വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകലരും യഹോവയുടെ മഹത്ത്വം ഘോഷിക്കട്ടെ

സകലരും യഹോവയുടെ മഹത്ത്വം ഘോഷിക്കട്ടെ

സകലരും യഹോവയുടെ മഹത്ത്വം ഘോഷിക്കട്ടെ

“മഹത്വവും ബലവും യഹോവെക്കു കൊടുപ്പിൻ. യഹോവെക്കു അവന്റെ നാമത്തിന്നു തക്ക മഹത്വം കൊടുപ്പിൻ.”​—⁠സങ്കീർത്തനം 96:7, 8.

1, 2. ഏത്‌ ഉറവിൽനിന്ന്‌ യഹോവയ്‌ക്കു മഹത്ത്വം ലഭിച്ചുകൊണ്ടിരിക്കുന്നു, അതിനോടു ചേരാൻ ആർക്ക്‌ ആഹ്വാനം ലഭിച്ചിരിക്കുന്നു?

യിശ്ശായിയുടെ പുത്രനായ ദാവീദ്‌, ബേത്ത്‌ലേഹെം പരിസരത്ത്‌ ഒരു ഇടയ ബാലനായാണ്‌ വളർന്നുവന്നത്‌. വിജനമായ ആ പുൽമേടുകളിൽ തന്റെ പിതാവിന്റെ ആടുകളെ മേയ്‌ച്ചുനടക്കവേ, രാത്രിയുടെ നിശ്ശബ്ദതയിൽ താരനിബിഡമായ ആകാശത്തിന്റെ അപാരതയിലേക്ക്‌ അവൻ എത്രയോ തവണ നോക്കിനിന്നിട്ടുണ്ടാവണം! പരിശുദ്ധാത്മാവിനാൽ നിശ്വസ്‌തനാക്കപ്പെട്ടപ്പോൾ, ആ മിഴിവുറ്റ ചിത്രങ്ങൾ അവന്റെ സ്‌മൃതിപഥങ്ങളിൽ ഒഴുകിയെത്തി എന്നതിനു സംശയമില്ല. അങ്ങനെയാണ്‌ 19-ാം സങ്കീർത്തനത്തിലെ ഭാവതരളമായ വാക്കുകൾ അവൻ ചിട്ടപ്പെടുത്തിയത്‌: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അററത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു.”​—⁠സങ്കീർത്തനം 19:⁠1, 4.

2 വാക്കുകൾ ഇല്ലാതെ, ശബ്ദം ഉയർത്താതെ, യഹോവ സൃഷ്ടിച്ച ഭയഗംഭീരമായ ആകാശം രാപകൽ അവന്റെ മഹത്ത്വം വിളിച്ചോതുകയാണ്‌. സൃഷ്ടി യഹോവയുടെ മഹത്ത്വം അനവരതം ഘോഷിക്കുന്നു. സകല ഭൂവാസികൾക്കും ദർശിക്കാൻ കഴിയുംവിധം “ഭൂമിയിൽ എല്ലാടവും” കടന്നുചെല്ലുന്ന ഈ മൂകസാക്ഷ്യത്തെ കുറിച്ചു ധ്യാനിക്കുന്നത്‌ നമ്മെ വിനയാന്വിതരാക്കുന്നു. എന്നിരുന്നാലും, സൃഷ്ടിയുടെ ഈ നിശ്ശബ്ദ സാക്ഷ്യം മാത്രം മതിയാകുന്നില്ല. അവയോടൊപ്പം ഉച്ചത്തിൽ യഹോവയ്‌ക്കു സാക്ഷ്യം വഹിക്കുന്നതിൽ പങ്കുചേരാൻ വിശ്വസ്‌തരായ മനുഷ്യർക്കും ആഹ്വാനം ലഭിച്ചിരിക്കുന്നു. പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു സങ്കീർത്തനക്കാരൻ വിശ്വസ്‌ത ആരാധകരെ അഭിസംബോധന ചെയ്യവേ ഈ നിശ്വസ്‌ത വാക്കുകൾ എഴുതി: “മഹത്വവും ബലവും യഹോവെക്കു കൊടുപ്പിൻ. യഹോവെക്കു അവന്റെ നാമത്തിന്നു തക്ക മഹത്വം കൊടുപ്പിൻ.” (സങ്കീർത്തനം 96:⁠7, 8) യഹോവയുമായി ഒരു ഉറ്റ ബന്ധമുള്ളവർ ആ ആഹ്വാനത്തോടു ക്രിയാത്മകമായി പ്രതികരിക്കാൻ സന്തോഷമുള്ളവരാണ്‌. എന്നാൽ, യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

3. ഏതുവിധങ്ങളിൽ മനുഷ്യർ ദൈവത്തിനു മഹത്ത്വം കരേറ്റുന്നു?

