‘അവർ കുപ്രൊസ് ദ്വീപിലേക്കു പോയി’
‘അവർ കുപ്രൊസ് ദ്വീപിലേക്കു പോയി’
പൊതുയുഗം (പൊ.യു.) ഏകദേശം 47-ൽ കുപ്രൊസ് (സൈപ്രസ്) സന്ദർശിച്ച ക്രിസ്‌തീയ മിഷനറിമാരായ പൗലൊസ്, ബർന്നബാസ്, യോഹന്നാൻ മർക്കൊസ് എന്നിവരുടെ അനുഭവങ്ങളെ കുറിച്ചുള്ള പ്രവൃത്തികൾ എന്ന ബൈബിൾ പുസ്‌തകത്തിലെ വിവരണം ആരംഭിക്കുന്നത് അങ്ങനെയാണ്. (പ്രവൃത്തികൾ 13:4) അന്ന് കുപ്രൊസിന് ഇന്നത്തെപ്പോലെതന്നെ കിഴക്കൻ മെഡിറ്ററേനിയനിൽ വളരെ തന്ത്രപ്രധാനമായ ഒരു സ്ഥാനം ഉണ്ടായിരുന്നു.
ഈ ദ്വീപിൽ നോട്ടമിട്ട റോമാക്കാർ പൊതുയുഗത്തിനു മുമ്പ് (പൊ.യു.മു.) 58-ൽ അതു കൈക്കലാക്കി. അതിനു മുമ്പുള്ള കുപ്രൊസിന്റെ ചരിത്രം സംഭവബഹുലമാണ്. ഫിനീഷ്യക്കാർ, ഗ്രീക്കുകാർ, അസീറിയക്കാർ, പേർഷ്യക്കാർ, ഈജിപ്‌തുകാർ എന്നിവരെല്ലാം കുപ്രൊസിൽ അധിനിവേശം നടത്തിയിട്ടുണ്ട്. മധ്യയുഗങ്ങളിൽ കുരിശുയുദ്ധക്കാർ, ഫ്രാങ്കുകൾ, വെനീസുകാർ എന്നിവരും തുടർന്ന് ഒട്ടോമൻകാരും കുപ്രൊസിന്റെ ഭരണം കൈവശമാക്കി. 1914-ൽ ബ്രിട്ടീഷുകാർ ഈ ദ്വീപ് പിടിച്ചടക്കി. 1960-ൽ സ്വാതന്ത്ര്യം പ്രാപിക്കുന്നതുവരെ അത് ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ ആയിരുന്നു.
ഇന്ന് കുപ്രൊസിന്റെ മുഖ്യ വരുമാനമാർഗങ്ങളിലൊന്ന് വിനോദസഞ്ചാരം ആണ്. എന്നാൽ പൗലൊസിന്റെ നാളുകളിൽ കുപ്രൊസ് പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായിരുന്നു. ആ വിഭവങ്ങളത്രയും ചൂഷണം ചെയ്‌ത് റോമാക്കാർ തങ്ങളുടെ ഖജനാവ് കൊഴുപ്പിച്ചു. ഇവിടെ ചെമ്പ് നിക്ഷേപം വളരെ നേരത്തേതന്നെ കണ്ടെത്തിയിരുന്നു. റോമൻ കാലഘട്ടത്തിന്റെ അവസാനത്തോടെ 2,50,000 ടൺ ചെമ്പ് അയിര് ഇവിടെനിന്നു
കുഴിച്ചെടുത്തിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ചെമ്പ് വ്യവസായം, ലോഹശുദ്ധീകരണ പ്രക്രിയയ്‌ക്കു വേണ്ടി നിബിഡ വനഭൂമിയിൽ ഏറെയും നശിപ്പിച്ചുകളഞ്ഞു. പൗലൊസ് എത്തിയപ്പോഴേക്കും ദ്വീപിലെ വനസമ്പത്തിന്റെ സിംഹഭാഗവും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.കുപ്രൊസ്—റോമാക്കാരുടെ അധീനതയിൽ
എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച് ജൂലിയസ് സീസറും പിന്നീട് മാർക്ക് ആന്റണിയും കുപ്രൊസ് ഈജിപ്‌തിനു നൽകുകയുണ്ടായി. എന്നാൽ അഗസ്റ്റസ് സീസറുടെ കാലത്ത് ആ ദ്വീപ് വീണ്ടും റോമൻ ഭരണത്തിൻകീഴിൽ വന്നു. പ്രവൃത്തികളുടെ പുസ്‌തകത്തിന്റെ എഴുത്തുകാരനായ ലൂക്കൊസ് കൃത്യമായി പറഞ്ഞിരിക്കുന്നതുപോലെ റോമിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒരു ദേശാധിപതിയാണ് ദ്വീപ് ഭരിച്ചിരുന്നത്. പൗലൊസ് അവിടെ പ്രസംഗിക്കുന്ന കാലത്ത് സെർഗ്ഗ്യൊസ് പൗലൊസ് ആയിരുന്നു അവിടത്തെ ദേശാധിപതി.—പ്രവൃത്തികൾ 13:7.
