യുദ്ധം അതിന്റെ മുഖച്ഛായ മാറ്റിയിരിക്കുന്നു
യുദ്ധം അതിന്റെ മുഖച്ഛായ മാറ്റിയിരിക്കുന്നു
യുദ്ധം എന്നും മൃഗീയമായിരുന്നിട്ടുണ്ട്. അത് എല്ലായ്പോഴും സൈനികരുടെ ജീവിതം താറുമാറാക്കുകയും ജനങ്ങൾക്കു ദുരിതം വരുത്തിവെക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ സമീപ വർഷങ്ങളിൽ യുദ്ധം അതിന്റെ മുഖച്ഛായ മാറ്റിയിരിക്കുന്നു. ഏതു വിധത്തിൽ?
ഇന്നത്തെ യുദ്ധങ്ങൾ പ്രധാനമായും ആഭ്യന്തര യുദ്ധങ്ങളാണ്. അതായത്, ഒരേ രാജ്യത്തുതന്നെയുള്ള പൗരന്മാർക്കിടയിലെ എതിർച്ചേരികൾ തമ്മിലുള്ള പോരാട്ടങ്ങൾ. ആഭ്യന്തര യുദ്ധങ്ങൾ പലപ്പോഴും ഏറെക്കാലം നീണ്ടുനിൽക്കുന്നു. ഫലമോ? അതു ജനങ്ങളെ വൈകാരികമായി കൂടുതൽ തളർത്തുകയും രണ്ടു രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ സംഭവിക്കുന്നതിനെക്കാൾ സമഗ്രമായി രാജ്യങ്ങളെ താറുമാറാക്കുകയും ചെയ്യും. “ആഭ്യന്തര യുദ്ധങ്ങൾ കിരാതമാണ്. രക്തരൂഷിത സൈനിക നീക്കങ്ങളുടെ അകമ്പടിയോടെയുള്ള ഇത്തരം യുദ്ധങ്ങൾ ആയിരങ്ങളുടെ ജീവൻ അപഹരിക്കുന്നു, ലൈംഗിക അതിക്രമങ്ങൾ, നിർബന്ധിത പലായനം, അങ്ങേയറ്റത്തെ ചില സാഹചര്യങ്ങളിൽ വംശഹത്യ എന്നിവയിൽ കലാശിക്കുന്നു” എന്ന് സ്പാനീഷ് ചരിത്രകാരനായ ഹൂല്യാൻ കാസനോവ അഭിപ്രായപ്പെടുന്നു. അയൽക്കാരൻ അയൽക്കാരനോടു കാട്ടുന്ന നിഷ്ഠുരതകളുടെ മുറിവുകൾ ഉണങ്ങാൻ നൂറ്റാണ്ടുകൾ വേണ്ടിവന്നേക്കാം.
ശീതയുദ്ധം അവസാനിച്ചതിനുശേഷം രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ താരതമ്യേന വിരളമായേ നടന്നിട്ടുള്ളൂ. “1990-2000 കാലയളവിൽ രേഖപ്പെടുത്തിയ വലിയ സായുധ പോരാട്ടങ്ങളിൽ മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം ആഭ്യന്തര പോരാട്ടങ്ങളായിരുന്നു” എന്ന് സ്റ്റോക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ സ്ഥാപനം (എസ്ഐപിആർഐ) റിപ്പോർട്ടു ചെയ്യുന്നു.
