വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വൃദ്ധജനങ്ങൾ​—⁠നമ്മുടെ ക്രിസ്‌തീയ സഹോദരവർഗത്തിലെ വിലപ്പെട്ട അംഗങ്ങൾ

വൃദ്ധജനങ്ങൾ​—⁠നമ്മുടെ ക്രിസ്‌തീയ സഹോദരവർഗത്തിലെ വിലപ്പെട്ട അംഗങ്ങൾ

വൃദ്ധജനങ്ങൾ​—⁠നമ്മുടെ ക്രിസ്‌തീയ സഹോദരവർഗത്തിലെ വിലപ്പെട്ട അംഗങ്ങൾ

“യഹോവയുടെ ആലയത്തിൽ നടുതലയായവർ . . . തഴെക്കും. വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും.”​—⁠സങ്കീർത്തനം 92:13, 14.

1. അനേകരും പ്രായം ചെന്നവരെ എങ്ങനെയാണു വീക്ഷിക്കുന്നത്‌?

പ്രായമായവർ ഉൾപ്പെടെ തന്റെ സകല വിശ്വസ്‌ത ദാസരെയും യഹോവ സ്‌നേഹിക്കുന്നു. എന്നിരുന്നാലും ഒരു കണക്കെടുപ്പു കാണിക്കുന്ന പ്രകാരം ഐക്യനാടുകളിൽ ഓരോ വർഷവും അഞ്ചു ലക്ഷത്തോളം വയോജനങ്ങൾ ദുഷ്‌പെരുമാറ്റത്തിനും അവഗണനയ്‌ക്കും വിധേയരാകുന്നു. പ്രായമായവരോടുള്ള ദുഷ്‌പെരുമാറ്റം ഒരു ആഗോള പ്രശ്‌നമാണെന്ന്‌ ലോകമെമ്പാടുനിന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. “പ്രായമായവരെക്കൊണ്ട്‌ യാതൊരുവിധ പ്രയോജനവും ഇല്ലെന്നും അവർ മറ്റുള്ളവരെ അമിതമായി ആശ്രയിച്ചുകഴിയുന്ന വ്യക്തികളാണെന്നും . . . ഉള്ള മനോഭാവം അനേകർ വെച്ചുപുലർത്തുന്നു.” ഇതാണു പ്രശ്‌നത്തിന്റെ മൂലകാരണം എന്ന്‌ ഒരു സംഘടന വിലയിരുത്തുന്നു.

2. (എ) യഹോവയാം ദൈവം തന്റെ വിശ്വസ്‌തരായ വൃദ്ധദാസരെ എങ്ങനെ വീക്ഷിക്കുന്നു? (ബി) സങ്കീർത്തനം 92:12-15-ൽ ഹൃദയോഷ്‌മളമായ ഏതു വർണന നാം കാണുന്നു?

2 യഹോവയാം ദൈവം തന്റെ വിശ്വസ്‌തരായ വൃദ്ധദാസരെ അങ്ങേയറ്റം വിലപ്പെട്ടവരായി കരുതുന്നു. നാം “അകമേ” എങ്ങനെയുള്ളവരാണ്‌, അതായത്‌ നമ്മുടെ ആത്മീയ അവസ്ഥ എങ്ങനെയുള്ളതാണ്‌ എന്നതിലാണ്‌ യഹോവ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌, അല്ലാതെ നമ്മുടെ ശാരീരിക പരിമിതികളിലല്ല. (2 കൊരിന്ത്യർ 4:16) അവന്റെ വചനമായ ബൈബിളിൽ പിൻവരുന്ന ഹൃദയോഷ്‌മളമായ ഉറപ്പ്‌ നാം കാണുന്നു: “നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും. യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും. വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും. യഹോവ നേരുള്ളവൻ . . . എന്നു കാണിക്കേണ്ടതിന്നു [“പ്രസ്‌താവിക്കേണ്ടതിന്‌,” NW] തന്നെ.” (സങ്കീർത്തനം 92:12-15) ഈ വാക്യങ്ങളുടെ ഒരു പരിചിന്തനം ക്രിസ്‌തീയ സഹോദരവർഗത്തിന്‌ ഒരു മുതൽക്കൂട്ടായിരിക്കാൻ വൃദ്ധരായ നിങ്ങൾക്കു കഴിയുന്ന വിവിധ മണ്ഡലങ്ങൾ വെളിപ്പെടുത്തും.

‘വാർധക്യത്തിലും ഫലം കായിക്കൽ’

3. (എ) നീതിമാനെ ഈന്തപ്പനയോട്‌ ഉപമിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) വയോജനങ്ങൾക്ക്‌ തങ്ങളുടെ ‘വാർധക്യത്തിൽ ഫലം കായിച്ചുകൊണ്ടിരിക്കാൻ’ കഴിയുന്നതെങ്ങനെ?

3 സങ്കീർത്തനക്കാരൻ നീതിമാന്മാരെ, ‘ദൈവത്തിന്റെ പ്രാകാരങ്ങളിൽ നട്ടിരിക്കുന്ന’ ഈന്തപ്പനകളോട്‌ ഉപമിക്കുന്നു. ‘വാർധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കുന്നു.’ ഇതു തികച്ചും പ്രോത്സാഹജനകമായ ഒരു ആശയമാണ്‌ എന്നതിനോട്‌ നിങ്ങൾ യോജിക്കുന്നില്ലേ? ഗൃഹാങ്കണങ്ങളിൽ പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന ഈന്തപ്പനകൾ ബൈബിൾ കാലങ്ങളിൽ പൗരസ്‌ത്യ നാടുകളിലെ ഒരു സാധാരണ ദൃശ്യമായിരുന്നു. ഒരു അലങ്കാര വൃക്ഷം എന്നതിനു പുറമേ സമൃദ്ധമായി ഫലം നൽകുന്ന വൃക്ഷങ്ങൾ എന്ന നിലയിലും ഈന്തപ്പനകൾ വിലമതിക്കപ്പെട്ടിരുന്നു. ചിലതു നൂറുവർഷം കഴിഞ്ഞും ഫലം കായ്‌ക്കുന്നവയാണ്‌. * സമാനമായി സത്യാരാധനയിൽ ആഴത്തിൽ നട്ടിരിക്കുന്നവരായി നിലനിൽക്കുന്നതിനാൽ നിങ്ങൾക്കും “സകല സൽപ്രവൃത്തിയിലും ഫലം കായി”ച്ചുകൊണ്ടിരിക്കാൻ സാധിക്കും.​—⁠കൊലൊസ്സ്യർ 1:10.