പാക്‌സ് റൊമാന അഥവാ റോമാ സാമ്രാജ്യത്തിന്റെ കാലത്തെ അന്താരാഷ്‌ട്ര സമാധാനം, കുപ്രൊസിലെ ഖനികളും വ്യവസായവും വിപുലപ്പെടുത്താനുള്ള പ്രോത്സാഹനം നൽകി. അത് വാണിജ്യരംഗത്ത് ഒരു കുതിച്ചുചാട്ടത്തിനു കളമൊരുക്കി. റോമൻ സൈന്യത്തിന്റെ സാന്നിധ്യവും ദ്വീപിന്റെ പാലക ദേവതയായ അഫ്രോഡൈറ്റിനെ ആരാധിക്കാൻ അവിടേക്ക് ഒഴുകിയെത്തുന്ന തീർഥാടകരുടെ ബാഹുല്യവും കൂടുതലായ വരുമാനം നേടിക്കൊടുത്തു. തത്‌ഫലമായി പുതിയ പാതകൾ, തുറമുഖങ്ങൾ, ആഡംബരപൂർണമായ പൊതുകെട്ടിടങ്ങൾ എന്നിവ നിർമിക്കപ്പെട്ടു. ഗ്രീക്ക് ആയിരുന്നു ഔദ്യോഗിക ഭാഷ. റോമാ ചക്രവർത്തിയോടൊപ്പം അഫ്രോഡൈറ്റ്, അപ്പോളോ, സീയൂസ് എന്നിവരും വ്യാപകമായി ആരാധിക്കപ്പെട്ടിരുന്നു. ആളുകൾ സമൃദ്ധിയിൽ നീന്തിത്തുടിക്കുകയും വർണശബളമായ സാമൂഹിക, സാംസ്‌കാരിക ജീവിതം ആസ്വദിക്കുകയും ചെയ്‌തു.
ക്രിസ്‌തുവിനെ കുറിച്ച് ആളുകളെ പഠിപ്പിക്കാൻ കുപ്രൊസിലൂടെ യാത്രചെയ്‌ത പൗലൊസ് അഭിമുഖീകരിച്ച സാഹചര്യങ്ങൾ ഇതൊക്കെയായിരുന്നു. എന്നാൽ പൗലൊസിന്റെ വരവിനു മുമ്പുതന്നെ ക്രിസ്‌ത്യാനിത്വം കുപ്രൊസിൽ എത്തിയിരുന്നു. ആദ്യത്തെ ക്രിസ്‌തീയ രക്തസാക്ഷിയായ സ്‌തെഫാനൊസിന്റെ മരണത്തിനുശേഷം ചില ആദിമ ക്രിസ്‌ത്യാനികൾ കുപ്രൊസിലേക്കു പലായനം ചെയ്‌തതായി പ്രവൃത്തികളുടെ പുസ്‌തകത്തിലെ വിവരണം പറയുന്നുണ്ട്. (പ്രവൃത്തികൾ 11:19) പൗലൊസിന്റെ സഹയാത്രികനായിരുന്ന ബർന്നബാസ് കുപ്രൊസ് സ്വദേശിയായിരുന്നു. ദ്വീപുമായി നല്ല പരിചയമുണ്ടായിരുന്ന അവൻ പ്രസംഗ പര്യടനത്തിൽ പൗലൊസിന് മികച്ച വഴികാട്ടിയായിരുന്നു എന്നതിൽ സംശയമില്ല.—പ്രവൃത്തികൾ 4:36; 13:2.
