പുറപ്പാടു പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവയുടെ വചനം ജീവനുള്ളത്
പുറപ്പാടു പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
ഇത് “നിർദ്ദയം അടിമവേല” ചെയ്യാൻ നിർബന്ധിതരായിത്തീർന്നവരുടെ വിമോചനത്തിന്റെ യഥാർഥ കഥയാണ്. (പുറപ്പാടു 1:13, പി.ഒ.സി. ബൈബിൾ) ഒരു ജനത പിറവി കൊണ്ടതിനെ കുറിച്ചുള്ള രോമാഞ്ചജനകമായ വിവരണം കൂടിയാണിത്. ആളുകളെ സ്തബ്ധരാക്കുന്ന അത്ഭുതങ്ങൾ, ഉത്കൃഷ്ടമായ നിയമം, സമാഗമന കൂടാരത്തിന്റെ നിർമാണം എന്നിവ ഇതിന്റെ മനം കവരുന്ന സവിശേഷതകളിൽ പെടുന്നു. അടിസ്ഥാനപരമായി, ബൈബിൾ പുസ്തകമായ പുറപ്പാടിന്റെ ഉള്ളടക്കം ഇതാണ്.
എബ്രായ പ്രവാചകനായ മോശെ എഴുതിയ പുറപ്പാടു പുസ്തകം, പൊ.യു.മു. 1657-ലെ യോസേഫിന്റെ മരണം മുതൽ പൊ.യു.മു. 1512-ലെ സമാഗമന കൂടാരത്തിന്റെ പൂർത്തീകരണം വരെയുള്ള, 145 വർഷത്തെ യിസ്രായേല്യരുടെ അനുഭവങ്ങൾ വിവരിക്കുന്നു. എന്നാൽ, ഇതിനു വെറും ചരിത്ര വിവരണം എന്നതിനെക്കാൾ പ്രാധാന്യമുണ്ട്. ഇത് മനുഷ്യവർഗത്തിനു വേണ്ടിയുള്ള ദൈവവചനത്തിന്റെ അഥവാ അവന്റെ സന്ദേശത്തിന്റെ ഭാഗമാണ്. അതുകൊണ്ട്, ഇത് “ജീവനും ചൈതന്യവുമുള്ളതാ”ണ്. (എബ്രായർ 4:12) അക്കാരണത്താൽ, പുറപ്പാടു പുസ്തകം നമ്മെ സംബന്ധിച്ചു തികച്ചും പ്രാധാന്യം അർഹിക്കുന്നു.
“ദൈവം അവരുടെ നിലവിളി കേട്ടു”
ഈജിപ്തിൽ പാർക്കുന്ന യാക്കോബിന്റെ സന്തതികൾ അതിവേഗം വർധിച്ചു പെരുകുന്നതിനാൽ അവരെക്കൊണ്ട് അടിമവേല ചെയ്യിക്കാൻ ഫറവോൻ കൽപ്പന പുറപ്പെടുവിക്കുന്നു. യിസ്രായേല്യരുടെ ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയാൻ പോലും ഫറവോൻ ആജ്ഞാപിക്കുന്നു. അത്തരമൊരു ദുരവസ്ഥയിൽനിന്നു രക്ഷപ്പെടുന്ന മൂന്നു മാസം മാത്രം പ്രായമുള്ള മോശെ എന്ന ശിശുവിനെ ഫറവോന്റെ പുത്രി എടുത്തു വളർത്തുന്നു. രാജകുടുംബത്തിൽ വളർത്തപ്പെടുന്നെങ്കിലും 40-ാം വയസ്സിൽ മോശെ തന്റെ സ്വന്തം ജനത്തിന്റെ പക്ഷം ചേരുകയും ഒരു മിസ്രയീമ്യനെ കൊല്ലുകയും ചെയ്യുന്നു. (പ്രവൃത്തികൾ 7:23, 24) ഓടിപ്പോകാൻ നിർബന്ധിതനാകുന്ന മോശെ മിദ്യാനിലേക്കു പോകുന്നു. അവിടെ വെച്ച് അവൻ വിവാഹിതനാകുകയും ഒരു ആട്ടിടയനായി ജീവിക്കുകയും ചെയ്യുന്നു. അത്ഭുതകരമായി കത്തിക്കൊണ്ടിരിക്കുന്ന ഒരു മുൾപ്പടർപ്പിന്റെ നടുവിൽ നിന്നുകൊണ്ട് യഹോവ അവന് ഒരു നിയോഗം നൽകുന്നു, യിസ്രായേല്യരെ അടിമത്തത്തിൽനിന്ന് വിടുവിച്ചു കൊണ്ടുവരാനായി ഈജിപ്തിലേക്കു മടങ്ങിച്ചെല്ലാനുള്ള നിയോഗം. അവനു വേണ്ടി സംസാരിക്കാൻ സഹോദരനായ അഹരോനെ നിയമിക്കുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
3:1—യിത്രോ എങ്ങനെയുള്ള ഒരു പുരോഹിതനായിരുന്നു? ഗോത്രപിതാക്കന്മാരുടെ കാലത്ത്, കുടുംബത്തലവൻ കുടുംബത്തിന്റെ പുരോഹിതനായി സേവിച്ചിരുന്നു. തെളിവനുസരിച്ച്, യിത്രോ ഒരു മിദ്യാന്യ ഗോത്രത്തിന്റെ തലവൻ ആയിരുന്നു. മിദ്യാന്യർ അബ്രാഹാമിന് കെതൂറായിലുണ്ടായ പിൻതലമുറക്കാർ ആയിരുന്നതിനാൽ അവർ യഹോവയുടെ ആരാധനയുമായി പരിചിതരായിരുന്നിരിക്കാൻ ഇടയുണ്ട്.—ഉല്പത്തി 25:1, 2.
4:11—ഏത് അർഥത്തിലാണ് യഹോവ ‘ഊമനെയും ചെകിടനെയും കുരുടനെയും ഉണ്ടാക്കി’യിരിക്കുന്നത്? ചില സന്ദർഭങ്ങളിൽ യഹോവ ആളുകളെ അന്ധരും ഊമരും ആക്കിയിട്ടുണ്ടെങ്കിലും അത്തരത്തിലുള്ള വൈകല്യങ്ങൾക്ക് എല്ലായ്പോഴും അവനല്ല ഉത്തരവാദി. (ഉല്പത്തി 19:11; ലൂക്കൊസ് 1:20-22, 62-64) ഇതെല്ലാം പാരമ്പര്യ സിദ്ധ പാപത്തിന്റെ ഫലമാണ്. (ഇയ്യോബ് 14:4; റോമർ 5:12) എന്നിരുന്നാലും, ഈ അവസ്ഥകൾ നിലവിലിരിക്കാൻ ദൈവം അനുവദിച്ചിരിക്കുന്നതിനാൽ ഊമനെയും ചെകിടനെയും കുരുടനെയും ‘ഉണ്ടാക്കിയവൻ’ താനാണെന്ന് അവനു പറയാൻ കഴിയും.
4:16—മോശെ അഹരോന് ‘ദൈവം ആയിരിക്കുമായിരുന്നത്’ എങ്ങനെയാണ്? മോശെ ദൈവത്തിന്റെ പ്രതിനിധിയായിരുന്നു. അതുകൊണ്ട് മോശെക്കു വേണ്ടി പ്രാതിനിധ്യം വഹിച്ചു സംസാരിച്ച അഹരോന് മോശെ ‘ദൈവമായി’.
നമുക്കുള്ള പാഠങ്ങൾ:
1:7, 14. തന്റെ ജനം ഈജിപ്തിൽ അടിച്ചമർത്തപ്പെട്ടപ്പോൾ യഹോവ അവരെ പിന്താങ്ങി. സമാനമായി, തന്റെ ആധുനികകാല സാക്ഷികളെ കൊടിയ പീഡനത്തിൻ മധ്യേപോലും യഹോവ പിന്താങ്ങുന്നു.
1:17-21. യഹോവ നമ്മെ “നന്മെക്കായിട്ടു” ഓർക്കുന്നു.—നെഹെമ്യാവു 13:31.
3:7-10. തന്റെ ജനത്തിന്റെ നിലവിളികളോട് യഹോവ പെട്ടെന്നു പ്രതികരിക്കുന്നു.