3 അതിന്‌ കേവലം വാക്കുകളെക്കാൾ അധികം ആവശ്യമാണ്‌. യെശയ്യാവിന്റെ നാളിലെ ഇസ്രായേല്യർ അധരങ്ങളാൽ ദൈവത്തെ സ്‌തുതിച്ചു, പക്ഷേ മിക്കവർക്കും ആത്മാർഥത ഇല്ലായിരുന്നു. യെശയ്യാവ്‌ മുഖാന്തരം യഹോവ ഇപ്രകാരം അരുളിച്ചെയ്‌തു: “ഈ ജനം അടുത്തു വന്നു വായ്‌കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്തു അകററിവെച്ചിരിക്കുന്നു.” (യെശയ്യാവു 29:⁠13) അത്തരക്കാർ ഉരുവിട്ട സ്‌തുതിവചനങ്ങൾ നിരർഥകമായിരുന്നു. സ്‌തുതി അർഥപൂർണം ആകണമെങ്കിൽ, യഹോവയോടുള്ള സ്‌നേഹത്താൽ നിർഭരമായ, അവന്റെ നിരുപമ മഹത്ത്വത്തെ ആത്മാർഥമായി അംഗീകരിക്കുന്ന ഒരു ഹൃദയത്തിൽനിന്ന്‌ അത്‌ ഉത്ഭൂതമാകേണ്ടതുണ്ട്‌. യഹോവ മാത്രമാണ്‌ സ്രഷ്ടാവ്‌. അവൻ സർവശക്തനും നീതിസമ്പൂർണനും സ്‌നേഹത്തിന്റെ മൂർത്തിമദ്‌ഭാവവും ആണ്‌. നമ്മുടെ രക്ഷയുടെ പ്രഭവകേന്ദ്രവും അഖിലാണ്ഡത്തിന്റെ തികച്ചും അർഹനായ പരമാധികാരിയും അവനാണ്‌. അവനു കീഴ്‌പെട്ടിരിക്കാൻ സ്വർഗത്തിലും ഭൂമിയിലും ജീവിക്കുന്ന സകലർക്കും കടപ്പാടുണ്ട്‌. (വെളിപ്പാടു 4:⁠11, NW; 19:⁠1) ഇക്കാര്യങ്ങൾ യഥാർഥമായി വിശ്വസിക്കുന്നെങ്കിൽ, മുഴുഹൃദയാ നമുക്ക്‌ അവനെ സ്‌തുതിക്കാം.

4. ദൈവത്തെ എങ്ങനെ മഹത്ത്വപ്പെടുത്താം എന്നതു സംബന്ധിച്ച്‌ യേശു എന്ത്‌ മാർഗനിർദേശങ്ങൾ നൽകി, അത്‌ നമുക്ക്‌ എങ്ങനെ പിൻപറ്റാം?

4 ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടത്‌ എങ്ങനെയെന്ന്‌ യേശുക്രിസ്‌തു നമ്മോടു പറഞ്ഞിട്ടുണ്ട്‌. അവൻ ഇപ്രകാരം പ്രസ്‌താവിച്ചു: “നിങ്ങൾ വളരെ ഫലം കായ്‌ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും.” (യോഹന്നാൻ 15:⁠8) നാം വളരെ ഫലം കായ്‌ക്കുന്നത്‌ എങ്ങനെയാണ്‌? ഒന്നാമതായി, ‘രാജ്യത്തിന്റെ സുവിശേഷം’ പ്രസംഗിക്കുന്നതിൽ മുഴുദേഹിയോടെ പങ്കുചേരുന്നതിനാൽ. അങ്ങനെ ദൈവത്തിന്റെ ‘അദൃശ്യഗുണങ്ങളെ’ കുറിച്ച്‌ ‘പറയുന്നതിൽ’ നാം സകല സൃഷ്ടികളുമായി കൈകോർക്കുന്നു. (മത്തായി 24:⁠14; റോമർ 1:⁠20, NW) മാത്രമല്ല, യഹോവയാം ദൈവത്തിന്റെ സ്‌തുതിഘോഷകരുടെ എണ്ണം വർധിപ്പിച്ചുകൊണ്ട്‌ പുതുശിഷ്യരെ ഉളവാക്കുന്നതിൽ ഇപ്രകാരം നാമെല്ലാം നേരിട്ടോ പരോക്ഷമായോ ഒരു പങ്കുവഹിക്കുന്നു. രണ്ടാമതായി, പരിശുദ്ധാത്മാവ്‌ ഉത്‌പാദിപ്പിക്കുന്ന ഫലം നാം നട്ടുവളർത്തുകയും ദൈവത്തിന്റെ അനർഘ ഗുണങ്ങൾ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. (ഗലാത്യർ 5:⁠22, 23; എഫെസ്യർ 5:⁠1; കൊലൊസ്സ്യർ 3:⁠10) തത്‌ഫലമായി നമ്മുടെ അനുദിന നടത്ത ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.