പൗലൊസിന്റെ യാത്ര—ഒരു അവലോകനം
പൗലൊസിന്റെ കുപ്രൊസ് യാത്രയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക അത്ര എളുപ്പമല്ല. എന്നിരുന്നാലും റോമാ സാമ്രാജ്യത്തിലെ മികച്ച ഗതാഗത പാതകളെ കുറിച്ച് പുരാവസ്‌തു ഗവേഷകർക്കു മെച്ചപ്പെട്ട ധാരണയുണ്ട്. ദ്വീപിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾ നിമിത്തം ഇന്നത്തെ പ്രധാനവീഥികൾ പോലും ആ ആദിമ മിഷനറിമാർ സ്വീകരിച്ചിരിക്കാൻ ഇടയുള്ള മാർഗത്തിലൂടെയാണു പോകുന്നത്.
പൗലൊസും ബർന്നബാസും യോഹന്നാൻ മർക്കൊസും സെലൂക്യയിൽനിന്ന് സലമീസ് തുറമുഖത്തേക്കു കപ്പൽമാർഗം സഞ്ചരിച്ചു. എന്നാൽ തലസ്ഥാന നഗരിയും പ്രധാന തുറമുഖവും പാഫൊസ് ആയിരിക്കെ അവർ എന്തുകൊണ്ടാണ് സലമീസിലേക്കു പോയത്? ഒരു സംഗതി സലമീസ് കിഴക്കേ തീരത്ത്, വൻകരയിലെ സെലൂക്യയിൽനിന്നു കേവലം 200 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്‌തിരുന്നത്. റോമൻ ഭരണത്തിൻകീഴിൽ പാഫൊസ് തലസ്ഥാനമായിത്തീർന്നെങ്കിലും ദ്വീപിന്റെ സാംസ്‌കാരിക, വൈജ്ഞാനിക, വാണിജ്യ കേന്ദ്രമായി സലമീസ് തുടർന്നു. അവിടെ ഒരു വലിയ യഹൂദ സമൂഹം ഉണ്ടായിരുന്നു. മിഷനറിമാർ അവിടെ “യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു”തുടങ്ങി.—പ്രവൃത്തികൾ 13:5.
സലമീസിന്റെ നാശാവശിഷ്ടങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. എങ്കിലും പുരാവസ്‌തു ഗവേഷകരുടെ കണ്ടെത്തലുകൾ നഗരത്തിന്റെ പുരാതന പ്രൗഢിക്കും സമ്പദ്‌സമൃദ്ധിക്കും സാക്ഷ്യംവഹിക്കുന്നു. രാഷ്‌ട്രീയവും മതപരവുമായ ജീവിതത്തിന്റെ കേന്ദ്രമായിരുന്ന ഇവിടത്തെ അഗോറ അഥവാ ചന്തസ്ഥലം മെഡിറ്ററേനിയൻ പ്രദേശത്ത് ഉദ്‌ഖനനം ചെയ്‌തിട്ടുള്ള, ഏറ്റവും വലിയ റോമൻ അഗോറയാണെന്നു കരുതപ്പെടുന്നു. ഔഗുസ്‌തൊസ് കൈസറുടെ കാലത്തോളം പഴക്കമുള്ള ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് സങ്കീർണമായ രൂപമാതൃകകളുള്ള മൊസൈക് പതിപ്പിച്ച തറകൾ, കായികകേന്ദ്രങ്ങൾ, മികച്ച സൗകര്യങ്ങളുള്ള കുളിസ്ഥലങ്ങൾ, ഒരു സ്റ്റേഡിയം, ആംഫിതീയറ്റർ, രാജോചിതമായ ശവകുടീരങ്ങൾ, 15,000 പേർക്ക് ഇരിക്കാവുന്ന തീയറ്റർ എന്നിവ കണ്ടെത്തുകയുണ്ടായി! സമീപത്തുതന്നെ സീയൂസ് ദേവന്റെ ഗംഭീരമായ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു.
