വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികളെ പരിശീലിപ്പിക്കൽ ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?

കുട്ടികളെ പരിശീലിപ്പിക്കൽ ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?

കുട്ടികളെ പരിശീലിപ്പിക്കൽ ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?

ഓർക്കിഡ്‌ പുഷ്‌പം അതിമനോഹരമാണ്‌. പക്ഷേ അത്‌ വളർത്തിയെടുക്കുക ബുദ്ധിമുട്ടാണ്‌. വിജയകരമായി അതു ചെയ്യുന്നതിന്‌ താപനില, വെളിച്ചം, പൂച്ചട്ടിയുടെ വലുപ്പം എന്നിവ ക്രമീകരിക്കേണ്ടതുണ്ട്‌. മണ്ണും വളവും പറ്റിയതല്ലെങ്കിൽ അതിന്‌ എളുപ്പം കേടുവരും. മാത്രമല്ല, രോഗവും പ്രാണികളും അതിനെ വേഗത്തിൽ നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ട്‌ ഓർക്കിഡ്‌ വളർത്താനുള്ള ഒരുവന്റെ ആദ്യസംരംഭം പരാജയമടയുക സാധാരണമാണ്‌.

കുട്ടികളെ വളർത്തിവലുതാക്കുന്നത്‌ ഇതിനെക്കാൾ വളരെയേറെ ദുഷ്‌കരവും സങ്കീർണവുമാണ്‌. അതിന്‌ സൂക്ഷ്‌മ ശ്രദ്ധയും അനിവാര്യമാണ്‌. അതുകൊണ്ട്‌ കുട്ടികളെ വളർത്തുന്ന കാര്യം വരുമ്പോൾ മാതാപിതാക്കൾക്ക്‌ സാധാരണമായി ഒരു അപര്യാപ്‌തതാ ബോധം അനുഭവപ്പെടുന്നു. തങ്ങൾക്കു സഹായം ആവശ്യമാണെന്ന്‌ അനേകർക്കും തോന്നുന്നു, ഓർക്കിഡ്‌ വളർത്തുന്ന ഒരാൾക്ക്‌ അതിൽ വിദഗ്‌ധനായ ഒരാളിൽനിന്നു സഹായം ആവശ്യമുള്ളതുപോലെ. എല്ലാ മാതാപിതാക്കളും ഇക്കാര്യത്തിൽ ഏറ്റവും മെച്ചമായ മാർഗനിർദേശം ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ്‌ എന്നതിനു സംശയമില്ല. എന്നാൽ അത്തരം മാർഗനിർദേശം എവിടെ കണ്ടെത്താൻ കഴിയും?

ബൈബിൾ, കുട്ടികളെ വളർത്തുന്നതിനെ കുറിച്ചുമാത്രം പ്രതിപാദിക്കുന്ന ഒരു പുസ്‌തകമല്ലെങ്കിലും ഈ വിഷയം സംബന്ധിച്ച്‌ വളരെയധികം പ്രായോഗിക മാർഗനിർദേശം ഇതിൽ ഉൾപ്പെടുത്താൻ സ്രഷ്ടാവ്‌ അതിന്റെ എഴുത്തുകാരെ നിശ്വസ്‌തരാക്കി. ആളുകൾ പൊതുവേ അവഗണിച്ചുകളയുന്ന അഭികാമ്യമായ പല ഗുണങ്ങളും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ബൈബിൾ ഊന്നിപ്പറയുന്നു. (എഫെസ്യർ 4:⁠22-24) ഇക്കാര്യത്തിൽ, സമനിലയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനുള്ള ഒരു അതിപ്രധാന ഘടകമാണ്‌ തിരുവെഴുത്തു ബുദ്ധിയുപദേശം. അത്തരം ബുദ്ധിയുപദേശത്തിനു ചെവികൊടുത്ത ആയിരക്കണക്കിന്‌ ആളുകൾക്ക്‌​—⁠അവർ ജീവിച്ചിരുന്ന കാലഘട്ടമോ അവരുടെ സാംസ്‌കാരിക പശ്ചാത്തലമോ ഏതായിരുന്നാലും​—⁠അതു പ്രയോജനം ചെയ്‌തിരിക്കുന്നു. അതുകൊണ്ട്‌ തിരുവെഴുത്തു ബുദ്ധിയുപദേശം പിൻപറ്റുന്നത്‌ നിങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ വിജയംവരിക്കുന്നതിനു നിങ്ങളെ സഹായിക്കും.