4, 5. (എ) ക്രിസ്‌ത്യാനികൾ ഏതു സുപ്രധാന ഫലം പുറപ്പെടുവിക്കേണ്ടതുണ്ട്‌? (ബി) “അധരഫലം” പുറപ്പെടുവിച്ച വൃദ്ധരുടെ തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ പറയുക.

4 ക്രിസ്‌ത്യാനികൾ “അധരഫലം”​—⁠ദൈവത്തെ സ്‌തുതിക്കുകയും അവന്റെ ഉദ്ദേശ്യങ്ങളെ പ്രസ്‌താവിക്കുകയും ചെയ്യുന്ന വാക്കുകൾ​—⁠പുറപ്പെടുവിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (എബ്രായർ 13:15) വാർധക്യത്തിലെത്തിയ ഒരു വ്യക്തി എന്ന നിലയിൽ ഇതു നിങ്ങൾക്കു ബാധകമാണോ? തീർച്ചയായും.

5 യഹോവയുടെ നാമത്തിനും ഉദ്ദേശ്യങ്ങൾക്കും സധൈര്യം സാക്ഷ്യം വഹിച്ച വൃദ്ധരുടെ ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്‌. യഹോവ മോശെയെ തന്റെ പ്രവാചകനും പ്രതിനിധിയുമായി നിയമിച്ചപ്പോൾത്തന്നെ അവൻ “എഴുപതു” പിന്നിട്ടിരുന്നു. (സങ്കീർത്തനം 90:10; പുറപ്പാടു 4:10-17) യഹോവയുടെ പരമാധികാരത്തെ കുറിച്ച്‌ സുധീര സാക്ഷ്യം നൽകുന്നതിന്‌ ദാനീയേൽ പ്രവാചകനു പ്രായാധിക്യം ഒരു തടസ്സമായില്ല. ചുവരിൽ പ്രത്യക്ഷപ്പെട്ട നിഗൂഢ കയ്യെഴുത്തുകൾ വ്യാഖ്യാനിക്കാൻ ബേൽശസ്സർ ആവശ്യപ്പെട്ടപ്പോൾ സാധ്യതയനുസരിച്ച്‌ ദാനീയേൽ തന്റെ തൊണ്ണൂറുകളിൽ ആയിരുന്നു. (ദാനീയേൽ അഞ്ചാം അധ്യായം) വാർധക്യത്തിലായിരുന്ന അപ്പൊസ്‌തലനായ യോഹന്നാന്റെ കാര്യമോ? തന്റെ സുദീർഘ സേവനത്തിന്റെ അവസാന ഘട്ടത്തിൽ, “ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം” ആണ്‌ അവൻ പത്മൊസ്‌ ദ്വീപിൽ തടവിലാക്കപ്പെട്ടത്‌. (വെളിപ്പാടു 1:9) തങ്ങളുടെ ജീവിത സായാഹ്നത്തിൽ “അധരഫലം” പുറപ്പെടുവിച്ച മറ്റു നിരവധി ബൈബിൾ കഥാപാത്രങ്ങൾ ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്കു കടന്നുവരുന്നുണ്ടാകും.​—⁠1 ശമൂവേൽ 8:1, 10; 12:2; 1 രാജാക്കന്മാർ 14:4, 5; ലൂക്കൊസ്‌ 1:7, 67-79; 2:22-32.

6. ഈ അന്ത്യനാളുകളിൽ പ്രവചിക്കുന്നതിന്‌ യഹോവ ‘വൃദ്ധരെ’ ഉപയോഗിച്ചിരിക്കുന്നത്‌ എങ്ങനെ?

6 എബ്രായ പ്രവാചകനായ യോവേലിനെ ഉദ്ധരിച്ചുകൊണ്ട്‌ അപ്പൊസ്‌തലനായ പത്രൊസ്‌ ഇപ്രകാരം പ്രഖ്യാപിച്ചു: ‘അന്ത്യകാലത്തു ഞാൻ സകലജഡത്തിന്മേലും [“വൃദ്ധന്മാർ” ഉൾപ്പെടെ] എന്റെ ആത്മാവിനെ പകരും; അവർ പ്രവചിക്കും എന്ന്‌ ദൈവം അരുളിച്ചെയ്യുന്നു.’ (പ്രവൃത്തികൾ 2:17, 18, 21; യോവേൽ 2:28) അതിനു ചേർച്ചയിൽ ഈ അന്ത്യകാലത്ത്‌, യഹോവ തന്റെ ഉദ്ദേശ്യങ്ങൾ ഘോഷിക്കുന്നതിനായി അഭിഷിക്ത വർഗത്തിലെയും “വേറെ ആടുക”ളിലെയും വൃദ്ധരായ അംഗങ്ങളെ ഉപയോഗിച്ചിരിക്കുന്നു. (യോഹന്നാൻ 10:16) അവരിൽ ചിലർ വിശ്വസ്‌തതയോടെ പതിറ്റാണ്ടുകളായി രാജ്യഫലം ഉത്‌പാദിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ്‌.

