഹോവയുടെ ഉദ്ദേശ്യത്തെ കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനത്തിലേക്കു വരാൻ അവരെ സഹായിക്കുകയും ചെയ്യുന്നതിൽ തിരക്കുള്ളവർ ആയിരിക്കുക എന്നതാണ്. ദുഷ്ടത വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, മറ്റുള്ളവരെ സഹായിക്കുന്നതിൽ നാം പൂർണമായും വ്യാപൃതരാകേണ്ടത് ആവശ്യമാണ്. അപ്പൊസ്‌തലനായ പൗലൊസ് പിൻവരുന്ന വിധം പറഞ്ഞു: “നന്മചെയ്‌വാനും കൂട്ടായ്‌മകാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്.” ദൈവരാജ്യത്തെ കുറിച്ചുള്ള മഹത്തായ സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക എന്നതാണ് നമുക്കു ചെയ്യാനാകുന്ന ഏറ്റവും വലിയ “നന്മ.” പരസ്യമായി നാം നിർവഹിക്കുന്ന സുവാർത്ത പ്രസംഗവേല വാസ്‌തവത്തിൽ ഒരു “സ്‌തോത്രയാഗ”മാണ്.—എബ്രായർ 13:15, 16; ഗലാത്യർ 6:10.
9. ‘ദേശത്ത് പാർക്കുക’ എന്ന ദാവീദിന്റെ ഉദ്‌ബോധനത്തെ വിശദീകരിക്കുക.
9 ദാവീദ് തുടർന്ന് ഇങ്ങനെ പറയുന്നു: “ദേശത്തു പാർത്തു വിശ്വസ്‌തത ആചരിക്ക.” (സങ്കീർത്തനം 37:3ബി) ദാവീദിന്റെ കാലത്തെ ‘ദേശം’ യഹോവ ഇസ്രായേല്യർക്കു നൽകിയ പ്രദേശം അഥവാ വാഗ്‌ദത്തദേശം ആയിരുന്നു. ശലോമോന്റെ വാഴ്‌ചക്കാലത്ത് അതിന്റെ അതിർത്തികൾ വടക്ക് ദാൻ മുതൽ തെക്ക് ബേർ-ശേബ വരെ എത്തിയിരുന്നു. അത് ഇസ്രായേല്യരുടെ വാസസ്ഥലമായിരുന്നു. (1 രാജാക്കന്മാർ 4:25) നാം ഇന്ന് ഭൂമിയിൽ എവിടെ താമസിച്ചാലും, നീതിനിഷ്‌ഠമായ ഒരു പുതിയ ലോകത്തിൽ ഈ മുഴു ഗ്രഹവും ഒരു പറുദീസ ആയിത്തീരുന്ന കാലത്തിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതു വരുന്നതുവരെ നാം ആത്മീയ സുരക്ഷിതത്വത്തിൽ വസിക്കുന്നു.—യെശയ്യാവു 65:13, 14.
10. നാം ‘വിശ്വസ്‌തത ആചരിക്കുന്നതിന്റെ’ ഫലം എന്ത്?