മാതാപിതാക്കളുടെ മാതൃക —അത്യുത്തമ വിദ്യാഭ്യാസം

“ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നേ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? വ്യഭിചാരംചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ?”​—⁠റോമർ 2:⁠21, 22.

സോളിലെ വിദ്യാഭ്യാസ ബോർഡിന്റെ ഒരു അധ്യക്ഷൻ ഇപ്രകാരം പറഞ്ഞു: “വാക്കിലും പ്രവൃത്തിയിലും ഉള്ള മാതൃകയാണ്‌ കുട്ടികൾക്കുള്ള ഏറ്റവും മികച്ച വിദ്യാഭ്യാസം.” സംസാരത്തിലും പെരുമാറ്റത്തിലും ഉത്തമ മാതൃക വെക്കാത്ത മാതാപിതാക്കൾ നല്ലനടത്ത സംബന്ധിച്ച്‌ കുട്ടികൾക്കു നിർദേശങ്ങൾ നൽകുമ്പോൾ മാതാപിതാക്കളുടെ കാപട്യം അവർ പെട്ടെന്നുതന്നെ തിരിച്ചറിയും. കുട്ടികൾ പിന്നെ മാതാപിതാക്കളുടെ വാക്കുകൾക്കു വിലകൽപ്പിക്കാതെവരും. ഉദാഹരണത്തിന്‌, കുട്ടികളെ സത്യസന്ധത പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ സ്വയം സത്യസന്ധരായിരിക്കണം. ചില മാതാപിതാക്കൾ പലപ്പോഴും ചെയ്യുന്ന ഒരു കാര്യമിതാ: തങ്ങൾക്ക്‌ ഒരു ഫോൺകോൾ സ്വീകരിക്കാൻ മനസ്സില്ലെങ്കിൽ, ഫോൺ വരുമ്പോൾ “ഡാഡി (അല്ലെങ്കിൽ മമ്മി) ഇവിടെയില്ല” എന്നു പറയാൻ അവർ കുട്ടികളെ പറഞ്ഞേൽപ്പിക്കും. അങ്ങനെയൊരു നിർദേശം ലഭിക്കുന്ന കുട്ടി ആകെ വിഷമത്തിലും ചിന്താക്കുഴപ്പത്തിലും ആയിരിക്കും. പിന്നീട്‌ ഒരു വിഷമസാഹചര്യത്തിൽ അകപ്പെട്ടാൽ യാതൊരു മടിയുമില്ലാതെ അവനും കള്ളം പറയാൻ തുടങ്ങിയേക്കാം. അതുകൊണ്ട്‌, തങ്ങളുടെ കുട്ടി സത്യസന്ധനായിരിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന മാതാപിതാക്കൾ, സത്യം സംസാരിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്‌തുകൊണ്ട്‌ സ്വയം മാതൃക വെക്കേണ്ടതുണ്ട്‌.

