ദൈവദാസർ വൃക്ഷങ്ങൾ പോലെയാണ് ഏതെല്ലാം വിധങ്ങളിൽ?
ദൈവദാസർ വൃക്ഷങ്ങൾ പോലെയാണ് ഏതെല്ലാം വിധങ്ങളിൽ?
ബൈബിൾ തത്ത്വങ്ങളെ പ്രിയങ്കരമായി കരുതുകയും അവ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ കുറിച്ചു സംസാരിക്കവേ സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “അവൻ, ആററരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്‌ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.” (സങ്കീർത്തനം 1:1-3) ഈ ഉപമ തികച്ചും യോജിച്ചത് ആയിരിക്കുന്നത് എന്തുകൊണ്ട്?
വൃക്ഷങ്ങൾ അനേകം വർഷങ്ങൾ ജീവിക്കാറുണ്ട്. ഉദാഹരണത്തിന്, മെഡിറ്ററേനിയൻ പ്രദേശത്തുള്ള ചില ഒലിവു മരങ്ങൾ ആയിരം മുതൽ രണ്ടായിരം വരെ വർഷം പഴക്കമുള്ളതാണെന്നു പറയപ്പെടുന്നു. അതുപോലെ, മധ്യാഫ്രിക്കയിലുള്ള ബവോബാബ് മരങ്ങൾ വൃക്ഷമുത്തശ്ശന്മാരാണ്. കാലിഫോർണിയയിലെ ഒരു ബ്രിസൽകോൺ പൈൻമരത്തിന്റെ പ്രായം ഏകദേശം 4,600 വർഷമാണെന്നു വിശ്വസിക്കപ്പെടുന്നു. വനത്തിൽ, പൂർണവളർച്ചയെത്തിയ വൃക്ഷങ്ങൾ പലപ്പോഴും അവയുടെ ചുറ്റുപാടുകൾക്കു പ്രയോജനം ചെയ്യുന്നു. ഉദാഹരണത്തിന്, ഉയരം കൂടിയ വൃക്ഷങ്ങൾ തൈമരങ്ങൾക്ക് സംരക്ഷക തണലേകുകയും അവയിൽനിന്നും കൊഴിഞ്ഞുവീഴുന്ന ഇലകൾ മണ്ണിനെ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ മരങ്ങൾ വനങ്ങളിൽ ഒരുമിച്ചു വളരുന്നതായാണു സാധാരണ കണ്ടുവരാറുള്ളത്. അവിടെ ഓരോ മരവും പരസ്‌പരം പിന്താങ്ങുന്നു. അവയുടെ വേരുകൾ പരസ്‌പരം കെട്ടുപിണഞ്ഞു കിടന്നേക്കാം എന്നതിനാൽ ഒരു പുൽത്തകിടിയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന വൃക്ഷത്തെക്കാൾ മെച്ചമായി, അവയ്‌ക്ക് ഒന്നിച്ച് ഒരു കൊടുങ്കാറ്റിനെ ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞേക്കാം. വൃക്ഷത്തിന്റെ പടർന്നുകിടക്കുന്ന വേരുകൾ മണ്ണിൽനിന്ന് ആവശ്യത്തിനു ജലവും പോഷകങ്ങളും വലിച്ചെടുക്കാനും ഉതകുന്നു. ചില വൃക്ഷങ്ങളുടെ കാര്യത്തിൽ, മണ്ണിലേക്ക് ആഴ്‌ന്നിറങ്ങിയിരിക്കുന്ന വേരുകളുടെ നീളം വൃക്ഷത്തിന്റെ ഉയരത്തെക്കാൾ കൂടുതൽ ആയിരുന്നേക്കാം. അല്ലെങ്കിൽ, വൃക്ഷം പടർന്നു പന്തലിച്ചു നിൽക്കുന്നതിനെക്കാൾ കൂടുതൽ വ്യാസത്തിൽ അവയുടെ വേര് നിലത്തു പടർന്നിട്ടുണ്ടാകാം.
‘[ക്രിസ്‌തുവിന്റെ] കൂട്ടായ്‌മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും വിശ്വാസത്താൽ ഉറെച്ചും ഇരിപ്പിൻ’ എന്ന് ക്രിസ്‌ത്യാനികളോടു പറഞ്ഞപ്പോൾ പൗലൊസ് അപ്പൊസ്‌തലന്റെ മനസ്സിലുണ്ടായിരുന്നത് ഒരു വൃക്ഷമായിരുന്നിരിക്കാം. (കൊലൊസ്സ്യർ 2:6, 7) അതേ, ക്രിസ്‌തുവിൽ ആഴത്തിൽ വേരൂന്നിയാൽ മാത്രമേ ക്രിസ്‌ത്യാനികൾക്ക് തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ കഴിയുകയുള്ളൂ.—1 പത്രൊസ് 2:21.
മറ്റ് ഏതെല്ലാം വിധങ്ങളിലാണ് ദൈവദാസരെ വൃക്ഷങ്ങളോട് ഉപമിക്കാവുന്നത്? ഒരു വൃക്ഷത്തോപ്പിലെ മരങ്ങൾക്ക്, സമീപത്തു നിൽക്കുന്ന മരങ്ങളിൽനിന്നു പിന്തുണ കിട്ടുന്നു. അതുപോലെ, ക്രിസ്‌തീയ സഭയോട് അടുത്തു നിൽക്കുന്ന എല്ലാവർക്കും സഹക്രിസ്‌ത്യാനികളിൽനിന്നു പിന്തുണ ലഭിക്കുന്നു. (ഗലാത്യർ 6:2) പടർന്നിറങ്ങിയ ആത്മീയ വേരുകളുള്ള വിശ്വസ്‌തരും പക്വമതികളുമായ ക്രിസ്‌ത്യാനികൾ പുതിയവരെ, കൊടുങ്കാറ്റു സമാന എതിർപ്പുകളിന്മധ്യേ പോലും വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കുന്നു. (റോമർ 1:11, 12) കൂടുതൽ അനുഭവപരിചയമുള്ള ദൈവദാസരുടെ സംരക്ഷക “തണലിൽ” പുതിയ ക്രിസ്‌ത്യാനികൾക്കു തഴച്ചുവളരാൻ കഴിയും. (റോമർ 15:1) “നീതിവൃക്ഷങ്ങൾ” ആകുന്ന അഭിഷിക്ത ശേഷിപ്പ് പ്രദാനം ചെയ്യുന്ന ബലപ്പെടുത്തുന്ന ആത്മീയ പോഷണത്തിൽനിന്ന് ലോകവ്യാപക ക്രിസ്‌തീയ സഭയിലെ എല്ലാ അംഗങ്ങളും പ്രയോജനം നേടുന്നു.—യെശയ്യാവു 61:3.
യെശയ്യാവു 65:22 ഇപ്രകാരം പറയുന്നു: “എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും.” ഈ വാഗ്‌ദാന നിവൃത്തി ആസ്വദിക്കാനായി ദൈവദാസർക്കെല്ലാം നോക്കിപ്പാർത്തിരിക്കാൻ കഴിയുമെന്നത് എത്ര ആവേശജനകമാണ്!
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Godo-Foto