വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യഹോവയുടെ ഒരു വിശ്വസ്‌ത ദാസനായ ദാവീദ്, 1 ശമൂവേൽ 19:12, 13-ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഒരു കുലദേവബിംബം അഥവാ വിഗ്രഹം വെച്ചുകൊണ്ടിരിക്കാൻ തന്റെ ഭാര്യ മീഖളിനെ അനുവദിച്ചത് എന്തുകൊണ്ട്?
ആദ്യംതന്നെ നമുക്ക് അതിന്റെ പശ്ചാത്തലം പരിശോധിക്കാം. ദാവീദിനെ കൊല്ലാനുള്ള ശൗൽ രാജാവിന്റെ ഗൂഢാലോചനയെ കുറിച്ച് ദാവീദിന്റെ ഭാര്യയ്‌ക്കു വിവരം ലഭിച്ചപ്പോൾ അവൾ സത്വരം നടപടി കൈക്കൊണ്ടു. ബൈബിൾ ഇങ്ങനെ പറയുന്നു: “മീഖൾ ദാവീദിനെ കിളിവാതിലിൽകൂടി ഇറക്കിവിട്ടു; അവൻ ഓടിപ്പോയി രക്ഷപ്പെട്ടു. മീഖൾ ഒരു ബിംബം [“കുലദേവബിംബം,” NW] [സാധ്യതയനുസരിച്ച് അതിന് ഒരു പുരുഷന്റെ രൂപവും വലുപ്പവും ഉണ്ടായിരുന്നു] എടുത്തു കട്ടിലിന്മേൽ കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്‌ത്രംകൊണ്ടു പുതപ്പിച്ചു.” ദാവീദിനെ പിടിക്കാൻ ശൗലിന്റെ ദൂതന്മാർ എത്തിയപ്പോൾ “അവൻ ദീനമായി കിടക്കുന്നു” എന്ന് മീഖൾ അവരോടു പറഞ്ഞു. ഈ തന്ത്രം ഫലിച്ചതിനാൽ ദാവീദിനു രക്ഷപ്പെടാൻ ആവശ്യമായ സമയം ലഭിച്ചു.—1 ശമൂവേൽ 19:11-16.
പുരാതന നാളുകളിൽ കുലദേവബിംബങ്ങൾ മതപരമായ ഉപയോഗത്തിനായി മാത്രമല്ല നിയമപരമായ ഉദ്ദേശ്യങ്ങൾക്കായും കൈവശം വെക്കുമായിരുന്നു എന്ന് പുരാവസ്‌തുഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു. സ്വത്തവകാശം നിർണയിക്കുന്ന ഇന്നത്തെ ആധാരങ്ങളും ലിഖിത കരാറുകളും പോലെതന്നെ ആയിരുന്നു പുരാതന നാളുകളിൽ ഇത്തരം ബിംബങ്ങൾ. തെളിവനുസരിച്ച്, ഈ ബിംബങ്ങൾ കൈവശംവെക്കുകവഴി ചില സാഹചര്യങ്ങളിൽ ഒരു വ്യക്തിക്ക് മൃതിയടഞ്ഞ തന്റെ അമ്മായിയപ്പന്റെ സ്വത്ത് അവകാശപ്പെടാൻ കഴിയുമായിരുന്നു. മുമ്പൊരിക്കൽ റാഹേൽ തന്റെ പിതാവിന്റെ ഗൃഹബിംബങ്ങളെ എടുത്തുകൊണ്ടുപോയതും അതു വീണ്ടെടുക്കാൻ അവളുടെ പിതാവ് ഉത്സാഹം കാണിച്ചതും എന്തുകൊണ്ടാണെന്ന് ഇതിൽനിന്നു മനസ്സിലാക്കാവുന്നതാണ്. ആ സന്ദർഭത്തിൽ, റാഹേലിന്റെ ഭർത്താവായ യാക്കോബിന് തന്റെ ഭാര്യ ചെയ്‌തതിനെപ്പറ്റി അറിയില്ലായിരുന്നു.—ഉല്‌പത്തി 31:14-34.
ഇസ്രായേല്യർ ഒരു രാഷ്‌ട്രമായിത്തീർന്നപ്പോൾ അവർക്കു ലഭിച്ച പത്തു കൽപ്പനകളിൽ രണ്ടാമത്തേത് വിഗ്രഹം ഉണ്ടാക്കുന്നതിനെ വ്യക്തമായി വിലക്കുന്നു. (പുറപ്പാടു 20:4, 5) പിന്നീട്, ശൗൽ രാജാവിനോടു സംസാരിക്കുമ്പോൾ ശമൂവേൽ പ്രവാചകൻ ഈ നിയമം പരോക്ഷമായി പരാമർശിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും [“കുലദേവബിംബം ഉപയോഗിക്കുന്നതു,” NW] പോലെയും ആകുന്നു.” (1 ശമൂവേൽ 15:23) ഇക്കാരണത്താൽ ഇസ്രായേലിൽ സ്വത്തവകാശത്തോടു ബന്ധപ്പെട്ട ഉദ്ദേശ്യങ്ങൾക്കായി കുലദേവബിംബം ഉപയോഗിച്ചിരിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും, യഹൂദ അന്ധവിശ്വാസത്തിന്റെ ഈ പ്രാചീന രൂപം ചില ഇസ്രായേല്യ കുടുംബങ്ങളിൽ തുടർന്നുപോന്നിരുന്നതായി കാണപ്പെടുന്നു. (ന്യായാധിപന്മാർ 17:5, 6; 2 രാജാക്കന്മാർ 23:24) മീഖൾ തന്റെ വസ്‌തുവകകളോടൊപ്പം ഒരു ബിംബവും സൂക്ഷിച്ചിരുന്നുവെന്നത് അവളുടെ ഹൃദയം യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല എന്നു സൂചിപ്പിക്കുന്നു. ഒന്നുകിൽ ദാവീദിന് ഈ കുലദേവബിംബത്തെ കുറിച്ച് അറിയില്ലായിരുന്നു, അല്ലെങ്കിൽ മീഖൾ ശൗലിന്റെ പുത്രി ആയിരുന്നതുകൊണ്ട് ഇഷ്ടമില്ലെങ്കിലും അവൻ അത് അനുവദിക്കുകയായിരുന്നു.
യഹോവയോടുള്ള അനന്യഭക്തി സംബന്ധിച്ച ദാവീദിന്റെ വീക്ഷണം പിൻവരുന്ന വാക്കുകളിൽ പ്രകടമാണ്: “യഹോവ വലിയവനും അത്യന്തം സ്‌തുത്യനും സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ. ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവൻ.”—1 ദിനവൃത്താന്തം 16:25, 26.
[29-ാം പേജിലെ ചിത്രം]
ഇവിടെ കാണിച്ചിരിക്കുന്നതുപോലുള്ള കുലദേവബിംബങ്ങൾ നിർമിക്കുന്നതിനെ പത്തു കൽപ്പനകളിൽ രണ്ടാമത്തേത് വിലക്കിയിരുന്നു
[കടപ്പാട്]
ഇംഗ്ലീഷിലുള്ള വിശുദ്ധ ദേശം, വാല്യം 2, 1859 എന്ന പുസ്‌തകത്തിൽനിന്ന്