പരസ്പരം ബലപ്പെടുത്തുവിൻ
പരസ്പരം ബലപ്പെടുത്തുവിൻ
‘ഇവർ എനിക്കു ബലപ്പെടുത്തുന്ന സഹായമായിത്തീർന്നിരിക്കുന്നു.’—കൊലൊസ്സ്യർ 4:11, NW.
1, 2. അപകടകരമായിരുന്നിട്ടും പൗലൊസിന്റെ സുഹൃത്തുക്കൾ അവനെ തടവിൽ ചെന്നു കണ്ടിരുന്നത് എന്തിനായിരുന്നു?
തടവിൽ കഴിയുന്ന ഒരു സുഹൃത്തുമായി സമ്പർക്കം പുലർത്തുന്നത് അപകടകരമായിരുന്നേക്കാം. ആ വ്യക്തി അന്യായമായാണ് തടവിലാക്കപ്പെട്ടിരിക്കുന്നതെങ്കിൽ പോലും അതു സത്യമാണ്. ജയിലധികാരികൾ നിങ്ങളെ സംശയത്തോടെ ആയിരിക്കും വീക്ഷിക്കുക. നിങ്ങൾ അക്രമമൊന്നും പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി നിങ്ങളുടെ ഓരോ നീക്കവും അവർ സൂക്ഷ്മമായി നിരീക്ഷിച്ചേക്കാം. അതുകൊണ്ട്, സുഹൃത്തുമായി അടുത്ത സമ്പർക്കം പുലർത്താനും അയാളെ തടവിൽ ചെന്നു കാണാനുമൊക്കെ ധൈര്യം ആവശ്യമാണ്.
2 എന്നാൽ, ഏതാണ്ട് 1,900 വർഷം മുമ്പ്, അപ്പൊസ്തലനായ പൗലൊസിന്റെ ചില സുഹൃത്തുക്കൾ ചെയ്തത് അതാണ്. പൗലൊസിന് ആവശ്യമായ സാന്ത്വനവും പ്രോത്സാഹനവും നൽകാനും അവനെ ആത്മീയമായി ബലപ്പെടുത്താനുമായി തടവിൽ ചെന്ന് അവനെ കാണാൻ അവർ മടികാണിച്ചില്ല. ഈ വിശ്വസ്ത സുഹൃത്തുക്കൾ ആരൊക്കെയായിരുന്നു? അവർ പ്രകടമാക്കിയ ധൈര്യം, വിശ്വസ്തത, സുഹൃദ്സ്നേഹം എന്നിവയിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാനാവും?—‘ബലപ്പെടുത്തുന്ന സഹായം’
3, 4. (എ) പൗലൊസിന്റെ സുഹൃത്തുക്കളിൽ അഞ്ചു പേർ ആരായിരുന്നു, അവർ അവന് എന്തായിത്തീർന്നു? (ബി) ‘ബലപ്പെടുത്തുന്ന സഹായം’ എന്നാൽ എന്താണ്?
3 പൊ.യു. 60-നോടടുത്ത കാലത്തേക്ക് നമുക്കു മടങ്ങിപ്പോകാം. രാജ്യദ്രോഹക്കുറ്റം ചുമത്തി പൗലൊസ് അപ്പൊസ്തലനെ റോമിൽ തടവിലാക്കിയിരിക്കുകയായിരുന്നു. (പ്രവൃത്തികൾ 24:5, NW; 25:11, 12) ഈ സാഹചര്യത്തിൽ തന്നെ പിന്തുണച്ച അഞ്ചു ക്രിസ്ത്യാനികളെ പൗലൊസ് പേരെടുത്തു പറയുന്നു: അവന്റെ വ്യക്തിഗത സന്ദേശവാഹകനും ‘കർത്താവിൽ സഹഭൃത്യനും’ ആയിരുന്ന, ആസ്യയിൽനിന്നുള്ള തിഹിക്കൊസ്; കൊലൊസ്സ്യയിൽനിന്നുള്ള ‘വിശ്വസ്തനും പ്രിയനുമായ സഹോദരൻ’ ഒനേസിമൊസ്; തെസ്സലൊനീക്യയിൽനിന്നുള്ള ഒരു മക്കെദോന്യനും ഒരു സമയത്ത് പൗലൊസിന്റെ ‘കൂട്ടുതടവുകാരനും’ (പി.ഒ.സി. ബൈ.) ആയിരുന്ന അരിസ്തർഹൊസ്; പൗലൊസിന്റെ മിഷനറി സഹകാരിയായിരുന്ന ബർന്നബാസിന്റെ ബന്ധുവും സ്വന്തം പേരോടുകൂടിയ സുവിശേഷത്തിന്റെ എഴുത്തുകാരനുമായ മർക്കൊസ്; “ദൈവരാജ്യത്തിന്നു” കൂട്ടുവേലക്കാരായിരുന്നവരിൽ ഒരാളായിരുന്ന യൂസ്തൊസ്. ഈ അഞ്ചു പേരെ കുറിച്ച്, ‘ഇവർ എനിക്കു ബലപ്പെടുത്തുന്ന സഹായമായിത്തീർന്നിരിക്കുന്നു’ (NW) എന്ന് പൗലൊസ് പറയുന്നു.—കൊലൊസ്സ്യർ 4:7-11.