ആഭ്യന്തര ഏറ്റുമുട്ടലുകൾ അത്ര ആപത്കരമല്ലെന്നു തോന്നിയേക്കാം എന്നതു ശരിയാണ്. അതുപോലെ, അന്താരാഷ്ട്ര മാധ്യമങ്ങൾ അവയ്ക്കു വലിയ ശ്രദ്ധയൊന്നും കൊടുത്തില്ലെന്നും വരാം. എങ്കിലും, ഇത്തരം ശത്രുത വരുത്തിവെക്കുന്ന വേദനയും വിനാശവും അതിരൂക്ഷമാണ്. ആഭ്യന്തര കലാപങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ പൊലിഞ്ഞിരിക്കുന്നു. വാസ്തവത്തിൽ, കഴിഞ്ഞ രണ്ടു ദശകങ്ങളിൽ യുദ്ധം പിച്ചിച്ചീന്തിയ അഫ്ഗാനിസ്ഥാൻ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, സുഡാൻ എന്നീ മൂന്നു രാജ്യങ്ങളിൽ മാത്രം 50 ലക്ഷത്തോളം ആളുകൾക്കു ജീവഹാനി സംഭവിച്ചിരിക്കുന്നു. ബാൾക്കൻ രാജ്യങ്ങളിലെ ഉഗ്രമായ വർഗീയ പോരാട്ടങ്ങൾ ഏതാണ്ട് 2,50,000 പേരുടെ ജീവനെടുത്തു. കൊളംബിയയിലെ ദീർഘമായ ഗറില്ലാ യുദ്ധങ്ങൾ ഏകദേശം 1,00,000 ആളുകളെ കൊന്നൊടുക്കി.
ആഭ്യന്തര യുദ്ധത്തിന്റെ മൃഗീയതകൾ ഏറ്റവുമധികം പ്രകടമാകുന്നത് കുട്ടികളോടുള്ള ബന്ധത്തിലാണ്. കഴിഞ്ഞ ദശകത്തിൽ നടമാടിയ ആഭ്യന്തര പോരാട്ടങ്ങളിൽ അസ്തമിച്ചത് 20 ലക്ഷത്തിലധികം പിഞ്ചുജീവിതങ്ങളാണ് എന്ന് ഐക്യരാഷ്ട്രങ്ങളുടെ അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണർ അഭിപ്രായപ്പെടുന്നു. വേറൊരു 60 ലക്ഷത്തിനു മുറിവേറ്റു. ബാലഭടന്മാരായി പരിശീലിപ്പിക്കപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. ഒരു ബാലഭടൻ ഇപ്രകാരം പറയുന്നു: “അവർ എന്നെ പരിശീലിപ്പിച്ചു, ഒരു തോക്കും തന്നു. ഞാൻ മയക്കുമരുന്നുകൾ ഉപയോഗിച്ചു. ഞാൻ ജനങ്ങളെ കൊന്നു, ഒരുപാടു പേരെ. യുദ്ധം എന്നുവെച്ചാൽ അതാണ് . . . ഞാൻ ആജ്ഞകൾ അനുസരിക്കുക മാത്രമായിരുന്നു. ചെയ്യുന്നതു തെറ്റാണെന്ന് എനിക്കറിയാമായിരുന്നു. എന്റെ ഇഷ്ടത്തിനല്ല ഞാൻ അതൊക്കെ ചെയ്തത്.”
ആഭ്യന്തര കലഹങ്ങൾ നിത്യസംഭവമായി മാറിക്കഴിഞ്ഞ രാജ്യങ്ങളിലെ നിരവധി കുട്ടികൾ സമാധാനം എന്തെന്ന് ഒരിക്കലും അറിയാതെയാണു വളർന്നുവരുന്നത്. സ്കൂളുകൾ തകർന്നു തരിപ്പണമാകുകയും തോക്കുകൾ സംസാരിക്കുകയും ചെയ്യുന്ന ഒരു ലോകത്തിലാണ് അവർ ജീവിക്കുന്നത്. 14 വയസ്സുകാരി ഡൂൻജാ പറയുന്നു: “ഒരുപാടു പേർ കൊല്ലപ്പെട്ടിരിക്കുന്നു . . . പക്ഷികളുടെ പാട്ടൊന്നും ഇപ്പോൾ കേൾക്കാനില്ല, അമ്മയെയോ അച്ഛനെയോ ആങ്ങളയെയോ പെങ്ങളെയോ നഷ്ടപ്പെട്ട കുട്ടികൾ കരയുന്ന ശബ്ദമാണ് എല്ലായിടത്തും.”
കാരണങ്ങൾ എന്തെല്ലാം?