3:14. യഹോവ തന്റെ ഉദ്ദേശ്യങ്ങൾ സുനിശ്ചിതമായി പൂർത്തീകരിക്കുന്നു. അതിനാൽ നമ്മുടെ ബൈബിളധിഷ്ഠിത പ്രത്യാശകളും അവൻ യാഥാർഥ്യമാക്കിത്തീർക്കും എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
4:10, 13. സംസാരിക്കാനുള്ള തന്റെ പ്രാപ്തിയിൽ മോശെ തികഞ്ഞ ആത്മവിശ്വാസമില്ലായ്മ പ്രകടിപ്പിച്ചു. ദിവ്യ പിന്തുണ സംബന്ധിച്ച് ഉറപ്പു ലഭിച്ചിട്ടുപോലും, ഫറവോനോടു സംസാരിക്കാൻ മറ്റ് ആരെയെങ്കിലും അയയ്ക്കാൻ അവൻ ദൈവത്തോടു യാചിച്ചു. എന്നാൽ, തന്റെ നിയമനം നിർവഹിക്കാനുള്ള ജ്ഞാനവും ശക്തിയും മോശെക്കു നൽകിക്കൊണ്ട് യഹോവ അവനെത്തന്നെ ഉപയോഗിച്ചു. നമ്മുടെ കുറവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം നമുക്ക് യഹോവയിൽ ആശ്രയിക്കുകയും പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള നിയോഗം വിശ്വസ്തതയോടെ നിറവേറ്റുകയും ചെയ്യാം.—മത്തായി 24:14; 28:19, 20.
വിസ്മയസ്തബ്ധരാക്കുന്ന അത്ഭുതങ്ങൾ വിമോചനം കൈവരുത്തുന്നു
മരുഭൂമിയിൽ യഹോവയ്ക്ക് ഉത്സവം ആഘോഷിക്കേണ്ടതിന് യിസ്രായേല്യരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മോശെയും അഹരോനും ഫറവോന്റെ സന്നിധിയിൽ ചെല്ലുന്നു. ഈജിപ്തിലെ ആ ഭരണാധികാരി ധാർഷ്ട്യപൂർവം അനുമതി നിഷേധിക്കുന്നു. അപ്പോൾ യഹോവ ഒന്നിനുപിറകെ ഒന്നായി ബാധകളാൽ കനത്ത പ്രഹരമേൽപ്പിക്കാൻ മോശെയെ ഉപയോഗിക്കുന്നു. പത്താമത്തെ ബാധയ്ക്കു ശേഷം മാത്രമാണ് ഫറവോൻ യിസ്രായേല്യർക്കു പോകാൻ അനുമതി നൽകുന്നത്. എന്നിരുന്നാലും, താമസിയാതെതന്നെ ഫറവോനും സൈന്യവും അതിവേഗത്തിൽ അവരെ പിന്തുടരുന്നു. പക്ഷേ, ചെങ്കടലിലൂടെ ഒരു രക്ഷാമാർഗം തുറന്നുകൊടുത്തുകൊണ്ട് യഹോവ തന്റെ ജനത്തെ വിടുവിക്കുന്നു. വേർപിരിഞ്ഞു നിന്ന ജലഭിത്തികൾ കൂടിച്ചേർന്നുകൊണ്ട് അവരെ പിന്തുടർന്നുവരുന്ന ഈജിപ്തുകാരെ മുക്കിക്കളയുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
6:3—ഏതു വിധത്തിലായിരുന്നു ദൈവത്തിന്റെ നാമം അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും വെളിപ്പെടാതിരുന്നത്? ഈ ഗോത്രപിതാക്കന്മാർ ദിവ്യ നാമം ഉപയോഗിക്കുകയും അവർക്ക് യഹോവയിൽനിന്നു വാഗ്ദാനങ്ങൾ ലഭിക്കുകയും ചെയ്തു. എന്നാൽ, ഈ വാഗ്ദാനങ്ങളെല്ലാം നിവൃത്തിയേറാൻ ഇടയാക്കിയവൻ എന്ന നിലയിൽ അവർ യഹോവയെ അറിയുകയോ വാഗ്ദാനങ്ങളുടെ നിവൃത്തി അവർ അനുഭവിക്കുകയോ ചെയ്തില്ല.—ഉല്പത്തി 12:1, 2; 15:7, 13-16; 26:24; 28:10-15.