7. ശാരീരിക പരിമിതികൾ ഉണ്ടെങ്കിലും വൃദ്ധജനങ്ങൾ രാജ്യഫലം ഉത്‌പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ എങ്ങനെയെന്ന്‌ ദൃഷ്ടാന്തീകരിക്കുക.

7 സോന്യയുടെ കാര്യമെടുക്കുക. 1941-ൽ അവർ ഒരു മുഴുസമയ രാജ്യ ഘോഷകയായി. മാറാരോഗവുമായി മല്ലടിച്ചുകൊണ്ടിരുന്ന നീണ്ട കാലയളവിൽ പോലും അവർ തന്റെ വീട്ടിൽവെച്ച്‌ ക്രമമായി ബൈബിളധ്യയനങ്ങൾ നടത്തുമായിരുന്നു. “സുവാർത്ത പ്രസംഗിക്കുന്നത്‌ എന്റെ ജീവിതത്തിന്റെ ഭാഗമാണ്‌,” സോന്യ പറഞ്ഞു. “വാസ്‌തവത്തിൽ അതില്ലാത്ത ഒരു ജീവിതത്തെ കുറിച്ച്‌ എനിക്കു ചിന്തിക്കാനേ കഴിയില്ല, വിരമിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” കുറച്ചുകാലം മുമ്പ്‌, സോന്യയും അവരുടെ ജ്യേഷ്‌ഠത്തി ഓലിവും ബൈബിളിന്റെ പ്രത്യാശാ സന്ദേശം ഒരു മാരകരോഗത്തിന്‌ അടിമയായ ജാനറ്റുമായി പങ്കുവെച്ചു. ഡോക്ടറെ കാണാൻ കാത്തിരുന്നവരുടെ ഇടയിലാണ്‌ ജാനറ്റിനെ അവർ കണ്ടുമുട്ടിയത്‌. സോന്യയും ഓലിവും തന്റെ പുത്രിയോടു കാണിച്ച സ്‌നേഹപൂർവകമായ താത്‌പര്യത്തിൽ കത്തോലിക്ക മതഭക്തയായ ജാനറ്റിന്റെ അമ്മയ്‌ക്ക്‌ വളരെയധികം മതിപ്പു തോന്നി, അവർ ഒരു ബൈബിളധ്യയനം സ്വീകരിച്ചു. അധ്യയനം ഇപ്പോൾ നല്ല രീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. രാജ്യഫലം ഉത്‌പാദിപ്പിക്കാനുള്ള സമാനമായ അവസരങ്ങൾ നിങ്ങൾക്കും പ്രയോജനപ്പെടുത്താൻ സാധിക്കുമോ?

8. വാർധക്യത്തിലായിരുന്ന കാലേബ്‌ യഹോവയിലുള്ള തന്റെ ആശ്രയത്വം പ്രകടമാക്കിയത്‌ എങ്ങനെ, പ്രായമായ ക്രിസ്‌ത്യാനികൾക്ക്‌ അവന്റെ മാതൃക എങ്ങനെ അനുകരിക്കാനാകും?

8 വാർധക്യസഹജമായ പരിമിതികൾ ഉണ്ടായിട്ടും രാജ്യഘോഷണ വേലയിൽ സധൈര്യം സ്ഥിരപ്രയത്‌നം ചെയ്‌തു മുന്നേറുമ്പോൾ പ്രായംചെന്ന ക്രിസ്‌ത്യാനികൾ വിശ്വസ്‌ത ഇസ്രായേല്യനായ കാലേബിന്റെ കാലടികൾ പിന്തുടരുകയാണ്‌. മരുഭൂമിയിൽ കാലേബ്‌ 40 വർഷം മോശെയെ അനുഗമിച്ചു. യോർദ്ദാൻ നദി കടന്ന്‌ വാഗ്‌ദത്ത ദേശത്തു പ്രവേശിച്ചപ്പോൾ അവന്‌ 79 വയസ്സായിരുന്നു. ജൈത്രയാത്ര നടത്തിയ ഇസ്രായേൽ സൈന്യത്തിലെ ഒരംഗമായി ആറു വർഷം സേവിച്ച ശേഷം, കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങളിൽ ചാരിതാർഥ്യംപൂണ്ട്‌ അവനു വേണമെങ്കിൽ വെറുതെ ഇരിക്കാമായിരുന്നു. എന്നാൽ അതിനുപകരം അവൻ, അതികായരായ അനാക്യർ വസിച്ചിരുന്ന യഹൂദാ മലനാട്ടിലെ ‘വലിപ്പവും ഉറപ്പും ഉള്ള പട്ടണങ്ങൾ’ വെട്ടിപ്പിടിക്കാനുള്ള വെല്ലുവിളി നിറഞ്ഞ നിയോഗം ധീരതയോടെ ചോദിച്ചുവാങ്ങി. യഹോവയുടെ സഹായത്താൽ കാലേബ്‌, ‘യഹോവ അരുളിച്ചെയ്‌തതുപോലെ അവരെ ഓടിച്ചുകളയുകതന്നെ’ ചെയ്‌തു. (യോശുവ 14:9-14; 15:13, 14) വാർധക്യത്തിലും നിങ്ങൾ രാജ്യഫലം ഉത്‌പാദിപ്പിക്കുന്നതിൽ തുടരവേ, യഹോവ കാലേബിനോടൊപ്പം ഉണ്ടായിരുന്നതുപോലെ നിങ്ങളോടൊപ്പവും ഉണ്ട്‌ എന്ന്‌ ഉറപ്പുള്ളവരായിരിക്കുക. മാത്രമല്ല, നിങ്ങൾ വിശ്വസ്‌തരായി നിലനിൽക്കുന്നെങ്കിൽ താൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ഭൂമിയിൽ ഒരിടം തന്നുകൊണ്ട്‌ അവൻ നിങ്ങളെ അനുഗ്രഹിക്കും.​—⁠യെശയ്യാവു 40:29-31; 2 പത്രൊസ്‌ 3:13.

“അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും”

9, 10. പ്രായമായ ക്രിസ്‌ത്യാനികൾ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി നിലനിൽക്കുന്നതും തങ്ങളുടെ ആത്മീയ ഓജസ്സു കാത്തു സൂക്ഷിക്കുന്നതും എങ്ങനെയാണ്‌? (13-ാം പേജിലെ ചതുരം കാണുക.)

9 യഹോവയുടെ വൃദ്ധദാസരുടെ ഫലപ്രാപ്‌തിയിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട്‌ സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും. വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.”​—⁠സങ്കീർത്തനം 92:12, 14.

10 പ്രായാധിക്യത്തിലും നിങ്ങൾക്ക്‌ എങ്ങനെ ആത്മീയ ഓജസ്സ്‌ നിലനിറുത്താനാവും? ഈന്തപ്പനയുടെ നിത്യഹരിത മനോഹാരിതയ്‌ക്കു നിദാനം കലർപ്പില്ലാത്ത ജലത്തിന്റെ വറ്റാത്ത ഉറവുകളാണ്‌. സമാനമായി, ദൈവവചനം വ്യക്തിപരമായി പഠിച്ചുകൊണ്ടും ദൈവത്തിന്റെ സംഘടനയോടു സഹവസിച്ചുകൊണ്ടും ബൈബിൾ സത്യങ്ങളുടെ ഉറവയിൽനിന്ന്‌ നിങ്ങൾക്കും പരിപോഷണം നേടാൻ കഴിയും. (സങ്കീർത്തനം 1:1-3; യിരെമ്യാവു 17:7, 8) നിങ്ങളുടെ ആത്മീയ ഊർജസ്വലത നിങ്ങളെ സഹവിശ്വാസികൾക്ക്‌ ഒരു വലിയ മുതൽക്കൂട്ടാക്കുന്നു. വാർധക്യംചെന്ന മഹാപുരോഹിതനായിരുന്ന യെഹോയാദായുടെ കാര്യത്തിൽ ഇത്‌ എങ്ങനെ സത്യമായിരുന്നു എന്ന്‌ പരിചിന്തിക്കുക.

11, 12. (എ) യഹൂദാ രാജ്യത്തിന്റെ ചരിത്രത്തിൽ യെഹോയാദാ ഏതു നിർണായക പങ്കു വഹിച്ചു? (ബി) യെഹോയാദാ തന്റെ സ്വാധീനം സത്യാരാധനയെ ഉന്നമിപ്പിക്കുന്നതിനായി ഉപയോഗിച്ചത്‌ എങ്ങനെ?

11 അധികാരമോഹിയായ അഥല്യാ രാജ്ഞി സ്വന്തം കൊച്ചുമക്കളെ കൊന്നുകളഞ്ഞുകൊണ്ട്‌ യഹൂദായുടെ നിയന്ത്രണം പിടിച്ചടക്കിയപ്പോൾ യെഹോയാദായ്‌ക്ക്‌ സാധ്യതയനുസരിച്ച്‌ നൂറിനുമേൽ പ്രായമുണ്ടായിരുന്നു. വയോധികനായ യെഹോയാദായ്‌ക്ക്‌ എന്തു ചെയ്യാൻ കഴിയുമായിരുന്നു? അതിജീവിച്ച ഏക രാജ്യാവകാശിയായ യോവാശിനെ [യെഹോവാശ്‌] ആറു വർഷത്തേക്ക്‌ അവനും ഭാര്യയും ആലയത്തിൽ ഒളിപ്പിച്ചു. തുടർന്ന്‌ ഒരു നാടകീയ നീക്കത്തിലൂടെ യെഹോയാദാ ഏഴുവയസ്സുകാരൻ യോവാശിനെ രാജാവായി പ്രഖ്യാപിക്കുകയും അഥല്യായെ വധിക്കാൻ ഏർപ്പാടാക്കുകയും ചെയ്‌തു.​—⁠2 ദിനവൃത്താന്തം 22:10-12; 23:1-3, 15, 21.

12 രാജാവിന്റെ രക്ഷാധികാരി എന്ന നിലയിലുള്ള തന്റെ സ്വാധീനം സത്യാരാധനയെ ഉന്നമിപ്പിക്കാനായി യെഹോയാദാ ഉപയോഗിച്ചു. ‘തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്ന്‌ [അവൻ] സർവ്വജനവുമായും രാജാവുമായും ഒരു നിയമം ചെയ്‌തു.’ യെഹോയാദായുടെ കൽപ്പനപ്രകാരം ജനം വ്യാജ ദേവനായ ബാലിന്റെ ക്ഷേത്രം ഇടിച്ച്‌ അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും പുരോഹിതന്മാരെയും നീക്കിക്കളഞ്ഞു. യോവാശ്‌ ആലയ ശുശ്രൂഷകൾ പുനഃസ്ഥാപിച്ചതും ആലയത്തിന്റെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന അറ്റകുറ്റപ്പണികൾ തീർത്തതും യെഹോയാദായുടെ മാർഗനിർദേശത്തിൻ കീഴിലായിരുന്നു. “യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവൻ യഹോവെക്കു ഇഷ്ടമായുള്ളതു ചെയ്‌തു.” (2 ദിനവൃത്താന്തം 23:11, 16-19; 24:11-14; 2 രാജാക്കന്മാർ 12:2) 130-ാം വയസ്സിൽ യെഹോയാദാ മരിച്ചപ്പോൾ, “അവൻ യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്‌തി”രുന്നതുകൊണ്ട്‌ രാജാക്കന്മാരോടൊപ്പം അടക്കപ്പെടാനുള്ള അനന്യസാധാരണമായ ബഹുമതി അവനു നൽകപ്പെട്ടു.​—⁠2 ദിനവൃത്താന്തം 24:15, 16.

