വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പുരാതന ഇസ്രായേലിൽ ലേവ്യർക്ക് യാതൊരു അവകാശവും ഇല്ലായിരുന്നുവെന്നിരിക്കെ, യിരെമ്യാവു 32:7-ൽ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം ലേവ്യനായ ഹനമെയേലിന് തന്റെ ലേവ്യബന്ധുവായ യിരെമ്യാവിന് ഒരു നിലം വിൽക്കാൻ എങ്ങനെ കഴിയുമായിരുന്നു?
ലേവ്യരെ കുറിച്ച് യഹോവ അഹരോനോട് ഇപ്രകാരം പറഞ്ഞു: “നിനക്കു അവരുടെ [ഇസ്രായേല്യരുടെ] ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുതു; അവരുടെ ഇടയിൽ നിനക്കു ഒരു ഓഹരിയും അരുത്.” (സംഖ്യാപുസ്‌തകം 18:20) എന്നിരുന്നാലും, വാഗ്‌ദത്ത ദേശത്ത് പലയിടങ്ങളിലായി 48 നഗരങ്ങളും അവയുടെ പുൽപ്പുറങ്ങളും ലേവ്യർക്കു നിയമിച്ചു കൊടുക്കപ്പെട്ടു. യിരെമ്യാവിന്റെ സ്വന്ത പട്ടണം അനാഥോത്ത് ആയിരുന്നു. “പുരോഹിതനായ അഹരോന്റെ മക്കൾക്കു” നിയമിച്ചു കൊടുത്ത നഗരങ്ങളിൽ ഒന്നായിരുന്നു അത്.—യോശുവ 21:13-19; സംഖ്യാപുസ്‌തകം 35:1-8; 1 ദിനവൃത്താന്തം 6:54, 60.
ലേവ്യപുസ്‌തകം 25:32-34-ൽ ലേവ്യരുടെ ഉടമസ്ഥതയിലുള്ള വസ്‌തുവിന്റെ “വീണ്ടെടുപ്പവകാശം” (ഓശാന ബൈബിൾ) സംബന്ധിച്ചു നിയതമായ നിർദേശങ്ങൾ യഹോവ നൽകുന്നതായി നാം കാണുന്നു. തെളിവനുസരിച്ച് ലേവ്യ കുടുംബങ്ങൾക്ക്, നിർദിഷ്ട ഓഹരികൾ കൈവശം വെക്കുന്നതിനും ഉപയോഗിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള അവകാശം ഉണ്ടായിരിക്കുമായിരുന്നു. സ്വാഭാവികമായും, വസ്‌തുവിന്റെ വിൽപ്പനയും വീണ്ടെടുപ്പും അതിൽ ഉൾപ്പെടുമായിരുന്നു. * പല പ്രകാരത്തിലും, ഇതര ഗോത്രങ്ങളിൽപ്പെട്ട ഇസ്രായേല്യരെപ്പോലെതന്നെ ലേവ്യർ വസ്‌തു ഉടമസ്ഥതയിൽ വെക്കുകയും ഉപയോഗിക്കുകയും ചെയ്‌തു.
സാധ്യതയനുസരിച്ച്, ലേവ്യരുടെ അത്തരം വസ്‌തുവകകളുടെ ഉടമസ്ഥാവകാശം കുടുംബവഴിക്ക് കൈമാറിക്കിട്ടിയിരുന്നു. എന്നിരുന്നാലും, “വീണ്ടെടുപ്പവകാശം” സംബന്ധിച്ചാണെങ്കിൽ ക്രയവിക്രയം ലേവ്യർ തമ്മിൽ മാത്രമേ അനുവദനീയമായിരുന്നുള്ളൂ. കൂടാതെ, വിൽപ്പനയും വീണ്ടെടുപ്പും നഗരങ്ങൾക്കുള്ളിലുള്ള വസ്‌തുവിനു മാത്രമാണ് ബാധകമായിരുന്നത്. എന്തുകൊണ്ടെന്നാൽ “അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്‌പുറമായ ഭൂമി” “അവർക്കു ശാശ്വതാവകാശം” ആയിരുന്നതിനാൽ വിൽക്കാൻ പാടില്ലായിരുന്നു.—ലേവ്യപുസ്‌തകം 25:32, 34.