7:1—മോശെയെ “ഫറവോന്നു ദൈവമാക്കി”യത് എങ്ങനെയാണ്? മോശെയ്ക്ക് ദിവ്യ ശക്തിയും ഫറവോന്റെമേൽ അധികാരവും നൽകപ്പെട്ടു. അതുകൊണ്ട്, ആ രാജാവിനെ ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ലായിരുന്നു.
7:22—ഈജിപ്തിലെ മന്ത്രവാദികൾക്ക്, രക്തമായി മാറിയിട്ടില്ലായിരുന്ന വെള്ളം കിട്ടിയത് എവിടെനിന്നായിരുന്നു? ഈ ബാധ വരുത്തുന്നതിനു മുമ്പ് നൈൽ നദിയിൽനിന്നും കോരിവെച്ചിരുന്ന വെള്ളം അവർക്ക് ഉപയോഗിക്കാൻ കഴിയുമായിരുന്നു. കൂടാതെ, നൈൽ നദിയുടെ തീരത്തുള്ള നനഞ്ഞ മണ്ണിൽ കിണറുകൾ കുഴിച്ചും അവർക്ക് ബാധയേൽക്കാത്ത വെള്ളം ശേഖരിക്കാൻ കഴിയുമായിരുന്നതായി കാണപ്പെടുന്നു.—പുറപ്പാടു 7:24.
8:26, 27—യിസ്രായേല്യരുടെ യാഗം “മിസ്രയീമ്യർക്കു അറെപ്പായുള്ളത്” ആണെന്നു മോശെ പറഞ്ഞത് എന്തുകൊണ്ടായിരുന്നു? ഈജിപ്തിൽ പലതരം ജന്തുക്കളെ ആരാധിച്ചിരുന്നു. അതുകൊണ്ട് യാഗത്തെ കുറിച്ചുള്ള മോശെയുടെ പരാമർശം, യഹോവയ്ക്ക് യാഗം അർപ്പിക്കാൻ യിസ്രായേല്യരെ വിട്ടയയ്ക്കണം എന്ന് അവൻ നിഷ്കർഷിച്ചതിനെ ന്യായീകരിക്കുകയും അങ്ങനെ ചെയ്യാൻ ഫറവോന്റെ മേൽ പ്രേരണാശക്തി ചെലുത്തുകയും ചെയ്തു.
12:29—ആരൊക്കെയാണ് ആദ്യജാതരായി കണക്കാക്കപ്പെട്ടത്? ആദ്യജാതരിൽ പുരുഷപ്രജ മാത്രമേ ഉൾപ്പെട്ടിരുന്നുള്ളൂ. (സംഖ്യാപുസ്തകം 3:40-51) ഫറവോൻതന്നെ ഒരു ആദ്യജാതൻ ആയിരുന്നു. പക്ഷേ അവൻ കൊല്ലപ്പെട്ടില്ല. അവന് സ്വന്തം കുടുംബം ഉണ്ടായിരുന്നു. കുടുംബത്തലവനല്ല, ഒരു കുടുംബത്തിലെ ആദ്യജാത പുത്രനായിരുന്നു പത്താമത്തെ ബാധയാൽ മരണമടഞ്ഞത്.
12:40 (NW)—യിസ്രായേല്യരുടെ മിസ്രയീം ദേശത്തെ വാസം എത്രകാലമായിരുന്നു? ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന 430 സംവത്സരത്തിൽ, യിസ്രായേൽമക്കൾ “ഈജിപ്തിലും കനാൻ ദേശത്തും” ചെലവഴിച്ച സമയം ഉൾപ്പെടുന്നു. (റഫറൻസ് ബൈബിൾ അടിക്കുറിപ്പ് കാണുക) പൊ.യു.മു. 1943-ൽ, എഴുപത്തഞ്ച് വയസ്സുണ്ടായിരുന്ന അബ്രാഹാം കനാനിലേക്കുള്ള തന്റെ മാർഗമധ്യേ യൂഫ്രട്ടീസ് നദി കുറുകെ കടന്നു. (ഉല്പത്തി 12:4) ആ സമയം മുതൽ, 130 വയസ്സുണ്ടായിരുന്ന യാക്കോബ് ഈജിപ്തിൽ കടക്കുന്നതുവരെയുള്ള കാലഘട്ടം 215 സംവത്സരം ആയിരുന്നു. (ഉല്പത്തി 21:5; 25:26; 47:9) ഇതിന്റെ അർഥം തുടർന്ന് യിസ്രായേല്യർ 215 വർഷം ഈജിപ്തിൽ പാർത്തു എന്നാണ്.
