താഴ്‌മയുള്ളവർക്ക് യഹോവ തന്റെ മഹത്ത്വം വെളിപ്പെടുത്തുന്നു
താഴ്‌മയുള്ളവർക്ക് യഹോവ തന്റെ മഹത്ത്വം വെളിപ്പെടുത്തുന്നു
“താഴ്‌മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.”—സദൃശവാക്യങ്ങൾ 22:4.
1, 2. (എ) ‘വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായിരുന്നു’ സ്‌തെഫാനൊസ് എന്ന് പ്രവൃത്തികളുടെ പുസ്‌തകം വ്യക്തമാക്കുന്നത് എങ്ങനെ? (ബി) സ്‌തെഫാനൊസ് താഴ്‌മയുള്ളവൻ ആയിരുന്നു എന്നതിന് എന്തു തെളിവുണ്ട്?
‘വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായിരുന്നു’ സ്‌തെഫാനൊസ്. അവൻ “കൃപയും ശക്തിയും നിറഞ്ഞവ”നും ആയിരുന്നു. യേശുവിന്റെ ആദിമ ശിഷ്യന്മാരിൽ ഒരാൾ എന്ന നിലയിൽ അവൻ ജനത്തിനിടയിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്‌തുപോന്നു. ഒരിക്കൽ ചിലർ സ്‌തെഫാനൊസിനോടു തർക്കിച്ചു. “എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്‌പാൻ അവർക്കു കഴിഞ്ഞില്ല.” (പ്രവൃത്തികൾ 6:5, 8-10) വ്യക്തമായും സ്‌തെഫാനൊസ് ദൈവവചനത്തിന്റെ ഉത്സാഹിയായ ഒരു പഠിതാവായിരുന്നു. അക്കാലത്തെ യഹൂദ മതനേതാക്കന്മാരുടെ മുമ്പിൽ അവൻ അതിനുവേണ്ടി ശക്തമായി പ്രതിവാദം നടത്തുകയും ചെയ്‌തു. പ്രവൃത്തികൾ 7-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ വിശദമായ സാക്ഷ്യം, ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ചുരുളഴിയുന്നതിൽ അവനുണ്ടായിരുന്ന താത്‌പര്യത്തിനു തെളിവാണ്.
2 തങ്ങൾക്കുള്ള സ്ഥാനവും പരിജ്ഞാനവും നിമിത്തം തങ്ങൾ സാമാന്യജനങ്ങളെക്കാൾ ശ്രേഷ്‌ഠരാണ് എന്നു കരുതിയിരുന്ന മതനേതാക്കളിൽനിന്നു വ്യത്യസ്‌തനായി സ്‌തെഫാനൊസ് താഴ്‌മയുള്ളവൻ ആയിരുന്നു. (മത്തായി 23:2-7; യോഹന്നാൻ 7:49) തിരുവെഴുത്തുകളിൽ നല്ല വൈഭവം ഉള്ളവനായിരുന്നെങ്കിലും ‘[ഭക്ഷണ]മേശകളിൽ ശുശ്രൂഷ ചെയ്യാൻ’ നിയമനം ലഭിച്ചതിൽ അവൻ സംതൃപ്‌തനായിരുന്നു. കാരണം അവൻ ആ വേല ചെയ്യുന്നതു മുഖാന്തരം അപ്പൊസ്‌തലന്മാർക്ക് “പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉററിരി”ക്കാൻ കഴിയുമായിരുന്നു. സ്‌തെഫാനൊസിന് സഹോദരന്മാരുടെ ഇടയിൽ സത്‌പേരുണ്ടായിരുന്നതിനാൽ പ്രതിദിന ആഹാര വിതരണം കൈകാര്യം ചെയ്യാനായി തിരഞ്ഞെടുക്കപ്പെട്ട നല്ല സാക്ഷ്യമുള്ള ഏഴുപേരിൽ അവനും ഉൾപ്പെട്ടു. അവൻ താഴ്‌മയോടെ ആ വേല സ്വീകരിച്ചു.—പ്രവൃത്തികൾ 6:1-6.
3. ദൈവത്തിന്റെ അനർഹദയയുടെ ശ്രദ്ധേയമായ ഏതു പ്രകടനം സ്‌തെഫാനൊസിന് അനുഭവവേദ്യമായി?
3 സ്‌തെഫാനൊസിന്റെ താഴ്‌മയും അതോടൊപ്പം അവന്റെ ആത്മീയതയും ദൃഢവിശ്വസ്‌തതയും യഹോവ കാണാതിരുന്നില്ല. സൻഹെദ്രിമിലെ ശത്രുതാ മനോഭാവം വെച്ചുപുലർത്തിയ യഹൂദ നേതാക്കന്മാരുടെ കൂട്ടത്തോട് സാക്ഷീകരിക്കവേ എതിരാളികൾ “അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കണ്ടു.” (പ്രവൃത്തികൾ 6:15) അവന്റെ മുഖഭാവം ഒരു ദൈവിക സന്ദേശവാഹകന്റേതു പോലെ ആയിരുന്നു, മഹത്ത്വത്തിന്റെ ദൈവമായ യഹോവയിൽനിന്നു ലഭിച്ച പ്രശാന്തത അവന്റെ മുഖത്തു കളിയാടി. സൻഹെദ്രിമിലെ അംഗങ്ങൾക്കു സുധീര സാക്ഷ്യം നൽകിയശേഷം, ദൈവത്തിന്റെ അനർഹദയയുടെ ഒരു ശ്രദ്ധേയമായ പ്രകടനം സ്‌തെഫാനൊസിന് അനുഭവവേദ്യമായി. “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉററുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു.” (പ്രവൃത്തികൾ 7:55) തേജോജ്ജ്വലമായ ഈ ദർശനം, ദൈവപുത്രനും മിശിഹായും എന്ന നിലയിലുള്ള യേശുവിന്റെ സ്ഥാനം സംബന്ധിച്ച് സ്‌തെഫാനൊസിന് പൂർവാധികം ഉറപ്പുനൽകി. താഴ്‌മയുള്ളവനായിരുന്ന സ്‌തെഫാനൊസിനെ അതു ബലപ്പെടുത്തുകയും യഹോവയുടെ അംഗീകാരം അവനുണ്ടെന്നു ബോധ്യപ്പെടുത്തുകയും ചെയ്‌തു.