ക്രൂരമായ ഇത്തരം ആഭ്യന്തര കലാപങ്ങൾക്കു തിരികൊളുത്തുന്നത് എന്താണ്? വംശീയ-വർഗീയ വിദ്വേഷം, മതപരമായ ഭിന്നതകൾ, അനീതി, രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയാണ് പ്രമുഖ ഘടകങ്ങൾ. മറ്റൊരു അടിസ്ഥാന കാരണം അത്യാഗ്രഹമാണ്. അധികാരത്തിനും പണത്തിനും വേണ്ടിയുള്ള ആർത്തി. ആർത്തിപൂണ്ട രാഷ്ട്രീയ നേതാക്കൾ, ഏറ്റുമുട്ടലിന് ഇന്ധനം പകരുന്ന വിദ്വേഷം ഇളക്കിവിടുന്നു. സായുധ പോരാട്ടങ്ങളിൽ പങ്കെടുക്കുന്നവരിൽ അനേകരുടെയും “കണ്ണ് വ്യക്തിപരമായ നേട്ടങ്ങളിലാണ്” എന്ന് എസ്ഐപിആർഐ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടു പറയുന്നു. അത് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “അത്യാഗ്രഹം പല രൂപത്തിൽ പ്രകടമാകുന്നു. സൈനികത്തലവന്മാരും രാഷ്ട്രീയ നേതാക്കളും നടത്തുന്ന വിപുലമായ വജ്ര വ്യാപാരം മുതൽ തോക്കേന്തിയ യുവജനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ നടത്തുന്ന കൊള്ള വരെ അതിന് ഉദാഹരണങ്ങളാണ്.”
മാരകായുധങ്ങൾ വളരെ തുച്ഛമായ വിലയ്ക്ക് എളുപ്പം കിട്ടുമെന്നത് കൂട്ടക്കൊലയുടെ വ്യാപ്തി വർധിപ്പിക്കുന്നു. ഓരോ വർഷവും ഏതാണ്ട് 5,00,000 കൊലപാതകങ്ങൾക്ക്—മുഖ്യമായും സ്ത്രീകളുടെയും കുട്ടികളുടെയും—കൈത്തോക്കുകൾ കാരണമാകുന്നതായി കണക്കാക്കപ്പെടുന്നു. ഒരു ആഫ്രിക്കൻ രാജ്യത്ത് എകെ-47 തോക്കിന് ഒരു കോഴിയുടെ വിലയേ ഉള്ളൂ. ദുഃഖകരമെന്നു പറയട്ടെ, ചില സ്ഥലങ്ങളിൽ തോക്കുകൾ കോഴികളെപ്പോലെതന്നെ സുലഭവും ആയിത്തീർന്നിരിക്കുന്നു. ലോകമൊട്ടാകെ, 50 കോടി കൈത്തോക്കുകൾ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു, പന്ത്രണ്ടു പേരിൽ ഒരാൾക്കു വീതം.
നിഷ്ഠുരമായ ആഭ്യന്തര പോരാട്ടങ്ങൾ 21-ാം നൂറ്റാണ്ടിന്റെ മുഖമുദ്രയായി മാറുമോ? ആഭ്യന്തര യുദ്ധങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയുമോ? പരസ്പരം കൊന്നൊടുക്കുന്നത് ആളുകൾ എന്നെങ്കിലും അവസാനിപ്പിക്കുമോ? പിൻവരുന്ന ലേഖനം ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും.