“സർവ്വഭൂമിയിലും”

5. മറ്റുള്ളവരുമായി തങ്ങളുടെ വിശ്വാസം പങ്കുവെച്ചുകൊണ്ട്‌ ദൈവത്തെ മഹത്ത്വപ്പെടുത്താനുള്ള ക്രിസ്‌ത്യാനികളുടെ ഉത്തരവാദിത്വത്തിന്‌ പൗലൊസ്‌ ഊന്നൽ നൽകിയത്‌ എങ്ങനെയെന്നു വിശദീകരിക്കുക.

5 മറ്റുള്ളവരുമായി തങ്ങളുടെ വിശ്വാസം പങ്കുവെച്ചുകൊണ്ട്‌ ദൈവത്തെ മഹത്ത്വപ്പെടുത്താനുള്ള ക്രിസ്‌ത്യാനികളുടെ ഉത്തരവാദിത്വത്തിന്‌ റോമർക്കുള്ള തന്റെ ലേഖനത്തിൽ പൗലൊസ്‌ ഊന്നൽ നൽകി. യേശുക്രിസ്‌തുവിൽ വിശ്വാസം അർപ്പിക്കുന്നവർ മാത്രമേ രക്ഷിക്കപ്പെടുകയുള്ളു എന്നതാണ്‌ ആ ലേഖനത്തിന്റെ ഒരു മുഖ്യ പ്രതിപാദ്യം. “ക്രിസ്‌തു ന്യായപ്രമാണത്തിന്റെ അവസാനം” ആയിരിക്കെ, തന്റെ നാളിലെ സ്വാഭാവിക ഇസ്രായേൽ തുടർന്നും മോശൈക ന്യായപ്രമാണം പിൻപറ്റിക്കൊണ്ട്‌ നീതിയുള്ള ഒരു നില നേടാൻ ശ്രമിക്കുകയായിരുന്നു എന്ന്‌ 10-ാം അധ്യായത്തിൽ പൗലൊസ്‌ പ്രകടമാക്കുന്നു. അതുകൊണ്ട്‌ അവൻ ഇപ്രകാരം പറയുന്നു: “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏററുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്‌പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്‌താൽ നീ രക്ഷിക്കപ്പെടും.” ആ സമയം മുതൽ “യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നല്‌കുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. ‘കർത്താവിന്റെ [“യഹോവയുടെ,” NW] നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും’ എന്നുണ്ടല്ലോ.”​—⁠റോമർ 10:⁠4, 9-13.

6. പൗലൊസ്‌ സങ്കീർത്തനം 19:⁠4 ബാധകമാക്കിയത്‌ എങ്ങനെ?

6 തുടർന്ന്‌ യുക്ത്യാനുസൃതം പൗലൊസ്‌ ഇങ്ങനെ ചോദിക്കുന്നു: “എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” (റോമർ 10:⁠14, 15) ഇസ്രായേലിനെ കുറിച്ച്‌ പൗലൊസ്‌ പറയുന്നു: “എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല.” ഇസ്രായേൽ അനുസരിക്കാതിരുന്നത്‌ എന്തുകൊണ്ടായിരുന്നു? വിശ്വാസത്തിന്റെ അഭാവം നിമിത്തമാണ്‌ അവർ പ്രതികരിക്കാതിരുന്നത്‌, അല്ലാതെ അവർക്ക്‌ അവസരം ലഭിക്കാഞ്ഞിട്ടല്ല. സങ്കീർത്തനം 19:⁠4 ഉദ്ധരിക്കുകയും അത്‌ സൃഷ്ടിയുടെ മൂകസാക്ഷ്യത്തിനു പകരം ക്രിസ്‌തീയ പ്രസംഗവേലയ്‌ക്കു ബാധകമാക്കുകയും ചെയ്‌തുകൊണ്ട്‌ പൗലൊസ്‌ ഇതു വ്യക്തമാക്കുന്നു. അവൻ ഇങ്ങനെ പറയുന്നു: “‘അവരുടെ നാദം സർവ്വഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അററത്തോളവും പരന്നു.’” (റോമർ 10:⁠16, 18) അതേ, അചേതന സൃഷ്ടികൾ യഹോവയെ മഹത്ത്വപ്പെടുത്തുന്നതുപോലെ, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ രക്ഷയുടെ സുവാർത്ത എല്ലായിടത്തും പ്രസംഗിച്ചു, അങ്ങനെ “ഭൂമിയിൽ എല്ലാടവും” അവർ ദൈവത്തെ സ്‌തുതിച്ചു. സുവാർത്ത എത്രയധികം വ്യാപിച്ചു എന്ന്‌ കൊലൊസ്സ്യർക്ക്‌ എഴുതിയ ലേഖനത്തിൽ പൗലൊസ്‌ വിശദമാക്കി. “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” സുവാർത്ത പ്രസംഗിക്കപ്പെട്ടു എന്ന്‌ അവൻ പറഞ്ഞു.​—⁠കൊലൊസ്സ്യർ 1:⁠23.

സതീക്ഷ്‌ണ സാക്ഷികൾ

7. യേശു പറഞ്ഞ പ്രകാരം ക്രിസ്‌ത്യാനികൾക്ക്‌ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌?