4. യഹോവ ആർക്കാണ് തന്റെ മഹത്ത്വം വെളിപ്പെടുത്തുന്നത്?
4 സ്‌തെഫാനൊസിനു നൽകപ്പെട്ട ദർശനം പ്രകടമാക്കുന്നതു പോലെ യഹോവ, താഴ്‌മയുള്ളവരും താനുമായുള്ള ബന്ധത്തെ വിലമതിക്കുന്നവരും ആയ ദൈവഭയമുള്ള വ്യക്തികൾക്കാണ് തന്റെ മഹത്ത്വവും ഉദ്ദേശ്യവും വെളിപ്പെടുത്തുന്നത്. “താഴ്‌മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 22:4) അതുകൊണ്ട് യഥാർഥ താഴ്‌മ എന്താണ്, ഈ സുപ്രധാന ഗുണം നമുക്ക് എങ്ങനെ നട്ടുവളർത്താൻ കഴിയും, ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും അതു പ്രകടിപ്പിക്കുന്നതു മൂലം നാം എങ്ങനെ പ്രയോജനം നേടുന്നു എന്നീ കാര്യങ്ങൾ മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്.
താഴ്‌മ—ഒരു ദൈവിക ഗുണം
5, 6. (എ) എന്താണ് താഴ്‌മ? (ബി) യഹോവ താഴ്‌മ പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ? (സി) യഹോവയുടെ താഴ്‌മ നമ്മെ എങ്ങനെ സ്വാധീനിക്കണം?
5 പ്രപഞ്ചത്തിലെ അത്യുന്നതനും മഹത്ത്വത്തിൽ അത്യുത്‌കൃഷ്ടനുമായ യഹോവയാം ദൈവം താഴ്‌മയുടെ മകുടോദാഹരണമാണ് എന്ന വസ്‌തുത ചിലരെ അതിശയിപ്പിച്ചേക്കാം. യഹോവയെ സ്‌തുതിച്ചുകൊണ്ട് ദാവീദ് രാജാവ് ഇങ്ങനെ പാടി: “നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത [അഥവാ താഴ്‌മ] എന്നെ വലിയവനാക്കിയിരിക്കുന്നു.” (സങ്കീർത്തനം 18:35) യഹോവയെ താഴ്‌മയുള്ളവൻ എന്നു വർണിച്ചപ്പോൾ ‘കുനിയുക’ എന്ന് അടിസ്ഥാനപരമായി അർഥമുള്ള ഒരു എബ്രായ പദമാണ് ദാവീദ് ഉപയോഗിച്ചത്. “താഴ്‌മ” എന്ന പദത്തിനു പുറമേ, അതേ മൂലപദത്തോടു ബന്ധപ്പെട്ട മറ്റു ചില വാക്കുകളാണ് “വിനയം,” “സൗമ്യത,” “കൃപ” എന്നിവ. അതുകൊണ്ട് അപൂർണ മനുഷ്യനായ ദാവീദിനോട് ഇടപെടാനും അവനെ തന്റെ പ്രതിനിധിയായ രാജാവെന്ന നിലയിൽ ഉപയോഗിക്കാനും യഹോവ ‘കുനിഞ്ഞപ്പോൾ’ അവൻ താഴ്‌മ പ്രകടമാക്കുകയായിരുന്നു. 18-ാം സങ്കീർത്തനത്തിന്റെ മേലെഴുത്ത് സൂചിപ്പിക്കുന്നതു പോലെ, യഹോവ ദാവീദിനെ “അവന്റെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൌലിന്റെ കയ്യിൽനിന്നും വിടുവിച്ചു”കൊണ്ട് അവനെ സംരക്ഷിക്കുകയും പിന്താങ്ങുകയും ചെയ്‌തു. ഒരു രാജാവെന്ന നിലയിൽ താൻ നേടിയേക്കാവുന്ന ഏതൊരു ശ്രേഷ്‌ഠതയുടെയും മഹത്ത്വത്തിന്റെയും കാരണം തന്നോടുള്ള ബന്ധത്തിൽ യഹോവ പ്രകടമാക്കുന്ന താഴ്‌മയാണ് എന്ന് ദാവീദിന് അറിയാമായിരുന്നു. ഈ തിരിച്ചറിവ് താഴ്‌മ കാത്തുസൂക്ഷിക്കാൻ അവനെ സഹായിച്ചു.
6 നമ്മെ സംബന്ധിച്ചെന്ത്? സത്യം പഠിക്കാൻ യോഗ്യരായി യഹോവ നമ്മെ കണ്ടെത്തിയിരിക്കുന്നു. കൂടാതെ തന്റെ സംഘടന മുഖാന്തരം പ്രത്യേക സേവന പദവികൾ അവൻ നമുക്കു നൽകിയിട്ടുണ്ടാവാം, അല്ലെങ്കിൽ തന്റെ ഹിതം നിറവേറ്റാൻ അവൻ നമ്മെ ഏതെങ്കിലും വിധത്തിൽ ഉപയോഗിച്ചിട്ടുണ്ടാവാം. ഇവയെ കുറിച്ചെല്ലാം നമ്മുടെ മനോഭാവം എന്തായിരിക്കണം? താഴ്‌മയുള്ളവരായിരിക്കാൻ അതു നമ്മെ പ്രചോദിപ്പിക്കേണ്ടതല്ലേ? യഹോവയുടെ താഴ്‌മയ്‌ക്ക് നാം നന്ദിയുള്ളവരായിരിക്കേണ്ടതല്ലേ? നിസ്സംശയമായും നാശം മാത്രം കൈവരുത്തുന്ന ഒന്നായ സ്വയം ഉയർത്തൽ നാം ഒഴിവാക്കേണ്ടതല്ലേ?—സദൃശവാക്യങ്ങൾ 16:18; 29:23.
