വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യെരൂശലേം ഉപരോധിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്ത സമയത്ത് യെഹെസ്കേൽ ‘ഊമനായിരുന്നത്’ അല്ലെങ്കിൽ ‘മിണ്ടാതിരുന്നത്’ ഏത് അർഥത്തിലാണ്?
താൻ അതിനോടകം ഘോഷിച്ച യഹോവയുടെ പ്രാവചനിക സന്ദേശത്തോട് കൂട്ടിച്ചേർക്കാൻ അവന് ഒന്നുമില്ലായിരുന്നു എന്നാണ് അടിസ്ഥാനപരമായി ഇതിന്റെ അർഥം.
യെഹെസ്കേൽ പ്രവാചകൻ, ബാബിലോണിലെ ഇസ്രായേല്യ പ്രവാസികൾക്ക് ഒരു വിശ്വസ്ത കാവൽക്കാരൻ എന്ന നിലയിലുള്ള തന്റെ സേവനം തുടങ്ങിയത് “യെഹോയാഖീൻരാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ,” അതായത് പൊ.യു.മു. 613-ൽ ആണ്. (യെഹെസ്കേൽ 1:2, 3) ബാബിലോന്യർ യെരൂശലേമിനെ ഉപരോധിച്ചു തുടങ്ങിയത് സംബന്ധിച്ച് പൊ.യു.മു. 609-ലെ പത്താം ചാന്ദ്രമാസത്തിന്റെ പത്താം ദിവസം അവന് ദിവ്യനിശ്വസ്തതയാൽ അറിവു ലഭിച്ചു. (യെഹെസ്കേൽ 24:1, 2) ആ ഉപരോധത്തിന്റെ അനന്തരഫലം എന്തായിരിക്കുമായിരുന്നു? യെരൂശലേമും അതിലെ വിശ്വാസരഹിത നിവാസികളും രക്ഷപ്പെടുമോ? കാവൽക്കാരൻ എന്ന നിലയിൽ യെഹെസ്കേൽ, വിനാശം സംബന്ധിച്ച യഹോവയുടെ സുനിശ്ചിത സന്ദേശം പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. ആ സന്ദേശത്തെ ഒന്നുകൂടെ വ്യക്തമാക്കാനെന്നവണ്ണം അവൻ അതിനോട് ഒന്നും കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ലായിരുന്നു. യെരൂശലേമിന്റെ ഉപരോധത്തെ കുറിച്ചുള്ള കൂടുതലായ ഏതൊരു കാര്യത്തോടുമുള്ള ബന്ധത്തിൽ യെഹെസ്കേൽ ഊമനായിരുന്നു.—യെഹെസ്കേൽ 24:25-27, പി.ഒ.സി. ബൈബിൾ.
പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശത്തിന് ഏതാണ്ട് ആറു മാസത്തിനുശേഷം, വിശുദ്ധ നഗരം ശൂന്യമാക്കപ്പെട്ടതായുള്ള വാർത്ത, രക്ഷപ്പെട്ടുവന്ന ഒരാൾ ബാബിലോണിൽ ആയിരുന്ന യെഹെസ്കേലിനെ അറിയിച്ചു. അയാൾ അവന്റെ അടുക്കൽ വരുന്നതിന്റെ തലേ വൈകുന്നേരം യഹോവ “[യെഹെസ്കേലിന്റെ] വായ് തുറന്നിരുന്നു . . . [അവൻ] പിന്നെ മിണ്ടാതെ ഇരുന്നില്ല.” (യെഹെസ്കേൽ 33:22) അത് യെഹെസ്കേൽ ഊമനായിരുന്ന അവസ്ഥയ്ക്ക് അന്ത്യം കുറിച്ചു.
