സത്യക്രിസ്ത്യാനിത്വം തഴച്ചുവളരുന്നു
സത്യക്രിസ്ത്യാനിത്വം തഴച്ചുവളരുന്നു
ഒന്നാം നൂറ്റാണ്ടിൽ യേശുക്രിസ്തുവിന്റെ ശുശ്രൂഷ ലോകരംഗത്തു ശക്തമായ പ്രഭാവം ചെലുത്തി. അവന്റെ സന്ദേശം പ്രചോദനാത്മകവും പ്രബോധനാത്മകവും ആവേശജനകവും ആയിരുന്നു. അത് ആളുകളെ വിസ്മയഭരിതരാക്കി. അവന്റെ വാക്കുകൾ ശ്രോതാക്കളിൽ അനേകരെ ശക്തമായി സ്വാധീനിച്ചു.—മത്തായി 7:28, 29.
യേശു തന്റെ നാളുകളിലെ അടിച്ചമർത്തുന്ന മത, രാഷ്ട്രീയ വ്യവസ്ഥിതികളിൽ ഉൾപ്പെടാൻ നിർഭയം വിസമ്മതിച്ചു, പകരം അവൻ തന്നെത്തന്നെ സാധാരണക്കാർക്കു സമീപിക്കാവുന്നവൻ ആക്കിത്തീർത്തു. (മത്തായി 11:25-30) ദുഷ്ടാത്മാക്കൾക്കു ഭൂമിയിലുള്ള വ്യാപകമായ സ്വാധീനത്തെ അവൻ പരസ്യമായി തിരിച്ചറിയിക്കുകയും അവയുടെമേൽ തനിക്കുള്ള ദൈവദത്ത അധികാരം പ്രകടമാക്കുകയും ചെയ്തു. (മത്തായി 4:2-11, 24; യോഹന്നാൻ 14:30) യാതനകളും പാപവും തമ്മിലുള്ള അടിസ്ഥാന ബന്ധത്തെ യേശു വളരെ വിദഗ്ധമായി എടുത്തുകാട്ടി. കൂടാതെ, നിലനിൽക്കുന്ന ആശ്വാസത്തിനായി സ്നേഹപൂർവം അവൻ ദൈവരാജ്യത്തിലേക്കു വിരൽ ചൂണ്ടി. (മർക്കൊസ് 2:1-12; ലൂക്കൊസ് 11:2, 17-23) തന്റെ പിതാവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരിക്കാൻ ആഗ്രഹിച്ച എല്ലാവർക്കും ദൈവനാമം വെളിപ്പെടുത്തിക്കൊണ്ട്, കാലങ്ങളായി ദൈവത്തിന്റെ യഥാർഥ വ്യക്തിത്വത്തെ മറച്ചിരുന്ന അജ്ഞതയുടെ മൂടുപടം യേശു എന്നേക്കുമായി എടുത്തുമാറ്റി.—യോഹന്നാൻ 17:6, 26.
അതുകൊണ്ട്, കടുത്ത മത, രാഷ്ട്രീയ പീഡനങ്ങൾക്കുമധ്യേയും യേശുവിന്റെ ശിഷ്യന്മാർ അവന്റെ ജീവസ്സുറ്റ സന്ദേശം വളരെ വേഗം വ്യാപിപ്പിച്ചതിൽ അതിശയിക്കാനില്ല. ഏതാണ്ട് 30 വർഷത്തിനുള്ളിൽ തന്നെ ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും സജീവ ക്രിസ്തീയ സഭകൾ രൂപീകൃതമായി. (കൊലൊസ്സ്യർ 1:23) യേശു പഠിപ്പിച്ച ലളിതമായ സത്യങ്ങൾ, റോമാസാമ്രാജ്യത്തിൽ ഉടനീളം താഴ്മയും ഉചിതമായ മനോനിലയും ഉണ്ടായിരുന്ന ആളുകളുടെ ഹൃദയങ്ങളെ പ്രബുദ്ധമാക്കി.—എഫെസ്യർ 1:17, 18.