10 ‘വിശ്വസ്‌തത ആചരിക്കുന്നതിന്റെ’ ഫലം എന്തായിരിക്കും? നിശ്വസ്‌ത സദൃശവാക്യം നമ്മെ ഇങ്ങനെ ഓർമപ്പെടുത്തുന്നു: “വിശ്വസ്‌തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ.” (സദൃശവാക്യങ്ങൾ 28:20) നാം താമസിക്കുന്നത് എവിടെ ആയിരുന്നാലും, സാധിക്കുന്ന എല്ലാവരോടും സുവാർത്ത പ്രസംഗിക്കുന്നതിൽ വിശ്വസ്‌തതയോടെ സ്ഥിരോത്സാഹം പ്രകടിപ്പിക്കുന്നത് യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങൾ കൈവരുത്തുമെന്നു തീർച്ച. ഉദാഹരണത്തിന്, ഫ്രാങ്കിനും ഭാര്യ റോസിനും 40 വർഷം മുമ്പ് വടക്കൻ സ്‌കോട്ട്‌ലണ്ടിലെ ഒരു പട്ടണത്തിൽ പയനിയർമാരായി നിയമനം ലഭിച്ചു. അവിടെ, മുമ്പ് സത്യത്തോടു താത്‌പര്യം കാണിച്ചിരുന്ന ചിലർ അതിൽനിന്ന് അകന്നുപോയിരുന്നു. എന്നാൽ അതൊന്നും ഗണ്യമാക്കാതെ, ഈ പയനിയർ ദമ്പതികൾ സുവാർത്ത പ്രസംഗവും ശിഷ്യരാക്കൽ വേലയും ആരംഭിച്ചു. ഇപ്പോൾ ആ പട്ടണത്തിൽ തഴച്ചുവളരുന്ന ഒരു സഭയുണ്ട്. ഈ ദമ്പതികളുടെ വിശ്വസ്‌തതയെ യഹോവ അനുഗ്രഹിക്കുകതന്നെ ചെയ്‌തിരിക്കുന്നു. ഫ്രാങ്ക് താഴ്‌മയോടെ ഇങ്ങനെ പറയുന്നു: “ഞങ്ങൾ സത്യത്തിലായിരിക്കുന്നതും ഇപ്പോഴും യഹോവയ്‌ക്ക് ഉപയോഗപ്രദരായിരിക്കുന്നതുമാണ് ഏറ്റവും വലിയ അനുഗ്രഹം.” അതേ, ‘വിശ്വസ്‌തത ആചരിക്കുമ്പോൾ’ അനേകം അനുഗ്രഹങ്ങൾ ആസ്വദിക്കാനും അവ വിലമതിക്കാനും നമുക്കു കഴിയും.
“യഹോവയിൽ അത്യധികം ആനന്ദിച്ചുകൊള്ളുക”
11, 12. (എ) ‘യഹോവയിൽ അത്യധികം ആനന്ദിക്കാൻ’ നമുക്കു കഴിയുന്നത് എങ്ങനെ? (ബി) വ്യക്തിപരമായ പഠനത്തോടു ബന്ധപ്പെട്ട് നിങ്ങൾക്ക് ഏതു ലക്ഷ്യംവെക്കാനാകും, അതിന് എന്തു ഫലം ലഭിച്ചേക്കാം?
11 യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്താനും അവനിലുള്ള ആശ്രയം നിലനിറുത്താനുമായി നാം “യഹോവയിൽ അത്യധികം ആനന്ദി”ക്കണം. (സങ്കീർത്തനം 37:4എ, NW) അത് എങ്ങനെയാണ് ചെയ്യുക? നമ്മുടെ സാഹചര്യങ്ങൾ ബുദ്ധിമുട്ടേറിയവ ആയിരിക്കാമെങ്കിലും അവയെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കാതെ നാം യഹോവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവന്റെ വചനം വായിക്കാനായി സമയമെടുക്കുക എന്നതാണ് ഇതിനുള്ള ഒരു വിധം. (സങ്കീർത്തനം 1:1, 2) ബൈബിൾ വായിക്കുമ്പോൾ, നിങ്ങൾ ആനന്ദം അനുഭവിക്കുന്നുണ്ടോ? യഹോവയെ കുറിച്ചു കൂടുതൽ പഠിക്കാനുള്ള ലക്ഷ്യത്തോടെയാണ് വായിക്കുന്നതെങ്കിൽ നിങ്ങൾക്ക് അത് അനുഭവവേദ്യമാകും. ഓരോ ഭാഗവും വായിച്ചുനിറുത്തിയിട്ട് ‘യഹോവയെ കുറിച്ച് ഈ ഭാഗം എന്നെ എന്താണു പഠിപ്പിക്കുന്നത്’ എന്ന് സ്വയം ചോദിക്കരുതോ? ബൈബിൾ വായിക്കുമ്പോൾ നോട്ടുബുക്കോ കുറച്ച് പേപ്പറോ സമീപത്തുള്ളത് സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. വായിച്ച കാര്യത്തിന്റെ അർഥത്തെ കുറിച്ചു ധ്യാനിക്കാനായി നിറുത്തുന്ന ഓരോ തവണയും, ദൈവത്തിന്റെ സവിശേഷമായ ഒരു ഗുണത്തെ കുറിച്ച് നിങ്ങളെ ഓർമിപ്പിക്കുന്ന എന്തെങ്കിലും കുറിച്ചിടുക. മറ്റൊരു സങ്കീർത്തനത്തിൽ ദാവീദ് ഇപ്രകാരം പാടി: “എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ. (സങ്കീർത്തനം 19:14) ഈ വിധത്തിൽ നമ്മുടെ ശ്രദ്ധ ദൈവവചനത്തിൽ കേന്ദ്രീകരിക്കുന്നത് യഹോവയ്‌ക്കു ‘പ്രസാദകരവും’ നമുക്ക് ആനന്ദകരവുമാണ്.