എന്നാൽ ഭൂകമ്പങ്ങളുടെ ഫലമായി നഗരം തകർന്നടിയുന്നതു തടയാൻ സീയൂസിനു കഴിഞ്ഞില്ല. പൊ.യു.മു. 15-ൽ ഉണ്ടായ ഒരു ഉഗ്ര ഭൂകമ്പം സലമീസിന്റെ മിക്ക ഭാഗങ്ങളും തകർത്തെങ്കിലും പിന്നീട് ഔഗുസ്‌തൊസ്, നഗരം പുനർനിർമിച്ചു. പൊ.യു. 70-ൽ വീണ്ടും ഭൂകമ്പം ആഞ്ഞടിച്ചെങ്കിലും ഒരിക്കൽക്കൂടി നഗരം പുനർനിർമിക്കപ്പെട്ടു. നാലാം നൂറ്റാണ്ടിൽ ഉണ്ടായ ഭൂകമ്പങ്ങളുടെ ഒരു പരമ്പര സലമീസിനെ തകർത്തുതരിപ്പണമാക്കി. പിന്നീടൊരിക്കലും സലമീസിന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനായില്ല. മധ്യയുഗങ്ങളിൽ അതിന്റെ തുറമുഖം ചേറ് വന്നടിഞ്ഞ് ഉപയോഗശൂന്യമായി.
സലമീസിലെ ആളുകൾ പൗലൊസിന്റെ പ്രസംഗത്തോട് എങ്ങനെ പ്രതികരിച്ചു എന്നതു സംബന്ധിച്ച സൂചനയൊന്നും ഇല്ല. എന്നാൽ പൗലൊസിന് മറ്റു സമൂഹങ്ങളോടും പ്രസംഗിക്കേണ്ടിയിരുന്നു. സലമീസിൽനിന്നു യാത്ര തുടരാൻ അവർക്കു മൂന്നു മാർഗങ്ങൾ ഉണ്ടായിരുന്നു: കിറീന്യ പർവതനിരകൾ കുറുകെ കടന്ന് വടക്കേ തീരത്തേക്കു പോകുക, മെസായോറ്യാ സമതലം മുറിച്ചുകടന്ന് ദ്വീപിന്റെ മുഖ്യഭാഗത്തുകൂടെ പടിഞ്ഞാറേ തീരത്തേക്കു പോകുക, അതുമല്ലെങ്കിൽ തെക്കേ തീരത്തുകൂടെ പോകുക.
പരമ്പരാഗത വിശ്വാസം അനുസരിച്ച്, മൂന്നാമത്തെ മാർഗമാണ് പൗലൊസ് തിരഞ്ഞെടുത്തത്. സവിശേഷമായ ചെമന്ന മണ്ണു നിറഞ്ഞ ഫലപുഷ്ടമായ കൃഷിസ്ഥലങ്ങളിലൂടെയാണ് ആ പാത പോകുന്നത്. ഏകദേശം 50 കിലോമീറ്റർ തെക്കുപടിഞ്ഞാറായി, പാത വടക്കുഭാഗത്തേക്കു തിരിഞ്ഞ് ഉൾപ്രദേശത്തേക്കു പോകുന്നതിനു മുമ്പ് ലാർനാക്കാ നഗരത്തിലെത്തുന്നു.