4 തന്റെ വിശ്വസ്ത സുഹൃത്തുക്കൾ നൽകിയ സഹായത്തെ കുറിച്ചു വളരെ ശക്തമായ ഒരു പ്രസ്താവനയാണ് പൗലൊസ് നടത്തിയത്. ‘ബലപ്പെടുത്തുന്ന സഹായം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം (പാരെഗോറിയ) ബൈബിളിൽ ഈ ഒരു വാക്യത്തിൽ മാത്രമേ കാണുന്നുള്ളൂ. പല അർഥങ്ങളുള്ള ഈ പദം വിശേഷിച്ചും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടാണ് ഉപയോഗിച്ചിരുന്നത്. * ‘സാന്ത്വനം, ശമനം വരുത്തൽ, ആശ്വാസം, അല്ലെങ്കിൽ വിടുതൽ’ എന്നൊക്കെ അതു പരിഭാഷപ്പെടുത്താൻ കഴിയും. പൗലൊസിന് അത്തരം ബലപ്പെടുത്തൽ ആവശ്യമായിരുന്നു, ആ അഞ്ചു പുരുഷന്മാർ അതു നൽകുകയും ചെയ്തു.
പൗലൊസിന് ‘ബലപ്പെടുത്തുന്ന സഹായം’ ആവശ്യമായിരുന്നതിന്റെ കാരണം
5. ഒരു അപ്പൊസ്തലൻ ആയിരുന്നെങ്കിലും പൗലൊസിന് എന്ത് ആവശ്യമായിരുന്നു, നമുക്ക് എല്ലാവർക്കും ഇടയ്ക്കിടെ എന്ത് ആവശ്യമാണ്?
5 ഒരു അപ്പൊസ്തലനായിരുന്ന പൗലൊസിനെ ആരെങ്കിലും ശക്തിപ്പെടുത്തേണ്ട ആവശ്യം എന്തായിരുന്നു എന്ന് ചിലർ ആശ്ചര്യപ്പെട്ടേക്കാം. എന്നാൽ അവന് ബലപ്പെടുത്തുന്ന സഹായം ആവശ്യമായിരുന്നു. പൗലൊസിന് ശക്തമായ വിശ്വാസം ഉണ്ടായിരുന്നു എന്നതു ശരിയാണ്. ‘അനവധി അടി കൊള്ളുകയും,’ ‘പല വട്ടം മരണത്തിന്റെ വക്കോളം പോലും എത്തുകയും’ (ഓശാന ബൈബിൾ) ചെയ്ത അവൻ വളരെയധികം ശാരീരിക ഉപദ്രവങ്ങളും വേദനകളും വിജയപ്രദമായി സഹിച്ചിരുന്നു. (2 കൊരിന്ത്യർ 11:23-27) എന്നിരുന്നാലും അവൻ ഒരു മനുഷ്യനായിരുന്നു. മനുഷ്യർക്കെല്ലാം ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ സാന്ത്വനം ആവശ്യമാണ്, തങ്ങളുടെ വിശ്വാസം കരുത്തുറ്റതാക്കാൻ മറ്റുള്ളവരിൽനിന്നു സഹായം ആവശ്യമാണ്. യേശുവിന്റെ കാര്യത്തിൽ പോലും ഇതു സത്യമായിരുന്നു. അവന്റെ അവസാന രാത്രിയിൽ ഗെത്ത്ശെമനയിൽവെച്ച് ഒരു ദൂതൻ അവനു പ്രത്യക്ഷനായി അവനെ ‘ശക്തിപ്പെടുത്തി.’—ലൂക്കൊസ് 22:43.
6, 7. (എ) റോമിൽ പൗലൊസിനെ നിരാശപ്പെടുത്തിയത് ആർ, പ്രോത്സാഹിപ്പിച്ചത് ആർ? (ബി) റോമിലായിരിക്കെ എന്തു സഹായങ്ങൾ ചെയ്തുകൊടുത്തുകൊണ്ടാണ് പൗലൊസിന്റെ ക്രിസ്തീയ സഹോദരന്മാർ തങ്ങൾ ‘ബലപ്പെടുത്തുന്ന സഹായ’മാണെന്നു തെളിയിച്ചത്?
6 പൗലൊസിന് ബലപ്പെടുത്തുന്ന സഹായം ആവശ്യമായിരുന്നെങ്കിലും റോമിൽ ഒരു തടവുകാരനായി എത്തിയപ്പോൾ സ്വന്തം ഗോത്രത്തിൽപ്പെട്ടവരിൽനിന്ന് അവന് ഊഷ്മളമായ സ്വാഗതം ലഭിച്ചില്ല. അവിടത്തെ യഹൂദരിൽ മിക്കവരും രാജ്യസന്ദേശത്തോട് അനുകൂലമായി പ്രതികരിച്ചില്ല. യഹൂദർക്കിടയിൽ പ്രധാനികളായവർ പൗലൊസിനെ തടവിൽ ചെന്നുകണ്ടശേഷം എന്തുണ്ടായെന്ന് പ്രവൃത്തികളുടെ പുസ്തകം വിവരിക്കുന്നു: ‘അവൻ പറഞ്ഞതു ചിലർ സമ്മതിച്ചു; ചിലർ വിശ്വസിച്ചില്ല. അവർ തമ്മിൽ യോജിക്കാതെ പിരിഞ്ഞുപോയി.’ (പ്രവൃത്തികൾ 28:17, 24, 25) യഹോവയുടെ അനർഹദയയോടുള്ള അവരുടെ വിലമതിപ്പില്ലായ്മ പൗലൊസിനെ എത്രമാത്രം വേദനിപ്പിച്ചിരിക്കണം! ഇതിന് ഏതാനും വർഷം മുമ്പ് റോമിലെ സഭയ്ക്ക് പൗലൊസ് എഴുതിയ ലേഖനത്തിൽ ഇതു സംബന്ധിച്ച് അവന് ഉണ്ടായിരുന്ന ശക്തമായ വികാരം പ്രകടമായിരുന്നു: ‘എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ട്. ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ [യഹൂദ] സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.’ (റോമർ 9:2, 3) എങ്കിലും റോമിൽ അവൻ വിശ്വസ്തരായ,യഥാർഥ സഹകാരികളെ കണ്ടെത്തുകതന്നെ ചെയ്തു. അവരുടെ ധൈര്യവും സ്നേഹവും അവന്റെ ഹൃദയത്തെ കുളിർപ്പിച്ചു. അവനോട് ആത്മാർഥ സ്നേഹം ഉണ്ടായിരുന്ന, അവന്റെ ആത്മീയ സഹോദരന്മാർ ആയിരുന്നു അവർ.
7 ആ അഞ്ചു സഹോദരന്മാർ ബലപ്പെടുത്തുന്ന സഹായമാണെന്നു തെളിഞ്ഞത് എങ്ങനെയായിരുന്നു? പൗലൊസ് തടവുകാരനായിരുന്നു എന്നത് അവനിൽനിന്ന് അകന്നുനിൽക്കാനുള്ള കാരണമായി അവർ കണ്ടില്ല; പകരം അവർ സ്വമനസ്സാലെ, സ്നേഹപൂർവം പൗലൊസിന് വ്യക്തിപരമായ സേവനങ്ങൾ പ്രദാനം ചെയ്തു; തടവിലായിരിക്കുന്നതിനാൽ അവനു ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും അവർ അവനുവേണ്ടി ചെയ്തു. ഉദാഹരണത്തിന്, സന്ദേശവാഹകരായി വർത്തിച്ചുകൊണ്ട് അവർ പൗലൊസിന്റെ ലേഖനങ്ങളും വാചികമായ നിർദേശങ്ങളും വ്യത്യസ്ത സഭകൾക്ക് എത്തിച്ചുകൊടുത്തു; റോമിലും മറ്റിടങ്ങളിലുമുള്ള സഹോദരങ്ങളുടെ ക്ഷേമം സംബന്ധിച്ച പ്രോത്സാഹജനകമായ വാർത്തകൾ പൗലൊസിനു കൊണ്ടുചെന്നു കൊടുത്തു. ശൈത്യകാലത്തേക്ക് ആവശ്യമായ വസ്ത്രങ്ങൾ, എഴുതാനുള്ള സാമഗ്രികൾ, ചുരുളുകൾ തുടങ്ങിയവ അവർ കൊണ്ടുപോയി കൊടുത്തിരിക്കാൻ സാധ്യതയുണ്ട്. (എഫെസ്യർ 6:21, 22; 2 തിമൊഥെയൊസ് 4:11-13) അത്തരം സഹായങ്ങളെല്ലാം തടവിൽ കഴിഞ്ഞിരുന്ന അപ്പൊസ്തലനെ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി മറ്റുള്ളവർക്ക്, മുഴു സഭകൾക്കുതന്നെയും ‘ബലപ്പെടുത്തുന്ന സഹായം’ ആയിത്തീരാൻ പൗലൊസിനും കഴിഞ്ഞു.—റോമർ 1:11, 12.
‘ബലപ്പെടുത്തുന്ന സഹായം’ ആയിരിക്കാവുന്ന വിധം
8. തനിക്ക് ‘ബലപ്പെടുത്തുന്ന സഹായം’ ആവശ്യമാണെന്ന് പൗലൊസ് താഴ്മയോടെ അംഗീകരിച്ചുവെന്നതിൽനിന്ന് നമുക്ക് എന്തു പാഠം ഉൾക്കൊള്ളാനാകും?
8 പൗലൊസിനെയും അവന്റെ അഞ്ച് കൂട്ടുവേലക്കാരെയും സംബന്ധിച്ച ഈ വിവരണത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും? വിശേഷിച്ചും ഒരു പാഠത്തെ കുറിച്ചു നമുക്കിപ്പോൾ പരിചിന്തിക്കാം: അരിഷ്ടതകളിൽ മറ്റുള്ളവരുടെ സഹായത്തിനെത്താൻ ധൈര്യവും ആത്മത്യാഗ മനോഭാവവും ആവശ്യമാണ്. അതുപോലെതന്നെ കഷ്ടതകൾ ഉണ്ടാകുമ്പോൾ നമുക്കു സഹായം ആവശ്യമായി വന്നേക്കാം എന്ന് അംഗീകരിക്കാൻ താഴ്മ ഉണ്ടായിരിക്കേണ്ടതുണ്ട്. തനിക്കു സഹായം ആവശ്യമാണെന്ന് പൗലൊസ് അംഗീകരിക്കുക മാത്രമല്ല ആ സഹായം വിലമതിപ്പോടെ സ്വീകരിക്കുകയും അതു നൽകിയവരെ അഭിനന്ദിച്ചു സംസാരിക്കുകയും ചെയ്തു. മറ്റുള്ളവരിൽനിന്നു സഹായം സ്വീകരിക്കുന്നത് നാണക്കേടോ ബലഹീനതയുടെ ലക്ഷണമോ ആയി അവൻ വീക്ഷിച്ചില്ല. നാമും അതുപോലെ ആയിരിക്കണം. ബലപ്പെടുത്തുന്ന സഹായം നമുക്ക് ഒരിക്കലും ആവശ്യമില്ലെന്നു പറയുന്നത് നാം അമാനുഷികരാണെന്നു പറയുന്നതിനു തുല്യമായിരിക്കും. ഓർക്കുക, സഹായത്തിനായി അപേക്ഷിക്കേണ്ട സന്ദർഭങ്ങൾ ഒരു പൂർണ മനുഷ്യനു പോലും ഉണ്ടായേക്കാമെന്നാണ് യേശുവിന്റെ ദൃഷ്ടാന്തം കാണിക്കുന്നത്.—എബ്രായർ 5:7.
9, 10. സഹായം ആവശ്യമാണെന്ന് ഒരു വ്യക്തി അംഗീകരിക്കുമ്പോൾ എന്തു നല്ല ഫലം കൈവരും, കുടുംബത്തിലും സഭയിലും ഉള്ളവരുടെമേൽ ഇത് എന്തു സ്വാധീനം ചെലുത്തും?
9 ഉത്തരവാദിത്വസ്ഥാനങ്ങൾ വഹിക്കുന്നവർ തങ്ങൾക്കും പരിമിതികളുണ്ടെന്നും അതുകൊണ്ടുതന്നെ മറ്റുള്ളവരിൽനിന്നുള്ള സഹായം ആവശ്യമാണെന്നും അംഗീകരിക്കുന്നത് നല്ല ഫലങ്ങൾ കൈവരുത്തും. (യാക്കോബ് 3:2) അത് അധികാരസ്ഥാനത്തുള്ളവരും അവരുടെ അധികാരത്തിൻ കീഴിൽ ഉള്ളവരും തമ്മിലുള്ള ബന്ധത്തെ കരുത്തുറ്റതാക്കുകയും തുറന്ന, ഊഷ്മളമായ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യും. സഹായം സ്വീകരിക്കാൻ സന്നദ്ധരാകുന്നവരുടെ താഴ്മ സമാനമായ സാഹചര്യത്തിലുള്ള മറ്റുള്ളവർക്ക് നല്ല ഒരു മാതൃകയായിരിക്കും. നേതൃത്വം വഹിക്കുന്നവരും മനുഷ്യരാണെന്നും അവരെ സമീപിക്കാൻ മടിക്കേണ്ടതില്ലെന്നും അതു പ്രകടമാക്കും.—സഭാപ്രസംഗി 7:20.
10 ഉദാഹരണത്തിന്, കുട്ടികളായിരിക്കെ അച്ഛനും അമ്മയും തങ്ങളുടേതു പോലുള്ള വെല്ലുവിളികൾ അഭിമുഖീകരിച്ചിട്ടുണ്ട് എന്നറിയുന്നത് പ്രശ്നങ്ങളും പ്രലോഭനങ്ങളും കൈകാര്യം ചെയ്യുന്നതിൽ അവർ നൽകുന്ന സഹായം സ്വീകരിക്കുക കുട്ടികൾക്ക് കൂടുതൽ എളുപ്പമാക്കിത്തീർത്തേക്കാം. (കൊലൊസ്സ്യർ 3:21) കുട്ടിയും മാതാപിതാക്കളും തമ്മിൽ നല്ല ആശയവിനിമയം ഉണ്ടായിരിക്കാൻ ഇതു സഹായിക്കും. തിരുവെഴുത്തുപരമായ പരിഹാരങ്ങൾ കൂടുതൽ ഫലപ്രദമായി പങ്കുവെക്കാനും കൂടുതൽ എളുപ്പത്തിൽ സ്വീകരിക്കാനും അത് ഇടയാക്കും. (എഫെസ്യർ 6:4) സമാനമായി, മൂപ്പന്മാരും തങ്ങളുടേതുപോലുള്ള പ്രശ്നങ്ങളും ഭയവും ആശങ്കകളും നേരിടുന്നുണ്ട് എന്നറിയുന്നത് അവർ നൽകുന്ന സഹായം മടികൂടാതെ സ്വീകരിക്കാൻ സഭയിലെ അംഗങ്ങളെ പ്രേരിപ്പിക്കും. (റോമർ 12:3; 1 പത്രൊസ് 5:3) ഫലം എന്തായിരിക്കും? അതു നല്ല ആശയവിനിമയത്തിനു വഴിതുറക്കും, തിരുവെഴുത്തുപരമായ ബുദ്ധിയുപദേശം പങ്കുവെക്കുക സാധ്യമാക്കും, വിശ്വാസം ശക്തിപ്പെടാൻ ഇടയാക്കും. ഓർക്കുക, ഇപ്പോൾ മുമ്പെന്നത്തെക്കാളധികം നമ്മുടെ സഹോദരങ്ങൾക്കു ബലപ്പെടുത്തുന്ന സഹായം ആവശ്യമാണ്.—2 തിമൊഥെയൊസ് 3:1.
11. പലർക്കും ഇന്ന് ‘ബലപ്പെടുത്തുന്ന സഹായം’ ആവശ്യമുള്ളത് എന്തുകൊണ്ട്?
11 നാം ഏതു ദേശത്തു ജീവിക്കുന്നവരായാലും ഏതു സാമൂഹിക നിലയിലും പ്രായത്തിലും ഉള്ളവർ ആയിരുന്നാലും നമുക്ക് എല്ലാവർക്കും ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ സമ്മർദങ്ങൾ അനുഭവപ്പെടും. അത് ഇന്നത്തെ ലോകത്തിന്റെ ഒരു വിശേഷതയാണ്. (വെളിപ്പാടു 12:12) ശാരീരികമോ വൈകാരികമോ ആയ വിഷമതകൾക്ക് ഇടയാക്കുന്ന അത്തരം സാഹചര്യങ്ങൾ നമ്മുടെ വിശ്വാസത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നു. ജോലിസ്ഥലത്തോ സ്കൂളിലോ ഭവനത്തിലോ സഭയിലോ പരിശോധനയ്ക്കിടയാക്കുന്ന സാഹചര്യങ്ങൾ സംജാതമായേക്കാം. ഗുരുതരമായ രോഗമോ കഴിഞ്ഞകാലത്ത് ഉണ്ടായ എന്തെങ്കിലും മാനസിക ആഘാതമോ ആയിരിക്കാം ചിലപ്പോൾ സമ്മർദത്തിന് ഇടയാക്കുന്നത്. അങ്ങനെയുള്ള അവസരങ്ങളിൽ, ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത വാക്കുകളാലും സഹായകമായ പ്രവൃത്തികളാലും വിവാഹപങ്കാളിയോ ഒരു മൂപ്പനോ അല്ലെങ്കിൽ സുഹൃത്തോ ദയാപുരസ്സരം നൽകുന്ന പ്രോത്സാഹനം എത്ര ആശ്വാസദായകമായിരിക്കും! നീറുന്ന ഒരു മുറിവിൽ കുളിർമ പകരുന്ന ഒരു ലേപനം പുരട്ടുന്നതുപോലെ ആയിരിക്കും അത്! അതുകൊണ്ട്, നിങ്ങളുടെ സഹോദരങ്ങളിൽ ആരെങ്കിലും അങ്ങനെ ഒരവസ്ഥയിൽ ആണെന്നു കണ്ടാൽ, ബലപ്പെടുത്തുന്ന ഒരു സഹായമായിത്തീരുക. ഇനി, എന്തെങ്കിലുമൊരു പ്രശ്നം നിങ്ങളെ വല്ലാതെ അലട്ടുന്നെങ്കിൽ ആത്മീയമായി യോഗ്യതയുള്ളവരോടു സഹായം അഭ്യർഥിക്കുക.—യാക്കോബ് 5:14, 15.
സഭയ്ക്കു സഹായിക്കാവുന്ന വിധം
12. സഭയിലെ ഓരോരുത്തർക്കും തന്റെ സഹോദരങ്ങളെ ബലപ്പെടുത്തുന്നതിൽ എന്തു ചെയ്യാനാകും?
12 യുവപ്രായക്കാർ ഉൾപ്പെടെ സഭയിലെ എല്ലാവർക്കും മറ്റുള്ളവരെ ബലപ്പെടുത്തുന്നതിൽ പങ്കുവഹിക്കാൻ കഴിയും. ഉദാഹരണത്തിന്, യോഗങ്ങളിലും വയൽസേവനത്തിലും നിങ്ങൾ ക്രമമുള്ളവരായിരിക്കുന്നത് മറ്റുള്ളവരുടെ വിശ്വാസത്തെ ബലപ്പെടുത്താൻ വളരെ സഹായിക്കും. (എബ്രായർ 10:24, 25) വിശുദ്ധ സേവനത്തിലെ നിങ്ങളുടെ സ്ഥിരത യഹോവയോടുള്ള നിങ്ങളുടെ വിശ്വസ്തതയുടെ തെളിവാണ്, പ്രയാസങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും നിങ്ങൾ ആത്മീയമായി ഉണർന്നും ജാഗരിച്ചും ഇരിക്കുന്നുവെന്ന് അതു പ്രകടമാക്കുന്നു. (എഫെസ്യർ 6:18) ആ സ്ഥിരതയ്ക്ക് മറ്റുള്ളവരെ ശക്തിപ്പെടുത്താനാകും.—യാക്കോബ് 2:18.
13. ചിലർ നിഷ്ക്രിയർ ആയിത്തീർന്നേക്കാവുന്നത് എന്തുകൊണ്ട്, അവരെ സഹായിക്കാൻ എന്തു ചെയ്യാവുന്നതാണ്?
13 ചിലപ്പോൾ ജീവിതത്തിലെ സമ്മർദങ്ങളും മറ്റു ബുദ്ധിമുട്ടുകളും ചിലരുടെ വയൽസേവനത്തെ മന്ദീഭവിപ്പിച്ചേക്കാം അല്ലെങ്കിൽ അവർ നിഷ്ക്രിയരാകാൻ ഇടയാക്കിയേക്കാം. (മർക്കൊസ് 4:18, 19) നിഷ്ക്രിയരായ വ്യക്തികളെ നാം സഭായോഗങ്ങളിൽ കണ്ടെന്നുവരില്ല. പക്ഷേ സാധ്യതയനുസരിച്ച് ദൈവത്തോടുള്ള സ്നേഹം അവരുടെ ഹൃദയത്തിൽനിന്നു മാഞ്ഞുപോയിട്ടുണ്ടാവില്ല. അവരുടെ വിശ്വാസത്തെ ശക്തിപ്പെടുത്താൻ എന്തു ചെയ്യാനാകും? അവരെ സന്ദർശിച്ചുകൊണ്ട് ദയാപൂർവകമായ സഹായം നൽകാൻ മൂപ്പന്മാർക്കു കഴിയും. (പ്രവൃത്തികൾ 20:35) മറ്റു സഭാംഗങ്ങളോടും സഹായം നൽകാൻ ആവശ്യപ്പെടാവുന്നതാണ്. സ്നേഹപൂർവകമായ അത്തരം സന്ദർശനങ്ങൾ വിശ്വാസത്തിൽ ദുർബലരായവർക്ക് ഉന്മേഷം പകരുന്ന ഔഷധമായി വർത്തിച്ചേക്കാം.
14, 15. മറ്റുള്ളവരെ ബലപ്പെടുത്തുന്നതു സംബന്ധിച്ച് എന്തു ബുദ്ധിയുപദേശമാണ് പൗലൊസ് നൽകിയത്? അവന്റെ ബുദ്ധിയുപദേശം ബാധകമാക്കിയ ഒരു സഭയുടെ ഉദാഹരണം നൽകുക.
14 ‘വിഷാദം അനുഭവിക്കുന്നവരോട് ആശ്വാസദായകമായി സംസാരിക്കാനും ബലഹീനരെ താങ്ങാനും’ ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (1 തെസ്സലൊനീക്യർ 5:14, NW) തങ്ങളുടെ ധൈര്യം ചോർന്നുപോകുകയാണെന്നും തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ സഹായമില്ലാതെ മറികടക്കാനാവില്ലെന്നും ‘വിഷാദം അനുഭവിക്കുന്ന’ വ്യക്തികൾക്കു തോന്നിയേക്കാം. അവർക്ക് ആവശ്യമായ ആ സഹായം നൽകാൻ നിങ്ങൾക്കു കഴിയുമോ? ‘ബലഹീനരെ താങ്ങുവിൻ’ എന്ന പ്രയോഗം ബലഹീനരെ ‘മുറുകെ പിടിക്കുക’ അല്ലെങ്കിൽ അവരോടു ‘പറ്റിനിൽക്കുക’ എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. യഹോവ തന്റെ ആടുകളെയെല്ലാം സ്നേഹിക്കുകയും വിലമതിക്കത്തക്കവരായി കരുതുകയും ചെയ്യുന്നു. അവരെ മൂല്യം കുറഞ്ഞവരായി അവൻ വീക്ഷിക്കുന്നില്ല, ആരും ഒഴുകിപ്പോകാൻ അവൻ ആഗ്രഹിക്കുന്നുമില്ല. ദുർബലരെ അവർ ശക്തി പ്രാപിക്കുന്നതുവരെ ‘മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നതിൽ’ സഭയെ സഹായിക്കാൻ നിങ്ങൾക്കാകുമോ?—എബ്രായർ 2:1.
15 ആറു വർഷമായി നിഷ്ക്രിയരായിരുന്ന ഒരു വിവാഹിത ദമ്പതികളെ ഒരു മൂപ്പൻ സന്ദർശിച്ചു. ആ മൂപ്പൻ ഇപ്രകാരം എഴുതുന്നു: “മുഴു സഭയും അവരോടു കാണിച്ച അനുകമ്പയും സ്നേഹപുരസ്സരമായ താത്പര്യവും അവരുടെമേൽ ശക്തമായ പ്രഭാവം ചെലുത്തി,
ആട്ടിൻകൂട്ടത്തിലേക്കു തിരിച്ചുവരാൻ അത് അവരെ പ്രചോദിപ്പിച്ചു.” ഒരിക്കൽ നിഷ്ക്രിയയായിരുന്ന ആ സഹോദരിക്ക് സഭാംഗങ്ങൾ നടത്തിയ സന്ദർശനങ്ങളെ കുറിച്ച് എങ്ങനെയാണു തോന്നിയത്? അവർ പറയുന്നു: “ഞങ്ങളെ സന്ദർശിച്ച സഹോദരന്മാരോ അവരോടൊപ്പം വന്ന സഹോദരിമാരോ ആരും ഞങ്ങളെ കുറ്റപ്പെടുത്തുകയോ വിമർശിക്കുകയോ ചെയ്തില്ല. പകരം അവർ ഞങ്ങളോടു പരിഗണന കാണിച്ചു, ഞങ്ങൾക്കു തിരുവെഴുത്തുപരമായ പ്രോത്സാഹനം നൽകി. ഇതാണ് സഭാപ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകാൻ ഞങ്ങളെ സഹായിച്ചത്.”16. ബലപ്പെടുത്തുന്ന സഹായം ആവശ്യമുള്ളവർക്ക് അതു പ്രദാനം ചെയ്യാൻ സദാ സന്നദ്ധനായിരിക്കുന്ന വ്യക്തി ആരാണ്?
16 അതേ, ആത്മാർഥതയുള്ള ഒരു ക്രിസ്ത്യാനി മറ്റുള്ളവർക്കു ബലപ്പെടുത്തുന്ന ഒരു സഹായമായിത്തീരുന്നതിൽ ആനന്ദിക്കുന്നു. ജീവിതസാഹചര്യങ്ങൾ മാറുന്നതിന്റെ ഫലമായി, ഏതെങ്കിലും ഒരവസരത്തിൽ നമുക്കുതന്നെ മറ്റു സഹോദരങ്ങളിൽനിന്ന് ഈ സഹായം ആവശ്യമായിവന്നേക്കാം. എന്നിരുന്നാലും, ചിലപ്പോൾ മനുഷ്യരിൽനിന്നുള്ള സഹായമൊന്നും ലഭ്യമല്ലാത്ത സാഹചര്യങ്ങളുണ്ടായേക്കാം എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. പക്ഷേ, എല്ലായ്പോഴും സഹായിക്കാൻ സന്നദ്ധനായ, എല്ലായ്പോഴും സമീപിക്കാൻ കഴിയുന്ന, ശക്തിയുടെ ഒരു സ്രോതസ്സുണ്ട്—യഹോവയാം ദൈവം.—സങ്കീർത്തനം 27:10.
യഹോവ—ശക്തിയുടെ ആത്യന്തിക ഉറവ്
17, 18. യഹോവ തന്റെ പുത്രനായ യേശുക്രിസ്തുവിനെ ഏതെല്ലാം വിധങ്ങളിൽ ശക്തിപ്പെടുത്തി?
17 ദണ്ഡനസ്തംഭത്തിൽ കിടന്നുകൊണ്ട് യേശു ഇങ്ങനെ നിലവിളിച്ചു പറഞ്ഞു: “പിതാവേ ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു.” (ലൂക്കൊസ് 23:46) എന്നിട്ട് അവൻ മരിച്ചു. അതിന് വെറും മണിക്കൂറുകൾക്കു മുമ്പ് അവൻ അറസ്റ്റു ചെയ്യപ്പെട്ട സമയത്ത് അവന്റെ ഉറ്റ സുഹൃത്തുക്കൾ ഭയം മൂലം അവനെ ഉപേക്ഷിച്ച് ഓടിപ്പോയിരുന്നു. (മത്തായി 26:56) അപ്പോൾ യേശുവിന് ആശ്രയിക്കാൻ ശക്തിയുടെ ഉറവ് എന്ന നിലയിൽ ഒരു തുണ മാത്രമേ ഉണ്ടായിരുന്നുള്ളു—അവന്റെ സ്വർഗീയ പിതാവ്. യഹോവയിലുള്ള അവന്റെ ആശ്രയം വ്യർഥമായില്ല. പിതാവിനോടുള്ള യേശുവിന്റെ വിശ്വസ്തതയ്ക്കു പ്രതിഫലം ലഭിച്ചു—യഹോവതന്നെ വിശ്വസ്തതയോടെ അവനെ പിന്തുണച്ചു.—സങ്കീർത്തനം 18:25, NW; എബ്രായർ 7:26, NW.
18 യേശുവിന്റെ ഭൗമിക ശുശ്രൂഷയുടെ കാലത്ത്, മരണത്തോളം വിശ്വസ്തത മുറുകെ പിടിക്കേണ്ടതിന് ആവശ്യമായ സഹായം യഹോവ തന്റെ പുത്രനു നൽകി. ഉദാഹരണത്തിന് തന്റെ ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് യേശു സ്നാപനമേറ്റ ഉടനെ, അവനെ അംഗീകരിക്കുകയും അവനോടുള്ള സ്നേഹത്തെ സ്ഥിരീകരിക്കുകയും ചെയ്തുകൊണ്ടുള്ള പിതാവിന്റെ സ്വരം അവൻ കേട്ടു. യേശുവിനു പിന്തുണയുടെ ആവശ്യം ഉണ്ടായിരുന്നപ്പോൾ അവനെ ശക്തിപ്പെടുത്തുന്നതിന് യഹോവ ദൂതന്മാരെ അയച്ചു. ഭൗമിക ജീവിതത്തിന്റെ അവസാനത്തിൽ യേശു ഏറ്റവും വലിയ പരിശോധന നേരിട്ടപ്പോൾ യഹോവ അവന്റെ അപേക്ഷകൾക്കും യാചനകൾക്കും ചെവിചായ്ച്ചു. തീർച്ചയായും ഇതെല്ലാം യേശുവിന് ബലപ്പെടുത്തുന്ന സഹായമായി ഉതകി.—മർക്കൊസ് 1:11, 13; ലൂക്കൊസ് 22:43.
19, 20. ആവശ്യഘട്ടങ്ങളിൽ യഹോവ നമ്മെ ബലപ്പെടുത്തുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എങ്ങനെ?
19 നമ്മുടെ കാര്യത്തിലും ശക്തിയുടെ പ്രധാന ഉറവായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (2 ദിനവൃത്താന്തം 16:9) ചലനാത്മക ഊർജത്തിന്റെയും മഹാ ശക്തിയുടെയും യഥാർഥ സ്രോതസ്സായിരിക്കുന്നവന് ആവശ്യഘട്ടങ്ങളിൽ നമുക്കും ബലപ്പെടുത്തുന്ന ഒരു സഹായമായിത്തീരാൻ കഴിയും. (യെശയ്യാവു 40:26, NW) യുദ്ധം, ദാരിദ്ര്യം, രോഗം, മരണം അല്ലെങ്കിൽ നമ്മുടെ അപൂർണത ഇവയെല്ലാം നമ്മുടെമേൽ കടുത്ത സമ്മർദം വരുത്തിവെച്ചേക്കാം. ജീവിതത്തിലെ പരിശോധനകൾ ‘ബലമുള്ള ഒരു ശത്രു’വിനെ പോലെ നമ്മെ കീഴ്പെടുത്തിക്കളയുമെന്നു തോന്നുമ്പോൾ യഹോവ നമ്മുടെ ബലം ആയിത്തീരുന്നു. (സങ്കീർത്തനം 18:17; പുറപ്പാടു 15:2) നമുക്കു നൽകാൻ ശക്തമായ സഹായം അവന്റെ പക്കലുണ്ട്—അവന്റെ പരിശുദ്ധാത്മാവ്. തന്റെ ആത്മാവ് മുഖാന്തരം അവൻ “ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു.” അങ്ങനെ ആ വ്യക്തിക്ക് ‘കഴുകനെപ്പോലെ ചിറകടിച്ചു കയറാൻ സാധിക്കുന്നു.’—യെശയ്യാവു 40:29, 31.
20 പ്രപഞ്ചത്തിലെ ഏറ്റവും പ്രബലമായ ശക്തിയാണു പരിശുദ്ധാത്മാവ്. പൗലൊസ് ഇങ്ങനെ പറഞ്ഞു: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” അതേ, സ്നേഹവാനായ നമ്മുടെ സ്വർഗീയ പിതാവ് നമുക്ക് ‘സാധാരണയിൽ കവിഞ്ഞ ശക്തി’ പകർന്നുതരും. അങ്ങനെ, തൊട്ടടുത്തെത്തിയിരിക്കുന്ന വാഗ്ദത്ത പറുദീസയിൽ അവൻ ‘സകലവും പുതുതാക്കു’ന്നതുവരെ വേദനാജനകമായ പ്രശ്നങ്ങൾക്കു മധ്യേ സഹിച്ചുനിൽക്കാൻ നമുക്കു കഴിയും.—ഫിലിപ്പിയർ 4:13; 2 കൊരിന്ത്യർ 4:7, NW; വെളിപ്പാടു 21:4, 5.
[അടിക്കുറിപ്പ്]
^ ഖ. 4 ഡബ്ലിയു. ഇ. വൈനിന്റെ വൈൻസ് കംപ്ലീറ്റ് എക്സ്പോസിറ്ററി ഡിക്ഷണറി ഓഫ് ഓൾഡ് ആൻഡ് ന്യൂ ടെസ്റ്റമെന്റ് വേർഡ്സ് ഇങ്ങനെ പറയുന്നു: “[പാരെഗോറിയ എന്ന] പദത്തിന്റെ ക്രിയാരൂപം അസ്വസ്ഥത ശമിപ്പിക്കുന്ന ഔഷധങ്ങളെ സൂചിപ്പിക്കുന്നു.”
നിങ്ങൾ ഓർമിക്കുന്നുവോ?
• റോമിലെ സഹോദരന്മാർ പൗലൊസിന് ‘ബലപ്പെടുത്തുന്ന സഹായം’ ആണെന്നു തെളിഞ്ഞത് എങ്ങനെ?
• സഭയിൽ നമുക്ക് ഏതെല്ലാം വിധങ്ങളിൽ ‘ബലപ്പെടുത്തുന്ന സഹായം’ ആയിത്തീരാൻ കഴിയും?
• യഹോവ നമ്മുടെ ശക്തിയുടെ ആത്യന്തിക ഉറവ് ആയിരിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ ചിത്രം]
വിശ്വസ്ത പിന്തുണയും പ്രോത്സാഹനവും നൽകിക്കൊണ്ടും വ്യക്തിപരമായ സഹായങ്ങൾ ചെയ്തുകൊടുത്തുകൊണ്ടും സഹോദരന്മാർ പൗലൊസിന് ‘ബലപ്പെടുത്തുന്ന സഹായം’ ആണെന്നു തെളിഞ്ഞു
[21-ാം പേജിലെ ചിത്രം]
ആട്ടിൻകൂട്ടത്തെ ബലപ്പെടുത്തുന്നതിൽ മൂപ്പന്മാർ നേതൃത്വമെടുക്കുന്നു