7 യേശുക്രിസ്‌തു മരിച്ച്‌ ഏതാണ്ട്‌ 27 വർഷത്തിനു ശേഷമായിരിക്കണം പൗലൊസ്‌ കൊലൊസ്സ്യർക്കുള്ള തന്റെ ലേഖനം എഴുതിയത്‌. പ്രായേണ ഹ്രസ്വമായ ആ കാലഘട്ടംകൊണ്ട്‌ പ്രസംഗപ്രവർത്തനം കൊലൊസ്സ്യയോളംപോലും വ്യാപിച്ചത്‌ എങ്ങനെയാണ്‌? ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ തീക്ഷ്‌ണതയുള്ളവർ ആയിരുന്നതു നിമിത്തമാണ്‌ അതു സാധിച്ചത്‌. യഹോവ അവരുടെ തീക്ഷ്‌ണതയെ അനുഗ്രഹിക്കുകയും ചെയ്‌തു. “സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു” എന്ന്‌ പ്രസ്‌താവിച്ചുകൊണ്ട്‌ തന്റെ അനുഗാമികൾ തീക്ഷ്‌ണതയുള്ള പ്രസംഗകർ ആയിരിക്കുമെന്ന്‌ യേശു മുൻകൂട്ടി പറഞ്ഞിരുന്നു. (മർക്കൊസ്‌ 13:⁠10) ആ പ്രവചനത്തോടൊപ്പം മത്തായിയുടെ സുവിശേഷത്തിലെ ഉപസംഹാര വാക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന കൽപ്പനയും യേശു നൽകി: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:⁠19, 20) യേശുവിന്റെ സ്വർഗാരോഹണത്തിനു ശേഷം പെട്ടെന്നുതന്നെ അവന്റെ അനുഗാമികൾ ആ വാക്കുകൾ നിവർത്തിക്കാൻ തുടങ്ങി.

8, 9. പ്രവൃത്തികളുടെ പുസ്‌തകത്തിലെ വിവരണം അനുസരിച്ച്‌ ക്രിസ്‌ത്യാനികൾ യേശുവിന്റെ കൽപ്പനയോടു പ്രതികരിച്ചത്‌ എങ്ങനെ?

8 പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ പരിശുദ്ധാത്മാവു പകരപ്പെട്ടപ്പോൾ, യേശുവിന്റെ വിശ്വസ്‌ത അനുഗാമികൾ ആദ്യം ചെയ്‌ത സംഗതി പോയി പ്രസംഗിക്കുക എന്നതായിരുന്നു. അവർ യെരൂശലേമിലെ ജനക്കൂട്ടത്തോട്‌ “ദൈവത്തിന്റെ വൻകാര്യങ്ങളെ” കുറിച്ചു സംസാരിച്ചു. അവരുടെ പ്രസംഗം അത്യന്തം ഫലപ്രദമായിരുന്നു. “മൂവായിരത്തോളം പേർ” സ്‌നാപനമേറ്റു. ശിഷ്യന്മാർ പരസ്യമായി തീക്ഷ്‌ണതയോടെ ദൈവത്തെ സ്‌തുതിച്ചുകൊണ്ടിരുന്നു; നല്ല ഫലവും ഉണ്ടായി.​—⁠പ്രവൃത്തികൾ 2:⁠4, 11, 41, 46, 47.

9 ക്രിസ്‌ത്യാനികളുടെ പ്രവർത്തനങ്ങൾ പെട്ടെന്നുതന്നെ മതനേതാക്കന്മാരുടെ ശ്രദ്ധയിൽപ്പെട്ടു. പത്രൊസിന്റെയും യോഹന്നാന്റെയും വെട്ടിത്തുറന്നുള്ള സംസാരത്തിൽ അമർഷംപൂണ്ട്‌, ഇരുവരോടും പ്രസംഗം നിറുത്താൻ അവർ ആജ്ഞാപിച്ചു. “ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്‌താവിക്കാതിരിപ്പാൻ കഴിയുന്നതല്ല” എന്ന്‌ അപ്പൊസ്‌തലന്മാർ പ്രതിവചിച്ചു. പത്രൊസിനെയും യോഹന്നാനെയും ഭീഷണിപ്പെടുത്തി വിട്ടയച്ചപ്പോൾ അവർ സഹോദരങ്ങളുടെ അടുക്കൽ മടങ്ങിച്ചെല്ലുകയും, എല്ലാവരും ഒരുമിച്ച്‌ യഹോവയോടു പ്രാർഥിക്കുകയും ചെയ്‌തു. അവർ സധൈര്യം യഹോവയോട്‌ ഇങ്ങനെ അപേക്ഷിച്ചു: ‘നിന്റെ വചനം പൂർണ്ണധൈര്യത്തോടെ പ്രസ്‌താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്‌കേണമേ.’​—⁠പ്രവൃത്തികൾ 4:⁠13, 20, 30.