13. പ്രായമായ ക്രിസ്‌ത്യാനികൾക്ക്‌ എങ്ങനെ ‘[സത്യ]ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്യാൻ’ കഴിയും?

13 ഒരുപക്ഷേ അനാരോഗ്യമോ മറ്റു സാഹചര്യങ്ങളോ നിമിത്തം സത്യാരാധനയുടെ ഉന്നമനത്തിനായി നിങ്ങൾക്ക്‌ ഏറെയൊന്നും ചെയ്യാനാകുന്നില്ലായിരിക്കാം. അങ്ങനെയാണെങ്കിൽപ്പോലും, ‘[സത്യ]ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്യാൻ’ നിങ്ങൾക്കു സാധിക്കും. സഭായോഗങ്ങളിൽ സന്നിഹിതരായിരുന്നുകൊണ്ടും അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും സാധ്യമായിരിക്കുമ്പോഴെല്ലാം വയൽശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ടും യഹോവയുടെ ആത്മീയ ആലയത്തോടുള്ള തീക്ഷ്‌ണത നിങ്ങൾക്കു പ്രകടിപ്പിക്കാൻ കഴിയും. ബൈബിൾ ബുദ്ധിയുപദേശം സത്വരം സ്വീകരിക്കാനുള്ള നിങ്ങളുടെ മനസ്സൊരുക്കവും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യ്‌ക്കും സഭയ്‌ക്കും നിങ്ങൾ നൽകുന്ന വിശ്വസ്‌ത പിന്തുണയും ക്രിസ്‌തീയ സഹോദരവർഗത്തിന്മേൽ ബലപ്പെടുത്തുന്ന ഒരു പ്രഭാവം ചെലുത്തും. (മത്തായി 24:45-47, NW) “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും” ഉള്ള സഹാരാധകരുടെ ഉത്സാഹം വർധിപ്പിക്കാനും നിങ്ങൾക്കാകും. (എബ്രായർ 10:24, 25; ഫിലേമോൻ 8, 9) അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ നിങ്ങൾ മറ്റുള്ളവർക്ക്‌ ഒരു അനുഗ്രഹമായിരിക്കും: ‘വൃദ്ധന്മാർ നിർമ്മദവും ഗൗരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്‌നേഹത്തിലും സഹിഷ്‌ണുതയിലും ആരോഗ്യമുള്ളവരും [“ഊർജസ്വലരും,” ഒരു അമേരിക്കൻ ഭാഷാന്തരം] ആയിരിക്കേണം. വൃദ്ധമാരും അങ്ങനെ തന്നേ നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന്നു അടിമപ്പെടാത്തവരും നന്മ ഉപദേശിക്കുന്നവരും ആയിരിക്കേണം.’​—⁠തീത്തൊസ്‌ 2:2-5.

14. ദീർഘകാലം ക്രിസ്‌തീയ മേൽവിചാരകന്മാർ ആയിരുന്നിട്ടുള്ളവർക്ക്‌ സത്യാരാധനയെ ഉന്നമിപ്പിക്കാൻ എന്തു ചെയ്യാൻ കഴിയും?

14 നിങ്ങൾ അനേക വർഷം ഒരു സഭാമൂപ്പനായി സേവിച്ചിരിക്കുന്നുവോ? സഭാമൂപ്പനായി ദീർഘകാലം സേവിച്ചിട്ടുള്ള ഒരു സഹോദരൻ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “വർഷങ്ങളിലൂടെ നിങ്ങൾ ആർജിച്ച ജ്ഞാനം നിസ്സ്വാർഥം ഉപയോഗിക്കുക. ഉത്തരവാദിത്വങ്ങൾ മറ്റുള്ളവർക്കു വിഭജിച്ചു നൽകുകയും ശ്രദ്ധിക്കാൻ മനസ്സൊരുക്കമുള്ളവരുമായി നിങ്ങളുടെ അനുഭവം പങ്കുവെക്കുകയും ചെയ്യുക . . . മറ്റുള്ളവരുടെ പ്രാപ്‌തികൾ തിരിച്ചറിയുക. അതു വികസിപ്പിക്കുകയും ഊട്ടിവളർത്തുകയും ചെയ്യുക. ഭാവിയിലേക്കായി അവരെ ഒരുക്കുക.” (ആവർത്തനപുസ്‌തകം 3:27, 28) അനുസ്യൂതം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യവേലയിൽ നിങ്ങൾക്കുള്ള യഥാർഥ താത്‌പര്യം നമ്മുടെ ക്രിസ്‌തീയ സഹോദരവർഗത്തിലെ മറ്റ്‌ അംഗങ്ങൾക്ക്‌ നിരവധി അനുഗ്രഹങ്ങൾ കൈവരുത്തും.

‘യഹോവ നേരുള്ളവൻ എന്നു പ്രസ്‌താവിക്കുക’

15. പ്രായംചെന്ന ക്രിസ്‌ത്യാനികൾ ‘യഹോവ നേരുള്ളവൻ എന്നു പ്രസ്‌താവിക്കുന്നത്‌’ എങ്ങനെ?