മാന്യമായി സംസാരിക്കാൻ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുന്നതിന്‌ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾതന്നെ അതിന്‌ ഉത്തമ ദൃഷ്ടാന്തം വെക്കേണ്ടതുണ്ട്‌. നിങ്ങളുടെ കുട്ടി വളരെ പെട്ടെന്നു നിങ്ങളെ അനുകരിക്കും. നാലു കുട്ടികളുടെ പിതാവായ സോങ്‌-സിക്‌ പറയുന്നു. “സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കാതിരിക്കാൻ ഞാനും ഭാര്യയും തീരുമാനിച്ചു. ഞങ്ങൾ പരസ്‌പരം ബഹുമാനം കാണിച്ചു, ദുഃഖമോ ദേഷ്യമോ ഉള്ളപ്പോൾ പോലും ഞങ്ങൾ സ്വരം ഉയർത്തി സംസാരിച്ചില്ല. നല്ല ദൃഷ്ടാന്തം വാക്കുകളെക്കാളെല്ലാം ഏറെ പ്രഭാവം ചെലുത്തി. ഞങ്ങളുടെ കുട്ടികൾ മറ്റുള്ളവരോടു ബഹുമാനത്തോടും മര്യാദയോടും കൂടി സംസാരിക്കുന്നതു കാണുന്നത്‌ ഞങ്ങൾക്കു സന്തോഷം പകരുന്നു.” ഗലാത്യർ 6:⁠7-ൽ ബൈബിൾ ഇപ്രകാരം പറയുന്നു: “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.” തങ്ങളുടെ കുട്ടികൾക്ക്‌ ഉയർന്ന ധാർമിക നിലവാരങ്ങൾ ഉണ്ടായിരിക്കണമെന്ന്‌ ആഗ്രഹിക്കുന്ന മാതാപിതാക്കൾ, അത്തരം നിലവാരങ്ങൾക്കനുസരിച്ചാണ്‌ തങ്ങൾ ജീവിക്കുന്നതെന്ന്‌ ആദ്യംതന്നെ പ്രകടമാക്കേണ്ടതുണ്ട്‌.

ആശയവിനിമയ മാർഗങ്ങൾ എപ്പോഴും തുറന്നിടുക

“നീ അവയെ [ദൈവ കൽപ്പനകൾ] നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”—ആവർത്തനപുസ്‌തകം 6:⁠7.

ഓവർടൈം ജോലി ചെയ്യാനുള്ള പ്രവണത ഇന്ന്‌ ഏറിവരികയാണ്‌. ഭാര്യയും ഭർത്താവും ജോലിക്കാരാകുമ്പോൾ അതിനു കുട്ടികളുടെമേൽ ഗുരുതരമായ ഫലമുണ്ട്‌. പല മാതാപിതാക്കളും കുട്ടികളോടൊപ്പം ചെലവഴിക്കുന്ന സമയത്തിന്റെ അളവ്‌ കുറഞ്ഞുവരികയാണ്‌. ഇനി മാതാപിതാക്കൾ വീട്ടിലുള്ള സമയത്താണെങ്കിലോ, വീട്ടുജോലികളും മറ്റ്‌ അല്ലറചില്ലറ പണികളുമൊക്കെ ചെയ്‌ത്‌ അവർ ക്ഷീണിതരായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ കുട്ടികളുമായി നല്ല ആശയവിനിമയം നിലനിറുത്താൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? വീട്ടിലെ പണികളൊക്കെ ചെയ്യുന്നത്‌ നിങ്ങളും കുട്ടികളും ഒരുമിച്ചാണെങ്കിൽ അവരോടു സംസാരിക്കാനുള്ള അവസരങ്ങൾ നിങ്ങൾക്കു തുറന്നുകിട്ടിയേക്കാം. തന്റെ കുട്ടികളുമായി കൂടുതൽ ആശയവിനിമിയം നടത്താനായി ഒരു കുടുംബനാഥൻ വീട്ടിൽ ഇനി ടെലിവിഷൻ വേണ്ടെന്നു തീരുമാനിച്ചു. ടെലിവിഷൻ ഇല്ലാത്തതിനാൽ “ആദ്യമൊക്കെ കുട്ടികൾക്കു ബോറടിച്ചിരുന്നു. എന്നാൽ ഞാൻ അവരോടൊപ്പം പസ്സിൽ ഗെയിമുകൾ കളിക്കാനും രസകരമായ ചില പുസ്‌തകങ്ങളെ കുറിച്ച്‌ അവരോടു പറയാനും മറ്റും തുടങ്ങിയപ്പോൾ അവർ ക്രമേണ മാറ്റത്തെ ഉൾക്കൊണ്ടു.”