“ദ്വീപിൽകൂടി”യുള്ള യാത്ര
ആ പ്രധാനവീഥി പെട്ടെന്നുതന്നെ പുരാതന നഗരമായ ലീഡ്രയിൽ ചെന്നെത്തുമായിരുന്നു. ഇവിടെയാണ് ആധുനിക കുപ്രൊസിന്റെ തലസ്ഥാന നഗരിയായ നിക്കോസിയ. പുരാതന നഗരരാഷ്‌ട്രത്തിന്റെ അവസാന കണികയും തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. എന്നാൽ നിക്കോസിയ നഗരത്തിന്റെ കേന്ദ്രഭാഗത്തെ ചുറ്റിയുള്ള, 16-ാം നൂറ്റാണ്ടിൽ വെനീസുകാർ നിർമിച്ച മതിൽക്കെട്ടിനുള്ളിൽ ലീഡ്ര എന്നു പേരുള്ള തിരക്കേറിയ, ഇടുങ്ങിയ ഒരു തെരുവ് ഉണ്ട്. പൗലൊസ് ലീഡ്രയിൽ പോയോ എന്നു നമുക്കറിയില്ല. അവർ “ദ്വീപിൽകൂടി” പോയി എന്നു മാത്രമേ ബൈബിൾ പറയുന്നുള്ളൂ. (പ്രവൃത്തികൾ 13:6) ദ വൈക്ലിഫ് ഹിസ്റ്റോറിക്കൽ ജ്യോഗ്രഫി ഓഫ് ബൈബിൾ ലാന്റ്‌സ് പറയുന്നതനുസരിച്ച് “കുപ്രൊസിലെ യഹൂദ സമൂഹത്തിലൂടെയുള്ള ഏറെക്കുറെ സമഗ്രമായ ഒരു സന്ദർശനത്തെയാണ് സാധ്യതയനുസരിച്ച് ഇത് അർഥമാക്കുന്നത്.”
കുപ്രൊസിലെ പരമാവധി ആളുകളോട് സുവാർത്ത പ്രസംഗിക്കുന്നതിൽ പൗലൊസ് നിസ്സംശയമായും തത്‌പരനായിരുന്നു. അപ്പോൾ ലീഡ്രയിൽനിന്ന് വർധിച്ച ജനസംഖ്യയുള്ള ആമത്തസ്, കൂറ്യോൻ എന്നീ വൻ നഗരങ്ങളിലൂടെയുള്ള ഒരു തെക്കൻ പാതയിലൂടെ ആയിരുന്നിരിക്കാം അവൻ സഞ്ചരിച്ചത്.
കടൽത്തീരത്തിന് ഏറെക്കുറെ ലംബമായി നിലകൊള്ളുന്ന ചെങ്കുത്തായ പാറക്കെട്ടുകളിലാണ് കൂറ്യോൻ സ്ഥിതിചെയ്യുന്നത്. പൊ.യു. 77-ൽ സലമീസിന്റെ നാശത്തിനു കാരണമായ അതേ ഭൂകമ്പം പ്രൗഢഗംഭീരമായ ഈ ഗ്രീക്ക്-റോമൻ നഗരത്തിന്റെയും അന്തകനായി. പൊ.യു. 100-ഓളം പഴക്കമുള്ള, അപ്പോളോ ദേവന്റെ നാമത്തിലുള്ള ഒരു ക്ഷേത്രത്തിന്റെ നാശാവശിഷ്ടങ്ങൾ അവിടെയുണ്ട്. 6,000 പേർക്ക് ഇരിക്കാവുന്ന ഒരു സ്റ്റേഡിയവും അവിടെ ഉണ്ടായിരുന്നു. സ്വകാര്യ ഭവനങ്ങളുടെ പോലും തറകൾ അലങ്കരിച്ചിരുന്ന മനോഹരമായ മൊസൈക് അലങ്കാരങ്ങൾ അവരുടെ ആഡംബരപൂർണമായ ജീവിതശൈലിക്കു തെളിവാണ്.