7, 8. (എ) മനശ്ശെയോടുള്ള ഇടപെടലുകളിൽ യഹോവയുടെ താഴ്‌മ പ്രകടമായത് എങ്ങനെ? (ബി) യഹോവയും അതുപോലെതന്നെ മനശ്ശെയും താഴ്‌മ പ്രകടമാക്കുന്നതിൽ നമുക്ക് അനുകരിക്കാൻ കഴിയുന്ന എന്തു മാതൃകവെക്കുന്നു?
7 അപൂർണരായ മനുഷ്യരോട് ഇടപെടുകവഴി യഹോവ വലിയ താഴ്‌മ മാത്രമല്ല പ്രകടമാക്കിയത്. തങ്ങളെത്തന്നെ താഴ്‌ത്തുന്നവരെ ഉയർത്തിക്കൊണ്ട് അഥവാ മഹത്ത്വപ്പെടുത്തിക്കൊണ്ട് താഴ്‌മയുള്ളവരോടു കരുണ കാട്ടാനുള്ള മനസ്സൊരുക്കവും അവൻ കാണിച്ചു. (സങ്കീർത്തനം 113:4-7) ദൃഷ്ടാന്തത്തിന്, യഹൂദാ രാജാവായിരുന്ന മനശ്ശെയുടെ കാര്യമെടുക്കുക. വ്യാജാരാധനയെ ഉന്നമിപ്പിക്കാനായി രാജാവെന്ന നിലയിലുള്ള തന്റെ വിശേഷ പദവി അവൻ ദുരുപയോഗം ചെയ്‌തു. കൂടാതെ അവൻ വലിയ തോതിൽ “യഹോവെക്കു അനിഷ്ടമായുള്ളതു പലതും ചെയ്‌തു അവനെ കോപിപ്പിച്ചു.” (2 ദിനവൃത്താന്തം 33:6) കാലാന്തരത്തിൽ, അവനെ സ്ഥാനഭ്രഷ്ടനാക്കാൻ അശ്ശൂർ രാജാവിനെ അനുവദിച്ചുകൊണ്ട് യഹോവ അവനെ ശിക്ഷിച്ചു. തടവറയിൽവെച്ച്, മനശ്ശെ ‘തന്റെ ദൈവമായ യഹോവയുടെ മുമ്പിൽ തന്നെത്താൻ ഏററവും താഴ്‌ത്തി അവനോടു പ്രാർത്ഥിച്ചു.’ തന്നിമിത്തം യഹോവ അവനെ യെരൂശലേമിലെ സിംഹാസനത്തിലേക്കു മടക്കിവരുത്തി. അങ്ങനെ “യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.” (2 ദിനവൃത്താന്തം 33:11-13) അതേ, ഒടുവിൽ, മനശ്ശെയുടെ താഴ്‌മയുള്ള മാനസികഭാവം യഹോവയെ സംപ്രീതനാക്കി. അവനോടു ക്ഷമിക്കുകയും രാജകീയ പദവിയിലേക്ക് അവനെ പുനഃസ്ഥിതീകരിക്കുകയും ചെയ്‌തുകൊണ്ട് യഹോവയും താഴ്‌മ പ്രകടമാക്കി.
8 ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സൊരുക്കവും മനശ്ശെയുടെ അനുതാപമുള്ള മനോഭാവവും താഴ്‌മ സംബന്ധിച്ചുള്ള സുപ്രധാന പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നു. നമ്മെ വ്രണപ്പെടുത്തിയിരിക്കാവുന്നവരോട് നാം പെരുമാറുന്ന വിധവും പാപം ചെയ്യുമ്പോൾ നാം പ്രകടമാക്കുന്ന മനോഭാവവും യഹോവ നമ്മോട് ഇടപെടുന്ന വിധത്തെ സ്വാധീനിക്കുന്നു എന്ന് നാം എല്ലായ്‌പോഴും മനസ്സിൽ പിടിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ പാപങ്ങൾ നാം മനസ്സോടെ പൊറുക്കുകയും നമ്മുടെ തന്നെ തെറ്റുകൾ താഴ്‌മയോടെ സമ്മതിക്കുകയും ചെയ്യുന്നെങ്കിൽ യഹോവയുടെ കരുണയ്‌ക്കായി നമുക്ക് അവനിലേക്കു നോക്കാൻ കഴിയും.—മത്തായി 5:23, 24; 6:12.
താഴ്‌മയുള്ളവർക്ക് ദിവ്യമഹത്ത്വം വെളിപ്പെടുത്തപ്പെട്ടു
9. താഴ്‌മ ഒരു ബലഹീനതയാണോ? വിശദീകരിക്കുക.