കുട്ടികൾ വളരെ ചെറുപ്രായത്തിൽത്തന്നെ തങ്ങളുടെ മാതാപിതാക്കളുമായി ആശയവിനിമയം ചെയ്‌തു ശീലിക്കേണ്ടതു പ്രധാനമാണ്‌. അല്ലെങ്കിൽ, അവർ കൗമാരപ്രായത്തിലെത്തുമ്പോൾ എന്തെങ്കിലും പ്രശ്‌നം നേരിടേണ്ടതായി വന്നാൽ മാതാപിതാക്കളെ തങ്ങളുടെ സുഹൃത്തുക്കളായി കണ്ട്‌ അവരുടെ മുമ്പിൽ ഹൃദയം തുറക്കാൻ അവർക്കു മടിതോന്നും. കുട്ടികളുടെ ഉള്ളിലുള്ളത്‌ തുറന്നു പറയാൻ നിങ്ങൾക്ക്‌ അവരെ എങ്ങനെ സഹായിക്കാൻ കഴിയും? സദൃശവാക്യങ്ങൾ 20:⁠5 ഇപ്രകാരം പറയുന്നു: “മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.” “നിനക്ക്‌ എന്തുതോന്നുന്നു?” എന്നതുപോലുള്ള വീക്ഷണ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ കുട്ടികളുടെ ചിന്തകളും വികാരങ്ങളും പങ്കുവെക്കാൻ മാതാപിതാക്കൾക്ക്‌ അവരെ പ്രോത്സാഹിപ്പിക്കാൻ കഴിയും.

നിങ്ങളുടെ കുട്ടി ഗുരുതരമായ ഒരു തെറ്റു ചെയ്യുന്നെങ്കിലോ? ദയാപൂർവകമായ പരിഗണന കുട്ടിക്കു ലഭിക്കേണ്ട ഒരു സന്ദർഭമാണിത്‌. കുട്ടി സംസാരിക്കുന്ന സമയത്ത്‌ നിങ്ങളുടെ ഉള്ളിൽ പൊന്തിവരുന്ന വികാരങ്ങളെ നിയന്ത്രിക്കുക. ഇത്തരം സന്ദർഭങ്ങൾ ഉടലെടുക്കുമ്പോൾ താൻ എങ്ങനെ പെരുമാറുന്നുവെന്ന്‌ ഒരു പിതാവ്‌ പറയുന്നത്‌ ഇപ്രകാരമാണ്‌: “കുട്ടികൾ തെറ്റുചെയ്യുമ്പോൾ അമിത പ്രതികരണം ഒഴിവാക്കാൻ ഞാൻ ശ്രദ്ധിക്കും. അവർക്കു പറയാനുള്ളത്‌ എന്താണെന്ന്‌ അവരോടൊപ്പമിരുന്നു ഞാൻ ശ്രദ്ധിച്ചു കേൾക്കും. എന്താണ്‌ വാസ്‌തവത്തിൽ ഉണ്ടായതെന്നു പൂർണമായും മനസ്സിലാക്കാൻ ഞാൻ ശ്രമിക്കും. ദേഷ്യം അടക്കാനാവാതെ വരുകയാണെങ്കിൽ അതു ശമിക്കുന്നതുവരെ ഞാൻ കുറച്ചു നേരത്തേക്കു മിണ്ടാതിരിക്കും.” ഉള്ളിലെ വികാരങ്ങളെ അടക്കി നിങ്ങൾ നന്നായി ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾ കൊടുക്കുന്ന തിരുത്തലുകൾ കുട്ടികൾ കൂടുതൽ വേഗം സ്വീകരിക്കും.

സ്‌നേഹത്തിൽ അധിഷ്‌ഠിതമായ ശിക്ഷണം ആവശ്യം

“പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.”​—⁠എഫെസ്യർ 6:⁠4.