12 പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിൽനിന്ന് നമുക്കു സന്തോഷം നേടാവുന്നത് എങ്ങനെ? യഹോവയെയും അവന്റെ വഴികളെയും കുറിച്ച് സാധ്യമാകുന്നിടത്തോളം പഠിക്കുക എന്നത് നമ്മുടെ ലക്ഷ്യമാക്കാവുന്നതാണ്. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ, യഹോവയോട് അടുത്തുചെല്ലുവിൻ * തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ നമുക്ക് വിലമതിപ്പോടെ ധ്യാനിക്കാവുന്ന ധാരാളം വിവരങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. യഹോവ “നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും” എന്ന് ദാവീദ് നീതിമാന്മാർക്ക് ഉറപ്പു നൽകുന്നു. (സങ്കീർത്തനം 37:4ബി) ഇത്തരത്തിലുള്ള ഉത്തമബോധ്യം ആയിരിക്കണം പിൻവരുന്ന വാക്കുകൾ എഴുതാൻ അപ്പൊസ്‌തലനായ യോഹന്നാനെ പ്രേരിപ്പിച്ചത്: “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു. നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.”—1 യോഹന്നാൻ 5:14, 15.
13. അനേക രാജ്യങ്ങളിൽ, രാജ്യപ്രസംഗവേലയുടെ ഏത് വികസനം സമീപ വർഷങ്ങളിൽ ദൃശ്യമായിരിക്കുന്നു?
13 ദൃഢവിശ്വസ്‌തതാ പാലകർ എന്ന നിലയിൽ നമുക്ക് ഏറ്റവുമധികം ആനന്ദം കൈവരുത്തുന്നത് യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനം കാണുന്നതാണ്. (സദൃശവാക്യങ്ങൾ 27:11) സമഗ്രാധിപത്യമോ സ്വേച്ഛാധിപത്യമോ നിലവിലിരുന്ന ദേശങ്ങളിൽ നമ്മുടെ സഹോദരങ്ങൾ നിർവഹിക്കുന്ന ബൃഹത്തായ സുവാർത്ത പ്രസംഗവേലയെ കുറിച്ചു മനസ്സിലാക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ സന്തോഷം നിറഞ്ഞുതുളുമ്പുന്നില്ലേ? ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിനു മുമ്പ് കൂടുതലായ എന്തു സ്വാതന്ത്ര്യം ഉണ്ടായേക്കാമെന്നു കാണാൻ നാം ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ പാർക്കുന്ന യഹോവയുടെ ദാസരായ അനേകർ, താത്‌കാലികമായി അവിടെ വന്നു താമസിച്ച് ആരാധന സ്വാതന്ത്ര്യം ആസ്വദിക്കുന്ന വിദ്യാർഥികളോടും അഭയാർഥികളോടും മറ്റുള്ളവരോടും സുവാർത്ത പ്രസംഗിക്കുന്നതിൽ തീക്ഷ്‌ണതയോടെ ഏർപ്പെടുന്നു. ഈ വ്യക്തികൾ തങ്ങളുടെ മാതൃദേശങ്ങളിലേക്കു മടങ്ങുമ്പോൾ സത്യത്തിന്റെ വെളിച്ചം ഒരുവിധത്തിലും കടന്നുചെല്ലുകയില്ലെന്ന് കരുതപ്പെടുന്ന ആ പ്രദേശങ്ങളിൽപോലും അത് പ്രകാശിപ്പിക്കുന്നതിൽ അവർക്കു തുടരാനാകട്ടെ എന്നതാണ് ആത്മാർഥമായ ആഗ്രഹം.—മത്തായി 5:14-16.