9 എന്നിരുന്നാലും, താഴ്‌മയും അതിനോടു ബന്ധപ്പെട്ട ഗുണങ്ങളും ബലഹീനതയുടെ സൂചനയായോ തെറ്റുകൾ വെച്ചുപൊറുപ്പിക്കാനുള്ള ഒരു പ്രവണതയായോ തെറ്റിദ്ധരിക്കരുത്. തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നതു പോലെ, യഹോവ താഴ്‌മയുള്ളവൻ ആണെങ്കിൽത്തന്നെയും സാഹചര്യം ആവശ്യമാക്കിത്തീർക്കുമ്പോൾ അവൻ നീതിനിഷ്‌ഠമായ കോപവും ഭയഗംഭീരമായ ശക്തിയും പ്രകടിപ്പിക്കുന്നു. യഹോവ തന്റെ താഴ്‌മ നിമിത്തം, ഹൃദയത്തിൽ താഴ്‌മയുള്ളവർക്ക് അനുകൂല ശ്രദ്ധ അഥവാ വിശേഷ പരിഗണന നൽകുന്നു. അതേസമയം, അഹങ്കാരികളിൽനിന്ന് അവൻ അകന്നുനിൽക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 138:6) തന്റെ താഴ്‌മയുള്ള ദാസരോട് യഹോവ പ്രത്യേക പരിഗണന കാണിച്ചിട്ടുള്ളത് എങ്ങനെയാണ്?
10. യഹോവ താഴ്‌മയുള്ളവർക്ക് എന്തു വെളിപ്പെടുത്തുന്നതായി 1 കൊരിന്ത്യർ 2:6-10 സൂചിപ്പിക്കുന്നു?
10 ആശയവിനിമയത്തിനായി താൻ തിരഞ്ഞെടുത്തിരിക്കുന്ന സരണിയിലൂടെ, തന്റേതായ സമയത്ത്, യഹോവ താഴ്‌മയുള്ളവർക്ക് തന്റെ ഉദ്ദേശ്യത്തിന്റെ സാക്ഷാത്‌കാരം സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. മാനുഷിക ജ്ഞാനത്തിലോ ചിന്തയിലോ അഹങ്കാരപൂർവം കടിച്ചുതൂങ്ങുന്ന, അല്ലെങ്കിൽ ആശ്രയിക്കുന്ന ആളുകളിൽനിന്ന് ഈ മഹത്തായ സംഗതികൾ മറയ്‌ക്കപ്പെട്ടിരിക്കുന്നു. (1 കൊരിന്ത്യർ 2:6-10) എന്നാൽ യഹോവയുടെ ഉദ്ദേശ്യങ്ങളെ കുറിച്ചു സൂക്ഷ്‌മമായ അറിവ് നൽകപ്പെട്ടിരിക്കുന്ന താഴ്‌മയുള്ള വ്യക്തികൾ, അവന്റെ മഹത്ത്വം പൂർവാധികം വിലമതിക്കുന്നതു നിമിത്തം അവനെ മഹത്ത്വപ്പെടുത്താൻ പ്രചോദിതരായിത്തീരുന്നു.
11. ഒന്നാം നൂറ്റാണ്ടിൽ ചിലർ താഴ്‌മയുടെ അഭാവം പ്രകടമാക്കിയത് എങ്ങനെ, ഇത് അവർക്കു ഹാനികരമെന്നു തെളിഞ്ഞത് എങ്ങനെ?
11 ഒന്നാം നൂറ്റാണ്ടിൽ, ക്രിസ്‌ത്യാനികൾ എന്ന് അവകാശപ്പെട്ടിരുന്ന ചില ആളുകൾ ഉൾപ്പെടെ അനേകർ തങ്ങൾക്കു താഴ്‌മയില്ലെന്നു പ്രകടമാക്കിക്കൊണ്ട്, അപ്പൊസ്‌തലനായ പൗലൊസ് അവർക്കു വെളിപ്പെടുത്തിയ ദൈവോദ്ദേശ്യങ്ങളോടുള്ള ബന്ധത്തിൽ ഇടറിപ്പോയി. പൗലൊസ് “ജാതികളുടെ അപ്പൊസ്‌തലനായി”ത്തീർന്നത് അവന്റെ ദേശീയ പശ്ചാത്തലമോ വിദ്യാഭ്യാസമോ പ്രായമോ സത്‌പ്രവൃത്തികളുടെ നീണ്ട രേഖയോ നിമിത്തം ആയിരുന്നില്ല. (റോമർ 11:13) പലപ്പോഴും, യഹോവ തന്റെ ഉപകരണമായി ആരെ ഉപയോഗിക്കും എന്നു നിശ്ചയിക്കുന്നത് ഈ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ജഡിക ചിന്താഗതിക്കാരായ വ്യക്തികൾ കരുതുന്നു. (1 കൊരിന്ത്യർ 1:26-29; 3:1; കൊലൊസ്സ്യർ 2:18) എന്നിരുന്നാലും, പൗലൊസിനെ യഹോവ തന്റെ സ്‌നേഹദയയോടും നീതിനിഷ്‌ഠമായ ഉദ്ദേശ്യത്തോടുമുള്ള ചേർച്ചയിൽ തിരഞ്ഞെടുത്തതായിരുന്നു. (1 കൊരിന്ത്യർ 15:8-10) “അതിശ്രേഷ്‌ഠ” അപ്പൊസ്‌തലന്മാർ എന്നു പൗലൊസ് വിശേഷിപ്പിച്ചവരും മറ്റു വിരോധികളും പൗലൊസിനെയും തിരുവെഴുത്തുകളിൽനിന്നുള്ള അവന്റെ ന്യായവാദത്തെയും സ്വീകരിക്കാൻ വിസമ്മതിച്ചു. യഹോവ തന്റെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കുന്ന മഹത്തായ വിധത്തെ കുറിച്ചുള്ള പരിജ്ഞാനവും ഗ്രാഹ്യവും സമ്പാദിക്കുന്നതിൽനിന്ന് താഴ്‌മയുടെ അഭാവം അവരെ തടഞ്ഞു. യഹോവ തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ തിരഞ്ഞെടുക്കുന്ന ആളുകളെ നാം ഒരിക്കലും താഴ്‌ത്തിമതിക്കുകയോ മുൻവിധിയോടെ കാണുകയോ ചെയ്യരുത്.—2 കൊരിന്ത്യർ 11:4-6.
