കർത്താവിന്റെ സന്ധ്യാഭക്ഷണം എങ്ങനെ ആചരിക്കപ്പെടുന്നു?
കർത്താവിന്റെ സന്ധ്യാഭക്ഷണം എങ്ങനെ ആചരിക്കപ്പെടുന്നു?
കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആചരണത്തിലേക്കു വെളിച്ചം വീശിക്കൊണ്ട് ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം എഴുതുന്നു: “ഞാൻ കർത്താവിങ്കൽനിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി: ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ [“ചെയ്തുകൊണ്ടിരിക്കുവിൻ,” NW] എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്വിൻ [“ചെയ്തുകൊണ്ടിരിക്കുവിൻ,” NW] എന്നു പറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.”—1 കൊരിന്ത്യർ 11:23-26.
പൗലൊസ് പറയുന്നതുപോലെ, ക്രിസ്തുവിനെ സ്തംഭത്തിലേറ്റാൻ റോമാക്കാരുടെമേൽ സമ്മർദം ചെലുത്തിയ യഹൂദ മതനേതാക്കന്മാർക്ക് യൂദാ ഈസ്കര്യോത്താ “യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ” ആണ് കർത്താവിന്റെ സന്ധ്യാഭക്ഷണം യേശു ഏർപ്പെടുത്തിയത്. പൊതുയുഗം (പൊ.യു.) 33, മാർച്ച് 31-ാം തീയതി വ്യാഴാഴ്ച സന്ധ്യക്കു ശേഷം ആയിരുന്നു അത്. ഏപ്രിൽ 1 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് യേശു ദണ്ഡന സ്തംഭത്തിൽ മരിക്കുന്നത്. യഹൂദ പഞ്ചാംഗപ്രകാരം ദിവസം കണക്കാക്കുന്നത് ഒരു വൈകുന്നേരം മുതൽ അടുത്ത വൈകുന്നേരം വരെ ആയിരുന്നതിനാൽ കർത്താവിന്റെ സന്ധ്യാഭക്ഷണവും യേശുക്രിസ്തുവിന്റെ മരണവും ഒരേ ദിവസം തന്നെ ആയിരുന്നു, പൊ.യു. 33 നീസാൻ 14-ന്.
അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നവർ യേശുവിന്റെ ഓർമയ്ക്കായി ‘ഇതു ചെയ്തുകൊണ്ടിരിക്കേണ്ടത്’ ആവശ്യമായിരുന്നു. യേശുവിന്റെ വാക്കുകളുടെ മറ്റൊരു പരിഭാഷ ഇപ്രകാരമാണ്: “എന്റെ സ്മാരകമായി ഇതു ചെയ്യുവിൻ.” (1 കൊരിന്ത്യർ 11:24, യെരുശലേം ബൈബിൾ) കർത്താവിന്റെ സന്ധ്യാഭക്ഷണം, ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം എന്നും അറിയപ്പെടുന്നു.
യേശുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കേണ്ടത് എന്തുകൊണ്ട്?
ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതിന് യേശുവിന്റെ മരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ട്. യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിച്ചവരിൽ അഗ്രഗണ്യനെന്ന നിലയിലാണ് യേശു മരിച്ചത്. അങ്ങനെ, മനുഷ്യർ സ്വാർഥ ലക്ഷ്യങ്ങളോടെ മാത്രമാണു ദൈവത്തെ സേവിക്കുന്നതെന്ന് ആരോപിച്ച സാത്താൻ നുണയനാണെന്നു തെളിയിക്കാൻ യേശുവിനു കഴിഞ്ഞു. (ഇയ്യോബ് 2:1-5; സദൃശവാക്യങ്ങൾ 27:11) ഒരു പൂർണ മനുഷ്യനെന്ന നിലയിലുള്ള തന്റെ മരണത്താൽ യേശു ‘അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുകയും’ ചെയ്തു. (മത്തായി 20:28) ദൈവത്തിനെതിരെ ആദാം പാപം ചെയ്തപ്പോൾ പൂർണ മനുഷ്യജീവനും അതിന്റെ ഭാവി പ്രതീക്ഷകളും അവൻ കളഞ്ഞുകുളിച്ചു. എന്നാൽ, “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം [മനുഷ്യവർഗ] ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) അതേ, “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നേ.”—റോമർ 6:23.