പാഫൊസിലേക്ക്
കൂറ്യോനിൽനിന്ന് വീഞ്ഞ് ഉത്‌പാദന കേന്ദ്രങ്ങളായ പ്രകൃതിരമണീയമായ മേഖലകളിലൂടെ പാത പടിഞ്ഞാറേ ദിക്കിലേക്കു നീങ്ങവേ പ്രദേശത്തിന്റെ ഉയരം കൂടിവരുന്നു. പെട്ടെന്ന് കുത്തനെയുള്ള ഇറക്കം ആരംഭിക്കുന്നു. വളഞ്ഞുപുളഞ്ഞു നീങ്ങുന്ന പാത ചെറിയ ഉരുളൻകല്ലും ചരലും നിറഞ്ഞ കടൽത്തീരത്തേക്കാണു നീങ്ങുന്നത്. ഗ്രീക്കു പുരാണം അനുസരിച്ച് ഇവിടെയാണ് കടൽ, അഫ്രോഡൈറ്റ് ദേവതയ്‌ക്കു ജന്മംനൽകിയത്.
കുപ്രൊസിലെ ഗ്രീക്ക് ആരാധനാമൂർത്തികളിൽ ഏറ്റവും പ്രശസ്‌തിയാർജിച്ച അഫ്രോഡൈറ്റ് പൊ.യു. രണ്ടാം ശതകം വരെ വ്യാപകമായി ആരാധിക്കപ്പെട്ടിരുന്നു. അഫ്രോഡൈറ്റ് ആരാധനയുടെ കേന്ദ്രം പാഫൊസ് ആയിരുന്നു. എല്ലാ വസന്തകാലത്തും അവിടെ ഈ ദേവതയുടെ ഉത്സവം പൊടിപൂരമായി കൊണ്ടാടിയിരുന്നു. ഈ ആഘോഷത്തിൽ പങ്കെടുക്കാൻ ഏഷ്യാമൈനർ, ഈജിപ്‌ത്, ഗ്രീസ് തുടങ്ങി വിദൂരസ്ഥമായ പേർഷ്യയിൽനിന്നു വരെ തീർഥാടകർ എത്തുമായിരുന്നു. കുപ്രൊസ് ടോളമി രാജവംശത്തിന്റെ ഭരണത്തിൻ കീഴിൽ ആയിരുന്നപ്പോൾ അവിടത്തുകാർ ഫറവോൻ ആരാധനയുമായി പരിചിതരായി.
പാഫൊസ് ആയിരുന്നു റോമാക്കാർക്കു കീഴിലെ കുപ്രൊസിന്റെ തലസ്ഥാനം. ദേശാധിപതിയുടെ ആസ്ഥാനം ഇവിടെ ആയിരുന്നു. ചെമ്പ് നാണയങ്ങൾ മുദ്രണം ചെയ്‌തിരുന്നതും ഇവിടെത്തന്നെ ആയിരുന്നു. പാഫൊസും പൊ.യു.മു. 15-ലെ ഭൂകമ്പത്തിൽ നശിപ്പിക്കപ്പെട്ടു. സലമീസിന്റെ കാര്യത്തിലെന്നപോലെ, നഗരം പുനർനിർമിക്കുന്നതിന് ആവശ്യമായ ധനം ഔഗുസ്‌തൊസ് നൽകി. ഇവിടെനിന്നു കുഴിച്ചെടുത്തിട്ടുള്ള വിശാലമായ നഗരത്തെരുവുകൾ, കമനീയമായി മോടിപിടിപ്പിച്ചിട്ടുള്ള സ്വകാര്യ ഭവനങ്ങൾ, സംഗീതപാഠശാലകൾ, കായികകേന്ദ്രങ്ങൾ, ആംഫിതീയറ്റർ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ ഒന്നാം നൂറ്റാണ്ടിലെ ധനികരായ പാഫൊസ് നിവാസികളുടെ ആഡംബരപൂർണമായ ജീവിതശൈലി വെളിപ്പെടുത്തുന്നു.