10. ഏത്‌ എതിർപ്പുകൾ തലപൊക്കാൻ തുടങ്ങി, സത്യക്രിസ്‌ത്യാനികൾ എങ്ങനെ പ്രതികരിച്ചു?

10 അവരുടെ പ്രാർഥന യഹോവയുടെ ഹിതത്തിനു ചേർച്ചയിൽ ആയിരുന്നു. അധികം താമസിയാതെ അതു വ്യക്തമായി. അപ്പൊസ്‌തലന്മാർ തടവിലാക്കപ്പെട്ടെങ്കിലും ഒരു ദൈവദൂതൻ അത്ഭുതകരമായി അവരെ മോചിപ്പിച്ചു. “നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്‌താവിപ്പിൻ” എന്ന്‌ ദൂതൻ അവരോടു പറഞ്ഞു. (പ്രവൃത്തികൾ 5:⁠18-20) അപ്പൊസ്‌തലന്മാർ അനുസരിച്ചതിനാൽ യഹോവ അവരെ അനുഗ്രഹിക്കുന്നതിൽ തുടർന്നു. അങ്ങനെ, “അവർ ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്‌തു എന്നു സുവിശേഷിക്കയും ചെയ്‌തുകൊണ്ടിരുന്നു.” (പ്രവൃത്തികൾ 5:⁠42) പരസ്യമായി ദൈവത്തിനു മഹത്ത്വം കരേറ്റുന്നതിൽനിന്ന്‌ യേശുവിന്റെ അനുഗാമികളെ തടയാൻ രൂക്ഷമായ എതിർപ്പുകൾക്ക്‌ ഒട്ടുംതന്നെ സാധിച്ചില്ല എന്നു വ്യക്തം.

11. പ്രസംഗ പ്രവർത്തനത്തോടുള്ള ആദിമ ക്രിസ്‌ത്യാനികളുടെ മനോഭാവം എന്തായിരുന്നു?

11 വൈകാതെ വിരോധികൾ സ്‌തെഫാനൊസിനെ പിടിച്ചുകൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു. അത്‌ യെരൂശലേമിൽ കൊടിയ പീഡനത്തിനു തിരികൊളുത്തി. അപ്പൊസ്‌തലന്മാർ ഒഴികെ ശിഷ്യന്മാരെല്ലാം മറ്റു പ്രദേശങ്ങളിലേക്കു ചിതറിപ്പോയി. എന്നാൽ പീഡനം അവരെ നിരുത്സാഹിതരാക്കിയോ? ഒരിക്കലുമില്ല. “ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു” എന്നു നാം വായിക്കുന്നു. (പ്രവൃത്തികൾ 8:⁠1, 4) ദൈവമഹത്ത്വം ഘോഷിക്കാനുള്ള തീക്ഷ്‌ണത വീണ്ടുംവീണ്ടും പ്രത്യക്ഷമായി. തർസൊസുകാരനായ ശൗൽ എന്ന പരീശൻ, യേശുവിന്റെ ശിഷ്യന്മാർക്കുനേരെ പീഡനം അഴിച്ചുവിടാൻ ദമസ്‌കൊസിലേക്കു യാത്രചെയ്യവേ യേശുവിന്റെ ഒരു ദർശനം കാണുകയും അന്ധനായിത്തീരുകയും ചെയ്‌തു എന്ന്‌ പ്രവൃത്തികൾ 9-ാം അധ്യായത്തിൽ നാം വായിക്കുന്നു. ദമസ്‌കൊസിൽവെച്ച്‌ അനന്യാസ്‌ അത്ഭുതകരമായി ശൗലിന്‌ കാഴ്‌ച തിരിച്ചു നൽകി. തദനന്തരം ശൗൽ (പിന്നീട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എന്ന്‌ അറിയപ്പെട്ടു) ആദ്യം ചെയ്‌തത്‌ എന്തായിരുന്നു? രേഖ ഇപ്രകാരം പറയുന്നു: ‘താമസമെന്യേ, യേശുവിനെപറ്റി, അവൻ ദൈവപുത്രനാണ്‌ എന്നു സുനഗോഗുകളിൽ അയാൾ പ്രഖ്യാപിച്ചു.’​—⁠പ്രവൃത്തികൾ 9:⁠20, ഓശാന ബൈബിൾ.

പ്രസംഗ പ്രവർത്തനത്തിൽ സകലരും പങ്കെടുത്തു

12, 13. (എ) ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്‌ ആദിമ ക്രിസ്‌തീയ സഭയുടെ സവിശേഷത എന്തായിരുന്നു? (ബി) ചരിത്രകാരന്മാരുടെ പ്രസ്‌താവനകളുമായി പ്രവൃത്തികളുടെ പുസ്‌തകം യോജിക്കുന്നത്‌ എങ്ങനെ?