അങ്ങനെ, യേശുക്രിസ്തുവിന്റെ മരണത്തിൽ ഏറ്റവും വലിയ രണ്ടു സ്നേഹപ്രകടനങ്ങൾ ഉൾപ്പെടുന്നു. തന്റെ പുത്രനെ നൽകുവാൻ തക്കവണ്ണം യഹോവ മനുഷ്യവർഗത്തോടു കാണിച്ച അളവറ്റ സ്നേഹവും തന്റെ മനുഷ്യ ജീവൻ മനസ്സോടെ ത്യജിച്ചുകൊണ്ട് യേശു മനുഷ്യവർഗത്തോടു കാണിച്ച ആത്മത്യാഗപരമായ സ്നേഹവും. യേശുവിന്റെ മരണത്തിന്റെ സ്മാരകം ഈ രണ്ടു സ്നേഹപ്രകടനങ്ങളെയും മഹത്ത്വീകരിക്കുന്നു. നാം ഈ സ്നേഹത്തിന്റെ സ്വീകർത്താക്കൾ ആയിരിക്കെ, ഇതിനോടുള്ള നമ്മുടെ നന്ദി നാം പ്രകടിപ്പിക്കേണ്ടതല്ലേ? അതു ചെയ്യാനുള്ള ഒരു മാർഗം കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആചരണത്തിനു സന്നിഹിതരായിരിക്കുക എന്നതാണ്.
അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രാധാന്യം
കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയപ്പോൾ ചിഹ്നങ്ങൾ അഥവാ പ്രതീകങ്ങൾ ആയി യേശു ഒരു അപ്പവും ഒരു പാനപാത്രം ചുവന്ന വീഞ്ഞും ഉപയോഗിച്ചു. യേശു ഒരു അപ്പമെടുത്ത് “സ്തോത്രം ചൊല്ലി നുറുക്കി: ഇതു [അപ്പം] നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം . . . എന്നു പറഞ്ഞു.” (1 കൊരിന്ത്യർ 11:24) വിതരണം ചെയ്യുകയും ഭക്ഷിക്കുകയും ചെയ്യേണ്ടതിന് ആ അപ്പം നുറുക്കിയതായി നാം വായിക്കുന്നു. അതുകൊണ്ട്, പുളിമാവോ യീസ്റ്റോ ചേർക്കാതെ ധാന്യപ്പൊടിയും വെള്ളവും ചേർത്തുണ്ടാക്കിയ താരതമ്യേന ഒടിച്ചെടുക്കാവുന്ന അപ്പം ആയിരുന്നു അത്. തിരുവെഴുത്തുകളിൽ പുളിമാവ് പാപത്തെ ചിത്രീകരിക്കുന്നു. (മത്തായി 16:11, 12; 1 കൊരിന്ത്യർ 5:6, 7) യേശു പാപരഹിതനായിരുന്നു. അതുകൊണ്ട് അവന്റെ പൂർണതയുള്ള മനുഷ്യ ശരീരം മനുഷ്യവർഗത്തിനു വേണ്ടിയുള്ള മറുവിലയാഗത്തിനു തികച്ചും യോജിച്ചതായിരുന്നു. (1 യോഹന്നാൻ 2:1, 2) ക്രിസ്തുവിന്റെ പാപരഹിത ജഡിക ശരീരത്തെ പ്രതിനിധാനം ചെയ്യാൻ ഉപയോഗിച്ച അപ്പം പുളിപ്പില്ലാത്തത് ആയിരുന്നത് എത്ര ഉചിതമായിരുന്നു!
തുടർന്ന്, മായം ചേരാത്ത ശുദ്ധമായ ചുവന്ന വീഞ്ഞിന്റെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലിയ ശേഷം യേശു ഇങ്ങനെ പറഞ്ഞു: “ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം [“പുതിയ ഉടമ്പടി,” NW] ആകുന്നു.” (1 കൊരിന്ത്യർ 11:25) പാനപാത്രത്തിലെ ചുവന്ന വീഞ്ഞ് യേശുവിന്റെ രക്തത്തെ പ്രതിനിധാനം ചെയ്യുന്നു. യാഗം അർപ്പിക്കപ്പെട്ട കാളകളുടെയും ആടുകളുടെയും രക്തം പൊതുയുഗത്തിനു മുമ്പ് (പൊ.യു.മു.) 1513-ൽ യിസ്രായേൽ ജനതയും ദൈവവും തമ്മിലുള്ള ന്യായപ്രമാണ ഉടമ്പടിയെ സാധൂകരിച്ചതുപോലെ മരണത്തിൽ ചൊരിയപ്പെട്ട യേശുവിന്റെ രക്തം പുതിയ ഉടമ്പടിയെ സാധൂകരിച്ചു.