12. താഴ്‌മയുള്ളവരെ യഹോവ അനുഗ്രഹിക്കുന്നു എന്ന് മോശെയുടെ ദൃഷ്ടാന്തം തെളിയിക്കുന്നത് എങ്ങനെ?
12 അതേസമയം, താഴ്‌മയുള്ള വ്യക്തികൾക്ക് ദൈവത്തിന്റെ മഹത്ത്വം ദർശിക്കാനുള്ള പദവി ലഭിച്ചതിനെ കുറിച്ചുള്ള നിരവധി ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്. “സകലമനുഷ്യരിലും അതിസൌമ്യനായിരുന്ന” മോശെ, യഹോവയുടെ മഹത്ത്വം കാണുകയും അവനുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കുകയും ചെയ്‌തു. (സംഖ്യാപുസ്‌തകം 12:3) വെറുമൊരു ആട്ടിടയനായി 40 വർഷം—ഭൂരിഭാഗവും അറേബ്യൻ ഉപദ്വീപിലായിരിക്കാം—കഴിഞ്ഞുകൂടിയ, താഴ്‌മയുള്ള ഈ മനുഷ്യൻ പലവിധങ്ങളിൽ സ്രഷ്ടാവിന്റെ അനന്യ പ്രീതിക്കു പാത്രമായി. (പുറപ്പാടു 6:12, 30) യഹോവയുടെ പിന്തുണയാൽ മോശെ ഇസ്രായേൽ ജനതയുടെ വക്താവും മുഖ്യ സംഘാടകനും ആയിത്തീർന്നു. അവൻ യഹോവയോടും യഹോവ അവനോടും സംസാരിച്ചു. ഒരു ദർശനം മുഖാന്തരം “അവൻ യഹോവയുടെ രൂപം” അഥവാ പ്രത്യക്ഷത കണ്ടു. (സംഖ്യാപുസ്‌തകം 12:7, 8; പുറപ്പാടു 24:10, 11) ദൈവത്തിന്റെ എളിയ ദാസനും പ്രതിനിധിയുമായ മോശെയെ സ്വീകരിച്ചവരും അനുഗ്രഹിക്കപ്പെട്ടു. സമാനമായി, മോശെയെക്കാൾ ശ്രേഷ്‌ഠനായ പ്രവാചകനായ യേശുവിനെയും അവൻ ആക്കിവെച്ചിരിക്കുന്ന “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെയും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നെങ്കിൽ നാമും അനുഗ്രഹിക്കപ്പെടും.—മത്തായി 24:45, 46, NW; പ്രവൃത്തികൾ 3:22.
13. ഒന്നാം നൂറ്റാണ്ടിൽ യഹോവയുടെ മഹത്ത്വം താഴ്‌മയുള്ള ആട്ടിടയർക്ക് വെളിപ്പെടുത്തപ്പെട്ടത് എങ്ങനെ?
13 “കർത്താവായ ക്രിസ്‌തു എന്ന രക്ഷിതാവ്” ജനിച്ചിരിക്കുന്നു എന്ന സദ്വർത്തമാനം ദൈവദൂതൻ ഘോഷിച്ച അവസരത്തിൽ ‘യഹോവയുടെ തേജസ്സ് ചുറ്റിമിന്നിയത്’ (NW) ആരെയാണ്? തലക്കനമുള്ള മതനേതാക്കന്മാരെയോ ഉന്നതശ്രേണിയിലുള്ളവരെയോ അല്ല, പിന്നെയോ “രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്ന” താഴ്‌മയുള്ള ആട്ടിടയന്മാരെയാണ്. (ലൂക്കൊസ് 2:8-11) പ്രാഗത്ഭ്യവും തൊഴിലും നിമിത്തം ശ്രേഷ്‌ഠരായി കരുതപ്പെട്ടിരുന്ന വ്യക്തികൾ ആയിരുന്നില്ല ഇവർ. എന്നാൽ യഹോവ ശ്രദ്ധിച്ചതും മിശിഹായുടെ ജനനത്തെ കുറിച്ച് ആദ്യം അറിയിക്കാൻ അവൻ തിരഞ്ഞെടുത്തതും അവരെയായിരുന്നു. അതേ, യഹോവ തന്റെ മഹത്ത്വം വെളിപ്പെടുത്തുന്നത് താഴ്‌മയുള്ളവർക്കും ദൈവഭയമുള്ളവർക്കുമാണ്.
14. താഴ്‌മയുള്ളവർക്ക് ദൈവത്തിൽനിന്ന് എന്ത് അനുഗ്രഹങ്ങൾ ലഭിക്കുന്നു?
14 ഈ ദൃഷ്ടാന്തങ്ങൾ നമ്മെ എന്തു പഠിപ്പിക്കുന്നു? യഹോവ പ്രസാദിച്ച് തന്റെ ഉദ്ദേശ്യത്തെ കുറിച്ചുള്ള പരിജ്ഞാനവും ഗ്രാഹ്യവും വെളിപ്പെടുത്തുന്നത് താഴ്‌മയുള്ളവർക്കാണ് എന്ന് അവ നമുക്കു കാണിച്ചുതരുന്നു. മനുഷ്യർ വെക്കുന്ന യോഗ്യതകളൊന്നും ഇല്ലായിരുന്നേക്കാവുന്ന വ്യക്തികളെ അവൻ തിരഞ്ഞെടുക്കുകയും മറ്റുള്ളവരോട് തന്റെ മഹത്തായ ഉദ്ദേശ്യം അറിയിക്കുന്നതിനുള്ള സരണിയായി അവരെ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ സംഗതി മാർഗനിർദേശത്തിനായി നാം യഹോവയിലേക്കും അവന്റെ പ്രാവചനിക വചനത്തിലേക്കും അവന്റെ സംഘടനയിലേക്കും നോക്കുന്നതു തുടരാൻ നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്. തന്റെ മഹത്തായ ഉദ്ദേശ്യം ക്രമാനുഗതമായി ചുരുളഴിയുന്നതു സംബന്ധിച്ച് യഹോവ താഴ്‌മയുള്ള തന്റെ ദാസന്മാർക്ക് തുടർന്നും വിവരങ്ങൾ നൽകിക്കൊണ്ടിരിക്കും എന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം. ആമോസ് പ്രവാചകൻ ഇങ്ങനെ പ്രസ്‌താവിച്ചു: “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്‌കയില്ല.”—ആമോസ് 3:7.
