വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പരസംഗത്താൽ ഒരു ദിവസം 24,000 പേർ വീണുപോയെന്നു സംഖ്യാപുസ്തകം പറയുമ്പോൾ 1 കൊരിന്ത്യർ 10:8-ൽ ആ സംഖ്യ 23,000 എന്നു പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്?
ഈ രണ്ടു വാക്യങ്ങളിൽ നൽകിയിരിക്കുന്ന സംഖ്യകൾ വ്യത്യാസപ്പെട്ടിരിക്കുന്നതിനു വിശദീകരണമായി ചൂണ്ടിക്കാട്ടാൻ കഴിയുന്ന പല ഘടകങ്ങൾ ഉണ്ട്. അതിൽ ഏറ്റവും ലളിതമായ വിശദീകരണം, യഥാർഥ സംഖ്യ 23,000-ത്തിനും 24,000-ത്തിനും ഇടയ്ക്കായിരുന്നിരിക്കാം എന്നതാണ്. ഇങ്ങനെയാകുമ്പോൾ എണ്ണത്തിൽ അൽപ്പം ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നാലും അത് ഒരു പൂർണസംഖ്യ ആയി രേഖപ്പെടുത്താൻ കഴിയുമായിരുന്നു.
മറ്റൊരു സാധ്യതയെ കുറിച്ചു ചിന്തിക്കുക. അപ്പൊസ്തലനായ പൗലൊസ് ശിത്തീമിലുണ്ടായിരുന്ന ഇസ്രായേല്യരെ കുറിച്ചുള്ള വിവരണം, കാമാസക്ത ജീവിതരീതിക്കു കുപ്രസിദ്ധമായിരുന്ന കൊരിന്ത്യനഗരത്തിലെ ക്രിസ്ത്യാനികൾക്ക് ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തം ആയി പരാമർശിക്കുകയായിരുന്നു. അവൻ ഇപ്രകാരം എഴുതി: “അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുത്.” പരസംഗം ചെയ്തതു നിമിത്തം യഹോവയാൽ വധിക്കപ്പെട്ടവരുടെ എണ്ണം 23,000 ആയിരുന്നു എന്ന് പൗലൊസ് വേറിട്ടു രേഖപ്പെടുത്തി.—1 കൊരിന്ത്യർ 10:8.
എന്നാൽ, സംഖ്യാപുസ്തകം 25-ാം അധ്യായം ഇപ്രകാരം പറയുന്നു: “യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.” അപ്പോൾ “ജനത്തിന്റെ തലവന്മാരെയൊക്കെയും” വധിക്കാൻ യഹോവ മോശെയ്ക്ക് കൽപ്പന കൊടുത്തു. അതനുസരിച്ചു മോശെ ഈ ആജ്ഞ നിറവേറ്റാൻ ന്യായാധിപന്മാരോടു കൽപ്പിച്ചു. ഒടുവിൽ, ഒരു മിദ്യാന്യ സ്ത്രീയെ പാളയത്തിലേക്കു കൊണ്ടുവന്ന ഇസ്രായേല്യനെ വധിക്കാൻ ഫീനെഹാസ് സത്വര നടപടി സ്വീകരിച്ചപ്പോൾ “ബാധ . . . വിട്ടുമാറി.” വിവരണം ഇപ്രകാരം അവസാനിക്കുന്നു: “ബാധകൊണ്ടു മരിച്ചു പോയവർ ഇരുപത്തുനാലായിരം പേർ.”—സംഖ്യാപുസ്തകം 25:1-9.
സംഖ്യാപുസ്തകത്തിൽ തന്നിരിക്കുന്ന സംഖ്യയിൽ സാധ്യതയനുസരിച്ച് ന്യായാധിപന്മാർ വധിച്ച ‘ജനത്തിന്റെ തലവന്മാരും’ യഹോവ നേരിട്ടു വധിച്ചവരും ഉൾപ്പെടുന്നു. അതായത്, വധിക്കപ്പെട്ട ജനത്തിന്റെ തലവന്മാർ ഒരുപക്ഷേ ആയിരം പേർ ഉണ്ടായിരുന്നിരിക്കാം, അങ്ങനെ ആ എണ്ണം കൂടി ചേർക്കുമ്പോൾ മൊത്തം 24,000 എന്നു വരുന്നു. ഈ തലവന്മാർ അഥവാ പ്രധാനികൾ പരസംഗം ചെയ്യുകയോ ഉത്സവത്തിൽ പങ്കെടുക്കുകയോ അതുമല്ലെങ്കിൽ ഇവയെല്ലാം ചെയ്യാൻ മറ്റുള്ളവർക്കു സമ്മതം മൂളുകയോ എന്തുതന്നെ ചെയ്തതായിരുന്നാലും ശരി “ബാൽപെയോരിനോടു ചേർന്നു” എന്നുള്ള സംഗതിയിൽ അവർ കുറ്റക്കാരായിരുന്നു.
“ചേർന്നു” എന്നുള്ള വാക്കിനെ കുറിച്ച് ഒരു ബൈബിൾ പരാമർശ കൃതി വിശദീകരിക്കുന്നത് ഈ വാക്കിന് “ഒരുവൻ തന്നേത്തന്നെ മറ്റൊരാളോടു ബന്ധിക്കുന്ന”തിനെ അർഥമാക്കാൻ കഴിയുമെന്നാണ്. ഇസ്രായേല്യർ യഹോവയ്ക്കു സമർപ്പിക്കപ്പെട്ട ജനതയായിരുന്നു. എന്നാൽ അവർ “ബാൽപെയോരിനോടു ചേർന്ന”പ്പോൾ ദൈവവുമായുള്ള സമർപ്പിത ബന്ധം അവർ പൊട്ടിച്ചെറിഞ്ഞു. ഏതാണ്ട് 700 വർഷങ്ങൾക്കു ശേഷം പ്രവാചകനായ ഹോശേയയിലൂടെ യഹോവ ഇസ്രായേല്യരോടു പറഞ്ഞു: “ബാൽ-പെയോരിൽ എത്തിയപ്പോൾ അവർ തങ്ങളെത്തന്നേ ലജ്ജാബിംബത്തിന്നു ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ മ്ലേച്ഛതയുള്ളവരായ്തീർന്നു.” (ഹോശേയ 9:10) ഇങ്ങനെ ചെയ്തവർ ഒക്കെയും പ്രതികൂല ദിവ്യ ന്യായവിധിക്ക് തികച്ചും അർഹരായിരുന്നു. അതുകൊണ്ട് മോശെ ഇസ്രായേൽമക്കളോട് ഇപ്രകാരം പറഞ്ഞു: “ബാൽ-പെയോരിന്റെ സംഗതിയിൽ യഹോവ ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നു: ബാൽ-പെയോരിനെ പിന്തുടർന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.”—ആവർത്തനപുസ്തകം 4:3.