15 ‘യഹോവ നേരുള്ളവൻ എന്നു പ്രസ്‌താവിക്കാനുള്ള’ തങ്ങളുടെ ഉത്തരവാദിത്വം വൃദ്ധരായ ദൈവദാസർ സസന്തോഷം നിറവേറ്റുന്നു. നിങ്ങൾ പ്രായംചെന്ന ഒരു ക്രിസ്‌ത്യാനിയാണെങ്കിൽ, ‘യഹോവ നിങ്ങളുടെ പാറ, അവനിൽ നീതികേടില്ല’ എന്ന്‌ വാക്കിനാലും പ്രവൃത്തിയാലും നിങ്ങൾക്കു തെളിയിക്കാൻ കഴിയും. (സങ്കീർത്തനം 92:15) ഈന്തപ്പന അതിന്റെ സ്രഷ്ടാവിന്റെ അത്യുത്‌കൃഷ്ട ഗുണങ്ങൾക്ക്‌ നിശ്ശബ്ദസാക്ഷ്യം വഹിക്കുന്നു. എന്നാൽ ഇന്നു സത്യാരാധകർ ആയിത്തീരുന്നവരോട്‌ യഹോവയെ കുറിച്ചു സാക്ഷ്യം പറയാനുള്ള പദവി അവൻ നിങ്ങൾക്കു നൽകിയിരിക്കുന്നു. (ആവർത്തനപുസ്‌തകം 32:7; സങ്കീർത്തനം 71:17, 18; യോവേൽ 1:2, 3) ഇതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

16. ‘യഹോവ നേരുള്ളവനാണ്‌ എന്നു പ്രസ്‌താവിക്കേണ്ടതിന്റെ’ പ്രാധാന്യം ഏതു ബൈബിൾ ദൃഷ്ടാന്തം വ്യക്തമാക്കുന്നു?

16 ഇസ്രായേലിന്റെ നായകൻ ആയിരുന്ന യോശുവ “വയസ്സുചെന്നു വൃദ്ധൻ ആയശേഷം,” അവൻ “എല്ലായിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ച്‌” ദൈവത്തിന്റെ നേരുള്ള ഇടപെടലുകളെ കുറിച്ച്‌ അവരെ ഓർമിപ്പിച്ചു. അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്‌തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ല. സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ല.’ (യോശുവ 23:1, 2, 14) വിശ്വസ്‌തരായി നിലനിൽക്കാനുള്ള ജനത്തിന്റെ ദൃഢനിശ്ചയത്തിന്‌ ഈ വാക്കുകൾ കുറെക്കാലത്തേക്കു ശക്തി പകർന്നു. എന്നാൽ യോശുവയുടെ മരണശേഷം, “യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്‌തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി. . . . യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌തു ബാൽവിഗ്രഹങ്ങളെ സേവിച്ചു.”​—⁠ന്യായാധിപന്മാർ 2:8-11.

17. ആധുനിക നാളിൽ യഹോവ തന്റെ ജനത്തോട്‌ എങ്ങനെ ഇടപെട്ടിരിക്കുന്നു?

17 ഇന്നത്തെ ക്രിസ്‌തീയ സഭയുടെ ദൃഢവിശ്വസ്‌തത പ്രായമേറിയ ദൈവദാസരുടെ സാക്ഷ്യവചനങ്ങളെ ആശ്രയിച്ചിരിക്കുന്നില്ല. എങ്കിലും, യഹോവ ഈ അന്ത്യനാളുകളിൽ തന്റെ ജനത്തിനായി ചെയ്‌തിരിക്കുന്ന ‘മഹാപ്രവൃത്തികളെ’ കുറിച്ചുള്ള ദൃക്‌സാക്ഷി വിവരണങ്ങൾ കേൾക്കുന്നത്‌ അവനിലും അവന്റെ വാഗ്‌ദാനങ്ങളിലുമുള്ള നമ്മുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു. (ന്യായാധിപന്മാർ 2:7; 2 പത്രൊസ്‌ 1:16-19) വർഷങ്ങളായി യഹോവയുടെ സംഘടനയുമായി സഹവസിച്ചിട്ടുള്ള ഒരാളാണ്‌ നിങ്ങളെങ്കിൽ, നിങ്ങളുടെ പ്രദേശത്തോ രാജ്യത്തോ ഏതാനും രാജ്യഘോഷകർ മാത്രമുണ്ടായിരുന്ന കാലത്തെ കുറിച്ച്‌, അല്ലെങ്കിൽ പ്രസംഗവേലയ്‌ക്ക്‌ രൂക്ഷമായ എതിർപ്പു നേരിട്ടിരുന്നതിനെ കുറിച്ച്‌ നിങ്ങൾക്ക്‌ ഓർക്കാൻ കഴിയുന്നുണ്ടാകും. കാലാന്തരത്തിൽ, യഹോവ പല പ്രതിബന്ധങ്ങളെയും നീക്കം ചെയ്‌ത്‌ രാജ്യവേലയുടെ വളർച്ച “ശീഘ്ര”മാക്കിയതു നിങ്ങൾ കണ്ടിരിക്കുന്നു. (യെശയ്യാവു 54:17; 60:22) ബൈബിൾ സത്യങ്ങളുടെ മെച്ചപ്പെട്ട ഗ്രാഹ്യം ലഭ്യമായത്‌ നിങ്ങൾ കണ്ടിരിക്കുന്നു; ദൈവത്തിന്റെ സംഘടനയുടെ ദൃശ്യഭാഗം ക്രമാനുഗതമായി സ്‌ഫുടം ചെയ്യപ്പെട്ടതിനും നിങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു. (സദൃശവാക്യങ്ങൾ 4:18; യെശയ്യാവു 60:17) യഹോവയുടെ നേരായ ഇടപെടലുകളോടുള്ള ബന്ധത്തിൽ നിങ്ങൾക്കുണ്ടായിട്ടുള്ള അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ട്‌ അവരെ കെട്ടുപണിചെയ്യാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? ഇത്‌ ക്രിസ്‌തീയ സഹോദരവർഗത്തിന്‌ എത്ര പ്രോത്സാഹനവും ശക്തിയും പകരുമെന്ന്‌ ചിന്തിക്കുക!