പങ്കുപറ്റേണ്ടവർ ആരെല്ലാമാണ്?
സ്മാരക ചിഹ്നങ്ങളിൽ ഉചിതമായി പങ്കുപറ്റുന്നവർ ആരാണെന്നു തിരിച്ചറിയുന്നതിന്, ആദ്യംതന്നെ ഈ പുതിയ ഉടമ്പടി എന്താണെന്നും അതിലെ കക്ഷികൾ ആരൊക്കെയാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. ബൈബിൾ ഇപ്രകാരം പറയുന്നു: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം [“ഒരു പുതിയ ഉടമ്പടി, NW”] ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. . . . ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും . . . ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല.”—യിരെമ്യാവു 31:31-34.
പുതിയ ഉടമ്പടി യഹോവയാം ദൈവവുമായി ഒരു സവിശേഷ ബന്ധം സാധ്യമാക്കുന്നു. ഈ ഉടമ്പടി മുഖാന്തരം ഒരു പ്രത്യേക കൂട്ടം ആളുകൾ അവന്റെ ജനവും അവൻ അവരുടെ ദൈവവും ആയിത്തീരുന്നു. യഹോവയുടെ നിയമം അവരുടെ ഉള്ളിൽ, അവരുടെ ഹൃദയത്തിൽ, എഴുതിയിരിക്കുന്നു. ശാരീരികമായി പരിച്ഛേദനയേറ്റ യഹൂദർ അല്ലാത്തവർക്കുപോലും ദൈവവുമായുള്ള പുതിയ ഉടമ്പടി ബന്ധത്തിലേക്കു വരാൻ കഴിയും. (റോമർ 2:29) ‘തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുക്കാനുള്ള’ ദൈവത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ച് ബൈബിൾ എഴുത്തുകാരനായ ലൂക്കൊസ് എഴുതുന്നു. (പ്രവൃത്തികൾ 15:14) 1 പത്രൊസ് 2:10 അനുസരിച്ച് “മുമ്പെ . . . ജനമല്ലാത്തവർ” ആയിരുന്ന അവർ “ഇപ്പോഴോ ദൈവത്തിന്റെ ജനം” ആണ്. തിരുവെഴുത്തുകൾ അവരെ ‘ദൈവത്തിന്റെ യിസ്രായേൽ,’ അതായത് ആത്മീയ യിസ്രായേൽ എന്നു പരാമർശിക്കുന്നു. (ഗലാത്യർ 6:16; 2 കൊരിന്ത്യർ 1:21) അതുകൊണ്ട്, പുതിയ ഉടമ്പടി യഹോവയാം ദൈവവും ആത്മീയ യിസ്രായേലും തമ്മിലുള്ള ഒരു ഉടമ്പടിയാണ്.
ലൂക്കൊസ് 22:29, NW) ഇതാണ് രാജ്യ ഉടമ്പടി. 1,44,000 അപൂർണ മനുഷ്യർ ഈ ഉടമ്പടി ബന്ധത്തിലേക്കു വരുത്തപ്പെടുന്നു. സ്വർഗത്തിലേക്ക് പുനരുത്ഥാനം പ്രാപിച്ച ശേഷം ഇവർ ക്രിസ്തുവിനോടുകൂടെ രാജാക്കന്മാരും പുരോഹിതന്മാരും ആയി വാഴും. (വെളിപ്പാടു 5:9, 10; 14:1-4) അങ്ങനെ, യഹോവയാം ദൈവവുമായി പുതിയ ഉടമ്പടിയിൽ ആയിരിക്കുന്നവർ യേശുക്രിസ്തുവുമായി രാജ്യ ഉടമ്പടിയിലും ആയിരിക്കുന്നു. അവർക്കു മാത്രമേ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ചിഹ്നങ്ങളിൽ പങ്കുപറ്റാനുള്ള യോഗ്യതയുള്ളൂ.