ആ സമയത്ത് യെഹെസ്കേൽ അക്ഷരാർഥത്തിൽ ഊമനായിരുന്നോ? വ്യക്തമായും അല്ലായിരുന്നു. എന്തെന്നാൽ, അവൻ “ഊമനായ”ശേഷവും, യെരൂശലേമിന്റെ വീഴ്ചയെ പ്രതി സന്തോഷിച്ച ചുറ്റുമുണ്ടായിരുന്ന രാജ്യങ്ങളെ മുഖ്യമായും അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രവചനങ്ങൾ അവൻ ഉച്ചരിച്ചു. (യെഹെസ്കേൽ 25-32 അധ്യായങ്ങൾ) മുമ്പ്, ഒരു പ്രവാചകനും കാവൽക്കാരനുമായിരുന്ന യെഹെസ്കേലിനോട് യഹോവ ഇപ്രകാരം പറഞ്ഞിരുന്നു: “നീ ഊമനായി അവർക്കു ശാസകനാകാതെയിരിക്കേണ്ടതിന്നു ഞാൻ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പററുമാറാക്കും; അവർ മത്സരഗൃഹമല്ലോ. ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായി തുറക്കും.” (യെഹെസ്കേൽ 3:26, 27) ഇസ്രായേലിനു നൽകാൻ യഹോവയ്ക്കു സന്ദേശമൊന്നും ഇല്ലാതിരുന്നപ്പോൾ ആ ജനതയുടെ കാര്യത്തിൽ യെഹെസ്കേൽ ഊമനായിരിക്കേണ്ടിയിരുന്നു. യഹോവ പറയുന്ന കാര്യങ്ങൾ, അവൻ പറയുന്ന സമയത്ത് ആണ് യെഹെസ്കേൽ ഘോഷിക്കേണ്ടിയിരുന്നത്. ഇസ്രായേല്യരോട് പ്രാവചനിക പ്രാധാന്യമുള്ള വാക്കുകൾ ഉച്ചരിച്ചില്ല എന്ന അർഥത്തിലാണ് യെഹെസ്കേൽ ഊമനായിരുന്നത്.
യെരൂശലേമിനാൽ മുൻനിഴലാക്കപ്പെടുന്ന ക്രൈസ്തവലോകത്തിനു വരാൻ പോകുന്ന നാശത്തെ കുറിച്ച് ആധുനികകാല കാവൽക്കാരൻ വർഗം അതായത്, അഭിഷിക്ത ക്രിസ്ത്യാനികൾ മുന്നറിയിപ്പു നൽകിക്കൊണ്ടാണിരുന്നിട്ടുള്ളത്. “മഹോപദ്രവം” ആഞ്ഞടിച്ച് വ്യാജമതലോകസാമ്രാജ്യമായ ‘മഹതിയാം ബാബിലോനെ’ തരിപ്പണമാക്കുമ്പോൾ, ആ സാമ്രാജ്യത്തിന്റെ പ്രമുഖ ഭാഗമായ ക്രൈസ്തവലോകത്തിന്റെ അന്ത്യത്തെ കുറിച്ച് അഭിഷിക്ത യെഹെസ്കേൽ വർഗം കൂടുതലായി ഒന്നും പറയേണ്ടിവരില്ല.—മത്തായി 24:21, NW; വെളിപ്പാടു 17:1, 2, 5.
അതേ, ക്രൈസ്തവലോകത്തെ അറിയിക്കാൻ കൂടുതലായൊന്നുമില്ലാതെ, അഭിഷിക്ത ശേഷിപ്പും അവരുടെ സഹകാരികളും ഊമരായിരിക്കുന്ന ദിവസം ആഗതമാകും. “പത്തുകൊമ്പും മൃഗവും” മഹാബാബിലോനെ ശൂന്യവും നഗ്നവുമാക്കുമ്പോഴായിരിക്കും അത്. (വെളിപ്പാടു 17:16) തീർച്ചയായും, ക്രിസ്ത്യാനികൾ അക്ഷരാർഥത്തിൽ ഊമരായിരിക്കുമെന്ന് ഇത് അർഥമാക്കുന്നില്ല. ഇപ്പോൾ ചെയ്യുന്നതുപോലെതന്നെ, അവർ നാൾതോറും, “എല്ലാ തലമുറകളിലും” യഹോവയെ സ്തുതിക്കുകയും അവനെ കുറിച്ച് പ്രഖ്യാപിക്കുകയും ചെയ്യും.—സങ്കീർത്തനം 45:17; 145:2.