“നിന്റെ വഴി യഹോവയെ ഭരമേല്‌പിക്ക”
14. നമുക്ക് യഹോവയിൽ ആശ്രയിക്കാമെന്നതിന് എന്ത് തെളിവാണുള്ളത്?
14 നമ്മുടെ ഉത്‌കണ്‌ഠകളെയും ഞെരുക്കുന്ന ഭാരമെന്നു തോന്നിയേക്കാവുന്ന കാര്യങ്ങളെയും നീക്കം ചെയ്യാനാകുമെന്ന് അറിയുന്നത് എത്ര ആശ്വാസപ്രദമാണ്! എന്നാൽ എങ്ങനെയാണ് അതു സാധ്യമാകുക? ദാവീദ് പറയുന്നു: “നിന്റെ വഴി യഹോവയെ ഭരമേല്‌പിക്ക; അവനിൽ തന്നേ ആശ്രയിക്ക.” തുടർന്ന് അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അവൻ അതു നിർവ്വഹിക്കും.” (സങ്കീർത്തനം 37:5) നമുക്ക് ആശ്രയമർപ്പിക്കാവുന്ന ഒരുവനാണ് യഹോവ എന്നതിന് നമ്മുടെ സഭകളിൽ മതിയായ തെളിവുകളുണ്ട്. (സങ്കീർത്തനം 55:22) പയനിയർമാരോ സഞ്ചാര മേൽവിചാരകന്മാരോ മിഷനറിമാരോ ബെഥേലിലെ സ്വമേധയാ സേവകരോ എന്ന നിലയിൽ മുഴുസമയ ശുശ്രൂഷയിൽ ആയിരിക്കുന്ന ഏവർക്കും യഹോവയുടെ പരിപാലനത്തിന്റെ ഉറപ്പ് സംബന്ധിച്ച് സ്വന്തം അനുഭവത്തിൽനിന്നു പറയാൻ കഴിയും. നിങ്ങൾക്ക് അറിയാവുന്ന ഇതുപോലുള്ള ആരോടെങ്കിലും യഹോവ പിന്തുണച്ചിരിക്കുന്ന വിധത്തെ കുറിച്ച് എന്തുകൊണ്ട് ചോദിച്ചുകൂടാ? പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും യഹോവയുടെ സഹായം അനുഭവിച്ചറിഞ്ഞിട്ടുള്ളതിന്റെ നിരവധി വിവരണങ്ങൾ നിങ്ങൾക്കു കേൾക്കാനാകുമെന്നതിൽ സംശയമില്ല. ജീവിതത്തിലെ അവശ്യ സംഗതികൾ അവൻ എല്ലായ്‌പോഴും പ്രദാനം ചെയ്യുന്നു.—സങ്കീർത്തനം 37:25; മത്തായി 6:25-34.
15. ദൈവജനത്തിന്റെ നീതി പ്രകാശിക്കുന്നത് എങ്ങനെ?
15 നാം യഹോവയിൽ വിശ്വാസമർപ്പിക്കുകയും അവനിൽ പൂർണമായി ആശ്രയിക്കുകയും ചെയ്യുന്നെങ്കിൽ, നമുക്ക് സങ്കീർത്തനക്കാരൻ തുടർന്നു പറഞ്ഞ വാക്കുകൾ അനുഭവിച്ചറിയാനാകും: “അവൻ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും സങ്കീർത്തനം 37:6) യഹോവയുടെ സാക്ഷികളായ നമ്മെ മറ്റുള്ളവർ പലപ്പോഴും തെറ്റായ വിധത്തിൽ ചിത്രീകരിക്കാറുണ്ട്. എന്നാൽ, നമ്മുടെ പരസ്യ ശുശ്രൂഷ യഹോവയോടും അയൽക്കാരോടുമുള്ള സ്‌നേഹത്താൽ പ്രചോദിതമാണെന്നു തിരിച്ചറിയാൻ യഹോവ ആത്മാർഥഹൃദയരുടെ കണ്ണുകൾ തുറക്കുന്നു. അതേസമയം, പലരാലും തെറ്റായി ചിത്രീകരിക്കപ്പെടുന്നെങ്കിലും നമ്മുടെ നേരായ നടത്തയെ മറ്റുള്ളവരിൽനിന്നു മറച്ചുവെക്കാൻ ആർക്കും കഴിയില്ല. സകലവിധ എതിർപ്പുകൾക്കും പീഡനങ്ങൾക്കും മധ്യേ യഹോവ നമ്മെ പുലർത്തുന്നു. തത്‌ഫലമായി, ദൈവജനത്തിന്റെ നീതി മധ്യാഹ്ന സൂര്യൻപോലെ പ്രകാശിക്കുന്നു.—1 പത്രൊസ് 2:12.