തന്റെ ശിഷ്യന്മാരോടൊത്ത് ആയിരുന്ന ഒടുവിലത്തെ രാത്രിയിൽ, യേശുവും അവരുമായി ഒരു വ്യത്യസ്ത ഉടമ്പടി ചെയ്യുകയുണ്ടായി. അവൻ അവരോട് ഇപ്രകാരം പറഞ്ഞു: “എന്റെ പിതാവ് ഞാനുമായി ഒരു രാജ്യത്തിനു വേണ്ടി ഉടമ്പടി ചെയ്തിരിക്കുന്നതുപോലെതന്നെ ഞാൻ നിങ്ങളുമായി ഒരു ഉടമ്പടി ചെയ്യുന്നു.” (സ്മാരക ചിഹ്നങ്ങളിൽ പങ്കുപറ്റാൻ യോഗ്യതയുള്ളവർ, തങ്ങൾ ദൈവവുമായി ഒരു അനുപമ ബന്ധത്തിലാണെന്നും ക്രിസ്തുവിനു കൂട്ടവകാശികളാണെന്നും എങ്ങനെയാണ് അറിയുന്നത്? പൗലൊസ് ഇപ്രകാരം പറയുന്നു: “നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും [പരിശുദ്ധാത്മാവു] നമ്മുടെ ആത്മാവോടുകൂടെ [നമ്മുടെ മാനസികഭാവം] സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.”—റോമർ 8:16, 17.
തന്റെ പരിശുദ്ധാത്മാവിനാൽ അഥവാ പ്രവർത്തന നിരതമായ ശക്തിയാൽ ദൈവം ക്രിസ്തുവിന്റെ കൂട്ടവകാശികളെ അഭിഷേകം ചെയ്യുന്നു. തങ്ങൾ രാജ്യത്തിന്റെ അവകാശികളാണെന്ന് ഇത് അവരെ ബോധ്യപ്പെടുത്തുന്നു. അഭിഷിക്ത ക്രിസ്ത്യാനികളുടെ ഉള്ളിൽ ഇതു സ്വർഗീയ പ്രത്യാശ ഉളവാക്കുന്നു. ബൈബിൾ സ്വർഗീയ ജീവനെ കുറിച്ചു പറയുന്ന എല്ലാ സംഗതികളും തങ്ങളെ സംബന്ധിച്ചാണെന്ന് അവർക്കു തോന്നുന്നു. കൂടാതെ, അവർ ഭൂമിയിലെ ജീവിതവും സകല മാനുഷ ബന്ധങ്ങളും ഉൾപ്പെടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാം ത്യജിക്കാൻ മനസ്സൊരുക്കം ഉള്ളവരാണ്. ഭൗമിക പറുദീസയിലെ ജീവിതം വിസ്മയകരമായിരിക്കും എന്ന് ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ തിരിച്ചറിയുന്നുണ്ടെങ്കിലും അതല്ല അവരുടെ പ്രത്യാശ. (ലൂക്കൊസ് 23:43) ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവർത്തന ഫലമായി—മതപരമായ ഏതെങ്കിലും തെറ്റായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലല്ല—അവർക്ക് അചഞ്ചലമായ സ്വർഗീയ പ്രത്യാശയാണുള്ളത്. അതുകൊണ്ട് അവർ ഉചിതമായിത്തന്നെ സ്മാരക ചിഹ്നങ്ങളിൽ പങ്കുപറ്റുന്നു.
എന്നാൽ ഒരു വ്യക്തിക്ക്, താൻ പുതിയ ഉടമ്പടിയിലും രാജ്യ ഉടമ്പടിയിലും ആണെന്നതു സംബന്ധിച്ച് പൂർണ ഉറപ്പില്ലെങ്കിലോ? താൻ ക്രിസ്തുവിന്റെ കൂട്ടവകാശി ആണെന്നുള്ളതിന് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലുള്ള സാക്ഷ്യവും ആ വ്യക്തിക്ക് ഇല്ല എന്നിരിക്കട്ടെ. അങ്ങനെയാണെങ്കിൽ, അയാൾ സ്മാരക ചിഹ്നങ്ങളിൽ പങ്കുപറ്റുന്നതു തെറ്റായിരിക്കും. അതേ, ഒരുവന് യഥാർഥത്തിൽ സ്വർഗീയവിളി ഇല്ലാതിരിക്കെ അയാൾ മനഃപൂർവം ഒരു സ്വർഗീയ രാജാവും പുരോഹിതനുമായി തന്നെത്തന്നെ അവരോധിക്കുന്നെങ്കിൽ അതു ദൈവത്തിന് അപ്രീതികരമായിരിക്കും.—റോമർ 9:16; വെളിപ്പാടു 22:5.
എത്ര കൂടെക്കൂടെ ഇത് ആചരിക്കണം?