15:8—ചെങ്കടലിലെ വെള്ളം “ഉറെച്ചുപോയി” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം അത് തണുത്തുറഞ്ഞു എന്നാണോ? “ഉറെച്ചുപോയി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ അർഥം സങ്കോചിക്കുക അല്ലെങ്കിൽ കട്ടിയാകുക എന്നാണ്. ഇയ്യോബ് 10:10-ൽ ആ പദം ഉപയോഗിച്ചിരിക്കുന്നത് പാൽ ഉറകൂടുന്നതിനോടുള്ള ബന്ധത്തിലാണ്. അതുകൊണ്ട്, വെള്ളം “ഉറെച്ചുപോയി” എന്നു പറഞ്ഞാൽ തണുത്തുറഞ്ഞു പോയി അഥവാ ഐസ് ആയി മാറി എന്ന് അവശ്യം അർഥമാക്കുന്നില്ല. പുറപ്പാടു 14:21-ൽ പരാമർശിച്ചിരിക്കുന്ന “മഹാശക്തിയുള്ള ഒരു കിഴക്കൻകാററ്” വെള്ളത്തെ ഐസ് ആക്കി മാറ്റാൻ തക്ക തണുപ്പുള്ളതായിരുന്നെങ്കിൽ നിസ്സംശയമായും കൊടുംതണുപ്പിനെ കുറിക്കുന്ന എന്തെങ്കിലും പരാമർശം ഉണ്ടാകുമായിരുന്നു. വെള്ളത്തെ പിടിച്ചു നിറുത്തുന്ന ദൃശ്യമായ യാതൊന്നും ഇല്ലാതിരുന്നതിനാൽ വെള്ളം ഉറച്ചുപോകുകയോ, കട്ടിയായിത്തീരുകയോ ചെയ്തതുപോലെ തോന്നി.
നമുക്കുള്ള പാഠങ്ങൾ:
7:14–12:30. പത്തു ബാധകൾ കേവലം യാദൃച്ഛികമായി സംഭവിച്ചതല്ലായിരുന്നു. അവയെ കുറിച്ച് മുൻകൂട്ടിപ്പറയുകയും പറഞ്ഞതുപോലെതന്നെ കൃത്യമായി സംഭവിക്കുകയും ചെയ്തു. അവ വരുത്തിയ വിധം, വെള്ളം, സൂര്യപ്രകാശം, കീടങ്ങൾ, ജന്തുക്കൾ, മനുഷ്യർ എന്നിവയുടെമേൽ സ്രഷ്ടാവിനുള്ള നിയന്ത്രണത്തിന്റെ എത്ര വ്യക്തമായ പ്രകടനമായിരുന്നു! ദൈവത്തിന് തന്റെ ശത്രുക്കളുടെമേൽ മാത്രം അനർഥം വരുത്താനും അതേസമയം തന്റെ ആരാധകരെ സംരക്ഷിക്കാനും കഴിയും എന്നതിന്റെ പ്രസ്പഷ്ട പ്രകടനം കൂടിയായിരുന്നു ആ ബാധകൾ.
11:2; 12:36. യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുന്നു. യിസ്രായേല്യർക്ക് ഈജിപ്തിലെ തങ്ങളുടെ വേലയുടെ കൂലി ലഭിക്കുന്നുവെന്ന് യഹോവ ഇവിടെ ഉറപ്പുവരുത്തുന്നതായി കാണാം. അവർ ഈജിപ്തിൽ പ്രവേശിച്ചതു സ്വതന്ത്ര ജനമായിട്ടായിരുന്നു, അല്ലാതെ അടിമകളാക്കപ്പെടാൻ വേണ്ടി യുദ്ധ തടവുകാരായിട്ട് ആയിരുന്നില്ല.