പ്രകാശിപ്പിക്കും.” (“മിണ്ടാതെയിരുന്നു . . . പ്രത്യാശിക്ക”
16, 17. സങ്കീർത്തനം 37:7 അനുസരിച്ച് ഇപ്പോൾ എന്തിനുള്ള സമയമാണ്, എന്തുകൊണ്ട്?
16 സങ്കീർത്തനക്കാരൻ അടുത്തതായി ഇങ്ങനെ പറയുന്നു: “യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുത്.” (സങ്കീർത്തനം 37:7) യഹോവ പ്രവർത്തിക്കുന്നതിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കേണ്ടതിന്റെ ആവശ്യത്തിന് ദാവീദ് ഇവിടെ ഊന്നൽ നൽകുന്നു. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം ഇതുവരെ വന്നെത്തിയിട്ടില്ലെങ്കിലും അത് പരാതിക്കു കാരണമല്ല. യഹോവയുടെ കരുണയും ക്ഷമയും നാം ആദ്യം ചിന്തിച്ചതിനെക്കാൾ ഏറെ വലുതാണെന്നു നമുക്കു കാണാൻ കഴിഞ്ഞിട്ടില്ലേ? അന്ത്യം വരുന്നതിനു മുമ്പ് സുവാർത്ത പ്രസംഗത്തിൽ വ്യാപൃതരായിരിക്കെ, നാമും ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് നമുക്ക് ഇപ്പോൾ പ്രകടമാക്കാനാകുമോ? (മർക്കൊസ് 13:10) നമ്മുടെ സന്തോഷവും ആത്മീയ സുരക്ഷിതത്വവും കവർന്നുകളയുന്ന ബുദ്ധിശൂന്യമായ പ്രവർത്തനങ്ങൾ ഒഴിവാക്കാനുള്ള സമയമാണ് ഇത്. ഇപ്പോൾ സാത്താന്റെ ലോകത്തിന്റെ ദുഷിപ്പിക്കുന്ന സ്വാധീനത്തെ പൂർവാധികം ശക്തിയോടെ ചെറുത്തുനിൽക്കേണ്ടതുണ്ട്. അതുപോലെ, ധാർമിക ശുദ്ധി നിലനിറുത്തുകയും യഹോവയുടെ മുമ്പാകെയുള്ള നീതിനിഷ്‌ഠമായ നില ഒരിക്കലും അപകടപ്പെടുത്താതിരിക്കുകയും വേണം. അതുകൊണ്ട്, അധാർമിക ചിന്തകളെ തള്ളിക്കളയുന്നതിലും വിപരീത ലിംഗവർഗത്തിൽപ്പെട്ടവരോടോ ഒരേ ലിംഗവർഗത്തിൽപ്പെട്ടവരോടോ ഉള്ള അനുചിതമായ ഇടപെടലുകൾ ഒഴിവാക്കുന്നതിലും നമുക്ക് തുടരാം.—കൊലൊസ്സ്യർ 3:5.
17 ദാവീദ് തുടർന്ന് ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു. ദുഷ്‌പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.” (സങ്കീർത്തനം 37:8, 9) അതേ, യഹോവ ഈ ഭൂമിയിൽനിന്നു സകല അഴിമതിയും അഴിമതിക്കാരെയും ഉന്മൂലനം ചെയ്യുന്ന ആ നാളിനായി നമുക്ക് ഉറച്ച ബോധ്യത്തോടെ കാത്തിരിക്കാം. ആ സമയം വളരെ അടുത്തിരിക്കുന്നു.
‘കുറഞ്ഞോന്നു കഴിഞ്ഞാൽ’
18, 19. സങ്കീർത്തനം 37:10-ൽനിന്ന് നിങ്ങൾക്ക് എന്തു പ്രോത്സാഹനമാണു ലഭിക്കുന്നത്?