യേശുവിന്റെ മരണത്തിന്റെ ഓർമ വാരംതോറുമോ അല്ലെങ്കിൽ ഒരുപക്ഷേ ദിവസംതോറും പോലുമോ ആചരിക്കേണ്ടതുണ്ടോ? ക്രിസ്തു, കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തുകയും അന്യായമായി വധിക്കപ്പെടുകയും ചെയ്തത് പെസഹാ നാളിൽ ആയിരുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം, അതായത് നീസാൻ 14-ന് ആചരിച്ചിരുന്ന പെസഹ, ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നുള്ള യിസ്രായേലിന്റെ വിമോചനത്തെ സ്മരിക്കുന്ന ദിവസമായിരുന്നു. (പുറപ്പാടു 12:6, 14; ലേവ്യപുസ്തകം 23:5) അതുകൊണ്ട് ‘നമ്മുടെ പെസഹക്കുഞ്ഞാടായ ക്രിസ്തുവിന്റെ’ മരണത്തിന്റെ ഓർമ ആചരിക്കേണ്ടത് വർഷത്തിൽ ഒരിക്കൽ മാത്രമാണ്, അല്ലാതെ വാരംതോറുമോ ദിവസംതോറുമോ അല്ല. (1 കൊരിന്ത്യർ 5:7) കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്ന കാര്യത്തിൽ, യേശു അത് ഏർപ്പെടുത്തിയപ്പോൾ ചെയ്ത അതേ നടപടിക്രമം ക്രിസ്ത്യാനികൾ പിൻപറ്റുന്നു.
അങ്ങനെയെങ്കിൽ പൗലൊസിന്റെ പിൻവരുന്ന വാക്കുകളുടെ അർഥമെന്താണ്? “നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.” (1 കൊരിന്ത്യർ 11:26) അഭിഷിക്ത ക്രിസ്ത്യാനികൾ ചിഹ്നങ്ങളിൽ പങ്കുപറ്റുന്ന സമയത്തൊക്കെയും അവർ യേശുവിന്റെ മറുവിലയാഗത്തിലുള്ള തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുന്നു എന്നാണ് അവൻ പറഞ്ഞതിന്റെ അർഥം.
1 തെസ്സലൊനീക്യർ 4:14-17) തന്റെ വിശ്വസ്തരായ 11 അപ്പൊസ്തലന്മാരോടുള്ള ക്രിസ്തുവിന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിലാണിത്: “ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.”—യോഹന്നാൻ 14:3.
അഭിഷിക്ത ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ അവൻ “വരുവോളം” ആചരിക്കുമായിരുന്നു. യേശു തന്റെ ‘സാന്നിധ്യകാലത്ത്’ (NW) ആത്മീയ ജീവനിലേക്കുള്ള പുനരുത്ഥാനം മുഖാന്തരം തന്റെ അഭിഷിക്ത അനുഗാമികളെ സ്വർഗത്തിലേക്കു കൊണ്ടുപോകാൻ എത്തിച്ചേരുന്നതുവരെ ഈ ആചരണം തുടരുമായിരുന്നു. (സ്മാരകം നിങ്ങളെ സംബന്ധിച്ച് എന്തർഥമാക്കുന്നു?
യേശുവിന്റെ യാഗത്തിൽനിന്നു പ്രയോജനം അനുഭവിക്കാനും ഭൂമിയിൽ നിത്യജീവൻ ലഭിക്കാനും സ്മാരക ചിഹ്നങ്ങളിൽ പങ്കുപറ്റേണ്ടത് ആവശ്യമാണോ? അല്ല. ഭൂമിയിലേക്ക് പുനരുത്ഥാനം പ്രാപിച്ചുവന്ന ശേഷം നോഹ, അബ്രാഹാം, സാറാ, യിസ്ഹാക്, റിബേക്ക, യോസേഫ്, മോശെ, ദാവീദ് എന്നിവരെപ്പോലുള്ള ദൈവഭക്തർ ഈ ചിഹ്നങ്ങളിൽ പങ്കുപറ്റും എന്നതിന് ബൈബിൾ യാതൊരു സൂചനയും നൽകുന്നില്ല. എന്നാൽ, ഇവരും ഭൂമിയിൽ അനന്തജീവൻ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന മറ്റു സകലരും ദൈവത്തിലും ക്രിസ്തുവിലും യേശുവിന്റെ മറുവിലയാഗമെന്ന യഹോവയുടെ കരുതലിലും വിശ്വാസം പ്രകടമാക്കേണ്ടതുണ്ട്. (യോഹന്നാൻ 3:36; 14:1) നിത്യജീവൻ ലഭിക്കാൻ നിങ്ങളും അത്തരം വിശ്വാസം പ്രകടമാക്കണം. ക്രിസ്തുവിന്റെ മരണത്തിന്റെ വാർഷിക ആചരണത്തിൽ സന്നിഹിതനാകുന്നത് ആ വലിയ യാഗത്തെ കുറിച്ച് നിങ്ങളെ അനുസ്മരിപ്പിക്കും. കൂടാതെ, അത് യാഗത്തോടുള്ള നിങ്ങളുടെ നന്ദിയുടെ ആഴം വർധിപ്പിക്കുകയും ചെയ്യേണ്ടതാണ്.