14:30. വരാൻ പോകുന്ന “വലിയ കഷ്ടത്തിൽ [“മഹോപദ്രവം,” NW]” യഹോവ തന്റെ ആരാധകരെ വിടുവിക്കും എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—മത്തായി 24:20-22; വെളിപ്പാടു 7:9, 14.
യഹോവ ഒരു ദിവ്യാധിപത്യ ജനതയെ സംഘടിപ്പിക്കുന്നു
ഈജിപ്തിൽനിന്നും വിടുവിക്കപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ യിസ്രായേല്യർ സീനായി പർവതത്തിന്റെ അടിവാരത്തിൽ പാളയമടിക്കുന്നു. അവിടെവെച്ച് അവർക്ക് പത്തു കൽപ്പനകളും മറ്റു നിയമങ്ങളും ലഭിക്കുന്നു. അതോടൊപ്പം അവർ യഹോവയുമായി ഒരു ഉടമ്പടി ബന്ധത്തിൽ ഏർപ്പെടുകയും ഒരു ദിവ്യാധിപത്യ ജനത ആയിത്തീരുകയും ചെയ്യുന്നു. കൊണ്ടുനടക്കാവുന്ന ആലയമായ യഹോവയുടെ സമാഗമന കൂടാരത്തിന്റെ നിർമിതിയെയും സത്യാരാധനയെയും സംബന്ധിച്ചുള്ള നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് മോശെ 40 ദിവസം പർവതത്തിൽ ചെലവഴിക്കുന്നു. അതിനിടയ്ക്ക്, യിസ്രായേല്യർ ഒരു സ്വർണ കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കുന്നു. മോശെ പർവതത്തിൽനിന്ന് ഇറങ്ങിവരുമ്പോൾ ഇതു കണ്ട് അവന്റെ കോപം ജ്വലിക്കുകയും ദൈവം അവനു നൽകിയ രണ്ട് കൽപ്പലകകൾ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്നു. തെറ്റു ചെയ്തവർക്ക് തക്ക ശിക്ഷ നടപ്പാക്കിയ
ശേഷം മോശെ വീണ്ടും പർവതത്തിൽ കയറി വേറെ രണ്ടു കൽപ്പലകകൾ വാങ്ങുന്നു. മോശെ തിരിച്ചു വരുന്നതോടെ സമാഗമന കൂടാരത്തിന്റെ നിർമാണം തുടങ്ങുന്നു. യിസ്രായേലിന്റെ സ്വാതന്ത്ര്യത്തിന്റെ ആദ്യ വർഷത്തിന്റെ ഒടുവിലായപ്പോഴേക്കും ഈ വിസ്മയാവഹമായ കൂടാരവും അതിലെ സകല സജ്ജീകരണങ്ങളും പൂർത്തിയായി അതു പ്രതിഷ്ഠിക്കുന്നു. അപ്പോൾ യഹോവ അതിനെ തന്റെ തേജസ്സുകൊണ്ടു നിറയ്ക്കുന്നു.തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
20:5—യഹോവ, “പിതാക്കന്മാരുടെ അകൃത്യ”ത്തിന് ഭാവി തലമുറകളെ ശിക്ഷിക്കുന്നത് എങ്ങനെയാണ്? ഉത്തരവാദിത്വം ഏൽക്കാൻ പ്രായമാകുമ്പോൾ മുതൽ ഓരോ വ്യക്തിയെയും ന്യായം വിധിക്കുന്നത് അവരവരുടെ നടത്തയുടെയും മനോഭാവത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും. എന്നാൽ യിസ്രായേൽ ജനത വിഗ്രഹാരാധനയിലേക്കു തിരിഞ്ഞപ്പോൾ അതിന്റെ പരിണതഫലങ്ങൾ അതിന് തലമുറകളോളം അനുഭവിക്കേണ്ടിവന്നു. വിശ്വസ്തരായ യിസ്രായേല്യർക്കു പോലും അതിന്റെ ദൂഷ്യഫലങ്ങൾ അനുഭവപ്പെട്ടു. അതായത്, ജനതയുടെ മതപരമായ ദുഷ്കൃത്യം നിമിത്തം അവർക്കു തങ്ങളുടെ നിർമലഗതി തുടരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
23:19; 34:26—കുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത് എന്നുള്ള കൽപ്പനയുടെ പ്രാധാന്യം എന്തായിരുന്നു? കുട്ടിയെ (ആടിന്റെയോ മറ്റേതെങ്കിലും മൃഗത്തിന്റെയോ കുട്ടി) അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യുന്നത്, മഴ ലഭിക്കാനായി ചെയ്തിരുന്ന ഒരു പുറജാതി ആചാരമായിരുന്നെന്ന് പറയപ്പെടുന്നു. കൂടാതെ, തള്ളയുടെ പാല് കുട്ടിക്കു പോഷണം പ്രദാനം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായതിനാൽ കുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യുന്നതു ക്രൂരത ആയിരിക്കുമായിരുന്നു. തങ്ങൾ സഹാനുഭൂതിയുള്ളവർ ആയിരിക്കണമെന്ന് ഈ നിയമം ദൈവജനത്തിന് കാണിച്ചുകൊടുത്തു.