താഴ്‌മ നട്ടുവളർത്തുക, ദൈവപ്രീതി ആസ്വദിക്കുക
15. താഴ്‌മ നിലനിറുത്താൻ നാം ശ്രമം ചെയ്യേണ്ടത് എന്തുകൊണ്ട്, ഇസ്രായേലിലെ ശൗൽ രാജാവിന്റെ കാര്യത്തിൽ ഇത് എങ്ങനെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു?
15 നിലനിൽക്കുന്ന ദിവ്യപ്രീതി ആസ്വദിക്കണമെങ്കിൽ നാം താഴ്‌മയുള്ളവരായി തുടരേണ്ട ആവശ്യമുണ്ട്. ഒരിക്കൽ താഴ്‌മയുള്ളവരായിരുന്നു എന്നതുകൊണ്ട് എല്ലായ്‌പോഴും അങ്ങനെ ആയിരിക്കും എന്ന് അർഥമില്ല. ഒരു വ്യക്തി താഴ്‌മ കൈവെടിഞ്ഞ് ധിക്കാരപരമായ പ്രവർത്തനങ്ങളിലേക്കും നാശത്തിലേക്കും നയിക്കുന്ന അഹങ്കാരത്തിനും ആത്മപ്രശംസയ്‌ക്കും വഴിപ്പെടാനുള്ള സാധ്യത എല്ലായ്‌പോഴുമുണ്ട്. ഇസ്രായേലിന്റെ രാജാവെന്ന നിലയിൽ ആദ്യമായി അഭിഷിക്തനാക്കപ്പെട്ട ശൗലിന്റെ കാര്യത്തിൽ അതുതന്നെയാണു സംഭവിച്ചത്. ആദ്യം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അവന് ‘സ്വന്തകാഴ്‌ചയിൽ താൻ ചെറിയവനായി’ട്ടാണു തോന്നിയത്. (1 ശമൂവേൽ 15:17) എന്നാൽ വെറും രണ്ടു വർഷത്തെ ഭരണത്തിനുശേഷം അവൻ ധിക്കാരപൂർവം പെരുമാറി. പ്രവാചകനായ ശമൂവേൽ മുഖാന്തരം യാഗം അർപ്പിക്കാനുള്ള യഹോവയുടെ ക്രമീകരണത്തെ അവൻ അനാദരിക്കുകയും കാര്യങ്ങളിൽ അനധികൃതമായി കൈകടത്തിയതിന് ഒഴികഴിവുകൾ കണ്ടുപിടിക്കുകയും ചെയ്‌തു. (1 ശമൂവേൽ 13:1, 8-14) ഇത് ഒരു തുടക്കം മാത്രമായിരുന്നു. അവനു താഴ്‌മ നഷ്ടപ്പെട്ടിരുന്നു എന്ന് സംശയലേശമെന്യേ തെളിയിച്ച സംഭവങ്ങളുടെ ഒരു പരമ്പരതന്നെ അതിനെത്തുടർന്ന് അരങ്ങേറി. ഫലമോ? അവന് ദൈവത്തിന്റെ ആത്മാവും പ്രീതിയും നഷ്ടമായി, ഒടുവിൽ അത് അവന്റെ നിന്ദാകരമായ മരണത്തിൽ കലാശിച്ചു. (1 ശമൂവേൽ 15:3-19, 26; 28:6; 31:4) പാഠം വ്യക്തമാണ്: നാം താഴ്‌മയും കീഴ്‌പെടൽ മനോഭാവവും നിലനിറുത്താൻ പരിശ്രമിക്കുകയും യഹോവയുടെ അപ്രീതിക്കു കാരണമാകുന്ന ഏതൊരു ധിക്കാര പ്രവൃത്തിയും ഒഴിവാക്കിക്കൊണ്ട് ‘ഞാനെന്ന ഭാവ’ത്തെ കീഴ്‌പെടുത്തുകയും വേണം.