എന്നിരുന്നാലും, സാമ്പത്തികവും സാംസ്കാരികവും ഭാഷാപരവും മതപരവുമായി ഇത്രയധികം വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ള പുതുശിഷ്യർ, അപ്പൊസ്തലനായ പൗലൊസ് പറഞ്ഞതുപോലുള്ള ഏകീകൃതമായ “ഒരു വിശ്വാസ”ത്തിൽ എങ്ങനെ ഒന്നിച്ചുചേരുമായിരുന്നു? (എഫെസ്യർ 4:5, പി.ഒ.സി. ബൈബിൾ) പരസ്പരം അകന്നുപോകാതവണ്ണം, “ഒന്നു തന്നേ സംസാരി”ക്കാൻ അവരെ എന്തു സഹായിക്കുമായിരുന്നു? (1 കൊരിന്ത്യർ 1:10) ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുടെ ഇടയിലെ ഇന്നത്തെ ഗുരുതരമായ അനൈക്യത്തിന്റെ വീക്ഷണത്തിൽ, യേശുതന്നെ എന്താണു പഠിപ്പിച്ചത് എന്ന് പരിശോധിക്കുന്നതാണു നല്ലത്.
ക്രിസ്തീയ ഐക്യത്തിന്റെ അടിസ്ഥാനം
പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പാകെ വിചാരണ ചെയ്യപ്പെട്ടപ്പോൾ, ക്രിസ്തീയ ഐക്യത്തിന്റെ അടിസ്ഥാനം യേശു തിരിച്ചറിയിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു.” (യോഹന്നാൻ 18:37) അതുകൊണ്ട്, ദൈവത്തിന്റെ നിശ്വസ്ത വചനമായ ബൈബിളിന്റെ മറ്റു ഭാഗങ്ങളോടൊപ്പം യേശുവിന്റെ ഉപദേശങ്ങൾ സ്വീകരിക്കുമ്പോൾ ക്രിസ്തുവിന്റെ യഥാർഥ ശിഷ്യന്മാരുടെമേൽ അതിനു ശക്തമായ ഒരു ഏകീകരണ സ്വാധീനമുണ്ട്.—1 കൊരിന്ത്യർ 4:6; 2 തിമൊഥെയൊസ് 3:16, 17.
യോഹന്നാൻ 16:12, 13) തന്നിമിത്തം, ക്രമാനുഗതമായി ദൈവം വെളിപ്പെടുത്തുന്നതനുസരിച്ച് സത്യം മനസ്സിലാക്കാൻ അവന്റെ പരിശുദ്ധാത്മാവ് യേശുവിന്റെ യഥാർഥ അനുഗാമികളെ പ്രാപ്തരാക്കുമായിരുന്നു. കൂടാതെ, അവരുടെ ഇടയിൽ ഐക്യം ഊട്ടിവളർത്താൻ സഹായിക്കുമായിരുന്ന സ്നേഹം, സന്തോഷം, സമാധാനം എന്നിവപോലുള്ള ഫലങ്ങൾ ആത്മാവ് ഉത്പാദിപ്പിക്കുമായിരുന്നു.—പ്രവൃത്തികൾ 15:28; ഗലാത്യർ 5:22, 23.
യേശുവിന്റെ ശിഷ്യന്മാർക്ക് ചിലപ്പോഴൊക്കെ ആത്മാർഥമായ ചോദ്യങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടായിരുന്നേക്കാം എന്നതു ശരിതന്നെ. അപ്പോഴെന്ത്? യേശു ഇങ്ങനെ വിശദീകരിച്ചു: “സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.” (യേശു തന്റെ ശിഷ്യന്മാരുടെ ഇടയിൽ ഭിന്നതയോ കക്ഷിപിരിവുകളോ അനുവദിച്ചില്ല; തങ്ങൾ കണ്ടുമുട്ടുന്ന ആളുകളുടെ സാംസ്കാരികമോ മതപരമോ ആയ പാരമ്പര്യങ്ങളുമായി കൈകോർക്കുന്നതിന് ദിവ്യസത്യങ്ങളെ പുനർവ്യാഖ്യാനം ചെയ്യാനുള്ള അധികാരം അവൻ അവർക്കു നൽകിയതുമില്ല. പകരം, അവരോടൊപ്പമുള്ള തന്റെ അവസാന രാത്രിയിൽ അവൻ ഇങ്ങനെ ആത്മാർഥമായി പ്രാർഥിച്ചു: “ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.” (യോഹന്നാൻ 17:20, 21) തന്മൂലം, ക്രിസ്ത്യാനിത്വത്തിന്റെ പിറവി മുതൽ നമ്മുടെ കാലം വരെ, ആത്മാവിലും സത്യത്തിലുമുള്ള യഥാർഥ ഐക്യം ക്രിസ്തുശിഷ്യരുടെ ഒരു തിരിച്ചറിയിക്കൽ അടയാളമായിരിക്കേണ്ടിയിരുന്നു. (യോഹന്നാൻ 4:23, 24) എന്നിരുന്നാലും, ഇന്നത്തെ ക്രൈസ്തവ സഭകൾ ഏകീകൃതമല്ല, വിഭജിതമാണ്. അത് എന്തുകൊണ്ടാണ്?
ക്രൈസ്തവ സഭകൾ വിഭജിതമായിരിക്കുന്നതിന്റെ കാരണം
ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുടെ ഇടയിൽ ഇന്ന് ഇത്രയധികം വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളും കാണുന്നത് എന്തുകൊണ്ട് എന്നതിനുള്ള ഉത്തരം അവർ യേശുവിന്റെ ഉപദേശങ്ങളോടു പറ്റിനിന്നിട്ടില്ല എന്നതു മാത്രമാണ്. ഒരു എഴുത്തുകാരൻ ഇപ്രകാരം അഭിപ്രായപ്പെട്ടു: “പഴയകാലത്തെ പോലെതന്നെ, ഇന്നത്തെ നവീന ക്രിസ്ത്യാനികളും ബൈബിളിൽനിന്ന് തങ്ങളുടെ ആവശ്യങ്ങൾക്ക് ഇണങ്ങുന്ന ഭാഗങ്ങൾ മാത്രം എടുക്കുകയും തങ്ങളുടെ പ്രാദേശിക മത പാരമ്പര്യങ്ങളുമായി സമരസപ്പെട്ടുപോകാത്ത കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു.” യേശുവും അപ്പൊസ്തലന്മാരും മുൻകൂട്ടി പറഞ്ഞതും ഇതുതന്നെയാണ്.
ദൃഷ്ടാന്തത്തിന്, ദിവ്യനിശ്വസ്തതയിൻ കീഴിൽ അപ്പൊസ്തലനായ പൗലൊസ് തന്റെ സഹമേൽവിചാരകനായിരുന്ന തിമൊഥെയൊസിന് ഇപ്രകാരം എഴുതി: “അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.” സകല ക്രിസ്ത്യാനികളും വഴിതെറ്റിക്കപ്പെടുമായിരുന്നോ? ഇല്ല. പൗലൊസ് ഇങ്ങനെ തുടർന്നു: “നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.” (2 തിമൊഥെയൊസ് 4:3-5; ലൂക്കൊസ് 21:8; പ്രവൃത്തികൾ 20:29, 30; 2 പത്രൊസ് 2:1-3) തിമൊഥെയൊസും മറ്റു വിശ്വസ്ത ക്രിസ്ത്യാനികളും ആ നിശ്വസ്ത ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ ജീവിച്ചു.