നല്ല ഫലങ്ങൾ ലഭിക്കുന്നതിനു നിങ്ങൾ സ്‌നേഹപൂർവം ശിക്ഷണം നൽകേണ്ടതു പ്രധാനമാണ്‌. മാതാപിതാക്കൾ കുട്ടികളെ ‘പ്രകോപിപ്പിക്കുന്നത്‌’ എങ്ങനെയാണ്‌? ശിക്ഷണം തെറ്റിന്റെ ഗൗരവം അനുസരിച്ചുള്ളത്‌ അല്ലെങ്കിലോ അതിൽ അമിതമായ വിമർശനം ഉൾപ്പെട്ടിരിക്കുന്നെങ്കിലോ കുട്ടികൾ അതു നിരസിക്കും. ഏതു സാഹചര്യത്തിലും സ്‌നേഹപൂർവം വേണം ശിക്ഷണം നൽകാൻ. (സദൃശവാക്യങ്ങൾ 13:⁠24) ശിക്ഷ നൽകുന്നത്‌ എന്തിനാണെന്നു നിങ്ങൾ കുട്ടികളോടു കാര്യകാരണസഹിതം വിശദീകരിക്കുന്നെങ്കിൽ, അവരോടു സ്‌നേഹമുള്ളതുകൊണ്ടാണ്‌ നിങ്ങൾ അവരെ ശിക്ഷിക്കുന്നതെന്ന്‌ അവർക്കു മനസ്സിലാകും.​—⁠സദൃശവാക്യങ്ങൾ 22:⁠15; 29:⁠19.

അതേസമയം, തെറ്റായ പെരുമാറ്റത്തിന്റെ അസുഖകരമായ ഫലം കുട്ടികൾ അനുഭവിക്കുന്നതും നല്ലതാണ്‌. ഉദാഹരണത്തിന്‌, കുട്ടി ഒരാളോടു തെറ്റു ചെയ്‌തെങ്കിൽ, പോയി ആ വ്യക്തിയോടു ക്ഷമചോദിച്ചേ മതിയാകൂ എന്നു നിങ്ങൾക്ക്‌ അവനോടു നിഷ്‌കർഷിക്കാവുന്നതാണ്‌. കുടുംബത്തിനുള്ളിലെ എന്തെങ്കിലും നിയമങ്ങളോട്‌ അനുസരണക്കേടു കാണിക്കുമ്പോൾ ചില കാര്യങ്ങൾ ആസ്വദിക്കുന്നതിൽനിന്ന്‌ അവനു വിലക്ക്‌ ഏർപ്പെടുത്താൻ കഴിയും, നിയമങ്ങൾ അനുസരിക്കുന്നത്‌ എത്ര പ്രാധാന്യമുള്ളതാണെന്നു കുട്ടിക്കു മനസ്സിലാകാനാണ്‌ ഇത്‌.

തക്കസമയത്തുതന്നെ ശിക്ഷണം നൽകുന്നതാണ്‌ അഭികാമ്യം. സഭാപ്രസംഗി 8:⁠11 ഇപ്രകാരം പറയുന്നു: “ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്‌കകൊണ്ടു മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യപ്പെടുന്നു.” തെറ്റ്‌ ചെയ്‌തിട്ട്‌ ശിക്ഷ കൂടാതെ രക്ഷപ്പെടാനാകുമോ എന്ന്‌ പല കുട്ടികളും പരീക്ഷിച്ചുനോക്കാറുണ്ട്‌. അതുകൊണ്ട്‌ എന്തെങ്കിലും തെറ്റു ചെയ്‌താൽ ശിക്ഷകിട്ടും എന്നു കുട്ടിയോടു പറഞ്ഞിട്ടുണ്ടെങ്കിൽ ആ ശിക്ഷ നടപ്പാക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുക.

ആരോഗ്യകരമായ വിനോദം മൂല്യവത്താണ്‌

“ചിരിപ്പാൻ ഒരു കാലം; . . . നൃത്തംചെയ്‌വാൻ ഒരു കാലം”​—⁠സഭാപ്രസംഗി 3:⁠1, 4.