12 ആദിമ ക്രിസ്‌തീയ സഭയിലെ സകലരും പ്രസംഗ പ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു എന്നത്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്‌തുതയാണ്‌. അക്കാലത്തെ ക്രിസ്‌ത്യാനികളെ കുറിച്ച്‌ ഫിലിപ്പ്‌ ഷാഫ്‌ ഇങ്ങനെ എഴുതുന്നു: “ഓരോ സഭയും ഒരു മിഷനറി സമുദായമായിരുന്നു; ഓരോ ക്രിസ്‌തീയ വിശ്വാസിയും മിഷനറിയും.” (ക്രിസ്‌തീയ സഭാചരിത്രം [ഇംഗ്ലീഷ്‌]) ഡബ്ലിയു. എസ്‌. വില്യംസ്‌ അൽമായരുടെ മഹത്തായ ശുശ്രൂഷ (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “പുരാതന സഭയിലെ എല്ലാ ക്രിസ്‌ത്യാനികളും, വിശേഷിച്ചും കരിസ്‌മാറ്റിക്‌ വരങ്ങൾ [ആത്മാവിന്റെ വരങ്ങൾ] ഉണ്ടായിരുന്നവർ സുവിശേഷം പ്രസംഗിച്ചിരുന്നു എന്നതിനു പൊതുവേ തെളിവുണ്ട്‌.” കൂടാതെ, “ശുശ്രൂഷകരുടെ ചില അണികൾക്കു മാത്രമുള്ള ഒരു പദവിയായിരിക്കണം പ്രസംഗ പ്രവർത്തനം എന്ന്‌ യേശു ഒരിക്കലും ഉദ്ദേശിച്ചില്ല” എന്ന്‌ അദ്ദേഹം ശക്തിയുക്തം പ്രസ്‌താവിക്കുന്നു. ക്രിസ്‌ത്യാനിത്വത്തിന്റെ ഒരു പഴയകാല ശത്രുവായ സെൽസെസ്‌ പോലും ഇങ്ങനെ എഴുതി: “മനുഷ്യരിൽ ഏറ്റവും അജ്ഞരും നികൃഷ്ടരും ആയിരുന്ന കമ്പിളിനെയ്‌ത്തുകാർ, ചെരുപ്പുകുത്തികൾ, തോൽക്കൊല്ലന്മാർ എന്നിവർ തീക്ഷ്‌ണ സുവിശേഷപ്രസംഗകർ ആയിരുന്നു.”

13 പ്രവൃത്തികളുടെ പുസ്‌തകത്തിലെ ചരിത്രരേഖയിൽ ഈ പ്രസ്‌താവനകളുടെ കൃത്യത വെളിവാകുന്നു. പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ പരിശുദ്ധാത്മാവു പകരപ്പെട്ടതിനെ തുടർന്ന്‌, പുരുഷന്മാരും സ്‌ത്രീകളുമായി സകല ശിഷ്യരും ദൈവത്തിന്റെ വൻകാര്യങ്ങളെ കുറിച്ചു പരസ്യമായി ഘോഷിച്ചു. സ്‌തെഫാനൊസിന്റെ വധത്തെ തുടർന്നു പൊട്ടിപ്പുറപ്പെട്ട പീഡനത്തിന്റെ ഫലമായി ചിതറിപ്പോയ ക്രിസ്‌ത്യാനികൾ വ്യാപകമായി സുവാർത്ത പ്രസംഗിച്ചു. ഏതാണ്ട്‌ 28 വർഷത്തിനു ശേഷം പൗലൊസ്‌ മുഴു എബ്രായ ക്രിസ്‌ത്യാനികൾക്കും​—⁠വൈദികരുടെ ഒരു ചെറിയ കൂട്ടത്തിനു മാത്രമായല്ല​—⁠എഴുതവേ ഇങ്ങനെ പറഞ്ഞു: “അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏററു പറയുന്ന അധരഫലം എന്ന സ്‌തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രായർ 13:⁠15) പ്രസംഗ പ്രവർത്തനത്തെ താൻ എങ്ങനെ വീക്ഷിക്കുന്നു എന്നു വിശദീകരിച്ചുകൊണ്ട്‌ പൗലൊസ്‌ പറഞ്ഞു: “ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” (1 കൊരിന്ത്യർ 9:⁠16) വ്യക്തമായും, ഒന്നാം നൂറ്റാണ്ടിലെ സകല വിശ്വസ്‌ത ക്രിസ്‌ത്യാനികളുടെയും വീക്ഷണം അതുതന്നെ ആയിരുന്നു.