23:20-23—ഇവിടെ പരാമർശിച്ചിരിക്കുന്ന ദൂതൻ ആരാണ്, യഹോവയുടെ നാമം “അവനിൽ” ഉണ്ടായിരുന്നത് എങ്ങനെയാണ്? സാധ്യതയനുസരിച്ച്, ഈ ദൂതൻ മാനുഷപൂർവ അസ്തിത്വത്തിൽ ആയിരുന്ന യേശുവാണ്. യിസ്രായേല്യരെ വാഗ്ദത്ത ദേശത്തേക്കു വഴിനയിക്കാൻ അവനെ ഉപയോഗിച്ചു. (1 കൊരിന്ത്യർ 10:1-4) തന്റെ പിതാവിന്റെ നാമം വിശുദ്ധീകരിക്കുന്നതിലും ഉയർത്തിപ്പിടിക്കുന്നതിലും അഗ്രഗണ്യനായിരിക്കുന്നത് യേശുവാണ് എന്ന അർഥത്തിലാണ് യഹോവയുടെ നാമം “അവനിൽ” ഉള്ളത്.
32:1-8, 25-35—സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കിയതിന് അഹരോൻ ശിക്ഷിക്കപ്പെടാതിരുന്നത് എന്തുകൊണ്ട്? വിഗ്രഹാരാധനയോട് ഹൃദയപൂർവം യോജിപ്പു പ്രകടമാക്കിയ ഒരു വ്യക്തിയായിരുന്നില്ല അഹരോൻ. തെളിവനുസരിച്ച്, പിന്നീട് അഹരോൻ ദൈവത്തിനു വേണ്ടിയും മോശെയെ എതിർത്തവർക്ക് എതിരെയും നിലപാട് എടുക്കുന്നതിൽ സഹ ലേവ്യരോടു ചേർന്നു. പാപം ചെയ്തവരെ കൊന്നുകളഞ്ഞതിനു ശേഷം, ജനം മഹാപാപം ചെയ്തെന്ന് മോശെ അവരെ ഓർമിപ്പിച്ചു. അഹരോനെ കൂടാതെ മറ്റുള്ളവർക്കും യഹോവയുടെ കരുണ ലഭിച്ചെന്ന് അത് സൂചിപ്പിക്കുന്നു.
33:11, 20—ദൈവം മോശെയോടു “അഭിമുഖമായി” സംസാരിച്ചത് എങ്ങനെയാണ്? ഈ പദപ്രയോഗം ഒരു ഉറ്റബന്ധം നിഴലിക്കുന്ന പരസ്പര ആശയവിനിമയത്തെ കുറിക്കുന്നു. മോശെ ദൈവത്തിന്റെ പ്രതിനിധിയുമായി സംസാരിക്കുകയും അവനിലൂടെ യഹോവയുടെ നിർദേശങ്ങൾ വാമൊഴിയായി സ്വീകരിക്കുകയും ചെയ്തു. എന്നാൽ മോശെ യഹോവയെ കണ്ടില്ല, കാരണം ‘ഒരു മനുഷ്യനും ദൈവത്തെ കണ്ടു ജീവനോടെ ഇരിക്കയില്ല.’ വാസ്തവത്തിൽ, യഹോവ മോശെയോടു വ്യക്തിപരമായി സംസാരിച്ചില്ല. ന്യായപ്രമാണം “ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ച”താണെന്ന് ഗലാത്യർ 3:19 പറയുന്നു.