തന്നിമിത്തം യിരെമ്യാവ് ഹനമെയേലിൽനിന്നു വീണ്ടെടുത്ത നിലം, തെളിവനുസരിച്ച് വീണ്ടെടുപ്പിലൂടെ കൈമാറ്റം ചെയ്യാവുന്ന തരത്തിലുള്ളതായിരുന്നു. അത് നഗരാതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്‌തിരുന്നതായിരിക്കണം. മേൽപ്പറഞ്ഞ സ്ഥലം ഹനമെയേലിന്റേതായിരുന്നെന്നും അതു വാങ്ങാൻ തക്കവണ്ണം യിരെമ്യാവിന് “വീണ്ടെടുപ്പിന്റെ അവകാശം” ഉണ്ടായിരുന്നെന്നും യഹോവതന്നെ വ്യക്തമാക്കുകയുണ്ടായി. (യിരെമ്യാവു 32:6, 7) ഒരു കാലഘട്ടത്തേക്ക് ബാബിലോണിൽ പ്രവാസത്തിലായിരുന്ന ശേഷം തങ്ങളുടെ അവകാശമായ ദേശം വീണ്ടെടുക്കാൻ ഇസ്രായേല്യർ തിരിച്ചെത്തും എന്നുള്ള തന്റെ വാഗ്‌ദാനത്തിന് അടിവരയിടാൻ ഈ വസ്‌തു ഇടപാടിനെ യഹോവ ആലങ്കാരികമായി ഉപയോഗിച്ചു.—യിരെമ്യാവു 32:13-15.
അന്യായമായ വിധത്തിൽ ഹനമെയേൽ കൈവശപ്പെടുത്തിയതായിരുന്നു അനാഥോത്തിലെ വസ്‌തു എന്ന് യാതൊരു സൂചനയുമില്ല. അനാഥോത്തിലെ ഈ നിലം വാങ്ങാൻ യിരെമ്യാവിനെ ക്ഷണിച്ചുകൊണ്ട് അവൻ യഹോവയുടെ ന്യായപ്രമാണം ലംഘിച്ചെന്നോ അല്ലെങ്കിൽ നിലം വാങ്ങിക്കൊണ്ട് യിരെമ്യാവ് വീണ്ടെടുപ്പിനുള്ള തന്റെ അവകാശം അനുചിതമായി ഉപയോഗിച്ചെന്നോ സൂചിപ്പിക്കുന്ന യാതൊന്നുമില്ല.—യിരെമ്യാവു 32:8-15.
[അടിക്കുറിപ്പ്]
^ ഖ. 4 പൊ.യു. ഒന്നാം നൂറ്റാണ്ടിൽ, ലേവ്യനായ ബർന്നബാസ് തനിക്കുണ്ടായിരുന്ന സ്ഥലം വിൽക്കുകയും ലഭിച്ച പണം യെരൂശലേമിലെ ദരിദ്രരായ ക്രിസ്‌ത്യാനികളെ സഹായിക്കാനായി സംഭാവന നൽകുകയും ചെയ്‌തു. വസ്‌തു പാലസ്‌തീനിലോ കുപ്രൊസിലോ ആയിരുന്നിരിക്കാം. അതുമല്ലെങ്കിൽ യെരൂശലേം പ്രദേശത്ത് ബർന്നബാസിന് ഉണ്ടായിരുന്ന ഒരു ശ്‌മശാന സ്ഥലം മാത്രമായിരുന്നിരിക്കാം ഇത്.—പ്രവൃത്തികൾ 4:34-37.