16. യഹോവയും സഹമനുഷ്യരുമായും നമുക്കുള്ള ബന്ധത്തെ കുറിച്ചു ചിന്തിക്കുന്നത് താഴ്‌മ നട്ടുവളർത്താൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
16 താഴ്‌മയെ ദൈവാത്മാവിന്റെ ഫലത്തിന്റെ ഭാഗമായി പട്ടികപ്പെടുത്തിയിട്ടില്ലെങ്കിലും നാം വളർത്തിയെടുക്കേണ്ട ഒരു ദൈവിക ഗുണമാണ് ഇത്. (ഗലാത്യർ 5:22, 23; കൊലൊസ്സ്യർ 3:10, 12) നാം നമ്മെത്തന്നെയും മറ്റുള്ളവരെയും എങ്ങനെ വീക്ഷിക്കുന്നു എന്നതിനോടു ബന്ധപ്പെട്ട, മനസ്സിന്റെതന്നെ ഒരു അവസ്ഥയാണ് താഴ്‌മ. അതുകൊണ്ട് ഇതു വികസിപ്പിച്ചെടുക്കാൻ മനഃപൂർവ ശ്രമം അനിവാര്യമാണ്. യഹോവയും സഹമനുഷ്യരുമായും നമുക്കുള്ള ബന്ധത്തെ കുറിച്ചു സഗൗരവം വിലയിരുത്തുന്നതും ധ്യാനിക്കുന്നതും താഴ്‌മയുള്ളവരായി നിലനിൽക്കാൻ നമ്മെ സഹായിക്കും. ദൈവദൃഷ്ടിയിൽ സകല അപൂർണ ജഡവും, അൽപ്പകാലത്തേക്ക് ആർത്തുവളരുകയും പിന്നെ വാടിക്കരിഞ്ഞുപോകുകയും ചെയ്യുന്ന പച്ചപ്പുല്ലു പോലെയാണ്. മനുഷ്യൻ വയലിലെ പുൽച്ചാടികളെപ്പോലെ മാത്രമേയുള്ളൂ. (യെശയ്യാവു 40:6, 7, 22) ഒരു പുൽത്തലപ്പിന് മറ്റുള്ളവയെക്കാൾ ഒരൽപ്പം നീളം കൂടുതൽ ഉണ്ടെന്നതുകൊണ്ട് അതിന് അഹങ്കരിക്കാൻമാത്രം എന്തെങ്കിലുമുണ്ടോ? ഒരു പുൽച്ചാടിക്ക് മറ്റു പുൽച്ചാടികളെക്കാൾ ഒരൽപ്പംകൂടെ ഉയരത്തിൽ ചാടാൻ കഴിയും എന്നതുകൊണ്ട് തന്റെ കഴിവിനെ കുറിച്ച് പൊങ്ങച്ചം പറയാൻ അതിനെന്തിരിക്കുന്നു? അങ്ങനെയൊക്കെ ചിന്തിക്കുന്നതുതന്നെ പരിഹാസ്യമാണ്. അതുകൊണ്ട് അപ്പൊസ്‌തലനായ പൗലൊസ് സഹക്രിസ്‌ത്യാനികളെ ഇങ്ങനെ ഓർമിപ്പിച്ചു: “നിന്നെ വിശേഷിപ്പിക്കുന്നതു ആർ? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്ത്?” (1 കൊരിന്ത്യർ 4:7) ഇതുപോലുള്ള തിരുവെഴുത്തുകൾ സംബന്ധിച്ച് ധ്യാനിക്കുന്നത് താഴ്‌മ നട്ടുവളർത്താനും പ്രകടിപ്പിക്കാനും നമ്മെ സഹായിക്കും.
17. താഴ്‌മ നട്ടുവളർത്താൻ ദാനീയേൽ പ്രവാചകനെ സഹായിച്ചത് എന്ത്, അപ്രകാരം ചെയ്യാൻ നമ്മെ എന്തിനു സഹായിക്കാനാകും?
17 എബ്രായ പ്രവാചകനായ ദാനീയേൽ ‘തന്നെത്തന്നേ താഴ്‌ത്തിയതു നിമിത്തം, അതായത് അവന്റെ താഴ്‌മ നിമിത്തം ദൈവദൃഷ്ടിയിൽ ‘ഏററവും പ്രിയപുരുഷൻ’ എന്നു വിശേഷിപ്പിക്കപ്പെട്ടു. (ദാനീയേൽ 10:11, 12) താഴ്‌മ നട്ടുവളർത്താൻ ദാനീയേലിനെ സഹായിച്ചത് എന്താണ്? ഒന്നാമതായി, ക്രമമായി യഹോവയോടു പ്രാർഥിച്ചുകൊണ്ട് ദാനീയേൽ അവനിൽ അചഞ്ചലമായ ആശ്രയത്വം പ്രകടമാക്കി. (ദാനീയേൽ 6:10, 11) കൂടാതെ, ദാനീയേൽ ശുഷ്‌കാന്തിയോടെയും ഉചിതമായ ആന്തരത്തോടെയും ദൈവവചനം പഠിച്ചു, അത് ദൈവത്തിന്റെ മഹത്തായ ഉദ്ദേശ്യങ്ങളിൽ ദൃഷ്ടി കേന്ദ്രീകരിക്കാൻ അവനെ സഹായിച്ചു. ജനത്തിന്റെ മാത്രമല്ല സ്വന്തം വീഴ്‌ചകളും സമ്മതിക്കാൻ അവൻ തയ്യാറായിരുന്നു. കൂടാതെ, അവൻ സ്വന്തം നീതിയല്ല, പ്രത്യുത ദൈവത്തിന്റെ നീതി ഉന്നമിപ്പിക്കുന്നതിൽ യഥാർഥ താത്‌പര്യമുള്ളവൻ ആയിരുന്നു. (ദാനീയേൽ 9:2, 5, 7) നമുക്ക് ദാനീയേലിന്റെ മുന്തിയ ദൃഷ്ടാന്തത്തിൽനിന്നു പഠിക്കാനും താഴ്‌മ നട്ടുവളർത്താനും നമ്മുടെ ജീവിതത്തിലെ സമസ്‌ത മണ്ഡലങ്ങളിലും അതു പ്രകടമാക്കാനും കഴിയുമോ?
18. ഇന്ന് താഴ്‌മ പ്രകടിപ്പിക്കുന്നവരെ എന്തു മഹത്ത്വം കാത്തിരിക്കുന്നു?