സത്യക്രിസ്ത്യാനികൾ ഇന്നും ഏകീകൃതർ
ഇന്ന് സത്യക്രിസ്ത്യാനികൾ തിമൊഥെയൊസിനെ പോലെ മാനുഷ ന്യായവാദങ്ങൾ തള്ളിക്കളയുകയും തങ്ങളുടെ ഉപദേശങ്ങളെയും വിശ്വാസങ്ങളെയും തിരുവെഴുത്തുകളിൽ മാത്രം അടിസ്ഥാനപ്പെടുത്തുകയും ചെയ്തുകൊണ്ട് സുബോധം നിലനിറുത്തുന്നു. (കൊലൊസ്സ്യർ 2:8; 1 യോഹന്നാൻ 4:1) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ചെയ്തതുപോലെ, യേശു പ്രസംഗിച്ച രാജ്യത്തിന്റെ സുവിശേഷം എല്ലായിടത്തുമുള്ള ആളുകളുടെ അടുക്കൽ എത്തിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ 230-ലധികം ദേശങ്ങളിൽ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കുന്നു. ലോകത്തിന്റെ ഏതുഭാഗത്തു ജീവിക്കുന്നവരായാലും ഐകമത്യത്തോടെ അവർ യേശുവിനെ അനുകരിക്കുകയും സത്യക്രിസ്ത്യാനിത്വം പ്രാവർത്തികമാക്കുകയും ചെയ്യുന്ന നാലു സുപ്രധാന വിധങ്ങൾ പരിചിന്തിക്കുക.
അവരുടെ വിശ്വാസങ്ങൾ ദൈവവചനത്തിൽ അധിഷ്ഠിതമാണ്. (യോഹന്നാൻ 17:17) ബെൽജിയത്തിലെ ഒരു ഇടവക വികാരി അവരെ കുറിച്ച് ഇങ്ങനെ എഴുതി: “ദൈവവചനത്തിനു ശ്രദ്ധ നൽകാനുള്ള അവരുടെ മനസ്സൊരുക്കവും അതിനെ കുറിച്ചു സാക്ഷീകരിക്കാനുള്ള അവരുടെ ധൈര്യവുമാണ് അവരിൽനിന്നു [യഹോവയുടെ സാക്ഷികൾ] നമുക്കു പഠിക്കാൻ കഴിയുന്ന ഒരു സംഗതി.”
ആഗോള പ്രശ്നങ്ങളിൽനിന്നുള്ള ആശ്വാസത്തിനായി അവർ ദൈവരാജ്യത്തിലേക്കു നോക്കുന്നു. (ലൂക്കൊസ് 8:1) കൊളംബിയയിലെ ബാരെൻകിയയിൽ, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ ശക്തമായി പിന്തുണച്ചിരുന്ന അന്റോണ്യോയോട് ഒരു സാക്ഷി സംസാരിക്കുകയുണ്ടായി. സാക്ഷി അയാളുടെ പക്ഷംപിടിക്കുകയോ മറ്റേതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ അനുകൂലിച്ചു സംസാരിക്കുകയോ ചെയ്തില്ല. പകരം അന്റോണ്യോയെയും അനുജത്തിമാരെയും സൗജന്യമായി ബൈബിൾ പഠിപ്പിക്കാമെന്ന് അദ്ദേഹം അവരോടു പറഞ്ഞു. കൊളംബിയയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും ദരിദ്രർക്കുള്ള ഏക പ്രത്യാശ ദൈവരാജ്യം മാത്രമാണെന്നു പെട്ടെന്നുതന്നെ അന്റോണ്യോ തിരിച്ചറിഞ്ഞു.