14. വിശ്വാസവും പ്രസംഗ പ്രവർത്തനവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

14 തീർച്ചയായും, ഒരു യഥാർഥ ക്രിസ്‌ത്യാനി പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടതുണ്ട്‌. എന്തുകൊണ്ടെന്നാൽ ഇഴപിരിക്കാനാവാത്തവിധം അതു വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൗലൊസ്‌ പറഞ്ഞു: “ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏററുപറകയും ചെയ്യുന്നു.” (റോമർ 10:⁠10) സഭയിലെ ഒരു ചെറിയ വിഭാഗത്തിനു​—⁠ഒരു വൈദികവർഗത്തെ പോലെ​—⁠മാത്രമാണോ വിശ്വാസവും അതിന്റെ ഫലമായി പ്രസംഗിക്കാനുള്ള ഉത്തരവാദിത്വവും ഉള്ളത്‌? തീർച്ചയായും അല്ല! എല്ലാ സത്യക്രിസ്‌ത്യാനികളും കർത്താവായ യേശുക്രിസ്‌തുവിൽ ശക്തമായ വിശ്വാസം നട്ടുവളർത്തുന്നു. ആ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്താൻ അവർ പ്രേരിതരായിത്തീരുന്നു. അല്ലാത്തപക്ഷം അവരുടെ വിശ്വാസം നിർജീവമാണ്‌. (യാക്കോബ്‌ 2:⁠26) പൊതുയുഗം ഒന്നാം നൂറ്റാണ്ടിലെ സകല വിശ്വസ്‌ത ക്രിസ്‌ത്യാനികളും ഈ വിധത്തിൽ തങ്ങളുടെ വിശ്വാസം പ്രകടമാക്കിയതു നിമിത്തം യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടുള്ള ഒരു വൻ സ്‌തുതിഘോഷം മുഴങ്ങി.

15, 16. പ്രശ്‌നങ്ങളുണ്ടായിരുന്നിട്ടും പ്രസംഗവേല പുരോഗതി പ്രാപിച്ചു എന്നതിന്‌ ദൃഷ്ടാന്തങ്ങൾ നൽകുക.

15 ഒന്നാം നൂറ്റാണ്ടിൽ സഭയ്‌ക്ക്‌, അകത്തുനിന്നും പുറത്തുനിന്നും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും യഹോവ തന്റെ ജനത്തെ വർധന നൽകി അനുഗ്രഹിച്ചു. ദൃഷ്ടാന്തത്തിന്‌, എബ്രായ ഭാഷക്കാരും ഗ്രീക്ക്‌ ഭാഷക്കാരുമായ വിശ്വാസികൾ തമ്മിൽ ഒരു അഭിപ്രായ വ്യത്യാസം ഉണ്ടായതായി പ്രവൃത്തികൾ 6-ാം അധ്യായം രേഖപ്പെടുത്തുന്നു. പ്രശ്‌നം അപ്പൊസ്‌തലന്മാർ കൈകാര്യം ചെയ്‌തു. തത്‌ഫലമായി “ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏററവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തീർന്നു” എന്നു നാം വായിക്കുന്നു.—പ്രവൃത്തികൾ 6:⁠7.

16 പിന്നീട്‌, യെഹൂദ്യ ഭരിച്ചിരുന്ന ഹെരോദാവ്‌ അഗ്രിപ്പാ രാജാവും സോർ, സീദോൻ നിവാസികളും തമ്മിലുള്ള രാഷ്‌ട്രീയ ബന്ധം വഷളായി. പ്രസ്‌തുത നഗരവാസികൾ മുഖസ്‌തുതി വചനങ്ങൾ ചൊരിഞ്ഞുകൊണ്ട്‌ രാജാവുമായി സമാധാനം പുനഃസ്ഥാപിക്കാൻ മുൻകൈയെടുത്തു. പ്രതികരണമായി പൊതുജനത്തെ അഭിസംബോധന ചെയ്‌ത്‌ ഹെരോദാവ്‌ ഒരു പ്രസംഗം നടത്തി. “ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ” എന്നു ജനം ആർത്തു. “അവൻ ദൈവത്തിന്നു മഹത്വം കൊടുക്കായ്‌കയാൽ” യഹോവയുടെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ പ്രാണനെ വിട്ടു. (പ്രവൃത്തികൾ 12:⁠20-23) മാനുഷ ഭരണാധിപന്മാരിൽ പ്രത്യാശയർപ്പിച്ചവർക്ക്‌ അത്‌ എത്ര വലിയ ഒരു അടിയായിരുന്നു! (സങ്കീർത്തനം 146:⁠3, 4) എന്നാൽ ക്രിസ്‌ത്യാനികൾ യഹോവയെ മഹത്ത്വപ്പെടുത്തുന്നതിൽ തുടർന്നു. തത്‌ഫലമായി, രാഷ്‌ട്രീയ അനിശ്ചിതത്വങ്ങളിന്മധ്യേ പോലും “ദൈവവചനം മേല്‌ക്കുമേൽ പരന്നുകൊണ്ടിരുന്നു.”​—⁠പ്രവൃത്തികൾ 12:⁠24.

അന്നും ഇന്നും

17. ഒന്നാം നൂറ്റാണ്ടിൽ, അധികമധികം ആളുകൾ എന്തു ചെയ്യുന്നതിൽ പങ്കുചേർന്നു?