അപ്പൊസ്തലനായ യോഹന്നാൻ യേശുവിന്റെ ബലിയുടെ പ്രാധാന്യം ഊന്നിപ്പറയുകയുണ്ടായി. അവൻ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ [സഹ അഭിഷിക്തർ] പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം [“പ്രായശ്ചിത്ത യാഗം,” NW] ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1 യോഹന്നാൻ 2:1, 2) യേശുവിന്റെ യാഗം തങ്ങളുടെ പാപങ്ങൾക്കുള്ള ഒരു പ്രായശ്ചിത്താവരണം ആണെന്ന് അഭിഷിക്തർക്കു പറയാൻ കഴിയും. എന്നാൽ, ഈ യാഗം അനുസരണമുള്ള മനുഷ്യവർഗത്തിന് നിത്യജീവൻ സാധ്യമാക്കിക്കൊണ്ട് മുഴുലോകത്തിന്റെ പാപങ്ങൾക്കും കൂടെ അർപ്പിക്കപ്പെട്ട ഒന്നാണ്!
2004 ഏപ്രിൽ 4-ന്, യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ നിങ്ങൾ സന്നിഹിതനായിരിക്കുമോ? ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ തങ്ങളുടെ യോഗസ്ഥലങ്ങളിൽ വെച്ച് ഈ ആചരണം നടത്തുന്നതായിരിക്കും. നിങ്ങൾ സന്നിഹിതനാകുന്നെങ്കിൽ അവിടെ നടത്തപ്പെടുന്ന അതിപ്രധാനമായ ഒരു ബൈബിൾ പ്രസംഗത്തിൽനിന്നു നിങ്ങൾ പ്രയോജനം നേടും. യഹോവയാം ദൈവവും യേശുക്രിസ്തുവും നമുക്കുവേണ്ടി എന്തെല്ലാം ചെയ്തിരിക്കുന്നുവെന്ന് ഓർക്കാൻ അതു നിങ്ങളെ സഹായിക്കും. കൂടാതെ, ദൈവത്തോടും ക്രിസ്തുവിനോടും യേശുവിന്റെ മറുവിലയാഗത്തോടും ആഴമായ വിലമതിപ്പുള്ള ആളുകളോടൊത്തു കൂടിവരുന്നത് ആത്മീയമായി വളരെ പ്രതിഫലദായകം ആയിരിക്കും. നിത്യജീവനിലേക്കു നയിക്കുന്ന, ദൈവത്തിന്റെ അനർഹദയയുടെ സ്വീകർത്താവ് ആയിരിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെ ആ സന്ദർഭം ശക്തിപ്പെടുത്തിയേക്കാം. ഹാജരാകുന്നതിൽനിന്നു യാതൊന്നും നിങ്ങളെ തടയാതിരിക്കട്ടെ. നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവത്തെ മഹത്ത്വപ്പെടുത്തുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്ന ഹൃദയോഷ്മളമായ ഈ ആചരണത്തിന് തീർച്ചയായും സന്നിഹിതനായിരിക്കുക.
[5-ാം പേജിലെ ചിത്രം]
യേശുവിന്റെ മരണത്തിൽ ഏറ്റവും വലിയ രണ്ട് സ്നേഹപ്രകടനങ്ങൾ ഉൾപ്പെടുന്നു
[6-ാം പേജിലെ ചിത്രം]
പുളിപ്പില്ലാത്ത അപ്പവും വീഞ്ഞും യേശുവിന്റെ പാപരഹിത ശരീരത്തെയും അവന്റെ ചൊരിയപ്പെട്ട രക്തത്തെയും കുറിക്കുന്ന സമുചിത ചിഹ്നങ്ങളാണ്