അവർ ദൈവനാമത്തെ മഹത്ത്വപ്പെടുത്തുന്നു. (മത്തായി 6:9) കത്തോലിക്ക സഭയിൽ ആത്മാർഥമായി വിശ്വസിച്ചിരുന്ന ഓസ്ട്രേലിയക്കാരി മാരീയയെ യഹോവയുടെ സാക്ഷികൾ ആദ്യം സന്ദർശിച്ചപ്പോൾ, ബൈബിളിൽനിന്ന് ദൈവത്തിന്റെ പേരു കാണിച്ചുകൊടുക്കാൻ അവൾ അവരെ അനുവദിച്ചു. അതു കണ്ടപ്പോൾ അവൾ എങ്ങനെയാണു പ്രതികരിച്ചത്? “ദൈവനാമം ബൈബിളിൽനിന്ന് ആദ്യമായി കണ്ടപ്പോൾ, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എനിക്ക് ദൈവത്തിന്റെ വ്യക്തിപരമായ നാമം യഥാർഥത്തിൽ അറിയാനും ഉപയോഗിക്കാനും ആകുമെന്നു മനസ്സിലാക്കിയത് എന്റെ ഹൃദയത്തെ ആഴമായി സ്പർശിച്ചു.” മാരീയ ബൈബിൾ പഠനം തുടർന്നു. ജീവിതത്തിൽ ആദ്യമായി യഹോവയെ ഒരു വ്യക്തി എന്ന നിലയിൽ അറിയാനും അവനുമായി നിലനിൽക്കുന്ന ഒരു ബന്ധം വളർത്തിയെടുക്കാനും അവൾക്കു കഴിഞ്ഞു.
അവർ സ്നേഹത്താൽ ഏകീകൃതരാണ്. (യോഹന്നാൻ 13:34, 35) കനേഡിയൻ വർത്തമാനപത്രമായ ദ ലേഡിസ്മിത്ത്-ഷെമേനസ് ക്രോണിക്കിളിന്റെ ഒരു മുഖപ്രസംഗം ഇപ്രകാരം അഭിപ്രായപ്പെട്ടു: “നിങ്ങളുടെ മതവിശ്വാസം എന്തുതന്നെ ആയിരുന്നാലും, ഇനി അങ്ങനെയൊന്ന് ഇല്ലെങ്കിൽ പോലും, കാസിഡിയിൽ 2,300 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു സമ്മേളനഹാൾ പണിയുന്നതിന് കഴിഞ്ഞ ഒന്നര ആഴ്ച രാപകൽ വേല ചെയ്ത 4,500 യഹോവയുടെ സാക്ഷികളെ നിങ്ങൾ അഭിനന്ദിച്ചേ മതിയാകൂ . . . വാദപ്രതിവാദമോ ഭിന്നിപ്പോ വ്യക്തിപരമായി പുകഴ്ച നേടാനുള്ള ശ്രമമോ ഒന്നുംകൂടാതെ ഇത്തരം ഒരു കാര്യം സന്തോഷപൂർവം ചെയ്യുക എന്നത് സത്യക്രിസ്ത്യാനിത്വത്തിന്റെ അടയാളമാണ്.”
അതുകൊണ്ട്, തെളിവുകൾ പരിഗണിക്കുക. ക്രൈസ്തവലോകത്തിന്റെ ദൈവശാസ്ത്രജ്ഞരും മിഷനറിമാരും പള്ളിയംഗങ്ങളും തങ്ങളുടെ സഭകളിൽ ഉരുണ്ടുകൂടിവരുന്ന കാറുംകോളും നേരിടുമ്പോൾ സത്യക്രിസ്ത്യാനിത്വം ലോകവ്യാപകമായി തഴച്ചുവളരുകയാണ്. അതേ, സത്യക്രിസ്ത്യാനികൾ ദൈവവചനം പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള തങ്ങളുടെ നിയമിത ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുന്നു. (മത്തായി 24:14; 28:19, 20) ഇന്നു നടമാടുന്ന സകല മ്ലേച്ഛതകളും നിമിത്തം “നെടുവീർപ്പിട്ടു കരയുന്ന” ഒരാളാണു നിങ്ങളെങ്കിൽ, ക്രൈസ്തവലോക മതങ്ങളിലെ അനൈക്യം നിങ്ങളെ അലോസരപ്പെടുത്തുന്നെങ്കിൽ, ഏക സത്യദൈവമായ യഹോവയുടെ ഏകീകൃത ക്രിസ്തീയ ആരാധനയിൽ യഹോവയുടെ സാക്ഷികളോടൊപ്പം പങ്കുചേരാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്.—യെഹെസ്കേൽ 9:4; യെശയ്യാവു 2:2-4.