വിശ്രമവേളകളും, ആരോഗ്യകരവും സമനിലയോടു കൂടിയതുമായ വിനോദവും കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന്‌ അനിവാര്യമാണ്‌. മാതാപിതാക്കൾ കുട്ടികളോടൊത്തു വിനോദം ആസ്വദിക്കുമ്പോൾ കുടുംബബന്ധങ്ങൾ ശക്തമാകുകയും കുട്ടികൾക്ക്‌ കുടുംബത്തിൽ സുരക്ഷിതത്വബോധം അനുഭവപ്പെടുകയും ചെയ്യുന്നു. ഏതുതരം വിനോദങ്ങളാണ്‌ കുടുംബത്തിന്‌ ഒത്തൊരുമിച്ച്‌ ആസ്വദിക്കാൻ കഴിയുന്നത്‌? ഒരൽപ്പ സമയമെടുത്ത്‌ ചിന്തിക്കുകയാണെങ്കിൽ സന്തോഷം പകരാൻ കഴിയുന്ന നിരവധി കാര്യങ്ങൾ കണ്ടെത്താൻ നിങ്ങൾക്കു കഴിയും. വീടിനു വെളിയിൽ പോയി ഒരുമിച്ച്‌ സൈക്കിൾ ചവിട്ടുന്നതോ ടെന്നിസ്‌, ബാഡ്‌മിന്റൺ, വോളിബോൾ തുടങ്ങിയ കളികളിൽ ഏർപ്പെടുന്നതോ ഒക്കെ നല്ല അനുഭവങ്ങളായിരുന്നേക്കാം. കുടുംബം ഒത്തൊരുമിച്ച്‌ സംഗീതോപകരണങ്ങൾ വായിക്കുകയാണെങ്കിൽ ഉരുത്തിരിയുന്ന ആഹ്ലാദകരമായ അന്തരീക്ഷത്തെ കുറിച്ചു ചിന്തിക്കുക. പ്രകൃതിരമണീയതകൾ കണ്ടാസ്വദിക്കാൻ അടുത്ത പ്രദേശങ്ങളിലേക്കൊരു യാത്ര നടത്തുന്നെങ്കിൽ, മനസ്സുനിറയെ നിറമുള്ള ഓർമകൾ സമ്മാനിക്കാൻ അതിനു കഴിഞ്ഞേക്കാം.

വിനോദത്തെ കുറിച്ചു കുട്ടികളിൽ സമനിലയുള്ള ഒരു കാഴ്‌ചപ്പാട്‌ നട്ടുവളർത്താൻ മാതാപിതാക്കൾക്ക്‌ അത്തരം സാഹചര്യങ്ങൾ ഉപയോഗിക്കാൻ കഴിയും. മൂന്നു പുത്രന്മാരുള്ള ഒരു ക്രിസ്‌തീയ പിതാവ്‌ ഇപ്രകാരം പറഞ്ഞു: “സാധ്യമാകുമ്പോഴെല്ലാം ഞാനും കുട്ടികളോടൊപ്പം വിനോദങ്ങളിൽ ഏർപ്പെടാറുണ്ട്‌. ഉദാഹരണത്തിന്‌, അവർ കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കുമ്പോൾ അതു കളിക്കുന്നത്‌ എങ്ങനെയാണെന്നു ഞാൻ അവരോടു ചോദിക്കും. അവർ ആവേശപൂർവം അതേക്കുറിച്ചു പറയുമ്പോൾ ആരോഗ്യകരമല്ലാത്ത വിനോദങ്ങളിൽ ഏർപ്പെടുന്നതിന്റെ അപകടങ്ങളെ കുറിച്ച്‌ അവരോടു വിശദീകരിക്കാൻ ഞാൻ ആ അവസരം ഉപയോഗിക്കും. അനുചിതമായ വിനോദങ്ങൾ അവർ വേണ്ടെന്നു വെക്കുന്നത്‌ എനിക്കു നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്‌.” അതേ, കുടുംബത്തോടൊപ്പം വിനോദങ്ങൾ ആസ്വദിക്കുന്ന കുട്ടികൾ അക്രമം, അധാർമികത, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവ പ്രദർശിപ്പിക്കുന്ന ടെലിവിഷൻ പരിപാടികൾ, വീഡിയോകൾ, സിനിമകൾ, ഇന്റർനെറ്റ്‌ ഗെയിമുകൾ എന്നിവയിലേക്ക്‌ ആകർഷിക്കപ്പെടാൻ സാധ്യത കുറവാണ്‌.