ഇതാണ് പൗലൊസും ബർന്നബാസും യോഹന്നാൻ മർക്കൊസും സന്ദർശിച്ച പാഫൊസ്. ഇവിടെവെച്ചാണ് ദേശാധിപതി ആയിരുന്ന “ബുദ്ധിമാനായ” സെർഗ്ഗ്യൊസ് പൌലൊസ്, എലീമാസ് എന്ന മന്ത്രവാദിയുടെ ശക്തമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും ‘ദൈവവചനം കേൾക്കാനുള്ള’ ആത്മാർഥ ആഗ്രഹം പ്രകടിപ്പിച്ചത്. ദേശാധിപതി “കർത്താവിന്റെ ഉപദേശത്തിൽ വിസ്‌മയിച്ചു”പോയി.—പ്രവൃത്തികൾ 13:6-12.
കുപ്രൊസിൽ പ്രസംഗവേല വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം മിഷനറിമാർ ഏഷ്യാമൈനറിൽ വേല തുടർന്നു. പൗലൊസിന്റെ ആ ആദ്യ മിഷനറിയാത്ര സത്യക്രിസ്‌ത്യാനിത്വത്തിന്റെ വ്യാപനത്തിലെ ഒരു നാഴികക്കല്ല് ആയിരുന്നു. “ക്രിസ്‌തീയ മിഷനറി പ്രവർത്തനത്തിന്റെയും . . . പൗലൊസിന്റെ മിഷനറി ജീവിതത്തിന്റെയും യഥാർഥ തുടക്കം” എന്നാണ് വിശുദ്ധ പൗലൊസിന്റെ കിഴക്കൻ ഗ്രീസിലെ യാത്രകൾ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം ആ യാത്രയെ വിശേഷിപ്പിക്കുന്നത്. അതു കൂട്ടിച്ചേർക്കുന്നു: “സിറിയ, ഏഷ്യാമൈനർ, ഗ്രീസ് എന്നിവിടങ്ങളിലേക്കുള്ള സമുദ്രപാതകളുടെ സംഗമസ്ഥാനത്തു സ്ഥിതിചെയ്യുന്ന കുപ്രൊസിൽ മിഷനറി ദൗത്യത്തിനു തുടക്കം കുറിക്കുക എന്നത് സ്വാഭാവികം ആയിരുന്നു.” എന്നാൽ അത് ഒരു തുടക്കം മാത്രമായിരുന്നു. ഇരുപത് നൂറ്റാണ്ടുകൾക്കു ശേഷവും ക്രിസ്‌തീയ മിഷനറി പ്രവർത്തനം തുടരുന്നു. യഹോവയുടെ രാജ്യത്തെ കുറിച്ചുള്ള സുവാർത്ത “ഭൂമിയുടെ അററത്തോളവും” അക്ഷരാർഥത്തിൽത്തന്നെ എത്തിച്ചേർന്നിരിക്കുന്നു എന്നു വാസ്‌തവമായി പറയാൻ കഴിയും.— പ്രവൃത്തികൾ 1:8.
[20-ാം പേജിലെ ഭൂപടങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
കുപ്രൊസ്
നിക്കോസിയ (ലീഡ്ര)
പാഫോസ്
കൂറ്യോൻ
ആമത്തസ്
ലാർനാക്കാ
സലമീസ
കിറീന്യ പർവതനിരകൾ
മെസായോറ്യാ സമതലം
ട്രൂഡസ് പർവതനിരകൾ
[21-ാം പേജിലെ ചിത്രം]
പൗലൊസ് പാഫൊസിൽവെച്ച് പരിശുദ്ധാത്മാവു നിറഞ്ഞവനായി എലീമാസ് എന്ന മന്ത്രവാദിയെ അന്ധനാക്കി