നിങ്ങൾ ദൈവവചനത്താൽ ശക്തീകരിക്കപ്പെടുന്നുവോ?
നിങ്ങൾ ദൈവവചനത്താൽ ശക്തീകരിക്കപ്പെടുന്നുവോ?
ജീവിതത്തിൽ പരിശോധനകൾ നേരിടുമ്പോൾ നിങ്ങൾ അവയെ എങ്ങനെയാണ് കൈകാര്യം ചെയ്യാറുള്ളത്? സാത്താന്റെ വെല്ലുവിളിയെ അഭിമുഖീകരിച്ചപ്പോൾ, ഉചിതമായ ഒരു തിരുവെഴുത്ത് ഓർമിച്ചത് യേശുവിനു സഹായകമായി. (മത്തായി 4:1-11) അതുപോലെ, ദാവീദ് രാജാവിനു ജീവിതത്തിൽ വ്യക്തിപരമായ പരിശോധനകളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ അവൻ ദൈവത്തിന്റെ വചനത്താൽ ശക്തിപ്രാപിച്ചു. അവൻ ഇപ്രകാരം പറഞ്ഞു: “എന്റെ ഹൃദയം ഉൽക്കണ്ഠാകുലമായിരിക്കെ, നിന്റെ സാന്ത്വനങ്ങൾ, എന്റെ ആത്മാവിനെ ഉന്മേഷഭരിതമാക്കുന്നു.”—സങ്കീർത്തനം 94:19, ഓശാന ബൈബിൾ.
സമാനമായി, വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ നമുക്കു പ്രിയപ്പെട്ട ഒരു തിരുവെഴുത്ത് ഓർക്കുന്നതു നമ്മെ ആശ്വസിപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്യും. ഉദാഹരണത്തിന്, റെക്സ് എന്ന വ്യക്തിയുടെ കാര്യം ചിന്തിക്കുക. ഇപ്പോൾ 89 വയസ്സുള്ള അദ്ദേഹം 1931 മുതൽ ഒരു മുഴുസമയ സുവിശേഷകനാണ്. എന്നാൽ അദ്ദേഹം പറയുന്നു: “ശുശ്രൂഷയിൽ ഏതെങ്കിലും ഒരു പ്രത്യേക നിയമനം കിട്ടുമ്പോൾ അതു നിറവേറ്റാൻ ഞാൻ അപ്രാപ്തനാണെന്ന് എനിക്കു തോന്നാറുണ്ട്.” എന്നാൽ അദ്ദേഹം എങ്ങനെയാണ് അത്തരം തോന്നലുകളെ തരണം ചെയ്തത്? “ഞാൻ എന്റെ പ്രിയപ്പെട്ട തിരുവെഴുത്തായ സദൃശവാക്യങ്ങൾ 3:5 ഓർത്തു, അത് ഇപ്രകാരം പറയുന്നു: ‘പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്.’ ഈ തിരുവെഴുത്ത് ഓർക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തത് എന്റെ നിയമനങ്ങൾ വിജയകരമായി നിർവഹിക്കാൻ എന്നെ സഹായിച്ചു.”
പ്രിയപ്പെട്ട ഒരു തിരുവെഴുത്ത് ഓർത്തുവെക്കുന്നതിനാൽ കൊച്ചുകുട്ടികൾക്കും പ്രയോജനം നേടാൻ കഴിയും. തന്റെ ഇഷ്ടപ്പെട്ട തിരുവെഴുത്ത് മത്തായി 24:14 ആണെന്ന് ആറു വയസ്സുകാരനായ ജാക്ക് പറയുന്നു. മാതാപിതാക്കളുടെ കൂടെ പ്രസംഗവേലയിൽ പങ്കുപറ്റാൻ ഈ തിരുവെഴുത്ത് അവനെ പ്രചോദിപ്പിക്കുന്നു. അവൻ പറയുന്നു: “എല്ലാ ശനിയാഴ്ചയും മമ്മിയുടെയും ഡാഡിയുടെയും ചേച്ചിയുടെയും കൂടെ സാക്ഷീകരണത്തിനു പോകാൻ എനിക്കിഷ്ടമാണ്.”
യേശുവിനെപ്പോലെ, നിങ്ങൾക്കും ചിലപ്പോൾ വിശ്വാസത്തിന്റെ നേരിട്ടുള്ള പരിശോധനകൾ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ടോ? അത്തരം സന്ദർഭങ്ങളിൽ ഫിലിപ്പിയർ 4:13 നിങ്ങൾക്കു പ്രിയങ്കരമായിത്തീർന്നേക്കാം. ദാവീദിനെപ്പോലെ നിങ്ങൾക്ക് ‘ഉൽക്കണ്ഠാകുലമായ’ ചിന്തകളുടെ ഭാരം താങ്ങേണ്ടി വരുന്നുണ്ടോ? അപ്പോൾ ഫിലിപ്പിയർ 4:6, 7 ഓർക്കുന്നത് ആശ്വാസം കണ്ടെത്താൻ നിങ്ങളെ സഹായിച്ചേക്കാം. ദൈവത്തിനുള്ള നിങ്ങളുടെ സേവനം നിഷ്ഫലമാണെന്ന ചിന്തയാൽ ചിലപ്പോഴൊക്കെ നിങ്ങൾ ആകുലരാകാറുണ്ടോ? അത്തരം അവസരങ്ങളിൽ 1 കൊരിന്ത്യർ 15:58 ഓർക്കുന്നത് നിങ്ങൾക്കു ശക്തിപകരും.
സന്ദർഭോചിതമായ തിരുവെഴുത്തുകൾ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ ശക്തിചെലുത്താൻ നാം ദൈവത്തിന്റെ വചനത്തെ അനുവദിക്കുകയായിരിക്കും ചെയ്യുന്നത്. (എബ്രായർ 4:12) നമുക്കു ശക്തിയും സാന്ത്വനവും പകരാൻ നമ്മുടെ പ്രിയപ്പെട്ട ആ തിരുവെഴുത്തുകൾക്കു കഴിയും.—റോമർ 15:4.