നല്ല കൂട്ടുകാരെ സമ്പാദിക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക

“ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.”​—⁠ സദൃശവാക്യങ്ങൾ 13:⁠20.

നാലു കുട്ടികളെ വിജയകരമായി വളർത്തിക്കൊണ്ടുവന്ന ഒരു ക്രിസ്‌തീയ പിതാവ്‌ ഇപ്രകാരം പറയുന്നു: “അവർ കൂട്ടുകാരായി ആരെ തെരഞ്ഞെടുക്കുന്നു എന്നത്‌ അതിപ്രധാനമായ ഒരു സംഗതിയാണ്‌. ഒരൊറ്റ ചീത്ത കൂട്ടുകെട്ട്‌ മതി നിങ്ങൾ പണിതുകൊണ്ടുവന്നതു മുഴുവനും വെള്ളത്തിലാകാൻ.” നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കാൻ കുട്ടികളെ സഹായിക്കുന്നതിന്‌ അദ്ദേഹം അവരോടു ബുദ്ധിപൂർവം ഇപ്രകാരം ചോദിക്കുമായിരുന്നു: നിന്റെ ഏറ്റവുമടുത്ത കൂട്ടുകാരൻ ആരാണ്‌? നീ എന്തുകൊണ്ടാണ്‌ അവനെ ഇഷ്ടപ്പെടുന്നത്‌? അവന്റെ ഏതു ഗുണങ്ങളാണ്‌ നീ അനുകരിക്കാൻ ആഗ്രഹിക്കുന്നത്‌? മറ്റൊരു പിതാവാകട്ടെ, കുട്ടികൾക്ക്‌ തങ്ങളുടെ അടുത്ത കൂട്ടുകാരെ വീട്ടിലേക്കു ക്ഷണിക്കാനുള്ള ക്രമീകരണം ചെയ്യുന്നു. അതാകുമ്പോൾ അദ്ദേഹത്തിന്‌ അവരെ അടുത്തു നിരീക്ഷിക്കുന്നതിനും തന്റെ കുട്ടികൾക്കു വേണ്ട മാർഗനിർദേശം നൽകുന്നതിനും കഴിയുന്നു.

ഇനി, സമപ്രായക്കാരെ മാത്രമല്ല പ്രായമായവരെയും കൂട്ടുകാരാക്കാമെന്ന കാര്യം കുട്ടികളെ പഠിപ്പിക്കുന്നതു പ്രധാനമാണ്‌. മൂന്ന്‌ ആൺകുട്ടികളുടെ പിതാവായ ബുംസുൺ പറയുന്നു: “ബൈബിൾ വിവരണത്തിലെ ദാവീദിനെയും യോനാഥാനെയും പോലെ, കൂട്ടുകാർ എപ്പോഴും സമപ്രായക്കാർ ആയിരിക്കേണ്ടതില്ല എന്നു മനസ്സിലാക്കാൻ ഞാൻ എന്റെ കുട്ടികളെ സഹായിക്കുന്നു. അതുകൊണ്ട്‌ എന്റെ കുട്ടികളുമായുള്ള സഹവാസം ആസ്വദിക്കാൻ ഞാൻ സഭയിലെ വ്യത്യസ്‌ത പ്രായക്കാരായ സഹോദരങ്ങളെ ക്ഷണിക്കുന്നു. അതിന്റെ ഫലമായി സമപ്രായക്കാരല്ലാത്ത അനേകരുമായി അവർ സഹവസിക്കുന്നു.” മാതൃകായോഗ്യരായ മുതിർന്ന വ്യക്തികളുമായുള്ള സഹവാസം കുട്ടികൾക്ക്‌ പലതും പഠിക്കാൻ അവസരമൊരുക്കുന്നു.

കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ നിങ്ങൾക്കു വിജയിക്കാനാകും

ഐക്യനാടുകളിൽ നടത്തിയ ഒരു സർവേ കാണിക്കുന്നത്‌ തങ്ങളുടെ കുട്ടികളിൽ ആത്മനിയന്ത്രണം, ആത്മശിക്ഷണം, സത്യസന്ധത തുടങ്ങിയ ഗുണങ്ങൾ ഉൾനടാൻ ശ്രമം ചെലുത്തിയ മിക്ക മാതാപിതാക്കൾക്കും അത്ര വിജയം നേടാനായില്ല എന്നാണ്‌. അത്‌ ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? സർവേയിൽ പങ്കെടുത്ത ഒരു അമ്മ ഇപ്രകാരം പറഞ്ഞു: ‘ദുഃഖകരമെന്നു പറയട്ടെ, നമ്മുടെ കുട്ടികളെ സംരക്ഷിക്കാനുള്ള ഏകമാർഗം അവരെ മുറിക്കുള്ളിൽ അടച്ചിടുക എന്നതാണ്‌, ലോകത്തിലേക്കിറങ്ങാൻ ഒരിക്കലും അവരെ അനുവദിക്കാതിരിക്കുക.’ കുട്ടികൾ ഇന്നു വളർന്നുവരുന്ന ചുറ്റുപാട്‌ മുമ്പെന്നത്തേതിലും വഷളായിക്കൊണ്ടിരിക്കുന്നു എന്നാണ്‌ അവർ അർഥമാക്കിയത്‌. ഈ സാഹചര്യത്തിൽ, കുട്ടികളെ വിജയകരമായി വളർത്തിക്കൊണ്ടുവരുക യഥാർഥത്തിൽ സാധ്യമാണോ?

നിങ്ങൾ ഒരു ഓർക്കിഡ്‌ വളർത്താൻ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ, പക്ഷേ അത്‌ വാടിപ്പോയേക്കുമെന്നോർക്കുമ്പോൾ നിങ്ങൾക്കു നിരാശ തോന്നിയേക്കാം. അപ്പോൾ ഓർക്കിഡ്‌ കൃഷിയിൽ വൈദഗ്‌ധ്യമുള്ള ഒരാൾ നിങ്ങൾക്കു ചില നല്ല നിർദേശങ്ങൾ തന്നിട്ട്‌ ഇപ്രകാരം ഉറപ്പുനൽകുന്നു: “ഇതുപോലെ ചെയ്‌താൽ നിങ്ങൾ വിജയിക്കും.” നിങ്ങൾക്ക്‌ എന്തു സന്തോഷമായിരിക്കും അല്ലേ? മനുഷ്യപ്രകൃതത്തെ കുറിച്ച്‌ ഏറ്റവും നന്നായി അറിയാവുന്ന, അതേക്കുറിച്ച്‌ ആധികാരികമായി പറയാൻ കഴിയുന്ന യഹോവയാം ദൈവം കുട്ടികളെ വളർത്തുന്നതിനുള്ള ഏറ്റവും മെച്ചമായ മാർഗം നിർദേശിക്കുന്നു. അവൻ പറയുന്നു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” (സദൃശവാക്യങ്ങൾ 22:⁠6) അതുകൊണ്ട്‌, ബൈബിളിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ കുട്ടികളെ പരിശീലിപ്പിക്കുന്നെങ്കിൽ, അവർ ഉത്തരവാദിത്വബോധവും മറ്റുള്ളവരോടു പരിഗണനയും ധാർമിക ബോധവും ഉള്ള വ്യക്തികളായിത്തീരുന്നതുകണ്ട്‌ നിങ്ങൾ ആനന്ദിക്കാനുള്ള സകല സാധ്യതയുമുണ്ട്‌. അപ്പോൾ അവർ സഹമനുഷ്യർക്കും എല്ലാറ്റിലുമുപരി നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവത്തിനും പ്രിയങ്കരരായിരിക്കും.