18 “താഴ്‌മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു” എന്ന് സദൃശവാക്യങ്ങൾ 22:4 പ്രസ്‌താവിക്കുന്നു. അതേ, താഴ്‌മയുള്ളവരിൽ യഹോവ സംപ്രീതനാകുന്നു, മാനവും ജീവനും ആയിരിക്കും അതിന്റെ ഫലം. ദൈവസേവനം ഉപേക്ഷിക്കുന്ന ഘട്ടത്തോളം എത്തിയ ആസാഫ്, യഹോവയുടെ സഹായത്താൽ തന്റെ ചിന്താരീതിയിൽ പൊരുത്തപ്പെടുത്തൽ വരുത്തിയ ശേഷം താഴ്‌മയോടെ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.” (സങ്കീർത്തനം 73:24) നമ്മുടെ കാലത്തോ? താഴ്‌മ പ്രകടമാക്കുന്നവരെ എന്തു മഹത്ത്വം കാത്തിരിക്കുന്നു? യഹോവയുമായി അവന്റെ പ്രീതിയും അനുഗ്രഹവുമുള്ള ഒരു ബന്ധം ആസ്വദിക്കുന്നതിനു പുറമേ, ദാവീദ് രാജാവിന്റെ ഈ നിശ്വസ്‌ത വാക്കുകളുടെ നിവൃത്തി കാണുന്നതിനായി അവർക്കു നോക്കിപ്പാർത്തിരിക്കാനുമാകും: “എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” എത്ര മഹത്തായ ഒരു ഭാവി!—സങ്കീർത്തനം 37:11.
നിങ്ങൾ ഓർമിക്കുന്നുവോ?
• താഴ്‌മയുള്ള മനുഷ്യർക്ക് യഹോവ തന്റെ മഹത്ത്വം വെളിപ്പെടുത്തുന്നു എന്നതിന് സ്‌തെഫാനൊസ് ഒരു ഉദാഹരണം ആയിരിക്കുന്നത് എങ്ങനെ?
• യഹോവയാം ദൈവം ഏതു വിധങ്ങളിൽ താഴ്‌മ പ്രകടമാക്കിയിരിക്കുന്നു?
• യഹോവ തന്റെ മഹത്ത്വം താഴ്‌മയുള്ളവർക്ക് വെളിപ്പെടുത്തുന്നുവെന്ന് ഏതു ദൃഷ്ടാന്തങ്ങൾ തെളിയിക്കുന്നു?
• താഴ്‌മ നട്ടുവളർത്താൻ ദാനീയേലിന്റെ മാതൃകയ്‌ക്ക് നമ്മെ എങ്ങനെ സഹായിക്കാനാകും?
[അധ്യയന ചോദ്യങ്ങൾ]
[12-ാം പേജിലെ ചതുരം]
കരുത്തനെങ്കിലും താഴ്‌മയുള്ളവൻ
യു.എസ്.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിൽവെച്ച് 1919-ൽ ബൈബിൾ വിദ്യാർഥികളുടെ (ഇന്ന് യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നു) ഒരു കൺവെൻഷൻ നടക്കുകയായിരുന്നു. ജെ.എഫ്. റഥർഫോർഡ് സഹോദരനായിരുന്നു അന്നു വേലയ്‌ക്കു മേൽനോട്ടം വഹിച്ചിരുന്നത്. 50 വയസ്സുണ്ടായിരുന്ന അദ്ദേഹം കൺവെൻഷന് എത്തുന്നവരുടെ സൂട്ട്‌കേസുകളും മറ്റും ചുമക്കാനും അവരെ മുറികളിലേക്ക് ആനയിക്കാനുമൊക്കെ സന്തോഷപൂർവം മുന്നോട്ടുവന്നു. കൺവെൻഷന്റെ ഒടുവിലത്തെ ദിവസം പിൻവരുന്ന വാക്കുകൾകൊണ്ട് റഥർഫോർഡ് സഹോദരൻ 7,000 വരുന്ന ശ്രോതാക്കളെ ആവേശഭരിതരാക്കി: “നമ്മുടെ കർത്താവിന്റെ മഹത്ത്വമേറിയ രാജ്യത്തെ കുറിച്ച് . . . ആളുകളോട് ഘോഷിക്കുന്ന നിങ്ങൾ, രാജാധിരാജാവും കർത്താധികർത്താവും ആയവന്റെ സ്ഥാനപതികളാണ്.” തികഞ്ഞ ബോധ്യത്തോടെ പ്രവർത്തിച്ചിരുന്ന, സത്യമാണെന്നു താൻ വിശ്വസിച്ച കാര്യങ്ങൾ വിട്ടുവീഴ്‌ചകൂടാതെ ശക്തമായി ഉറക്കെ പ്രഖ്യാപിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു റഥർഫോർഡ് സഹോദരൻ. എന്നാൽ അതോടൊപ്പം ദൈവമുമ്പാകെ നിഷ്‌കപടമായ താഴ്‌മ അദ്ദേഹം പ്രകടമാക്കി. ബെഥേലിലെ പ്രഭാതാരാധനയിലെ അദ്ദേഹത്തിന്റെ പ്രാർഥനകളിൽ അതു മിക്കപ്പോഴും പ്രതിഫലിച്ചിരുന്നു.
[9-ാം പേജിലെ ചിത്രം]
തിരുവെഴുത്തുകളിൽ നല്ല വൈഭവം ഉള്ളവനായിരുന്ന സ്‌തെഫാനൊസ് ഭക്ഷണം വിതരണം ചെയ്യുകയെന്ന തന്റെ നിയമനം താഴ്‌മയോടെ നിർവഹിച്ചു
[10-ാം പേജിലെ ചിത്രം]
മനശ്ശെയുടെ താഴ്‌മയുള്ള മനോഭാവം യഹോവയെ സംപ്രീതനാക്കി
[12-ാം പേജിലെ ചിത്രം]
ദാനീയേലിനെ ‘ഏററവും പ്രിയപുരുഷൻ’ ആക്കിത്തീർത്തത് എന്ത്?