[4-ാം പേജിലെ ചതുരം]
ആഭ്യന്തര യുദ്ധങ്ങൾ—ഒടുക്കേണ്ടിവരുന്ന ദാരുണമായ വില
ആഭ്യന്തര യുദ്ധങ്ങളിൽ അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിലും അവ അതിക്രൂരമാണ്. ഈ പോരാട്ടങ്ങളിൽ കൊല്ലപ്പെടുന്നവരിൽ 90 ശതമാനവും സാധാരണ ജനങ്ങളാണ്, അതിൽ പോരാടുന്നവരല്ല. “സായുധ പോരാട്ടങ്ങൾ മിക്ക കേസുകളിലും കൂടുതലായി കുട്ടികളെയാണ് ലക്ഷ്യം വെക്കുന്നത്. അല്ലാതെ അവർ യാദൃച്ഛികമായി ഇരകളാകുന്നതല്ല” എന്ന് ‘സായുധ പോരാട്ടം കുട്ടികളുടെമേൽ ഉളവാക്കുന്ന ഫലം’ എന്നതിനെ കുറിച്ച് ഐക്യരാഷ്ട്ര സെക്രട്ടറി ജനറലിനു വിവരങ്ങൾ പ്രദാനം ചെയ്യുന്ന വിദഗ്ധ, ഗ്രാസ മാഷെൽ നിരീക്ഷിക്കുന്നു.
കരുതിക്കൂട്ടി ചെയ്യുന്ന ഒരു സൈനിക കുതന്ത്രമായിത്തീർന്നിരിക്കുന്നു ബലാത്സംഗം. യുദ്ധത്താൽ താറുമാറായിരിക്കുന്ന ചില പ്രദേശങ്ങളിൽ, വിപ്ലവകാരികൾ തങ്ങൾ പിടിച്ചടക്കുന്ന ഗ്രാമങ്ങളിലെ കൗമാരപ്രായത്തിലുള്ള മിക്കവാറും എല്ലാ പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുന്നു. സംഭ്രാന്തി പരത്തുകയും ശത്രു വിഭാഗങ്ങളുടെ കുടുംബങ്ങൾക്കിടയിലുള്ള ബന്ധങ്ങൾ അറുത്തുമാറ്റുകയും ചെയ്യുക എന്നതാണ് ഈ നീചകൃത്യത്തിനു പിന്നിലെ ലക്ഷ്യം.
യുദ്ധത്തിന്റെ കൂടെപ്പിറപ്പുകളാണ് ക്ഷാമവും രോഗങ്ങളും. ഒരു ആഭ്യന്തര യുദ്ധമുണ്ടായാൽ കൃഷിയും ഭക്ഷ്യോത്പാദനവും കുറയും, ആതുര സേവനങ്ങൾ തുലോം പരിമിതമായിത്തീരും, ആവശ്യക്കാർക്കുള്ള അന്താരാഷ്ട്ര സഹായത്തിന്റെ കാര്യവും അങ്ങനെതന്നെ. ഒരു ആഫ്രിക്കൻ ആഭ്യന്തര യുദ്ധത്തിൽ മരണമടഞ്ഞവരിൽ 20 ശതമാനം രോഗത്താലും 78 ശതമാനം പട്ടിണിയാലും ആയിരുന്നെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. നേരിട്ടുള്ള പോരാട്ടങ്ങളിൽ മരണമടഞ്ഞവർ കേവലം രണ്ടു ശതമാനം മാത്രം ആയിരുന്നു.
ഒരു ശരാശരി കണക്ക് അനുസരിച്ച്, ഓരോ 22 മിനിട്ടിലും കുഴിബോംബുകളിൽ ചവിട്ടി ആർക്കെങ്കിലും അംഗഭംഗം സംഭവിക്കുകയോ ജീവൻ നഷ്ടമാകുകയോ ചെയ്യുന്നു. 60-ലധികം രാജ്യങ്ങളിലായി 6 മുതൽ 7 വരെ കോടി കുഴിബോംബുകൾ പാകിയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ആളുകൾ വീടുവിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു. ജന്മനാട്ടിൽനിന്നു തുരത്തപ്പെട്ടവരും അഭയാർഥികളുമായി ലോകമൊട്ടാകെ ഇപ്പോൾ അഞ്ചു കോടി ആളുകളുണ്ട്, ഇവരിൽ പകുതിയും കുട്ടികളാണ്.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
കവർ: ആൺകുട്ടി : Photo by Chris Hondros/Getty Images
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photo by Chris Hondros/Getty Images