നമുക്കുള്ള പാഠങ്ങൾ:
15:25; 16:12. യഹോവ തന്റെ ജനത്തിനായി കരുതുന്നു.
18:21. ക്രിസ്തീയ സഭയിൽ ഉത്തരവാദിത്വ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർ പ്രാപ്തരും ദൈവഭയമുള്ളവരും ആശ്രയയോഗ്യരും നിസ്സ്വാർഥരും ആയിരിക്കണം.
20:1–23:33. യഹോവയാണ് പരമോന്നത നിയമദാതാവ്. അവന്റെ നിയമങ്ങളോട് അനുസരണം പ്രകടമാക്കിയപ്പോഴെല്ലാം ക്രമീകൃതമായും സന്തോഷത്തോടെയും അവനെ ആരാധിക്കുന്നതിന് അവ യിസ്രായേല്യരെ പ്രാപ്തരാക്കി. യഹോവയ്ക്ക് ഇന്ന് ഒരു ദിവ്യാധിപത്യ സംഘടനയുണ്ട്. അതിനോടു സഹകരിക്കുന്നത് നമ്മുടെ സന്തുഷ്ടിയിലും സുരക്ഷിതത്വത്തിലും കലാശിക്കുന്നു.
നമ്മെ സംബന്ധിച്ചുള്ള യഥാർഥ പ്രാധാന്യം
പുറപ്പാടു പുസ്തകം യഹോവയെ കുറിച്ച് എന്തു വെളിപ്പെടുത്തുന്നു? അത് അവനെ സ്നേഹഭരിതനായ ദാതാവായും അതുല്യനായ വിമോചകനായും തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നവനായും തിരിച്ചറിയിക്കുന്നു. അവൻ ദിവ്യാധിപത്യ സംഘാടനത്തിന്റെ ദൈവമാണ്.
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനുവേണ്ടിയുള്ള തയ്യാറെടുപ്പെന്ന നിലയിൽ നിങ്ങൾ വാരംതോറുമുള്ള ബൈബിൾ വായനഭാഗം വായിക്കുമ്പോൾ പുറപ്പാടു പുസ്തകത്തിൽ നിന്നു മനസ്സിലാക്കുന്ന കാര്യങ്ങൾ നിങ്ങളെ ആഴമായി സ്പർശിക്കും എന്നതിനു സംശയമില്ല. “തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം” എന്ന ഭാഗത്തുള്ള സംഗതികൾ നിങ്ങൾ പരിചിന്തിക്കുമ്പോൾ ചില ബൈബിൾ ഭാഗങ്ങളെ കുറിച്ചുള്ള കൂടുതലായ ഉൾക്കാഴ്ച നിങ്ങൾക്കു ലഭിക്കും. “നമുക്കുള്ള പാഠങ്ങൾ” എന്നതിനു കീഴിലെ അഭിപ്രായങ്ങൾ ഓരോ ആഴ്ചയിലെയും ബൈബിൾ വായനഭാഗത്തുനിന്ന് നിങ്ങൾക്കെങ്ങനെ പ്രയോജനം നേടാം എന്നു കാണിച്ചു തരും.
[24, 25 പേജുകളിലെ ചിത്രം]
യിസ്രായേല്യരെ അടിമത്തത്തിൽനിന്നു വിടുവിച്ചു കൊണ്ടുവരാൻ യഹോവ സൗമ്യനായ മോശെയെ നിയോഗിച്ചു
[25-ാം പേജിലെ ചിത്രം]
വെള്ളം, സൂര്യപ്രകാശം, കീടങ്ങൾ, ജന്തുക്കൾ, മനുഷ്യർ എന്നിവയുടെമേൽ സ്രഷ്ടാവിനുള്ള നിയന്ത്രണത്തിന്റെ പ്രകടനമായിരുന്നു പത്തു ബാധകൾ
[26, 27 പേജുകളിലെ ചിത്രം]
മോശെ മുഖാന്തരം യഹോവ യിസ്രായേല്യരെ ഒരു ദിവ്യാധിപത്യ ജനതയായി സംഘടിപ്പിച്ചു