18 “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.” (സങ്കീർത്തനം 37:10) ഈ വ്യവസ്ഥിതിയുടെയും യഹോവയിൽനിന്നു വേറിട്ട അപകടകരമാംവിധമുള്ള സ്വാതന്ത്ര്യത്തിന്റെ ഉച്ചാവസ്ഥയുടെയും അന്ത്യത്തോട് അടുത്തുവരുന്ന നമുക്ക് ഈ വാക്കുകൾ എത്ര പ്രോത്സാഹജനകമാണ്! മനുഷ്യൻ രൂപംകൊടുത്തിരിക്കുന്ന സകലതരം ഗവൺമെന്റുകളും അധികാരങ്ങളും പരിതാപകരമാംവിധം പരാജയമടഞ്ഞിരിക്കുന്നു. ദൈവഭരണത്തിന്റെ അതായത് യേശുക്രിസ്‌തുവിന്റെ കൈകളിലെ യഹോവയുടെ രാജ്യത്തിന്റെ പുനഃസ്ഥാപന സമയത്തോട് നാം ഇപ്പോൾ അടുത്തുവരികയാണ്. അത് ലോകകാര്യങ്ങളുടെ പരിപൂർണ നിയന്ത്രണം ഏറ്റെടുക്കുകയും ദൈവരാജ്യത്തിന്റെ സകല എതിരാളികളെയും നിർമൂലമാക്കുകയും ചെയ്യും.—ദാനീയേൽ 2:44.
19 ദൈവരാജ്യത്തിൻകീഴിലെ പുതിയ ലോകത്തിൽ, എത്രതന്നെ അന്വേഷിച്ചാലും നിങ്ങൾക്ക് ഒരു ‘ദുഷ്ടനെ’ കണ്ടെത്താനാവില്ല. അപ്പോൾ, യഹോവയോടു മത്സരിക്കുന്ന ഏതൊരു വ്യക്തിയും ഉടൻതന്നെ നീക്കം ചെയ്യപ്പെടും. അവന്റെ പരമാധികാരത്തെ എതിർക്കുകയോ ദിവ്യാധികാരത്തിനു കീഴ്‌പെടാൻ വിസമ്മതിക്കുകയോ ചെയ്യുന്ന ആരും അവിടെ ഉണ്ടായിരിക്കില്ല. നിങ്ങളുടെ അയൽക്കാരെല്ലാം യഹോവയെ പ്രസാദിപ്പിക്കുന്നതിൽ ഒരേ മനസ്സുള്ളവർ ആയിരിക്കും. എത്ര വലിയ സുരക്ഷിതത്വമായിരിക്കും നമുക്ക് അപ്പോൾ ആസ്വദിക്കാനാകുക—പൂട്ടുകളോ അഴികളോ വേണ്ട, പരസ്‌പര വിശ്വാസത്തിനോ സന്തോഷത്തിനോ മങ്ങലേൽപ്പിക്കുന്ന യാതൊന്നും അവിടെ ഉണ്ടായിരിക്കില്ല!—യെശയ്യാവു 65:20; മീഖാ 4:4; 2 പത്രൊസ് 3:13.
20, 21. (എ) സങ്കീർത്തനം 37:11-ൽ പറഞ്ഞിരിക്കുന്ന ‘സൗമ്യർ’ ആരാണ്, അവർ “സമാധാനസമൃദ്ധി” കണ്ടെത്തുന്നത് എവിടെ? (ബി) വലിപ്പമേറിയ ദാവീദിനെ അനുകരിക്കുന്നെങ്കിൽ നമുക്ക് എന്ത് അനുഗ്രഹങ്ങൾ ലഭിക്കും?
20 അപ്പോൾ, “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും.” സങ്കീർത്തനം 37:11എ) എന്നാൽ ഈ “സൌമ്യതയുള്ളവർ” ആരാണ്? “കഷ്ടപ്പെടുത്തുക, താഴ്‌ത്തുക, അപമാനിക്കുക” എന്നൊക്കെ അർഥമുള്ള ഒരു മൂലപദത്തിൽനിന്നാണ് “സൗമ്യതയുള്ള” എന്ന പദം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതേ, തങ്ങൾക്കു നേരിട്ടിരിക്കുന്ന അനീതികൾക്ക് തീർപ്പുകൽപ്പിക്കാൻ യഹോവയ്‌ക്കായി താഴ്‌മയോടെ കാത്തിരിക്കുന്നവരാണ് ഈ ‘സൗമ്യർ.’ “സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:11ബി) സത്യക്രിസ്‌തീയ സഭയോടു ബന്ധപ്പെട്ട ആത്മീയ പറുദീസയിൽ നാം ഇപ്പോൾപ്പോലും സമാധാനസമൃദ്ധി ആസ്വദിക്കുന്നുണ്ട്.