17 അതേ, യഹോവയുടെ തീക്ഷ്‌ണരും സജീവരുമായ സ്‌തുതിഘോഷകരാൽ രൂപീകൃതമായിരുന്നു ഒന്നാം നൂറ്റാണ്ടിലെ ലോകവ്യാപക ക്രിസ്‌തീയ സഭ. സുവാർത്ത പ്രസംഗിക്കുന്നതിൽ സകല വിശ്വസ്‌ത ക്രിസ്‌ത്യാനികളും പങ്കെടുത്തു. സുവാർത്തയോട്‌ അനുകൂലമായി പ്രതികരിക്കുന്നവരെ കണ്ടെത്തിയവർ, യേശു ആവശ്യപ്പെട്ടിരുന്നതുപോലെ, അവൻ കൽപ്പിച്ചതെല്ലാം പ്രമാണിക്കാൻ തക്കവണ്ണം അവരെ പഠിപ്പിച്ചു. (മത്തായി 28:⁠19, 20) ഫലമോ? സഭ വളർന്നു, യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്നതിൽ അധികമധികം ആളുകൾ പുരാതന കാലത്തെ ദാവീദ്‌ രാജാവിനോടു ചേർന്നു. അവരെല്ലാം പിൻവരുന്ന നിശ്വസ്‌ത വാക്കുകൾ ഏറ്റുപാടി: “എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണ ഹൃദയത്തോടെ നിന്നെ സ്‌തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും. എന്നോടുള്ള നിന്റെ ദയ വലിയതല്ലോ.”​—⁠സങ്കീർത്തനം 86:⁠12, 13.

18. (എ) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയും ഇന്നത്തെ ക്രൈസ്‌തവലോകവും തമ്മിൽ എന്തു വ്യത്യാസം നിരീക്ഷിക്കപ്പെട്ടിരിക്കുന്നു? (ബി) അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കും?

18 ദൈവശാസ്‌ത്ര പ്രൊഫസറായ അലിസൺ എ. ട്രൈറ്റ്‌സിന്റെ വാക്കുകൾ ഇത്തരുണത്തിൽ ചിന്തനീയമാണ്‌. ആധുനിക ക്രൈസ്‌തവലോകത്തെ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിത്വവുമായി താരതമ്യം ചെയ്‌തുകൊണ്ട്‌ അവർ ഇങ്ങനെ പറഞ്ഞു: “ഇക്കാലത്ത്‌ പ്രജനനത്താലോ (പ്രാദേശിക പള്ളിയംഗങ്ങളുടെ മക്കൾ അംഗത്വം സ്വീകരിക്കുമ്പോൾ) ആളുകളുടെ സ്ഥലംമാറ്റത്താലോ (പുതുതായി വരുന്ന ഒരാൾ മറ്റൊരു പള്ളിയിൽനിന്ന്‌ തന്റെ അംഗത്വം ഇങ്ങോട്ടു മാറ്റുമ്പോൾ) ആണ്‌ സഭകൾ വളരുന്നത്‌. എന്നിരുന്നാലും, പ്രവൃത്തികളുടെ പുസ്‌തകത്തിൽ കാണുന്ന പ്രകാരം മതപരിവർത്തനം നിമിത്തമായിരുന്നു അന്നത്തെ വളർച്ച, കാരണം സഭ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ.” അതിന്റെ അർഥം, സത്യക്രിസ്‌ത്യാനിത്വം മേലാൽ യേശു നിർദേശിച്ച പ്രകാരം വളരുന്നില്ല എന്നാണോ? തീർച്ചയായും അല്ല. പരസ്യമായി ദൈവത്തിനു മഹത്ത്വം കരേറ്റുന്നതിൽ, ഇന്നത്തെ സത്യക്രിസ്‌ത്യാനികൾ എല്ലാ വിധത്തിലും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ പോലെതന്നെ തീക്ഷ്‌ണതയുള്ളവരാണ്‌. അടുത്ത ലേഖനത്തിൽ നാം അതു കാണാൻ പോകുകയാണ്‌.

നിങ്ങൾക്കു വിശദീകരിക്കാനാകുമോ?

• ഏതെല്ലാം വിധങ്ങളിൽ നാം ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു?

• പൗലൊസ്‌ സങ്കീർത്തനം 19:⁠4 ബാധകമാക്കിയത്‌ എങ്ങനെ?

• വിശ്വാസവും പ്രസംഗ പ്രവർത്തനവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

• ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയുടെ സവിശേഷത എന്തായിരുന്നു?

[അധ്യയന ചോദ്യങ്ങൾ]

[8, 9 പേജുകളിലെ ചിത്രം]

ആകാശം യഹോവയുടെ മഹത്ത്വത്തെ നിരന്തരം സാക്ഷ്യപ്പെടുത്തുന്നു

[കടപ്പാട്‌]

Courtesy of Anglo-Australian Observatory, photograph by David Malin

[10-ാം പേജിലെ ചിത്രങ്ങൾ]

പ്രസംഗ പ്രവർത്തനവും പ്രാർഥനയും അടുത്തു ബന്ധപ്പെട്ടിരിക്കുന്നു