18. (എ) ‘യഹോവ നേരുള്ളവനാണ്‌ എന്ന്‌ മറ്റുള്ളവരോടു പ്രസ്‌താവിക്കുന്നതിന്റെ’ ദീർഘകാല ഫലം ദൃഷ്ടാന്തീകരിക്കുക. (ബി) യഹോവ നേരുള്ളവനാണ്‌ എന്ന്‌ നിങ്ങൾക്കു വ്യക്തിപരമായി അനുഭവവേദ്യമായിരിക്കുന്നത്‌ എങ്ങനെ?

18 നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ യഹോവയുടെ സ്‌നേഹപൂർവമായ കരുതലും വഴിനടത്തിപ്പും അനുഭവവേദ്യമായിട്ടുള്ള സന്ദർഭങ്ങളെ കുറിച്ച്‌ എന്തു പറയാൻ കഴിയും? (സങ്കീർത്തനം 37:25; മത്തായി 6:33; 1 പത്രൊസ്‌ 5:7) “എന്തുതന്നെ സംഭവിച്ചാലും ഒരിക്കലും യഹോവയെ ഉപേക്ഷിക്കരുത്‌, അവൻ നിങ്ങളെ പുലർത്തും” എന്നു പറഞ്ഞുകൊണ്ട്‌ മാർത്ത എന്നു പേരുള്ള ഒരു വൃദ്ധ സഹോദരി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമായിരുന്നു. മാർത്തയുടെ ബൈബിൾ വിദ്യാർഥികളിൽ ഒരാളായിരുന്ന, 1960-കളുടെ ആദ്യം സ്‌നാപനമേറ്റ റ്റോൾമിനയെ ഈ ബുദ്ധിയുപദേശം ശക്തമായി സ്വാധീനിച്ചു. “എന്റെ ഭർത്താവു മരിച്ചപ്പോൾ എനിക്കു വല്ലാത്ത നിരുത്സാഹം തോന്നി. എന്നാൽ ഒരൊറ്റ സഭായോഗം പോലും മുടക്കില്ലെന്ന ഉറച്ച തീരുമാനം കൈക്കൊള്ളാൻ ആ വാക്കുകൾ എന്നെ സഹായിച്ചു. പിടിച്ചുനിൽക്കാനുള്ള കരുത്തു നൽകി യഹോവ എന്നെ താങ്ങി.” റ്റോൾമിനയും തന്റെ ബൈബിൾ വിദ്യാർഥികളിൽ പലർക്കും ഇന്നോളം അതേ ബുദ്ധിയുപദേശംതന്നെ നൽകിയിരിക്കുന്നു. അതേ, പ്രോത്സാഹനം നൽകിക്കൊണ്ടും യഹോവയുടെ നേരായ ഇടപെടലുകളെ കുറിച്ച്‌ സംസാരിച്ചുകൊണ്ടും സഹവിശ്വാസികളുടെ വിശ്വാസത്തെ നിങ്ങൾക്കു കെട്ടുപണി ചെയ്യാൻ കഴിയും.

പ്രായമായ വിശ്വസ്‌ത ദാസരെ യഹോവ അങ്ങേയറ്റം വിലമതിക്കുന്നു

19, 20. (എ) തന്റെ പ്രായംചെന്ന ദാസരുടെ പ്രവർത്തനങ്ങളെ യഹോവ എങ്ങനെ വീക്ഷിക്കുന്നു? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും.

19 നന്ദികേട്‌ മുഖമുദ്രയായുള്ള ഇന്നത്തെ ലോകത്തിന്‌ വൃദ്ധജനങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ സമയം തീരെയില്ല. (2 തിമൊഥെയൊസ്‌ 3:1, 2) പ്രായമായവർ മിക്കപ്പോഴും അവരുടെ മുൻകാല നേട്ടങ്ങൾ നിമിത്തമാണ്‌ സ്‌മരിക്കപ്പെടുന്നത്‌, അവർ ഇപ്പോൾ ആരാണ്‌ എന്നതിന്റെ പേരിലല്ല പിന്നെയോ ആരായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ. എന്നാൽ അതിൽനിന്നു വ്യത്യസ്‌തമായി, ബൈബിൾ ഇപ്രകാരം പറയുന്നു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” (എബ്രായർ 6:10) നിങ്ങളുടെ വിശ്വസ്‌ത സേവനത്തിന്റെ മുൻകാല രേഖ യഹോവ തീർച്ചയായും ഓർക്കുന്നുണ്ട്‌. നിങ്ങളാൽ ആവോളം തുടർന്നു ശുശ്രൂഷിക്കുന്നതിനാലും യഹോവ നിങ്ങളെ വിലമതിക്കുന്നു. അതേ, വിശ്വസ്‌തരായ വൃദ്ധജനങ്ങളെ അവൻ ഫലപ്രാപ്‌തിയുള്ളവരും ആത്മീയമായി ആരോഗ്യമുള്ളവരും ഊർജസ്വലരുമായ ക്രിസ്‌ത്യാനികൾ എന്ന നിലയിൽ തന്റെ ശക്തിയുടെ ജീവിക്കുന്ന സാക്ഷ്യങ്ങളായി വീക്ഷിക്കുന്നു.​—⁠ഫിലിപ്പിയർ 4:13.

20 നമ്മുടെ ക്രിസ്‌തീയ സഹോദരവർഗത്തിലെ പ്രായമായ അംഗങ്ങളെ യഹോവ വീക്ഷിക്കുന്നതുപോലെയാണോ നിങ്ങൾ വീക്ഷിക്കുന്നത്‌? ആണെങ്കിൽ അവരോടു സ്‌നേഹം കാണിക്കാൻ നിങ്ങൾ പ്രേരിതരായിത്തീരും. (1 യോഹന്നാൻ 3:18) അവരുടെ ആവശ്യങ്ങൾക്കായി കരുതവേ അത്തരം സ്‌നേഹം പ്രകടമാക്കാൻ സാധിക്കുന്ന ചില പ്രായോഗിക വിധങ്ങൾ നാം അടുത്ത ലേഖനത്തിൽ പരിചിന്തിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 3 ഓരോ പനങ്കുലയിലും ആയിരം ഈന്തപ്പഴങ്ങൾവരെ കണ്ടേക്കാം. എട്ടു കിലോഗ്രാമോ അതിലധികമോ തൂക്കമുള്ള പനങ്കുലകൾ ഉണ്ട്‌. “കായ്‌ക്കുന്ന ഓരോ ഈന്തപ്പനയും അതിന്റെ ആയുഷ്‌കാലത്ത്‌ രണ്ടോ മൂന്നോ ടൺ ഈന്തപ്പഴംവരെ ഉടമസ്ഥനു സമ്മാനിച്ചിരിക്കും” എന്ന്‌ ഒരു എഴുത്തുകാരൻ കണക്കാക്കുന്നു.

നിങ്ങളുടെ ഉത്തരമെന്ത്‌?

• വൃദ്ധജനങ്ങൾ “ഫലം കായിച്ചുകൊണ്ടിരിക്കു”ന്നത്‌ എങ്ങനെ?

• പ്രായമായവരുടെ ആത്മീയ ഊർജസ്വലത ഒരു മുതൽക്കൂട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• പ്രായംചെന്ന ക്രിസ്‌ത്യാനികൾക്ക്‌, ‘യഹോവ നേരുള്ളവൻ എന്നു പ്രസ്‌താവിക്കാൻ’ കഴിയുന്നത്‌ എങ്ങനെ?

• യഹോവ തന്റെ ദീർഘകാല ദാസരെ അങ്ങേയറ്റം വിലപ്പെട്ടവരായി കരുതുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചതുരം]

അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി നിലനിന്നിരിക്കുന്ന വിധം

വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി നിലനിൽക്കുന്നതിനും തങ്ങളുടെ ആത്മീയ ഓജസ്സു കാത്തു സൂക്ഷിക്കുന്നതിനും പ്രായംചെന്ന ചില ക്രിസ്‌ത്യാനികളെ സഹായിച്ചിരിക്കുന്നത്‌ എന്താണ്‌? ഇതാ ചിലരുടെ ഉത്തരം:

“യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ കേന്ദ്രീകരിച്ചുള്ള തിരുവെഴുത്തുകൾ വായിക്കുന്നതു വളരെ പ്രധാനമാണ്‌. മിക്ക രാത്രികളിലും 23, 91 സങ്കീർത്തനങ്ങൾ ഞാൻ ഓർമയിൽനിന്നു പറയാറുണ്ട്‌.”​—⁠1930-ൽ സ്‌നാപനമേറ്റ ഓലിവ്‌.

“ഓരോ സ്‌നാപന പ്രസംഗത്തിനും ഹാജരായിരിക്കാനും, അത്‌ എന്റെ സ്‌നാപനമായിരുന്നാൽ എന്നവണ്ണം സൂക്ഷ്‌മ ശ്രദ്ധ നൽകാനും ഞാൻ പ്രത്യേക ശ്രമം ചെയ്യുന്നു. എന്റെ സമർപ്പണത്തെ വ്യക്തമായി മനസ്സിൽ നിറുത്തുന്നത്‌ വിശ്വസ്‌തനായി നിലനിൽക്കുന്നതിൽ ഒരു സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌.”​—⁠1946-ൽ സ്‌നാപനമേറ്റ ഹാരി.

“യഹോവയുടെ സഹായത്തിനും സംരക്ഷണത്തിനും അനുഗ്രഹത്തിനുമായി എല്ലായ്‌പോഴും യാചിക്കുകയും നമ്മുടെ ‘എല്ലാവഴികളിലും അവനെ നിനെക്കുകയും’ ചെയ്‌തുകൊണ്ട്‌ ദിവസേന പ്രാർഥിക്കുന്നത്‌ അത്യന്താപേക്ഷിതമാണ്‌.” (സദൃശവാക്യങ്ങൾ 3:5, 6)​—⁠1951-ൽ സ്‌നാപനമേറ്റ ആന്റോണ്യൂ.

“അനേക വർഷങ്ങളായി യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നവരുടെ അനുഭവങ്ങൾ കേൾക്കുന്നത്‌ അവനോടു വിശ്വസ്‌തത പാലിക്കാനുള്ള എന്റെ ദൃഢനിശ്ചയത്തെ അരക്കിട്ടുറപ്പിക്കുന്നു.”​—⁠1954-ൽ സ്‌നാപനമേറ്റ ജോൻ.

“നമ്മെക്കുറിച്ചുതന്നെ അമിതമായി ചിന്തിക്കാതിരിക്കുന്നത്‌ പ്രധാനമാണ്‌. നമുക്കുള്ളതെല്ലാം യഹോവയുടെ അനർഹദയ നിമിത്തം ലഭിച്ചിരിക്കുന്നതാണ്‌. ഈ കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കുന്നത്‌ അന്ത്യത്തോളം സഹിച്ചുനിൽക്കാൻ ആവശ്യമായ ആത്മീയ പോഷണത്തിനായി ശരിയായ ദിശയിൽ നോക്കുന്നതിന്‌ നമ്മെ സഹായിക്കുന്നു.”​—⁠1954-ൽ സ്‌നാപനമേറ്റ ആർലിൻ.

[11-ാം പേജിലെ ചിത്രം]

വൃദ്ധജനങ്ങൾ മൂല്യവത്തായ രാജ്യഫലം ഉത്‌പാദിപ്പിക്കുന്നു

[14-ാം പേജിലെ ചിത്രം]

വയോജനങ്ങളുടെ ആത്മീയ ഊർജസ്വലത ഒരു മുതൽക്കൂട്ടാണ്‌