(21 കഷ്ടപ്പാടുകളിൽനിന്ന് ഇതുവരെയും മോചിതരായിട്ടില്ലെങ്കിലും, നാം പരസ്‌പരം പിന്തുണയ്‌ക്കുകയും വിഷാദരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി, യഹോവയുടെ ജനത്തിനിടയിൽ യഥാർഥ ആന്തരിക സംതൃപ്‌തി വർധിച്ചുവരുന്നു. ഇടയന്മാരായി നിയമിതരായിരിക്കുന്ന സഹോദരന്മാർ സ്‌നേഹപുരസ്സരം നമ്മുടെ ആത്മീയ ആവശ്യങ്ങൾ—ചിലപ്പോൾ ഭൗതികമായതുപോലും—നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നു. നീതിക്കുവേണ്ടി കഷ്ടം അനുഭവിക്കാൻ അങ്ങനെ അവർ നമ്മെ പ്രാപ്‌തരാക്കുന്നു. (1 തെസ്സലൊനീക്യർ 2:7, 11, 12; 1 പത്രൊസ് 5:2, 3) എത്ര വിലയേറിയ ഒരു സ്വത്താണ് ഈ സമാധാനം! മാത്രമല്ല, തൊട്ടുമുന്നിൽ സ്ഥിതിചെയ്യുന്ന സമാധാനപൂർണമായ പറുദീസയിലെ നിത്യജീവന്റെ പ്രതീക്ഷയും നമുക്കുണ്ട്. അതുകൊണ്ട്, അവസാനത്തോളം വിശ്വസ്‌തതയോടെ സേവിക്കാൻ യഹോവയ്‌ക്കായുള്ള തീക്ഷ്‌ണതയാൽ പ്രചോദിതനായ വലിപ്പമേറിയ ദാവീദിനെ, അഥവാ യേശുക്രിസ്‌തുവിനെ നമുക്ക് അനുകരിക്കാം. (1 പത്രൊസ് 2:21) അങ്ങനെ ചെയ്യുകവഴി, നാം അത്യധികം ആനന്ദിക്കുന്ന, നമ്മുടെ ദൈവമായ യഹോവയെ സ്‌തുതിച്ചുകൊണ്ട് നമുക്ക് തുടർന്നും സന്തോഷം അനുഭവിക്കാൻ കഴിയും.
[അടിക്കുറിപ്പ്]
^ ഖ. 12 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
നിങ്ങൾക്ക് ഉത്തരം പറയാമോ?
• സങ്കീർത്തനം 37:1, 2-ൽനിന്ന് നിങ്ങൾ എന്തെല്ലാം പഠിച്ചു?
• നിങ്ങൾക്ക് ‘യഹോവയിൽ അത്യധികം ആനന്ദിക്കാൻ’ കഴിയുന്നത് എങ്ങനെ?
• നമുക്ക് യഹോവയിൽ യഥാർഥമായി ആശ്രയിക്കാനാകും എന്നതിന് എന്തു തെളിവാണുള്ളത്?
[അധ്യയന ചോദ്യങ്ങൾ]
[9 -ാം പേജിലെ ചിത്രം]
“നീതികേടു ചെയ്യുന്നവരോടു” ക്രിസ്‌ത്യാനികൾ ‘അസൂയപ്പെടുന്നില്ല’
[10 -ാം പേജിലെ ചിത്രം]
“യഹോവയിൽ ആശ്രയിച്ചു നന്മചെയ്‌ക”
[11 -ാം പേജിലെ ചിത്രം]
യഹോവയെ കുറിച്ച് കഴിയുന്നത്ര പഠിച്ചുകൊണ്ട് അവനിൽ അത്യധികം ആനന്ദിക്കുക
[12 -ാം പേജിലെ ചിത്രം]
“സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും”